Trending

പ്രഭാത വാർത്തകൾ.

2026  സെപ്റ്റംബര്‍ 25 | വെള്ളി 
1202  കന്നി 9 | ചതയം
1448  റ:ആഖിർ 13

◾  മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിനെ ഇംപീച്ച് ചെയ്യാന്‍ രാജ്യസഭയിലും ലോക്സഭയിലും നോട്ടീസ് നല്‍കാനും രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാനും കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചന തുടങ്ങി. രാജ്യസഭയിലെ 73 എംപിമാര്‍ ഒപ്പിട്ട് ഏപ്രില്‍ 24 നു നല്‍കിയ നോട്ടീസില്‍ രാജ്യസഭാ അധ്യക്ഷന്‍ ഇനിയും തീരുമാനെടുത്തിട്ടില്ല. ഗ്യാനേഷിനെതിരേ കോക്റോച്ച് ജനതാ പാര്‍ട്ടിയും രംഗത്തുവന്നിട്ടുണ്ട്.

◾  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമഗ്ര അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കിയതിനെ രണ്ട് കമ്മീഷണര്‍മാര്‍ എതിര്‍ത്തുവെന്നാണ് വാര്‍ത്ത. താന്‍ വോട്ട് ചോരിയിലൂടെ ഉന്നയിച്ചതും ഇതുതന്നെ. ഭരണഘടനാ സ്ഥാപനങ്ങളെ ഇവര്‍ തകര്‍ത്തു. രാഹുല്‍ കുറ്റപ്പെടുത്തി.

◾  മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ 48 മണിക്കൂറിനുള്ളില്‍ രാജി വെക്കണമെന്ന അന്ത്യശാസനവുമായി സിജെപി. രാജി വെച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിജെപി മുന്നറിയിപ്പ് നല്‍കി.

◾  മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ വിമാനയാത്രയുടെ സ്പോണ്‍സര്‍ എല്‍ഡിഎഫ് ഭരണകാലത്ത് ഹെലികോപ്റ്റര്‍ വാടകയ്ക്കു നല്‍കിയ ചിപ്സണ്‍ ഏവിയേഷന്‍. വിമാന ഉടമയായ കേളചന്ദ്ര, ചിപ്സണ് നല്‍കിയ ഇന്‍വോയിസിന്റെ പകര്‍പ്പ് പുറത്ത്. മലപ്പുറത്തേക്കുള്ള യാത്രയുടെ ചെലവ് 19.88 ലക്ഷം രൂപയാണ്. ഹെലികോപ്റ്റര്‍ കരാര്‍ പുതുക്കാനിരിക്കേയാണ് സൗജന്യയാത്ര സമ്മാനിച്ചത്.  

◾  തിരുവനന്തപുരം മൃഗശാല മാറ്റി പകരം അവിടെ മാഡിസണ്‍ സ്‌ക്വയര്‍ മാതൃക സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് മുഖ്യമന്ത്രിയായിരുന്നു.



◾  ശബരിമലയില്‍ ഇനി വെടിവഴിപാട് ഇല്ല. ഇത്തവണത്തെ ലേലത്തില്‍ വെടിവഴിപാട് ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടുത്തിയില്ല. ശബരിമല സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ പ്രശ്നങ്ങള്‍ വിവിധ വകുപ്പുകള്‍ ചൂണ്ടികാട്ടിയിരുന്നു. തുടര്‍ന്ന് ബോര്‍ഡ് തന്ത്രിയോട് അഭിപ്രായം ആരാഞ്ഞു. വെടിവഴിപാട് ശബരിമലയിലെ ആചാരത്തിന്റെ ഭാഗമല്ല എന്ന് തന്ത്രി മറുപടി നല്‍കി.

