Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ഒക്ടോബര്‍ 16, വെള്ളി
1202 | കന്നി 30 | തൃക്കേട്ട

◾  മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിനായി 23 ന് ഹാജരാകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. ഈ മാസം 14 നാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിജിലന്‍സ് കേസെടുത്ത് മൂന്നാം ദിവസമാണ് ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

◾  മാസപ്പടി, ഹവാല ഇടപാടുകള്‍ക്കു വിജിലന്‍സ് കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. വിജിലന്‍സ് എഫ്ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഹര്‍ജിക്കു നമ്പരായെങ്കിലും ഇന്നു പരിഗണിച്ചേക്കില്ല.

◾  മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ കേസ് അതിവേഗം പരിഗണിക്കണമെന്ന പിണറായിയുടെ അഭിഭാഷകന്റെ വാദം സുപ്രീം കോടതി തള്ളി. ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയന്‍ നല്‍കിയ അപ്പീലില്‍ അടിയന്തരവാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്. ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നത് പരിശോധിക്കാമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, ഇതിന് കഴിഞ്ഞില്ലെങ്കില്‍ ഈ മാസം 26ന് കേസ് കേള്‍ക്കാമെന്ന് അറിയിച്ചു.


◾  നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജവയ്പ് ദിനമായ തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. ഞായറാഴ്ച വൈകിട്ടാണ് പൂജവയ്പു ചടങ്ങുകള്‍ ആരംഭിക്കുന്നത്.  തിങ്കളാഴ്ച അഷ്ടമിയും ചൊവ്വാഴ്ച നവമിയും ഒക്ടോബര്‍ 21 ബുധനാഴ്ച വിജയദശമിയുമാണ്.

◾  ശബരിമല മില്‍മ നെയ് ക്രമക്കേടില്‍ മില്‍മയ്ക്ക് 75.5 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മന്ത്രി ബിന്ദു കൃഷ്ണ. മില്‍മ തിരുവനന്തപുരം യൂണിയനാണ് സാമ്പത്തിക നഷ്ടം സംഭവിച്ചത്. ക്രമക്കേട് വ്യക്തമായതോടെ യൂണിയന്‍ പിരിച്ചുവിട്ടു. ലിറ്ററിന് 552 രൂപ മൊത്തവിലയുള്ള നെയ് ലിറ്ററിന് ലിറ്ററിന് 510 രൂപക്ക് നല്‍കിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

◾  മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ സ്പോണ്‍സര്‍ ആയ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകള്‍ ഇല്ലെന്ന് കായിക വകുപ്പ്. പണം അയച്ചതിന്റെ ഔദ്യോഗിക രേഖകള്‍ കണ്ടെത്താനോ സ്ഥിരീകരിക്കാനോ സാധിച്ചിട്ടില്ലെന്നും കായിക മന്ത്രി ഒ.ജെ. ജെനീഷ് നിയമസഭയില്‍.

◾  രാഹുല്‍ ഗാന്ധിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍. ശ്രീലേഖക്കെതിരെ പുനലൂര്‍ പൊലീസ് കേസെടുത്തു. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂര്‍വം പ്രകോപനപരമായി പ്രസംഗിച്ചെന്നാണു കുറ്റം.

◾  പട്ടയ ഭൂമിയില്‍ നിന്ന് വ്യാപക മരം മുറിയ്ക്ക് വഴിയൊരുക്കി വീണ്ടും വനം വകുപ്പിന്റെ സര്‍ക്കുലര്‍. പ്രധാന പത്തിന മരങ്ങള്‍ ഒഴികെ ബാക്കിയുള്ളവ മുറിക്കാമെന്ന് കോട്ടയം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആണ് ഉത്തരവിറക്കിയത്.  മുട്ടില്‍ മോഡല്‍ മരം മുറിക്ക് വഴിയൊരുക്കുന്നതാണ് ഉത്തരവെന്നാണ് വനം ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

◾  ശബരിമല മണ്ഡലപൂജ, മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തര്‍ക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നതനുസരിച്ച് കൂടുതല്‍ ബസുകള്‍ ലഭ്യമാക്കും. ലീസ് വ്യവസ്ഥയില്‍ ബസുകള്‍ ഏര്‍പ്പെടുത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്. പമ്പ, നിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകള്‍ക്ക് പുറമെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍നിന്ന് വേറേയും സര്‍വീസുകളുണ്ട്.


