2026 ഒക്ടോബര് 17, ശനി
1202 കന്നി 31 | മൂലം
1448 ജ: അവ്വൽ 05
◾ കോക്ക്റോച്ച് ജനത പാര്ട്ടി കൊണാട്ട് പ്ളേസില് ദേശീയപതാകയുമേന്തി നടത്തിയ തിരംഗ യാത്രയില് അണിചേര്ന്ന് ആയിരങ്ങള്. ജനങ്ങളെ നേരിടാന് വീണ്ടും പോലീസ് അതിക്രമം. തിരംഗയാത്ര നയിക്കാന് വീട്ടില്നിന്നു പുറത്തിറങ്ങിയ ഉടനേ സിജെപി നേതാവ് അഭിജിത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ പതാകയുമായി സൗരവ് ദാസിന്റെ നേതൃത്വത്തിലാണു പ്രവര്ത്തകര് പ്രതിഷേധിച്ചത്. നേഹ ബോറയെയും പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു. ദേശീയ പതാകയുമേന്തി അഞ്ചുപേര് വീതമുള്ള സംഘങ്ങളായാണ് സിജെപി പ്രവര്ത്തകര് എത്തിയത്. അറസ്റ്റു ചെയ്താല് ദേശീയ പതാക ഉയര്ത്തിയതു കുറ്റമാക്കി മോദി പോലീസ് അറസ്റ്റു ചെയ്തെന്നു രാജ്യവ്യപകമായ പ്രചാരണം നടത്താനാണു പരിപാടി.
◾ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ചോദ്യമുനയില്. മാസപ്പടി കേസില് ചോദ്യം ചെയ്യലിനു ഹാജരാകാന് 23 നു രാവിലെ 11 ന് കടവന്ത്രയിലെ എന്ഫോഴ്സ്മെന്റ് ഓഫീസില് എത്തണമെന്ന് നോട്ടീസ് നല്കി. വിജിലന്സ് കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാനും അറസ്റ്റ് അടക്കമുള്ള നടപടികള് തടയാനും പിണറായി വിജയന് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല് കേസ് അടിയന്തരമായി കേള്ക്കാന് സുപ്രീം കോടതി വിസമ്മതിച്ചു.
◾ കിഫ്ബിയുടെ മറവില് എല്ഡിഎഫ് സര്ക്കാര് നടത്തിയ ക്രമക്കേടുകള് വിജിലന്സ് അന്വേഷിക്കും. സര്ക്കാരിന്റെ അനുമതിയില്ലാതെ കണ്ണൂരില് 2,074 ഏക്കര് കുന്ന് പൊന്നുംവിലയ്ക്കു കിഫ്ബി വാങ്ങിയതടക്കമുള്ള ഇടപാടുകളാണ് അന്വേഷിക്കുക.
◾ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാമെന്നു പറഞ്ഞ് നടത്തിയ തട്ടിപ്പില് മുന് കായിക മന്ത്രി വി അബ്ദുറഹിമാനെതിരായ വിജിലന്സ് അന്വേഷണത്തിന് സര്ക്കാര് ഗവര്ണറുടെ അനുമതി തേടി. ഫയല് മുഖ്യമന്ത്രി ലോക്ഭവന് കൈമാറി.
◾ തീര്ത്ഥാടന മുന്നൊരുക്കങ്ങള് വിലയിരുത്താന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇന്നു ശബരിമലയിലെത്തും. രാവിലെ ഒന്പതിന് നിലക്കലില് എത്തുന്ന മുഖ്യമന്ത്രി വി ഡി സതീശനും ദേവസ്വം മന്ത്രി കെ മുരളീധരനും തീര്ത്ഥാടന മുന്നൊരുക്കങ്ങള് പരിശോധിക്കും. 10:30ന് വിവിധ വകുപ്പുകളുടെ അവലോകന- ഏകോപന യോഗം പമ്പ ശ്രീരാമ സാകേത ഓഡിറ്റോറിയത്തില് നടക്കും.
◾ കിഫ്ബിയുടെ കൈവശം 30,000 കോടി രൂപയുണ്ടെന്ന സിപിഎം നേതാവും മുന് ധനമന്ത്രിയുമായ തോമസ് ഐസക്കിന്റെ വാദം തെറ്റെന്ന് മുഖ്യമന്ത്രി വിഡി സതീശന്. അക്കൗണ്ടില് ഉള്ളത് 6521 കോടി മാത്രമാണ്. കിഫ്ബിയുടെ വെബ്സൈറ്റില് ലഭ്യമായ ഓഡിറ്റ് രേഖകളില്നിന്നും 2026 മാര്ച്ച് 31 ലെ കിഫ്ബിയുടെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപയാണ്. ഇതില് 4,128 കോടി രൂപ സര്ക്കാരിന്റെ തന്നെ ട്രഷറി കോര്പ്പസ് ഫണ്ട് ആണ്. ഈ സര്ക്കാര് അധികാരത്തില് വരുമ്പോള് കിഫ്ബിയുടെ പണമായും നിക്ഷേപമായും ഉണ്ടായിരുന്നത് 6521 കോടി രൂപയാണെന്ന് ഇതില് നിന്നും വ്യക്തമാണ്. ബാക്കി പണം എവിടെയെന്നും മുഖ്യമന്ത്രി വിഡി സതീശന് ചോദിച്ചു.
