2026 | ഒക്ടോബര്‍ 31 | ശനി
1202 | തുലാം 14 | തിരുവാതിര, പുണര്‍തം
◾ വോട്ടര്‍ പട്ടിക ക്രമക്കേടുകളെക്കുറിച്ചു പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചര്‍ച്ച നടത്താന്‍ തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിനെതിരേ ഇന്ത്യ മുന്നണി ഇന്നു കുറ്റവിചാരണയും നാളെ ഡല്‍ഹി രാംലീല മൈതാനിയില്‍ വമ്പന്‍ റാലിയും നടക്കാനിരിക്കേയാണ് ചര്‍ച്ചയ്ക്കു തയ്യാറെന്ന് അമിത് ഷാ അറിയിച്ചത്.
◾ ആരോഗ്യവകുപ്പു ജീവനക്കാരെ പിരിച്ചുവിട്ടത് രോഗനിരീക്ഷണ സംവിധാനം അവതാളത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു കത്തു നല്‍കി. എന്‍എച്ച്എമ്മിന് കീഴിലുള്ള ഐഡിഎസ്പി, എന്‍വിബിഡിസിപി ജീവനക്കാരായി സംസ്ഥാന, ജില്ലാ നിരീക്ഷണ യൂണിറ്റുകളില്‍ ജോലി ചെയ്തിരുന്നവരെ പിരിച്ചുവിട്ടതിനെതിരേയാണ് കത്ത്.
◾ മൂന്നു ബിയര്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയത് ചട്ടപ്രകാരമാണെന്ന് എക്സൈസ് കമ്മീഷണര്‍ സീറാം സംബശിവ റാവു. നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ലൈസന്‍സ് പുതുക്കിയത്. സര്‍ക്കാര്‍ അറിയാതെ ബാര്‍ ലൈസന്‍സ് നല്‍കിയെന്ന് മന്ത്രി ആരോപിച്ചിരിക്കേയാണ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് കമ്മീഷണറുടെ പ്രതികരണം. എന്നാല്‍, മുന്‍ സര്‍ക്കാരിന്റെ മദ്യനയം നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മന്ത്രി എം. ലിജു.
◾ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാന്‍ ശിപാര്‍ശ. ഓണറേറിയം വര്‍ധന പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് ശിപാര്‍ശ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിക്കുക. നിലവില്‍ അംഗങ്ങള്‍ക്ക് നല്‍കുന്ന ഓണറേറിയം അപര്യാപ്തമാണെന്ന് സമിതി റിപ്പോര്‍ട്ട്.
◾ ചേരാനല്ലൂരില്‍ 17കാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മരിച്ച ജയ ബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുടുംബം ആവശ്യപ്പെടുന്ന ആളെ പബ്ലിക് പ്രോസിക്യൂട്ടറാക്കുമെന്ന് വാക്കു നല്‍കി. കേസ് ശരിയായ ദിശയില്‍ പോകും. സര്‍ക്കാര്‍ കുടുംബത്തോടൊപ്പമാണ്. നീതിയും നിയമവും എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചെന്നിത്തല പറഞ്ഞു.
◾ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ പോസ്റ്റില്‍ കെപിസിസിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി രജിസ്റ്റര്‍ ചെയ്തു. അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍, എസ് ആര്‍ ശ്രീജേഷ് എന്നിവര്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്ത് സ്വീകരിച്ചാണ് കോടതിയലക്ഷ്യ നടപടി ആരംഭിക്കുന്നത്.
◾ കിഫ്ബി ക്രമക്കേട് അന്വേഷിക്കാന്‍ വിപുലമായ സംഘം രൂപീകരിച്ച് സര്‍ക്കാര്‍. ഡിഐജി തോംസന്‍ ജോസിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. വിജിലന്‍സ് അന്വേഷിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയുടെ കേസാണിത്. രേഖകള്‍ ആവശ്യപ്പെട്ട് കിഫ്ബിക്ക് കത്ത് നല്‍കും.
◾ പി.എസ്.സി യില്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷാ അട്ടിമറി നടത്തിയതിനുള്ള കേസില്‍ ചെയര്‍മാനും അംഗങ്ങളും പ്രതികള്‍. ക്രൈംബ്രാഞ്ച് തയാറാക്കിയ എഫ്ഐആറില്‍ പേരിന് പകരം പദവി മാത്രമാണു രേഖപ്പെടുത്തിയിരിക്കുന്നത്.