◾  പ്രിയദര്‍ശിനി പദ്ധതിയിലൂടെയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കണമെന്നും മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. ആറ് സംഘടനകള്‍ അടങ്ങുന്ന സംയുക്ത സമിതിയാണ് സമരത്തിനൊരുങ്ങുന്നത്.

◾  രമ്യാ ഹരിദാസ് എംഎല്‍എക്കെതിരെ കൂന്തള്ളൂര്‍, കിഴുവിലം മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗത്തില്‍  പ്രമേയം.  പ്രാദേശിക നേതൃത്വവുമായി എംഎല്‍എ യോജിച്ചു പോകണമെന്നും ആസ്തി വികസന ഫണ്ട് ഉപയോഗിക്കാനുള്ള പദ്ധതികള്‍ നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

◾  ചിറ്റൂര്‍ മൂലത്തറയിലുണ്ടായ ആള്‍ക്കൂട്ട കൊലപാതകം നിയമസഭയില്‍ ഉന്നയിച്ച് എംഎല്‍എ സുമേഷ് അച്യുതന്‍. ഉത്തരേന്ത്യന്‍ മോഡലില്‍ നടന്ന ക്രൂരമായ ആക്രമണമാണ്. കൊല്ലപ്പെട്ടയാളുടെ ശരീരത്തില്‍ അമ്പതിലധികം മുറിവുകളുണ്ടായിരുന്നു. പോലീസ് സമയോചിതമായി ഇടപെട്ടെന്നും കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾  വിഡി സതീശനൊപ്പം നിന്നു എന്നതുകൊണ്ട് തനിക്കു മന്ത്രി സ്ഥാനം നഷ്ടപ്പെട്ടെന്ന ആരോപണത്തിന് മറുപടി നല്‍കേണ്ടത് പാര്‍ട്ടി നേതൃത്വവും മുഖ്യമന്ത്രിയുമാണ്. നമ്മള്‍ കാണുന്ന യോഗ്യതകളല്ലാതെ കല്‍പ്പിക്കപ്പെട്ട അയോഗ്യതകള്‍ ഉണ്ടോ എന്ന് അവരാണ് വ്യക്തമാക്കേണ്ടതെന്നു ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

◾  നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത പരാതിയില്‍ ഡെപ്യൂട്ടി സ്പീക്കറുടെ ഷാനിമോള്‍ ഉസ്മാന്റെ മൊഴി രേഖപ്പെടുത്തി. നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ പ്രതിയെ സഹായിക്കാന്‍ ഷാനിമോള്‍ ഉസ്മാന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം.

◾  ചൂരല്‍മല- മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് മുടങ്ങിയ വാടക ലഭിച്ചു തുടങ്ങി. ടൗണ്‍ഷിപ്പില്‍ വീടിനായി കാത്തിരിക്കുന്ന 287 പേര്‍ക്കായിരുന്നു വാടക മുടങ്ങിയത്. 1556 പേര്‍ക്ക് ദിനബത്തയും ലഭിച്ചു.


◾  ജനങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്താനും ക്ഷേമ-വികസന പദ്ധതികളുടെ സന്തോഷ ആഘാതം വിലയിരുത്താനും ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ 'ആനന്ദം' എന്ന പേരില്‍ പുതിയ വിഭാഗം വരുന്നു. എല്ലാ പഞ്ചായത്തുകളിലും ആളുകള്‍ക്ക് ഒന്നിച്ചിരുന്ന് സന്തോഷിക്കാന്‍ അംഫി കോര്‍ണറുകളും ഹാപ്പിനസ് സെന്ററുകളും സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഇതിലൂടെ നടപ്പാക്കുക.