◾ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ കേസുകള് യുഡിഎഫ് - ബിജെപി ഒത്തുകളിയുടെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ആരെയും കേള്ക്കാതെ ഏകപക്ഷീയമായി എഫ്ഐആര് ഇടാമെന്ന് ഹൈക്കോടതി വിധി പ്രഖ്യാപിച്ചു.
◾ സംസ്ഥാനത്ത് ഭക്ഷ്യഭദ്രത ഉറപ്പാക്കുന്നതിനായി സപ്ലൈകോയുടെ നേതൃത്വത്തിലുള്ള നെല്ലുസംഭരണം വര്ധിപ്പിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. പൊതുവിതരണവകുപ്പിന്റെ സമഗ്രമായ നവീകരണവും 24 മണിക്കൂറും പ്രവര്ത്തിക്കുന്ന സപ്ലൈകോ സ്റ്റോറുകളും നടപ്പാക്കും. ലോക ഭക്ഷ്യ ദിനാഘോഷത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ കെഎസ്ആര്ടിസി പ്രിയദര്ശിനി പദ്ധതിയെ കുറിച്ചുള്ള പഠനത്തിനായി വീണ്ടും കമ്മിറ്റിയെ രൂപീകരിച്ച് സംസ്ഥാന സര്ക്കാര്. പ്രിയദര്ശിനി സര്വീസുകള് സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങള് പഠിക്കാനാണ് കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് അതോറിറ്റി മെമ്പര് സുരേഷ് ബാബുവാണ് കമ്മിറ്റി ചെയര്മാന്.
◾ നെടുമ്പാശേരി മിനികൂപ്പര് കാര് അപകട കേസില് പ്രതികളുടെ ജാമ്യാപേക്ഷയില് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്നു വിധി പറയും. പ്രതികളുടെ ജാമ്യാപേക്ഷയില് കോടതിയില് ശക്തമായ വാദ പ്രതിവാദങ്ങളാണ് നടന്നത്.
◾ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു ഡിജിപിക്ക് പരാതി നല്കി. നെടുമ്പാശ്ശേരി അപകടക്കേസില് പ്രതിക്കുവേണ്ടി ഇടപെട്ടെന്ന് ആരോപിച്ചതിനാണ് പരാതി നല്കിയത്.
◾ സ്കൂള് വിദ്യാര്ഥിനികളെ പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക അതിക്രമത്തിന് ശ്രമിച്ച അഞ്ച് പേര് അറസ്റ്റില്. ഇതില് മൂന്നു പേരും പ്രായപൂര്ത്തിയാകാത്തവരാണെന്ന് വിഴിഞ്ഞം പൊലീസ്. വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിള ലക്ഷംവീട്ടില് ടിനു(20),വിഴിഞ്ഞം കോട്ടപ്പുറം തുലവിള സൂസന്ന ഹൗസില് ലിന്സണ്(21) എന്നിവരെയും പ്രായപൂര്ത്തിയാകാത്ത മൂന്നു സ്കൂള് വിദ്യാര്ഥികളെയുമാണ് അറസ്റ്റ് ചെയ്തത്.
◾ തുലാമാസ പൂജകള്ക്കായി ശബരിമലയില് നട തുറക്കുമ്പോള് ദര്ശനത്തിനായി വന് ബുക്കിംഗ്. നട തുറക്കുന്ന ഇന്ന് മാത്രം 30,000 തീര്ഥാടകര് ഓണ്ലൈന് വഴി ദര്ശനം ബുക്ക് ചെയ്തിട്ടുണ്ട്. ഇതോടെ വന് ഭക്തജനത്തിരക്കാകും ക്ഷേത്രം സാക്ഷ്യം വഹിക്കുകയെന്ന് ഉറപ്പായി. പൂജ അവധി ദിവസങ്ങള് കൂടിയായതിനാല് മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിങ് ആണ് തുടരുന്നത്.
