2026 ഒക്ടോബര്‍ 7, ബുധന്‍
1202 കന്നി 21 | മകം
1448 റ ആഖിർ 25
◾ ഡല്‍ഹിയില്‍ പ്രതിഷേധ പോരാട്ടവുമായി പ്രതിപക്ഷ എംപിമാര്‍. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ എംപിമാരെ ഡല്‍ഹി പോലീസ് ബലംപ്രയോഗിച്ചും വലിച്ചിഴച്ചും അറസ്റ്റുചെയ്തുനീക്കി. രാത്രി ഒമ്പതരയോടെ ഇവരെ പോലീസ് വിട്ടയച്ചു. പാര്‍ലമെന്റില്‍നിന്ന് തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് ആകാശവാണി ഭവനു മുന്നില്‍ പോലീസ് തടഞ്ഞു. ഇതോടെ കുത്തിയിരിപ്പ് സമരമായി മാറി. രാഹുല്‍ ബാരിക്കേഡിനു മുകളിലേക്കു കയറിയും സമരം തുടര്‍ന്നു. രാഹുല്‍, പ്രിയങ്ക, കെ.സി.വേണുഗോപാല്‍ അടക്കമുള്ള മറ്റു നേതാക്കളെയും രാത്രി ഏഴരയോടെ കസ്റ്റഡിയിലെത്തു. പ്രവര്‍ത്തകര്‍ രാഹുലിന് വലയംതീര്‍ത്തെങ്കിലും അവരേയും മാധ്യമപ്രവര്‍ത്തകരേയും പോലീസ് നീക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനെ കാണണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ല.
◾ 'പ്രേതകണ'മെന്ന നിഗൂഢ കണമായ ന്യൂട്രിനോയെ കുടുക്കാന്‍ ദക്ഷിണധ്രുവത്തിലെ മഞ്ഞുകട്ടയില്‍ കെണിയൊരുക്കിയ ശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ് ഹാല്‍സെന് ഫിസിക്സ് നൊബേല്‍ സമ്മാനം. പുതിയൊരു ജ്യോതിശാസ്ത്ര ശാഖയ്ക്ക് അദ്ദേഹം തുടക്കമിട്ട ഇദ്ദേഹത്തിന് 82 ാം വയസിലാണു നോബല്‍ സമ്മാനം ലഭിക്കുന്നത്. ബല്‍ജിയത്തില്‍ 1944-ല്‍ ജനിച്ച ഹാല്‍സെന്‍, നിലവില്‍ യുഎസില്‍ വിസ്‌കോന്‍സിന്‍-മാഡിസന്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനാണ്. ന്യൂട്രീനോകളുടെ രഹസ്യമറിയാന്‍ അന്റാര്‍ട്ടിക്കയിലെ മഞ്ഞില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണു ഗവേഷണകേന്ദ്രം സ്ഥാപിച്ചത്.
◾ കാപ്പാ കേസില്‍ കരുതല്‍ തടങ്കലിലായിരുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്‍ തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ നിന്ന് മോചിതനായി. സുഗതനെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയും ഷാളണിയിച്ചുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സുഗതന്റെ ഭാര്യയും മകനും വിയ്യൂര്‍ ജയിലില്‍ എത്തിയിരുന്നു. ഭാര്യ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുഗതനെ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
◾ വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ലോകായുക്തയിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങള്‍ക്കല്ലെന്നും കെ എം ഷാജഹാന്റെ ഹര്‍ജിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
◾ സമരം നടത്തുന്ന മീറ്റര്‍ റീഡര്‍മാരെ കെഎസ്ഇബി പിരിച്ചുവിടുന്നു. ജോലിക്ക് എത്താത്ത റീഡര്‍മാരുടെ കരാര്‍ അവസാനിപ്പിക്കാന്‍ ഡിസ്ട്രിബ്യൂഷന്‍ ഡയറക്ടര്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു. മെഷീന്‍ ഉടനടി തിരികെ വാങ്ങണം. ശരാശരി ഉപയോഗം കണക്കാക്കി ബില്‍ നല്‍കണമെന്നും നിര്‍ദേശിച്ചു. സ്വയം റീഡിങ് എടുക്കാന്‍ അപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി നല്‍കണമെന്നും നിര്‍ദേശമുണ്ട്.
