Trending

പ്രഭാത വാർത്തകൾ

2026 ഒക്ടോബര്‍ 20 | ചൊവ്വ 
1202 തുലാം 3 | തിരുവോണം
1448 ജ:അവ്വൽ 08

◾ ഇന്നു മഹാനവമി. എല്ലാവര്‍ക്കും മഹാനവമി ആശംസകള്‍.

◾ 137 കാന്‍സര്‍ മരുന്നുകളുടെ വില നവംബര്‍ ഒമ്പതു മുതല്‍ കുറയ്ക്കാന്‍ നടപടി. മരുന്നുകളുടെ വിതരണത്തിലും വില്‍പനയിലും ഈടാക്കുന്ന ലാഭവിഹിതം നിയന്ത്രിക്കുന്ന ട്രേഡ് മാര്‍ജിന്‍ റാഷനലൈസേഷന്‍ പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇതോടെ ചില്ലറ വില്‍പന വിലയില്‍ 70 ശതമാനം വരെ കുറവുണ്ടാകും. മരുന്നുകളുടെപരമാവധി വ്യാപാര ലാഭപരിധി 30 ശതമാനമായാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോരിറ്റിപരിമിതപ്പെടുത്തിയിട്ടുള്ളത്.

◾ എല്‍ഡിഎഫ് ഭരണകാലത്ത് ആയുര്‍വേദ ആശുപത്രികളിലേക്കു ഫര്‍ണിച്ചറുകള്‍ വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയതോടെ വിജിലന്‍സ് അന്വേഷണത്തിന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ഉത്തരവിട്ടു. കണ്ണൂര്‍ പിണറായിയിലെ ഗവ. ആയുര്‍വേദ ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് ലക്ഷക്കണക്കിന് രൂപയുടെ ഫര്‍ണിച്ചറുകള്‍ വാങ്ങിയ സംഭവത്തിലുള്‍പ്പെടെ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ. മുരളീധരന്‍.

◾ സ്പാകളില്‍ റെയ്ഡ് തുടര്‍ന്ന് പോലീസ്. സ്പാ കേന്ദ്രങ്ങള്‍ അനാശാസ്യ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്ന് എഡിജിപി പി വിജയന്‍. കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യത്തെ അപമാനിക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ല. കോവളം സ്പാ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല ഐജി ആര്‍ നിശാന്തിനിക്കാണെന്നും എഡിജിപി അറിയിച്ചു.


◾ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് മരുന്നുകളുടെയും ലാബ് പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ഡോക്ടര്‍മാര്‍ ജനറിക് പേരുകള്‍ കുറിപ്പടിയില്‍ എഴുതാനും നിര്‍ദേശമുണ്ട്. ക്ഷാമം നേരിട്ടാല്‍ ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് സാമഗ്രികള്‍ വാങ്ങാമെന്നും മന്ത്രി കെ മുരളീധരന്‍ അറിയിച്ചു.

◾ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പാര്‍ട്ടിവേദിയില്‍ അഭിപ്രായങ്ങള്‍ പറയാം. വിവാദ പ്രസ്താവനകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണം. പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും സണ്ണി ജോസഫ്.

◾ മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും മുഹമ്മദ് റിയാസും വീണ വിജയനും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അധ്യക്ഷനായ പ്രത്യേക ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക. ഹര്‍ജിയില്‍ വാദം നാളെ ആരംഭിക്കും.

◾ മാസപ്പടി കേസില്‍ പിണറായി വിജയന്‍ യഥാസമയം പ്രതികരിക്കാതിരുന്നത് അണികളില്‍ ആശയകുഴപ്പമുണ്ടാക്കിയെന്നും തെരഞ്ഞെടുപ്പു പരാജയത്തിനു കാരണമായെന്നും സി പി എം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മറ്റി യോഗത്തില്‍ വിമര്‍ശനം. സംഘടനാ വീഴ്ചകള്‍ക്ക് കീഴ്ഘടകങ്ങളെ കുറ്റപ്പെടുത്തുന്ന ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നിലപാടിനെയും പ്രതിനിധികള്‍ വിമര്‍ശിച്ചു. ജില്ലാ കമ്മിറ്റിയിലേക്ക് എം സി രാഘവന്‍, എം ശ്രീധരന്‍ എന്നിവരെ ഉള്‍പ്പെടുത്തി.