◾ മതവികാരം ഇളക്കിവിടുന്ന സംവിധാനമാണ് മുസ്ലീം ലീഗെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്. ന്യൂനപക്ഷ സംരക്ഷകര് എന്നു വെറുതെ പറയുക മാത്രമാണ്. ലീഗ് വര്ഗീയത പറയുകയാണ്. തൃക്കരിപ്പൂരില് വീടുകള് കയറി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം അതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
◾ മാറ്റിവച്ച ഹയര് സെക്കണ്ടറി ഒന്നാം വര്ഷ ഇംപ്രൂവ്മെന്റ് പരീക്ഷ ശനിയാഴ്ച രണ്ടു നേരമായി നടത്താനുള്ള തീരുമാനം തികച്ചും വിദ്യാര്ത്ഥിവിരുദ്ധമാണെന്നും തീരുമാനം പിന്വലിക്കണമെന്നും ഹയര്സെക്കണ്ടറി സ്കൂള് ടീച്ചേഴ്സ് അസോസിയേഷന്.
◾ ബോഡി ബില്ഡര്മാരായ ചിത്തരേശ് നടേശന്റയും ഷിനു ചൊവ്വയുടെയും പൊലീസ് നിയമനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില് വിജിലന്സ് അന്വേഷണത്തിന് നേരിട്ട് ഉത്തരവിടാതെ ഹൈക്കോടതി. ചട്ടലംഘനം മാത്രം അഴിമതിയായി കണക്കാക്കാന് സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
◾ കേരളത്തിന്റെ വികസന സ്വപ്നങ്ങള്ക്ക് ചിറകു നല്കിയ കിഫ്ബിയെ തകര്ക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സര്ക്കാരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. അടിസ്ഥാനരഹിതമായ ആരോപണങ്ങള് പകര്ത്തിയെഴുതിയ വെറുമൊരു രാഷ്ട്രീയരേഖ മാത്രമാണ് നിയമസഭയുടെ മേശപ്പുറത്തുവച്ച റിപ്പോര്ട്ടെന്നും പിണറായി പറഞ്ഞു.
◾ പാര്ട്ടിയെ തകര്ക്കാനാണ് മാസപ്പടി കേസില് മുന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരേ എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ സമന്സെന്ന് സി പി എം പിബി അംഗം എ വിജയരാഘവന്. എങ്ങനെയെങ്കിലും പിണറായിയെ കള്ളക്കേസില് കുടുക്കാനാണ് ഇ ഡിയുടെ ശ്രമമെന്നും വിജയരാഘവന് അഭിപ്രായപ്പെട്ടു.
◾ എറണാകുളം മുണ്ടംവേലിയിലെ പി ആന്ഡ് ടി ലൈഫ് മിഷന് ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്ട്ട്. ഫ്ലാറ്റ് വാസികളെ അടിയന്തരമായി മാറ്റിപാര്പ്പിക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്ട്ട് ഹൈക്കോടതിയില് സമര്പ്പിച്ചു.
◾ വടകര കാഫിര് സ്ക്രീന്ഷോട്ട് കേസില് മൂന്നുപേരെ കൂടി പ്രതിചേര്ത്ത് പൊലീസ്. സ്ക്രീന്ഷോട്ട് ഫേസ്ബുക്കിലൂടെ ഷെയര് ചെയ്ത തൃശ്ശൂര് സ്വദേശിയും ഡിവൈഎഫ്എഫ്ഐ പ്രവര്ത്തകനുമായ വഹാബ്, സിപിഎം പ്രവര്ത്തകരായ നാദാപുരം സ്വദേശി അതുല്, തിരുവള്ളൂര് സ്വദേശി അതുല്പ്രസാദ് എന്നിവരെ പ്രതി ചേര്ത്ത് പൊലീസ് കോടതിയില് റിപ്പോര്ട്ട് നല്കി.
◾ മിന്നല് ഉള്പ്പെടെയുള്ള കെഎസ്ആര്ടിസി ദീര്ഘദൂര ബസുകളില് യാത്രക്കാരുടെ സുരക്ഷയ്ക്കായി സീറ്റ് ബെല്റ്റ് ഏര്പ്പെടുത്തുന്നത് സര്ക്കാരിന്റെ പരിഗണനയിലാണെന്നു ഗതാഗത മന്ത്രി. എംഎല്എ അബിന് വര്ക്കിയുടെ ചോദ്യത്തിന് മറുപടിയായി ഗതാഗത മന്ത്രി സി പി ജോണ് ആണ് നിയമസഭയില് ഇക്കാര്യം അറിയിച്ചത്.
◾ തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ തൃശ്ശൂര് സന്ദര്ശനം മാറ്റിവച്ചു. കല്യാണിന്റെ നവരാത്രി ആഘോഷങ്ങള്ക്ക് ഇന്ന് വിജയ് എത്തില്ല. കനത്ത മഴയെ തുടര്ന്ന് ഹെലികോപ്റ്റര് മാര്ഗം വരാന് കഴിയാത്തതുകൊണ്ടാണ് സന്ദര്ശനം മാറ്റിവച്ചത്.