◾ ശബരിമല സന്നിധാനത്ത് ഭക്തര്‍ക്കുള്ള ഓണ്‍ലൈന്‍ റൂം ബുക്കിംഗ് സംവിധാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിപുലീകരിച്ചു. തുലാമാസ പൂജ മുതല്‍ പ്രതിദിനം 400 മുറികള്‍ വരെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. പണം നഷ്ടപ്പെട്ടാല്‍ പരാതിപ്പെടാനുള്ള ഇ-മെയില്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
◾ അടിസ്ഥാന ഗണിതശേഷിയിലും മലയാളം, ഇംഗ്ലീഷ് ഭാഷാവിജ്ഞാനത്തിലും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പിന്തുണ നല്‍കി മറ്റുള്ളവര്‍ക്കൊപ്പം എത്തിക്കുന്ന റിവൈവ് പദ്ധതി സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. ഭാഷാ-ഗണിത ശേഷികള്‍ മെച്ചപ്പെടാതെ ഒരു കുട്ടിയെയും ഇനി ഏഴാം ക്ലാസിലേക്ക് ജയിപ്പിച്ചു വിടില്ലെന്നും മന്ത്രി പറഞ്ഞു.
◾ ചെക്ക് കേസില്‍ പാലാ എം എല്‍ എ മാണി സി. കാപ്പന്റെ ശിക്ഷ നടപ്പാക്കുന്നത് മുംബൈ ദിന്തോഷി സെഷന്‍സ് കോടതി മരവിപ്പിച്ചു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച കോടതി പിഴ തുകയുടെ 20 ശതമാനം കെട്ടിവയ്ക്കാന്‍ നിര്‍ദേശിച്ചു. ഡിസംബര്‍ 18 നകം 1.06 കോടി രൂപ അടച്ചില്ലെങ്കില്‍ അപ്പീല്‍ തള്ളുമെന്നും കോടതി അറിയിച്ചു.
◾ എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി. മൂന്ന് കോടിയിലധികം രൂപ സമാഹരിച്ച ഉത്സവത്തിന് ശേഷം 35 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന ദേവസ്വം ഓഫീസറുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഉപദേശക സമിതി പരാതി നല്‍കിയത്.
◾ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബി.ജെ.പി-കോണ്‍ഗ്രസ് ഒത്തുകളി ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സൈക്കിള്‍ തട്ടി നായ ചത്താല്‍ പോലും ബി.ജെ.പി-കോണ്‍ഗ്രസ് ഒത്തുകളിയാണെന്ന് പറയുന്ന അവസ്ഥയിലാണ് എല്‍.ഡി.എഫ് നേതാക്കളെന്ന് അദ്ദേഹം പരിഹസിച്ചു.
◾ പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിന് എതിരെ പരാതികളില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ചില വാര്‍ത്ത ശൃംഖലകള്‍ പ്രചരിപ്പിക്കുന്ന തെറ്റായ വാര്‍ത്തയാണെന്നും ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
◾ നടി മഞ്ജുവാര്യര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ അഭിഭാഷകന്‍ വേണ്ടെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മഞ്ജു വാര്യര്‍ നല്‍കിയ പരാതിയിലെ ഒപ്പ് വ്യാജമെന്നും സനല്‍കുമാര്‍ ആരോപിച്ചു. എതിര്‍ കക്ഷികളുടെ വാദം കേള്‍ക്കാന്‍ കേസ് ഈ മാസം 17 ലേക്ക് മാറ്റി വെച്ചു.
◾ കെഎസ്ആര്‍ടിസി വിജയകരമായി നടത്തിവരുന്ന ലോജിസ്റ്റിക് സംവിധാനം കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാര്‍ഗോ സേവനങ്ങള്‍ കൂടി ആരംഭിക്കുന്നു. കാര്‍ഗോ സര്‍വീസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് കാര്‍ഗോ ടെര്‍മിനലില്‍ ഗതാഗത മന്ത്രി സി.പി ജോണ്‍ നിര്‍വഹിക്കും.