◾ മുനമ്പം ഭൂമി തര്‍ക്കത്തില്‍ കുടുങ്ങിയ മുനമ്പം നിവാസികളെ പുറത്താക്കുകയെന്ന നിലപാട് തനിക്കില്ലെന്നു വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം സി മായിന്‍ ഹാജി. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


◾ സിപിഎം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ സാമ്പത്തിക ക്രമക്കേടുകളും അനധികൃത സ്വത്ത് സമ്പാദനവും ആരോപിച്ച് വിജിലന്‍സില്‍ പരാതി. സിഎംപിയുടെ സംസ്ഥാന യുവ നേതാവ് വി മുസ്തഫയാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.

◾ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആശങ്കകള്‍ ചര്‍ച്ചയായി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെയും അദ്ദേഹം കണ്ടു. കൂടാതെ നിയുക്ത കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാത്തൂറുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തി.

◾ ട്രാഫിക് പിഴയില്‍ തിരിമറി നടത്തിയ എസ്‌ഐ അരുണ്‍ മോഹനെതിരെ വിജിലന്‍സ് കേസ്. ട്രാഫിക് പിഴയായി പിരിച്ച 2.96 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം.ബേക്കല്‍, മേല്‍പ്പറമ്പ്, വെള്ളരിക്കുണ്ട് സ്റ്റേഷനുകളില്‍ ജോലി ചെയ്ത കാലത്തെ ക്രമക്കേടിലാണ് കേസ്.

◾ ഇന്ത്യ - ഓസ്ട്രേലിയന്‍ സംയുക്ത സൈനിക പ്രകടനത്തിന് അടിമലത്തുറയില്‍ ഓസ്‌ട്രേലിയന്‍ സൈന്യമെത്തി. 116 സൈനികരാണ് എത്തിയത്. ഇന്ത്യന്‍ ആര്‍മിയുടെ ഗഡുവാള്‍ റൈഫിള്‍സിലെ ഇന്‍ഫന്ററി റെജിമെന്റും ഓസ്‌ട്രേലിയന്‍ കരസേനയിലെയും സൈനികരുമാണ് അടിമലത്തുറ, ആഴിമല അടക്കമുളള തീരത്തും തീരക്കടലിലും സൈനികാഭ്യാസം നടത്തുക. രണ്ടുദിവസം മോക്ക്ഡ്രില്ലും തുടര്‍ന്ന് 22 മുതല്‍ സൈനിക അഭ്യാസവും എന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുളളത്.

◾ എറണാകുളം മാര്‍ക്കറ്റിലെ ജൂത ആരാധനാലയമായ കടവുംഭാഗം സിനഗോഗിന് മുന്നില്‍ തീയിട്ട കേസിലെ പ്രതി എബിന് മുംബൈയിലെ അധോലോകമായ ലോറന്‍സ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ളതായി സംശയം. ലോറന്‍സ് ബിഷ്‌ണോയി ഗ്രൂപ്പിന്റെ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പ് അംഗമാണ് എബിന്‍. ഗ്രൂപ്പിലെ 'ബോസ്' എന്ന ഐഡിയില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് സിനഗോഗിന് മുന്നില്‍ തീയിട്ടതെന്ന് പോലീസിനു മൊഴി നല്‍കിയിരുന്നു.


◾ എസ്ഐആര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഗായകന്‍ ജോബ് കുര്യന്‍. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ജോബ് കുര്യന്‍ ഐക്യദാര്‍ഢ്യം അറിയിച്ചത്.

◾ അദാനി സ്പോണ്‍സേര്‍ഡ് സര്‍ക്കാരാണ് യുഡിഎഫ് സര്‍ക്കാരെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തില്‍ വിവരാവകാശ രേഖയും നിയമസഭയില്‍ നല്‍കിയ മറുപടിയും പരസ്പര വിരുദ്ധമാണ്. വൈരുധ്യം അദാനിയെ സംരക്ഷിക്കുന്നതാണെന്ന് എം വി ജയരാജന്‍ പറഞ്ഞു.