◾ ലോക്സഭാ സീറ്റുകളുടെ എണ്ണം വര്ധിപ്പിച്ച് വനിതാസംവരണം നടപ്പാക്കാനും അതിന്റെ മറവില് മണ്ഡലപുനര്വിഭജനം നടപ്പാക്കാനുമുള്ള ഭരണഘടനാ ഭേദഗതിക്കായി പാര്ലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിക്കാന് വീണ്ടും നീക്കം. ഈ മാസം അവസാനം ചേരുമെന്നാണ് അഭ്യൂഹം. ഭരണഘടനാ ഭേദഗതിബില് പാസാക്കാന് മൂന്നില് രണ്ട് ഭൂരിപക്ഷം വേണമെങ്കിലും ബിജെപി നയിക്കുന്ന എന്ഡിഎയ്ക്ക് അതു ലഭിച്ചിട്ടില്ലെന്നാണു വിവരം.
◾ ഡല്ഹി കൊണാട്ടു പ്ലേസില് നടന്ന 'തിരംഗ യാത്ര'യില് പങ്കെടുത്തതിന് കസ്റ്റഡയിലെടുത്ത നേഹ ബോറ എവിടെയെന്ന് ഐസ നേതാക്കള്. നേഹയെ കൊണ്ടുപോയ പോലീസ് വാഹനത്തില് യൂണിഫോം ധരിക്കാത്ത രണ്ട് പേരുണ്ടായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ജന്തര് മന്ദറില് ദേശീയപതാകയുമായി പ്രവേശിച്ച നേതാക്കളെ ജയിലിലടച്ചതില് പ്രതിഷേധിച്ചുമാണ് ദേശീയപതാകയുമേന്തി തിരംഗ യാത്ര നടത്തിയത്. പ്രതിഷേധക്കാരെ അടിച്ചമര്ത്താന് ഗുണ്ടകളെയാണോ പോലീസ് നിയോഗിച്ചിരിക്കുന്നതെന്ന ചോദ്യവും ഐസ ഉയര്ത്തിയിട്ടുണ്ട്. നേഹയെ ഒറ്റയ്ക്ക് മംഗ്ലാപുരിയിലെ ആന്റി നാര്ക്കോട്ടിക് ടാസ്ക് ഫോഴ്സ് കസ്റ്റഡിയില് പാര്പ്പിച്ചിരിക്കുകയാണെന്നാണ് സൂചന. കാണാന് അഭിഭാഷകരെ പോലും പൊലീസ് അനുവദിച്ചില്ല.
◾ കൊണാട്ട് പ്ലെയിസിലെ തിരംഗ യാത്രയില് അടിയന്തര ഇടപെലിന് തയ്യാറാകാതെ സുപ്രീംകോടതി. എല്ലാവര്ക്കും നല്ല ബുദ്ധിയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സമരം കച്ചവടക്കാര്ക്ക് തിരിച്ചടിയായാല് പരിഗണിക്കാമെന്നും സുപ്രീംകോടതി.
◾ കൊണാട്ട് പ്ലേസിലെ തിരംഗ റാലിയില് പങ്കെടുത്ത മലയാളി അഭിനേതാക്കളും സോഷ്യല് മീഡിയ ഇന്ഫ്ലുവന്സര്മാരും കസ്റ്റഡിയില്. ശിവപ്രിയ പ്രദീപ്, അക്ഷയ് രാധാകൃഷ്ണന്, ഇഷാ മറിയം ഹാരിസ്, സനൂപ് ദേവദാസ് എന്നിവരാണ് കസ്റ്റഡിയിലായത്.
◾ ഡല്ഹിയിലെ പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമത്തില് പരിക്കേറ്റ എന്എസ് യു നേതാവ് ആതിരയുടെ പരാതിയില് പൊലീസുകാര്ക്കെതിരെ കേസെടുക്കാതെ പോലീസ്. ഇന്നലെ പുലര്ച്ചെ വരെ ആതിര അടക്കമുള്ള എന് എസ് യു നേതാക്കള് സ്റ്റേഷനു മുന്നില് പ്രതിഷേധിച്ചു. പ്രവര്ത്തകരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി.
◾ ഡല്ഹിയില് വിദ്യാര്ത്ഥിനികളെ മര്ദ്ദിച്ച പോലീസ് നടപടിക്കെതിരെ രാഹുല് ഗാന്ധി രംഗത്ത്. കേരളത്തിലും രാജസ്ഥാനിലും ശക്തമായ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഡല്ഹി പോലീസിന്റെ നടപടിയെ 1930ലെ ധര്ശന സത്യാഗ്രഹത്തോടാണ് അദ്ദേഹം ഉപമിച്ചത്.
◾ മുതിര്ന്ന ബി.ജെ.പി നേതാവും മുന് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ എല്.കെ. അദ്വാനിയെ നെഞ്ചിലെ അണുബാധയെ തുടര്ന്ന് ഡല്ഹി ജസോളയിലെ അപ്പോളോ ആശുപത്രിയില് പ്രവേശിപ്പിച്ചു.