◾ ശബരിമല ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തരുടെ നഷ്ടപ്പെട്ട ഫോണുകള്‍ വീണ്ടെടുക്കുന്നതിനായി സെപ്റ്റംബര്‍ മാസത്തില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ 8 സംസ്ഥാനങ്ങളില്‍ നിന്നായി 70-ലധികം മൊബൈല്‍ ഫോണുകള്‍ പമ്പ പോലീസ് കണ്ടെത്തി. കണ്ടെടുത്ത ഫോണുകള്‍ക്ക് ആകെ 10 ലക്ഷത്തിലധികം രൂപ മൂല്യം വരുമെന്ന് പൊലീസ് അറിയിച്ചു.
◾ കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വി.സി ഒന്നാന്തരം ആര്‍.എസ്.എസുകാരനാണെന്നും വിദ്യാര്‍ത്ഥികളെ പുറത്തിറക്കിയാണ് വന്ദേമാതരം സെമിനാര്‍ നടത്തിയതെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. വന്ദേമാതരത്തിലെ ആദ്യ വരികള്‍ എസ്.എഫ്.ഐ ഉള്‍പ്പെടെ രാജ്യത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും പാടുമെന്നും, എന്നാല്‍ അതിനപ്പുറമുള്ളത് വിഭജനത്തിന്റെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.
◾ തൃശൂര്‍ പുന്നയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തിരുവാങ്കുളം ഇരുമ്പനം സ്വദേശിനി ചക്കപ്പറമ്പില്‍ സന്തോഷ് മകള്‍ സാന്ദ്ര സന്തോഷ് (29) ആണ് ജോലി സ്ഥലത്ത് മരിച്ചത്. ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
◾ മണ്ണാര്‍ക്കാട് പരസ്പരം കുത്തി ഭാര്യയും ഭര്‍ത്താവും. തന്നെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ തിരിച്ചുകുത്തിയതോടെ ഇരുവരേയും പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണാര്‍ക്കാട് കണ്ടമംഗലത്താണ് കുടുംബ വഴക്കിനെ തുടര്‍ന്ന് 72 കാരന്‍ രാമചന്ദ്രന്‍ ഭാര്യ ശാന്തയെ കുത്തിയത്. ഉടനേ ശാന്ത തിരിച്ചുകുത്തുകയായിരുന്നു. നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്.
◾ കണ്ണൂര്‍ തലശ്ശേരി ജുമാ മസ്ജിദിലെ ഭണ്ഡാരം മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. കടന്നപ്പള്ളി സ്വദേശി ചുള്ളിയോടന്‍ സൈഫുദ്ദീനാണ് പിടിയിലായത്. മണിക്കൂറുകള്‍ക്കകം പ്രതിയെ പിടിക്കാനായതിന്റെ അശ്വാസത്തിലാണ് തലശ്ശേരി പൊലീസ്.
◾ നേരത്തെ ആവശ്യപ്പെടാതിരുന്നതിനാലാണ് കാണാന്‍ അനുമതി അനുമതി നിഷേധിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണ കുറിപ്പ്. കാണണമെന്ന് വൈകുന്നേരം നാലിനാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടത്. 240 എംപിമാരെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ലമെന്റ് അനെക്സിലേക്കു ചെല്ലണമെന്ന് ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധമായതിനാല്‍ അംഗീകരിച്ചില്ലെന്നും വിശദീകരണം.
◾ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച 'അഡ്വാന്‍സ്ഡ് ഹൈ-ആള്‍ട്ടിറ്റിയൂഡ് പാരച്യൂട്ട്' പരീക്ഷണം വിജയം. ഏറ്റവും ഉയര്‍ന്ന ഡ്രോപ്പ് സോണായ ലഡാക്കിലെ ന്യോമയിലാണ് പരീക്ഷണം നടന്നത്. സമുദ്രനിരപ്പില്‍ നിന്ന് 16,000 അടി ഉയരത്തില്‍ നിന്നായിരുന്നു പാരച്യൂട്ട് ജമ്പ് നടത്തിയത്. 15,500 അടി ഉയരത്തില്‍ വെച്ച് പാരച്യൂട്ട് വിടരുകയും, തുടര്‍ന്ന് സമുദ്രനിരപ്പില്‍ നിന്ന് 13,700 അടി ഉയരത്തിലുള്ള ന്യോമ ഡ്രോപ്പ് സോണില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു.
