Trending

പ്രഭാത വാർത്തകൾ

2026 ഒക്ടോബര്‍ 18 | ഞായര്‍, 
1202 തുലാം 1 | പൂരാടം
1448 ജ: അവ്വൽ 06

◾ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ടു ശതമാനം ഡി.എ അനുവദിച്ചു. നവംബര്‍ ഒന്നിന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെന്‍ഷനോടുമൊപ്പം രണ്ടു ശതമാനം ഡി.എ കൂടി നല്‍കും. ഇതിനായി പ്രതിമാസം 96 കോടി രൂപ അധികമായി സര്‍ക്കാര്‍ ചെലവാക്കും. ഇതോടെ ഡി എ 37 ശതമാനമാകും.

◾ ശബരിമലയില്‍ അടുത്ത തീര്‍ത്ഥാടന സീസണ്‍ മുതല്‍ തിരുപ്പതി മോഡല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. പമ്പയിലെ അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി. അരവണ ക്ഷാമം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉറപ്പുതന്നെന്നും സതീശന്‍ അറിയിച്ചു.

◾ കൊല്‍ക്കത്തയില്‍ ദുര്‍ഗ്ഗാപൂജ പന്തലിലെ തിക്കുംതിരക്കുംമൂലം 19 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. കനത്ത ഇടിമിന്നലും മഴയും മൂലം പൂജാപന്തലിലേക്ക് ആള്‍ക്കൂട്ടം ഇരച്ചുകയറിയതാണ് അപകടത്തിനു കാരണം. വടക്കന്‍ കൊല്‍ക്കത്തയിലെ ചോര്‍ ഭാഗാനിലാണ് അപകടമുണ്ടായത്. ദുരന്തനിവാരണ സേന എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.


◾ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് വളപ്പില്‍ തീപിടുത്തം. ഹൗസിന് പിന്നിലെ ജീവനക്കാര്‍ക്കുള്ള പാചകപ്പുരയായ ഷെഡ്ഡിന്റെ മേല്‍ക്കൂരയ്ക്കാണ് തീപിടിച്ചത്. നിലവില്‍ ഇവിടെ ആള്‍താമസമില്ല. ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു.

◾ സംസ്ഥാന വഖഫ് ബോര്‍ഡ് പുഃനസംഘടിപ്പിച്ച സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ട് മുന്‍ ചെയര്‍മാന്‍ കെ.എസ്. ഹംസ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

◾ തിരുവനന്തപുരം മാനവീയം വീഥിയില്‍ നടന്‍ പ്രകാശ് രാജ് പങ്കെടുത്ത പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരേ കേസെടുത്ത് മ്യൂസിയം പൊലീസ്. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. ഫുട്പാത്ത് കയ്യേറി, സഞ്ചാര സ്വതന്ത്ര്യം തടസ്സപ്പെടുത്തി, അനുമതി ഇല്ലാതെ സമരം നടത്തി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. പരിപാടിക്കിടെ പൊലീസ് മൈക്ക് സെറ്റും ബോക്സും പിടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു.

◾ മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെത്തി സമന്‍സ് ചുമരില്‍ പതിപ്പിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി മാതൃകാപരമായി ജീവിക്കുന്നവരെ കുറ്റവാളിയാക്കാനുള്ള ശ്രമമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിടികിട്ടാപ്പുള്ളിയെ പോലെയാണ് ഇ ഡി പിണറായിയോട് പെരുമാറുന്നതെന്നും ഇഡി ബി ജെ പിയുടെ താളത്തിനു തുള്ളുകയാണെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.

◾ മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന പോലെയാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി.


◾ കാസര്‍കോട്ടെ സിപിഎം നേതാവ് എം രാഘവന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് സൂചന. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കാസര്‍കോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിറകേയാണ് രാജിക്കത്ത് കൈമാറിയത്.

