2026 | ഒക്ടോബര്‍ 6, ചൊവ്വ
1202 | കന്നി 20 | ആയില്യം
◾ മാസപ്പടി, ഹവാല കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരായ അന്വേഷണത്തില്‍ എസ്ഐടി ചോദ്യം ചെയ്യാന്‍ തുടങ്ങുന്നു. മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് എസ്ഐടി സംഘം നോട്ടീസ് നല്‍കി. ഹസന്‍ വാരിസ്, നിഖില്‍ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്. പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ഇ ഡി ശുപാര്‍ശയില്‍ ഹൈക്കോടതിയും ഇടപെട്ടിരുന്നു.
◾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ എംപിമാര്‍ പാര്‍ലമെന്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്കു നടത്തിയ മാര്‍ച്ച് ആകാശവാണി ഭവന് മുന്നില്‍ പൊലീസ് തടഞ്ഞു. സേവ് ഡെമോക്രസി ബാനര്‍ ഉയര്‍ത്തിയാണ് എംപിമാരുടെ പ്രതിഷേധം. ബാരിക്കേഡിന് മുകളില്‍ കയറി രാഹുലും പ്രിയങ്കയും ദേശീയ പതാക വീശി. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുംവരെ സമരമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രഖ്യാപനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖര്‍ഗെ, കെ സി വേണുഗോപാല്‍ തുടങ്ങിയവരും മാര്‍ച്ചിലുണ്ട്. ബിജു ജനതാദളും അഖിലേഷ് യാദവും മാര്‍ച്ചില്‍ പങ്കെടുത്തു.
◾ അര്‍ജന്റീന ടീമിനെയും ലയണല്‍ മെസിയേയും കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുകേസില്‍ ആദ്യഘട്ടത്തില്‍ അഞ്ചുപേരെ പ്രതിചേര്‍ക്കും. ആന്റോ അഗസ്റ്റിന്‍, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, മുന്‍ കായിക മന്ത്രി വി അബ്ദു റഹ്‌മാന്‍, അബ്ദു റഹ്‌മാന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലന്‍, മുന്‍ ഫുട്ബോള്‍ താരം ഷറഫലി എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് നീക്കം. നിലവിലുള്ള എഫ് ഐ ആറില്‍ അഴിമതിക്കുറ്റം കൂടി ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
◾ മരുന്നു വാങ്ങാനുള്ള ഫയലുകള്‍ അടക്കം 35 ഫയലുകള്‍ പിടിച്ചുവെച്ച ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫിനെ മാറ്റണമെന്ന് ആരോഗ്യ മന്ത്രി കെ മുരളിധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനോട് ആവശ്യപ്പെട്ടു. അന്വേഷണം വേണമെന്നതടക്കമുള്ള തന്റെ പല പ്രധാന ഉത്തരവുകളിലും പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടര്‍ നടപടിയെടുക്കാതെ പിടിച്ചുവച്ചെന്നാണ് ആരോപണം. നേരത്തെ മുതല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ കെ മുരളിധരന്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
◾ മുഖ്യമന്ത്രി വി.ഡി.സതീശനെതിരേ ഏകപക്ഷീയ ശൈലി ആരോപിച്ച് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി നല്‍കിയ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഇന്നു രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കും. പരാതി പരിഹാരത്തിനായി ഹൈക്കമാന്‍ഡ് കേരളത്തില്‍ സര്‍ക്കാര്‍-പാര്‍ട്ടി ഏകോപന സമിതി രൂപീകരിച്ചേക്കും.
◾ എയിംസ് കേരളത്തില്‍ വരണം എന്നാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. യോഗ്യമായ സ്ഥലം തൃശൂര്‍ ആണ്. താന്‍ ബിജെപി എംപി ആയതിനാല്‍ എയിംസ് തൃശൂരില്‍ വരേണ്ട എന്ന് സംസ്ഥാനം തീരുമാനിച്ചാല്‍ അവിടെ തന്നെ വരും എന്നും സുരേഷ് ഗോപി പറഞ്ഞു.