◾ കോണ്‍ഗ്രസിലെ ചേരിപ്പോരില്‍ മുഖ്യമന്ത്രി വി ഡി സതീശന് ശക്തമായ പിന്തുണയുമായി ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍ രംഗത്ത്. സ്ഥാനമോഹികളായ ചില നേതാക്കള്‍ മുഖ്യമന്ത്രിയെ പിന്നില്‍ നിന്ന് കുത്താന്‍ ശ്രമിക്കുകയാണെന്നും ഇവരെ പൊതുസമൂഹം ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

◾ ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ ജീര്‍ണിച്ച മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം കൊലപാതകം. 55 വയസുള്ള നിസാര്‍ ആണ് കൊല്ലപ്പെട്ടത്. പ്രതിയായ കൊട്ടിയം സ്വദേശി ശ്യാംജിത്തിനെ പൊലിസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ 30 ന് ശക്തികുളങ്ങര ഹാര്‍ബറിലെ ശുചിമുറി മാലിന്യം നീക്കം ചെയ്യുന്നതിനായി സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തുറന്നപ്പോഴാണ് തൊഴിലാളികള്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടത്.

◾ ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്റോഫിനു നേരെ വെടിവയ്പു നടത്തിയതിന്റെ ഉത്തരവാദിത്തം കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയുടെ ഗ്യാങ് ഏറ്റെടുത്തു. പിടിയിലായ പതിനേഴുകാരനടക്കമുള്ള മൂന്നു പ്രതികളെ പോലീസ് ചോദ്യംചെയ്തു. പൂനെ - ജയ്പൂര്‍ എക്സപ്രസ് ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ രാജസ്ഥാനിലെ കോട്ടയിലാണ് പിടികൂടിയത്.

◾ സിജെപി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവര്‍ക്കു കോടതി ജാമ്യം നിഷേധിച്ചു. 2 ദിവസം കൂടി സിജെപി നേതാക്കള്‍ കസ്റ്റഡിയില്‍ തുടരും. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.

◾ മഹാരാഷ്ട്രയിലെ താനെയില്‍ വന്യജീവി കടത്തുകാരില്‍നിന്ന് രക്ഷപ്പെടുത്തിയ ഒറാങ് ഉട്ടാനെ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു. മൂന്നു വയസുള്ള ആണ്‍ ഒറാങ് ഉട്ടാനെയാണ് അഹമ്മദാബാദില്‍നിന്നു പ്രത്യേക വിമാനത്തില്‍ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചത്.

◾ കപ്പലില്‍ അവശനിലയിലായ ജീവനക്കാരനെ കരയിലെത്തിച്ച് കോസ്റ്റ്ഗാര്‍ഡ്. ചൈനയില്‍ നിന്ന് സിങ്കപ്പൂരിലേക്ക് എല്‍.പി.ജി വാതകവുമായി പോയ ഇക്വറ്റോറിയല്‍ പതാകയേന്തിയ 'നെക്‌സോര്‍' എന്ന കപ്പലിലെ ജൂനിയര്‍ എന്‍ജിനീയറായ അന്‍സാരി മുഹമ്മദ് ബാരിസിനെയാണ് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കരയിലെത്തിച്ചത്.

◾ ദുഷ്യന്ത് കുമാര്‍ ഗൗതം സിക്കിം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. അങ്കിത ഭണ്ഡാരി കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയിലാണ് ദുഷ്യന്ത് കുമാര്‍ ഗൗതം സിക്കിമിന്റെ 19-ാം ഗവര്‍ണറായി അധികാരമേറ്റത്.

◾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് അവധി നല്‍കി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്കു യാത്ര തിരിച്ചു. നന്നായി ചെയ്യാനറിയുന്ന കാര്യത്തിലേക്ക് രാഹുല്‍ തിരിച്ചെത്തി എന്നാണ് ബി ജെ പി വക്താവ് പ്രദീപ് ഭണ്ഡാരി പരിഹസിച്ചത്.

◾ ബെംഗളൂരു റിങ് റോഡ് കൊലക്കേസില്‍ പ്രതികളുടെ ദയാഹര്‍ജി തള്ളാന്‍ കര്‍ണാടക മന്ത്രിസഭ ഗവര്‍ണറോടു ശുപാര്‍ശ ചെയ്തു. പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസില്‍ ശുഭ ശങ്കരനാരായണന്‍, കാമുകനായ അരുണ്‍ വര്‍മ എന്നിവരെ കോടതി ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു. 2010-ലെ വിചാരണകോടതിയുടെ ശിക്ഷാവിധി 2016-ല്‍ കര്‍ണാടക ഹൈക്കോടതിയും 2025-ല്‍ സുപ്രീംകോടതിയും ശരിവെച്ചു. എന്നാല്‍, ശുഭയ്ക്കും അരുണിനും ഗവര്‍ണര്‍ക്ക് ദയാഹര്‍ജി നല്‍കാന്‍ സുപ്രീംകോടതി അനുവദിച്ചിരുന്നു.

