2026 സെപ്റ്റംബര്‍ 19 | ശനി
1202 കന്നി 3 | മൂലം
1448 റ: ആഖിർ 07
◾ മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താമെന്ന് സര്‍ക്കാരിന് നിയമോപദേശം. ഇവര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തെളിവുകള്‍ സഹിതം എന്‍ഫോഴ്സ്മെന്റ് ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിന് എജി നിയമോപദേശം നല്‍കിയത്. അന്വേഷണം ഏതെന്നു സര്‍ക്കാരിന് തീരുമാനിക്കാം. സുപ്രീംകോടതി വിധികള്‍ പരാമര്‍ശിച്ചുകൊണ്ടും ഡിജിപിയുടെ അഭിപ്രായം കൂടി ഉള്‍പെടുത്തിയുമാണു നിയമോപദേശം നല്‍കിയത്.
◾ ക്രമക്കേടുകള്‍ കണ്ടെത്തിയ മലബാര്‍ മില്‍മ യൂണിയന്‍ പിരിച്ചുവിട്ടു. നെയ്യ് മോഷണം, പാല്‍ ഉല്‍പന്നങ്ങളുടെ സ്റ്റോക്കില്‍ ക്രമക്കേട് തുടങ്ങിയ ഗുരുതര പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. യൂണിയന്‍ ഭരണം അഡ്മിനിസ്ട്രേറ്റര്‍ക്ക് നല്‍കി. കാസര്‍കോട് ഡയറിയില്‍ ഗുണനിലവാരമില്ലാത്ത പാല്‍ സംഭരിച്ചതിലൂടെ 27 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണ്ടെത്തല്‍. മലപ്പുറം ഡയറിയില്‍ പാലുല്‍പന്നങ്ങളുടെ സ്റ്റോക്കില്‍ 84,45,000 രൂപയുടെ ക്രമക്കേടുണ്ടായി. മലപ്പുറം ഡയറി ഉദ്ഘാടനത്തിന് വേണ്ടി ഒരു കോടി 50 ലക്ഷം ചെലവാക്കിയെന്നും കണ്ടെത്തി.
◾ അര്‍ജന്റീന ടീമിനെയും നായകന്‍ ലയണല്‍ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാനെ ഉടന്‍ ചോദ്യം ചെയ്യും. ടെന്‍ഡറോ, മറ്റൊരു ഉറപ്പോ ഇല്ലാതെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വഴിയൊരുക്കിയതാണ് മുന്‍ കായികമന്ത്രിയിലേക്ക് അന്വേഷണം നീളാന്‍ കാരണം.
◾ പരീക്ഷാ ക്രമക്കേടുകളില്‍ ചോദ്യം ചെയ്യാന്‍ പിഎസ്സി ചെയര്‍മാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്ന നോട്ടീസിനെതിരെ പിഎസ്സി ഹൈക്കോടതിയെ സമീപിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗം വീണ്ടും കത്ത് നല്‍കാനിരിക്കെയാണ് പിഎസ്സിയുടെ നീക്കം.
◾ പിണറായി വിജയന്റെ പേരു പറഞ്ഞ് സിപിഎമ്മിനെ തകര്‍ക്കാനാണ് എന്‍ഫോഴ്സ്മെന്റിന്റെ ശ്രമമെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേസ് നിലനില്‍ക്കില്ലെന്നായപ്പോള്‍ ഹവാലക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. പണം വാങ്ങിയ ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കുമെതിരേ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും ഗോവിന്ദന്‍ തിരുവനന്തപുരത്തു വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
◾ എറണാകുളത്തപ്പന്‍ ക്ഷേത്ര ഭൂമി തര്‍ക്കത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശവും ഭരണനിര്‍വഹണവും സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ക്ഷേത്രസംരക്ഷണ സമിതി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഭൂമി ദേവസ്വം സ്വത്താണെന്നും ദേവതയുടെ ട്രസ്റ്റി എന്ന നിലയില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനാണ് അത് സംരക്ഷിക്കാനും പരിപാലിക്കാനും അധികാരമെന്ന ഹൈക്കോടതി ഉത്തരവിലെ നിര്‍ദേശവും സുപ്രീംകോടതി ശരിവെച്ചു.
◾ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന് പ്രോസിക്യൂഷന്‍ അനുമതി നല്‍കാനില്ലെന്ന് സര്‍ക്കാര്‍. നിയമാധികാരിക്കാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കാനുള്ള അധികാരമെന്നാണ് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്.
◾ അളവില്‍ കൂടുതല്‍ മദ്യം പിടിച്ചെടുത്ത കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ജാമ്യമില്ല. പ്രൊഡക്ഷന്‍ വാറണ്ട് ബത്തേരിയില്‍ പരിഗണിക്കുന്നുണ്ടല്ലോ എന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
◾ സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. 22 കരാറുകാരുടെ 69 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 42 കോടി രൂപയുടെ വരുമാനം മറച്ചുവച്ചെന്നാണു കണ്ടെത്തിയത്. കെഎസ്ആര്‍ടിസി, മാളുകള്‍ തുടങ്ങിയ മറ്റ് പാര്‍ക്കിംഗ് കേന്ദ്രങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
◾ ഫ്രീഡം ക്വിസില്‍ വി.ഡി സര്‍വര്‍ക്കറെ ഉള്‍പ്പെടുത്തി വിവാദ ചോദ്യാവലി തയ്യാറാക്കിയതിന് നടപടി നേരിട്ട അധ്യാപകന്റെ സസ്പെന്‍ഷനുള്ള സ്റ്റേ ഹൈക്കോടതി രണ്ട് മാസത്തേക്ക് കൂടി നീട്ടി. കാസര്‍കോട് പള്ളത്തടുക്ക എ.യു.പി സ്‌കൂളിലെ അധ്യാപകനായ കെ. ഗുരുപ്രസാദ് റായിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
◾ കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ബസുകളുടെ എണ്ണം 10,000 ആക്കി ഉയര്‍ത്താനും സ്വകാര്യ വ്യക്തികളില്‍ നിന്ന് ബസുകള്‍ വാടകയ്ക്കെടുക്കാനും പദ്ധതിയുണ്ട്. കൂടാതെ വാട്സാപ്പ്, ഊബര്‍ വഴിയുള്ള ടിക്കറ്റ് ബുക്കിംഗും ചരക്കുനീക്ക സര്‍വീസും ഉടന്‍ ആരംഭിക്കും.