◾ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന ഇ.എന്‍.സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നതടക്കം നടപടികള്‍ ഉണ്ടായേക്കും. അതേസമയം സംഭവത്തില്‍ ഇരയായ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ തെളിവുകളോടെയാണ് യുവതി നേതൃത്വത്തിന് പരാതി നല്‍കിയത്. പാലക്കാട് സിപിഎം ജില്ല കമ്മിറ്റി ഓഫീസിലാണ് അതിക്രമം നടന്നത്.
◾ ഇ.എന്‍.സുരേഷ് ബാബുവിനെതിരെ നിയമനടപടി ആണ് വേണ്ടതെന്ന് സിപിഎം നേതാവ് സുജ സൂസന്‍ ജോര്‍ജ്. സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം പാര്‍ട്ടിക്കുള്ളില്‍ ഒതുക്കുന്നു എന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് വനിതാ നേതാവിന്റെ പ്രതികരണം.
◾ ഇ.എന്‍.സുരേഷ് ബാബുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയേല്‍ മുഖ്യമന്ത്രി വിഡി സതീശന് പരാതി നല്‍കി. സ്ത്രീസുരക്ഷ ഉറപ്പ് വരുത്തുക എന്നത് നമ്മുടെ സര്‍ക്കാറിന്റെ പ്രഖ്യാപിത നയമാണ്. പരാതി പോലീസിനു കൈമാറാതിരുന്ന സിപിഎം നേതൃത്വത്തിനെതിരേയും കേസെടുക്കണമെന്നു പരാതിയില്‍ പറയുന്നു.
◾ ഇ.എന്‍.സുരേഷ്ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥരാണെന്നും ആ ബോധ്യത്തിലാണ് സിപിഎം ഇത്തരത്തില്‍ ഒരു നടപടി എടുത്തത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
◾ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സുരേഷ് ബാബുവിനെ മാറ്റിയതിന് പാര്‍ട്ടിക്ക് അതിന്റേതായ കാരണങ്ങളുണ്ടെന്ന് സിപിഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ്. സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം സംസ്ഥാന നേതൃത്വത്തിനായിരിക്കാം നല്‍കിയത്. പൊലീസില്‍ പരാതി നല്‍കേണ്ടത് പരാതിക്കാരിയാണെന്നും എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു.
◾ പ്രിയദര്‍ശിന് പദ്ധതിക്ക് ശേഷം വീണ്ടും സ്ത്രീ സൗഹൃദ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ആര്‍ത്തവ സമയത്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും യാത്രകള്‍ സുഗമമാക്കുന്ന വനിതാ-ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന 'വിമന്‍ ഓണ്‍ ദി മൂവ് ആന്‍ഡ് മെന്‍സ്ട്രല്‍ നീഡ്' പദ്ധതിക്ക് ഇന്ന് തുടക്കമാകും.
◾ കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നതു വൈകിപ്പിക്കുകയും വിവരാവകാശ അപേക്ഷയില്‍ വിവരങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്തതിന് ചേരാനല്ലൂര്‍ പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് 12,500 രൂപ വീതം പിഴ ചുമത്തി സംസ്ഥാന വിവരാവകാശ കമ്മിഷന്‍. വിരമിച്ച പഞ്ചായത്ത് സെക്രട്ടറി വി പി ഉണ്ണിക്കൃഷ്ണന്‍, സെക്ഷന്‍ ക്ലാര്‍ക്ക് ഡിപിന്‍ എന്നിവര്‍ക്കാണ് പിഴശിക്ഷ. തെക്കന്‍ ചിറ്റൂര്‍ സ്വദേശി അനില്‍ രാമച്ചംകുഴി നല്‍കിയ പരാതിയിലാണു നടപടി.
◾ കാപ്പാ കേസില്‍ ജയിലിലായ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന ആരോപണത്തില്‍ പൊലീസ് ഇന്ന് കേസെടുക്കും. രേഖകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കാനാണ് കേസ്. തത്കാലം ആരെയും പ്രതി ചേര്‍ക്കില്ല. ഒപ്പു വ്യാജമെന്നു റിപ്പോര്‍ട്ടു ലഭിച്ചാല്‍ കേസുമായി മുന്നോട്ടുപോകും. കാപ്പാ കേസില്‍ സുഗതന്‍ ഒളിവിലായിരുന്ന ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 തിയ്യതികളിലെ കൗണ്‍സിലില്‍ പങ്കെടുത്തെന്ന രജിസ്റ്ററിലെ ഒപ്പ് വ്യാജമെന്നാണ് എല്‍ഡിഎഫ് പരാതി.