◾ പ്രതികാരം ആഗ്രഹിക്കുന്നയാള്‍ അല്ലെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പഴയ പ്രതികരണം പങ്കുവച്ച് മകള്‍ മറിയ ഉമ്മന്‍. ഫേസ്ബുക്കിലുടെയാണ് ഉമ്മന്‍ ചാണ്ടിയുടെ പഴയ പ്രതികരണ വീഡിയോ ഷെയര്‍ ചെയ്തത്. മാസപ്പടിയില്‍ ഹൈക്കോടതിയിലെ സര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസില്‍ ഭിന്നസ്വരം ഉയര്‍ന്നിരിക്കേയാണ് മറിയയുടെ പ്രതികരണം.

◾ എ.ഐ സാങ്കേതിക വിദ്യയിലൂടെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളയച്ച ഐ.ടി പ്രൊഫഷണല്‍ അറസ്റ്റില്‍. അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ചെന്നൈ സ്വദേശി ശരത് സുബ്രഹ്‌മണ്യമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്.

◾ കനത്ത മഴമൂലം വയനാട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.

◾ നെടുമ്പാശേരി മിനികൂപ്പര്‍ അപകടത്തില്‍ പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. രക്തപരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. സ്‌കൂട്ടറില്‍ മൂന്നുപേര്‍ യാത്ര ചെയ്തതാണ് അപകടകാരണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.

◾ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും തരംതാഴ്ത്തിയ പി.ആര്‍ വസന്തനെ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. വി.എസ് പക്ഷക്കാരനായിരുന്ന പി.ആര്‍ വസന്തന്‍ ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു.

◾ എറണാകുളം ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും സംയുക്തമായി നടത്തിയ 'ഓപ്പറേഷന്‍ തൂഫാന്‍ 2.0' പ്രത്യേക വാഹന പരിശോധനയില്‍ 159 നിയമലംഘനങ്ങള്‍ കണ്ടെത്തി. വിവിധ നിയമലംഘനങ്ങള്‍ക്ക് ആകെ 8,06,500 രൂപ പിഴ ചുമത്തി.

◾ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം പൈപ്പുലൈന്‍ കിണറിലേക്കു തുറന്നിട്ടയാള്‍ക്ക് 2.48 ലക്ഷം രൂപ പിഴ. കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തു. തിരുവനന്തപുരം ആറാമട പള്ളിക്കു സമീപം തങ്കരാജിന്റെ കുടിവെള്ള കണക്ഷന്റെ മീറ്റര്‍ പോയിന്റിനു മുന്‍പായി അനധികൃത പൈപ്പ് ലൈന്‍ ബന്ധിപ്പിച്ചാണ് കിണറിലേക്ക് ജലം തുറന്നുവിട്ടത്. കണക്ഷനുള്ള കെട്ടിടത്തില്‍ കടമുറികളും ജെ.ജെ. ലോഡ്ജ് എന്ന സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്.

◾ തിരുവനന്തപുരം കോരാണിയില്‍ കേരള കോണ്‍ഗ്രസ് സ്‌കറിയാവിഭാഗം നേതാവ് കോരാണി സനല്‍(65)മരിച്ച സംഭവത്തില്‍ മകന്‍ ബാലഗോപാലിനെ (35) ആറ്റിങ്ങല്‍ പോലീസ് അറസ്റ്റുചെയ്തു. ഒരാഴ്ച മുമ്പാണ് കട്ടിലില്‍നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് സനലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ ദിവസം സനല്‍ മരിച്ചു. മര്‍ദനമേറ്റാണു മരിച്ചതെന്നാണ് പോലീസ് പറയുന്നത്.

◾ ഗുരുതര ജനിതക രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്കുള്ള ജീവന്‍രക്ഷാ മരുന്ന് മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രോഗബാധിതരായ കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്ത്. മരുന്ന് മാറ്റാനുള്ള തീരുമാനത്തിനെതിരെ പരാതിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയും രക്ഷിതാക്കള്‍ സന്ദര്‍ശിച്ചു.

