2026 സെപ്റ്റംബര്‍ 21 | തിങ്കള്‍
1202 കന്നി 5 | ഉത്രാടം
1448 റ:ആവിർ 09
◾ കനത്ത മഴയില്‍ സംസ്ഥാനത്ത് ആറ് മരണം. മലപ്പുറം നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് ഒഴുക്കില്‍പെട്ട് കോട്ടയ്ക്കല്‍ മങ്ങാടന്‍ ബസുടമ അനസ് മങ്ങാടന്‍ (27), തിരൂര്‍ സ്വദേശി പരന്നപറമ്പന്‍ മുഹമ്മദ്കുട്ടി (65) എന്നിവരാണു മരിച്ചത്. വിനോദകേന്ദ്രമായ ഇവിടെ ഒഴുക്കില്‍പെട്ട മുപ്പതോളം പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇടുക്കി വട്ടവട കൊട്ടക്കമ്പൂരില്‍ കൃഷിയിടത്തിലെ ഷെഡിനു മുകളിലേക്കു മണ്ണിടിഞ്ഞ് ബാലകൃഷ്ണന്‍ (52), സഹോദരി ചിന്നമ്മാള്‍ (40) എന്നിവര്‍ മരിച്ചു. പൂഞ്ഞാര്‍ തെക്കേക്കരയില്‍ മണ്ണിടിഞ്ഞ് പെരിങ്ങളം ജോസഫ് (80) മരിച്ചു. ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ തീക്കോയിയില്‍ മണ്ണിടിഞ്ഞു ചെന്നൈ സ്വദേശിയായ വിനോദസഞ്ചാരി മരിച്ചു.
◾ കേരളത്തില്‍ അടുത്ത അഞ്ചു ദിവസങ്ങളില്‍ മഴയ്ക്കു സാധ്യത. 24-ന് മഴ ശക്തമാകും. വടക്കന്‍ അന്തമാന്‍ കടലില്‍ ശനിയാഴ്ച രൂപംകൊണ്ട ന്യൂനമര്‍ദമാണ് മഴ ശക്തമാകാന്‍ കാരണം. നാളെ അതിതീവ്ര ന്യൂനമര്‍ദമാകാനും ചുഴലിക്കാറ്റായി മാറാനും സാധ്യത. ചുഴലിക്കാറ്റായാല്‍ 'അര്‍ണബ്' എന്ന പേരില്‍ അറിയപ്പെടും. ബംഗ്ലാദേശ് നല്‍കിയ പേരാണിത്. സമുദ്രം എന്നാണ് അര്‍ഥം.
◾ ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗില്‍ മലയാളിയായ വിദര്‍ശ കെ വിനോദ് വെള്ളി മെഡല്‍ നേടി. ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗ് മെഡല്‍ നേടുന്ന ആദ്യ മലയാളിയാണ് വിദര്‍ശ. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് വിദര്‍ശയ്ക്ക് മെഡല്‍ ലഭിച്ചത്. വിദര്‍ശ അടക്കം മൂന്ന് പേരടങ്ങുന്ന ടീമാണ് മെഡല്‍ നേടിയത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദര്‍ശ. 2018 ല്‍ എന്‍ സി സി യിലൂടെയാണ് ഷൂട്ടിംഗിലേക്ക് വന്നത്.
◾ ശബരിമലയില്‍ അരവണയ്ക്ക് നിയന്ത്രണം. കഴിഞ്ഞ 20 ദിവസമായുള്ള നിര്‍മ്മാണപ്രവൃത്തികള്‍ കാരണം പ്ലാന്റ് അടച്ചിട്ടിരിക്കുന്നതിനാല്‍ ഒരു തീര്‍ത്ഥാടകന് ഒരു ടിന്‍ അരവണ മാത്രമാണ് കൊടുക്കുന്നത്. അപ്പം മൂന്നു പാക്കറ്റുവരെ നല്‍കും.
◾ സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍ദ്ദേശം നല്‍കി.
◾ കേരള സര്‍വകലാശാലയില്‍ കലാലയ രാഷ്ട്രീയം തടയാന്‍ കരട് രേഖ തയ്യാറാക്കിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. കാളപെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്ന രീതിയിലാണ് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥി രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കേരള സര്‍വകലാശാല തീരുമാനിച്ചിട്ടില്ലെന്നും, കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.
◾ ആറുമാസമായി റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ മരവിപ്പിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് തീരുമാനിച്ചു. മരവിപ്പിക്കുന്ന കാര്‍ഡുകള്‍ വീണ്ടും സജീവമാക്കാന്‍ മൂന്ന് മാസത്തിനകം ഇ-കെവൈസി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഒന്നിലധികം കാര്‍ഡുകളില്‍ പേരുള്ളവരെയും ആധാര്‍ പരിശോധനയിലൂടെ കണ്ടെത്തി ഒഴിവാക്കും.
