2026 | സെപ്റ്റംബര്‍ 21 | തിങ്കള്‍
1202 | കന്നി 5 | ഉത്രാടം
◾ ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ലോക കേരളസഭയുടെ ആറാമത് എഡിഷന് സര്‍ക്കാര്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രവാസി ക്ഷേമ പദ്ധതികള്‍ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. എന്നാല്‍ ലോക കേരള സഭ എന്ന പേരിലുള്ള ധൂര്‍ത്തിന് സര്‍ക്കാര്‍ തയാറല്ലെന്നാണു നിലപാട്.
◾ ലോക കേരള സഭയുടെ നല്ല വശങ്ങള്‍ ഉണ്ടെങ്കില്‍ ഉള്‍ക്കൊള്ളാനാണ് സര്‍ക്കാര്‍ രണ്ടു കോടി രൂപ അനുവദിച്ചതെന്ന് മന്ത്രി സണ്ണി ജോസഫ്. ആര്‍ഭാടങ്ങളും അനാവശ്യങ്ങളും ഒഴിവാക്കിക്കൊണ്ട് ലോക മലയാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെങ്കില്‍ നല്ലതെന്നും കെപിസിസി പ്രസിഡന്റുകൂടിയായ മന്ത്രി പറഞ്ഞു.
◾ ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങള്‍ തിരുപ്പതി മോഡലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പദ്ധതിക്ക് 1000 കോടി രൂപ ചെലവായാലും ലോകത്തെ എല്ലാ ഭാഗങ്ങളില്‍ നിന്നും തീര്‍ഥാടകര്‍ എത്തുന്ന കേന്ദ്രങ്ങളാക്കി ഇവയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അഖില ഭാരത അയ്യപ്പസേവാസംഘം പറവൂര്‍ യൂണിയന്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
◾ ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ രാവിലത്തെ സ്റ്റോക്ക് 5000 അരവണ മാത്രം. ഇന്ന് ദര്‍ശനത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം 15,000 ആണ്. സ്പോട്ട് ബുക്കിംഗ് കൂടിയാകുമ്പോള്‍ 17,000 ഭക്തര്‍ ദര്‍ശനത്തിന് എത്തും. അരവണ പ്ലാന്റില്‍ അറ്റകുറ്റപണി നടക്കുന്നതു മൂലമാണ് ഉത്പാദനം നിര്‍ത്തിയത്.
◾ കന്നിമാസപൂജകള്‍ക്കായി നട തുറന്ന ശബരിമലയില്‍ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം നേരിട്ടതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ മുരളീധരന്‍. നട തുറന്ന സമയത്ത് പ്ലാന്റ് ശുദ്ധീകരിക്കാന്‍ നിന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നും വേണ്ടിവന്നാല്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ആശങ്ക അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
◾ മലപ്പുറം നിലമ്പൂര്‍ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്ന് നടത്തിയ തിരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇന്നലെ രാത്രി രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയെ കൂടി കണ്ടെത്താനുണ്ട്. കൂടുതല്‍ പേര്‍ ഒഴുക്കില്‍പ്പെട്ടിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
◾ തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
◾ ഇടുക്കിയില്‍ കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും ഉള്ളതിനാല്‍ രാത്രി യാത്രകള്‍ നിരോധിച്ചു. വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറു വരെയാണ് നിയന്ത്രണം. അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നത് വരെ സാഹസിക വിനോദ കേന്ദ്രങ്ങള്‍ അടച്ചിടാനും നിര്‍ദേശം നല്‍കി.
◾ മദ്യക്കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിലെ 22 ക്യാമറകളിലേയും ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ് കണ്ടെത്തി. ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഡിവിആര്‍ എടുത്തു മാറ്റിയ നിലയിലാണ്. ആന്റോ അഗസ്റ്റിനെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയപ്പോഴാണ് തെളിവു നശിപ്പിക്കാന്‍ ഡിവിആര്‍ നീക്കം ചെയ്തതായി കണ്ടെത്തിയത്.