◾ കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ വന്ദേമാതരം സെമിനാറിനെതിരെ പ്രതിഷേധിച്ച വിവിധ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും. സെമിനാര്‍ ഹാളിലേക്ക് തള്ളിക്കയറാന്‍ എസ്എഫ്ഐ, കെഎസ്യു, എംഎസ്എഫ്, എഐഎസ്എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. ആര്‍എസ്എസിന്റെ പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കണ്‍വീനര്‍ ജെ നന്ദകുമാറാണു മുഖ്യപ്രഭാഷകന്‍.
◾ ഇടുക്കി ചിന്നക്കനാലില്‍ പത്ത് ഹെക്ടറോളം സ്ഥലത്തെ കയ്യേറ്റം വനം വകുപ്പ് ഒഴിപ്പിച്ചു. ചിന്നക്കനാല്‍ റിസര്‍വിന്റെ ഭാഗമായ ചൂണ്ടല്‍ യൂക്കാലി പ്ലാന്റേഷനിലാണ് കയ്യേറ്റം നടന്നത്. ഇവിടെ അടിക്കാടുകള്‍ വെട്ടിത്തെളിച്ച് ഏലത്തൈകള്‍ നട്ടിരുന്നു. ഇത് വനം വകുപ്പ് പറിച്ചു നീക്കി.
◾ അടൂര്‍ പ്രകാശിനെതിരേ പരിഹാസവുമായി കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ്. സര്‍ക്കാരിന്റെ എല്ലാ നല്ല തീരുമാനങ്ങളും അദ്ദേഹത്തിന്റെ കൂടി തീരുമാനമായിരുന്നു എന്നാണ് താന്‍ കരുതിയതെന്നും ഒന്നും അറിഞ്ഞില്ല അല്ലേ, നന്നായി എന്നുമാണ് നിജേഷ് അരവിന്ദ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
◾ അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍ ഹരിചന്ദ്രന്‍ ആകാന്‍ ശ്രമിക്കേണ്ടെന്ന് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എച്ച് സലാം. സുധാകരന്റെ സ്വഭാവ സവിശേഷതകള്‍ എല്ലാവര്‍ക്കും അറിയാം. ഇത്തവണ മത്സരിക്കുന്നതിന് മുമ്പ് ഭാര്യയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 50 ലക്ഷം രൂപ മകന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും സലാം ആരോപിച്ചു.
◾ സംഗീത പരിപാടികള്‍ അവതരിപ്പിക്കാന്‍ യുകെയിലേക്കും അയര്‍ലന്‍ഡിലേക്കും പോകുന്ന ഹിരണ്‍ ദാസ് മുരളി എന്ന വേടന് പ്രത്യേക പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം.
◾ തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ 56 ട്രെയിനുകളിലായി നടത്തിയ പ്രത്യേക പരിശോധനയില്‍ ടിക്കറ്റില്ലാതെ യാത്രചെയ്ത 783 പേര്‍ പിടിയിലായി. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ആകെ 6.18 ലക്ഷം രൂപ പിഴയും ചുമത്തി.
◾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 18 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. സി ഐ എസ് എഫ് ഉദ്യാഗസ്ഥന് പരിക്കേറ്റ സംഭവത്തിലടക്കം കേസെടുത്ത പോലീസ്, കൂടുതല്‍ അറസ്റ്റിലേക്ക് കടക്കുമെന്ന സൂചന നല്‍കി.
◾ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിനിടെ വനിതാമാധ്യമപ്രവര്‍ത്തകയോട് ഡല്‍ഹി പോലീസ് എസിപി വിവേക് ഭഗത് ലൈംഗികാതിക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഹരിയാണ സ്വദേശിയായ നദീം അഹമ്മദ് എന്ന 24-കാരനെ അറസ്റ്റു ചെയ്തു. എഐ നിര്‍മിത ദൃശ്യമാണെന്ന് ആരോപിച്ചാണു യുവാവിനെ അറസ്റ്റു ചെയ്തത്.