◾ പരിവാഹന്‍ സൈറ്റ് പണിമുടക്കിയതോടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങി. വിനോദയാത്രയ്ക്കു പോയ സഞ്ചാരികളാണ് സ്പെഷ്യല്‍ പെര്‍മിറ്റ് ലഭിക്കാതെ കുടുങ്ങിയത്.
◾ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ. ഡോ. ജി. വിജയരാഘവന്‍ അന്തരിച്ചു. കിംസ് വൈസ് ചെയര്‍മാന്‍ ആയിരുന്നു. ഇന്ത്യയില്‍ ആദ്യമായി 'ടു ഡി എക്കോകാര്‍ഡിയോഗ്രാഫി' സാങ്കേതികവിദ്യ പരിചയപ്പെടുത്തിയതും അത്യാധുനിക ഹൃദ്രോഗ ചികില്‍സ കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്കു ലഭ്യമാക്കിയതും ഇദ്ദേഹമായിരുന്നു.
◾ ഹൈസ്‌കൂള്‍ ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പരീക്ഷയ്ക്ക് അഞ്ചു മാര്‍ക്കു കിട്ടിയാലും ജയിക്കാമെന്ന വിഡ്ഢിത്തമാണെന്ന് വി. ശിവന്‍കുട്ടി. ഒരു അക്കാഡമിക് ചര്‍ച്ചയും ഇല്ലാതെയാണ് ഈ തീരുമാനം. മിനിമം മാര്‍ക്ക് ഒഴിവാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകും. ശിവന്‍കുട്ടി പറഞ്ഞു.
◾ മദ്യക്കേസില്‍ അറസ്റ്റിലായ റിപ്പോട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ വീണ്ടും ജയിലില്‍ എത്തിച്ചു. വീട് തന്റെ പേരിലല്ലെന്ന് ആന്റോ മൊഴി നല്‍കി. വീട്ടിലുള്ള മദ്യത്തെ കുറിച്ച് അറിയില്ലെന്നും ആവര്‍ത്തിച്ചു. ജപ്തി നടപടിക്കിടെ ആന്റോയുടെ ഭാര്യാമാതാവിന്റെ പേരിലാണു വീടു വാങ്ങിയത്. വീട് അനധികൃത നിര്‍മ്മാണമെന്നും പഞ്ചായത്ത് നല്‍കിയ സ്റ്റോപ്പ് മെമ്മോയും കണ്ടെത്തി. ജിഎസ്ടി വകുപ്പിന് ആന്റോ നല്‍കിയ വിലാസം വാഴവറ്റയിലെ വീടിന്റേതാണ്. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളിലും ഇതേ വിലാസമാണുള്ളത്.
◾ മെസ്സി തട്ടിപ്പുകേസില്‍ പദ്ധതി സര്‍ക്കാരിന്റേതെന്ന് ജിഎസ്ടി വകുപ്പിനെ മൊഴി നല്‍കി റിപ്പോട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്‍ സ്പോണ്‍സറാകാന്‍ സര്‍ക്കാര്‍ തന്നെ സമീപിച്ചെന്നും അര്‍ജന്റീന ടീം വരുമെന്ന് അറിയിച്ചതു സര്‍ക്കാരാണെന്നുമാണ് മൊഴി.
◾ അര്‍ജന്റീന ടീമിന്റെ കേരളത്തിലെ മത്സരത്തിനായി സര്‍ക്കാര്‍ ദുരന്ത നിവാരണ ഫണ്ടും വിനിയോഗിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് നടന്ന സംസ്ഥാന തല യോഗത്തിലാണ് തീരുമാനമെടുത്തത്. മെസി തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം രേഖകള്‍ കണ്ടെടുത്തു.
◾ സംസ്ഥാന സര്‍ക്കാര്‍ ആര്‍.എസ്.എസ്സിന് കീഴ്‌പ്പെടുകയാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വന്ദേമാതരത്തിലും പിഎം ശ്രീയിലൂം കാവിവത്കരണമാണ് നടപ്പാക്കുന്നതെന്നും പിണറായി ആരോപിച്ചു. ആലപ്പുഴയില്‍ കര്‍ഷക സംഘം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകര്‍ക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജന്‍. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ആര്‍എസ്എസ് ആണെന്ന് പി ജയരാജന്‍ പറഞ്ഞു.
◾ പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ എക്സ്റേ മാറി നല്‍കിയ സംഭവത്തില്‍ റേഡിയോളജി വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരന് സസ്പെന്‍ഷന്‍. സൂപ്രണ്ട് നടത്തിയ അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എക്സ്റേ മാറി നല്‍കിയിട്ടും അത് മനസ്സിലാകാതെ ചികിത്സിച്ച പള്‍മനോളജി വിഭാഗം ഡോക്ടര്‍ക്കു താക്കീത് നല്‍കി.