◾ മാതാ അമൃതാനന്ദമയി മഠത്തിലെ 'രാമന്‍' എന്ന ആനയെ തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ തൃശ്ശൂര്‍ അമ്പല്ലൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കി. കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറും തുടര്‍ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. മഠത്തിലെ അന്തേവാസിയായ ആലപ്പുഴ സ്വദേശി ജയകൃഷ്ണ മേനോന്‍ നല്‍കിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. 1999 ല്‍ തൃശൂരിലെ കെ വി സദാനന്ദനാണ് ആനയെ മഠത്തിനു സമ്മാനിച്ചത്. എന്നാല്‍, ആനയ്ക്ക് പതിവായി മദപ്പാടു കണ്ടതോടെ മഠം അധികൃതര്‍ ആനയെ സദാനന്ദനു തിരികെ നല്‍കി. പിന്നീട് ആനയുടെ പരിപാലനം സദാനന്ദന്‍ കൃഷ്ണന്‍കുട്ടിയെ ഏല്‍പ്പിക്കുകയായിരുന്നു.

◾ 'തിരംഗ യാത്ര'യില്‍ പങ്കെടുക്കാനിറങ്ങിയ ഉടനേ പോലീസ് കസ്റ്റഡിയിലെടുത്ത സി ജെ പി സ്ഥാപകന്‍ അഭിജീത് ദീപ്കെയ്ക്ക് ജാമ്യം. ഒരു വര്‍ഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവര്‍ത്തിയിലും ഇടപെടില്ലെന്ന പീസ് ബോണ്ടില്‍ ഒപ്പിട്ടു നല്‍കിയാണ് ജാമ്യം നല്‍കിയത്.

◾ എസ്. ഐ. ആറിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെ കോക്ക്റോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഡി എം കെയുടെ പൂര്‍ണ്ണ പിന്തുണ. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് അകലം പാലിക്കാനും തീരുമാനിച്ചു. പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡി. എം. കെ എം. പിമാരുടെ യോഗത്തിലാണ് സി ജെ പിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്.

◾ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നവംബര്‍ ഒന്നിനു രാംലീല മൈതാനത്തു റാലി നടത്തും. ജന്തര്‍മന്തറില്‍ സമരപരിപാടികള്‍ നിരോധിച്ച സാഹചര്യത്തിലാണു രാംലീല മൈതാനിയിലേക്കു റാലി മാറ്റിയത്.

◾ അങ്കിത ഭണ്ഡാരി കേസ് ഉന്നയിച്ച് ഡല്‍ഹിയില്‍ എന്‍ എസ് യു പ്രതിഷേധം. ജന്തര്‍മന്തറിലേക്ക് നടത്തിയ മെഴുകുതിരി മാര്‍ച്ച് പ്രവേശന കവാടത്തില്‍ പൊലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി.

◾ ഗ്യാനേഷ് കുമാര്‍ രാജി വച്ച് മാപ്പ് സാക്ഷിയാകണമെന്ന് വോട്ട് ചോരിയുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകള്‍ വിശദീകരിച്ച് പുറത്തിറക്കിയ പോഡ്കാസ്റ്റില്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഇന്ത്യയെ അതൃപ്തി അറിയിക്കാന്‍ ആറ് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയക്ക് കത്തെഴുതി.

◾ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സിഇഒയും സണ്‍ ടിവി നെറ്റ്വര്‍ക്ക് എക്സിക്യൂട്ടീവ് ഡയറക്ടറുമായ കാവ്യ മാരനും പ്രശസ്ത സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നു. സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്‍ കാവ്യ മാരന്റെ വിവാഹം ക്ഷണിക്കാനെത്തിയ വിവരം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ആദ്യം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

◾ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അധിക താരിഫ് ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍നിന്ന് അമേരിക്ക പിന്മാറി. റഷ്യയുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിനുള്ള ഇളവ് പ്രഖ്യാപിച്ചു. വിലക്കയറ്റ ഭീഷണിക്കിടെ ഇന്ത്യയ്ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം.

