Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ഒക്ടോബര്‍ 7, ബുധന്‍ 
1202 | കന്നി 21 | മകം

◾  വികസിത ഭാരതം 2047ല്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ഇന്ത്യയില്‍ ഒളിംപിക്സ് നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി, പ്രധാനമന്ത്രി പദവികളിലെത്തിയതിന്റെ 25 ാം വാര്‍ഷികാഘോഷമായ വികസിത് ഭാരത് സങ്കല്‍പ് സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനും രാജ്യത്തെ ആഗോള ഉല്‍പ്പാദന ഹബ് ആക്കാനുമുള്ള ശ്രമം ഉടനേ ഫലംകാണും. 25 വര്‍ഷം ഭരണരംഗത്ത് ഉണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചിട്ടില്ലെന്നും ജനങ്ങള്‍ക്കു നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

◾  വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുടെ മഹാരാഷ്ട്രയിലെ സിന്നര്‍ പദ്ധതിയില്‍ നിന്ന് 300 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ പുനരുപയോഗ ഊര്‍ജ സംഭരണം, അധിക വൈദ്യുതി ലഭ്യത, സാങ്കേതിക സഹകരണം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളില്‍ സമഗ്രമായ ധാരണയിലെത്തി. മുഖ്യമന്ത്രി പറഞ്ഞു.

◾  മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറുടെ ഓഫീസിലേക്കു മാര്‍ച്ചു നടത്തിയ രാഹുല്‍ഗാന്ധി ഉള്‍പ്പെടെ ഇന്ത്യാ സഖ്യം എംപിമാരും സമരക്കാരും അനുമതിയില്ലാതെ ആകാശവാണി ഭവന്‍ കാമ്പസിലേക്കു കയറിയെന്ന് ആരോപിച്ച് പൊലീസ് കേസെടുത്തു. ഓള്‍ ഇന്ത്യ റേഡിയോയുടെ പരാതിയിലാണ് കേസെടുത്തത്. തെരഞ്ഞെടുപ്പു കമ്മീഷന്‍ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് പോലീസ് ഓള്‍ ഇന്ത്യ റേഡിയോ മന്ദിരത്തിനു മുന്നിലാണ് തടഞ്ഞത്.

◾  കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് ആദ്യ പരിഗണനയെന്നും കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

◾  സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍, ജീവിതശൈലി രോഗങ്ങളുടെ മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയ എല്ലാത്തരം മരുന്നുകളുടെയും വിതരണം സുഗമമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു.



◾  പൊതുമരാമത്തു സെക്രട്ടറിയായിരുന്ന കാലത്ത് ഗ്യാനേഷ് കുമാര്‍ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണ നടപടികള്‍ ആഭ്യന്തര വകുപ്പ് വേഗത്തിലാക്കി. കെ എസ് ടി പി പദ്ധതിയിലെ ക്രമക്കേട്, ഉദ്യോഗസ്ഥ തലത്തിലെ ഇടപെടല്‍, മലേഷ്യന്‍ കമ്പനിയിലെ എഞ്ചിനീയറുടെ ആത്മഹത്യയില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിന്റെ പങ്ക് തുടങ്ങിയ കാര്യങ്ങളാവും അന്വേഷിക്കുക.

◾  ആരോഗ്യവും ദീര്‍ഘായുസും ഒന്നിച്ച് ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യ മന്ത്രി വൈസ് ചെയര്‍മാനും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അംഗങ്ങളുമായി 'കേരള ഹോളിസ്റ്റിക് മോഡല്‍ ഫോര്‍ ഹെല്‍ത്ത്, വെല്‍നെസ് ആന്‍ഡ് ലോങ്ജിവിറ്റി ടാസ്‌ക് ഫോഴ്സ്' നാണ് രൂപം നല്‍കിയത്.

◾  തദ്ദേശ വകുപ്പില്‍ വനിതാ ഐഎഎസ് ഓഫീസര്‍മാര്‍ മാലിന്യത്തിന്റെ പേരില്‍ തമ്മിലടി. മാലിന്യനിര്‍മാര്‍ജനത്തിന് തദ്ദേശ വകുപ്പിന്റേതായി രണ്ട് പദ്ധതികള്‍ ആവിഷ്‌കരിച്ചു. നിര്‍മ്മലം പദ്ധതിക്ക് പുറമെ ഐസി 100 ചലഞ്ച് എന്ന പേരിലും പദ്ധതി ആരംഭിച്ചു. തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്. അയ്യരും തമ്മിലെ തര്‍ക്കമാണ് കാരണം.