◾ സര്ക്കാര് ജീവനക്കാരുടെ സര്വീസ് കാലാവധി 10 മുതല് 15 വര്ഷമായി ചുരുക്കണമെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി നിര്ദ്ദേശിച്ചു. യുവാക്കള്ക്ക് കൂടുതല് തൊഴിലവസരങ്ങള് നല്കാനും ഒരു കുടുംബത്തില് ഒരാള്ക്ക് മാത്രം സര്ക്കാര് ജോലി നല്കാനുമാണ് ഈ വിവാദ നിര്ദ്ദേശം
◾ ശ്വാസകോശ കാന്സര് സ്ഥിരീകരിച്ചതിന് പിന്നാലെ ജെമിലി ആശുപത്രിയില് കഴിയുന്നതിനിടെ തന്നെ ശ്രുശ്രൂഷിക്കുന്ന ഡോക്ടര്മാര്ക്കും നഴ്സുമാര്ക്കും മറ്റ് ജീവനക്കാര്ക്കുമായി കുര്ബാന അര്പ്പിച്ച് ലിയോ പതിനാലാമന് മാര്പ്പാപ്പ. ശസ്ത്രക്രിയയ്ക്കു ശേഷം മാര്പ്പാപ്പയുടെ ആരോഗ്യസ്ഥിതി വളരെ വേഗത്തില് മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതര് വ്യക്തമാക്കി.
◾ ഹൂത്തി-സൗദി സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് സുരക്ഷാ ആശങ്കകളെ തുടര്ന്ന് റിയാദില് നടത്താന് നിശ്ചയിച്ചിരുന്ന നിര്ണായക ഗള്ഫ് - യൂറോപ്പ് ഉച്ചകോടി മാറ്റിവച്ചു. ഈ മാസം 24 ന് നടത്താന് തീരുമാനിച്ച ഉച്ചകോടിക്ക് പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറില് കാനഡ സന്ദര്ശിക്കും. ഡിസംബര് 11, 12 തീയതികളിലാകും നരേന്ദ്ര മോദി എത്തുക എന്ന് കാനഡ പ്രഖ്യാപിച്ചു. ഖലിസ്ഥാന് ഭീകരന് ഹര്ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷം വഷളായ ഇന്ത്യ-കാനഡ ബന്ധം വീണ്ടും മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്ശനം.
◾ സുരക്ഷാ കാരണങ്ങളാല് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് നിര്ത്തിവെക്കുന്നത് ഇന്ത്യന് വിമാന കമ്പനികള് നീട്ടി. എയര് ഇന്ത്യ, ഇന്ഡിഗോ, ആകാശ എയര് തുടങ്ങിയവയാണ് ഒക്ടോബര് അവസാന വാരം വരെ സര്വീസുകള് റദ്ദാക്കിയത്. യാത്രക്കാര്ക്ക് ടിക്കറ്റ് തുക തിരികെ നല്കുകയോ തീയതി മാറ്റി നല്കുകയോ ചെയ്യുമെന്ന് കമ്പനികള് അറിയിച്ചു.
◾ സൂപ്പര് ലീഗ് കേരള ഫുട്ബോളില് ഫോഴ്സ കൊച്ചി എഫ് സി തിരുവനന്തപുരം കൊമ്പന്സ് എഫ് സിയുടെ കൊമ്പൊടിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകള്ക്കായിരുന്നു ഫോഴ്സ കൊച്ചിയുടെ ജയം. ഇതോടെ, നാല് കളികളില് എട്ട് പോയിന്റുമായി ഫോഴ്സ ടേബിളില് രണ്ടാം സ്ഥാനത്തേക്ക് കയറി. നാല് കളികളില് നാല് പോയിന്റുള്ള കൊമ്പന്സ് നാലാം സ്ഥാനത്താണ്. എറണാകുളം കലൂരിലെ ജവഹല്ലാല് നെഹ്റു സ്റ്റേഡിയത്തിലായിരുന്നു മല്സരം.
◾ സ്മൃതി മന്ദാനയുടെ ക്യാപ്റ്റന്സി അരങ്ങേറ്റത്തില് സിംബാബ്വെക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തില് ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറില് 5 വിക്കറ്റ് നഷ്ടത്തില് 114 റണ്സെടുത്തപ്പോള് തുടക്കത്തില് 19ന് 4എന്ന നിലയിലേക്ക് തകര്ന്നെങ്കിലും നികി പ്രസാദിന്റെയും ദീപ്തി ശര്മയുടെയും ബാറ്റിംഗ് കരുത്തില് ഇന്ത്യ 4 വിക്കറ്റ് ജയം പിടിച്ചെടുത്തു. 37 പന്തില് 49 റണ്സെടുത്ത ദീപ്തി ശര്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്.