◾  സര്‍ക്കാരിന് എല്ലാ ആഴ്ചയും ശബരിമലയിലെ പുരോഗതി റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി കെ മുരളിധരനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ആശയ വിനിമയ പ്രശ്‌നം ഉണ്ടായിരുന്നു. കാര്യങ്ങള്‍ അറിയിക്കുന്നതില്‍ ബോര്‍ഡിനും വീഴ്ച പറ്റി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

◾  സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നിനും ഉപകരണങ്ങള്‍ക്കും പ്രതിസന്ധി. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ഉള്‍പ്പടെ 209 ഇനം മരുന്നുകളും ഉപകരണങ്ങളും ഉള്‍പ്പടെയുള്ളവയുടെ ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള സ്റ്റോക്ക് എത്തിയില്ല. പര്‍ച്ചേസ് ഓര്‍ഡറുകള്‍ വൈകിയതാണ് പ്രശ്നത്തിനിടയാക്കിയത്.

◾  മുന്‍മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ അന്വേഷണം നടത്താന്‍ രൂപീകരിച്ച പ്രത്യേക സംഘം യോഗം ചേര്‍ന്നു. ക്രൈം ബ്രാഞ്ച് എഡിജിപിയ്ക്ക് കൈമാറിയ പരാതി ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി പി. വിക്രമന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. തുടര്‍ന്നു ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറും. പ്രാഥമിക അന്വേഷണം രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ 15 ദിവസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതില്ല.

◾  നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുക എന്നത് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്നും കൊച്ചി വിമാനത്താവളത്തിലെ കണ്‍സള്‍ട്ടന്‍സി സര്‍വീസ് തന്റെ സ്വപ്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഇന്ത്യയിലാദ്യമായി വിമാനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുന്ന 'ബ്രിഡ്ജ് മൗണ്ട് എക്വിപ്‌മെന്റ്' സംവിധാനം അദ്ദേഹം ഉദ്ഘാടനം ചെയ്തു.


◾  എക്‌സാലോജിക് മാസപ്പടി, ഹവാല ആരോപണങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നല്‍കാതെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ മകള്‍ വീണയ്ക്കു പണം നല്‍കിയെന്ന ആരോപണം ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

◾  മുഖ്യമന്ത്രിയുടെ ചാര്‍ട്ടേര്‍ഡ് വിമാന യാത്രയില്‍ സ്പോണ്‍സര്‍ ആരെന്നു പറയാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മുതലാളിമാരുടെ ചെലവില്‍ ഇനിയും പോകുമെന്ന് പറയുന്ന മുഖ്യമന്ത്രി നാണക്കേടാണെന്നും അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു.

◾  മുഖ്യമന്ത്രി വിഡി സതീശന്‍ കള്ളക്കടത്തുകാരുടെ വിമാനത്തിലല്ലല്ലോ യാത്ര ചെയ്തതെന്ന് ജി സുധാകരന്‍ എംഎല്‍എ.  അതിലെന്തെങ്കിലും ധാര്‍മിക പ്രശ്നമുണ്ടെങ്കില്‍ വിമര്‍ശിക്കാം. അതേസമയം, സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുന്നതിനെതിരെ നടപടിയെടുക്കാത്തതില്‍ പൊലീസിനെ വിമര്‍ശിക്കുകയും ചെയ്തു.

◾  കൊല്ലത്ത് ഭൂമി പോക്കുവരവ് ചെയ്യാന്‍ അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. പുത്തൂര്‍ വില്ലേജ് ഓഫീസര്‍ അഭിലാഷ് ആനന്ദാണ് പിടിയിലായത്.  

◾  കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജന്റെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം നല്‍കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

◾  കരിയര്‍ ബ്രേക്കിലുള്ള 10,000 സ്ത്രീകള്‍ക്ക് തൊഴില്‍ മേഖലയിലേക്ക് തിരിച്ചെത്താന്‍ അവസരമൊരുക്കുന്ന 'ടെന്‍ തൗസന്‍ഡ് വുമണ്‍ ബാക്ക് ടു കരിയര്‍' പദ്ധതിയുടെ വെബ്സൈറ്റ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ തൊഴില്‍ മേഖലയിലെ മുന്നേറ്റത്തിന് ഭാവനാപൂര്‍ണമായ ബഹുമുഖ ഇടപെടലുകള്‍ സര്‍ക്കാരിന്റെയും തൊഴിലുടമകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നടപ്പാക്കുമെന്ന്  മന്ത്രി പറഞ്ഞു.