◾  സിപിഎം കാസര്‍കോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. വീട്ടില്‍ പോയി പറയാന്‍ പറഞ്ഞതുപോലുള്ള പിണറായിയുടെ സമീപനം തോല്‍വിക്കു കാരണമായി. സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനം ഉണ്ടായില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

◾  കിഫ്ബിയെ പുകമറ സൃഷ്ടിച്ച് തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് മുന്‍ ധനമന്ത്രിയും എംഎല്‍എയുമായ കെ.എന്‍. ബാലഗോപാല്‍. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ കേരളത്തിന്റെ ഭാവി തകര്‍ക്കരുതെന്നും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി വലിയ സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾  എറണാകുളത്ത് സിനഗോഗിന് തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിന്റെ 'ബോസി'ലേക്ക് എത്താന്‍ പൊലീസ് ശ്രമം. എബിന്റെ ഫോണിലെ ബോസ് എന്ന ടെലഗ്രാം ഐഡി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ടെലഗ്രാം ചാറ്റുകളില്‍ വിശദ സൈബര്‍ പരിശോധന നടത്തും. വിവരങ്ങള്‍ തേടി ടെലഗ്രാമിന് കത്തും അയച്ചു. എബിന് മാനസിക പ്രശ്നമുണ്ടെന്നും സംശയമുണ്ട്.

◾  ഇടുക്കി പാംബ്ള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തമിഴ്നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശിയായ 18 കാരിയുടേതാണെന്നു പോലീസ്. കൊലപാതകം നടത്തി മൃതദേഹം കത്തിച്ചതിന് ആണ്‍സുഹൃത്തും ഇടുക്കി വട്ടപ്പാറ സ്വദേശിയുമായ 19 കാരന്‍ നിഷാന്തിനെ പൊലീസ് പിടികൂടി.

◾  ഭൂപ്രശ്നങ്ങള്‍ ഉന്നയിച്ച് ഇടുക്കി ജില്ലയില്‍ ഇന്നു സിപിഎം ഹര്‍ത്താല്‍. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ കെഡസ്ട്രല്‍ മാപ്പിലെ അവ്യക്തത നീക്കുക, സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുളള നീക്കം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

◾  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.

◾  മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പര്‍ ബസും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, ബസ് ഡ്രൈവര്‍ മൈസൂരു സ്വദേശി സുനില്‍, ബസ് ക്ലീനര്‍ മലയാളിയായ സുഹൈല്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

◾  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈല്‍ സജീവിന്റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം. വ്യാഴാഴ്ച രാത്രി പുറത്തുവന്ന സാമ്പിള്‍ പരിശോധന ഫലത്തിലാണ് ഇക്കാര്യമുള്ളതെന്ന് പൊലീസ് പറയുന്നു.

◾  വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച പ്രധാന പ്രതി അറസ്റ്റില്‍. പുതുക്കോട് മണപ്പാടം കണക്കന്നൂര്‍ സ്വദേശി രാജി എന്ന ഷിജുവാണ് അറസ്റ്റിലായത്. ഈ കേസിലെ മറ്റൊരു പ്രതിയായിരുന്ന തമിഴ്നാട് സ്വദേശി മാതേഷ് നേരത്തെ പിടിയിലായിരുന്നു.

◾  ഇന്ധന കയറ്റുമതിക്കുള്ള വിന്‍ഡ്‌ഫോള്‍ നികുതി നിരക്കു കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പെട്രോള്‍ കയറ്റുമതിക്കുള്ള നികുതി അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ച് ലിറ്ററിന് 50 പൈസയില്‍ നിന്ന് 2.50 രൂപയാക്കി. ഡീസലിന്റെ കയറ്റുമതി ഡ്യൂട്ടിയില്‍ ലിറ്ററിന് 7.50 രൂപ കുറച്ചു. 16 രൂപയില്‍ നിന്ന് 8.50 രൂപയായാണു കുറച്ചത്.

◾  ഹൂതി വിമതരുടെ അതിരൂക്ഷ ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും ഒക്ടോബര്‍ 20 വരെ നിര്‍ത്തിവച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളാണ് നിര്‍ത്തിവച്ചത്.