◾ ആഢംബര റേഞ്ച് റോവര്‍ കാര്‍ മന്ത്രിയായപ്പോള്‍ ഉപയോഗിച്ചു തുടങ്ങിയതല്ലെന്നും എംഎല്‍എ പോലുമല്ലാതിരുന്ന കഴിഞ്ഞ അഞ്ചു വര്‍ഷവും ഉപയോഗിച്ചിട്ടുണ്ടെന്നും മന്ത്രി കെ എം ഷാജി. മന്ത്രിയായ ശേഷം അനുമതി വാങ്ങിയാണ് ഈ കാര്‍ ഉപയോഗിച്ചത്. കാര്‍ തന്നതിന്റെ പേരില്‍ അവിഹിതമായ ഒരു സഹായവും ചെയ്തിട്ടില്ല. കെ എം ഷാജി വിശദീകരിച്ചു.
◾ കരാര്‍ കാലാവധി തീര്‍ന്നതിനാല്‍ ആവശ്യമനുസരിച്ച് മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കില്‍ ഹെലികോപ്റ്റര്‍ പറപ്പിക്കാമെന്ന പുതിയ ശുപാര്‍ശകള്‍ മുന്നോട്ടുവച്ച് ചിപ്സണ്‍ ഏവിയേഷന്‍ കമ്പനി. മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
◾ കൊച്ചി കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡില്‍ വാഹനാപകടത്തില്‍പ്പെട്ടയാളെ സ്വന്തം പൈലറ്റ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ബൈക്ക് യാത്രക്കാരനായ മുളവുകാട് സ്വദേശി ആല്‍ഫി പെരേരയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടം നടന്ന സ്ഥലത്തുകൂടി കടന്നുപോവുകയായിരുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍ വാഹനത്തില്‍നിന്ന് ഇറങ്ങി അപകടത്തില്‍പ്പെട്ട ആല്‍ഫിയെ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
◾ സാമ്പത്തിക തട്ടിപ്പു പരാതിയില്‍ റാന്നി മുന്‍ എം എല്‍ എ പ്രമോദ് നാരായണിനെതിരെ പൊലീസ് കേസെടുത്തു. നൂറനാട് സ്വകാര്യ സ്ഥാപനത്തില്‍ ഓഹരിയും ഉയര്‍ന്ന ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ നിക്ഷേപം നടത്തിച്ച് തട്ടിപ്പു നടത്തിയെന്നാണ് ആലപ്പുഴ നൂറനാട് സ്വദേശിയുടെ പരാതി.
◾ കരുനാഗപ്പള്ളിയില്‍ പ്രതിയെ പിടികൂടാന്‍ റൗഡി ലിസ്റ്റിലുള്ള ഡിവൈഎഫ്ഐ നേതാവിനെ ഒപ്പം കൂട്ടിയ അടൂര്‍ എസ്ഐ ജെ യു ജിനുവിന് സസ്‌പെന്‍ഷന്‍. മഫ്തിയില്‍ എത്തിയ പോലീസിനെ സ്ത്രീകള്‍ അടക്കമുള്ള നാട്ടുകാര്‍ ആക്രമിച്ചിരുന്നു. സംഭവത്തില്‍ നാലു പേരെ അറസ്റ്റു ചെയ്തു.
◾ സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ ഏഴു ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ മോഷണം പോയ സംഭവത്തില്‍ പ്രതിയായ പൊലീസുകാരന്‍ സബിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ ശാസ്താംകോട്ട പൊലീസിനെതിരെ അടൂര്‍ സ്വദേശിയായ ദളിത് യുവാവ് ഉന്നയിച്ച മര്‍ദ്ദന പരാതി ശരിവച്ച് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. പൊലീസുകാര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് പത്തനംതിട്ട എസ്പി ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കി.
◾ കാണാതായ പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെയും ബന്ധുവായ യുവാവിനെയും ട്രെയിനിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം വാളത്തുങ്കല്‍ ആകോലില്‍ തൊടിയഴികം വീട്ടില്‍ സുനില്‍കുമാര്‍-നിഷ ദമ്പതികളുടെ മകള്‍ വിസ്മയ (15), നെടുമ്പന പള്ളിമണ്‍ തട്ടാരഴികം വീട്ടില്‍ അനില്‍കുമാര്‍ -സുനിത ദമ്പതികളുടെ മകന്‍ അഭിലാഷ് (21) എന്നിവരെയാണ് അങ്കമാലിയില്‍ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയത്.
◾ ബഹറിന്‍ കേരളീയ സമാജം നടത്തിയ ഓണാഘോഷ പരിപാടിയില്‍ കുട്ടികളെ കെട്ടിത്തൂക്കി 'ചരട് പിന്നിക്കളി' നടത്തിയതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിവാദമായി. കുട്ടികളെ കയറില്‍ പിടിച്ച് ഉയരത്തില്‍ നിര്‍ത്തി ദേഹത്ത് ചരട് പിന്നിയെടുത്തുള്ള സ്ത്രീകളുടെ കളിക്കെതിരേ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍, പരിശീലനത്തിന് ശേഷമാണ് പരിപാടി നടത്തിയതെന്ന് ബഹറൈന്‍ കേരളീയ സമാജം വിശദീകരണം.