◾  ഷിബു മീരാനെ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഡല്‍ഹിയില്‍ നടന്ന ദേശിയ നിര്‍വാഹക സമിതി യോഗമാണു തെരഞ്ഞെടുത്തത്. ടി പി അഷ്‌റഫലി എംഎല്‍എ ഒഴിഞ്ഞതോടെയാണ് നിയമനം.

◾  തിരുവോണം ബമ്പറില്‍ ആവേശ വില്‍പന. അച്ചടിച്ച 90 ലക്ഷം ടിക്കറ്റില്‍ 89.85 ലക്ഷവും വിറ്റുപോയി. നറുക്കെടുപ്പ് നാളെ ഒന്നരയ്ക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ മന്ത്രി കെ. മുരളീധരന്‍ നിര്‍വഹിക്കും. 30 കോടി രൂപയാണ് ഒന്നാം സമ്മാനം.

◾  പീക്ക് സമയത്ത് വൈദ്യുതി ഉപയോഗത്തില്‍ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്ന് സര്‍ക്കാരിന്റെ സര്‍ക്കുലര്‍. വൈകീട്ട് 7 മുതല്‍ 12 വരെയുള്ള സമയത്ത് ഉപയോഗം കുറയ്ക്കണമെന്നാണ് സര്‍ക്കുലര്‍.

◾  രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക്  ഇന്നു തിരുവനന്തപുരത്ത് തുടക്കമാകും. വൈകുന്നേരം ആറിന് കൈരളി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണ്‍ അധ്യക്ഷത വഹിക്കും.

◾  കെഎസ്ആര്‍ടിസിയുടെ മിന്നല്‍, സ്വിഫ്റ്റ് ബസുകളില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ ആവശ്യപ്പെട്ടു. ഉയര്‍ന്ന വേഗതയിലുള്ള യാത്രയിലെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കെഎസ്ആര്‍ടിസി എംഡിക്ക് കത്ത് നല്‍കിയത്.

◾  പത്തനംതിട്ട മെഴുവേലി സഹകരണ ബാങ്കില്‍നിന്ന് നാലര കിലോ സ്വര്‍ണ്ണവും മൂന്നര ലക്ഷത്തിലധികം രൂപയും കവര്‍ന്ന കേസില്‍ അഞ്ച് പ്രതികളെ കോടതി ശിക്ഷിച്ചു. എട്ടു പ്രതികളില്‍ ഒന്നാംപ്രതി വിനു, സുരേഷ്, സുധീഷ്, ഗിരീഷ് എന്നിവര്‍ക്ക് രണ്ട് വര്‍ഷവും 11 മാസവും കഠിനതടവ് സിജെഎം കോടതി വിധിച്ചു. ഏഴു ലക്ഷം രൂപ ബാങ്കിന് നഷ്ടപരിഹാരം നല്‍കണം. മൂന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്. ഏഴാംപ്രതി ബിജുവിനു ഒന്നര വര്‍ഷം തടവും പതിനായിരം രൂപയുമാണ് ശിക്ഷ. കേസിലെ ആറും എട്ടും പ്രതികളെ വിട്ടയച്ചു.



◾  വാല്‍പ്പാറ അപ്പര്‍പറളിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ പുലി ആക്രമിച്ചു. തോട്ടം തൊഴിലാളികളായ ഗുരുസ്വാമി - നാഗജ്യോതി ദമ്പതികളുടെ മകന്‍ ഭീഷിതനെയാണ് പുലി ആക്രമിച്ചത്. തലയ്ക്ക് പരുക്കേറ്റ കുട്ടിയെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

◾  പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവിന് 25 വര്‍ഷം തടവും 1,10,000 രൂപ പിഴയും. പനമരത്തിനടുത്ത നടവയല്‍ നെല്ലിയമ്പം കായക്കുന്ന് കീടക്കാട്ട് വീട്ടില്‍ ഹാഷിക്ക് റഹ്‌മാനെ(28)യാണ് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.