◾  റാഗിങ് തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പുതിയ മാര്‍ഗരേഖയില്‍ ഹോസ്റ്റലുകള്‍, പൊതുസ്ഥലങ്ങള്‍, പൊതു-സ്വകാര്യ വാഹനങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ഉപദ്രവങ്ങളും റാഗിങ്ങിന്റെ പരിധിയില്‍വരും.

◾  പാലക്കാട് സിപിഎം മുന്‍ ജില്ലാ സെക്രട്ടറി ഇ എം സുരേഷ് ബാബുവിനെതിരായ ലൈംഗികാരോപണം നിയമ നടപടിയിലേക്ക്. കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയല്‍ ഡിജിപിക്കു നല്‍കിയ പരാതി അന്വേഷണത്തിനും ആവശ്യമായ നടപടികള്‍ക്കുമായി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. പീഡന ആരോപണത്തില്‍ സുരേഷ് ബാബുവിനെതിരെയും പീഡനം മറച്ചുവച്ചതിന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

◾  ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ ഭാര്യ മാതാവ് ലില്ലി ജോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കല്പറ്റ ജില്ലാ സെഷന്‍സ് കോടതി തള്ളി. ലില്ലി പ്രതിയല്ലാത്തതിനാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. പ്രതി ചേര്‍ക്കുകയാണെങ്കില്‍ ലില്ലിക്ക് നോട്ടീസ് നല്‍കിയ ശേഷമേ അറസ്റ്റു ചെയ്യാവൂ എന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. അളവില്‍ കവിഞ്ഞ മദ്യശേഖരം പിടിച്ചെടുത്ത വീട് ഭാര്യ മാതാവ് ലില്ലിയുടേതാണെന്നായിരുന്നു ആന്റോ ആഗസ്റ്റിന്റെ മൊഴി.


◾  ഇടുക്കിയിലെ ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തുന്ന ചക്കക്കൊമ്പന്‍ ഉള്‍പ്പെടെ രണ്ട് കാട്ടാനകളെ മയക്കു വെടിവെച്ച് പിടികൂടുന്ന ദൗത്യം ഇനിയും നീളും. ഹൈക്കോടതി നിര്‍ദേശമനുസരിച്ചായിരിക്കും നടപടികളെന്ന് വനംമന്ത്രി ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. ചക്കക്കൊമ്പന്‍ നാലു പേരുടെയും മുറിവാലിപ്പിടി മൂന്നു പേരുടെയും ജീവനെടുത്തിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്.

◾  കളമശ്ശേരി കൂട്ടബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ കൂടി പിടിയിലായി. രണ്ടാം പ്രതി അമ്മു എന്ന ശരണ്യയെയും നാലാംപ്രതി ജിതിനെയുമാണ് പുല്‍പ്പള്ളിയില്‍നിന്നു പൊലീസ് പിടികൂടിയത്. പത്തടിപ്പാലത്തെ സ്പായില്‍ ജോലി വാഗ്ദാനംചെയ്താണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. കേസില്‍ ഒന്നാംപ്രതി ശ്രീരാജ്, മൂന്നാംപ്രതി ജിത്ത് മാര്‍ട്ടിന്‍ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

◾  ആരോഗ്യവകുപ്പിന് കീഴിലുള്ള സിമെറ്റില്‍ സീനിയര്‍ സൂപ്രണ്ടായി പ്രവര്‍ത്തിക്കുന്ന ബിജെപി നേതാവ് രതീഷ് ആര്‍ നായരെ പിരിച്ചുവിടാന്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി. എന്‍ജിഒ സംഘിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു ഇദ്ദേഹം.

◾  സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചു. 4,068 കിലോലിറ്റര്‍ മണ്ണെണ്ണയാണു നിലവില്‍ ത്രൈമാസ വിഹിതം. അതു 9,564 കിലോലിറ്ററായി വര്‍ധിപ്പിക്കണമെന്നാണു ആവശ്യം.