◾  ജനാധിപത്യത്തിന്റെ പേരു പറഞ്ഞ് അരാജകത്വം അഴിച്ചുവിടാനാകില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഭരണഘടന പോക്കറ്റിലിട്ട് രാഹുല്‍ഗാന്ധി അരാജകത്വം പ്രചരിപ്പിക്കുന്നു. ജനാധിപത്യത്തെ അഴിക്കുള്ളിലാക്കിയ ആളാണ് രാഹുലിന്റെ മുത്തശിയെന്ന കാര്യം ആരും മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

◾  റിപ്പബ്ലിക് ടിവി മാധ്യമപ്രവര്‍ത്തകര്‍ സിജെപി അംഗമായ വനിതയെ മര്‍ദിച്ചെന്ന് അഭിജീത് ദീപ്കെ. കൈമുട്ട് കൊണ്ട് വനിതാ അംഗത്തെ ഇടിച്ചെന്നും മര്‍ദിച്ചെന്നുമാണ് ആരോപണം. മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേന ഗുണ്ടകളെയാണു റിപ്പബ്ലിക് ടിവി സമരത്തിനിടിയിലേക്ക് എത്തിച്ചതെന്നും ദീപ്കെ ആരോപിച്ചു.

◾  മുംബൈയിലെ ഗോരേഗാവില്‍ ഒന്നരവയസ്സ് പ്രായമുള്ള കുഞ്ഞിനെ അയലത്തെ 10 വയസ്സുകാരി ഫ്ലാറ്റിന്റെ ആറാം നിലയില്‍നിന്നും എറിഞ്ഞു കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ 'ശിവഷാഹി' അപാര്‍ട്ട്മെന്റിലാണ്  സംഭവം നടന്നത്. പൊലീസ് കുട്ടിയെയും അമ്മയേയും കസ്റ്റഡിയില്‍ എടുത്തു.

◾  പാകിസ്ഥാനും അമേരിക്കയും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ പാകിസ്ഥാനൊപ്പം നില്‍ക്കുമെന്ന ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തില്‍. ബിജെപി രാജസ്ഥാന്‍ അധ്യക്ഷന്‍ മദന്‍ റാത്തോഡിന്റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി.

◾  തനിക്കെതിരെ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണമുണ്ടെന്നും ഡല്‍ഹി പോലീസ് തന്നെ കസ്റ്റഡിയിലെടുത്തേക്കാമെന്നും സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്കെ ആരോപിച്ചു. കോക്ക്റോച്ച് ജനതാ പാര്‍ട്ടി ആഹ്വാനം ചെയ്ത 'തിരംഗ മാര്‍ച്ച്' നടക്കാനിരിക്കെയാണ് ആരോപണം.

◾  ഡല്‍ഹി കൊണാട്ട് പ്ലേസില്‍ ഇന്ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സിജെപിയുടെ തിരംഗ മാര്‍ച്ച് നേരിടാന്‍ വന്‍ സുരക്ഷാ സന്നാഹം. സമരത്തിനു 11 പേര്‍ മാത്രമേ ആകാവൂവെന്ന് ഡല്‍ഹി പോലീസ് നിര്‍ദേശിച്ചിരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡല്‍ഹി അതിര്‍ത്തികളില്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അര്‍ദ്ധ സൈനിക വിഭാഗം ഉള്‍പ്പെടെ 20,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ ഇടങ്ങളില്‍ നിയോഗിക്കും.

◾  ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ 10 മണിക്കൂറോളം ധര്‍ണയിരുന്ന എന്‍ എസ് യു ഐ പ്രവര്‍ത്തകരെയും ജെബി മേത്തര്‍ എംപിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് അതിക്രമത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ.