◾ യു.എസിലെ കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ ഇന്നു രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിക്കും. തൃശ്ശൂര്‍ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ് സുഷമ ദമ്പതിമാരുടെ മകള്‍ അഞ്ജന വിജീഷ് (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ ആന്‍മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നെത്തിക്കുന്നത്. ഓഗസ്റ്റ് 28-ന് നടന്ന കൊലപാതകത്തിന് അഞ്ജനയുടെ സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനില അറസ്റ്റിലായിരുന്നു.
◾ ആലപ്പുഴയില്‍ ഹൗസ് ബോട്ട് തീപിടിച്ച് കത്തിനശിച്ചു. പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയിലാണ് അപകടമുണ്ടായത്. ബോട്ടില്‍ തീ പടരുന്നത് കണ്ടയുടന്‍ ജീവനക്കാര്‍ പുറത്തിറങ്ങി രക്ഷപ്പെട്ടു.
◾ മുഹമ്മയില്‍ വേമ്പനാട് കായലോരം നികത്തി സ്വകാര്യ ബിസിനസ് ഗ്രൂപ്പ് കെട്ടിടം നിര്‍മ്മിച്ച വിവാദ സ്ഥലം പണ്ടേ പുരയിടം ആയിരുന്നു എന്ന ജില്ലാ ഭരണകൂടത്തിന്റെ വാദം നുണയെന്ന് നാട്ടുകാര്‍. കായല്‍ നികത്തലിന് പിന്നില്‍ ഉന്നതതല ഇടപെടല്‍ നടന്നെന്ന് സ്ഥലം സന്ദര്‍ശിച്ച പി പ്രസാദ് എംഎല്‍എ ആരോപിച്ചു.
◾ കേരള രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വചിത്ര മേളയിലേക്കു സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്ത ചിത്രങ്ങളില്‍ ചിലതിന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ടൂറിസം, സാംസ്‌കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
◾ ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ആരംഭിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി 7-8 ടണ്‍ ശേഷിയുള്ള അഞ്ച് വാഹനങ്ങള്‍ ലീസ് വ്യവസ്ഥയില്‍ ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ മാതൃക പഠിച്ചാണ് ഈ പുതിയ പദ്ധതി നടപ്പാക്കുന്നത്.
◾ ചവറയിലെ സ്‌കൂളില്‍ എസ്എഫ്ഐ കുട്ടികളെക്കൊണ്ട് 'പൂക്കി' ബാനര്‍ പിടിപ്പിച്ചതിനെതിരേ നടപടി ആവശ്യപ്പെട്ട് കെ എസ് യു പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ 'പൂക്കി' എന്നത് പോസിറ്റീവായ വാക്കാണെന്ന് പറഞ്ഞ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും ന്യായീകരിച്ചു
◾ കടം കൊടുത്ത ലോട്ടറി ടിക്കറ്റിന്റെ പണം ആവശ്യപ്പെട്ടതിന് ലോട്ടറി വില്‍പ്പനക്കാരനെ കത്രികകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ചേന്ദമംഗലം തെക്കുംപുറം പോട്ടശ്ശേരി സുമേഷ് (49) ആണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ പറവൂര്‍ തെക്കുംപുറം ആറുകണ്ടത്തില്‍ എആര്‍ രാജേഷ് (58) പിടിയിലായി.
◾ പത്തനംതിട്ട മല്ലപ്പള്ളി മേഖലയില്‍ സെമിത്തേരിയില്‍ നിന്ന് ഗ്രാനൈറ്റ് മോഷണം നടത്തിയ കള്ളന്മാര്‍ പിടിയില്‍. മല്ലപ്പള്ളിയില്‍ ഗ്രാനൈറ്റ് വില്പന നടത്തുന്നവരാണ് പിടിയിലായത്. തമിഴ്നാട് സ്വദേശി ജലാല്‍ സുന്ദര്‍, പശ്ചിമ ബംഗാള്‍ സ്വദേശി സുര്‍ജിത് , മല്ലപ്പള്ളി പാടിമണ്‍ സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്.
◾ മുറിച്ചുണ്ടു മൂലം സങ്കടക്കടലില്‍ മുങ്ങി ചികില്‍സയിലൂടെ പുനര്‍ജന്മം നേടിയ ആയിരത്തോളം പേര്‍ പുഞ്ചിരിയുമായി ഒത്തുകൂടി. വൈരൂപ്യത്തെ മാറ്റിയെടുത്ത ജൂബിലി മിഷന്‍ ആശുപത്രിക്കും ചെലവു വഹിച്ച 'സ്‌മൈല്‍ ട്രെയിനി'നും പുഞ്ചിരി സമ്മാനിച്ച് അവര്‍ നന്ദിയേകി. 'സ്‌മൈല്‍ വിത്ത് ജൂബിലി' സംഗമം 'സ്‌മൈല്‍ ട്രെയിന്‍' പ്രസിഡന്റ് സൂസന്ന ഷാഫര്‍ ഉദ്ഘാടനം ചെയ്തു. ഒരു ഡസനോളം ശസ്ത്രക്രിയകളിലൂടെയാണ് തന്റെ മുഖം ശരിയാക്കിയതെന്ന് സിനിമാ നടന്‍ അശ്വിന്‍കുമാര്‍ മുഖ്യപ്രഭാഷണത്തിനിടെ വെളിപെടുത്തി.