◾  സിപിഎം പത്തനംതിട്ട, ഇടുക്കി വിശാല ജില്ല കമ്മിറ്റി യോഗങ്ങളില്‍ നേതൃത്വത്തിന് രൂക്ഷവിമര്‍ശനം. രണ്ടാം പിണറായി സര്‍ക്കാര്‍ സാധാരണക്കാരനെ മറന്നെന്ന് പ്രതിനിധികള്‍. കോടിയേരിയുടെ മകനും പിണറായിയുടെ മകള്‍ക്കും പാര്‍ട്ടിയില്‍ രണ്ട് നീതിയെന്നും വിമര്‍ശനമുയര്‍ന്നു.

◾  കാപ്പാ കേസില്‍ ജയില്‍ മോചിതനായ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആര്‍ സുഗതനെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയായി അവതരിപ്പിച്ച് ബിജെപി. പാര്‍ട്ടി പരിപാടിയിലേയ്ക്ക് എത്തിയ സുഗതനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്വീകരിച്ചു.


◾  സര്‍ക്കാര്‍ കോളേജുകളുടെ നിയന്ത്രണത്തിലുള്ള ഹോസ്റ്റലുകളില്‍ അനധികൃത താമസക്കാരെ ഒഴിവാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഹോസ്റ്റലുകളിലെ വാര്‍ഡന്‍, ട്യൂട്ടര്‍ നിയമനം, മധ്യവേനലവധിക്കാലത്തെ പ്രവര്‍ത്തനം, അനധികൃത താമസക്കാരെ ഒഴിവാക്കല്‍ എന്നിവ സംബന്ധിച്ചാണ് സര്‍ക്കുലര്‍ ഇറക്കിയത്. ഡ്രായിങ് ആന്‍ഡ് ഡിസ്ബര്‍സിങ് അധികാരമുള്ള അധ്യാപകരെയാണ് പ്രിന്‍സിപ്പല്‍മാര്‍ വാര്‍ഡനായി നിയമിക്കേണ്ടത്. മധ്യവേനലവധിക്കു കോളേജുകള്‍ക്കൊപ്പം ഹോസ്റ്റലുകള്‍ക്കും അവധിയായിരിക്കും.

◾  യുഡിഎഫിന്റെ പോക്ക് ശരിയല്ലെന്ന് വി. ശിവന്‍കുട്ടി പറയുന്നത് കേട്ടാല്‍ ചിരിക്കുകയല്ലാതെ എന്ത് ചെയ്യാനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ഇല്ലായിരുന്നുവെങ്കില്‍ പി എം ശ്രീ വിഷയത്തില്‍ എല്‍ഡിഎഫിന്റെ നയം സിപിഎം അടിയറവ് പറയുമായിരുന്നുവെന്ന് ബിനോയ് വിശ്വം ആരോപിച്ചു.

◾  ഭക്തരോട് സഹാനുഭൂതിയോടുകൂടി ഇടപഴകണമെന്നും റോഡ് അപകടങ്ങള്‍ ഉണ്ടായാല്‍ അതീവ ഗൗരവത്തോടെ കാണണമെന്നും ശബരിമലയില്‍ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്  ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. ദര്‍ശനത്തിന് എത്തുന്ന വരെ ഒരു കാരണവശാലും തടയരതെന്നും  ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചു.

◾  സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. തൃശൂര്‍, എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി സഹകരണ ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലുമാണ് റെയ്ഡ്.

◾  എടത്തല കോമ്പാറയിലെ എന്‍എഡിയിലെ ചീഫ് ഡ്രാഫ്റ്റ്സ്മാനും ജൂനിയര്‍ ഡിസൈന്‍ ഓഫിസറുമായ മുഹമ്മദ് അഷ്റഫിന്റെ ഔദ്യോഗിക സീല്‍ ദുരുപയോഗം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയെന്ന പരാതിയില്‍ ലീഡിങ് ഫയര്‍മാന്‍ എം വി ജിജിത്തിനെതിരെ പൊലീസ് കേസെടുത്തു.