◾  പ്രതിഷേധ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രസ് കൗണ്‍സില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. തിരിച്ചറിയല്‍ കാര്‍ഡ്, പ്രഥമശുശ്രൂഷാ കിറ്റ് എന്നിവ നിര്‍ബന്ധമാക്കിയതിനൊപ്പം വാര്‍ത്താശേഖരണത്തില്‍ നിഷ്പക്ഷത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

◾  ഡല്‍ഹിയില്‍ ദസറ ആഘോഷങ്ങള്‍ക്കിടെ രാവണന്‍, കുംഭകര്‍ണ്ണന്‍, മേഘനാദന്‍ എന്നിവരുടെ കോലങ്ങള്‍ക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും. തലസ്ഥാനത്ത് കോക്റോച്ച് ജനത പാര്‍ട്ടി പ്രതിഷേധം മോദി ഭരണത്തെ വിറപ്പിക്കുന്നതിനിടെയാണ് പാറ്റയുടെ കോലം കത്തിക്കുന്നത്. ബിജെപി എംഎല്‍എയായ അശോക് ഗോയല്‍ ദേവരഹ അധ്യക്ഷനായുള്ള ശ്രീ കേശവ് രാംലീല കമ്മിറ്റി ആണ് പാറ്റയുടെ കോലം കത്തിക്കുന്നത്.

◾  ഉത്തരാഖണ്ഡില്‍ ഭര്‍ത്താവിനെതിരെ ഗുരുതര പരാതിയുമായി വനിത, ശിശുവികസന വകുപ്പ് മന്ത്രി രേഖ ആര്യ. ഭര്‍ത്താവ് ഗിരിധാരി ലാല്‍ സാഹുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഗര്‍ഹി കാന്റ് പൊലീസ് കേസെടുത്തു.

◾  റഷ്യയില്‍ വന്‍ ഭൂചലനം. റഷ്യയുടെ കിഴക്കന്‍ തീരമേഖലയിലുള്ള കാംചാത്ക ഉപദ്വീപിലാണ് അതിശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയതായാണു റിപ്പോര്‍ട്ട്.

◾  അമേരിക്കയിലെ ഒറിഗണിലെ ബെന്‍ഡിലുള്ള എലിമെന്ററി സ്‌കൂളിലുണ്ടായ വെടിവയ്പില്‍ മൂന്ന് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 5, 8, 11 വയസ്സ് പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. 16 വയസ്സുള്ള അക്രമിയെ സ്‌കൂളിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രദേശവാസിയായ ഒരാള്‍ അക്രമിയെ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ ഏഴ് വയസ്സുള്ള ഒരു കുട്ടിക്കും മറ്റൊരു അധ്യാപകനും പരിക്കേറ്റിട്ടുണ്ട്.

◾  ഗള്‍ഫ് രാജ്യങ്ങളിലെ 84 തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ അമേരിക്കയുടെ പശ്ചിമേഷ്യന്‍ യുദ്ധതന്ത്രങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയായെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. സൗദി അറേബ്യ, യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകള്‍, തുറമുഖങ്ങള്‍, ആണവനിലയങ്ങള്‍ എന്നിവയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

