2026 ഒക്ടോബര്‍ 27 | ചൊവ്വ
1202 തുലാം 10 | ഭരണി
1448 ജ : അവ്വൽ 15
◾ നിയമനത്തട്ടിപ്പു കേസുകള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തി മൂന്ന് പിഎസ്സി അംഗങ്ങള്‍ മൊഴി നല്‍കി. സെയ്ഫ്, ഡോ. ശ്രീകുമാര്‍, ഡോ. സ്റ്റാനി തോമസ് എന്നിവരാണ് മൊഴി നല്‍കിയത്. ഐ.ജി അജീതാ ബീഗത്തിന്റെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തു. ഇന്ന് രണ്ട് അംഗങ്ങള്‍ കൂടി ഹാജരാകും. നാളെ ഹാജരാകാന്‍ പിഎസ്സി ചെയര്‍മാന്‍ എം.ആര്‍. ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരേ ഹൈക്കോടതി സമീപിച്ച പിഎസ് സി ചെയര്‍മാനടക്കമുള്ളവരേയും അന്വേഷണം വൈകിപ്പിക്കുന്ന ക്രൈംബ്രാഞ്ചിനേയും കോടതി വിമര്‍ശിച്ചിരിക്കേയാണ് പിഎസ് സി അംഗങ്ങള്‍ മൊഴി നല്‍കിയത്.
◾ മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. അന്വേഷണം തടഞ്ഞ കോടതി എഫ്ഐആറിലെ തുടര്‍നടപടികള്‍ നിര്‍ത്തിവക്കാനും ഉത്തരവിട്ടു. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ നിരവധി പിഴവുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹാജരായ സിദ്ധാര്‍ത്ഥ് ലൂത്ര വാദിച്ചു. പ്രാഥമിക അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും സിംഗിള്‍ ബെഞ്ചിന്റെ ഇടപെടല്‍ അപക്വമാണെന്നും സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ വാദിച്ചു.
◾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍. എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം ഏകകണ്ഠമായിരുന്നെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഫോം 6-ല്‍ ഭേദഗതി വരുത്തിയിട്ടില്ലെന്നാണ് അവകാശവാദം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ പദവിയില്‍ നിന്ന് നീക്കണമെന്ന ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കമ്മിഷന്‍ വാദിച്ചു.
◾ മാസപ്പടിക്കേസില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാനെ വിമര്‍ശിച്ച് ഹൈക്കോടതി. വ്യവഹാരത്തിനു കെഎം ഷാജഹാന് നിയമപരമായ എന്തു യോഗ്യതയുണ്ടെന്നും അഭിഭാഷകനോട് ഹൈക്കോടതി ആരാഞ്ഞു. കോടതിയെ പഠിപ്പിക്കാന്‍ വരരുത്. പരാതിയുണ്ടെങ്കില്‍ ആദ്യം പൊലീസിനാണു നല്‍കേണ്ടത്. നടപടിയെടുത്തില്ലെങ്കില്‍ മേലധികാരിയെ സമീപിക്കണം. ഫലമുണ്ടായില്ലെങ്കില്‍ സ്വകാര്യ അന്യായവുമായി മജിസ്‌ട്രേറ്റിനെ സമീപിക്കണം. മജിസ്‌ട്രേറ്റ് പരാതി പൊലീസിന് കൈമാറണം. ഇതാണ് രാജ്യത്തു കേസെടുക്കാനുള്ള ക്രിമിനല്‍ നടപടിക്രമം. അഴിമതിക്കേസിലും ഇതു ബാധകമല്ലേയെന്നും ഹൈക്കോടതി ചോദിച്ചു.
◾ എല്‍ഡിഎഫ് സര്‍ക്കാര്‍ യഥാസമയം പണം അനുവദിക്കാതിരുന്നതിനാല്‍ 2023-24 ല്‍ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച 3367 കോടി രൂപ നഷ്ടപ്പെടുത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്. ആകെ 9135 കോടി രൂപയാണ് അനുവദിച്ചിരുന്നത്. നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും അനുവദിച്ച 2318.95 കോടി രൂപയില്‍ 495.83 കോടി രൂപയും കാലഹരണപ്പെട്ടു. വികസന ഫണ്ട്, മെയിന്റനന്‍സ് ഫണ്ട്, പൊതു ആവശ്യ ഫണ്ട് എന്നിവയുടെ വിതരണത്തില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തി. സിഎജി നിയമസഭയുടെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.