◾  മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി പുഴവക്കത്ത് വീട്ടില്‍ പി.കെ റാഷിക്(58) ആണ് ചേവായൂര്‍ പോലീസിന്റെ പിടിയിലായത്.

◾  പയ്യന്നൂരില്‍ ഫിസിയോതെറാപ്പിക്ക് എത്തിയ യുവതിയോട് ക്ലിനിക്ക് ഉടമ മോശമായി പെരുമാറിയെന്ന് പരാതി. കാസര്‍കോട് സ്വദേശിയായ യുവതിയുടെ പരാതിയില്‍ ആരോഗ്യ വെല്‍നസ് ക്ലിനിക് ഉടമ ശരത് നമ്പ്യാരെ പയ്യന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾  നീറ്റ് പിജി ഫലം പ്രഖ്യാപിച്ചു. ഇത്തവണ 2,63,544 പേരാണ് ഇത്തവണത്തെ നീറ്റ് പിജി പരീക്ഷയെഴുതിയത്.

◾  പഞ്ചാബില്‍ റെയ്ഡിനെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ തകര്‍ത്തു. ഗ്രേറ്റര്‍ മൊഹാലി ഏരിയ വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ പരിശോധനയ്ക്കിടെ മൊഹാലിയിലാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

◾  അദാനി ഗ്രൂപ്പ് നല്‍കിയ മാനനഷ്ടക്കേസില്‍ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ജാമ്യം. ഗാന്ധിനഗര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. ഒരു ദിവസം കോടതിയില്‍ ഹാജരാകാത്തതിന്റെ പേരില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് രവി നായരെ ജയിലിലടക്കുകയായിരുന്നു.

◾  വേതനപരിധി പതിനയ്യായിരത്തില്‍നിന്ന് 25,000 രൂപയാക്കി വര്‍ധിപ്പിച്ചതോടെ കൂടുതല്‍ ജീവനക്കാര്‍ പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയിലേക്ക്. നിലവില്‍ 7.89 കോടി ജീവനക്കാരാണ് ഇപിഎഫിലുള്ളത്. 51 ലക്ഷത്തിലധികം ജീവനക്കാര്‍കൂടി ഇപിഎഫ്ഒയുടെ പരിധിയിലാകും.

◾  കുപ്രസിദ്ധ ഗുണ്ടാനേതാവായ മെയ്ന്‍പാല്‍ ധില്ലയ്ക്ക് കംബോഡിയന്‍ കാമുകിയെ വിവാഹം കഴിക്കാന്‍ കോടതി 12 മണിക്കൂര്‍  പരോള്‍ അനുവദിച്ചു. ചണ്ഡീഗഡിലാണു സംഭവം. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ധില്ല നിലവില്‍ ഝജ്ജറിലെ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. 2018 ല്‍ പരോളിലിറങ്ങി കംബോഡിയയിലേക്ക് മുങ്ങിയ ധില്ല അവിടെ യുവതിയായ മേറ്റ ചാനുമായി അടുപ്പത്തിലായി. ധില്ലയെ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെത്തിച്ചത്.

◾  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാധ്യമവിലക്കിന് കോടതി സ്റ്റേ. സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമസ്ഥാപനങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ ഏര്‍പ്പെടുത്തിയ വിലക്കിനാണ് സ്റ്റേ. ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമെന്ന് കോടതി ചൂണ്ടിക്കാട്ടി.

◾  ഇന്ത്യയിലേക്ക് ചരക്കുമായി വരികയായിരുന്ന കപ്പലിന് നേരെ ഒമാനിലെ മുസന്ദം തീരത്തോട് ചേര്‍ന്ന് ആക്രമണം. ഒരു ഇന്ത്യന്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയുടെ പതാകയുമായി സഞ്ചരിച്ച എംവി കേപ് ദാവോ എന്ന ബള്‍ക്ക് കാരിയര്‍ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.