◾ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളാണ് കേരളത്തെ ഇതുപോലെ മാറ്റിയെടുത്തതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഗുരുദേവദര്‍ശനം ഉള്‍ക്കൊണ്ടുള്ള തീരുമാനങ്ങളായിരിക്കും സര്‍ക്കാര്‍ എടുക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
◾ ലോകമെങ്ങും ഗുരു സമാധി ദിനാചരണം. വിവിധ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരു ദര്‍ശനങ്ങളുടെ വിളംബരവുമായി അനുസ്മരണ പരിപാടികള്‍ നടന്നു.
◾ കേരള സര്‍വകലാശാലയില്‍ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനം തടയുന്ന വിവാദ കരട് മാര്‍ഗ്ഗരേഖ നടപ്പാക്കില്ല. പുതിയ നിര്‍ദേശങ്ങള്‍ തയ്യാറാക്കാനായി വിദ്യാര്‍ത്ഥികളില്‍നിന്ന് അഭിപ്രായം തേടി ഹൈക്കോടതിയെ അറിയിക്കും. അതേസമയം വിവാദ കരട് മാര്‍ഗ്ഗരേഖ ബോധപൂര്‍വം പ്രചരിപ്പിച്ചതാണെന്നും 2005-ലെ എംജി സര്‍വകലാശാലയുടെ മാര്‍ഗ്ഗരേഖ പേര് മാറ്റി ഇറക്കിയതാണെന്നും സിന്‍ഡിക്കറ്റ് ഉപസമിതി അധ്യക്ഷന്‍ അജയ് ജുവല്‍ കുര്യാക്കോസ് വ്യക്തമാക്കി.
◾ റോഡപകടത്തില്‍ പെട്ട് അബോധാവസ്ഥയില്‍ റോഡില്‍ കിടന്നയാളെ സ്വന്തം പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കിയത് അഭിനന്ദനീയമാണെങ്കിലും കൊണ്ടുപോയ രീതി മാതൃകാപരമല്ലെന്നു ഡോ. മനോജ് വെള്ളനാട്. സ്പൈന്‍ ബോര്‍ഡില്‍ കിടത്തിയാണ് കൊണ്ടുപോകേണ്ടത്. അഞ്ചാറു പേര്‍ ചേര്‍ന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് പരിക്കുകകളെ കൂടുതല്‍ ഗുരതരമാക്കുമെന്നാണ് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചത്.
◾ തൃശൂരിന് 'ഹൃദയം' നല്‍കിയ ഡോ. പി.എം. വര്‍ക്കി അന്തരിച്ചു. 97 വയസായിരുന്നു. കാന്‍സര്‍ ചികില്‍സയ്ക്ക് അമല ആശുപത്രി സ്ഥാപിക്കാന്‍ ഫാ. ഗബ്രിയേലിനൊപ്പം അധ്വാനിച്ച അദ്ദേഹം പിന്നീട് ഹൃദയ ചികില്‍സയ്ക്കായി തൃശൂര്‍ ഹാര്‍ട്ട് ഹോസ്പിറ്റല്‍ സ്ഥാപിച്ചു. ദീര്‍ഘകാലം ആശുപത്രി ഭരണസമിതിയുടെ ചെയര്‍മാനായിരുന്നു. സംസ്‌കാരം 25 നു വൈകീട്ട് നാലിന് മിഷന്‍ ക്വാര്‍ട്ടേഴ്‌സിലുള്ള പനന്താനം വസതിയില്‍നിന്ന് ആരംഭിച്ച് തൃശൂര്‍ ബസിലിക്കയില്‍. 25 നു രാവിലെ ഏഴു മുതല്‍ എട്ടുവരെ സണ്‍ ആശുപത്രിയിലും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനം.