◾ ആരോഗ്യ വകുപ്പ് വാങ്ങിയ ഐഫോണുകള്‍ കോവിഡ് കാലത്ത് കാണാതായെന്ന് മന്ത്രി കെ മുരളീധരന്‍ നിയമസഭയില്‍. കൊവിഡ് കാലത്ത് കണ്ണ് പരിശോധനയ്ക്കായി 7.16 കോടി മുടക്കി വാങ്ങിയ ഐ ഫോണുകളില്‍ ചിലതാണ് കാണാതായത്. 224 ഐഫോണുകളില്‍ പലതും പല ആശുപത്രികളിലായി കൂട്ടിയിട്ടിരിക്കുകയാണെന്നും ചിലത് കാണാനില്ലെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
◾ ആസൂത്രണ ബോര്‍ഡിലെ പരീക്ഷ ക്രമക്കേടുകള്‍ക്കു ചെയര്‍മാന്‍ അടക്കമുള്ളവര്‍ കുടുങ്ങുമെന്നായപ്പോള്‍ പിഎസ് സി അഡിഷണല്‍ സെക്രട്ടറി ആര്‍ ഹരിയെ സസ്പെന്റ് ചെയ്തു. വിരമിച്ച പി. സതീഷിന്റെ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കാനും പിഎസ് സി തീരുമാനിച്ചു.
◾ എംഎല്‍എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫ്. എംഎല്‍എ ഹോസ്റ്റല്‍ താക്കോല്‍ കൈമാറ്റ വേദിയിലായിരുന്നു പ്രഖ്യാപനം. അതേസമയം 256 ജിബി 13 ഇഞ്ച് ഐപ്പാര്‍ഡ് പ്രോ 320 എണ്ണവും 11 ഇഞ്ച് ഐപാഡ് 160 എണ്ണവും മന്ത്രിമാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കുമായി വാങ്ങും. ഇതിനായി കെല്‍ട്രോണ്‍ വഴി ടെന്‍ഡര്‍ ക്ഷണിച്ചു.
◾ പി.എസ്.സി സെക്രട്ടറി ലോക് ഭവനില്‍ പോയതിനെ വിമര്‍ശിച്ച് പിഎസ് സി ചെയര്‍മാനും ബോര്‍ഡംഗങ്ങളും. മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെയാണ് പിഎസ്സി സെക്രട്ടറി സാജു ജോര്‍ജ് സന്ദര്‍ശിച്ചത്. ഗവര്‍ണര്‍ വിളിച്ചാല്‍ പോകാതിരിക്കാനാവില്ലെന്നാണു സെക്രട്ടറിയുടെ പ്രതികരണം. പരീക്ഷാ ക്രമക്കേടുകളും നിയമനത്തട്ടിപ്പുകളും സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നതിനു പിറകേയാണ് സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവര്‍ണര്‍ വിശദീകരണം തേടിയത്. എന്നാല്‍ സെക്രട്ടറിയെ വിളിച്ചു വരുത്തിയതല്ലെന്നും സ്വമേധയാ വിശദീകരണം നല്‍കിയതാണെന്നുമാണ് ലോക്ഭവന്റെ വിശദീകരണം.
◾ ആലുവ മാര്‍ത്താണ്ഡവര്‍മ പഴയ പാലം അറ്റകുറ്റപണികള്‍ക്കായി നാളെ മുതല്‍ നവംബര്‍ ആറുവരെ 10 ദിവസം അടച്ചിടും. ആലുവയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തൃശൂര്‍ ഭാഗത്തുനിന്ന് ആലുവ എറണാകുളം ഭാഗത്തേക്ക് വരുന്ന എല്ലാ വലിയ ഭാര വാഹനങ്ങളും അങ്കമാലിയില്‍നിന്ന് കാലടി പെരുമ്പാവൂര്‍ റോഡ് വഴി തിരിഞ്ഞ് പോകണം. എറണാകുളം ഭാഗത്തുനിന്നു വരുന്ന എല്ലാ വലിയ ഭാര വാഹനങ്ങളും കളമശ്ശേരിയില്‍നിന്നു തിരിഞ്ഞ് കണ്ടെയ്നര്‍ റോഡ് വഴി പറവൂര്‍ വഴി തിരിഞ്ഞ് പോകണം. വരാപ്പുഴ കടുങ്ങല്ലുര്‍ ഭാഗത്തുനിന്നു ആലുവ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കടുങ്ങല്ലുര്‍ ജംഗ്ഷനില്‍നിന്നു തിരിഞ്ഞ് യു.സി കോളേജ് റോഡ് വഴി പറവൂര്‍ കവല സിഗ്നലില്‍ വന്ന് ആലുവ ഭാഗത്തേക്ക് യാത്ര തുടരേണ്ടതാണ്.
◾ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പെടെ 56 പോയിന്റ്നേടി കോഴിക്കോട് ചാമ്പ്യന്മാരായി. രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കല മെഡലുമുള്‍പ്പെടെ 38 പോയിന്റ് നേടി പാലക്കാടാണു രണ്ടാം സ്ഥാനത്ത്. ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലമെഡലുമായി 30 പോയിന്റ്നേടിയ തൃശൂരിനാണ് മൂന്നാം സ്ഥാനം. അത്ലറ്റിക്‌സ് വിഭാഗത്തില്‍ പാലക്കാട് 44 പോയിന്റും കോഴിക്കോട് 42 പോയിന്റും തിരുവനന്തപുരം 32 പോയിന്റും നേടി.