◾ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയെങ്കിലും ഭൂരിപക്ഷം കുറഞ്ഞതില്‍ എബിവിപിക്ക് നിരാശ. മുന്‍വര്‍ഷങ്ങളെക്കാള്‍ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കാനാണ് എബിവിപിയുടെ തിരുമാനം.
◾ അര്‍ഹതയുള്ള ആരും എസ്ഐആറിലൂടെ പുറത്താവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡല്‍ഹി മുഖ്യമന്ത്രിയടക്കം പല പ്രമുഖര്‍ക്കും എസ്ഐആര്‍ നടപടി പ്രകാരം നോട്ടീസയച്ചത് വലിയ ചര്‍ച്ചയായതോടെയാണു പ്രതികരണം.
◾ നിലവിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ അമേരിക്കയ്ക്ക് മുന്നില്‍ ഏഴ് നിബന്ധനകളമായി ഇറാന്‍. ഖത്തര്‍ വഴിയാണ് ഇറാന്‍ ഈ ആവശ്യങ്ങള്‍ അമേരിക്കയെ അറിയിച്ചത്. അമേരിക്ക ഈ ആവശ്യങ്ങള്‍ തള്ളിയാല്‍ കടുത്ത യുദ്ധത്തിന് തയ്യാറാണെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
◾ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തില്‍ ആശങ്കയോടെ ഇന്ത്യന്‍ കയറ്റുമതി രംഗം. ഉയര്‍ന്ന തീരുവ താങ്ങാനാവില്ലെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
◾ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനിടയില്‍ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലും സമീപ പ്രദേശങ്ങളിലുമായി നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പ്രധാന എണ്ണ ശുദ്ധീകരണശാലയ്ക്കു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
◾ ഏഷ്യന്‍ ഗെയിംസില്‍ മെഡലുകള്‍ വെടിവച്ചിട്ട് ഇന്ത്യന്‍ വനിതാ ഷൂട്ടര്‍മാര്‍. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വ്യക്തിഗത വെള്ളി നേടിയ ഇളവെനില്‍ വാളറിവാന്‍ ടീം മല്‍സരത്തിലും വെള്ളിനേടി. മലയാളിയായ വിദര്‍ശ കെ. വിനോദ്, സോനം മാസ്‌കര്‍ എന്നിവര്‍ക്കൊപ്പമാണ് ടീം മല്‍സരത്തില്‍ വെള്ളി നേടിയത്.
◾ ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത 19 ഗോളുകള്‍ക്ക് പൂള്‍ ബിയിലെ ആദ്യമത്സരത്തില്‍ ഇന്ത്യ തകര്‍ത്തുവിട്ടു. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച് എട്ട് ഗോളുകള്‍ നേടിയ ദീപികയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
◾ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സുചിക തരിയാല്‍ വനിതകളുടെ ട്രഡീഷണല്‍ മിക്‌സഡ് മാര്‍ഷ്വല്‍ ആര്‍ട്‌സ് 60 കിലോഗ്രാം വിഭാഗത്തില്‍ സെമിഫൈനലില്‍ പ്രവേശിച്ചു. ഇതോടെ സുചിക രാജ്യത്തിന് മെഡലുറപ്പാക്കി.
◾ ഏഷ്യന്‍ ഗെയിംസിലെ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ മല്‍സരിക്കാനിരുന്ന വരുണ്‍ സന്യാല്‍ ദേഹാസ്വാസ്ത്യം മൂലം പിന്മാറി. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാലിന്റെ മകനാണ് വരുണ്‍. ഭാരം കുറയ്ക്കാനായി ശ്രമിക്കുന്നതിനിടെ വരുണ്‍ ബോധരഹിതനാവുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്. റെഡ് കാര്‍ഡും പെനാല്‍റ്റിയും കണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വിജയം.
◾ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും വിജയം. സണ്ടര്‍ലാന്‍ഡിനെ തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി ലീഗിലെ തുടര്‍ച്ചയായ അഞ്ചാം വിജയം സ്വന്തമാക്കിയത്. മൂന്നിനെതിരെ അഞ്ച് ഗോളിനായിരുന്നു സിറ്റിയുടെ വിജയം. ലിവര്‍പൂള്‍ ഒരൊറ്റ ഗോളിനാണ് ബൗണ്‍മൗത്തിനെ തോല്‍പ്പിച്ചത്.
