കിഴക്കോത്ത്: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 18-ലെ കണ്ടിയിൽ ഉത്സവം അംഗണവാടിയിൽ കുട്ടികൾ ക്ലാസിലിരിക്കെ ബിജെപി നേതാക്കളും പ്രവർത്തകരും എത്തി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി യോഗം നടത്തുകയും അംഗണവാടി അധ്യാപികയെ ആദരിക്കുകയും ചെയ്തതായി ആരോപണം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്‌ഡിപിഐ രംഗത്ത്.
എസ്‌ഡിപിഐ കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് കൊന്തളത്ത് റസാഖ് കൊടുവള്ളി ഐസിഡിഎസ് ശിശുവികസന പദ്ധതി ഓഫീസർക്ക് (CDPO) പരാതി നൽകി. അംഗണവാടി കെട്ടിടവും പ്രവർത്തനസമയവും രാഷ്ട്രീയ പരിപാടിക്കായി ഉപയോഗിച്ചിട്ടുണ്ടോ, പരിപാടിക്ക് ഔദ്യോഗിക അനുമതി ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമെന്നാണ് ആവശ്യം.
ചടങ്ങിന്റെ ഫോട്ടോ, വീഡിയോ, രജിസ്റ്റർ രേഖകൾ എന്നിവ പരിശോധിച്ച് ചട്ടലംഘനം കണ്ടെത്തിയാൽ നടപടി സ്വീകരിക്കണമെന്നും, ഭാവിയിൽ അംഗണവാടികൾ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും എസ്‌ഡിപിഐ കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പരാതിയുടെ പകർപ്പ് കോഴിക്കോട് ജില്ലാ വനിതാ-ശിശു വികസന ഓഫീസർ, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും നൽകി.
കൊന്തളത്ത് റസാഖ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി മോൻടി അബൂബക്കർ, പിടി റഷീദ്, അബ്ദുല്ല വായാറ്റിൽ, പിപി മൂസ, സൈനുദ്ധീൻ കത്തറമ്മൽ, പികെ അബൂബക്കർ , ബഷീർ പരപ്പാറ തുടങ്ങിയവർ സംസാരിച്ചു.
Tags:
KODUVALLY