◾ തമിഴ് നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ അസഭ്യ വര്‍ഷവുമായി ഡി എം കെ വനിത നേതാവ്. വിജയ് യെ നായ് എന്ന് വിളിച്ചായിരുന്നു പ്രസംഗം. ഈ നിലയില്‍ പോകുകയാണെങ്കില്‍ വിജയ് വൈകാതെ മൂക്കില്‍ പഞ്ഞി വച്ച് ഇരിക്കുമെന്നും അവര്‍ പ്രസംഗിച്ചു.

◾ പുതിയ സൈനിക സഖ്യം രൂപീകരിക്കുമെന്നു ഖത്തര്‍. ജിസിസി രാജ്യങ്ങള്‍ക്കിടയിലെ സഹകരണം പ്രധാനമെന്ന് ഷെയ്ഖ് സൗദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ താനി പറഞ്ഞു. പുതിയ പ്രതിരോധ നിര്‍മ്മാണ പ്ലാന്റ് ഉടന്‍ പ്രഖ്യാപിക്കും. ദോഹയില്‍ നടന്ന ഗ്ലോബല്‍ സെക്യൂരിറ്റി ഫോറത്തില്‍ സംസാരിക്കവെ ഖത്തര്‍ പ്രതിരോധ മന്ത്രി ഷെയ്ഖ് സഊദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

◾ അമേരിക്കയിലെ എല്ലാ കുട്ടികള്‍ക്കും തന്റെ റോക്കറ്റ്- ഉപഗ്രഹ നിര്‍മ്മാണ കമ്പനിയായ സ്പേസ് എക്സിന്റെ ഒരു ഓഹരി സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനവുമായി സിഇഒ ഇലോണ്‍ മസ്‌ക്. അടുത്ത വര്‍ഷത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഈ തീരുമാനം ദശലക്ഷക്കണക്കിന് അമേരിക്കന്‍ കുട്ടികള്‍ക്ക് ഓഹരി വിപണിയില്‍ ഉടമസ്ഥാവകാശം നേടിക്കൊടുക്കും. വരാനിരിക്കുന്ന നിരവധി പദ്ധതികളുടെ തുടക്കമായിരിക്കും ഇതെന്നും മസ്‌ക് തന്റെ എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി.

◾ സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി വിമതര്‍ വീണ്ടും ശക്തമായ ആക്രമണം നടത്തി. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, യാംബുവിലെ അരാംകൊ എണ്ണ സംസ്‌കരണ കേന്ദ്രം, അബഹ അന്താരാഷ്ട്ര വിമാനത്താവളം, സൗദി നാവിക ദൗത്യ സേനയുടെ താവളങ്ങള്‍ എന്നിവയ്ക്ക് നേരെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്നാണ് ഹൂത്തികള്‍ അവകാശപ്പെട്ടത്.

◾ ബംഗ്ലാദേശിലെ മുന്‍ വ്യോമസേന മേധാവി ഖത്തറില്‍ അറസ്റ്റിലായി. ബംഗ്ലാദേശ് മുന്‍ എയര്‍ ചീഫ് മാര്‍ഷ്യല്‍ ഷെയ്ഖ് അബ്ദുള്‍ ഹനാന്‍ ആണ് ബംഗ്ലാദേശിലെ അഴിമതിക്കേസില്‍ പിടിയിലായത്. ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഷെയ്ഖ് അബ്ദുള്‍ ഹനാന്‍ ബംഗ്ലാദേശ് വ്യോമസേന മേധാവിയായിരുന്നത്.

◾ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി അംഗമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ രമേഷ് പവാറിനെ ബിസിസിഐ നിയമിച്ചു. അശോക് മല്‍ഹോത്ര, ജതിന്‍ പരാഞ്ജ്പെ എന്നിവരടങ്ങിയ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയാണ് രമേഷ് പവാറിനെ ശുപാര്‍ശ ചെയ്തത്. ഇന്ത്യക്കായി 2 ടെസ്റ്റുകളിലും 31 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള പവാര്‍, പരിശീലകനെന്ന നിലയിലും മികച്ച പരിചയസമ്പത്തുള്ള വ്യക്തിയാണ്.