◾ ശ്വാസകോശ അര്‍ബുദ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പോപ്പ് ലിയോ പതിനാലാമനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജു ചെയ്തു. പോപ്പ് ലിയോ ഇന്നു പൊതുവേദിയില്‍ ഏഞ്ചലസ് പ്രാര്‍ഥന നടത്തുമെന്ന് വത്തിക്കാന്‍ അറിയിച്ചു.

◾ സൂപ്പര്‍ ലീഗ് കേരളയില്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ മല്‍സരത്തില്‍ മലപ്പുറം എഫ്സി നാലു ഗോളിന് തൃശൂര്‍ മാജിക് എഫ് സിയെ പരാജയപ്പെടുത്തി. പത്തുപേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യത്തോടെ മലപ്പുറത്തിന്റെ ഗോളാഘോഷം. റാഷിദ് സി കെയുടെ ഇരട്ടഗോളും മുഹമ്മദ് മഹ്ദി, അമദു സുക്കൂന എന്നിവരുടെ സ്‌കോറിംഗുമാണ് മലപ്പുറത്തെ വിജയിപ്പിച്ചത്. മലപ്പുറം നാലു കളികളില്‍ അഞ്ച് പോയന്റുമായി നാലാം സ്ഥാനത്തേക്ക് കയറി.

◾ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് നിര്‍ണായക അഞ്ചാം ടി20 മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. നേരത്തെ, മഴയെ തുടര്‍ന്ന് മത്സരം ഒമ്പത് ഓവറാക്കി ചുരുക്കിയിരുന്നു. എന്നാല്‍ 7.4 ഓവറായപ്പോള്‍ വീണ്ടും മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ അഞ്ചിന് 118 നിലയിലാകുമ്പോഴാണ് മഴ മത്സരം തടസപ്പെടുന്നത്.

◾ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെതിരായ മത്സരത്തില്‍ ചെല്‍സിയുടെ ഗോള്‍ കീപ്പരായ അര്‍ജന്റീന താരം എമിലിയാനോ മാര്‍ട്ടിനെസിന് പരിക്ക്. രണ്ടാം പകുതിയിലെ 60-ാം മിനിറ്റില്‍ എവര്‍ട്ടന്റെ ജാരെഡ് ബ്രെയ്ത്വെയ്റ്റുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് മാര്‍ട്ടിനസിന്റെ തലയ്ക്ക് പരിക്കേറ്റത്. മത്സരത്തില്‍ ചെല്‍സി എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിരുന്നു.

◾ നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലും ആദ്യ പകുതിയിലും മികച്ച സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തി കൊച്ചി ആസ്ഥാനമായുള്ള പ്രമുഖ ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ്. സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ മൊത്തം പ്രവര്‍ത്തന വരുമാനത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ആദ്യ പകുതിയില്‍ ഇത് 46 ശതമാനമായും ഉയര്‍ന്നു. പുതിയ വാഹനങ്ങളുടെ വില്‍പന രണ്ടാം പാദത്തില്‍ 51 ശതമാനവും ആദ്യ പകുതിയില്‍ 67 ശതമാനവും വര്‍ധിച്ചു. ലക്ഷ്വറി ഇതര പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ 46 ശതമാനവും ലക്ഷ്വറി പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ 53 ശതമാനവും വരുമാന വളര്‍ച്ച രണ്ടാം പാദത്തില്‍ കൈവരിച്ചു. വാണിജ്യ വാഹന വിഭാഗത്തില്‍ 28 ശതമാനവും ഇലക്ട്രിക് വാഹന-സ്‌പെയര്‍ പാര്‍ട്‌സ് വിതരണ വിഭാഗത്തില്‍ 43 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

