ന്യൂഡല്‍ഹി: പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിച്ചു. നിരക്കില്‍ 50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടൊപ്പം ഒരു സൗജന്യ അന്താരാഷ്ട്ര റോമിങ് പാക്കേജ് ഉള്‍പ്പെടുത്തി കൊണ്ടാണ് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ എയര്‍ടെല്‍ പരിഷ്‌കരിച്ചത്.
വ്യാഴാഴ്ച മുതല്‍ പുതിയ പ്ലാനുകള്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളെ ഒരു മാസത്തിനകം അനുയോജ്യമായ ഉയര്‍ന്ന പ്ലാനിലേക്ക് മാറ്റുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സൗജന്യമായി നല്‍കുന്ന അന്താരാഷ്ട്ര റോമിങ് ആനുകൂല്യം വഴി 2000 രൂപയുടെ പ്രയോജനമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് കമ്പനി അവകാശപ്പെട്ടു.
പുതുക്കിയ പ്ലാനുകള്‍ പ്രകാരം നിലവിലുള്ള പോസ്റ്റ് പെയ്ഡ് നിരക്കുകളില്‍ 50 രൂപയുടെ വര്‍ധന ഉണ്ടാകും. സൗജന്യ അന്താരാഷ്ട്ര റോമിങ് പാക്കേജിന് അഞ്ചുദിവസത്തെ കാലാവധിയാണ് ഉണ്ടാകുക. അഞ്ച് ജിബി ഡേറ്റ, 60 മിനിറ്റ് കോള്‍, 25 ഔട്ട്‌ഗോയിങ് എസ്എംഎസ്, സൗജന്യ ഇന്‍കമിങ് എസ്എംഎസ് എന്നിവയാണ് ഈ പാക്കേജിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് ഇത് ആക്ടീവേറ്റ് ചെയ്യാവുന്നതാണ്. ഫാമിലി പ്ലാനുകളില്‍ ഓരോ അംഗത്തിനും സൗജന്യ റോമിങ് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് അഡ്വാൻടേജ്ക് ക്ലബ് വഴി കോമഡി ഷോകള്‍, സിനിമ പ്രീമിയറുകള്‍, സംഗീത പരിപാടികള്‍ എന്നിവ അടക്കമുള്ള വിനോദ പരിപാടികള്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാനാകുമെന്നും എയര്‍ടെല്‍ പ്രസ്താവനയില്‍ പറയുന്നു
Tags:
INDIA