◾ ഏഷ്യന്‍ പാരാ ഗെയിംസിന്റെ ആദ്യദിനം ഇന്ത്യക്ക് നാലു സ്വര്‍ണം. മെഡല്‍ പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ചൈനയാണ് ഒന്നാം സ്ഥാനത്ത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ മോന അഗര്‍വാള്‍ സ്വര്‍ണവും അവനി ലേഖാര വെള്ളിയും സ്വന്തമാക്കി. പുരുഷന്മാരുടെ ലോങ് ജംപില്‍ നിഷാദ് കുമാര്‍ സ്വര്‍ണം നേടി. വനിതകളുടെ 1500 മീറ്റര്‍ വിഭാഗത്തില്‍ സൗമ്യ സ്വര്‍ണവും രാധ വെങ്കടേഷ് വെള്ളിയും നേടി. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ റിങ്കു സ്വര്‍ണവും അജീത് സിങ് വെള്ളിയും സ്വന്തമാക്കി.

◾ വനിതാ പ്രീമിയര്‍ ലീഗ് സീസണിന് മുന്നോടിയായുള്ള താരലേലം ഈ മാസം 28-ന് കൊച്ചിയില്‍ നടക്കും. വൈകുന്നേരം അഞ്ചരക്ക് ആരംഭിക്കുന്ന ലേലത്തില്‍ ആകെയുള്ള അഞ്ച് ഫ്രാഞ്ചൈസികളിലായി ഒഴിവുള്ള 27 സ്ഥാനങ്ങളിലേക്ക് 146 താരങ്ങളാണ് പങ്കെടുക്കുന്നത്. ഇതില്‍ 119 ഇന്ത്യന്‍ താരങ്ങളും 6 അസോസിയേറ്റ് രാജ്യങ്ങളിലെ താരങ്ങള്‍ ഉള്‍പ്പെടെ 27 വിദേശ താരങ്ങളും ഉള്‍പ്പെടുന്നു. ടീമുകളില്‍ ഒഴിവുള്ള 27 സ്ഥാനങ്ങളില്‍ 20 എണ്ണം ഇന്ത്യന്‍ താരങ്ങള്‍ക്കും 7 എണ്ണം വിദേശ താരങ്ങള്‍ക്കുമായി സംവരണം ചെയ്തിട്ടുള്ളതാണ്.

◾ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിയെ സമനിലയില്‍ തളച്ച് പഞ്ചാബ്. ഇരുടീമുകളും ഓരോഗോള്‍ വീതമടിച്ചു. മത്സരത്തിന്റെ അവസാനം വരെ മുന്നിലായിരുന്ന മുംബൈയെ 90-ാം മിനിറ്റില്‍ ഗോളടിച്ചാണു പഞ്ചാബ് സമനിലയില്‍ കുടുക്കിയത്.

◾ 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി കെ നയിഡു ട്രോഫിയില്‍ സൗരാഷ്ട്രക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ഇന്നിങ്സില്‍ കേരളം 70 റണ്‍സിന് ഓള്‍ ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ചന്ദ്രരാജ് റാത്തോഡിന്റെ ബൗളിംഗാണ് കേരള ബാറ്റിംഗ് നിരയെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ആറ് വിക്കറ്റിന് 269 റണ്‍സെന്ന നിലയിലാണ്. നാലു വിക്കറ്റ് കൈയിലിരിക്കെ സൗരാഷ്ട്രക്ക് 199 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.

◾ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അപൂര്‍വ നേട്ടവുമായി മിസോറാം താരം ചിന്മയ് സുതാര്‍. ദിമാപ്പൂരില്‍ നാഗാലാന്‍ഡിനെതിരെ നടന്ന പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തില്‍ പുറത്താകാതെ 400 റണ്‍സ് അടിച്ചുകൂട്ടിയാണ് സുതാര്‍ റെക്കോര്‍ഡിട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മിസോറാം, സുതാറിന്റെ മാരത്തണ്‍ ഇന്നിംഗ്സിന്റെ കരുത്തില്‍ 9 വിക്കറ്റിന് 581 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 46 ഫോറുകളും 7 സിക്സറുകളും അടങ്ങുന്നതായിരുന്നു സുതാറിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്.

◾ ഫ്രാന്‍സില്‍ ശക്തമായ പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും തുടരുന്നതിനിടയിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പിഎസ്ജി-ബാഴ്‌സലോണ മത്സരം മുന്‍ നിശ്ചയപ്രകാരം നാളെ നടക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു.