◾  ഏഷ്യന്‍ ഗെയിംസില്‍ മലയാളി അത്‌ലറ്റ് ടി.എസ്. മനു ഉള്‍പ്പെട്ട 4 - 400 മീറ്റര്‍ ഇന്ത്യന്‍ മിക്സഡ് റിലേ ടീമിന് വെള്ളി. വിശാല്‍, എം.ആര്‍ പൂവമ്മ, വിദ്യ രാംരാജ് എന്നിവരാണ് മനുവിനൊപ്പം ഫൈനലില്‍ ഓടിയത്. ഗെയിംസ് റെക്കാഡോടെ ഒന്നാമതെത്തിയ ബഹ്റൈന് പിന്നിലാണ് ഇന്ത്യന്‍ ടീം ഫിനിഷ് ചെയ്തത്. വനിതകളുടെ 10,000 മീറ്ററില്‍ ഇന്ത്യയുടെ സീമ വെങ്കലം നേടി. പുരുഷന്മാരുടെ 100 മീറ്ററില്‍ ഇന്ത്യയുടെ രണ്ട് താരങ്ങള്‍ സെമിയില്‍ പ്രവേശിച്ചു. അനിമേഷ് കുജൂര്‍, ഗുരിന്ദര്‍വീര്‍ സിങ് എന്നിവരാണ് സെമിയിലെത്തിയത്. വുഷുവില്‍ വനിതകളുടെ 60 കിലോഗ്രാം സാന്‍ഡ വിഭാഗത്തില്‍ ഇന്ത്യയുടെ റോഷിബിന ദേവി വെള്ളി മെഡല്‍ സ്വന്തമാക്കി.

◾  ഏഷ്യന്‍ ഗെയിംസില്‍ കുതിപ്പുമായി ഇന്ത്യയുടെ പുരുഷ ഹോക്കി ടീം. ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യ വിജയിച്ചു. ദക്ഷിണ കൊറിയയെ രണ്ടിനെതിരേ എട്ടുഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.  

◾  ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വീണ്ടും മാറ്റം. പരിക്കേറ്റ പേസര്‍ ശിവം മാവി ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ നിന്ന് പുറത്തായി. പുറത്തേറ്റ പരിക്കാണ് ശിവം മാവിക്ക് തിരിച്ചടിയായത്. പകരക്കാരനായി ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഉമ്രാന് പകരം റോയല്‍ ചലഞ്ചേഴ്സ് പേസര്‍ അകാശ് ദീപിനാണ് ഏഷ്യന്‍ ഗെയിംസിനുളള ടി20 ടീമില്‍ സെലക്ടര്‍മാര്‍ അവസരം നല്‍കിയത്.

◾  നടപ്പു സാമ്പത്തികവര്‍ഷത്തെ ആദ്യ പാദത്തില്‍ കേരളത്തില്‍ 68.96 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്. മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് 8,30,274 പേര്‍ക്കാണ് കമ്പനി ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയിട്ടുള്ളത്. ലിങ്ക്ഡ്, നോണ്‍ ലിങ്ക്ഡ് സമ്പാദ്യ പദ്ധതികള്‍, വാര്‍ഷിക വരുമാന പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെയുള്ള കേരളത്തിലെ സേവിങ് ബിസിനസിലും കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 12,922 കോടി രൂപയാണ്. ഏഴു വര്‍ഷത്തിനിടെ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ആകെ 2,773 കോടി രൂപയുടെ ആനുകൂല്യങ്ങളും കമ്പനി നല്‍കി. നടപ്പുവര്‍ഷം ഒന്നാം പാദത്തില്‍ സേവിങ്സ് പോളിസികളില്‍ 54 ശതമാനവും അപേക്ഷ നല്‍കിയ ദിവസം തന്നെ അനുവദിച്ചു. ഇന്‍ഷുറന്‍സ് പോളിസികളില്‍ 58 ശതമാനവും ഡിജിറ്റല്‍ കെ.വൈ.സി. ഉപയോഗിച്ചാണ് അനുവദിച്ചത്.