◾ കരിങ്കടലില്‍ ആക്രമിക്കപ്പെട്ട കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യന്‍ നാവികരും സുരക്ഷിതരാണെന്നും ഇവരില്‍ ഒരാള്‍ക്ക് വൈദ്യസഹായം നല്‍കിവരുന്നതായും റൊമാനിയയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കരീബിയന്‍ രാജ്യത്തിന്റെ പതാകയുള്ള കപ്പലാണെങ്കിലും ഇത് തുര്‍ക്കിയിലെ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്.
◾ കോക്ക്പിറ്റില്‍ ആക്രമണമുണ്ടായ ഫ്ളൈ ദുബായ് വിമാനം ടെല്‍ അവീവിലേക്ക് പറക്കുകയാണെങ്കില്‍ ഇസ്രയേല്‍ സൈന്യം വിമാനം വെടിവെച്ചിടാന്‍ തയ്യാറെടുത്തിരുന്നതായി റിപ്പോര്‍ട്ട്. സിബിഎസ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ചതിന് പിന്നാലെ 30 സെക്കന്‍ഡിനുള്ളില്‍ വിമാനം 16,000 അടി താഴ്ചയിലേക്ക് പതിച്ചിരുന്നു. ഇതോടെയാണ് വിമാനം റാഞ്ചിയതാണെന്നും ഇസ്രയേലിന് നേരേയുള്ള ആക്രമണമാണെന്നും ഇസ്രയേല്‍ വ്യോമസേനയ്ക്ക് അപായസന്ദേശം ലഭിച്ചത്.
◾ സൗദി അറേബ്യക്കെതിരേ ഹൂതി വിമതരുടെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ തുര്‍ക്കിയും പാകിസ്ഥാനും സൗദിയിലേക്ക് തങ്ങളുടെ സൈന്യത്തെ അയക്കും. സൗദിക്കെതിരേ ഹൂതി വിമതര്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടി.
◾ ലണ്ടനില്‍ നിന്ന് ഷിക്കാഗോയിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം ക്യാബിനിലെ വായുമര്‍ദ്ദം പെട്ടെന്ന് കുറഞ്ഞതിനെത്തുടര്‍ന്ന് അടിയന്തരമായി ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ബ്രിട്ടീഷ് എയര്‍വേയ്‌സ് ബോയിംഗ് 777 വിമാനമാണ് തിരിച്ചിറക്കിയത്. 36,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് സാങ്കേതിക തകരാറുണ്ടായത്. ഇതോടെ മിനിറ്റുകള്‍ക്കകം വിമാനം 9,000 അടി താഴ്ചയിലേക്ക് താഴ്ത്തി പറത്തി. വൈകാതെ ലാന്‍ഡു ചെയ്തു.
◾ പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായിരുന്ന ജെഫ്രി ആര്‍ച്ചര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. തിങ്കളാഴ്ച ലണ്ടനിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ ആദം ആന്‍ഡ് ഈവ് പുറത്തിറങ്ങാനിരിക്കെയാണ് വിയോഗമെന്ന് പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സ് അറിയിച്ചു.
◾ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍. ഏഷ്യന്‍ ഗെയിംസ് 2026ല്‍ ഇന്ത്യയെ സ്വര്‍ണ മെഡലിലേക്ക് നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നിര്‍ണായക പ്രഖ്യാപനം. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നുണ്ടെങ്കിലും താരം ടീമില്‍ തുടര്‍ന്നും കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
◾ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ ഇന്ത്യ ഇന്ന് ഉറുഗ്വേയെ നേരിടും. കൊല്‍ക്കത്തയില്‍ രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. ഫിഫ റാങ്കിംഗില്‍ ഉറൂഗ്വേ ഇരുപതും ഇന്ത്യ 138-ാം സ്ഥാനത്തുമാണ്.
◾ അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം. ആഫ്രിക്കന്‍ ടീമായ ബെനിനാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം ബുധാനാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് കളി തുടങ്ങുക. അര്‍ജന്റീനയ്ക്ക് ഇത് വെറുമൊരു മത്സരമല്ല, ലിയോണല്‍ മെസി അവസാനമായി നീലയും വെള്ളയും ജഴ്‌സിയില്‍ ബൂട്ടുകെട്ടിയിറങ്ങുന്നു എന്നതാണ് ഈ മത്സരത്തിന്റെ പ്രത്യേകത.