◾ വയലാര്‍ അവാര്‍ഡു നേടിയ ആര്‍ രാജശ്രീയുടെ ആത്രേയകം നോവലിനെതിരെ കോപ്പിയടി പരാതി. ആലപ്പുഴ സ്വദേശിനിയായ എഴുത്തുകാരി ഡോ. വിനയശ്രീയാണ് വയലാര്‍ അവാര്‍ഡ് നിര്‍ണയ സമിതിക്ക് പരാതി നല്‍കിയത്. താന്‍ മുമ്പ് എഴുതിയ മൂന്നു പുസ്തകങ്ങളിലെ ആശയങ്ങള്‍ ചോര്‍ത്തിയാണ് ആത്രേയകം നോവല്‍ എഴുതിയത് എന്നാണ് വിനയശ്രീ ആരോപിക്കുന്നത്.
◾ നെടുമ്പാശ്ശേരിയില്‍ മിനികൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതി സുഹൈല്‍ സജീവന് കുരുക്കായി സഹയാത്രികന്‍ ജോയലിന്റെ ശബ്ദസന്ദേശം. ജോയല്‍ സുഹൃത്തിനയച്ച ഓഡിയോയില്‍ മദ്യപിച്ചെന്നും വാഹനം അമിത വേഗത്തിലാണെന്നതടക്കമുള്ള സംഭാഷണമാണു പൊലീസിന് ലഭിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ട ജില്ലാ കോടതി, നാളെ വിധി പറയും.
◾ ചേരാനെല്ലൂരില്‍ 17-കാരന്‍ ഓടിച്ച കാറിടിച്ച് മരിച്ച സ്‌കൂട്ടര്‍ യാത്രികനായ ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തിയെ മുഖ്യമന്ത്രി വിഡി സതീശന്‍ ഫോണില്‍ വിളിച്ചു സംസാരിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായവും ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
◾ വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചേഞ്ചിങ് പുനരാരംഭിച്ചു. മെഡിക്കല്‍ എമര്‍ജന്‍സിയുമായി തുറമുഖ ആങ്കറേജില്‍ കഴിഞ്ഞ 18 ന് എത്തിയ എം.വി. നെക്സര്‍ എന്ന വിദേശ കപ്പലില്‍ മൂന്ന് ഇന്ത്യന്‍ ക്രൂ അംഗങ്ങളെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കയറ്റുകയും പകരം മൂന്ന് ഇന്ത്യക്കാരെ ഇറക്കുകയും ചെയ്തു. ബോര്‍ഡിന്റെ ധ്വനി ടഗ്ഗ് ഉപയോഗിച്ചായിരുന്നു ക്രൂ ചേഞ്ചിങ് നടത്തിയത്.
◾ ദേശീയപാതയോരത്തെ വീടുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനുള്ള ദൂരപരിധി വിധിയില്‍ കേരളത്തിന് ഇളവു തേടി വ്യാപാരി വ്യവസായ ഏകോപന സമിതി സുപ്രീം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തു. ദേശീയപാതയുടെ മധ്യരേഖയില്‍നിന്ന് 40 മീറ്റര്‍ ദൂരപരിധിയില്‍ പാര്‍പ്പിട ആവശ്യങ്ങള്‍ക്കുള്ള നിര്‍മാണങ്ങള്‍ക്കും 75 മീറ്റര്‍ ദൂരപരിധിയില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള നിര്‍മാണങ്ങള്‍ക്കും പുതുതായി അനുമതി നല്‍കരുത് എന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം.
◾ മയക്കുമരുന്ന് ലഹരിയില്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷന്‍ മുറ്റത്തേക്ക് വണ്ടി ഇടിച്ചുകയറ്റി, പോര്‍വിളിച്ച്, പരസ്പരം ഏറ്റുമുട്ടി ലഹരിസംഘങ്ങള്‍. എട്ടംഗസംഘത്തില്‍ ആറുപേരെ പൊലീസ് പിടികൂടി.
◾ രോഗിയെ ഡയാലിസിസിനായി ആശുപത്രിയില്‍ കൊണ്ടുപോയ സമയം നോക്കി വീട്ടില്‍ കയറി നാലര പവന്‍ സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കവര്‍ന്ന കേസില്‍ യുവാവ് പൊലീസിന്റെ പിടിയില്‍. കോഴിക്കോട് താമരശ്ശേരി എകരൂര്‍ പൂനൂര്‍ സ്വദേശി അനന്തു ബി എം (21) ആണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. ആയുര്‍വേദ ഉഴിച്ചില്‍ പഠനത്തിനായി അനന്തു ഒന്നര മാസത്തോളമായി കൊണ്ടോട്ടിയില്‍ താമസിച്ചുവരികയായിരുന്നു.