◾  ഉത്സവ സീസണ്‍ പടിവാതിലില്‍ എത്തി നില്‍ക്കെ രാജ്യത്തെ പ്രമുഖ മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ ഗോള്‍ഡ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടുകളിലെ പുതിയ നിക്ഷേപങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു (ഒക്ടോബര്‍ 16) മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ നിയന്ത്രണം അനുസരിച്ച് പുതിയ ലംപ്സം നിക്ഷേപങ്ങളും പുതിയ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളും സ്വീകരിക്കില്ല. ഈ നിയന്ത്രണങ്ങള്‍ പുതിയ നിക്ഷേപകര്‍ക്ക് മാത്രമാണ് ബാധകം. നിലവിലുള്ള എസ്ഐപി, എസ്ടിപി തവണകള്‍ തടസമില്ലാതെ തുടരും. കൂടാതെ, നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കുന്നതിനോ സ്വിച്ച്-ഔട്ട് ചെയ്യുന്നതിനോ യാതൊരു തടസവുമുണ്ടാകില്ല. കൂടാതെ, ഫിസിക്കല്‍ ഗോള്‍ഡ് വാങ്ങുന്നതിനോ നേരിട്ട് ഗോള്‍ഡ് ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നതിനോ ഈ വിലക്ക് ബാധകമല്ലെന്നും ഫണ്ട് ഹൗസുകള്‍ വ്യക്തമാക്കുന്നു. ഉത്സവ സീസണില്‍ ഇടിഎഫുകളിലേക്ക് വന്‍തോതില്‍ പണമൊഴുകാന്‍ സാധ്യതയുള്ളതിനാലാണ് സെബി മുന്‍കരുതല്‍ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾  ആപ്പിള്‍ ഇന്റലിജന്‍സ് ഒടുവില്‍ ചൈനയിലെത്തുന്നു. ആപ്പിള്‍ ഉപകരണങ്ങളിലെ നിര്‍മിതബുദ്ധി അധിഷ്ഠിത സേവനങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചൈനയിലെത്തുന്നത്. ചൈനീസ് വിപണിയിലുള്ള അനുയോജ്യമായ ഐഫോണുകളില്‍ ഇതോടെ ആപ്പിള്‍ ഇന്റലിജന്‍സ് എത്തും. ആലിബാബയുടെ എഐ മോഡലുകള്‍ ആപ്പിള്‍ ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ ചൈനീസ് അധികൃതര്‍ അനുമതി നല്‍കി. ഐഫോണ്‍ ഡ്യുവോ ചൈനീസ് വിപണിയില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഈ നീക്കങ്ങള്‍. ഐഫോണ്‍ ഡ്യുവോ, ഐഫോണ്‍ 18 പ്രോ, എന്നിവയിലും മുന്‍ മോഡലുകളിലും ആലിബാബയുടെ എഐ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ചൈനയിലെ വ്യവസായ, ഐടി മന്ത്രാലയം അനുമതി നല്‍കി. ക്വെന്‍ എഐ, എഐ ചിത്രങ്ങളും വീഡിയോകളും നിര്‍മിക്കുന്ന ടോങ് യി വാന്‍ക്സിയാങ് എന്നിവ ഇക്കൂട്ടത്തില്‍ പെടും.

◾  രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത 'ജയിലര്‍ 2' തിയേറ്ററില്‍ നിറഞ്ഞോടുകയാണ്. പുറത്തിറങ്ങി രണ്ടാം ദിവസവും ആരാധകര്‍ തിയേറ്ററിലേക്ക് ഒഴുകുന്നു. 2023-ല്‍ പുറത്തിറങ്ങിയ 'ജയിലറി'ന്റെ രണ്ടാം ഭാഗമായ ചിത്രം ഇതുവരെ 125.25 കോടി കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനിടെ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം ചര്‍ച്ചയാവുകയാണ്. 110 കോടി രൂപയാണ് തലൈവര്‍ രജനീകാന്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. പണമായുള്ള പ്രതിഫലത്തിന് പുറമേ, കരാര്‍ പ്രകാരം ലാഭവിഹിതവും താരത്തിന് ലഭിക്കും. അങ്ങനെ ചിത്രം വന്‍വിജയമായി മാറിയാല്‍ 180 കോടിവരെ രജനീകാന്തിന് പ്രതിഫല ഇനത്തില്‍ ലഭിക്കും. അതിഥി വേഷത്തിന് ഹൃത്വിക് റോഷന്‍ 25 കോടി വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ആറുകോടിയാണ് വിദ്യാ ബാലന്റെ പ്രതിഫലം. എട്ടുകോടിയാണ് ശിവരാജ് കുമാറിന്റെ പ്രതിഫലം. അതേസമയം, മോഹന്‍ലാലിന്റെ പ്രതിഫലത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