◾ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ ഇന്ത്യ നിര്‍ദ്ദേശിച്ച 'മുരാസു' എന്ന പേരില്‍ അറിയപ്പെടും. കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യത.
◾ കേരള പൊലീസ് ആരംഭിച്ച ക്ലിക്ക് പദ്ധതിയുടെ ക്യാപ്റ്റനായി നടന്‍ മമ്മൂട്ടിയെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. സൈബര്‍ സുരക്ഷയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും ആരംഭിച്ച പദ്ധതി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിനിധികളെ ക്യാപ് അണിയിച്ച് മമ്മൂട്ടി പദ്ധതിയില്‍ പങ്കാളികളാക്കി.
◾ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കരാറുകാരന്‍ സാജന്‍ ബി.ഒ രംഗത്തെത്തിയതോടെ കെ.എസ്.ടി.പി റോഡ് പദ്ധതി അഴിമതി കേസില്‍ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്.
◾ ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നാളെ നടക്കുന്ന ഇന്ത്യ മുന്നണി സമരത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക്. നാളെ രാം ലീല മൈതാനിയില്‍ കാണാമെന്ന് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു. ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോള്‍ മൗനമായി ഇരിക്കാനാകില്ലെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
◾ ശബരിമല നെയ്യ് ക്രമക്കേടില്‍ പങ്കാളിയായ വ്യാപാരി പുതിയ ടെന്‍ഡറില്‍ കുറഞ്ഞ തുകയ്ക്ക് ക്വോട്ട് ചെയ്തു. എന്നാല്‍ ആരോപണ വിധേയനായതിനാല്‍ ടെന്‍ഡര്‍ റദ്ദാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
◾ ശിശുമരണങ്ങളില്‍ ആരോഗ്യസംവിധാനങ്ങളിലെ പോരായ്മകള്‍ നേരിട്ട് വിലയിരുത്താന്‍ ആരോഗ്യ മന്ത്രി കെ മുരളീധരന്‍ അട്ടപ്പാടിയിലെത്തി. പല ഡോക്ടര്‍മാര്‍ക്കും അട്ടപ്പാടിയിലേക്ക് വരാന്‍ മടിയെങ്കിലും കൂടുതല്‍ പേരെ ഉടന്‍ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു.
◾ സൈബര്‍ അധിക്ഷേപ കേസില്‍ അറസ്റ്റിലായി അടൂര്‍ പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ കിടക്കുകയായിരുന്ന യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിക്രമം നടത്തുന്ന വീഡിയോ പുറത്ത്. ഓഗസ്റ്റ് 11 ന് രാജന്‍ ജോസഫിനെ അറസ്റ്റു ചെയ്തു സ്റ്റേഷനിലെത്തിച്ചതിനു പിറകേയാണ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ അടക്കമുള്ളവര്‍ സ്റ്റേഷനിലെത്തി പ്രതിയോട് അതിക്രമത്തിനു മുതിര്‍ന്നത്. ശ്രീനാദേവി രാജന്‍ ജോസഫിനോടു കയര്‍ത്തു സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
◾ തീവ്രതയേറിയ ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടും കണ്ണി വലിപ്പം കുറഞ്ഞ വല ഉപയോഗിച്ച് ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ടും ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത് പിഴ ചുമത്തി.
◾ ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസില്‍ ആര്‍ പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ അനുമതി തേടി.
◾ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചട്ടവിരുദ്ധമായി ഡിജെ പാര്‍ട്ടി നടത്തിയതിനു റാഡിസണ്‍ ബ്ലൂ ഹോട്ടലിനെതിരെ പൊലീസ് നടപടി. അനുവദനീയ സമയമായ രാത്രി 11 നുശേഷവും പുലര്‍ച്ചെ മൂന്നുവരെ പാര്‍ട്ടി നീണ്ടുപോയതിനെതിരേയാണു നടപടി.
◾ എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം ഉയര്‍ത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കെ.എസ്.യു പ്രിന്‍സിപ്പലിന് കത്തു നല്‍കി.
◾ എക്സൈസ് ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച പ്രിവന്റീവ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം കള്ളിക്കാട് എക്സൈസ് ചെക്ക്‌പോസ്റ്റിലെ പ്രിവന്റീവ് ഓഫീസര്‍ കെ.എസ്. ഷിന്‍രാജിനെയാണ് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സസ്പെന്‍ഡു ചെയ്തത്.