◾ ദീപാവലിയോടനുബന്ധിച്ച് ഓഹരി വിപണിയില്‍ നടക്കുന്ന പരമ്പരാഗത 'മുഹൂര്‍ത്ത വ്യാപാര'ത്തിന്റെ സമയക്രമം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും പ്രഖ്യാപിച്ചു. 2026 നവംബര്‍ 8 ഞായറാഴ്ച വൈകുന്നേരമാണ് (6.15 മുതല്‍ 7.15 വരെ) പ്രത്യേക ഒരു മണിക്കൂര്‍ വ്യാപാര സെഷന്‍ നടക്കുക. പുതിയ വിക്രം സംവത് സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭം കുറിക്കുന്നതാണ് ഈ വിശേഷ വ്യാപാരം. ദീപാവലി ദിനത്തില്‍ സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ക്ക് പൊതു അവധിയാണെങ്കിലും നിക്ഷേപകര്‍ക്ക് ഐശ്വര്യപൂര്‍ണ്ണമായ തുടക്കം കുറിക്കാനായി വൈകുന്നേരം പ്രത്യേകമായി മാര്‍ക്കറ്റ് തുറന്നുകൊടുക്കുന്നതാണ് വര്‍ഷങ്ങളായുള്ള രീതി. ഈ ശുഭമുഹൂര്‍ത്തത്തില്‍ ഓഹരികള്‍ വാങ്ങുന്നത് വരുംവര്‍ഷത്തില്‍ സമൃദ്ധിയും സാമ്പത്തിക അഭിവൃദ്ധിയും കൊണ്ടുവരുമെന്നാണ് നിക്ഷേപകരുടെ വിശ്വാസം.

◾ പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 202 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. 32 ദിവസത്തെ സേവന കാലാവധിയുള്ള ഈ പ്ലാനില്‍ അഞ്ചു ജിബി ഹൈ സ്പീഡ് ഡാറ്റയും 300 മിനിറ്റ്‌സ് വോയ്‌സ് കോളുകളുമാണ് ഓഫര്‍ ആയി വരുന്നത്. കുറഞ്ഞ ഉപയോഗം മാത്രം ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ചെലവ് കുറഞ്ഞ ഈ പ്രീപെയ്ഡ് പ്ലാന്‍. ഈ പുതിയ റീച്ചാര്‍ജില്‍ 100 എസ്എംഎസ് ആനുകൂല്യവും ഇന്‍ഷുറന്‍സ് സൗകര്യങ്ങളും വോയ്‌സ് വൗച്ചറും ഉള്‍പ്പെടുന്നുണ്ട്. ഈ പ്ലാന്‍ ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക വെബ് സൈറ്റിലും ബിഎസ്എന്‍എല്‍ സെല്‍ കെയര്‍ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്. അനുവദിച്ചിട്ടുള്ള ഡാറ്റ തീര്‍ന്നുകഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗം 40 കെബിപിഎസ്ആയി കുറയും.

◾ അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്‌ലര്‍ പാര്‍ട്ടി ഡുഎക്സ്'ലെ ശ്രീനാഥ് ഭാസിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ഭാസി അവതരിപ്പിക്കുന്ന സേവി എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ആരേയും കൂസാതെ നില്‍ക്കുന്ന ഭാസിയെ ആണ് പോസ്റ്ററില്‍ കാണാനാവുന്നത്. നവംബര്‍ 19നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ജെന്‍ - സി വൈബിലാണ്, 2012-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷന്‍ ചിത്രം 'ബാച്ച്‌ലര്‍ പാര്‍ട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത്. നസ്ലന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയന്‍, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

◾ തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ നിവിന്‍ പോളി ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ന്റെ മേക്കിംഗ് വീഡിയോയും വൈറല്‍. ഇതിനകം 9 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ചിത്രം നിലവില്‍ ഒടിടിയില്‍ സ്ട്രീമിംഗ് തുടരുകയാണ്. പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 330.13 കോടി രൂപയാണ് ഇതുവരെ ബെത്‌ലഹേം കുടുംബ യൂണിറ്റ് നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് 41 ദിവസം വരെയുള്ള കണക്കാണിത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരുന്നു.