◾ ഇന്ത്യന്‍ വ്യോമസേന മേധാവിയായി എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിതിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിംഗ് 31-ന് വിരമിക്കുന്ന ഒഴിവിലേക്കാണു നിയമനം. വ്യോമസേനയുടെ ഉപമേധാവിയായിരുന്നു.
◾ വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡില്‍ നിര്‍മ്മിച്ച ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ഫ്ലീറ്റ് സപ്പോര്‍ട്ട് ഷിപ്പ് 'ഐ.എന്‍.എസ് സൂര്യ' കടലിലിറക്കി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു.
◾ സൗദി-ഹൂത്തി സംഘര്‍ഷം കനക്കുന്നതിനിടെ, സൗദിയില്‍ വിമാനത്താവളങ്ങളും ഓയില്‍ റിഫൈനറികളും ആക്രമിച്ച് ഹൂത്തികള്‍. ജസാന്‍, നജ്റാന്‍ വിമാനത്താവളങ്ങളെ ഇറാന്റെ പിന്തുണയുള്ള ഹൂത്തികള്‍ ആക്രമിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അതേസമയം, ഹൂത്തികളില്‍ നിന്ന് സുപ്രധാന പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാനുള്ള കനത്ത പോരാട്ടം തുടരുകയാണ്. ഹോര്‍മൂസില്‍ കപ്പലിന് നേരെയുള്ള ആക്രമണത്തില്‍ 11 ഇന്ത്യക്കാര്‍ പരിക്കേറ്റു.
◾ ഹൂത്തികള്‍ക്കെതിരെ സൗദിക്കൊപ്പം അണിനിരന്ന് തുര്‍ക്കിയും പാകിസ്ഥാനും. മക്കാ കരാറിന്റെ ഭാഗമായി ഇന്നലെ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. അതേസമയം, ഹൂത്തികളുടെ പിടിയിലായിരുന്ന അല്‍ മോഖ തുറമുഖ നഗരം യെമന്‍ സേന തിരിച്ചു പിടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
◾ കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. കപ്പല്‍ മുങ്ങി, ജീവനക്കാരെ കാണാതായി. നാറ്റോ സഖ്യ രാജ്യമായ ബള്‍ഗേറിയന്‍ തീരത്തിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഈ ആക്രമണമെന്നാണ് ബള്‍ഗേറിയന്‍ പ്രധാനമന്ത്രി റുമെന്‍ രാദേവ് വിശദമാക്കിയത്.
◾ ക്യുബെക്കില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിഘടനവാദി പാര്‍ട്ടിയായ പാര്‍ട്ടി ക്യുബെക്വായ്ക്ക് വന്‍ വിജയം നേടി. കാനഡയിലെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ദേശീയ ഐക്യ ആഹ്വാനങ്ങള്‍ക്കും നയങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ഫ്രഞ്ച് സംസാരിക്കുന്ന പ്രവിശ്യയായ ക്യുബെകില്‍ വിഘടനവാദം മുന്നോട്ട് വയ്ക്കുന്ന പാര്‍ട്ടി വന്‍ വിജയം നേടിയത്. 60 സീറ്റുകളാണ് ക്യുബെക്വാ നേടിയത്.
◾ മുന്‍ ലോക ചാമ്പ്യന്‍മാരായ ഉറുഗ്വേ ഇന്ത്യയെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കു പരാജയപ്പെടുത്തി. കൊല്‍ക്കത്ത സാള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ അനിരുദ്ധ് ഥാപ്പ നേടിയ ഗോളില്‍ ഉറുഗ്വേയെ കുറച്ചുനേരത്തേക്കെങ്കിലും സമനിലയില്‍ പിടിക്കാനയത് ആരാധകരെ ആവേശം കൊള്ളിച്ചെങ്കിലും പിന്നീട് ഇന്ത്യ തകര്‍ന്നു. ഡാര്‍വിന്‍ നുണെസിന്റെ പെനാല്‍റ്റി ഗോളിലൂടെ 11-ാം മിനിറ്റില്‍ തന്നെ ഉറുഗ്വേ മുന്നിലെത്തി. 22-ാം മിനിറ്റിലാണ് അനിരുദ്ധ് ഥാപ്പ ഇന്ത്യക്ക് സമനില ഗോള്‍ നേടിയത്. മഴ മൂലം 35 മിനിറ്റു കളി തടസപ്പെട്ടു. 28-ാം മിനിറ്റില്‍ മാക്സിമിലിയാനോ അറൗഹോയുടെ ഗോളിലൂടെ ലീഡ് തിരിച്ചുപിടിച്ച ഉറുഗ്വോ 2-1 നാണ് ഇടവേളക്ക് പിരിഞ്ഞത്. രണ്ടാം പകുതിയില്‍ ഉറുഗ്വേ നാലു തവണ ഇന്ത്യന്‍ ഗോള്‍വല കുലുക്കി.