◾ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ ഇടപാടുകള്‍ വരും ദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കണമെന്നാണ് അറിയിപ്പ്. ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയുവാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 11നും യുഎഫ്ബിയു പണിമുടക്ക് നടത്തിയിരുന്നു. 28,29,30 തീയതികളില്‍ രണ്ടാം ഘട്ട പണിമുടക്കും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. 27 ഞായറാഴ്ചയാണ്. 26 നാലാം ശനി ബാങ്ക് അവധിയാണ്. ചുരുക്കത്തില്‍ അഞ്ച് ദിവസങ്ങള്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല. സെപ്റ്റംബര്‍ 26നാണ് ഈ ആഴ്ച അവസാനമായി ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനവും ആഴ്ചയില്‍ 5 ദിവസമാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ജീവനക്കാരുടെ പണിമുടക്ക്. അടുത്ത യോഗം ഒക്ടോബര്‍ 15നാണ്. ഇതില്‍ പരിഹാരം കാണാനായില്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കു നടത്തുമെന്നാണ് സംഘടനകളുടെ നിലപാട്.
◾ ഓപ്പണ്‍ എഐയുടെ സിസ്റ്റങ്ങളിലെ സുരക്ഷാപ്പഴുതുകള്‍ കണ്ടെത്തി കമ്പനിയുടെ സ്വകാര്യ കോഡ് ശേഖരത്തിലേക്ക് കടന്നുകയറി മൂന്ന് ഇന്ത്യന്‍ വംശജരായ ഗവേഷകര്‍. ഹാക്ക്ട്രോണ്‍ എഐ എന്ന സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പില്‍നിന്നുള്ള മോഹന്‍ പെധാപതി, ഹര്‍ഷ ജയ്സ്വാള്‍, രാഹുല്‍ മൈനി എന്നിവരാണ് ഇതു ചെയ്തത്. ഓപ്പണ്‍ എഐയുടെ ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായുള്ള പരീക്ഷണങ്ങളിലായിരുന്നു ഇവര്‍. 72 മണിക്കൂര്‍കൊണ്ട് ഓപ്പണ്‍ എഐയുടെ ഇന്റേണല്‍ സിസ്റ്റങ്ങളില്‍ കയറാന്‍ ഇവര്‍ക്കു സാധിച്ചു. ആന്ത്രോപിക്കിന്റെ ക്ലോഡിന്റെ സഹായത്തോടെയാണ് ഇവര്‍ ഓപ്പണ്‍ എഐയുടെ സുരക്ഷാപ്പഴുതുകള്‍ മുതലെടുത്ത് സിസ്റ്റത്തില്‍ നുഴഞ്ഞുകയറിയത്. ക്ലോഡിനെ കൂടാതെ ഓപ്പണ്‍ എഐയുടെ സ്വന്തം GPT-5.6 Sol മോഡലും ഗവേഷകര്‍ ഉപയോഗിച്ചിരുന്നു. സുരക്ഷാപ്പഴുതുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തതിന് ഈ ഗവേഷകരുടെ സ്റ്റാര്‍ട്ടപ്പിന് 6,500 യു.എസ്. ഡോളര്‍ (6.2 ലക്ഷത്തിലേറെ രൂപ) ബഗ് ബൗണ്ടിയായി പ്രതിഫലം ലഭിച്ചു.
◾ നടനും നിരവധി കവര്‍ സോംഗുകളിലൂടെ ശ്രദ്ധേയനുമായ അക്ഷയ് അജിത്ത് സംവിധാനം ചെയ്ത് നായകനായി എത്തുന്ന പുതിയ ചിത്രം 'ദില്‍' ബംഗളൂരുവില്‍ ചിത്രീകരണം ആരംഭിച്ചു. പ്രണയത്തിനും പ്രതികാരത്തിനുമിടയിലെ മനശാസ്ത്രപരമായ പോരാട്ടമാണ് ചിത്രം പറയുന്നത്. മനുഷ്യബന്ധങ്ങളിലെ വിശ്വാസവും അവിശ്വാസവുമൊക്കെ പ്രമേയമായി വരുന്ന ദില്‍ ഒരു ഇമോഷണല്‍ സസ്പെന്‍സ് ത്രില്ലറാണ്. വിശ്വസിച്ച ഒരാളില്‍ നിന്നുള്ള വഞ്ചന മറ്റൊരാളുടെ ജീവിതത്തെ എത്രമാത്രം തീവ്രമായി ബാധിക്കുമെന്ന യാഥാര്‍ത്ഥ്യമാണ് ചിത്രം ചൂണ്ടിക്കാട്ടുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കു പുറമെ ഒട്ടേറെ നടീനടന്മാരെയും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. ബംഗളൂരുവും കേരളവുമാണ് പ്രധാന ലൊക്കേഷനുകള്‍.