◾ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല വികസിപ്പിച്ചെടുത്ത 'പറക്കും കാര്‍' റോഡ്സ്റ്റര്‍ രണ്ടിനായി ഇന്ത്യയില്‍ ബുക്കിങ് ആരംഭിച്ചു. 50.06 ലക്ഷം രൂപയാണ് ടോക്കണ്‍ തുക. ആദ്യ പേയ്‌മെന്റ് ആയി നല്‍കേണ്ടത് 5.01 ലക്ഷം രൂപയാണ്. രണ്ടാമത്തെ പേയ്‌മെന്റ് ആയ 45.05 ലക്ഷം രൂപ പത്തുദിവസത്തിനകം അടച്ചുകഴിഞ്ഞാല്‍ മാത്രമേ റിസര്‍വേഷന് സ്ഥിരീകരണമാകൂ. ത്രസ്റ്റ്, റോക്കറ്റ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇത് ഇറങ്ങുക. ത്രസ്റ്റ് വേരിയന്റ് രണ്ട് സീറ്റ് കോണ്‍ഫിഗറേഷനിലാണ്. പറക്കാനല്ലെങ്കിലും കോള്‍ഡ് ഗ്യാസ് ത്രസ്റ്ററുകള്‍ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. ത്രസ്റ്റിന് ഒരു സെക്കന്‍ഡില്‍ താഴെ സമയം കൊണ്ട് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം. റോക്കറ്റ് വേരിയന്റ് ഒരു സിംഗിള്‍ സീറ്റര്‍ ആണ്. ഇതിന് പറക്കാനുള്ള കഴിവുണ്ട്. പ്രത്യേക ക്ഷണം ലഭിക്കുന്നവര്‍ക്ക് മാത്രമേ ഇത് ലഭിക്കൂ. ഉയര്‍ന്ന ഡൗണ്‍ഫോഴ്‌സ്, സ്റ്റിയര്‍- ബൈ- വയര്‍ സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളുമായി ഇത് വിപണിയില്‍ എത്താനാണ് സാധ്യത.

◾ കൊച്ചിരാജ്യത്തിലെ പട്ടികജാതിക്കാരില്‍ ആദ്യ ബിരുദധാരിയായ ദാക്ഷായണി വേലായുധന്‍ ഭരണഘടനാനിര്‍മ്മാണസഭയിലും കൊച്ചിനിയമസഭയിലും കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി ലെജിസ്ലേറ്റീവിലും പ്രൊവിഷണല്‍ പാര്‍ലമെന്റിലും നടത്തിയ ഇടപെടലുകള്‍, അവര്‍ നല്‍കിയ അമൂല്യസംഭാവനകള്‍ എന്നിവ കണ്ടെത്തുന്ന പുസ്തകം. ഭരണഘടനാനിര്‍മ്മാണസഭയിലെ ഏക ദളിത് വനിതയുടെ സമഗ്രജീവചരിത്രഗ്രന്ഥം. 'ദാക്ഷായണി വേലായുധന്‍: കാലശാസനകള്‍ക്കു കീഴടങ്ങാത്തവള്‍'. ചെറായി രാമദാസ്. മാതൃഭൂമി. വില 280 രൂപ.