◾ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടെയും സഞ്ജു സാംസണിന്റെയും വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 14.4 ഓവറില്‍ മറികടന്നു. 43 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 27 പന്തില്‍ 37 റണ്‍സെടുത്ത ഇഷാന്‍ കിഷനുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.
◾ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് സ്മൃതി മന്ദാന പുതിയ ക്യാപ്റ്റന്‍. ഹര്‍മന്‍പ്രീത് കൗര്‍ എല്ലാ ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് പ്രഖ്യാപനം. വരാനിരിക്കുന്ന സിംബാബ്വെക്കെതിരായ പരമ്പരയിലായിരിക്കും സ്മൃതി മുഴുവന്‍ സമയ ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കുക. ഒക്ടോബര്‍ 16 മുതല്‍ 28 വരെ റായ്പൂരില്‍ നടക്കുന്ന പരമ്പരയില്‍ മൂന്ന് ട്വന്റി-20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുക.
◾ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായും തിലക് വര്‍മ വൈസ് ക്യാപ്റ്റനായും തുടരുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണര്‍ സ്ഥാനം നിലനിര്‍ത്തി. നാലു വര്‍ഷത്തെ ഇടവേളക്കുശേഷം 36കാരനായ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ടി20 ടീമിലെത്തി.
◾ ഇലോണ്‍ മസ്‌ക് വീണ്ടും ട്രില്യനെയര്‍ പദവിയില്‍. റെക്കോഡ് ഐപിഒയ്ക്ക് പിന്നാലെ സ്‌പേസ് എക്‌സിന്റെ ഓഹരി മൂല്യം എട്ടു ശതമാനത്തോളം ഉയര്‍ന്നതോടെയാണ് മസ്‌കിന്റെ ആസ്തി വീണ്ടും ഒരു ലക്ഷം കോടി തൊട്ടത്. ജൂണ്‍ പകുതിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്‌പേസ് എക്‌സ് ഓഹരി എത്തിയത്. പ്രമുഖ ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സ്‌പേസ് എക്‌സ് ഓഹരി കുതിച്ചത്. കുറഞ്ഞ വിലയ്ക്ക് സ്‌പേസ് എക്‌സ് ഓഹരി വാങ്ങാന്‍ അവസരം എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ട്. ഇത് അവസരമായി കണ്ട് നിക്ഷേപകര്‍ ഒന്നടങ്കം സ്‌പേസ് എക്‌സ് ഓഹരി വാങ്ങിക്കൂട്ടിയതാണ് മൂല്യം ഉയരാന്‍ സഹായകമായത്. സ്‌പേസ് എക്‌സ് ഓഹരി 300 ഡോളര്‍ വരെ കുതിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞയാഴ്ച ചരിത്രപരമായ നേട്ടമാണ് സ്‌പേസ് എക്‌സ് സ്വന്തമാക്കിയത്. നാസയ്ക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ അയക്കുന്ന ദൗത്യം നിറവേറ്റി.