◾  മഞ്ചേരി നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരനായ കൃഷ്ണന്‍കുട്ടി റോഡ് വൃത്തിയാക്കുന്നതിനിടെ ലഭിച്ച 25 പവന്‍ സ്വര്‍ണം ഉടമസ്ഥന് തിരികെ നല്‍കി മാതൃകയായി. കിഴിശ്ശേരിയിലെ തൗഫീഖ് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം ഉരുക്കുന്നതിനായി മഞ്ചേരിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ജ്വല്ലറി ജീവനക്കാരന്റെ കൈയില്‍ നിന്നും സ്വര്‍ണം നഷ്ടപ്പെട്ടത്.

◾  മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ യൂട്യൂബര്‍ അശ്വന്ത് കോക്ക് ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസന്‍സ്. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് കൂടി അശ്വന്ത് കോക്കിനെതിരെ കേസ് എടുക്കും. അഞ്ചു വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

◾  മുപ്പതു കോടി രൂപയുടെ തിരുവോണം ബംപര്‍ ഭാഗ്യശാലി ബംപര്‍ ടിക്കറ്റ് ബാങ്കില്‍ ഏല്പിച്ചു. ലോട്ടറി വകുപ്പാണ് വിവരം സ്ഥിരീകരിച്ചത്. ഭാഗ്യശാലി അജ്ഞാതനായി തുടരും. അതേസമയം, ടിക്കറ്റുകള്‍ക്ക് സമ്മാനത്തുക ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു.

◾  ശുചിമുറി ഉപയോഗിക്കുന്നതിനുള്ള 10 രൂപ ഗൂഗിള്‍ പേ വഴി നല്‍കാമെന്ന് പറഞ്ഞ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ രണ്ട് ശുചിമുറി ജീവനക്കാര്‍ അറസ്റ്റില്‍. മറൈന്‍ ഡ്രൈവിലെ ശുചിമുറി ജീവനക്കാരായ കളമശേരി കൊടിയില്‍വീട്ടില്‍ എസ് അജിത്ത് (44), വരാപ്പുഴ എടമ്പാടം മഠത്തിപ്പറമ്പില്‍ എം എം റോബിന്‍ എന്നിവരാണ് അറസ്റ്റിലായത്.

◾  തിരുവനന്തപുരം കല്ലമ്പലത്ത് എംബിബിഎസ് വിദ്യാര്‍ത്ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിളിമാനൂര്‍ തട്ടത്തുമല സ്വദേശി ആഷിക്കാണ് മരിച്ചത്. കല്ലമ്പലം ദേശീയപാതയോട് ചേര്‍ന്നുള്ള സര്‍വീസ് റോഡിലാണ് കാര്‍ കണ്ടെത്തിയത്.

◾  ജലഗതാഗത വകുപ്പ് ഓഫീസില്‍ കയറി ജീവനക്കാരെയും മറ്റൊരാളെയും ആക്രമിച്ച കേസില്‍ തോപ്പുംപടി സ്വദേശി മുപ്പത്തേഴുകാരനായ വിഷ്ണു കണ്ണന്‍ എന്ന മൈന്‍ഡ് കണ്ണന്‍ അറസ്റ്റിലായി.

◾  ചന്ദ്രനിലേക്കുള്ള ഗഗന്‍യാന്‍ ആളില്ല ദൗത്യത്തിന്റെ ഒരുക്കങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കുമെന്ന് എല്‍പിഎസ് സി മേധാവി എന്‍. ജയന്‍. ദൗത്യം ഈ വര്‍ഷം അവസാനത്തോടെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾  ഉത്തര്‍പ്രദേശിലെ മീററ്റ് ലോഹ്യനഗര്‍ സ്വദേശി താലിബിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ താലിബിന്റെ ഭാര്യയും ബ്യൂട്ടീഷ്യനുമായ ഇല്‍മ പൊലീസിന്റെ പിടിയിലായി. ഇല്‍മയുടെ കാമുകന്‍ അമനും ഇയാളുടെ സുഹൃത്തിനും കൃത്യത്തില്‍ പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു.

◾  ഉത്തരാഖണ്ഡില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തി. ഇതിന്റെ പ്രകമ്പനം ഡല്‍ഹിയില്‍ ഉള്‍പ്പെടെ അനുഭവപ്പെട്ടു.  ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രമെന്നും സ്ഥിരീകരണമുണ്ടായി.