◾  സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ, ഇന്ത്യയില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് മുന്‍പ് കമ്പനികള്‍ നിയന്ത്രണപരമായ അനുമതി നേടേണ്ടതുണ്ട്. പുതിയ മാനദണ്ഡപ്രകാരം ഗ്ലാസിന്റെ കനം പ്രഖ്യാപിച്ചിരിക്കുന്ന കനത്തില്‍ നിന്ന് 10 ശതമാനത്തില്‍ കൂടുതല്‍ വ്യത്യാസപ്പെടാന്‍ പാടില്ല. സാധാരണ ഗ്ലാസ് സ്‌ക്രീന്‍ പ്രൊട്ടക്ടറുകളില്‍ പ്രകാശത്തിന്റെ പ്രവേശനം 89 ശതമാനത്തിന് മുകളിലായിരിക്കണം. പ്രൈവസി ഫിലിം ഉപയോഗിക്കുന്നവയില്‍ ഇത് കുറഞ്ഞത് 59 ശതമാനമായിരിക്കണം. 300 മൈക്രോമീറ്ററിന് മുകളിലുള്ള പിന്‍ഹോളുകള്‍, കുമിളകള്‍ എന്നിവ അനുവദിക്കില്ല. കണ്ണുകൊണ്ട് വ്യക്തമായി തിരിച്ചറിയാവുന്ന വരകള്‍, ലൈനുകള്‍ തുടങ്ങിയ തകരാറുകളും ഉണ്ടാകാന്‍ പാടില്ല. മാനദണ്ഡങ്ങള്‍ പാലിക്കാത്തതും 'സ്റ്റാന്‍ഡേര്‍ഡ്' മാര്‍ക്ക് ഇല്ലാത്തതുമായ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ക്ക് 2027 ഏപ്രില്‍ 1 മുതല്‍ ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തും.

◾  വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ബത്ത'യിലെ പുതിയ ഗാനം റിലീസ് ചെയ്തു. സായ് അഭ്യങ്കര്‍ ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. കെ കെ നഗര്‍ ഗാന ജീവ ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. സായ് അഭ്യങ്കര്‍, വംഗല്‍ പുള്ള വിക്കി, തമിഴ് ആധവന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. അച്ഛന്‍- മകള്‍ ബന്ധം പറയുന്നതാണ് ഗാനമെന്നാണ് സൂചന. ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബത്ത. പ്രശസ്ത സംവിധായകന്‍ ആറ്റ്‌ലി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രിയ ആറ്റ്‌ലി, മുറാദ് ഖേതാനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മലയാളി നടി ലിജോമോള്‍ ജോസാണ് നായികയായി എത്തുന്നത്. ഒക്ടോബര്‍ 1-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

◾  നയന്‍താര നായികയായെത്തിയ പുതിയ ചിത്രമാണ് 'ഹായ്'. കവിന്‍ ആണ് ചിത്രത്തില്‍ നായകനായെത്തിയത്. സെപ്റ്റംബര്‍ 25 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. സീ ഫൈവ് തമിഴിലൂടെ ചിത്രം കാണാനാകും. റൊമാന്റിക് ചിത്രമായാണ് 'ഹായ്' ഒരുക്കിയിരിക്കുന്നത്. ഭാഗ്യരാജ്, പ്രഭു, രാധിക ശരത്കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വിഷ്ണു എടവന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ജെന്‍ മാര്‍ട്ടിനാണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. ആഗോളതലത്തില്‍ ഏകദേശം 15 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസില്‍ കളക്ട് ചെയ്തത്. വീട്ടുകാര്‍ തീരുമാനിച്ച വിവാഹബന്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വീടുവിട്ടിറങ്ങുന്ന മയില്‍സാമിയുടെയും സമാനമായ സാഹചര്യത്തില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുന്ന ദേവയാനിയുടെയും കഥയാണ് ഹായ്.