◾ സഹകരണ ബാങ്കിലെ അംഗത്തിന് ആവശ്യപ്പെട്ട വിവരാവകാശ രേഖകള്‍ ലഭ്യമാക്കണമെന്ന് സുപ്രീംകോടതി. മുപ്പത്തടം സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കിലെ അംഗമായ പി.ആര്‍. രാമചന്ദ്രന്‍ നല്‍കിയ വിവരാവകാശ അപേക്ഷ തള്ളിയതിനെതിരായ കേസിലാണ് ഉത്തരവ്. ബാങ്കും ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും തമ്മിലുള്ള കെട്ടിട നിര്‍മാണ കരാറിന്റെ പകര്‍പ്പും ബാങ്കിന്റെ അവസാന ജനറല്‍ ബോഡി യോഗത്തിന്റെ മിനിറ്റ്സുമാണു ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.
◾ മാസപ്പടി അന്വേഷണം സ്റ്റേ ചെയ്തത് ദൗര്‍ഭാഗ്യകരമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ്. വിധിയുടെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. പിണറായി വിജയനെയും മകള്‍ വീണയേയും മുഹമ്മദ് റിയാസിനെയും സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അദ്ദേഹം പറഞ്ഞു.
◾ കനത്ത മഴയും മണ്ണിടിച്ചിലും കാരണം നീലഗിരി മൗണ്ടെയ്ന്‍ റെയില്‍വേ സര്‍വീസുകള്‍ വ്യാഴാഴ്ച വരെ റദ്ദാക്കി. മേട്ടുപ്പാളയം-ഊട്ടി(56136) ഊട്ടി-മേട്ടുപ്പാളയം(56137) പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസാണ് നിര്‍ത്തിവച്ചത്.
◾ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരായ അഴിമതി ആരോപണത്തില്‍ ശബ്ദസന്ദേശവുമായി കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന സിപിഎം നേതാവ് ബിനോയ് കുര്യന് പണം നല്‍കാന്‍ ദിവ്യ പറഞ്ഞെന്ന കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി എംഡി മുഹമ്മദ് ആസിഫിന്റെ ശബ്ദ സന്ദേശവും വാട്സ്ആപ്പ് ചാറ്റുമാണു ഷമ്മാസ് പുറത്തുവിട്ടത്.
◾ നിര്‍മ്മാണം നടക്കുന്ന വീടുകളില്‍ നിന്ന് ഇലക്ട്രിക് സാധനങ്ങളും വയറുകളും മോഷ്ടിക്കുന്ന സഹോദരന്മാര്‍ പിടിയില്‍. ആലുംമൂട് എല്ലുകുഴി വയലില്‍ അനീഷര്‍ ഷാ (28), അക്ബര്‍ ഷാ (30) എന്നിവരാണ് കുണ്ടറ പോലീസിന്റെ പിടിയിലായത്.
◾ പൊക്കോട് റിസര്‍വ് വനത്തിനുള്ളിലെ പാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 62കാരന് പരിക്കേറ്റു. എളമ്പിലാക്കോട് പൊക്കോട് സെറ്റില്‍മെന്റില്‍ താമസിക്കുന്ന കൃഷ്ണനാണ് പരിക്കേറ്റത്.
◾ പാലിയേക്കര ചിറ്റിശ്ശേരിയില്‍ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരന്‍ ജീവനൊടുക്കി. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര (64), സഹോദരന്‍ അപ്പു (57) എന്നിവരാണ് മരിച്ചത്. ഭിന്നശേഷിക്കാരിയായ ഇന്ദിരയെ വീട്ടില്‍ മരിച്ച നിലയിലും അപ്പുവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
◾ 100 ശതമാനം എഥനോള്‍ വരെ ഫ്‌ലെക്‌സ് ഫ്യുവല്‍ മോഡല്‍ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി. ഭേദഗതിയോടെ മാരുതി സുസുകി, ടൊയോട്ട, ടാറ്റാ മോട്ടോഴ്സ്, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ ഉയര്‍ന്ന എഥനോള്‍ മിശ്രിതത്തില്‍ ഓടുന്ന ഫ്ലെക്സ്-ഫ്യുവല്‍ മോഡലുകള്‍ വിപണിയിലിറക്കും.
◾ 100 കോടി രൂപയുടെ കൈക്കൂലി കേസില്‍ തമിഴ്നാട്ടിലെ മുന്‍ സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രിയും ഡിഎംകെ നേതാവും ആയ അന്‍പില്‍ മഹേഷ് അറസ്റ്റില്‍. സ്വകാര്യ സ്‌കൂളുകളുടെ അംഗീകാരത്തിനായി പാര്‍ട്ടി ഫണ്ട് എന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്.
