2026 | ഒക്ടോബര്‍ 29 | വ്യാഴം
1202 | തുലാം 12 | രോഹിണി
◾ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ രോഗികള്‍ക്ക് എല്‍ഡിഎഫ് ഭരണകാലത്തു കാലാവധി കഴിഞ്ഞ മരുന്നാണ് നല്‍കിയതെന്നു സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നിയമസഭയില്‍. 2021 ല്‍ വാങ്ങിയ റെംഡെസിവിര്‍ മരുന്നിന്റെ കാലാവധി 2023 മെയ് മാസത്തോടെ അവസാനിച്ചു. എന്നാല്‍ 2024 ലും കഴിഞ്ഞ വര്‍ഷവും ഇതേ മരുന്നാണു രോഗികള്‍ക്കു നല്‍കിയതെന്നാണു സംശയം. കാലാവധി തീര്‍ന്ന മരുന്ന് ഉപയോഗിച്ചതു കൊണ്ടാണോ നിപ ബാധിതര്‍ മരിച്ചതെന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
◾ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്നു സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കേസില്‍ കായികാധ്യാപകന്‍ അറസ്റ്റിലായി. എറണാകുളം പെരുമ്പാവൂര്‍ ക്രാരിയേലി പാറക്കല്‍ ജിജോ ജെയിംസിനെയാണ് (35) കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിദ്യാഭ്യാസ വകുപ്പു സസ്പെന്‍ഡു ചെയ്തു. ഇയാള്‍ അഞ്ചു വര്‍ഷം മുമ്പ് പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു തോറ്റതിനു പിറകേ സിപിഎമ്മില്‍ ചേക്കേറിയെന്ന് കോണ്‍ഗ്രസ് വക്താവ് ജിന്റോ ജോണ്‍.
◾ ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ രണ്ടാം പ്രതിയായ അഡീഷണല്‍ ജഡ്ജി റിനോ ഫ്രാന്‍സിസിനെ അറസ്റ്റു ചെയ്യുന്നതു ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച കോടതി പ്രതിസ്ഥാനത്തുള്ളവര്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും പിന്നെന്തിനാണ് അറസ്റ്റ് എന്നും അന്വേഷണ സംഘത്തോട് ചോദിച്ചു. സമൂഹത്തിലെ കുറേപേരുടെ പ്രചാരണവേലയ്ക്കു കീഴ്‌പ്പെടാനാവില്ലെന്നും കോടതി.
◾ റോഡ് അപകടങ്ങളും മരണവും വര്‍ധിക്കുന്നതു തടയാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. നവംബര്‍ മൂന്നിന് കേസ് പരിഗണിക്കും. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നിര്‍ദേശം.
◾ പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കഴിഞ്ഞ തവണ ഇന്‍ഷ്വറന്‍സ് ഏറ്റെടുത്ത ന്യു ഇന്ത്യ ഇന്‍ഷുറന്‍സ് ക്വട്ടേഷന്‍ തന്നില്ല. ക്ഷേമനിധിയിലേക്ക് 700 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ട്. പ്രവാസി സംഘടനകള്‍ ഇടപെടണം. മൂന്നുമാസത്തെ പെന്‍ഷന്‍ നല്‍കാനുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
◾ ശബരിമലയില്‍ അരവണ നിര്‍മ്മാണം പ്രതിസന്ധിയിലേക്ക്. സാധനങ്ങള്‍ ശബരിമലയില്‍ എത്തിക്കാനുള്ള ട്രാക്ടര്‍ കരാര്‍ ഇതുവരെ ആയിട്ടില്ല. ബോര്‍ഡും ട്രാക്ടറുകാരും തമ്മിലുള്ള കൂലിത്തര്‍ക്കം തുടരുകയാണ്. നാളെ വീണ്ടും ഇ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. നിലവിലെ കരുതല്‍ ശേഖരം ഏഴ് ലക്ഷം മാത്രമാണ്.
◾ നിക്ഷേപകരുടെ പണം വകമാറ്റി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്ന കേസില്‍ ബിഎല്‍എം കോഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ പ്രേംകുമാര്‍ അറസ്റ്റില്‍. ചെന്നൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 5000 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു.