◾  കാര്‍ത്തി ഡബിള്‍ റോളില്‍ എത്തിയ 'സര്‍ദാര്‍ 2'ലെ വീഡിയോ ഗാനമെത്തി. സാം സി.എസ് സംഗീതം നല്‍കിയ ഈ സാഡ് മെലഡി ഗാനം ആലപിച്ചിരിക്കുന്നത് അലക്‌സാന്ദ്ര ജോയ്, സുബ്ലാഷിനി എന്നിവരാണ്. വിവേകിന്റേതാണ് വരികള്‍. 2022ല്‍ പുറത്തെത്തിയ സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സര്‍ദാറിന്റെ സീക്വല്‍ ആണിത്. സര്‍ദാര്‍ ഒരുക്കിയ പി എസ് മിത്രന്‍ തന്നെയാണ് സംവിധാനം. സര്‍ദാര്‍ എന്ന് കോഡ് നാമമുള്ള ചന്ദ്ര ബോസ് ആയും ഇന്‍സ്പെക്ടര്‍ വിജയ് പ്രകാശ് ആയും ആണ് കാര്‍ത്തി എത്തിയിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ നിന്ന് സീക്വലില്‍ എത്തിയിരിക്കുന്ന മറ്റൊരാള്‍ രജിഷ വിജയന്‍ ആണ്. എസ് ജെ സൂര്യയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ആഷിക രംഗനാഥ്, മാളവിക മോഹനന്‍, യോഗി ബാബു, വിടിവി ഗണേഷ്, ഷാ റാ, ബാബു ആന്റണി, ഒ എ കെ സുന്ദര്‍, അന്‍പു താസന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

◾  'ഭാവിയില്‍ പറക്കുന്ന കാറുകള്‍ ഉണ്ടാകുമെന്ന് ഒടുവില്‍ തെളിഞ്ഞിരിക്കുന്നു' എന്ന കുറിപ്പോടെ ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ ടെസ്ലയുടെ പുതിയ റോഡ്സ്റ്റര്‍ സൂപ്പര്‍കാര്‍. ടെക് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് പുത്തന്‍ രൂപകല്‍പ്പനയിലുള്ള ടെസ്ല റോഡ്സ്റ്റര്‍ തലകീഴായി ഓടുകയും കുറഞ്ഞ ദൂരം വായുവില്‍ പറക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്‌പേസ്എക്സിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ അദ്ഭുതം സാധ്യമാക്കിയത്. ടെക്‌സസില്‍ നടന്ന പ്രദര്‍ശനത്തില്‍ വലിയ വളഞ്ഞ റാമ്പിലൂടെ മുകളിലേക്ക് കയറിയ കാര്‍, അതിനുമുകളിലൂടെ തലകീഴായി സഞ്ചരിക്കുകയും, തുടര്‍ന്ന് കുറഞ്ഞ ദൂരം വായുവില്‍ പറന്ന് സുരക്ഷിതമായി താഴെയിറങ്ങുകയും ചെയ്തു. സ്‌പേസ്എക്സ് വികസിപ്പിച്ചെടുത്ത 'കോള്‍ഡ്-ഗ്യാസ് ത്രസ്റ്റേഴ്‌സ്' ആണ് ഈ പുതിയ റോഡ്സ്റ്ററിലെ പ്രധാന ആകര്‍ഷണം. ഉയര്‍ന്ന മര്‍ദത്തിലുള്ള ഗ്യാസ് ഉപയോഗിച്ച് ശക്തമായ തള്ളല്‍ സൃഷ്ടിക്കുന്ന സംവിധാനമാണിത്.

◾  റൊസാരിയോയിലെ ഒരു ഫാക്ടറിത്തൊഴിലാളിയുടെ മകനായി ജനിച്ച്, കുട്ടിക്കാലത്ത് വളര്‍ച്ചാപ്രശ്‌നങ്ങള്‍ നേരിട്ടും സാമ്പത്തികപ്രതിസന്ധികള്‍ക്കിടയിലൂടെയും കടന്നുപോയ ലിയോ, ലോകഫുട്‌ബോള്‍ ഇതിഹാസമായ ലയണല്‍ മെസ്സിയിലേക്കു വളര്‍ന്നതിനു പിന്നില്‍ കഠിനാദ്ധ്വാനവും അചഞ്ചലമായ മനസ്സുമുണ്ട്. ആ വളര്‍ച്ചയുടെ മൂന്നു പതിറ്റാണ്ടുകളെ ഈ പുസ്തകം അടയാളപ്പെടുത്തുന്നു. ശാരീരികക്ഷമതയുടെ മാത്രം കളിയല്ല, സര്‍ഗാത്മകമായ മുന്നേറ്റങ്ങളുടെയും തനതുശൈലിയുടെയും മാസ്മരികതകൂടിയാണ് ഫുട്‌ബോള്‍ എന്നു തെളിയിച്ച കാല്‍പ്പന്ത് ഇതിഹാസത്തിന്റെ ജീവിതകഥ. 'ലയണല്‍ മെസ്സി'. പരിഷ്‌കരിച്ച പതിപ്പ്. കെ.വി അനൂപ്. മാതൃഭൂമി. വില 161 രൂപ.