◾ ആസാമിലെ ഗോഹട്ടിയിലുള്ള ഹോട്ടലില്‍ വെടിവെപ്പില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. ജി.എസ് റോഡില്‍ ബോറ സര്‍വീസ് മേഖലയിലുള്ള 'ഹോട്ടല്‍ ബിലാസ് ഇന്‍ എന്ന ഹോട്ടലിലാണ് വെടിവയ്പുണ്ടായത്. അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് പിടികൂടി.
◾ ഗ്യാനേഷ് കുമാറിനെ പുറത്താക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വ്യാപാരികള്‍ ആവശ്യപ്പെടണമെന്ന് രാഹുല്‍ ഗാന്ധി. മോദി പുറത്താക്കിയാല്‍ 30 സെക്കന്‍ഡിനുള്ളില്‍ ഡല്‍ഹിയിലെ പ്രതിഷേധങ്ങള്‍ അവസാനിക്കുമെന്നും രാഹുല്‍ എക്സില്‍ കുറിച്ചു. ഡല്‍ഹിയിലെ സമരങ്ങളും പോലീസ് നടപടികളുംമൂലം പ്രതിസന്ധിയിലായ വ്യാപാരികളോടാണു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
◾ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് 11 കെവി ലൈനിലേക്ക് മുറുക്കാന്‍ ചവച്ച് തുപ്പിയ 65കാരന്‍ ഷോക്കേറ്റു മരിച്ചു. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം. ഛാത്തര്‍പൂര്‍ സ്വദേശിയായ ആശാരിപ്പണി ചെയ്തിരുന്ന 65 കാരന്‍ പത്തു വര്‍ഷത്തിലേറെയായി താമസിച്ചിരുന്ന കെട്ടിടത്തിലാണ് സംഭവമുണ്ടായത്.
◾ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും മാത്രം ഉപയോഗിച്ച് കൂറ്റന്‍ ചിത്രം വരച്ച് ഗിന്നസ് ലോകറെക്കോര്‍ഡിട്ട് കര്‍ണാടക ധാര്‍വാഡ് സ്വദേശിയായ അമര്‍ കാലെ. സ്വാഭാവിക നിറങ്ങള്‍ നല്‍കാന്‍ 6 കിലോഗ്രാം മഞ്ഞള്‍പ്പൊടിയും 5 കിലോഗ്രാം മുളകുപൊടിയുമാണ് ഈ കലാകാരന്‍ ഉപയോഗിച്ചത്. 1,892.5 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ സൃഷ്ടിയാണ് ലോകത്തിലെ ഏറ്റവും വലിയ 'സ്പൈസ് പെയിന്റിംഗ്' ആയി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അംഗീകരിച്ചത്.
◾ തെറ്റായ അന്വേഷണത്തെ തുടര്‍ന്ന് ആറു വര്‍ഷം ജയിലില്‍ കഴിഞ്ഞ് കുറ്റവിമുക്തനായ യുവാവിന് ആറു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി ഉത്തരവിട്ടു. തട്ടിക്കൊണ്ടുപോകല്‍, കൊലപാതക കേസുകളില്‍ വിചാരണത്തടവുകാരനായി കഴിഞ്ഞ അരുണ്‍ എന്ന ദീപക്കിനാണ് നഷ്ടപരിഹാരം.
◾ ബ്രസീലില്‍ വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവായ നിലവിലുള്ള പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ പ്രസിഡന്റായി തുടരും. ഒന്നാം വട്ട വോട്ടെടുപ്പില്‍ പിറകിലായിരുന്ന ലുല രണ്ടാം ഘട്ടത്തില്‍ മുന്നേറി. ലുലയ്ക്ക് 51.79 ശതമാനം വോട്ടു ലഭിച്ചു. യുഎസ് പ്രസിഡന്റ് ട്രംപിന്റെ പിന്തുണയുണ്ടായിരുന്ന ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഫ്ളാവിയോ ബൊള്‍സനാരോയെയാണ് ലുല പരാജയപ്പെടുത്തിയത്.
◾ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നു. സൗദിയും പാകിസ്ഥാനും തുര്‍ക്കിയും ഇറാനില്‍ ചര്‍ച്ചകള്‍ നടത്തും. സൗദി പ്രതിരോധ മന്ത്രി, പാക് സേന മേധാവി, തുര്‍ക്കി ഇന്റലിജന്‍സ് മേധാവി എന്നിവരാണ് പങ്കെടുക്കുക. സൗദി-ഹൂത്തി സംഘര്‍ഷം ഉള്‍പ്പടെ ചര്‍ച്ചയാകുമെന്നാണ് സൂചന.