◾  ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ പുതിയ മോഡലുമായി ആതര്‍ എനര്‍ജി. കമ്പനിയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ആതര്‍ കൊണാര്‍ക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. കൊണാര്‍ക്കിനൊപ്പം ദൈനംദിന ഉപയോഗം ലക്ഷ്യമിട്ട് വികസിപ്പിച്ച പുതിയ ഇഎല്‍ പ്ലാറ്റ്‌ഫോമും കമ്പനി അവതരിപ്പിച്ചു. ഒറ്റ ചാര്‍ജില്‍ 161 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന മോഡലാണ് കൊണാര്‍ക്ക് എസ് 161. ഓട്ടോ ഹോള്‍ഡ്, പാര്‍ക്ക് അസിസ്റ്റ്, മാജിക് കീ തുടങ്ങിയ നിരവധി സവിശേഷതകളും സ്‌കൂട്ടറിലുണ്ട്. നിലവില്‍ എസ്, ഇസഡ് വേരിയന്റുകളിലാണ് ആതര്‍ കൊണാര്‍ക്ക് എത്തുന്നത്. എസ് സീരീസിലെ മൂന്ന് മോഡലുകളുടെ വിലയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കൊണാര്‍ക്ക് എസ് 100ന് 99,999 രൂപ മുതലാണ് വില. എസ് 125ന് 1,21,999 രൂപയും എസ് 161ന് 1,44,999 രൂപയുമാണ് വില.

◾  സ്വയം വേദനകളെ ആവോളം അനുഭവിച്ച്, അതില്‍ നിന്നും പൊരുതി, അവിടെ നിന്നും ഈ പറയുന്ന സിസ്-ജെന്‍ഡര്‍ എന്ന് കോള്‍മയിര്‍ കൊള്ളുന്നവര്‍ക്ക് എത്താന്‍ പറ്റാത്ത ഉയരങ്ങളില്‍ മല്ലിക എത്തുമ്പോള്‍ അത് കേവലം മല്ലികയുടെ വിജയം മാത്രമല്ല. ജെന്‍ഡര്‍ തുറന്നുപറയാന്‍ കഴിയാതെ ഉരുകി ജീവിക്കുന്ന ആയിരങ്ങള്‍ക്കുള്ള പ്രചോദനമാണ്. മല്ലികയുടെ ചിരിയില്‍ പൊഴിഞ്ഞുവീഴുന്ന കണ്ണുനീരില്‍ ഇപ്പോള്‍ ചോരയുടെ ചുവപ്പ് വറ്റിയിരിക്കുന്നു. ഇപ്പോള്‍ ജീവിതത്തെ കൂടുതല്‍ ഗാഢമായി പ്രണയിക്കുന്ന മല്ലിക ഇനിയും പ്രതീക്ഷയുടെ വരമ്പില്‍ തന്റെ കാലടികള്‍ ചേര്‍ത്തുവെച്ച് നടക്കുന്നു. 'വിനയപൂര്‍വം വിജയരാജമല്ലിക'. വിജയരാജമല്ലിക. ഒലീവ് പബ്ളിക്കേഷന്‍സ്. വില 332 രൂപ.

◾  ഡല്‍ഹിയിലെ യമുനാ നദീതടങ്ങളില്‍ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന ആശങ്ക പങ്കുവെച്ച് പഠനം. ഇവിടെ കൃഷിചെയ്യുന്ന പച്ചക്കറികളില്‍ ഉയര്‍ന്ന അളവില്‍ ഘനലോഹങ്ങളുടെ സാന്നിധ്യമുണ്ടെന്നും ഇത് ഉപഭോക്താക്കളില്‍ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നുമാണ് പഠനം കണ്ടെത്തിയത്. 'എനര്‍ജി നെക്സസ്' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡല്‍ഹി സര്‍വകലാശാലയിലെ ബോട്ടണി വിഭാഗം പ്രൊഫസറായ ദീനബന്ധു സാഹുവിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. സംസ്‌കരിക്കാത്ത യമുനാജലം ഉപയോഗിച്ച് കൃഷിചെയ്യുന്ന പച്ചക്കറികളാണ് അപകടകാരണമാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. യമുനാ നദിയിലെ മലിനീകരണത്തിന്റെ ഏകദേശം 70-80 ശതമാനവും ഡല്‍ഹിയില്‍ നിന്നാണെന്നും പല കര്‍ഷകരും ജലസേചനത്തിനായി ഈ മലിനജലത്തെയാണ് ആശ്രയിക്കുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ചിട്ടുള്ള സുരക്ഷിത പരിധിക്കപ്പുറം നിക്കല്‍, ക്രോമിയം, കാഡ്മിയം, ലെഡ് തുടങ്ങിയ വിഷാംശമുള്ള ലോഹങ്ങള്‍ പച്ചക്കറികളില്‍ അടിഞ്ഞുകൂടുന്നതായും പഠനത്തില്‍ കണ്ടെത്തി. ചീരയിലും ഉള്ളിയിലും അനുവദനീയമായ അളവിനേക്കാള്‍ 97 ഉം 65 ഉം മടങ്ങ് അധികം നിക്കലിന്റെ സാന്നിധ്യം കണ്ടെത്തി. കടുകില്‍ ക്രോമിയത്തിന്റെ അളവ് 22 മടങ്ങ് കൂടുതലായിരുന്നു. ഉരുളക്കിഴങ്ങിലും സവാളയിലും ലെഡിന്റെ അളവ് 10 മടങ്ങും ചീരയില്‍ 7 മടങ്ങും അധികമാണെന്ന് കണ്ടെത്തി. സാധാരണയായി ആളുകള്‍ കഴിക്കുന്ന പച്ചക്കറികളിലെല്ലാം വിഷാംശമുള്ള ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തി.