◾ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ ദീര്‍ഘനേരമുള്ള ഇയര്‍ഫോണ്‍ ഉപയോഗം നിങ്ങളുടെ കേള്‍വിശക്തിയെ പോലും ബാധിക്കാം. സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഇയര്‍ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ഉച്ചത്തിലുള്ള ശബ്ദം ഇയര്‍കനാലിന് മര്‍ദമുണ്ടാക്കുകയും ഇത് തലകറക്കത്തിന് കാരണമാവുകയും ചെയ്യാം. ഇയര്‍ഫോണുകള്‍ ദീര്‍ഘനേരം ഉപയോഗിക്കുമ്പോള്‍ ശബ്ദതരംഗങ്ങള്‍ കാരണം ചെവിക്കുള്ളിലെ രോമകോശങ്ങള്‍ക്ക് അവയുടെ സംവേദനക്ഷത നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. ഇത് താല്‍ക്കാലികമോ സ്ഥിരമോ ആയ കേള്‍വിക്കുറവിന് കാരണമാകാം. ഇയര്‍ഫോണുകള്‍ നേരിട്ട് ഇയര്‍കനാലിലേക്ക് ഘടിപ്പിക്കുന്നതിനാല്‍ വായുസഞ്ചാരം തടസ്സപ്പെടുന്നു. ഇത് ചെവിയില്‍ അണുബാധയ്ക്ക് കാരണമാകാം. ഇയര്‍ഫോണുകളുടെ ഉപയോഗം ചെവിക്കായം വികസിക്കുന്നതിലേക്ക് നയിക്കും. ഇത് ചെവിയില്‍ അണുബാധ, കേള്‍വി പ്രശ്നങ്ങള്‍, ടിന്നിടസ് പോലുള്ളവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മാത്രമല്ല, ചെവിക്ക് യോജിക്കാത്ത ഇയര്‍ഫോണുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് കഠിനമായ ചെവി വേദന ഉണ്ടാക്കുന്നു. ഉച്ചത്തിലുള്ള ശബ്ദം മാത്രമല്ല, ദീര്‍ഘനേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതും നോയിസ് ഇന്‍ഡ്യൂസ്ഡ് ഹിയറിങ് ലോസിന് കാരണമാകാം. ചെവിയില്‍ ഒരു മൂളല്‍ ശബ്ദം കേള്‍ക്കുന്നതാണ് ടിന്നിടസ്. ടിന്നിടസ് ഉള്ളവര്‍ക്ക് സാധാരണ പാരിസ്ഥിതിക ശബ്ദങ്ങളോട് പോലും ഉയര്‍ന്ന സംവേദനക്ഷമത ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒരു ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ഫോണുകള്‍ ഉപയോഗിക്കാന്‍ പാടില്ല. കൂടാതെ ഉച്ചത്തില്‍ ഇയര്‍ഫോണ്‍ കേള്‍ക്കുന്ന ശീലവും ഒഴിവാക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു മാസം കൊണ്ട് മികച്ച യോദ്ധാവാകണമെന്ന ആഗ്രഹവുമായി ഒരു യുവാവ് പ്രശസ്തനായ ആയോധനഗുരുവിനെ സമീപിച്ചു. ''ഒരു നല്ല യോദ്ധാവാകാന്‍ ഒരു മാസം മതിയാകില്ല. അതിന് നിരന്തരമായ പരിശീലനവും ക്ഷമയും വേണം,'' ഗുരു പറഞ്ഞു. എന്നാല്‍ യുവാവ് തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഗുരു അടുത്തിരുന്ന ഒരു വിളക്ക് ചൂണ്ടിക്കാട്ടി പറഞ്ഞു: ''എങ്കില്‍ ആദ്യം ഈ വിളക്കില്‍ എണ്ണയൊഴിക്കൂ. കത്തുന്ന തിരിയിലേക്ക് തന്നെ ഒഴിക്കണം.'' യുവാവ് എണ്ണയൊഴിച്ചതും തിരി അണഞ്ഞുപോയി! ഗുരു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ''വിളക്ക് കത്തണമെങ്കില്‍ എണ്ണ വേണം. എന്നാല്‍ എണ്ണ പതുക്കെ തിരിയിലേക്ക് എത്തണം. ഒരുമിച്ച് ഒഴിച്ചാല്‍ വെളിച്ചം കെടും. പഠനവും ജീവിതവും അങ്ങനെയാണ്. ഓരോ കാര്യത്തിനും അതിന്റേതായ സമയമുണ്ട്.'' വേഗത്തില്‍ നേടണമെന്ന ആഗ്രഹം നല്ലതാണ്. പക്ഷേ, അതിനുവേണ്ടി വളരാനുള്ള സമയം നിഷേധിക്കരുത്. ഒരു ദിവസംകൊണ്ട് വിജയിയാകാനാവില്ല. ഒരു പരാജയംകൊണ്ട് കഴിവില്ലാത്തവനുമാകില്ല. ഓരോ ചെറിയ ശ്രമവും നമ്മളെ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നുണ്ട്. പാതിവഴിയില്‍ ഉപേക്ഷിച്ച സ്വപ്നങ്ങളുണ്ടെങ്കില്‍ അവിടെനിന്ന് വീണ്ടും തുടങ്ങാം. വൈകിപ്പോയെന്ന് കരുതി വിഷമിക്കേണ്ട. ആവശ്യമായ സമയം നല്‍കി, ക്ഷമയോടെ മുന്നോട്ടുപോകുക. ഓര്‍ക്കുക, വേഗത്തില്‍ കത്തുന്ന തീ പെട്ടെന്ന് അണഞ്ഞേക്കാം. എന്നാല്‍ ക്ഷമയോടെ വളര്‍ത്തിയെടുക്കുന്ന വെളിച്ചത്തിന് ദീര്‍ഘനേരം പ്രകാശിക്കാനാകും. നിങ്ങളുടെ വേഗതയല്ല പ്രധാനം, നിങ്ങള്‍ മുന്നോട്ടുപോകുന്നുണ്ടോ എന്നതാണ് - ശുഭദിനം.
Previous Post Next Post
3/TECH/col-right