◾ മൈക്രോസോഫ്റ്റ് അറുപതിനായിരം ജീവനക്കാരെ പിരിച്ചുവിടുന്നു. യുഎസ്, കാനഡ, ഇന്ത്യ, യുകെ എന്നീ രാജ്യങ്ങളിലെ ജീവനക്കാര്‍ക്ക് പിരിഞ്ഞുപോകാന്‍ നിര്‍ദേശിച്ചുള്ള മെയില്‍ കിട്ടിയെന്നു റിപ്പോര്‍ട്ട്.
◾ മലപ്പുറം എഫ് സി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കണ്ണൂര്‍ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ മലപ്പുറം, സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ പട്ടികയില്‍, മൂന്നാം സ്ഥാനത്തേക്ക് കയറി. അഞ്ച് കളികളില്‍ എട്ടു പോയിന്റാണ് മലപ്പുറത്തിന്. ഏഴ് പോയിന്റുള്ള കണ്ണൂര്‍ നാലാം സ്ഥാനത്ത്.
◾ ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ സിക്കിമിനെ ആറ് വിക്കറ്റുകള്‍ക്കു കേരളം തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത സിക്കിം 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 13.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
◾ ബലോന്‍ ദ് ഓര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇംഗ്ലിഷ് താരം ഹാരി കെയ്ന്‍ പുരുഷ താരമായും ബാര്‍സിലോനയിലെ അലക്‌സിയ പ്യുട്ടയാസ് മികച്ച വനിത താരമായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി തുടര്‍ച്ചയായ മൂന്നാം തവണയും ലമീന്‍ യമാല്‍ സ്വന്തമാക്കി. മികച്ച ക്ലബിനുള്ള പുരസ്‌കാരം പുരുഷ വിഭാഗത്തില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജി വീണ്ടും സ്വന്തമാക്കിയപ്പോള്‍ വനിത വിഭാഗത്തില്‍ ബാര്‍സിലോനയും അര്‍ഹരായി.
◾ വിദേശരാജ്യങ്ങളില്‍ വസ്തുക്കള്‍ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. നൈറ്റ് ഫ്രാങ്ക് ഇന്ത്യയും ഐആര്‍ഇഎക്‌സും ചേര്‍ന്ന് നടത്തിയ സര്‍വേ പ്രകാരം, വിദേശത്ത് റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നതിനായി ഇന്ത്യയില്‍ നിന്ന് അയക്കുന്ന തുകയില്‍ 64 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ വിദേശത്ത് റിയല്‍ എസ്റ്റേറ്റ് വാങ്ങുന്നതിനായി ഇന്ത്യക്കാര്‍ 528.7 മില്യണ്‍ ഡോളര്‍ (ഏകദേശം 4,400 കോടിയിലധികം രൂപ) അയച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 322.82 മില്യണ്‍ ഡോളറായിരുന്നു. യു.എ.ഇ, ഗ്രീസ്, തായ്‌ലന്‍ഡ്, പോര്‍ച്ചുഗല്‍, ഓസ്‌ട്രേലിയ, അമേരിക്ക, യുകെ, ഇന്തോനേഷ്യയിലെ ബാലി, കാനഡ, മലേഷ്യ എന്നിവയാണ് ഇന്ത്യന്‍ നിക്ഷേപകരുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍. ഇന്ത്യക്കാരുടെ മൊത്തം സമ്പത്തിന്റെ 13 ശതമാനത്തോളം ഇപ്പോള്‍ വിദേശത്തെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളിലാണ്. ഒരു പതിറ്റാണ്ട് മുന്‍പ് ഇത് വെറും 5 ശതമാനം മാത്രമായിരുന്നു.
◾ ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് ഔദ്യോഗികമായി ചുവടുവെച്ച് ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ 'ഗ്രോക്ക്'. മസ്‌ക് വാഗ്ദാനം ചെയ്ത ചരിത്രപ്രധാനമായ എഐ ചലച്ചിത്രത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍, ഗ്രോക്കിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടായ 'ഗ്രോക്ക് ഇമാജിന്‍', ഗ്രീക്ക് ഇതിഹാസമായ 'ഒഡിസി'യെ അടിസ്ഥാനമാക്കിയുള്ള 7 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ പുറത്തിറക്കി. മുഴുവന്‍ ഫീച്ചര്‍ ഫിലിമിന് പകരം, വരാനിരിക്കുന്ന പരമ്പരയിലെ ആദ്യ എപ്പിസോഡായാണ് ഈ ഹ്രസ്വചിത്രം പുറത്തുവിട്ടത്. വണ്ടര്‍ സ്റ്റുഡിയോസും സംവിധായകന്‍ ദേവ് വാക്കറും ചേര്‍ന്ന് ഗ്രോക്കുമായി സഹകരിച്ചാണ് ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മുഴുവന്‍ നിര്‍മാണ പ്രക്രിയയും കൈകാര്യം ചെയ്തത് ഗ്രോക്ക് ആണ് എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. എക്‌സ്എഐയുടെ എഐ ഇമേജ് ആന്‍ഡ് വിഡിയോ ടൂളായ 'ഗ്രോക്ക് ഇമാജിന്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ സൃഷ്ടിച്ചത്.