◾  വിവാഹത്തട്ടിപ്പിനിരയായി പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി നേതാവ്. ആം ആദ്മി പാര്‍ട്ടി ജോയിന്റ് സെക്രട്ടറിയായ അമരീന്ദര്‍ സിങ് മണ്ഡോഫാല്‍ ആണ് വിവാഹത്തിന് പിന്നാലെ ഭാര്യ പണവും സ്വര്‍ണവുമായി മുങ്ങിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.

◾  ഹൂതി വിമതര്‍ സൗദി അറേബ്യയിലെ റിയാദിന് വടക്കന്‍ മേഖല ലക്ഷ്യമാക്കി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി തകര്‍ത്തതായി സൗദി സഖ്യസേന അറിയിച്ചു.

◾  പുതിയ തൊഴില്‍ വിസയില്‍ സൗദി അറേബ്യയിലേക്ക് വരുന്ന വിദഗ്ധരായ തൊഴിലാളികള്‍ക്ക്, സ്വന്തം തൊഴില്‍ വിസ നടപടികള്‍ക്കൊപ്പം തന്നെ കുടുംബാംഗങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുമതി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഈ നിര്‍ണായക തീരുമാനം പുറപ്പെടുവിച്ചത്.

◾  ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം രൂക്ഷമാകുന്നു. ക്ലാസ് മുറികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും അധ്യാപകരുടെ ഒഴിവുകള്‍ നികത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിഷേധം പാരീസ് അടക്കം മുപ്പതോളം നഗരങ്ങളിലാണ് നടക്കുന്നത്. 25ലധികം സ്‌കൂളുകള്‍ക്ക് പ്രക്ഷോഭകാരികള്‍ തീയിട്ടു. രണ്ടായിരത്തിലേറെ സ്‌കൂളുകള്‍ അടച്ചിട്ടു.

◾  യുഎസിനെ നടുക്കിയ വെടിവയ്പില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനുള്ള വധശിക്ഷ വെടിവച്ച് നടപ്പാക്കാന്‍ അനുമതി. മുന്‍ ആര്‍മി മേജര്‍ നിദാല്‍ മാലിക്ക് ഹസ്സനെ വെടിവച്ചു കൊല്ലാനാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈന്യത്തിന് അനുമതി നല്‍കിയത്.

◾  അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഇതിഹാസതാരം ലയണല്‍ മെസി വിരമിച്ചു. അര്‍ജന്റീനയിലെ മൊനുമെന്റല്‍ സ്റ്റേഡിയത്തില്‍ ബെനിനെതിരെ നടന്ന മത്സരത്തിന് ശേഷമായിരുന്നു മെസിയുടെ വിടവാങ്ങല്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീന വിജയിച്ച മത്സരത്തില്‍ രണ്ട് അസിസ്റ്റുകളും ഒരു പെനാല്‍റ്റി ഗോളും സ്വന്തമാക്കിയാണ് മെസി കളം വിട്ടത്.

◾  നീണ്ട ഇടവേളയ്ക്കുശേഷം റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി റിസര്‍വ് ബാങ്ക്.  കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഏകദിന വായ്പയുടെ പലിശനിരക്കായ റിപ്പോ ഇതോടെ 5.50 ശതമാനമായി. ആര്‍.ബി.ഐ. പണനയ സമീപനം ന്യൂട്രലില്‍ നിന്നു ഘട്ടംഘട്ടമായുള്ള കാര്‍ക്കശ്യത്തിലേക്കു മാറ്റി. ഇതിനര്‍ഥം വരുന്ന യോഗങ്ങളിലും നിരക്കു വര്‍ധന ഉണ്ടാകും എന്നാണ്. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും വളര്‍ച്ചാ അനുമാനം ആര്‍ബിഐ ഉയര്‍ത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ അനുമാനം 40 ബേസിസ് പോയന്റ് വര്‍ധിപ്പിച്ച് 7.1 ശതമാനമാക്കി. വാര്‍ഷിക ചില്ലറവിലക്കയറ്റ പ്രതീക്ഷ അഞ്ചില്‍ നിന് 5.2 ശതമാനമായി കൂട്ടി. മറ്റ് അനുബന്ധ നിരക്കുകളും ഉയര്‍ത്തി. പുതിയ വായ്കള്‍ക്കു പലിശ ചെറിയ തോതില്‍ കൂടാന്‍ ഈ തീരുമാനം വഴിതെളിക്കും. ഭവന വായ്പകളില്‍ ഇഎംഐ തുക കൂട്ടുകയോ കാലാവധി കൂട്ടുകയോ ചെയ്യേണ്ടി വരും. പുതിയ സ്ഥിര നിക്ഷേപങ്ങള്‍ക്കു കൂടുതല്‍ പലിശ കിട്ടും.