◾ വിഴിഞ്ഞത്ത് മദ്യ ലഹരിയില്‍ പൊലീസുകാരന്റെ പരാക്രമം. കാറിലെത്തിയ കുടുംബത്തെ മറൈന്‍ എന്‍ഫോഴ്‌സ്മെന്റിലെ പോലീസ് ഉദ്യോഗസ്ഥനായ ടിജു ആക്രമിച്ചു. മുക്കോല സ്വദേശി ശന്തനുവിനെ ടിജു മര്‍ദ്ദിക്കുകയും ഹെല്‍മറ്റുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. ഇയാളെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് കീഴടക്കിയത്.
◾ സെക്രട്ടറിയേറ്റ് മെയിന്‍ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിന് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിനെതിരെ കേസ്. കേസെടുത്തതോടെ യുഡിഎഫ് സര്‍ക്കാരിലുള്ള പ്രതീക്ഷകള്‍ അസ്തമിച്ചെന്ന് സമര സമിതി നേതാവ് വളര്‍മതി. കഴിഞ്ഞ സര്‍ക്കാരിന്റെ വീഴ്ചകള്‍ കൊണ്ടാണ് യുഡിഎഫ് അധികാരത്തില്‍ ഇരിക്കുന്നതെന്ന് മറക്കരുതെന്നും വളര്‍മതി.
◾ പാലക്കാട് പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശന്‍ കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാന്‍ (65) മരിച്ചു. സുലൈമാന്റെ മകളുടെ മകനായ 16 കാരന്‍ 10 വയസ്സുള്ള സഹോദരിയുമായി വഴക്കിട്ടു കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചതുകണ്ടു തടഞ്ഞ സുലൈമാന് കുത്തേല്‍ക്കുകയായിരുന്നു.
◾ നാലുവര്‍ഷമായി സൈബര്‍ തട്ടിപ്പിന് ഇരയാകുന്നുവെന്ന പരാതിയുമായി സുല്‍ത്താന്‍ ബത്തേരി നെന്മേനി മലങ്കര സ്വദേശിനിയും അധ്യാപികയുമായ സൗമ്യ. ഫോണ്‍ ഹാക്ക് ചെയ്ത് പണം തട്ടുന്നു. ഫോണും നമ്പറും മാറ്റിയിട്ടും തട്ടിപ്പു തുടരുകയാണെന്ന പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
◾ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമ വാര്‍ഷികവും പ്രഥമ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മ വാര്‍ഷികവും രാജ്യം ആചരിച്ചു. ഡല്‍ഹിയിലെ ഇന്ദിരാ സ്മാരകത്തിലും സ്മൃതി കുടീരമിരിക്കുന്ന ശക്തി സ്ഥലിലും പ്രധാന നേതാക്കള്‍ ആദരമര്‍പ്പിച്ചു. മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയഗാന്ധി, രാഹുല്‍ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി. മുത്തശ്ശിയുടെ മടിയിലിരുന്ന് തമസോമ ജ്യോതിര്‍ ഗമയ എന്ന ശ്ലോകം ഉരുവിടുന്നത് പങ്കിട്ടാണ് രാഹുല്‍ ഗാന്ധി ഇന്ദിരയെ അനുസ്മരിച്ചത്. സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനം ഏകദാ ദിനമായി രാജ്യം വിപുലമായാണ് ആചരിക്കുന്നത്. ഡല്‍ഹിയിലെ പട്ടേല്‍ സ്മൃതിയില്‍ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പുഷ്പാര്‍ച്ചന നടത്തി.
◾ കര്‍ണാടക രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ ഒളിക്യാമറ വിവാദത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷയുമായ കൃപ ആല്‍വയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒളിക്യാമറ ദൃശ്യങ്ങള്‍ നിര്‍മ്മിച്ചു പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് നടപടി.
◾ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ആം ആദ്മി പാര്‍ട്ടി ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 117 സീറ്റുകളുള്ള നിയമസഭയില്‍ 40 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഭഗവന്ത് മന്‍ ധുരി മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടും.
◾ ബെംഗളൂരുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ രണ്ട് വിദേശ പൗരന്മാര്‍ ഷോക്കേറ്റ് മരിച്ചു. ബെംഗളൂരുവിലെ പ്രശസ്തമായ കോണ്‍റാഡ് ഹോട്ടലിലാണ് സംഭവം നടന്നത്. ഹോട്ടലില്‍ താമസിച്ചിരുന്ന ജര്‍മ്മന്‍, സ്ലൊവാക്യന്‍ സ്വദേശികളാണ് മരിച്ചത്.