◾ ജിത്തു മാധവന്‍ ഒരുക്കുന്ന 'സീന്‍' ചിത്രത്തിലെ സൂര്യയുടെ കഥാപാത്രത്തിന്റെ ഗ്ലിംപ്‌സ് വിഡിയോ പുറത്ത് വിട്ടു. ഡിഎസ്പി ഇമ്പരാജ് എന്ന കഥാപാത്രമായാണ് സൂര്യയെത്തുന്നത്. മാസിനൊപ്പം കോമഡിയുമായി, കംപ്ലീറ്റ് എന്റര്‍ടെയ്‌നിങ് ആയൊരു കഥാപാത്രത്തെയാകും സൂര്യ അവതരിപ്പിക്കുന്നതെന്നാണ് ഗ്ലിംപ്‌സ് നല്‍കുന്ന സൂചന. നവംബര്‍ 6ന് ദീപാവലി റിലീസായി ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. സുഷിന്‍ ശ്യാം ആദ്യമായി തമിഴില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് 'സീന്‍'. സൂര്യയ്‌ക്കൊപ്പം മലയാളി താരം നസ്ലനും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന്‍ എന്നിവരും നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'മെനി മെനി ഹാപ്പി റിട്ടേണ്‍സി'ലെ ആദ്യ ഗാനം ശ്രദ്ധേയമാകുന്നു. ഗോവിന്ദ് വസന്തയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. കൃഷ്ണയും സെബ ടോമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി തിരിച്ചെത്തുന്ന ഈ ചിത്രം, നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഒരു റോം-കോം ചിത്രമായാണ് അണിയറയിലൊരുങ്ങുന്നത്. പുതുമുഖമായ ലക്ഷ്മി ജ്യോതിഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കാളിദാസിന്റെ അച്ഛന്‍ കഥാപാത്രമായി ലാല്‍ ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നു.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യയുടെ പുതിയ എസ് യുവിയായ ബയോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. 10 ലക്ഷം രൂപയാണ് പ്രാരംഭവില (എക്‌സ്- ഷോറൂം). സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സെറ്റപ്പ്, ബോണറ്റിന്റെ മുഴുവന്‍ വീതിയിലും ക്രമീകരിച്ചിരിക്കുന്ന ഡിആര്‍എല്ലുകള്‍, ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍, പിക്‌സല്‍ ശൈലിയിലുള്ള അലോയ് വീലുകള്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. സുരക്ഷയുടെ ഭാഗമായി ആറ് എയര്‍ബാഗുകള്‍, ലെവല്‍ 2 അഡാസ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, 360 ഡിഗ്രി കാമറ എന്നിവ ഉള്‍പ്പെടുന്നു. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 113 ബിഎച്ച്പി കരുത്തും 144 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 18.6 കിലോമീറ്റര്‍ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്. സിക്‌സ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി വേര്‍ഷനുമായാണ് എന്‍ജിന്‍ വരുന്നത്. സിഎന്‍ജി വേര്‍ഷന്‍ ജനുവരിയില്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
◾ സത്യം പറയുന്ന കഥാരചനയുടെ സത്കര്‍മ്മത്തിലൂടെ തന്റെ കാലത്തെ തിരുത്തിക്കൊണ്ടിരിക്കുന്ന ഒരു കഥാക്യത്തിന്റെ അന്വേഷണപരീക്ഷയാണ് ഈ കഥാസമാഹാരം. സ്വപ്നവും യാഥാര്‍ത്ഥ്യവും കൂടിച്ചേരുന്ന മദ്ധ്യവര്‍ഗ്ഗമനുഷ്യരുടെ ജീവിതസംഘര്‍ഷങ്ങളെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള രചനാസങ്കേതം ഈ കഥകളെ ആകര്‍ഷകമാക്കുന്നു. കാലാതിവര്‍ത്തിയായ പ്രമേയംകൊണ്ട് ശ്രദ്ധേയമായ പതിനഞ്ചു കഥകള്‍. 'സൂര്യകാന്തികളുടെ നഗരം'. അശോകന്‍ ചരുവില്‍. മാതൃഭൂമി ബുക്സ്. വില 152 രൂപ.