◾ പ്ലേ സ്റ്റോറില്‍ വ്യാജ വാട്‌സ്ആപ്പ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പിന് അഞ്ച് ലക്ഷം ഡൗണ്‍ലോഡുകള്‍ നടന്നതായുമാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക മെസേജിങ് ആപ്പിന് മുകളിലായി, പണം നല്‍കി പ്രൊമോട്ട് ചെയ്യുന്ന 'സ്‌പോണ്‍സേര്‍ഡ്' വിഭാഗത്തിലാണ് ആപ്പ് പ്രത്യക്ഷപ്പെട്ടത്. റെഡ്ഡിറ്റ് ഉപയോക്താവാണ് ഈ ആപ്പ് കണ്ടെത്തിയത്. ആന്‍ഡ്രോയിഡ് അതോറിറ്റി, ദി വെര്‍ജ് എന്നിവ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിഷയത്തില്‍ ഗൂഗിള്‍ പ്രതികരിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 'വാട്സ്ആപ്പ് മെസഞ്ചര്‍' എന്ന പേരിലാണ് ഈ ആപ്പ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 'അഴാലി േഅെൈലേ മെഹഹൗ' എന്ന പേരുള്ള ഒരു ഡെവലപ്പര്‍ ആണ് ആപ്പ് റിലീസ് ചെയ്തിരിക്കുന്നത്. ഈ ഡെവലപ്പര്‍ക്ക് പ്ലാറ്റ്ഫോമില്‍ മറ്റ് ആപ്പുകളൊന്നും ഇല്ല. യഥാര്‍ത്ഥ ആപ്പിന്റെ ഐക്കണ്‍, സ്‌ക്രീന്‍ഷോട്ടുകള്‍, വിവരണം എന്നിവയോട് സാമ്യമുള്ള ഘടകങ്ങളാണ് വ്യാജ ആപ്പിലും ഉപയോഗിച്ചിരിക്കുന്നത്.

◾ നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'യുടെ പുതിയ ട്രെയ്‌ലര്‍ പുറത്ത്. സാങ്കേതിക തികവാര്‍ന്ന ദൃശ്യവിസ്മയമായിരിക്കും ചിത്രമെന്ന് 2 മിനിറ്റ് 23 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ സൂചന നല്‍കുന്നു. നവംബര്‍ 5-നാണ് ആദ്യ ഭാഗത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. ദസറ മുതല്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കും. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. ശ്രീരാമനായി രണ്‍ബീര്‍ കപൂറും സീതാദേവിയായി സായ് പല്ലവിയും എത്തുമ്പോള്‍ രാവണനായി യഷ് വേഷമിടുന്നു. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായും അരുണ്‍ ഗോവില്‍ ദശരഥ മഹാരാജാവായും രവി ദുബെ ലക്ഷ്മണനായും വിശ്വാമിത്ര മഹര്‍ഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാല്‍ കപൂറൂം ശൂര്‍പ്പണഖയായി രാകുല്‍ പ്രീത് സിംഗുമാണ് എത്തുന്നത്. ഓസ്‌കര്‍ ജേതാവായ ശ്രീധര്‍ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ.

◾ നടന്‍ സിദ്ദിഖ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ക്രൈം 302' എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഓരോ അപകടത്തിനും പിന്നില്‍ ഒരു രഹസ്യവും ഓരോ രഹസ്യത്തിനും പിന്നില്‍ ഒരു പ്രതികാരവും ഉണ്ടാവുമെന്ന് കാണിക്കുന്ന തരത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായ സജീര്‍ സൈനുദ്ദീന്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 23ന് തിയറ്ററുകളില്‍ എത്തും. പൊലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ക്രൈം 302 ഒരുക്കിയിരിക്കുന്നത്. നടന്‍ സിദ്ദിഖിന് പുറമെ സാജു നവോദയ, ഡ്രാക്കുള സുധീര്‍, ദിനേശ് പണിക്കര്‍, ജസീല പര്‍വീണ്‍, നിധിക്കുട്ടി, ഷിഫാന, രാജന്‍ ഞ്ഞെക്കാട്, ദീപു നാവായിക്കുളം, ബാലരാമപുരം ശ്രീജിത്ത്, വിശ്വ, സിയാദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