◾ ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത 'ബാന്ദ്ര' റിലീസ് ചെയ്ത് മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഒടിടിയില്‍ റിലീസിനൊരുങ്ങുന്നു. ഈ മാസം സീ ഫൈവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. സ്ട്രീമിംഗ് തിയ്യതി ഉടന്‍ തന്നെ പുറത്തുവിടും. സിനിമയുടെ നിര്‍മാണ കമ്പനിയായ അജിത് വിനായക ഫിലിംസാണ് ബാന്ദ്രയുടെ ഒടിടി റിലീസ് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിരിക്കുന്നത്. വമ്പന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം ബോക്സ്ഓഫിസില്‍ വമ്പന്‍ പരാജയമാണ് നേരിട്ടത്. ഉദയകൃഷണ തിരക്കഥയെഴുതിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം തമന്ന ഭാട്ടിയ ആയിരുന്നു നായികയായി എത്തിയിരുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്യാങ്സ്റ്ററായ അലക്സാണ്ടര്‍ ഡൊമിനിക്ക് എന്ന അലയുടെ കഥയാണ് ബാന്ദ്രയില്‍ പറയുന്നത്. ഡിനോ മോറിയ, മംമത മോഹന്‍ദാസ്, കലാഭന്‍ ഷാജോണ്‍, ശരത്കുമാര്‍, ലെന്‍, ഗണേഷ് കുമാര്‍, സിദ്ധിഖ് തുടങ്ങിയ നിരവധി പേര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
◾ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് പുതിയ ബോണവില്ലെ 400 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. 2026 ദീപാവലിക്ക് മുമ്പ് തന്നെ ബൈക്ക് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രയംഫിന്റെ നിലവിലെ 400 സിസി ശ്രേണിയിലെ മറ്റ് മോഡലുകളെപ്പോലെ പുതിയ ബൈക്കും പൂനെയിലെ ബജാജ് ഓട്ടോ പ്ലാന്റിലാകും നിര്‍മ്മിക്കുക. പ്രാദേശികമായി നിര്‍മ്മിക്കുന്നതിലൂടെ വില മത്സരാധിഷ്ഠിതമായി നിലനിര്‍ത്താനും റെട്രോ രൂപകല്‍പ്പന ഇഷ്ടപ്പെടുന്ന കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താനും കമ്പനിക്ക് സാധിച്ചേക്കും. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ഹോണ്ട സി ബി350 തുടങ്ങിയ റെട്രോ മോട്ടോര്‍സൈക്കിളുകളോട് മത്സരിക്കാനാണ് ബോണവില്ലെ 400 എത്തുന്നത്. ട്രയംഫിന്റെ 349 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനായിരിക്കും ബോണവില്ലെ 400ന് കരുത്തേകുക. ഏകദേശം 2.3 ലക്ഷം മുതല്‍ 2.6 ലക്ഷം വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കപ്പെടുന്നു.
◾ ആജീവനാന്തപ്രതീക്ഷകളുടെ ദൃഷ്ടാന്തങ്ങളായാണ് ഈ പുസ്തകത്തിലെ ഓരോ ആഖ്യാനവും എഴുതപ്പെട്ടിരിക്കുന്നത്. അവയില്‍ കഥകളും കവിതകളും ഓര്‍മ്മകളും സ്വപ്നങ്ങളും ഉണ്ട്. സാഹിത്യ മെന്ന ആവിഷ്‌കാരത്തിന്റെ ആനന്ദവും ആധിയും ഈ പുസ്തക ത്തിന്റെ ഉള്ളടക്കത്തെ നിര്‍ണ്ണയിച്ചിട്ടുണ്ട്. വാക്കുകള്‍ക്കൊപ്പം അടുത്തും ഒരുവേള കുറച്ചകന്നും, പ്രതീക്ഷാനിര്‍ഭരമായ മനസ്സോടെ യാത്രചെയ്യാന്‍ ഇഷ്ടപ്പെടുന്ന വായനക്കാര്‍ക്കു സമര്‍പ്പിക്കുന്നു ഈ പുസ്തകം. 'കാണാതായ എന്റെ കുതിര'. അജയ് പി മങ്ങാട്ട്. എന്‍ബിഎസ്. വില 152 രൂപ.