◾ വീട്ടുകാരെ അറിയിക്കാതെ യുകെയില്‍നിന്നു രഹസ്യമായി ഇന്ത്യയില്‍ എത്തിയ യുവതിയെ പൂനെയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഛത്രപതി സംഭാജിനഗര്‍ സ്വദേശിയായ 34 കാരി മുഗ്ധ ദേശ്മുഖിനെയാണ് പൂനെ ഗാഹുഞ്ചെയിലെ 'ലോധ ബെല്‍മോണ്ടോ' കോംപ്ലക്സിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് വഴി നടത്തിയ ബാങ്ക് ഇടപാടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
◾ ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ നാവികര്‍ സഞ്ചരിച്ച എണ്ണക്കപ്പലിനു നേരെ ആക്രമണം. 27 ഇന്ത്യന്‍ ജീവനക്കാരുമായി പോയ 'എംടി ലൂയിസ് 1' എന്ന പനാമ ക്രൂഡ് ഓയില്‍ ടാങ്കറിനു നേരെയാണ് ആക്രമണമുണ്ടായത്.
◾ ഒരു കുപ്പി വിസ്‌കിക്കു 31 ലക്ഷം രൂപ വില. വിസ്‌കി അമൂല്യമായതിനാല്‍ മാത്രമല്ല, വിസ്‌കി നിറച്ച അപൂര്‍വവും കലാമൂല്യമുള്ളതുമായ കുപ്പിയും ഈ ആഡംബര വിസ്‌കിയുടെ സവിശേഷതയാണ്. 1843-ല്‍ സ്ഥാപിതമായ സ്‌കോട്ട്‌ലന്‍ഡിലെ ഹൈലാന്‍ഡ്‌സ് മേഖലയിലെ ഗ്ലെന്‍മൊറാഞ്ചി ഡിസ്റ്റിലറിയാണ് ഈ പ്രത്യേക വിസ്‌കി പുറത്തിറക്കിയത്.
◾ ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ യുദ്ധത്തില്‍ കൊല്ലപ്പെടുന്ന സൈനികരെ കൂട്ടത്തോടെ സംസ്‌കരിക്കാനുള്ള പ്രത്യേക പരിശീലനവുമായി യു.എസ് സൈന്യം. നോര്‍ത്ത് കരോളിനയില്‍ നടന്ന പരിശീലനത്തില്‍ ആയുധങ്ങളും ബുള്‍ഡോസറുകളും ഉപയോഗിച്ച് യുദ്ധക്കളത്തില്‍ അതിവേഗം കുഴികള്‍ നിര്‍മ്മിക്കുന്നത് എങ്ങനെയാണെന്ന് സൈനികര്‍ പരിശീലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
◾ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 2480 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1240 രൂപയാണ് ഇടിഞ്ഞത്. 1,01,840 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 310 രൂപയാണ് കുറഞ്ഞത്. 12,730 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ 48 മണിക്കൂറിനിടെ കേരളത്തിലെ പവന്‍ വിലയില്‍ 3,720 രൂപയുടെ കുറവാണുണ്ടായത്. 18 കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 10,420 രൂപയും 14 കാരറ്റിന് 200 കുറഞ്ഞ് 8,150 രൂപയുമായി. ഒമ്പത് കാരറ്റിന് ഗ്രാമിന് 5,260 രൂപയിലാണ് വ്യാപാരം. വെള്ളി വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 200 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3,875.55 ഡോളറിലേക്ക് താഴ്ന്നതാണ് കേരളത്തിലും വലിയ പ്രതിഫലനമുണ്ടാക്കിയത്.
◾ ജെറീനയുടെ ബാറ്റില്‍ റോയേല്‍ ഗെയിമായ 'ഫ്രീ ഫയര്‍ ഇന്ത്യ' ഇന്ത്യയിലേക്ക് തിരിച്ചെത്തി. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ആപ്പ് ആയാണ് ഗെയിം പുനരവതരിപ്പിച്ചിരിക്കുന്നത്. 2022 ഫെബ്രുവരിയില്‍ സുരക്ഷാ കാരണങ്ങളും ഡാറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ട് നിരോധനം നേരിട്ട ചൈനീസ് ആപ്പുകളില്‍ ഒന്നായിരുന്നു ഫ്രീ ഫയര്‍. ഐഒഎസ് ആപ്പ് സ്റ്റോറിലും ആന്‍ഡ്രോയിഡ് ഗൂഗിള്‍ പ്ലേയിലും ഇപ്പോള്‍ ഫ്രീ ഫയര്‍ ഇന്ത്യ ലഭ്യമാണ്. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ വിധത്തിലുള്ള ഫീച്ചറുകളും ഇന്‍ ഗെയിം ഇവന്റുകളുമായാണ് ഗെയിം എത്തുന്നത്. നവംബര്‍ 15 വരെ പ്രത്യേക ദീപാവലി കാമ്പയിന്‍ ഗെയിമില്‍ ലഭ്യമാണ്. വ്യത്യസ്ത സ്മാര്‍ട്ഫോണുകളില്‍ ആസ്വദിക്കാനാവും വിധം ഒപ്റ്റിമൈസ് ചെയ്താണ് ഫ്രീ ഫയര്‍ ഇന്ത്യ ഒരുക്കിയതെന്ന് ജെറീന പറയുന്നു.