◾  ഉപയോക്താക്കള്‍ക്ക് വേണ്ടി അത്യാവശ്യ ഫോണ്‍വിളികള്‍ നടത്താനും ഇനി ജെമിനി എഐ ഉപയോഗിക്കാനാവും. കോള്‍ ഫോര്‍ മീ ഫീച്ചര്‍ പരിഷ്‌കരിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് അതോറിറ്റിയാണ് ഈ വിവരം പുറത്തുവിട്ടത്. നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അടിയന്തര സന്ദേശങ്ങള്‍ അയക്കുന്നതിനാണ് ഈ ഫീച്ചര്‍ ഉപയോഗിക്കാനാവുക. ഉദാഹരണത്തിന്, 'അമ്മയെ വിളിച്ച് ഞാന്‍ വൈകുമെന്ന് പറയൂ' എന്ന നിര്‍ദേശം നല്‍കിയാല്‍ അമ്മയുടെ നമ്പറിലേക്ക് ഫോണ്‍ വിളിച്ച് നിര്‍ദേശിച്ച വിവരം അറിയിക്കും. ഇത് സംഭാഷണം മുഴുവന്‍ ഓട്ടോമേറ്റ് ചെയ്യില്ല. അതായത് അമ്മയുമായി പൂര്‍ണ സംഭാഷണം നടത്താന്‍ ഇതിനാവില്ല, മറിച്ച് നിങ്ങള്‍ അറിയിക്കാന്‍ പറഞ്ഞ കാര്യം മാത്രം ഫോണ്‍ കോളിലൂടെ പറയുക മാത്രമാണ് ചെയ്യുക. ഫോണ്‍ കോള്‍ പെര്‍മിഷനുകളും ഇക്കൂട്ടത്തില്‍ പെടുന്നു. ജെമിനിക്ക് ഏതെല്ലാം ആപ്പുകളുടെ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് തീരുമാനിക്കാന്‍ ഇതുവഴി ഉപയോക്താവിന് സാധിക്കും.

◾  ഏകന്‍ നായകനായി എത്തുന്ന 'ഹൈക്കു' റിലീസിനൊരുങ്ങുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നിരിക്കുകയാണ്. ആഗോളതലത്തില്‍ ഒക്ടോബര്‍ 23 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഏകന്റെ നായികയായി ശ്രീദേവി അപ്പല്ല് എത്തുന്ന ചിത്രത്തില്‍ ഫെമിന ജോര്‍ജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ തമിഴ്‌നാട് തിയേറ്റര്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശക്തി ഫിലിം ഫാക്ടറിയാണ്. റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. വിഷന്‍ സിനിമ ഹൗസിന്റെ ബാനറില്‍ ഡോ. ഡി. അരുളനന്ദുവും മാത്യു അരുളനന്ദുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ഹൈക്കു' സംവിധാനം ചെയ്യുന്നത് യുവരാജ് ചിന്നസാമിയാണ്. തമിഴ്, തെലുങ്ക് , മലയാളം തുടങ്ങീ ഭാഷകളിലാണ് ചിത്രമെത്തുന്നത്.