◾ എക്കാലത്തെയും ഉയര്ന്ന പാദവാര്ഷിക സാമ്പത്തിക പ്രകടനവുമായി ഫെഡറല് ബാങ്ക്. മുന് വര്ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് ബാങ്കിന്റെ ലാഭം 45 ശതമാനം വര്ധിച്ച് 1,386 കോടി രൂപയായി ഉയര്ന്നു. അറ്റ പലിശ വരുമാനം 26.38 ശതമാനം വര്ധനയോടെ 3,153 കോടി രൂപയിലെത്തി. ഫീ ഇന്കം 31.86 ശതമാനം ഉയര്ന്ന് 1,168 കോടി രൂപയായി. മൊത്തം ബിസിനസ് വാര്ഷികാടിസ്ഥാനത്തില് 20.12 ശതമാനം വര്ധിച്ച് 6.41 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. ആകെ വായ്പ വിതരണം 21.66 ശതമാനം വര്ധനയോടെ 3.02 ലക്ഷം കോടി രൂപയിലെത്തി. 3 ലക്ഷം കോടി രൂപ വായ്പാ അടിത്തറയെന്ന വലിയ നേട്ടവും ഇതോടെ ബാങ്ക് സ്വന്തമാക്കി. ആകെ നിക്ഷേപം 18.61 ശതമാനം വര്ധിച്ച് 3.43 ലക്ഷം കോടി രൂപയായി. കാസാ നിക്ഷേപം 103 ബിപിഎസ് വര്ധിച്ച് 1.09 ലക്ഷം കോടി രൂപയായി. പ്രവാസി നിക്ഷേപങ്ങളില് 26.63 ശതമാനം വര്ധന രേഖപ്പെടുത്തി, 1.19 ലക്ഷം കോടി രൂപയായി ഉയര്ന്നു.
◾ ഇന്ത്യയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനും അധ്യാപകര്ക്കുള്ള എഐ പരിശീലനത്തിനുമായി പുതിയ പദ്ധതികള് പ്രഖ്യാപിച്ച് ഗൂഗിള്. 'Google.org' വഴി നോണ് പ്രോഫിറ്റ് സംഘടനയായ 'The/Nudge' ന് 15 മില്യണ് ഡോളറിന്റെ (ഏകദേശം 143 കോടി) ഗ്രാന്റ് നല്കും. ഇന്ത്യയിലെ 9 കോടിയിലധികം വരുന്ന എം.എസ്.എം.ഇകള് നേരിടുന്ന പ്രധാന വെല്ലുവിളികള് പരിഹരിക്കാനാണ് ഈ തുക വിനിയോഗിക്കുക. ഇതോടൊപ്പം, രാജ്യത്തുടനീളമുള്ള അധ്യാപകര്ക്കായി സ്വയം പഠിക്കാവുന്ന രീതിയില് സൗജന്യ ഓണ്ലൈന് എഐ കോഴ്സും ഗൂഗിള് ലഭ്യമാക്കിയിട്ടുണ്ട്. ഈ പദ്ധതിയിലൂടെ ഇതുവരെ 80,000-ത്തിലധികം അധ്യാപകര്ക്ക് പരിശീലനം ലഭിച്ചു. ജെമിനി പോലുള്ള ടൂളുകള് ഉപയോഗിച്ച് പാഠപദ്ധതികളും പഠന സാമഗ്രികളും തയാറാക്കാന് ഇത് സഹായിക്കുന്നു. നാഷണല് എജ്യുക്കേഷന് പോളിസി പ്രകാരമുള്ള ഈ കോഴ്സ് നിലവില് ഇംഗ്ലീഷിലും ഉടന് മറ്റ് പ്രാദേശിക ഭാഷകളിലും ലഭ്യമാകും.
◾ അമല് നീരദിന്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്ലര് പാര്ട്ടി ഡുഎക്സ്'ലെ പുതിയ ക്യാരക്ടര് പോസ്റ്റര് പുറത്ത്. നസ്ലെന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്കാണിത്. സോണി എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. കയ്യില് തോക്കുകളുമായി നില്ക്കുന്ന നസ്ലെനെ ആണ് പോസ്റ്ററില് കാണാനാവുക. നവംബര് 19ന് ചിത്രം തിയറ്ററുകളില് എത്തും. 14 വര്ഷങ്ങള്ക്ക് ശേഷം ജെന് - സി വൈബിലാണ്, 'ബാച്ച്ലര് പാര്ട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത്. കുഞ്ചാക്കോ ബോബന്, സൗബിന് ഷാഹിര്, ഷറഫുദ്ദീന്, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്, ടൊവിനോ തോമസ്, ഷൈന് ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയന്, ജ്യോതിര്മയി, ഹന്സിക കൃഷ്ണകുമാര് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.