◾ സുന്ദര്‍ സി സംവിധാനം ചെയ്ത് നയന്‍താര നായികയാകുന്ന 'മൂക്കുത്തി അമ്മന്‍ 2 മഹാശക്തി' ദീപാവലി ചിത്രമായി നവംബര്‍ 6ന് എത്തും. വേല്‍സ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ. ഗണേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭാവന റിലീസാണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത്. ഒന്നാം ഭാഗവും രണ്ടാം ഭാഗവും തമ്മില്‍ സിനിമയുടെ പേര്, നിര്‍മ്മാതാവ് ഇഷാരി ഗണേഷ്, നയന്‍താര, ഉര്‍വശി എന്നീ നാല് ഘടകങ്ങള്‍ മാത്രമാണ് പൊതുവായുള്ളത്. രണ്ടാം ഭാഗത്തിന്റെ കഥ തികച്ചും വ്യത്യസ്തമാണെന്നും ചിത്രത്തില്‍ രണ്ട് സര്‍പ്രൈസ് താരങ്ങള്‍ കൂടിയുണ്ടെന്നും അവരുടെ സാന്നിധ്യം പ്രേക്ഷകര്‍ക്ക് സിനിമയില്‍ തന്നെ തിരിച്ചറിയാമെന്നും സംവിധായകന്‍ സുന്ദര്‍ സി പറയുന്നു.
◾ അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്ലര്‍ പാര്‍ട്ടി ഡ്യുഎക്സ്'ലെ സെക്കന്‍ഡ് സിംഗിള്‍ 'ശിശിരമോ' പുറത്തിറങ്ങി. ക്രിസ്റ്റോ സേവ്യറിന്റെ ഈണത്തിന് വിനായക് ശശികുമാറിന്റേതാണ് വരികള്‍. ശക്തിശ്രീ ഗോപാലാനാണ് ആലാപനം. നവംബര്‍ 19നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. നസ്ലിന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയന്‍, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ജെന്‍ സി വൈബിലാണ്, 2012-ല്‍ പുറത്തിറങ്ങി തരംഗമായ ആക്ഷന്‍ ചിത്രം 'ബാച്ച്ലര്‍ പാര്‍ട്ടി'യുടെ രണ്ടാംഭാഗം എത്തുന്നത്.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ മോഡലായ സഫാരിയുടെ ഇവി വേര്‍ഷന്‍ വരുന്നു. മൂന്ന് നിര സീറ്റുകളുള്ള ഇലക്ട്രിക് എസ് യുവി വിഭാഗത്തിലേക്കുള്ള കടന്നുവരവിന്റെ ഭാഗമായി ജനുവരിയില്‍ വാഹനം വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ടാറ്റയുടെ 'ആക്ടി.ഇവി+' പ്ലാറ്റ്‌ഫോമിലാണ് സഫാരി ഇവിയും നിര്‍മ്മിക്കുന്നത്. ഹാരിയര്‍ ഇവിയിലുള്ള അതേ 65, 75 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുകളുമായാണ് വാഹനം വിപണിയില്‍ എത്താന്‍ പോകുന്നത്. 80 കിലോവാട്ട്അവര്‍ ഓപ്ഷനുള്ള ഉയര്‍ന്ന വകഭേദവും ഉള്‍പ്പെടുത്തിയേക്കാം. ക്വാഡ് വീല്‍ ഡ്രൈവ് സംവിധാനവും സാധാരണ റിയര്‍ വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനും സഫാരി ഇവിയുടെ പ്രധാന ഫീച്ചറുകളായിരിക്കും. നിലവിലുള്ള പതിപ്പിനോട് സമാനമായ ഡിസൈന്‍ തന്നെയായിരിക്കും സഫാരി ഇവിക്ക് ഉണ്ടാവുക.