◾ ബിഎംഡബ്ല്യൂ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മിനിയുടെ കൂപ്പര്‍ ഒക്‌സ്ഫഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍. വില 55.50 ലക്ഷം രൂപ. ബുക്കിങ് ആരംഭിച്ചു. യുകെയിലെ ഒക്‌സ്ഫഡ് പ്ലാന്റില്‍ ആധുനിക മിനി നിര്‍മ്മിക്കാന്‍ തുടങ്ങി 25 വര്‍ഷമാകുന്നതിന്റെ ഓര്‍മ്മയ്ക്കായാണ് ഈ പരിമിത എഡിഷന്‍. റൂഫില്‍ യൂണിയന്‍ ജാക്ക് ഡിസൈനും ബൂട്ടില്‍ യൂണിയന്‍ ജാക്കും ചെക്കേര്‍ഡ് റേസിങ് പതാകയും ചേര്‍ന്നുള്ള സ്റ്റിക്കറും ഉണ്ട്. ഇന്‍ഡിഗോ സണ്‍സെറ്റ് ബ്ല്യൂ, ചില്ലി റെഡ് എന്നി രണ്ട് നിറങ്ങളില്‍ കാര്‍ ലഭ്യമാണ്. സ്റ്റിയറിങ് വീലിന്റെ താഴത്തെ സ്‌പോക്കില്‍ യൂണിയന്‍ ജാക്ക് പ്ലിന്റ് ചെയ്തിരിക്കുന്നു. ഡാഷ് ബോര്‍ഡിലും ഡോര്‍ പാനലുകളിലും റീസൈക്കിള്‍ ചെയ്ത നെയ്ത തുണിയാണ് ഉപയോഗിച്ചിരിക്കുന്നത്. 201 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. മണിക്കൂറില്‍ 242 കിലോമീറ്ററാണ് പരമാവധി വേഗം.

◾ പ്രമോദ് രാമന്റെ തിരഞ്ഞെടുത്ത 25 കഥകളുടെ അപൂര്‍വ്വ സമാഹാരം. ഉള്ളുപൊള്ളിക്കുന്ന മനുഷ്യാവസ്ഥകളെ കലര്‍പ്പില്ലാതെ ആവിഷ്‌കരിക്കുന്ന ഈ കഥകള്‍ വായനക്കാരനില്‍ തീക്ഷ്ണമായ അനുഭൂതിയും വിചാരങ്ങളും ഉണര്‍ത്തുന്നു. രാഷ്ട്രീയം വെറുതേ പറയലല്ല, കൃത്യമായ രേഖപ്പെടുത്തലാണെന്ന ബോധ്യവും പാര്‍ശ്വവല്‍കൃതരോടുള്ള ചേര്‍ത്തുനില്‍പ്പും ആഖ്യാന വൈവിധ്യവുമാണ് ഈ പുസ്തകത്തെ വേറിട്ടതാക്കുന്നത്. 'തിരഞ്ഞെടുത്ത കഥകള്‍'. പ്രമോദ് രാമന്‍. ഡിസി ബുക്സ്. വില 359 രൂപ.

◾ അഗര്‍ബത്തിയുടെ പതിവ് ഉപയോഗം ശ്വാസകോശത്തിന് ഗുണകരല്ലെന്ന് ശ്വാസകോശരോഗ വിദഗ്ധര്‍. അഗര്‍ബത്തികള്‍ കത്തുമ്പോള്‍ പുറത്തുവരുന്ന കാര്‍ബണ്‍ മോണോക്സൈഡും മറ്റ് ഘടകങ്ങളും മുറികളിലെ വായുവിനെ മലിനമാകുന്നു. ഒരു സിഗരറ്റ് വലിക്കുമ്പോള്‍ ഉണ്ടാകുന്ന അതേ ദോഷഫലമാണ് ഒരു അഗര്‍ബത്തിയുടെ പുകയെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അഗര്‍ബത്തികളിലെ പുക ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയും പ്രായമായവരെയുമാണ്. പ്രത്യേകിച്ച് ആസ്തമയോ ദുര്‍ബല ശ്വാസ കോശമോ ഉള്ളവരെ. അടഞ്ഞ മുറികളിലും മറ്റും നിരന്തരമായി അഗര്‍ബത്തിയുടെ പുക ശ്വസിക്കുന്നത് ദീര്‍ഘകാല ശ്വാസകോശ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇത് ബ്രോങ്കൈറ്റിസ്, ആസ്ത്മ, സിഒപിഡി തുടങ്ങി ചിലപ്പോള്‍ ശ്വാസ കോശ കാന്‍സറിന് തന്നെ കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിന് അഗര്‍ബത്തി ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ലതു പോലെ വായു സഞ്ചാരം ഉള്ള മുറികളില്‍ ഫാന്‍ ഓണാക്കി ജനാലകള്‍ തുറന്നിട്ട ശേഷം അഗര്‍ബത്തി കത്തിക്കുക.