◾ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. 'റെസ്ട്രിക്റ്റഡ് ചാറ്റ്' എന്ന് പുതിയ ഫീച്ചറിന്റെ പേര്. ഏതൊക്കെ സംഭാഷണങ്ങള്‍ ആക്സസ് ചെയ്യാം, അവ എങ്ങനെ മാനേജ് ചെയ്യാം എന്നിവയില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് ഈ ഫീച്ചര്‍. നിലവില്‍, ആന്‍ഡ്രോയിഡ്, ഐഫോണ്‍ പ്ലാറ്റ്ഫോമുകളിലെ വാട്സ്ആപ്പ് ബീറ്റാ പ്രോഗ്രാമിലുള്ള ചില ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ. നിലവിലുള്ള 'അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി' സെറ്റിങ്‌സിന്റെ പരിഷ്‌കരിച്ച രൂപമാണിത്. 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഓണ്‍ ചെയ്യാനായി നിയന്ത്രിക്കേണ്ട വ്യക്തിഗത ചാറ്റ് തുറക്കുക, ചാറ്റ് ഇന്‍ഫോ സ്‌ക്രീന്‍ തുറക്കുന്നതിനായി മുകളിലുള്ള കോണ്‍ടാക്റ്റ് പേരില്‍ ടാപ്പ് ചെയ്യുക, താഴേക്ക് സ്‌ക്രോള്‍ ചെയ്ത് 'റെസ്ട്രിക്റ്റഡ് ചാറ്റ്' എന്നതില്‍ ടാപ്പ് ചെയ്യുക, ഓണ്‍ ചെയ്യുക, നിലവില്‍ വ്യക്തിഗത ചാറ്റുകളില്‍ മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കൂ. ഗ്രൂപ്പുകളില്‍ ഇത് ലഭ്യമല്ല.
◾ ഒരു സാധാരണ മനുഷ്യന്റെ ചിന്തകളില്‍ നിന്ന് ആരംഭിച്ച്, അണ്ടര്‍വേള്‍ഡിന്റെ ഇരുണ്ട ലോകത്തേക്കുള്ള നായകന്റെ മാറ്റം അവതരിപ്പിക്കുന്ന മാസ്സ് സംഭാഷണങ്ങളുമായി പുറത്തിറങ്ങിയ 'ഡിസ്‌കോ'യുടെ ടീസര്‍ തരംഗമാകുന്നു. ചെമ്പന്‍ വിനോദിന്റെ ഗംഭീര പ്രകടനവും മാസ് ഡയലോഗുമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ചെമ്പന്‍ വിനോദാണ്. ആന്റണി വര്‍ഗീസ് പെപ്പെ, ദേവ് മോഹന്‍, ലുക്ക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, അര്‍ജുന്‍ അശോകന്‍, സാഗര്‍ സൂര്യ, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷെബിന്‍ ബെന്‍സണ്‍, ഫെമിന ജോര്‍ജ്, കല്യാണി അനില്‍, മീര വാസുദേവ്, ഗായത്രി സുരേഷ്, സെന്തില്‍ കൃഷ്ണ, മണികണ്ഠന്‍ ആചാരി, അപ്പാനി ശരത്, സിനോജ് വര്‍ഗ്ഗീസ്, വിനീത് തട്ടില്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
◾ സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന്‍ ഗിരീഷ് ഒരുക്കിയ ചിത്രമാണ് 'ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിള്‍'. ചിത്രം മനോരമ മാക്സിലൂടെ ഒക്ടോബര്‍ 15 മുതല്‍ സ്ട്രീം ചെയ്യും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം കാണാനാകും. അഖില ഭാര്‍ഗവന്‍ നായികയായെത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീന്‍ സാന്ദ്രയാണ്. കോമയില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് സൂപ്പര്‍ ഹിയറിങ് ശക്തി കിട്ടുന്നത് ആണ് ചിത്രത്തിന്റെ കഥാതന്തു. കോട്ടയം നസീര്‍, ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, പാര്‍വ്വതി ആര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
◾ ഹോണ്ട എക്‌സ്ആര്‍300 റാലി ഇന്ത്യയില്‍ അവതരിപ്പിച്ചു. 2.08 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. എക്‌സ്ആര്‍300എല്ലിനെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളോടെയാണ് ഈ ബൈക്ക് വരുന്നത്. എക്‌സ്ആര്‍300എല്ലില്‍ ഉള്ള അതേ 293.5സിസി എയര്‍ ആന്റ് ഓയില്‍ കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് ഈ ബൈക്കിലുമുള്ളത്. എക്‌സ്ആര്‍300എല്ലിനെ അപേക്ഷിച്ച് വലിയ ഫ്യുവല്‍ ടാങ്ക് ആണ് റാലിയ്ക്ക് ഉള്ളത്. 13 ലിറ്റര്‍ ടാങ്കുമായാണ് റാലി വരുന്നത്. ടിഎഫ്ടി കണ്‍സോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, സ്വിച്ചബിള്‍ എബിഎസ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഹോണ്ട റോഡ്‌സിങ്ക് മൊബൈല്‍ ആപ്പ് വഴി ടേണ്‍ ബൈ ടേണ്‍ നാവിഗേഷനും മറ്റു കണക്ടഡ് ഫീച്ചറുകളും ഈ കണ്‍സോള്‍ വാഗ്ദാനം ചെയ്യുന്നു. സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയാണ് എടുത്തുപറയേണ്ട മറ്റൊന്ന്.