◾ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കേരള സര്‍വീസിലായിരുന്നപ്പോള്‍ ക്രമക്കേടു നടത്തിയെന്ന ആരോപണത്തില്‍ വിജിലന്‍സിന്റെ പുതിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് നിയമസഭയില്‍ മന്ത്രി പി.കെ ബഷീര്‍. അന്നത്തെ വകുപ്പ് സെക്രട്ടറിയുടെ നടപടികളിലൂടെ സര്‍ക്കാറിന് കോടികളുടെ നഷ്ടം ഉണ്ടായെന്ന് പികെ ബഷീര്‍ പറഞ്ഞു.
◾ അട്ടപ്പാടിയിലെ ശിശു മരണങ്ങള്‍ ചികിത്സാപിഴവു കൊണ്ടല്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വിശദമായി പഠിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം അവിടെ ക്യാമ്പ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
◾ കേരളത്തിന് 70 വയസ് തികയുന്ന നവംബര്‍ ഒന്നിന്, 70 വയസും അതിന് മുകളിലുമുള്ളവര്‍ക്ക് പ്രത്യേക ഓഫറുകളുമായി സപ്ലൈകോ. ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന 70 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്ക് ശബരി വെളിച്ചെണ്ണയുടെ പരമാവധി ചില്ലറ വില്‍പ്പന വിലയില്‍ നിന്ന് 70 രൂപ കുറച്ച്, ഒരു ലിറ്റര്‍ 229 രൂപ നിരക്കില്‍ ലഭ്യമാക്കും.
◾ വഖഫ് ബോര്‍ഡ് പുനഃസംഘടന വിവാദത്തിനിടെ സമസ്ത ഇകെ വിഭാഗം നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യ പ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്ന് സമസ്ത നേതൃത്വം പ്രതികരിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പിപി ഉമര്‍ മുസ്ലിയാര്‍ കൊയ്യോടിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച്ച.
◾ യുവാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യൂട്യൂബര്‍ ഖാദര്‍ കരിപ്പോടി കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു, നാലു മാസമായി ഇയാള്‍ ഒളിവിലായിരുന്നു.
◾ കൊച്ചിയില്‍ തൊണ്ടിമുതലായ എംഡിഎംഎ അടിച്ചുമാറ്റിയ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്ഐ അനസിനെ സസ്പെന്‍ഡ് ചെയ്തു. എളമക്കരയില്‍ പിടികൂടിയ എംഡിഎംഎ പൊലീസ് ഗോഡൗണിലേക്ക് മാറ്റാനായി സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് എസ്ഐ മോഷ്ടിച്ചത്.
◾ പാലക്കാട് പട്ടാമ്പി കറുകപ്പുത്തൂരില്‍ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ മണ്ണിനടിയില്‍ പെട്ടെന്ന് സംശയിക്കുന്ന ഡ്രൈവര്‍ക്കായി തെരച്ചില്‍ തുടരുന്നു. ചാത്തന്നൂര്‍ ചാലാച്ചി സ്വദേശി താഹിര്‍ ആണ് ലോറിയിലുണ്ടായിരുന്നത്. നികത്തുന്നതിനിടെ മണ്‍കൂന ഇടിഞ്ഞ് സമീപത്തെ കുളത്തിലേക്ക് ടിപ്പര്‍ ലോറി മറിയുകയായിരുന്നു.
◾ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുകാരന്‍ മരിച്ച നിലയില്‍. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കൊല്ലംകോട് സ്വദേശി ശ്രീനിവാസനാണു മരിച്ചത്. ഇയാള്‍ ക്ഷയരോഗ ബാധിതനായിരുന്നു.
◾ കൊഴിഞ്ഞാമ്പാറ മേനോന്‍പാറ കൂരാങ്കാട്ടിലെ സഹോദരങ്ങളായ കുട്ടികളെ അമ്മ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍. വടകരപ്പതി പഴണിയാര്‍പാളയം മണല്‍ക്കാട് ജോണ്‍കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫര്‍ ജൂലിയറ്റ് (അഞ്ച്), റോബിന്‍ ക്രിസ്റ്റഫര്‍ (മൂന്ന്) എന്നിവരെയാണ് കൊലപ്പെടുത്തിയത്.
◾ വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യലഹരിയിലായെന്ന് ആരോപണവുമായി വിദ്യാര്‍ത്ഥികള്‍. വയനാട് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിനോദയാത്രയ്ക്കിടെയാണ് സംഭവം. പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ് ഹാജിസും മദ്യപിച്ചെന്നാണ് ആരോപണം. ഹൈദരാബാദിലേക്കാണ് വിനോദയാത്ര പോയത്. ആരോപണം ഉയര്‍ന്നപ്പോഴേ പിടിഎ പ്രസിഡന്റിനെ ബസില്‍നിന്ന് ഇറക്കിവിട്ടെന്ന് പ്രിന്‍സിപ്പല്‍.