◾  'അന്ന'യുമായി തിരിച്ചുവരവിനൊരുങ്ങി നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. സിനിമയുടെ നിര്‍മാണ അവകാശം ടോമിച്ചന്റെ ഉടമസ്ഥതയിലുള്ള മുളകുപാടം ഫിലിംസ് സ്വന്തമാക്കി. കാലാനുസൃതമായ മാറ്റങ്ങളോടെ ചിത്രം അവതരിപ്പിക്കും. സൂപ്പര്‍ ഹിറ്റ് ചിത്രം 'പുലിമുരുക'ന്റെ പത്താം വാര്‍ഷികത്തിലാണ് ടോമിച്ചന്‍ മുളകുപാടം ഇക്കാര്യം അറിയിച്ചത്. നിവിന്‍ പോളി- ഗിരീഷ് എഡി ചിത്രമായ 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലൂടെ 'അന്ന' വീണ്ടും ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ ഔസേപ്പച്ചന്‍ സംഗീതമൊരുക്കിയ യേശുദാസ് പാടിയ 'യവനകഥയില്‍' എന്ന ഗാനം പുതുതലമുറയുടെ ഇടയിലും ഹിറ്റ് ആയി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പാതിവഴിയില്‍ നിന്നുപോയ ഒരു സിനിമയ്ക്ക് ഒരു പുതിയ തുടക്കമാവുകയാണ്. അരവിന്ദ് സ്വാമി- ശ്രീദേവി കൂട്ടുകെട്ടില്‍ ജോഷി സംവിധാനം ചെയ്യാനിരുന്ന എന്‍ മോഹനന്റെ നടക്കാതെ പോയ സ്വപ്ന ചിത്രമാണ് 'അന്ന'.

◾  പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ മിഡ് സൈസ് ക്രോസ് ഓവര്‍ ആയ ഹോണ്ട എലിവേറ്റിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ വിപണിയില്‍. 11.80 ലക്ഷം രൂപ മുതല്‍ 18.40 ലക്ഷം രൂപ വരെയാണ് എലിവേറ്റ് ഫെയ്‌സ് ലിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില. മുന്‍ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന്റെ അടിസ്ഥാന വിലയില്‍ മാറ്റമില്ല. റിയര്‍ സീറ്റ് വെന്റിലേഷന്‍, പവേര്‍ഡ് ഫ്രണ്ട് റോ സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, പിഎം 2.5 ഫില്‍ട്ടര്‍, 360 ഡിഗ്രി കാമറ, ഫ്രണ്ട് ആന്റ് റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക് എന്നിവയാണ് അകത്തളത്തിലെ ഫീച്ചറുകള്‍. കളര്‍ ഓപ്ഷനുകളില്‍ നോര്‍ഡിക് ഫെസ്റ്റ് പേള്‍ എന്ന പുതിയ നിറവും അവതരിപ്പിച്ചു. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിന്‍ തന്നെയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ടോപ്പ് സ്‌പെസിഫിക് വേരിയന്റ് ആയ ഇസഡ്എക്‌സ്+ സിവിടി വേര്‍ഷന് 18.40 ലക്ഷം രൂപയാണ് വില.

◾  'നക്‌സലുകള്‍ എന്നെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നു എന്നറിഞ്ഞാല്‍ മതി, ഭരണകൂടം ഞങ്ങളെ തേടിവരും. പിന്നെ ഞാനൊന്നും പറയേണ്ടല്ലോ... ജീവന്‍ മാത്രമല്ല, തീവ്രവാദിയെന്നു മുദ്രകുത്തി എന്റെയും എന്റെ കുടുംബത്തിന്റെയും അഭിമാനംതന്നെ ഇല്ലാതാകും. സ്വന്തം ഗ്രാമത്തിലേക്ക് തിരികെപ്പോകാന്‍ കഴിയുമെന്നുള്ള വിശ്വാസമൊക്കെ പണ്ടേ നഷ്ടപ്പെട്ടു.'' ബസ്തറിലെ ഒട്ടുമിക്ക ഗ്രാമങ്ങളും അവളുടെ ഗ്രാമത്തില്‍നിന്നു ഭിന്നമല്ല. എക്കാലവും സംഘര്‍ഷഭരിതമായിരുന്ന ബസ്തര്‍ മേഖലയുടെ വിശ്വാസങ്ങളും ആചാരങ്ങളും ഉള്‍ച്ചേര്‍ത്ത് പലരും അറിയാതെപോയ, അറിഞ്ഞവര്‍ പറയാതെപോയ, ചോദിക്കാനും പറയാനും ആരുമില്ലാത്ത കുറേ മനുഷ്യരെയും അവരുടെ മണ്ണിനെയും ജീവിതത്തെയും സ്വപ്നങ്ങളെയും അനുഭവിപ്പിക്കുന്ന പുസ്തകം. ജല്‍ ജംഗല്‍ ജമീനുവേണ്ടി പോരാടേണ്ടിവരുന്ന ഒരു ജനതയുടെ ജീവിതംപറയുന്ന നോവല്‍. 'ജല്‍ ജംഗല്‍ ജമീന്‍'. അരുണ്‍ സെബാസ്റ്റ്യന്‍. മാതൃഭൂമി. വില 246 രൂപ.