◾ ശരീരത്തിന് ആവശ്യമായ പ്രധാന ധാതുക്കളിലൊന്നാണ് ഇരുമ്പ്. രക്തത്തിലെ ഹീമോഗ്ലോബിന്‍ രൂപീകരണത്തില്‍ ഇരുമ്പ് ഒരു പ്രധാന പങ്കുണ്ട്. ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നതിലും ഊര്‍ജോല്‍പാദനത്തിലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഇരുമ്പ് ആവശ്യമാണ്. ഭക്ഷണത്തിലൂടെ ആവശ്യത്തിന് ഇരുമ്പ് ലഭിക്കാത്തത് ഇരുമ്പിന്റെ അഭാവത്തിനും പിന്നീട് അനീമിയയ്ക്കും കാരണമാകാം. ചുവന്ന ചീര, പച്ച ചീര എന്നീ ചീര ഇനങ്ങളില്‍ ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. ചീരയില്‍ ഇരുമ്പിനൊപ്പം ഫോളേറ്റ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങളും ലഭിക്കും. എന്നാല്‍ ചീരയിലെ ഇരുമ്പിന്റെ ഒരു ഭാഗം ശരീരത്തിന് നേരിട്ട് ആഗിരണം ചെയ്യാന്‍ പ്രയാസമുള്ള രൂപത്തിലാണ്. അതിനാല്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് ഏറ്റവും മികച്ചത്. മുരിങ്ങയിലയില്‍ ഇരുമ്പ്, കാല്‍സ്യം, ഫോളേറ്റ്, വിറ്റാമിനുകള്‍ തുടങ്ങിയ പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഉലുവയില മറ്റൊരു പോഷകസമൃദ്ധമായ ഇലക്കറിയാണ്. ഇരുമ്പിനൊപ്പം ഫൈബര്‍ ഉള്‍പ്പെടെയുള്ള പോഷകങ്ങളും ഇതില്‍ ലഭിക്കുന്നു. മത്തങ്ങയുടെ ഇലയും ഭക്ഷണമായി ഉപയോഗിക്കാവുന്ന ഒന്നാണ്. ഇതില്‍ ഇരുമ്പ് ഉള്‍പ്പെടെയുള്ള ധാതുക്കളും മറ്റ് പോഷകങ്ങളും ലഭിക്കും. രക്തത്തില്‍ ഇരുമ്പിന്റെ അളവു കൂട്ടാന്‍ പയര്‍വര്‍ഗങ്ങള്‍, കടല, പരിപ്പ്, എള്ള്, നട്സ്, വിത്തുകള്‍, മാംസം, മത്സ്യം, മീന്‍, മുട്ട തുടങ്ങിയവയും ഭക്ഷണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്താം. ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് കൂടുതലായാല്‍ ക്ഷീണം, ബലക്കുറവ്, തലകറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട്, ശ്വാസംമുട്ടല്‍, ഹൃദയമിടിപ്പ് വര്‍ധിക്കുക, ചര്‍മം വിളറിയതായി തോന്നുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം.
*ശുഭദിനം*
*കവിത കണ്ണന്‍*
മീന്‍ പിടിക്കാന്‍ ഇറങ്ങിയപ്പോഴാണ് വലയിലെ ചെറിയ കീറല്‍ അയാളുടെ ശ്രദ്ധയില്‍ പെട്ടത്. ഇന്നിപ്പോള്‍ ഇങ്ങനെ പോകട്ടെ എന്ന് അയാള്‍ കരുതി. പിറ്റേന്നും ആ വലകൊണ്ട് ഇറങ്ങിയപ്പോള്‍ ദ്വാരങ്ങളുടെ എണ്ണവും വലുപ്പവും കൂടിയിരുന്നു. എങ്കിലും കുറച്ചുമീനെങ്കിലും കിട്ടിയല്ലോ എന്നത് അയാളെ സന്തോഷവാനാക്കി. പിന്നെയും ആ വല ഉപയോഗിച്ചുതന്നെ അയാള്‍ മീന്‍ പിടിക്കാനിറങ്ങി. പക്ഷേ, ഇത്തവണ ആ വലയാകെ കീറി കിട്ടിയ മീനെല്ലാം നഷ്ടപ്പെടുകയും ചെയ്തു. ഏത് വസ്തുവും പ്രവര്‍ത്തിക്കുന്നോ എന്നതിലല്ല, കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നോ എന്നതിലാണ് കാര്യം. പ്രവര്‍ത്തനക്ഷമത കുറയുന്നെങ്കില്‍ എത്രയും വേഗം പരിഹരിച്ചേ മതിയാകൂ.. ചെറിയ ന്യൂനതകള്‍ പരിഹരിക്കാന്‍ ചെറിയ ശ്രമവും മുതല്‍മുടക്കും മതിയാകും.. പ്രശ്നം വലുതാകുന്നതിനനുസരിച്ച് പരിഹാര നടപടികള്‍ക്കും ചെലവേറും.. സ്ഥിരതയുളള അറ്റകുറ്റ പണികളാണ് എന്തിനെയും ഉറപ്പുളളതാക്കുന്നത്.. അത് ബന്ധങ്ങളായാലും,. ആരോഗ്യമായാലും, കഴിവുകളായാലും. ചെറിയ തിരുത്തലുകള്‍ ആവശ്യമായി വന്നാല്‍ വേണ്ട സമയത്ത് അത് നല്‍കണം. പൂര്‍ണ്ണമായി നശിച്ചാല്‍ പിന്നെ വീണ്ടെടുക്കലുകളുണ്ടാകില്ല. - ശുഭദിനം.
Tags:
KERALA