◾ വിമര്‍ശിക്കാന്‍ വിഷയമില്ലാത്തതുകൊണ്ടാണ് കാറിന്റെ പേരില്‍ മന്ത്രി കെഎം ഷാജിയെ വിമര്‍ശിക്കുന്നതെന്ന് മന്ത്രി സണ്ണി ജോസഫ്. സര്‍ക്കാര്‍ വാഹനം ഉപയോഗിക്കാതെ മന്ത്രി സര്‍ക്കാരിന് ആദായമുണ്ടാക്കിയിട്ടേയുള്ളൂ. സൗജന്യമല്ല സൗകര്യമാണ് അത്. സൗജന്യവും സൗകര്യവും രണ്ടും രണ്ടാണെന്ന് മന്ത്രി സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
◾ യാത്രകള്‍ വിവാദമാക്കേണ്ടതില്ലെന്നു മന്ത്രി ഒ ജെ ജനീഷ്. മന്ത്രിമാര്‍ക്ക് സ്വകാര്യ നിമിഷങ്ങള്‍ പാടില്ലേ, ഇത് ഏത് കാലമാണ്. തന്റെ വയസ് 37 ആണ്, തന്ത വൈബ് പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ ചെലവില്‍ അല്ല തന്റെ യാത്രയെന്നും മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു.
◾ എഐഎസ്എഫ് ജില്ലാ സെക്രട്ടറി പത്തനംതിട്ട ജില്ലാ സെക്രട്ടറി ശരത് ലാലിന് കരുനാഗപ്പള്ളി സ്റ്റേഷനില്‍ പൊലീസിന്റെ മര്‍ദനമേറ്റെന്നു പരാതി. അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണ് ആരോപണം. പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ചും വെളിച്ചം കുറഞ്ഞ ഭാഗത്തേക്കും കൊണ്ടുപോയിയും മര്‍ദിച്ചെന്ന് ശരത് ലാല്‍ പറയുന്നു.
◾ അടൂരിലെ ദളിത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. എസ്ഐ ആര്‍ ശ്രീകുമാറിനെയും സിപിഒ വിപിന്‍ കുമാറിനെയുമാണു സസ്പെന്‍ഡ് ചെയ്തത്. കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ അടുത്ത ഘട്ട നടപടി ഉണ്ടാകും. എസ്ഐടി അന്വേഷണത്തിനും ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു.
◾ തിരുവനന്തപുരം കോര്‍പറേഷനില്‍ കെട്ടിട നികുതി തട്ടിപ്പ് ശ്രമം നടന്നതായി ഉയര്‍ന്ന ആരോപണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. വലിയവിള വാര്‍ഡില്‍ നിന്നാണ് വ്യാജ കെട്ടിട നികുതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് മേയര്‍ വി. വി. രാജേഷ് ആരോപിച്ചു. നേമം സോണല്‍ ഓഫീസില്‍ നിന്നാണ് വ്യാജ ബില്‍ഡിംഗ് പെര്‍മിറ്റ് കണ്ടെത്തിയത്.
◾ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെയുള്ള ഇഡി അന്വേഷണത്തിന് ഒരു തെളിവുമില്ലെന്ന് സിപിഎം നേതാവ് വി ശിവന്‍കുട്ടി. ഇഡി കെട്ടിപ്പൊക്കിയ കഥകള്‍ ചീട്ടു കൊട്ടാരം പോലെ തകരുകയാണ്. സുപ്രീംകോടതി വരെ എടുത്തു കളഞ്ഞ കേസാണെന്നും ശിവന്‍കുട്ടി അവകാശപ്പെട്ടു.
◾ ആദായ നികുതി വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ അയല്‍വാസി തട്ടിയെടുത്തെന്ന പരാതിയില്‍ പാനൂര്‍ വിളങ്ങാട് സ്വദേശി സുന്ദരനടക്കം മൂന്നു പേര്‍ക്കെതിരേ കേസ്. അയല്‍വാസിയായ ദാമോദരനാണു പരാതി നല്‍കിയത്. കേന്ദ്രസര്‍ക്കാരില്‍ സ്വാധീനമുണ്ടെന്നും മകന് ജോലി വാങ്ങിത്തരാമെന്നുമായിരുന്നു വാഗ്ദാനം.
