Trending

കൊടുവള്ളി സി.എച്ച്.സി.യിലെ റേഡിയോഗ്രാഫർ തസ്തിക നിലനിർത്തി സർക്കാർ ഉത്തരവിറക്കി:പി.കെ. ഫിറോസ് എം.എൽ.എ.

കൊടുവള്ളി: കൊടുവള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ (സി.എച്ച്.സി.) റേഡിയോഗ്രാഫർ തസ്തിക കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് പുനർവിന്യസിച്ചത് റദ്ദ് ചെയ്യുകയും, തസ്തിക കൊടുവള്ളിയിൽ തന്നെ നിലനിർത്തിയും   ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി പി.കെ. ഫിറോസ് എം.എൽ.എ അറിയിച്ചു.

റേഡിയോഗ്രാഫർ തസ്തിക പുനർവിന്യസിക്കാനുള്ള നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രിക്ക് കത്തുനൽകിയും നേരിട്ട് വിഷയം ശ്രദ്ധയിൽപ്പെടുത്തിയും നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പ്രതിദിനം നൂറുകണക്കിന് രോഗികൾ ചികിത്സയ്ക്കായി എത്തുന്ന കൊടുവള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ റേഡിയോഗ്രാഫർ തസ്തിക നിലനിർത്താനുള്ള തീരുമാനം എക്സ്-റേ പരിശോധനാ സേവനങ്ങളെ ആശ്രയിക്കുന്ന രോഗികൾക്ക് വലിയ ആശ്വാസമാകും.

2022 മുതൽ ആശുപത്രിയുടെ മുഴുവൻ പ്രവർത്തനസമയത്തും ഉച്ചയ്ക്കുശേഷം ഉൾപ്പെടെ എക്സ്-റേ സേവനം ലഭ്യമാണ്. നിലവിൽ ആശുപത്രിയിൽ രണ്ട് റേഡിയോഗ്രാഫർ തസ്തികകളാണുള്ളത്. പ്രതിദിനം ശരാശരി 30-ലധികം എക്സ്-റേ പരിശോധനകൾ കുറഞ്ഞ നിരക്കിൽ ഇവിടെ നടത്തിവരുന്നു. കൂടാതെ, ആഴ്ചയിൽ മൂന്ന് ദിവസം ദന്തപരിശോധനാ സേവനങ്ങൾ ലഭ്യമാകുന്നതിനാൽ ദന്തൽ എക്സ്-റേ സംവിധാനവും ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്.

കൊടുവള്ളിയിലെയും സമീപപ്രദേശങ്ങളിലെയും സാധാരണക്കാരായ ജനങ്ങളുടെ പ്രധാന ആശ്രയകേന്ദ്രമാണ് കൊടുവള്ളി സാമൂഹികാരോഗ്യ കേന്ദ്രം. തസ്തിക പുനർവിന്യാസ ഉത്തരവ് റദ്ദാക്കിയ സർക്കാർ തീരുമാനം ജനങ്ങളുടെ ആരോഗ്യാവശ്യങ്ങൾ പരിഗണിച്ചുള്ള നടപടിയാണെന്നും പി.കെ. ഫിറോസ് എം.എൽ.എ പറഞ്ഞു.
Previous Post Next Post
3/TECH/col-right