◾ മലയാളിയുടെ വായനശീലത്തെ പോഷിപ്പിച്ച പൈങ്കിളിസാഹിത്യം എഴുതുന്നതും എഴുതിക്കിട്ടുന്നതും ഒരുപക്ഷേ ബൗദ്ധികസാഹിത്യത്തെക്കാളും ശ്രമകരമായിരുന്നു എന്ന അറിയപ്പെടാത്ത യാഥാര്‍ത്ഥ്യം ഈ നോവലിലൂടെ വെളിപ്പെടുന്നു. കലയൂര്‍ കാര്‍ത്തികേയന്‍-തലിയാര്‍ഖാന്‍ എന്നീ എഴുത്തുകാര്‍, ശാരിക-മനോമയം എന്നീ പൈങ്കിളിവാരികകള്‍, കാര്‍ത്തികേയന്റെ നോവല്‍-തലിയാര്‍ഖാന്റെ നോവല്‍ എന്നിങ്ങനെ വിരുദ്ധദ്വന്ദ്വങ്ങളിലൂടെ ആകാംക്ഷയുണര്‍ത്തിക്കൊണ്ടുള്ള യാത്രയും അപ്രതീക്ഷിതമായ ക്ലൈമാക്‌സും ഹൃദ്യമായ വായനാനുഭവം നല്‍കുന്നു. 'ജമന്തിപ്പൂക്കള്‍: നീണ്ടകഥയുടെ കഥ'. അഷ്ടമൂര്‍ത്തി. മാതൃഭൂമി. വില 314 രൂപ.
◾ 'ഷു?ഗര്‍ ഫ്രീ' എന്ന ടാഗ് കണ്ടാല്‍ അത് പ്രമേഹരോഗികള്‍ക്ക് സുരക്ഷിതമാണെന്ന് കരുതരുത്. ഭക്ഷണം പ്രമേഹരോഗികള്‍ക്ക് സുരക്ഷിതമാണോയെന്ന് മനസ്സിലാക്കാന്‍ ആദ്യം അവയുടെ ഗ്ലൈസീമിക് സൂചികയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വേഗത്തില്‍ വര്‍ധിപ്പിക്കാന്‍ കാരണമാകുന്ന ഭക്ഷണങ്ങളെ ഹൈ-ഗ്ലൈസീമിക് ഇന്‍ഡക്സ് ഭക്ഷണങ്ങളെന്നും, കുറഞ്ഞ തോതില്‍ മാത്രം വര്‍ധിപ്പിക്കുന്നവയെ ലോ-ഗ്ലൈസീമിക് ഇന്‍ഡക്സ് ഭക്ഷണങ്ങളെന്നും തരംതിരിക്കാം. ഷുഗര്‍ ഫ്രീ ബിസ്‌ക്റ്റുകളില്‍ പഞ്ചസാര ഉപയോഗിക്കുന്നില്ലെങ്കിലും അവയില്‍ മൈദ അടങ്ങിയിട്ടുണ്ട്. മൈദ ഒരു ഹൈ-ഗ്ലൈസീമിക് ഇന്‍ഡക്സ് ഭക്ഷണമായതിനാലും മറ്റ് അഡിക്റ്റീവ്സ് ഉള്ളതിനാലും ഇത് രക്തത്തിലെ ഷുഗര്‍ ലെവല്‍ പെട്ടെന്ന് കൂട്ടാന്‍ കാരണമാകും. മൈദ ഉപയോഗിച്ചുണ്ടാക്കുന്ന ബ്രെഡ്, ബണ്‍, റസ്‌ക്, കുബ്ബൂസ് തുടങ്ങിയവയും രക്തത്തിലെ ഷുഗര്‍ പെട്ടെന്ന് കൂട്ടുന്ന ഭക്ഷണങ്ങളാണ്. അതേസമയം ഓട്സ്, ചാമരിക്കഞ്ഞി, തിന, കീനോവ തുടങ്ങിയവയില്‍ പ്രോട്ടീനും നാരുകളും കൂടുതലായി അടങ്ങിയിട്ടുള്ളതിനാല്‍ അവ രക്തത്തിലെ ഷുഗര്‍ ലെവല്‍ പെട്ടെന്ന് കൂട്ടില്ല. പ്രമേഹരോഗികള്‍ ഇത്തരം ലോ-ഗ്ലൈസീമിക് ഇന്‍ഡക്സ് ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അനുയോജ്യം.