◾ സിപിഎം നേതാവ് ഇപി ജയരാജന്റെ സഹോദരിയുടെ മകന്‍ ഇപി ശ്യാംജിത്തിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വൈദേകം റിസോര്‍ട്ട് വക്കീല്‍ നോട്ടീസ് അയച്ചു. ഇപിയുടെ ഭാര്യ വൈദേകത്തില്‍ നിക്ഷേപിച്ചത് ശശിധരന്‍ കര്‍ത്തയുടെ പണം ആണെന്നായിരുന്നു ശ്യാംജിത്തിന്റെ ആരോപണം.
◾ സൗദി അറേബ്യയിലെ റിയാദില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച മലപ്പുറം അങ്ങാടിപ്പുറം പരിയാപുരം തട്ടാരക്കാട് സ്വദേശി ഫസലുദ്ദീന്‍ വടക്കേക്കരയുടെ (52) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.
◾ ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ രണ്ടാം പ്രതിയായ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടി നീതികേടാണെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. ന്യായാധിപനായ പ്രതി രക്ഷപ്പെടാന്‍ അടവുപയറ്റുകയാണെന്നു കുടുംബം പ്രതികരിച്ചു.
◾ പൊന്‍കുന്നത്ത് കള്ളുഷാപ്പില്‍ നിന്ന് കള്ള് മോഷ്ടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങല്‍ പുറത്ത്. ഷാപ്പിന്റെ ഭിത്തിയുടെ വിടവിലൂടെ കമ്പി ഇറക്കിയാണ് കള്ളുകുപ്പി എടുത്തത്. രണ്ടുപേര്‍ ചേര്‍ന്നാണ് മോഷണം നടത്തിയത്. ഒരാള്‍ കള്ളുകുപ്പി എടുക്കുമ്പോള്‍ മറ്റൊരാള്‍ ടോര്‍ച് അടിച്ചു കൊടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
◾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ, നവംബര്‍ ഒന്നിനു ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് സംഘടിപ്പിക്കുന്ന റാലിയില്‍ പത്തു ലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ കോണ്‍ഗ്രസ്. ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ പ്രവര്‍ത്തകരും പങ്കെടുക്കും. ഇന്ത്യയെ രക്ഷിക്കാന്‍, ജനാധിപത്യത്തെ രക്ഷിക്കാന്‍ പോലീസിനേയും ലാത്തിയേയും ഭയക്കാത്തവരുടെ മാര്‍ച്ചാണിതെന്ന് രാഹുല്‍ഗാന്ധി.
◾ അമേരിക്കയിലെ ലൈംഗിക കുറ്റവാളിയും അധോലോക നായകനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദ പുരുഷന്‍ ഹര്‍ദീപ് സിംഗ് പുരിക്ക് ബിജെപി വീണ്ടും രാജ്യസഭ സീറ്റ് നല്‍കി. ആരോപിതനായിട്ടും സീറ്റു നല്‍കിയതിനെ പരിഹസിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയെ പുരി ഭീഷണിപ്പെടുത്തിയോ അതോ ഇരുവരെയും ആരെങ്കിലും ഭീഷണിപ്പെടുത്തുന്നുണ്ടോ എന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു.
◾ ഭരണമാറ്റത്തിന് അക്രമാസക്തമായ സമരം നടത്തിയവര്‍ക്കു സര്‍ക്കാര്‍ ജോലി നല്‍കില്ലെന്ന് ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സര്‍ക്കാര്‍ ജോലിക്ക് ഉദ്യോഗാര്‍ത്ഥികളുടെ സ്വഭാവ പരിശോധനയ്ക്കു കര്‍ശന ഉപാധികള്‍ ഏര്‍പ്പെടുത്തി. ഭരണമാറ്റത്തിനായി അക്രമ സമരങ്ങളിലോ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെയോ ഏര്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലി നിഷേധിക്കുമെന്ന് നിയമനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.
◾ ആസാമില്‍ ശൈശവവിവാഹത്തിനെതിരെ കേസുകളും കൂട്ട അറസ്റ്റും. ഒക്ടോബര്‍ 27 വരെ 441 കേസുകളിലായി 524 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. ശൈശവവിവാഹം നടത്തിയ വരനും വിവാഹം നടത്തുകയും അതിന് സഹായിക്കുകയും ചെയ്തവര്‍ക്കെതിരെയാണ് നടപടി.