*ശുഭദിനം*
*കവിത കണ്ണന്‍*
മലയടിവാരത്തെത്തിയ യാത്രികന്‍ അവിടെ കണ്ട ആളോട് ചോദിച്ചു:  ഈ മലയുടെ മുകളിലെത്താന്‍  ഉള്ള എളുപ്പവഴി എന്താണ്?  അയാള്‍ ഒരു ചെങ്കുത്തായ വഴി കാണിച്ചുകൊടുത്തു.   അപ്പോള്‍ യാത്രികന്‍ പറഞ്ഞു: അത്രയും കയറ്റമുളള വഴിയിലൂടെ നടക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അപ്പോള്‍ അയാള്‍ പറഞ്ഞു: ആ വഴി എളുപ്പമാണോ അല്ലയോ എന്നെനിക്കറിയില്ല.  പക്ഷേ, മലയുടെ മുകളിലെത്താന്‍ ആ ഒരു വഴിയേ ഉള്ളൂ.. എളുപ്പവഴി എന്നൊന്നില്ല.  വഴി മാത്രമേയുളളൂ..അത് ചിലപ്പോള്‍ എളുപ്പമുളളതാകാം.  ബുദ്ധിമുട്ടുളളതാകാം.   വഴി അന്വേഷിക്കുന്നവര്‍ക്ക് ലക്ഷ്യമാണ് പ്രധാനം.  തങ്ങള്‍ മനസ്സില്‍ കണ്ടതിലേക്ക് എങ്ങനെയും എത്തിച്ചേരുക.. പക്ഷേ, എളുപ്പവഴി അന്വേഷിക്കുന്നവര്‍ക്ക് യാത്രയുടെ സുഖമാണ് പ്രധാനം.  ഉദ്ദേശിച്ച കാര്യം നേടണമെന്ന നിര്‍ബന്ധമൊന്നും അവര്‍ക്കുണ്ടാകില്ല.   എളുപ്പമാണ് എന്നതിന്റെ പേരിലല്ല, ആഗ്രഹിക്കുന്നിടത്തേക്ക് എത്തിപ്പെടും എന്നതിന്റെ പേരിലാണ് വഴി തിരഞ്ഞെടുക്കേണ്ടത്.   യാത്ര വിഷമകരമാണ് എന്നത് ലക്ഷ്യം ഉപേക്ഷിക്കുവാനുള്ള കാരണമാന്‍ പാടില്ല.  മലകയറാന്‍ തീരുമാനിച്ചവരൊന്നും യാത്രയെക്കുറിച്ചല്ല, മലയുടെ മുകളിലെ ദൃശ്യവിസ്മയത്തെക്കുറിച്ചായിരിക്കും ചിന്തിക്കുക.. അതാണ് അവരുടെ പ്രചോദനവും - ശുഭദിനം.
Previous Post Next Post
3/TECH/col-right