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു സന്ധ്യാസമയത്ത് നദീതീരത്തിരുന്ന് കൃഷ്ണന്‍ വേണു വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു വൃദ്ധന്‍ കൃഷ്ണന്റെ അരികിലെത്തി. ''കൃഷ്ണാ... ജീവിതം മുഴുവന്‍ ഞാന്‍ മറ്റുള്ളവര്‍ക്കുവേണ്ടിയാണ് ജീവിച്ചത്. എല്ലാവരെയും സ്‌നേഹിച്ചു, കഴിയുന്നിടത്തൊക്കെ സഹായിച്ചു. മക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി എന്റെ പല ആഗ്രഹങ്ങളും മാറ്റിവെച്ചു. എന്നിട്ടും ഇന്ന്... എന്റെ ജീവിതത്തില്‍ ഞാന്‍ ഒറ്റയ്ക്കാണ്. എന്തുകൊണ്ടാണ് ഞാന്‍ ഇത്രയധികം പേരെ സ്‌നേഹിച്ചിട്ടും ആരും എനിക്കൊപ്പം ഇല്ലാത്തത്?'' കൃഷ്ണന്‍ അയാളെ
കുറച്ചകലെയുള്ള ഒരു വലിയ വൃക്ഷം ചൂണ്ടിക്കാണിച്ചു. ''ആ വൃക്ഷം എന്താണ് ചെയ്യുന്നത്?'' കൃഷ്ണന്‍ ചോദിച്ചു. ''തണല്‍ നല്‍കുന്നു... പഴം നല്‍കുന്നു... പക്ഷികള്‍ക്ക് കൂടൊരുക്കുന്നു.''കൃഷ്ണന്‍ പുഞ്ചിരിച്ചു. ''അതെ. പക്ഷേ തണലില്‍ ഇരുന്നവരോട് ആ വൃക്ഷം ഒരിക്കലും പറയുന്നില്ല, നീ എന്റെ തണല്‍ സ്വീകരിച്ചല്ലോ... ഇനി എന്നും എന്റെ അരികില്‍ തന്നെ ഇരിക്കണം' എന്ന്. പക്ഷികള്‍ വരുന്നു... കൂടുണ്ടാക്കുന്നു... പിന്നെ പറന്നുപോകുന്നു. വഴിയാത്രക്കാര്‍ വരുന്നു... വിശ്രമിക്കുന്നു... പിന്നെ യാത്ര തുടരുന്നു. വൃക്ഷം ആരെയും പിടിച്ചുനിര്‍ത്തുന്നില്ല.'' കൃഷ്ണന്‍ വൃദ്ധന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു: നിന്റെ സ്‌നേഹം തെറ്റായിരുന്നില്ല. പക്ഷേ ചിലപ്പോള്‍ മനുഷ്യര്‍ സ്‌നേഹത്തിനൊപ്പം ഒരു പ്രതീക്ഷയും വളര്‍ത്തുന്നു- അവിടെയാണ് സ്‌നേഹം പതുക്കെ കടപ്പാടായി മാറുന്നത്. മറ്റുള്ളവരെ സ്‌നേഹിക്കൂ... പക്ഷേ നീ നിന്നെത്തന്നെ നഷ്ടപ്പെടുത്തരുത്. കൊടുക്കൂ... പക്ഷേ കൊടുത്തതിന്റെ കണക്കുപുസ്തകം മനസ്സില്‍ സൂക്ഷിക്കരുത്. കാരണം, ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് എന്നും കൂടെയിരിക്കാനല്ല... നമ്മുടെ യാത്രയിലെ ഒരു ഭാഗം മാത്രം കൂടെ നടക്കാനാണ്. - ശുഭദിനം.
Tags:
KERALA