◾ ഇസ്രയേലില്‍ തൂക്കു പാര്‍ലമെന്റ്. പൊതു തെരഞ്ഞെടുപ്പില്‍ 91 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഒരു സഖ്യത്തിനും കേവല ഭൂരിപക്ഷം ഇല്ല. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നയിക്കുന്ന സഖ്യത്തിന് 53 സീറ്റുകളാണു ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകള്‍ വേണം.
◾ പടിഞ്ഞാറന്‍ സൗദിയിലെ ത്വാഇഫ് നഗരം ലക്ഷ്യമാക്കി യെമനിലെ ഹൂതി ഭീകരര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ വ്യോമ പ്രതിരോധ സേന വിജയകരമായി തകര്‍ത്തു. റിയാദില്‍ ബാലിസ്റ്റിക് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഒരു കെട്ടിടത്തിനും നിര്‍മ്മാണത്തിലിരിക്കുന്ന പദ്ധതിക്കും ഒരു വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു.
◾ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിന് സീസണിലെ ആദ്യ തോല്‍വി. 408 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അവസാന ദിനം ആദ്യ സെഷനില്‍ 120 റണ്‍സിന് ഓള്‍ ഔട്ടായി 287 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങി. ആദ്യ ഇന്നിംഗ്സിലേതുപോലെ ആറ് വിക്കറ്റ് വീഴ്ത്തിയ ഇടം കൈയന്‍ സ്പിന്നര്‍ പ്രദിപ്ത പ്രമാണിക്കും രണ്ട് വിക്കറ്റ് വീതമെടുത്ത ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയും ഷഹബാസ് അഹമ്മദും ചേര്‍ന്നാണ് കേരളത്തെ എറിഞ്ഞിട്ടത്.
◾ ലിസ്റ്റിംഗ് ദിനത്തിലെ വമ്പന്‍ നേട്ടത്തിനു ശേഷവും ഓഹരി വിപണിയില്‍ കുതിപ്പ് തുടര്‍ന്ന് റിലയന്‍സ് ഗ്രൂപ്പ് സ്ഥാപനമായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ്. ലിസ്റ്റിംഗിന്റെ രണ്ടാം ദിനമായ ഇന്ന് കമ്പനിയുടെ ഓഹരിവില 5 ശതമാനം വരെ വര്‍ധിച്ച് ബിഎസ്ഇയില്‍ 1,490 രൂപയെന്ന ഉയര്‍ന്ന നിരക്കിലെത്തി. ഇതോടെ ഐപിഒ ഓഫര്‍ വിലയായ 1,119 രൂപയില്‍ നിന്ന് 33 ശതമാനത്തിലധികം നേട്ടമാണ് ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ഇന്നത്തെ കുതിപ്പോടെ കമ്പനിയുടെ വിപണി മൂല്യം ഒരു ഘട്ടത്തില്‍ 13.6 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ലിസ്റ്റഡ് കമ്പനിയെന്ന പദവിയും ജിയോ പ്ലാറ്റ്ഫോംസ് സ്വന്തമാക്കി. ഇന്ത്യന്‍ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നായ ജിയോ പ്ലാറ്റ്ഫോംസ് ഐപിഒ 22.2 മടങ്ങാണ് സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
◾ ചെറുകിട ധനകാര്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള സൈബര്‍ തട്ടിപ്പ് പെരുകുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്തെ ചെറുകിട ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഏകദേശം 300 കോടിയോളം രൂപയാണ് സൈബര്‍ തട്ടിപ്പിലൂടെ അപഹരിച്ചത്. 1,000 കോടി രൂപയോ അതില്‍ താഴെയോ ടേണ്‍ഓവറുള്ള ചെറുകിട എന്‍ബിഎഫ്‌സികളാണ് ഏറ്റവും കൂടുതല്‍ സൈബര്‍ തട്ടിപ്പിനിരയാകുന്നത്. ഒന്നിലധികം എഐ ഏജന്റുകളെ ഒരേസമയം പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ, സ്ഥാപനങ്ങളുടെ സൈബര്‍ സിസ്റ്റത്തിലേക്ക് നുഴഞ്ഞുകയറുന്നത് മുതല്‍ തട്ടിപ്പ് നടത്തുന്നതിനു വേണ്ടിവരുന്ന സമയം കേവലം മണിക്കൂറുകളായി ചുരുക്കാന്‍ എഐ സംവിധാനങ്ങള്‍ക്ക് കഴിയുമെന്ന് ദേശീയ സൈബര്‍ സുരക്ഷ ഏജന്‍സിയായ മുന്നറിയിപ്പ് നല്‍കുന്നു.