◾ രാജ്യത്ത് ജിഎസ്ടി പിരിവില്‍ വന്‍ വര്‍ധന. ദേശീയതലത്തില്‍ സെപ്റ്റംബറില്‍ 14.7% വര്‍ധനയോടെ 2.04 ലക്ഷം കോടി രൂപ പിരിച്ചെടുത്തു. 2025 സെപ്റ്റംബറില്‍ 1.77 ലക്ഷം കോടി രൂപയായിരുന്നു. കേന്ദ്ര ജിഎസ്ടിയായി 37,762 കോടി രൂപയും സംസ്ഥാന ജിഎസ്ടിയായി 45,363 കോടിയുമാണ് കഴിഞ്ഞമാസം പിരിച്ചത്. സംയോജിത ജിഎസ്ടിയായി 1.20 ലക്ഷം കോടിയും പിരിച്ചു. ആഭ്യന്തര ഇടപാടുകളില്‍ നിന്ന് 10.1% വര്‍ധനയോടെ 1.37 ലക്ഷം കോടി രൂപയും ഇറക്കുമതി ഉല്‍പന്നങ്ങളുടെ ജിഎസ്ടിയായി 25.9% കുതിപ്പോടെ 65,525 കോടിയും കഴിഞ്ഞമാസം പിരിച്ചെടുത്തു. ഏപ്രില്‍-സെപ്റ്റംബറിലെ ആകെ സമാഹരണം 12.46 ലക്ഷം കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ 11.17 ലക്ഷം കോടിയേക്കാള്‍ 11.6% അധികമാണിത്. മഹാരാഷ്ട്രയാണ് മുന്നില്‍; 15% വളര്‍ച്ചയോടെ 29,986 കോടി രൂപ. കര്‍ണാടക 16% വളര്‍ച്ചയോടെ 13,884 കോടി സമാഹരിച്ചു. 17% വളര്‍ച്ചയോടെ 12,222 കോടി പിരിച്ചെടുത്ത ഗുജറാത്താണ് മൂന്നാം സ്ഥാനത്ത്. ഉത്തര്‍പ്രദേശ് 18% വര്‍ധനയോടെ 8,882 കോടിയും പിരിച്ചു. കേരളത്തില്‍ 11% വര്‍ധനയുമായി 3328 കോടി രൂപയാണ് പിരിച്ചത്. 2025 സെപ്റ്റംബറില്‍ ഇത് 3010 കോടിയായിരുന്നു.
◾ എഐ നിര്‍മിത വിവരങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കായി ഗൂഗിള്‍ തങ്ങളുടെ സെര്‍ച്ച് ഗൈഡ്‌ലൈനുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി. എഐ വഴി തയ്യാറാക്കുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് അവ പൂര്‍ണമായും മാനുവലായി ഫാക്ട്ചെക്ക് ചെയ്ത് സത്യസന്ധത ഉറപ്പുവരുത്തണമെന്ന് ഗൂഗിള്‍ പുതിയ ഡോക്യുമെന്റില്‍ വ്യക്തമാക്കുന്നു. എഐ ടൂളുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍, മനുഷ്യരുടെ മേല്‍നോട്ടവും കൃത്യമായ ഫാക്ട്ചെക്കിങും ഇല്ലാതെ കണ്ടന്റുകള്‍ പബ്ലിഷ് ചെയ്യുന്നത് സെര്‍ച്ച് റാങ്കിങിനെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് ഗൂഗിള്‍ നല്‍കുന്നത്. ലേഖനങ്ങള്‍ക്ക് പുറമെ, മെറ്റാ ഡിസ്‌ക്രിപ്ഷനുകള്‍, സ്ട്രക്ചേര്‍ഡ് ഡാറ്റ, ഇമേജ് ആള്‍ട്ട് ടെക്സ്റ്റുകള്‍ എന്നിവയ്ക്കും ഈ പരിശോധന ബാധകമാണ്. വായനക്കാര്‍ക്ക് കൃത്യമായ പശ്ചാത്തലം നല്‍കുന്നതിനായി ഉള്ളടക്കം എങ്ങനെയാണ് നിര്‍മ്മിച്ചതെന്ന് വ്യക്തമാക്കുന്നത് നന്നായിരിക്കുമെന്നും ഗൂഗിള്‍ നിര്‍ദ്ദേശിക്കുന്നു.