◾ രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് മാത്രമാണ് കേട്ടിട്ടുള്ളത്. എന്നാല്‍ അതിനൊപ്പം ചില ദോഷവശങ്ങളും ഈ ശീലത്തിനുണ്ട്. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ദഹനത്തിനും വിഷാംശം പുറന്തള്ളാനും സഹായിക്കും. മാത്രമല്ല, ശരീരത്തിന് ഉണര്‍വ് നല്‍കാനും ഈ ശീലം നല്ലതാണ്. എന്നാല്‍ ചില പ്രത്യേക സഹാചര്യത്തില്‍ ഇത് തിരിച്ചടിയാകാം. രാവിലെ വെറും വയറ്റില്‍ അമിതമായ അളവില്‍ വെള്ളം കുടിക്കുന്നത് വയറ്റില്‍ അസ്വസ്ഥത ഉണ്ടാക്കാം. ശരീരത്തിലെ അധിക ദ്രാവകം പുറന്തള്ളാന്‍ മൂത്രശങ്ക കൂടാനും സാധ്യതയുണ്ട്. രാവിലെ തന്നെ തണുത്ത വെള്ളം കുടിക്കുന്നത് ചിലരില്‍, പ്രത്യേകിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്ക് വയറുവേദന, പേശീവലിവ് പോലുള്ള ചെറിയ അസ്വസ്ഥതകള്‍ക്ക് കാരണമാകാം. മാത്രമല്ല, ഇത് ആമാശയത്തിലെ ലൈനിങിനെ അസ്വസ്ഥമാക്കുകയും, ഓക്കാനം, വയറുവേദന പോലുള്ള അവസ്ഥകള്‍ക്ക് കാരണമാവുകയും ചെയ്യാം. ചെറുചൂടുള്ള വെള്ളമാണ് എപ്പോഴും വെറും വയറ്റില്‍ നല്ലത്. കടുത്ത നിര്‍ജ്ജലീകരണം ഉള്ളപ്പോഴും വെള്ളം കുടിക്കുന്നത് ചിലപ്പോള്‍ ഓക്കാനത്തിന് കാരണമാകാം.
*ശുഭദിനം*
*കവിത കണ്ണന്‍*
അരയന്നം തന്റെ മകളുടെ സ്വയംവരം നടത്താന്‍ തീരുമാനിച്ചു. അവള്‍ അതിസുന്ദരിയായിരുന്നത് കൊണ്ട് ആ പ്രദേശത്തെ എല്ലാ പക്ഷികളും താല്‍പര്യപൂര്‍വ്വം എത്തി. വലിയൊരു പാറപ്പുറത്ത് അവരെല്ലാം അണിനിരന്നു. സൂക്ഷമനിരീക്ഷണം നടത്തി അവസാനം അവള്‍ മയിലിനെ ഭര്‍ത്താവായി തിരഞ്ഞെടുത്തു. മറ്റുളളവരെല്ലാം മയിലിനെ അഭിനന്ദിക്കാന്‍ തുടങ്ങി. മതിമറന്നുളള നൃത്തത്തിനിടയില്‍ മര്യാദയില്ലാത്ത മേനിപ്രദര്‍ശനമായി അത് മാറി. ദേഷ്യം വന്ന് അരയന്നം, നാണമില്ലാത്തവര്‍ക്ക് തന്റെ മകളെ കൊടുക്കില്ലെന്ന് പ്രഖ്യാപിച്ചു. ബഹുമതികളോട് പ്രതികരിക്കേണ്ട ചില രീതികളുണ്ട്. വിജയത്തിന്റെ ഉയരത്തേക്കാള്‍ വലുതാകണം എളിമയുടെ ആഴം. ഫലമുളള വൃക്ഷത്തിന്റെ ചില്ലകള്‍ താഴെ നില്‍ക്കും. നിലത്താണ് നാം നിലയുറപ്പിക്കേണ്ടത്. അംഗീകാരങ്ങള്‍ നമ്മുടെ അഹങ്കാരത്തെയല്ല, ഉത്തരവാദിത്വത്തെയാണ് വര്‍ദ്ധിപ്പിക്കുന്നത്. മറ്റെല്ലാവരും മോശമായതുകൊണ്ടല്ല ആദരം തേടിയെത്തുന്നത്, പലര്‍ക്കുമിടയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നുണ്ടെങ്കില്‍ അവരെക്കാളെല്ലാമുപരി, നന്നായി തുടര്‍ന്ന് പ്രവര്‍ത്തിക്കാനുളള ക്ഷണം കൂടിയാണത്. പേരെടുക്കുമ്പോഴാണ് ഒരാളുടെ പെരുമാറ്റം വ്യക്തമാകുന്നത്,. അപ്രതീക്ഷിത സമ്പത്തോ, സ്ഥാനമാനങ്ങളോ , പ്രശസ്തിയോ വന്ന് ചേരുമ്പോഴാണ് ഓരോരുത്തരുടേയും തനിനിറം വെളിവാകുന്നത്. നേട്ടങ്ങള്‍ അംഗീകാരമാണ്. അത്തരം നിമിഷങ്ങളെ ആദരണീയമാക്കുക എന്നതിലാണ് മാന്യത. - ശുഭദിനം.
Tags:
KERALA