◾  ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് കുട്ടികള്‍ ലെഡ് സമ്പര്‍ക്കത്തിന് വിധേയരാകുന്നുവെന്നും തടയാന്‍ ഇടപെടല്‍ അനിവാര്യമെന്നും ലോകാരോഗ്യസംഘടന. ആഗോളതലത്തില്‍ പ്രതിവര്‍ഷം ഉണ്ടാകുന്ന 35 ലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമാകുന്ന ആരോഗ്യ ഭീഷണിയാണ് ലെഡ് സമ്പര്‍ക്കം. പൊതുജനാരോഗ്യത്തിന് ആരോഗ്യഭീഷണിയാകുന്ന 10 രാസവസ്തുക്കളില്‍ ഒന്നായാണ് ലെഡിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍സെനിക്, ആസ്ബറ്റോസ്, മെര്‍ക്കുറി, അപകടകരമായ കീടനാശിനികള്‍ എന്നിവയ്ക്കൊപ്പമാണ് ലെഡിനെയും കണക്കാക്കുന്നത്. കുട്ടികളുടെ വളര്‍ച്ചാകാലങ്ങളില്‍ ലെഡ് സമ്പര്‍ക്കം കൂടുന്നത് മസ്തിഷ്‌ക വളര്‍ച്ചയെയും നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. 3.5 മൈക്രോഗ്രാം ലെഡുമായുള്ള സമ്പര്‍ക്കംപോലും കുട്ടികളില്‍ ബുദ്ധിശക്തി കുറയുക, പെരുമാറ്റ വൈകല്യങ്ങള്‍, പഠന വൈകല്യങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ലെഡ് ശരീരത്തില്‍ പ്രവേശിച്ചാല്‍ വൃക്കകള്‍, മസ്തിഷ്‌കം, കരള്‍ തുടങ്ങിയ അവയവങ്ങളിലേക്കും അസ്ഥികളിലേക്കും വ്യാപിക്കും. പെയിന്റ്, പാത്രങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, വ്യാവസായിക മലിനീകരണം തുടങ്ങിയ വിവിധ സ്രോതസ്സുകളിലൂടെയാണ് ലെഡ് സമ്പര്‍ക്കം ഉണ്ടാകുന്നത്. വയറുവേദന, അമിതമായ ഉത്കണ്ഠ, തലവേദന, ഛര്‍ദ്ദി, ക്ഷീണം, വിളര്‍ച്ച, കാലുകളിലും പാദങ്ങളിലും മരവിപ്പ്, വന്ധ്യത, വൃക്കയിലെ പ്രശ്നം എന്നിവ ലെഡ് വിഷബാധയുടെ ലക്ഷണങ്ങളാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.94, പൗണ്ട് - 126.47, യൂറോ - 106.80, സ്വിസ് ഫ്രാങ്ക് - 115.23, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.10, ബഹറിന്‍ ദിനാര്‍ - 251.54, കുവൈത്ത് ദിനാര്‍ -305.48, ഒമാനി റിയാല്‍ - 246.92, സൗദി റിയാല്‍ - 25.09, യു.എ.ഇ ദിര്‍ഹം - 25.88, ഖത്തര്‍ റിയാല്‍ - 25.79, കനേഡിയന്‍ ഡോളര്‍ - 67.06.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right