◾ 'ഉയരെ' സിനിമയുടെ സംവിധായകന്‍ മനു അശോകന്‍ ഒരുക്കുന്ന 'ഐസ്' സീരീസിന്റെ ട്രെയ്ലര്‍ പുറത്ത്. നിഖില വിമല്‍, സാനിയ അയ്യപ്പന്‍. ശ്രുതി രാമചന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സീരീസ് ത്രില്ലര്‍ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. ദുരൂഹതകള്‍ ഒളിപ്പിച്ചാണ് 'ഐസി'ന്റെ ട്രെയ്ലര്‍ ഒരുക്കിയിരിക്കുന്നത്. തുടര്‍ കൊലപാതകങ്ങളും അതിന്റെ അന്വേഷണങ്ങള്‍ക്കുമൊപ്പം 'ഐസ്' ശക്തമായൊരു സന്ദേശവും നല്‍കുന്നുണ്ട് എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. ഗൗതം ശങ്കര്‍, പാര്‍വതി കൃഷ്ണ, ആതിര പട്ടേല്‍, ശ്രേയ മനു തുടങ്ങി വലിയൊരു താരനിരയും സീരീസില്‍ അണിനിരക്കുന്നുണ്ട്. ഒക്ടോബര്‍ 9 മുതല്‍ സോണി ലിവ്വില്‍ സീരീസ് സ്ട്രീമിങ് ആരംഭിക്കും. തിരക്കഥ: ബോബി സഞ്ജയ്. കഥ: അഞ്ജന നായര്‍. നിര്‍മാണം: ടി.ആര്‍ ഷംസുദ്ദീന്‍. പശ്ചാത്തല സംഗീതം: രഞ്ജിന്‍ രാജ്. മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലാണ് സീരീസ് റിലീസ് ചെയ്യുന്നത്.
◾ നവാഗതരായ അര്‍ജുന്‍ലാല്‍, അജിത് കുമാര്‍ രവീന്ദ്രന്‍ എന്നിവര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രം 'രണ്ട് രഹസ്യങ്ങള്‍' ആദ്യ ട്രെയ്‌ലര്‍ പുറത്ത്. ശേഖര്‍ മേനോന്‍, വിജയകുമാര്‍ പ്രഭാകരന്‍, ബാബു തളിപ്പറമ്പ്, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. രണ്ട് ട്രെയ്‌ലറാണ് ചിത്രത്തിനുള്ളത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം ഒക്ടോബര്‍ 9 ന് തിയറ്ററുകളിലെത്തും. വാമ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സാക്കിര്‍ അലി ആണ് ഈ ആന്തോളജി ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം കൂടിയാണ് രണ്ട് രഹസ്യങ്ങള്‍. സംവിധായകര്‍ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.
◾ രാജ്യത്തെ കാര്‍ വിപണിയില്‍ മുന്നേറ്റം തുടര്‍ന്ന് മാരുതി സുസുക്കി. 2026 സെപ്റ്റംബറില്‍ 1,81,838 പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റത്. 2025 സെപ്റ്റംബറില്‍ ഇത് 1,32,820 വാഹനങ്ങളായിരുന്നു. 36.91 ശതമാനം വളര്‍ച്ച. മൊത്തം വില്‍പന 2,36,013 യൂണിറ്റിലെത്തി. 2025ല്‍ ഇത് 1,89,665 യൂണിറ്റുകളായിരുന്നു. യൂട്ടിലിറ്റി വാഹന വില്‍പന 78,911 യൂണിറ്റായി. 62.05 ശതമാനം വളര്‍ച്ച. ബ്രെസ്സ, എര്‍ട്ടിഗ, ഇ-വിറ്റാര, ഫ്രോങ്ക്സ്, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്റ്റോ, ജിംനി, വിക്ടോറിസ്, എക്സ്.എല്‍-6 തുടങ്ങിയ മോഡലുകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ചെറുകാര്‍ വില്‍പനയില്‍ 91,887 യൂണിറ്റുകളാണ് വിറ്റത്. 2025ല്‍ 74,090 യൂണിറ്റുകളായിരുന്നു. 24.02 ശതമാനം വളര്‍ച്ച. ആള്‍ട്ടോ, ബലേനോ, സെലേറിയോ, സിയാസ്, ഡിസയര്‍, ഇഗ്നിസ്, എസ്-പ്രസ്സോ, സ്വിഫ്റ്റ്, വാഗണ്‍ ആര്‍ മോഡലുകളാണിതില്‍. ഈക്കോ വാനിന്റെ വില്‍പനയും 10.01 ശതമാനം ഉയര്‍ന്ന് 11,040 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 10,035 യൂണിറ്റുകളായിരുന്നു വില്‍പന.