◾ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായി സിനിമകള്‍ രാപകലില്ലാതെ 24 മണിക്കൂറും പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നു. മേളയുടെ ഉദ്ഘാടന, സമാപന ദിവസങ്ങള്‍ ഒഴികെയുള്ള ആറു ദിവസങ്ങളില്‍ വിവിധ വേദികളിലായി രാവും പകലും സിനിമകള്‍ പ്രദര്‍ശിപ്പിക്കാനാണ് പദ്ധതിയെന്ന് സംഘാടകര്‍ അറിയിച്ചു. ഡിസംബര്‍ 11 മുതല്‍ 18 വരെ തിരുവനന്തപുരത്താണ് 31-ാമത് ഐഎഫ്എഫ്‌കെ നടക്കുന്നത്. മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫെസ്റ്റിവല്‍ ഹബ്ബായി മാറും. മുതിര്‍ന്ന പൗരന്മാര്‍, ഉദ്യോഗസ്ഥര്‍, യുവജനങ്ങള്‍ എന്നിവരുടെ സൗകര്യാര്‍ഥം രാവിലെ 7 മണിക്ക് അടക്കം പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. അര്‍ദ്ധരാത്രിയിലെ ഷോകള്‍ ജെന്‍ സികള്‍ അടക്കമുള്ള യുവ സിനിമാപ്രേമികളെ ലക്ഷ്യമിട്ടുള്ളതാണ്.
◾ നിമിഷങ്ങളെ ചിത്രങ്ങളാക്കി ഉള്ളില്‍ സൂക്ഷിച്ച ഒരാളുടെ ഓര്‍മ്മകളിലൂടെ കഥ പറയാന്‍ ഒരുങ്ങുകയാണ് 'ഫ്രെയിംസ്' എന്ന മ്യൂസിക് വീഡിയോ. ഡ്രീം സിനിമാസ് അവതരിപ്പിക്കുന്ന ഫ്രെയിംസ് സംവിധാനം ചെയ്യുന്നത് നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മഹേഷ് പാറയിലാണ്. നിജയ് ഘോഷ് നാരായണന്റേതാണ് കഥയും തിരക്കഥയും. മലയാള സിനിമയില്‍ വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ച ചലച്ചിത്ര താരം ഷാജു ശ്രീധറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്ന ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെയും ആ യാത്ര അയാളിലുണ്ടാക്കുന്ന പഴയ കാല ഓര്‍മ്മകളിലൂടെയുമാണ് ഫ്രെയിംസിന്റെ കഥ മുന്നേറുന്നത്.
◾ ഹാര്‍ലി ഡേവിഡ്‌സണിന്റെ പുതിയ മോട്ടോര്‍സൈക്കിള്‍ ആയ സ്പ്രിന്റ് 440 ഈ വര്‍ഷം അവസാനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ പ്രൊഡക്ഷന്‍ റെഡി പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. എക്‌സ്440 ടി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് സ്പ്രിന്റ് 440. എന്നാല്‍ ഇതിന് തികച്ചും വ്യത്യസ്തമായ രൂപകല്‍പ്പനയാണ് ഉള്ളത്. പരമ്പരാഗത ക്രൂയിസര്‍ ശൈലിയുള്ള, നീളമേറിയതും താഴ്ന്നതുമായ രൂപഘടനയാണ് ഇതിനുള്ളത്. ബൈക്കിന്റെ പലഭാഗങ്ങളും കറുത്ത നിറത്തിലാണ്. 440സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ഇതില്‍ ഉണ്ടാവുക. എയര്‍- ഓയില്‍ കൂളിങ് സംവിധാനമുള്ള ഈ എന്‍ജിന്‍ 27 ബിഎച്ച്പി കരുത്തും 38 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ആറ് ഗിയര്‍ബോക്‌സിലാണ് വരുന്നത്. നവംബര്‍ 3-ന് മിലാനില്‍ നടക്കുന്ന ഷോയില്‍ ഇതിന്റെ ആഗോള അരങ്ങേറ്റം കുറിക്കും.