◾ കരമനയില്‍ 55 കാരനും പള്ളിത്താനം സ്വദേശിയുമായ ശ്രീകണ്ഠന്‍ നായര്‍ മരിച്ച സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക്കിനെ (35) ആണു പൊലീസ് അറസ്റ്റ് ചെയ്തത്.
◾ തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലെ ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും ബാങ്ക് വായ്പ അടക്കാന്‍ സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപയും കവര്‍ന്നു. കവര്‍ന്നു. മകന്റെ ശസ്ത്രക്രിയക്കായി കുടുംബം ആശുപത്രിയിലേക്ക് പോയപ്പോഴാണ് സംഭവം നടന്നത്.
◾ നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരി രാധ. തന്റെ 5 ചെക്കുകള്‍ തട്ടിയെടുത്ത് അംബികയും സഹോദരന്‍ അര്‍ജുനും ചേര്‍ന്ന് 46 കോടി രൂപ തട്ടിയെടുത്തെന്ന് പരാതി. ചെന്നൈ പൊലീസ് കമ്മിഷണര്‍ ഓഫീസില്‍ എത്തിയാണ് രാധ പരാതി നല്‍കിയത്.
◾ കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസിന് ബൈക്കപടകത്തില്‍ ദാരുണാന്ത്യം. കോഴിക്കോട്, മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് സമീപത്തുണ്ടായ അപകടത്തിലാണ് തൃശൂര്‍ സ്വദേശി റിജോണ്‍ ജോസ് മരണപ്പെട്ടത്. സഹതാരം ഗനി അഹ്‌മദ് നിഗം ഗുരുതര പരിക്കുകളുമായി ആശുപത്രിയിലാണ്.
◾ തെരുവുനായ, അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ എന്നിവയ്ക്കായി രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിനെതിരെ ദേശീയപാത അതോറിറ്റി ഹര്‍ജി നല്‍കി. നിര്‍ദേശം നടപ്പാക്കാന്‍ ഏകദേശം 7,000 കോടി രൂപ ചെലവുവരും. രാജ്യവ്യാപകമായി കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടങ്ങളെ ചുമതലപ്പെടുത്താം. പരിശോധിക്കാന്‍ സുപ്രീം കോടതിയുടെ പ്രത്യേക ബഞ്ച് സ്ഥാപിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അംഗീകരിച്ചു.
◾ ഐഐടി ബോംബെയില്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അടക്കമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഡയറക്ടര്‍. 18 ആവശ്യങ്ങള്‍ അടങ്ങിയ അവകാശ പത്രിക ഐഐടി ഡയറക്ടര്‍ പ്രൊഫ. ശിരീഷ് കേദാരെ ഒപ്പുവച്ചു. ക്യാമ്പസ് പ്രധാന കവാടത്തിന് മുന്നില്‍ മൂന്നു ദിവസമായി വിദ്യാര്‍ഥികള്‍ നടത്തിവന്ന ഉപരോധ സമരം അവസാനിപ്പിച്ചു.
◾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരന്‍ ശൈഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു.
◾ ഗൂഗിളിന്റെ ജെമിനി എഐ മോഡല്‍ സൈബര്‍ സുരക്ഷാ പരീക്ഷണത്തിനിടെ മൂന്ന് യഥാര്‍ഥ കമ്പനികളുടെ സിസ്റ്റങ്ങളിലേക്ക് കടന്നതായി ഗൂഗിള്‍ സ്ഥിരീകരിച്ചു. എന്നാല്‍ യഥാര്‍ഥ കമ്പനികളുടെ സിസ്റ്റങ്ങളിലേക്കാണ് പ്രവേശിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ ജെമിനി സ്വയം ഹാക്കിംഗ് അവസാനിപ്പിച്ച് പിന്മാറിയെന്നാണ് ഗൂഗിളിന്റെ വിശദീകരണം.