◾  സാധാരണ ആരോഗ്യവാന്മാരായ ആളുകളുടെ കാലില്‍ ചെറിയൊരു മുറിവുണ്ടാകുന്നതു പോലെയല്ല, പ്രമേഹ രോഗികളില്‍ കാലിലുണ്ടാകുന്ന ചെറിയ മുറിവുകള്‍ പോലും കൂടുതല്‍ ശ്രദ്ധിക്കണം. പ്രമേഹം കാലിലെ നാഡികളെയും രക്തക്കുഴലുകളെയും ബാധിക്കാം. ഇതുമൂലം മുറിവ് വൈകി ശ്രദ്ധിക്കപ്പെടാനും സുഖപ്പെടാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യാം. പ്രമേഹത്തിന്റെ ഒരു പ്രധാന സങ്കീര്‍ണതയാണ് പെരിഫറല്‍ ന്യൂറോപ്പതി. കാലുകളിലേക്കുള്ള ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതു മൂലം തരിപ്പ്, മരവിപ്പ്, രാത്രി കാലങ്ങളില്‍ പുകച്ചില്‍ എന്നിവയുണ്ടാകാം. സ്പര്‍ശന ശേഷി കുറയുന്നത് കാരണം ചെരിപ്പ് അറിയാതെ ഊരിപ്പോകുന്നതോ കാല്‍ എവിടെയെങ്കിലും തട്ടി മുറിവുകള്‍ ഉണ്ടാകുന്നതോ പെട്ടെന്ന് ശ്രദ്ധയില്‍പെടില്ല. മാത്രമല്ല, ചൂടുവെള്ളം ഒഴിക്കുമ്പോള്‍ പൊള്ളലേല്‍ക്കാനും സാധ്യതയുണ്ട്. പെരിഫറല്‍ വാസ്‌കുലാര്‍ ഡിസീസ് വന്നാല്‍ കാലുകളിലേക്കുള്ള രക്തധമനികളില്‍ തടസ്സം ഉണ്ടാകുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നത് മുറിവുകള്‍ ഉണങ്ങാന്‍ വൈകുന്നതിന് കാരണമാകാം. രക്തയോട്ടം കുറവുള്ള സാഹചര്യത്തില്‍ അണുബാധയെ ചെറുക്കാന്‍ ആവശ്യമായ പ്രതിരോധശേഷിയും ബാധിക്കപ്പെടാം. ദിവസവും പാദങ്ങളില്‍ മുറിവോ തടിപ്പോ ചുവപ്പോ ഉണ്ടോയെന്ന് പരിശോധിക്കണം. കാല്‍ കഴുകാന്‍ ഇളംചൂടുള്ള വെള്ളമോ തണുത്ത വെള്ളമോ ഉപയോഗിക്കാം. കാല്‍ കഴുകിയ ശേഷം നന്നായി തുടച്ചു ഉണക്കുകയും വേണം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 96.77, പൗണ്ട് - 128.13, യൂറോ - 108.30, സ്വിസ് ഫ്രാങ്ക് - 116.08, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.42, ബഹറിന്‍ ദിനാര്‍ - 257.03, കുവൈത്ത് ദിനാര്‍ -311.76, ഒമാനി റിയാല്‍ - 251.68, സൗദി റിയാല്‍ - 25.81, യു.എ.ഇ ദിര്‍ഹം - 26.26, ഖത്തര്‍ റിയാല്‍ - 26.56, കനേഡിയന്‍ ഡോളര്‍ - 68.00.
Previous Post Next Post
3/TECH/col-right