◾ തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ മകന് ജേസണ് സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത 'സിഗ്മ' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. 'അയ്യയ്യോ.. അമ്മാടി..' എന്ന ഗാനത്തിന് സംഗീതം നല്കിയിരിക്കുന്നത് തമന് എസ് ആണ്. വിവേകിന്റേതാണ് വരികള്. യുവന് ശങ്കര് രാജ, സഞ്ജന ദിവാകര് കല്മഞ്ജെ എന്നിവര് ചേര്ന്നാണ് ആലാപനം. സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിഗ്മ ഒക്ടോബര് 2ന് ആണ് തിയറ്ററുകളില് എത്തിയത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അന്പു ദാസന്, യോഗ് ജാപി, മഹാലക്ഷ്മി, ഷീല രാജ്കുമാര്, കമലേഷ്, കിരണ് കൊണ്ഡ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ ഇലക്ട്രിക് ത്രീ വീലര് വിപണിയില് നിര്ണായക നേട്ടവുമായി യോദ്ധ. കമ്പനിയുടെ ഇലക്ട്രിക് വാഹനമായ ഇപോഡിന്റെ ഉത്പാദനം 1,000 യൂണിറ്റ് പിന്നിട്ടു. സുപീരിയ ഓട്ടോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഇലക്ട്രിക് മൊബിലിറ്റി ബ്രാന്ഡായ യോദ്ധയാണ് ഈ നേട്ടം കൈവരിച്ചത്. 11.8 കിലോവാട്ട് അവര് ശേഷിയുള്ള എല്എഫ്പി ബാറ്ററിയാണ് യോദ്ധ ഇപോഡിലുള്ളത്. പൂര്ണമായി ചാര്ജ് ചെയ്താല് 227 കിലോമീറ്റര് വരെ സഞ്ചരിക്കാനാകും. വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറില് 45 കിലോമീറ്ററാണ്. 6 കിലോവാട്ട് കരുത്തും 53 എന്എം ടോര്ക്കും നല്കുന്ന ഇലക്ട്രിക് ഡ്രൈവ് സംവിധാനമാണ് വാഹനത്തിലുള്ളത്. 7 ഇഞ്ച് സ്മാര്ട്ട് കാന് ഡിജിറ്റല് എല്ഇഡി ഇന്സ്ട്രുമെന്റ് ക്ലസ്റ്ററും ഇതിന്റെ പ്രത്യേകതയാണ്. ബാറ്ററി പൂര്ണമായി ചാര്ജ് ചെയ്യാന് 4 മുതല് 5 മണിക്കൂര് വരെ വേണ്ടിവരും. ഡ്രൈവര് ഉള്പ്പെടെ 4 പേര്ക്ക് സഞ്ചരിക്കാനാകും.
◾ ജീവിതസങ്കീര്ണ്ണതകളുടെ കടലാഴമുള്ള കഥകളാണ് ഈ സമാഹാരത്തെ സമ്പന്നമാക്കുന്നത്. ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും കടല്പോലെ വിചിത്രവും വൈവിദ്ധ്യം നിറഞ്ഞതും സങ്കീര്ണ്ണവുമാണെന്ന് ഓരോ കഥയിലും എഴുത്താള് ബോദ്ധ്യപ്പെടുത്തുന്നു. കഥ അവസാനിക്കുന്നതോടെ കഥാപാത്രങ്ങളുടെ കടലൊഴിയാത്ത മനസ്സ് വായനക്കാരില് ബാക്കിയാകും. മനുഷ്യരുടെ മനസ്സുപോലെ ആഴവും പരപ്പുമുള്ള കടലൊഴിയാത്ത കഥകള്. ഡോ. നീരജ എം. മാതൃഭൂമി. വില 144 രൂപ.