◾ പത്മാവതി എന്ന കുട്ടി അമ്മയുടെ വയറ്റിലായിരുന്ന കാലം മുതല്‍ അക്ഷരം പഠിക്കുന്നതുവരെയുള്ള കാലത്തെ ചെറുതും വലുതുമായ സംഭവങ്ങളാണ് ഈ ബാലസാഹിത്യ കൃതിയിലൂടെ അവതരിപ്പിക്കുന്നത്. കോവിഡ് മഹാമാരി ലോകത്തെ ചലനരഹിതമാക്കിയ കാലം കൂടിയായിരുന്നു അത്. വീടിനുള്ളിലെ അടച്ചിട്ട ജീവിതവും അപൂര്‍വ്വമായി കാണുന്ന മനുഷ്യരും ചേര്‍ന്നൊരു ബാല്യം, ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ പിരിമുറുക്കങ്ങളും അവരുടെ അസാന്നിധ്യത്തില്‍ അപ്പൂപ്പനും അമ്മൂമ്മയും കൊച്ചുമകളും തമ്മിലുള്ള സ്നേഹബന്ധവും അവരുടെ കഥപറച്ചിലുകളും ചേരുന്ന പുസ്തകം. കഥ നടക്കുന്നത് തമിഴ്‌നാട്ടിലാണ് എന്നതിനാല്‍ ആ പ്രദേശങ്ങളിലൂടെ വായനക്കാര്‍ക്കും സഞ്ചരിക്കാം. 'കോവിഡ് കാലത്തെ ബാല്യം'. വി ആര്‍ അജിത് കുമാര്‍. ഗ്രീന്‍ ബുക്സ്. വില 95 രൂപ.
◾ ദിവസവും കട്ടന്‍ ചായയോ, ഗ്രീന്‍ ടീയോ കുടിക്കുന്നവരില്‍ ഹൃദ്രോഗസാധ്യത കുറയുമെന്ന് പുതിയ പഠനം. ചായ കുടിക്കുന്നവരില്‍ പക്ഷാഘാതം, ഹൃദ്രോഗം, പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് തുടങ്ങിയ അവസ്ഥകള്‍ ഉള്‍പ്പെടുന്ന വാസ്‌കുലര്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത 11% കുറവായിരിക്കാമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ജേണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ ചായ കുടിക്കുന്നത് ഹൃദ്രോഗങ്ങളെ തടയുമെന്ന് പഠനം പറയുന്നില്ല, മറിച്ച് സാധ്യത കുറയ്ക്കാമെന്നാണ് കണ്ടെത്തല്‍. വ്യായാമത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത, പുകവലിക്കാത്തവരിലാണ് ചായ കുടിക്കുന്നതിന്റെ ഗുണം കൂടുതല്‍ കണ്ടെത്തിയത്. ഇവരില്‍ ഇസ്‌കീമിക് സ്റ്റോക്ക് വരാനുള്ള സാധ്യത 37% കുറവാണെന്നും ഹൃദയാഘാതം വരാനുള്ള സാധ്യത 17% കുറവാണെന്നും ഗവേഷകര്‍ പറയുന്നു. ചായയിലെ ഫ്ലവനോയ്ഡുകള്‍ രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. ചായയിലെ ആന്റിഓക്സിഡന്റുകള്‍ വിട്ടുമാറാത്ത വീക്കവും സ്ട്രെസ്സും കുറയ്ക്കും. കൂടാതെ ഉപാപചയ പ്രക്രിയ മെച്ചപ്പെടുത്താനും രക്തം കട്ടപിടിക്കുന്നതു തടയാനും സഹായിക്കും. ഇവയിലൂടെ ഹൃദ്രോഗസാധ്യത കുറയ്ക്കാനാവുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.91, പൗണ്ട് - 127.10, യൂറോ - 105.90, സ്വിസ് ഫ്രാങ്ക് - 114.24, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.47, ബഹറിന്‍ ദിനാര്‍ - 251.94, കുവൈത്ത് ദിനാര്‍ -305.02, ഒമാനി റിയാല്‍ - 246.90, സൗദി റിയാല്‍ - 25.28, യു.എ.ഇ ദിര്‍ഹം - 25.85, ഖത്തര്‍ റിയാല്‍ - 26.07, കനേഡിയന്‍ ഡോളര്‍ - 67.97.
Tags:
KERALA