◾ വെന്തിങ്ങക്കര ഉടലെടുത്തു. കാലാന്തരത്തില്‍ വെന്തിങ്ങക്കര ലോപിച്ചു വെന്തിങ്ങരയായി. അതൊരു പുറപ്പാടിന്റെ കഥയാണ്. കൈയേറ്റത്തിന്റെയും കൈയൂക്കിന്റെയും കണ്ണീരിന്റെയും തീരാക്കഥകള്‍. വാശിയും പകയും കാമവും ആര്‍ത്തിയും ആളിക്കത്തി വിശ്വാസപ്രമാണങ്ങളെ പുകമറയിലാക്കിയ കഥകള്‍. കര്‍ത്താവിനെ സാക്ഷിയാക്കി, കുരിശിനെ നോക്കുകുത്തിയാക്കി, പത്തു കല്‍പ്പനകളെയും കാറ്റില്‍പ്പറത്തിയ ദൈവജനത്തിന്റെ കഥയില്ലാക്കഥകള്‍. മേധാവിത്വവും അറുപിശുക്കും ദൈവവിശ്വാസവും ഇഞ്ചോടിഞ്ചുനില്‍ക്കുന്ന തനി വെന്തിങ്ങരത്തത്തിന്റെ കഥകള്‍. ലീഷാ മഞ്ജുവിന്റെ ആദ്യത്തെ നോവല്‍. 'വെന്തിങ്ങരചരിതം: ഒന്നാം പുസ്തകം'. മാതൃഭൂമി. വില 306 രൂപ.
◾ വീടുകളിലും ഓഫീസുകളിലും എയര്‍ കണ്ടീഷണറുകളുടെ അമിത ഉപയോഗവും മുറികളിലെ വായുസഞ്ചാരക്കുറവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ദ്ധര്‍. അടച്ചിട്ട എസി മുറികളിലെ വായുവില്‍ പൊടിപടലങ്ങള്‍, പൂപ്പല്‍, വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങള്‍, സിഗരറ്റ് പുക, വീട് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ വാതകങ്ങള്‍ എന്നിവ വലിയ തോതിലുണ്ടാകാം. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. എസി മുറികളിലിരിക്കുമ്പോള്‍ വിട്ടുമാറാത്ത ചുമ, തൊണ്ട വരള്‍ച്ച, അസഹ്യമായ തുമ്മല്‍, കണ്ണ് ചൊറിച്ചില്‍, തലവേദന, മൂക്കടപ്പ് എന്നിവ അനുഭവപ്പെടുന്നത് ഇതിന്റെ ലക്ഷണങ്ങളാണ്. പ്രതിരോധശേഷി കുറഞ്ഞവര്‍, മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ആസ്ത്മയോ മറ്റ് അലര്‍ജികളോ ഉള്ളവര്‍ എന്നിവരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇത് കുറയ്ക്കാനായി പുറത്തെ അന്തരീക്ഷം അനുയോജ്യമായിരിക്കുന്ന സമയങ്ങളില്‍ ജനലുകളും വാതിലുകളും തുറന്നിട്ട് മുറിക്കുള്ളിലേക്ക് ശുദ്ധവായു കടത്തിവിടണം. എസിയുടെ ഫില്‍ട്ടറുകള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം. മുറികള്‍ അമിതമായി തണുപ്പിക്കുന്നത് ഒഴിവാക്കണമെന്നും, ലക്ഷണങ്ങള്‍ വിട്ടുമാറിയില്ലെങ്കില്‍ വൈദ്യസഹായം തേടണമെന്നും ആരോഗ്യ വിദഗ്ദര്‍ ഓര്‍മിപ്പിക്കുന്നു.
Tags:
KERALA