◾ അവസാന ആര്ത്തവത്തോട് അനുബന്ധിച്ച് സ്ത്രീശരീരം കടുത്ത ശാരീരിക പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. അമേരിക്കയിലും ഇസ്രായേലിലുമുള്ള പത്ത് ലക്ഷത്തിലധികം സ്ത്രീകളുടെ 30 കോടിയിലധികം ലബോറട്ടറി പരിശോധനാ ഫലങ്ങള് വിശകലനം ചെയ്തുകൊണ്ടാണ് പഠനം നടത്തിയത്. വെയ്സ്മാന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സിലെ ഗവേഷകരാണ് പഠനത്തിനുപിന്നില്. ലൈംഗിക ഹോര്മോണ് അളവുകളിലെ വ്യത്യാസം, പ്രത്യുല്പാദന ശേഷി നഷ്ടപ്പെടുക എന്നതിനപ്പുറമാണ് ഇവയെന്നും ഗവേഷകര് വ്യക്തമാക്കുന്നു. നേച്ചര് മെഡിസിന് ജര്ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 90 തരം ലബോറട്ടറി പരിശോധനകളില് 52 എണ്ണത്തിലും അസ്ഥികളുടെ ആരോഗ്യം, കരള്, വൃക്ക എന്നിവയുടെ പ്രവര്ത്തനം, കൊളസ്ട്രോള് നില എന്നിവയുള്പ്പെടെയുള്ള നിരവധി ശാരീരികാവസ്ഥകളെ ബാധിക്കുന്നുവെന്ന് ഗവേഷകര് പറയുന്നു. ആര്ത്തവവിരാമത്തിന് ഏകദേശം പത്തുവര്ഷം മുമ്പുതന്നെ പ്രതിരോധ പ്രവര്ത്തനങ്ങള് ആരംഭിക്കണമെന്നാണ് പഠനം നിര്ദേശിക്കുന്നത്. 45-50 വയസ്സോടടുപ്പിച്ച് സ്ത്രീകളില് ആര്ത്തവം പൂര്ണമായും നില്ക്കുന്ന അവസ്ഥയാണ് ആര്ത്തവവിരാമം. ശാരീരിക മാറ്റങ്ങള്, മാനസിക സമ്മര്ദം, ഹോര്മോണ് അസന്തുലിതാവസ്ഥ, അസ്ഥി സംബന്ധമായ പ്രശ്നങ്ങള്, ഉറക്കക്കുറവ്, വിഷാദരോഗം എന്നുതുടങ്ങി നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. മൂത്രം പിടിച്ചു നിര്ത്താനുള്ള ശേഷി കുറയുക, കാല്സ്യത്തിന്റെ അളവ് കുറയുകയും കാണാറുണ്ട്. ഇതുമൂലം എല്ലുതേയ്മാനം അഥവാ ഓസ്റ്റിയോപൊറോസിസ് എന്ന അസുഖമായി മാറാനുള്ള സാധ്യതയുമുണ്ട്.
*ശുഭദിനം*
*കവിത കണ്ണന്*
യുവാവ് ഗുരുവിനോട് പരാതി പറഞ്ഞു: ആളുകള് എന്നെ ബഹുമാനിക്കുന്നില്ല. ഇത് കേട്ട് ഗുരു അവന്റെ മുന്നില് ഒരു കണ്ണാടി പിടിച്ചിട്ട് ചോദിച്ചു: ഈ കണ്ണാടിയില് നീ എന്താണ് കാണുന്നത്? എന്നെതന്നെ. അവന് മറുപടി പറഞ്ഞു. ഗുരു തുടര്ന്നു: ഇതുപോലെയാണ് ബഹുമാനവും. മറ്റുളളവര് നിനക്ക് എന്ത് നല്കണം എന്ന് ആഗ്രഹിക്കുന്നതിന് മുമ്പ് നീ അവര്ക്ക് എന്ത് നല്കുന്നു എന്ന് ചിന്തിക്കുക. ശിഷ്യന് കാര്യം വ്യക്തമായി. ആരേയും നിര്ബന്ധിപ്പിച്ച് ഒന്നിലേക്കും ആകര്ഷിപ്പിക്കാന് സാധിക്കില്ല. ഹൃദയഹാരിയായത് എന്തെങ്കിലുമുണ്ടെങ്കില് ആരും അതിലേക്ക് ആകര്ഷിക്കപ്പെടും. അത് ഉണ്ടാക്കിയെടുക്കുക എന്നതാണ് ബഹുമാനം ആഗ്രഹിക്കുന്നവരുടെ പ്രാഥമിക ഉത്തരവാദിത്വം. ബഹുമാനം രണ്ടുതരത്തിലുണ്ട്. സ്ഥാനമാനങ്ങള്ക്ക് ലഭിക്കുന്നതും, വ്യക്തികള്ക്ക് ലഭിക്കുന്നതും. ആദ്യത്തേത് പദവിയിലുളളപ്പോള് മാത്രമാണ് ലഭിക്കുക. ആ പദവിയില് ആര് ഇരുന്നാലും അവര്ക്ക് ആ ബഹുമാനം ലഭിക്കും. പദവിയില് നിന്നും ഇറങ്ങുന്നതോടെ ആ ബഹുമാനവും ഇല്ലാതാകും. രണ്ടാമത്തേത് ഒരാളുടെ വ്യക്തിത്വത്തിന് ലഭിക്കുന്നതാണ്. അവരുടെ പ്രകൃതവും കര്മ്മവും ആദരണീയമായതുകൊണ്ട് മറ്റൊരു ഘടകവും അവരോടുളള പ്രതികരണത്തില് മാറ്റം വരുത്തണമെന്നില്ല. എന്ത് നല്കുന്നു എന്നതാണ്, എന്ത് ലഭിക്കുന്നു എന്നതിനാധാരം. അതിനാല് ആദരം ആഗ്രഹിക്കുന്നവരെല്ലാം ആദ്യം സ്വയം പരിശോധന നടത്തുന്നത് നല്ലതാണ്. - ശുഭദിനം.
Tags:
KERALA