*ശുഭദിനം*
*കവിത കണ്ണന്‍*
അന്താരാഷ്ട്ര ഓട്ടമത്സരം നടക്കുകയാണ്. ആ ഓട്ടമത്സരത്തില്‍ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്ലറ്റ് ആബേല്‍ മുത്തയ്യും സ്പാനിഷ് അത്ലറ്റ് ഇവാന്‍ ഫെര്‍ണ്ണാണ്ടസ്സും ഫിനിഷിങ്ങ് പോയിന്റിന് അരികിലെത്തി. പക്ഷേ, അപ്പോഴാണ് അത് സംഭവിച്ചത്. ആദ്യം എത്തിയ ആബേല്‍ മുത്തയ്യും ഫിനിഷിങ്ങ് ലൈനിന്റെ അടയാളം തെറ്റി മനസ്സിലാക്കി ഓട്ടം നിര്‍ത്തി. പിന്നാലെ വന്ന ഇവാന് അത് മനസ്സിലായി. ഫിനിഷിങ്ങ് പോയിന്റ് എത്തിയിട്ടില്ല, ഓട്ടം തുടരാന്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, സ്പാനിഷ് ഭാഷയിലായതിനാല്‍ ആബേലിന് അത് മനസ്സിലായില്ല. ഇത് തിരിച്ചറിഞ്ഞ ഇവാന്‍ ആബേലിനെ പുറകില്‍ നിന്നും തള്ളി ഫിനിഷിങ്ങ് പോയിന്റില്‍ എത്തിച്ചു! ലോകം മുഴുവന്‍ അമ്പരന്നുപോയ നിമിഷമായിരുന്നു അത്. ലോകം ചോദിക്കാന്‍ വന്ന ആ ചോദ്യം ഒരു പത്രക്കാരന്‍ ഇവാനോട് ചോദിച്ചു: നിങ്ങള്‍ എന്തിനാണ് അയാളെ വിജയത്തിലേക്ക് തള്ളിവിട്ടത്. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ വിജയം താങ്കളുടേതാകുമായിരുന്നില്ലേ? ഈ ചോദ്യത്തിന് ഇവാന്‍ ലോകത്തോട് പറഞ്ഞ മറുപടി ഇതായിരുന്നു. എന്നേക്കാള്‍ കഴിവുകൊണ്ട് വിജയത്തിന്റെ പാതയിലായിരുന്ന അയാളുടെ ആശയക്കുഴപ്പത്തില്‍ ഞാന്‍ നേടുന്ന വിജയത്തിന് എന്ത് അര്‍ഹതയും യോഗ്യതയുമാണുള്ളത്.. ഞാന്‍ അത് ചെയ്താല്‍ ഇത് കണ്ടുകൊണ്ടിരിക്കുന്ന, നീതി മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് എന്നെ പഠിപ്പിച്ച അച്ഛനോടും അമ്മയോടും ഞാന്‍ എന്ത് മറുപടി പറയും! ചില തോല്‍വികള്‍ക്ക് വിജയത്തിനേക്കാള്‍ മൂല്യമുണ്ടാകുന്നത് ഇങ്ങനെയാണ്. സത്യസന്ധതയുടെ മൂല്യങ്ങളെ ചേര്‍ത്ത് പിടിച്ച് വിജയത്തിലേക്ക് നമുക്കും നടക്കാം - ശുഭദിനം.
Previous Post Next Post
3/TECH/col-right