◾ മൈക്രോസോഫ്റ്റ് കമ്പനിയുടെ കീഴിലുള്ള കൃത്രിമ ബുദ്ധി സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനെക്കുറിച്ചുള്ള പെരുമാറ്റച്ചട്ടത്തിന്റെ കരട് മൈക്രോസോഫ്റ്റ് പുറത്തുവിട്ടു. മൈക്രോസോഫ്റ്റ് എഐ വിഭാഗം മേധാവി മുസ്തഫ സുലൈമാനാണ് പുതിയ നീക്കം പ്രഖ്യാപിച്ചത്.
◾ സൗദി അറേബ്യയില്‍ ഹൂതികളുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി അമേരിക്ക.
◾ രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സണ്‍സും പ്രധാന ഓഹരി ഉടമകളായ ടാറ്റാ ട്രസ്റ്റും തമ്മിലുള്ള തര്‍ക്കം ശക്തമായ നിയമപോരാട്ടത്തിലേക്ക് വഴിമാറുന്നു. എന്‍. ചന്ദ്രശേഖരനെ ടാറ്റാ സണ്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി വീണ്ടും നിയമിച്ചതും കമ്പനിയുടെ പബ്ലിക് ലിസ്റ്റിംഗ് സംബന്ധിച്ച ഭിന്നതകളുമാണ് തര്‍ക്കം രൂക്ഷമാക്കിയത്. ഇരുപക്ഷത്തുമായി രാജ്യത്തെ മുന്‍നിര അഭിഭാഷകരും പ്രമുഖ നിയമ സ്ഥാപനങ്ങളും അണിനിരന്നതോടെ ദീര്‍ഘകാലം നീണ്ടുനിന്നേക്കാവുന്ന നിയമയുദ്ധത്തിനാണ് കളമൊരുങ്ങുന്നത്. സെപ്റ്റംബര്‍ 17-ന് ചേര്‍ന്ന ടാറ്റാ സണ്‍സ് ബോര്‍ഡ് യോഗത്തില്‍ എന്‍. ചന്ദ്രശേഖരനെ അഞ്ച് വര്‍ഷത്തേക്ക് കൂടി എക്‌സിക്യൂട്ടീവ് ചെയര്‍മാനായി വീണ്ടും നിയമിക്കാന്‍ 4-1 എന്ന വോട്ടിന് ബോര്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനത്തിന്റെ നിയമസാധുത ചോദ്യം ചെയ്ത് ടാറ്റാ ട്രസ്റ്റ് രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കോടതി കയറുകയായിരുന്നു.
◾ പ്രമുഖ ടെക് കമ്പനി ആപ്പിള്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഫിറ്റ്‌നസ് പ്ലസ് സേവന മേഖലയിലെ ഓഡിയോ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചുരുക്കം ജീവനക്കാരെയാണ് ഇത് ബാധിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ ആപ്പിളിന്റെ രണ്ടാമത്തെ പിരിച്ചുവിടല്‍ ആണിത്. ടൈം ടു വാക്ക്, ടൈം ടു റണ്‍ തുടങ്ങിയ ഓഡിയോ ഫീച്ചറുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ടീമിലെ അംഗങ്ങളെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടത്. വീഡിയോ കാണാതെ തന്നെ ആപ്പിള്‍ വാച്ച് വഴി വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചറുകള്‍. ഓട്ടോമേഷന്‍, ചെലവ് നിയന്ത്രിക്കല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. ഓഗസ്റ്റില്‍ ആപ്പിള്‍ 200ലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