◾ കല നിരന്തര പരിണാമിയും അസ്ഥിരവുമായ ആശയമാണ്. സാമൂഹികവും രാഷ്ട്രീയവുമായ നിരവധി ബന്ധങ്ങള്‍ക്കുള്ളിലാണ് കല നിലനില്‍ക്കുന്നത്. കലാവസ്തുവിനും കലാകാരന്മാര്‍ക്കുമപ്പുറം സമകാലികകലയില്‍ നിലനില്‍ക്കുന്ന വൈജ്ഞാനിക ബന്ധങ്ങളെ തത്ത്വചിന്തയുടെ രീതി ശാസ്ത്രത്തില്‍ വിശകലനം ചെയ്യുന്ന നിരൂപണങ്ങളാണ് കലാഗവേഷകയായ അമലു എഴുതിയ ആഫ്റ്റര്‍ ഇമേജ്. മ്യൂസിയങ്ങളില്‍ പ്രര്‍ദശന വസ്തുക്കളാക്കി അനശ്വരത പണിയുന്ന കലാസമീപനത്തിനു പകരം അസ്ഥിരക്രമങ്ങളുടെ പുതിയൊരു കലാതത്വചിന്ത തേടുന്ന വായനക്കാര്‍ക്ക് ഈ പുസ്തകം മികച്ച ആമുഖമാണ്. 'ആഫ്റ്റര്‍ ഇമേജ്'. അമലു. ഡിസി ബുക്സ്. വില 171 രൂപ.
◾ ഇന്ന് ലോക സ്ട്രോക്ക് ദിനം, എല്ലാ വര്‍ഷവും ലോകാരോഗ്യ സംഘടന ഒക്ടോബര്‍ 29 വേള്‍ഡ് സ്ട്രോക്ക് ഡേ ആചരിക്കുന്നു. ഈ വര്‍ഷം സ്ട്രോക്ക് ഡേ യുടെ 20-ാം വാര്‍ഷികമാണ്. ഈ വര്‍ഷത്തെ പ്രമേയം സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയുക, കാലതാമസമില്ലാതെ നടപടി എടുക്കുക, വേഗത്തില്‍ പ്രവര്‍ത്തിക്കുക, ജീവന്‍ രക്ഷിക്കുക, സ്ട്രോക്ക് പ്രതിരോധത്തെക്കുറിച്ച് അറിയുക, സ്ട്രോക്ക് അടിയന്തിര സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണം, സ്ട്രോക്കില്‍ നിന്ന് മുക്തി നേടിയവര്‍, വൈകല്യം ഉള്ളവര്‍ക്കും മികച്ച പരിചരണവും പിന്തുണയും ഉറപ്പുവരുത്തുക സ്ട്രോക്കിന്റെ ചികിത്സാരീതിയുടെ പ്രാധാന്യം പൊതുജനങ്ങളില്‍ വളര്‍ത്തുക, സ്ട്രോക്കിന്റെ ഉയര്‍ന്ന നിരക്കും ഗുരുതരമായ സ്വഭാവവും പൊതുജനങ്ങളില്‍ എത്തിക്കുക എന്നിവയാണ് ലക്ഷ്യം. തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസപ്പെടുകയും തലച്ചോറിലെ നാഡീകോശങ്ങള്‍ക്ക് ആവശ്യമായ ഓക്‌സിജനും പോഷകങ്ങളും ലഭിക്കുന്നത് തടസപ്പെടുകയും ചെയ്യുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് ചികില്‍സ ഉറപ്പാക്കുകയാണ് വേണ്ടത്. സ്ട്രോക്ക് വന്നതിനു ശേഷമുള്ള ഓരോ നിമിഷവും നിര്‍ണായകമായതിനാല്‍ രോഗം വന്നവരെ തീവ്രപരിചരണ വിഭാഗത്തിലാണ് കിടത്തി ചികിത്സിക്കുന്നത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.25, പൗണ്ട് - 126.86, യൂറോ - 106.15, സ്വിസ് ഫ്രാങ്ക് - 115.02, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.11, ബഹറിന്‍ ദിനാര്‍ - 252.92, കുവൈത്ത് ദിനാര്‍ -306.38, ഒമാനി റിയാല്‍ - 247.72, സൗദി റിയാല്‍ - 25.40, യു.എ.ഇ ദിര്‍ഹം - 25.89, ഖത്തര്‍ റിയാല്‍ - 26.17, കനേഡിയന്‍ ഡോളര്‍ - 68.06.
Tags:
KERALA