◾ ഹെവി ഇലക്ട്രിക് ട്രക്ക് വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മുരുഗപ്പ ഗ്രൂപ്പ് കമ്പനിയായ മോണ്‍ട്രാ ഇലക്ട്രിക്. 2030-ഓടെ 100 കോടി ഡോളര്‍ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ 70 ശതമാനത്തോളം ഹെവി - ലൈറ്റ് ഇലക്ട്രിക് ട്രക്കുകളില്‍ നിന്നാണ് പ്രതീക്ഷിക്കുന്നത്. 2.0 മുതല്‍ 3.5 ടണ്‍ വരെയുള്ള ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങളില്‍ നിന്ന് 23-25 ശതമാനം വരെ വരുമാനം പ്രതീക്ഷിക്കുന്നു. മുച്ചക്ര വാഹനങ്ങളില്‍ നിന്ന് ഏകദേശം 20 ശതമാനവും ട്രാക്ടറുകളില്‍ നിന്ന് 7-10 ശതമാനവും വരുമാനം കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. ഹെവി കൊമേഴ്‌സ്യല്‍ വാഹന വിഭാഗത്തില്‍ ഇ-ട്രക്കുകളുടെ വ്യാപനം നിലവില്‍ ഒരു ശതമാനത്തില്‍ താഴെയാണ്. ഇലക്ട്രിക് മൂന്ന്ചക്ര വാഹനങ്ങള്‍, ട്രാക്ടറുകള്‍, ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ എന്നിവയടക്കം നിര്‍മ്മിക്കുന്ന മോണ്‍ട്രായുടെ ഏകദേശം 21,000 വാഹനങ്ങള്‍ നിലവില്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കമ്പനി 740 കോടി രൂപയുടെ വരുമാനമാണ് നേടിയത്.
◾ അല്‍സ്‌ഹൈമേഴ്സ് പൂര്‍ണമായി ചികിത്സിച്ച് മാറ്റാന്‍ സാധിക്കുന്ന മരുന്നുകള്‍ നിലവിലില്ലെങ്കിലും രോഗാവസ്ഥ തുടക്കത്തിലേ തിരിച്ചറിഞ്ഞാല്‍ വലിയ നേട്ടങ്ങളുണ്ട്. ശരിയായ മരുന്നുകളിലൂടെയും ജീവിതശൈലീ മാറ്റങ്ങളിലൂടെയും ഓര്‍മ്മശക്തി വേഗത്തില്‍ നഷ്ടപ്പെടുന്നത് ഒരുപരിധിവരെ വൈകിക്കാം. സാമ്പത്തിക കാര്യങ്ങള്‍ ക്രമീകരിക്കാനും ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ സ്വയം എടുക്കാനും രോഗിക്ക് തുടക്കത്തില്‍ അവസരം ലഭിക്കുന്നു. രോഗബാധിതനായ വ്യക്തിയെ കുറ്റപ്പെടുത്താതെ, അവരുടെ അവസ്ഥ മനസ്സിലാക്കി സ്നേഹത്തോടും ക്ഷമയോടുംകൂടി പരിചരിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് മാനസികമായി തയ്യാറെടുക്കാം. ഓര്‍മശക്തി കാത്തുസൂക്ഷിക്കാനായി പത്രവായന, സുഡോകു, ക്രോസ്വേഡ് പസിലുകള്‍, ചെസ് കളി എന്നിവ ശീലമാക്കുക. പുതിയൊരു പുസ്തകം വായിക്കുന്നതും ഓര്‍മ്മകളെ ഉണര്‍ത്തും. ഒറ്റപ്പെടല്‍ മനസ്സിന്റെ ഊര്‍ജം കെടുത്തും. സമപ്രായക്കാരുമായി സംസാരിക്കുക, ക്ലബ്ബുകളിലോ പ്രാര്‍ഥനാ കൂട്ടായ്മകളിലോ സജീവമാവുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.80, പൗണ്ട് - 128.17, യൂറോ - 109.92, സ്വിസ് ഫ്രാങ്ക് - 116.39, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.25, ബഹറിന്‍ ദിനാര്‍ - 254.68, കുവൈത്ത് ദിനാര്‍ -310.67, ഒമാനി റിയാല്‍ - 249.18, സൗദി റിയാല്‍ - 25.51, യു.എ.ഇ ദിര്‍ഹം - 26.09, ഖത്തര്‍ റിയാല്‍ - 26.23, കനേഡിയന്‍ ഡോളര്‍ - 68.35.
Tags:
KERALA