◾ കോന്നി മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ് പരാതിയില്‍ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ സിസിലി ജോസഫ് ഉത്തരവിട്ടു. ശ്വാസംമുട്ടലുമായി എത്തിയ കൂടല്‍ സ്വദേശിനിയായ 16 കാരി പെണ്‍കുട്ടിക്ക് 86 വയസ്സുള്ള രോഗിയുടെ എക്സ്റേ ഫിലിം മാറി നല്‍കുകയും ഡോക്ടര്‍ പരിശോധന നടത്തി മരുന്ന് കുറിച്ചുനല്‍കിയെന്നും പരാതിയില്‍ പറയുന്നു.
◾ കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെയും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കള്ള്‌ചെത്ത് വ്യവസായത്തോടും തൊഴിലാളികളോടും കഴിഞ്ഞ സര്‍ക്കാര്‍ തെറ്റായ സമീപനമാണ് സ്വീകരിച്ചതെന്നും കള്ള് ഷാപ്പുകളോടും ബാറുകളോടും സര്‍ക്കാര്‍ രണ്ട് നീതിയാണ് കാണിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിക്കാര്‍ വോട്ട് ചെയ്യാതിരുന്നത് തെറ്റാണെങ്കിലും, എന്തുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്ന് എല്‍ ഡി എഫ് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ ആക്സിഡന്റ് കേസ് രേഖകളുടെ പകര്‍പ്പ് നല്‍കാന്‍ 10,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ വിജിലന്‍സ് പിടികൂടി. നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും തിരുവനന്തപുരം കോലിയക്കോട് കാപ്പിച്ചിറ സ്വദേശിയുമായ ബിജു.ജി.ബി (53) ആണ് പിടിയിലായത്.
◾ ആലപ്പുഴ കായംകുളത്ത് എസ്എഫ്ഐ- കെ എസ് യു സംഘര്‍ഷത്തിനിടെ പൊലീസ് ലാത്തിവീശി. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിലെ വിജയാഘോഷ പ്രകടനത്തിനിടെ കായംകുളത്ത് കോണ്‍ഗ്രസ് ഓഫീസിനു സമീപമായിരുന്നു സംഘര്‍ഷം. പ്രകടനമായി പോയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിനിടവരുത്തിയത്. കല്ലേറില്‍ പൊലീസുകാരന് ഉള്‍പ്പെടെ പരുക്കേറ്റു.
◾ ഏഴിമല നാവിക അക്കാദമിയില്‍ ബംഗ്ലാദേശ് സ്വദേശി പിടിയില്‍. വ്യാജ രേഖകള്‍ ഉപയോഗിച്ച് ഒരു വര്‍ഷത്തോളം കരാര്‍ തൊഴിലാളിയായി ജോലി ചെയ്തയാളെയാണു പിടികൂടിയത്.
◾ കോട്ടയത്ത് സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു; കക്കാട് സ്വദേശി അരുണ്‍ പ്രകാശ് ആണ് മരിച്ചത്. ഫോണിലൂടെ ജിഷ്ണുവിന്റെ അമ്മയെ അസഭ്യം പറഞ്ഞതിനായിരുന്നു ആക്രമണം. സുഹൃത്തുക്കളായ ജിഷ്ണു, ചന്ദ്രന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
◾ വ്യവസായി അനില്‍ അംബാനിക്കെതിരേ കേന്ദ്രാന്വേഷണ ഏജന്‍സിയായ സി.ബി.ഐ. കേസെടുത്തു. റിലയന്‍സ് ക്യാപിറ്റലിന്റെ കടപത്രങ്ങള്‍ വാങ്ങിയതില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന് 2,684 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതിനാണ് കേസ്. എല്‍.ഐ.സി. നിക്ഷേപിച്ച തുകയില്‍ ഭൂരിഭാഗവും തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് നിഷ്‌ക്രിയ ആസ്തിയായി മാറിയതാണ് നിയമനടപടിക്ക് കാരണമായത്.
◾ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയില്‍ ഉന്നതാധികാര സമിതി സമര്‍പ്പിച്ച ശുപാര്‍ശകളിലെ പുരോഗതി പരിശോധിക്കാന്‍ എന്‍.ടി.എ ആസ്ഥാനത്തേക്ക് ജസ്റ്റിസുമാര്‍ നേരിട്ടെത്തുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ്. പരീക്ഷാനടത്തിപ്പില്‍ നാണംകെട്ടു നില്‍ക്കുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ അടിമുടി ഉടച്ചുവാര്‍ക്കണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നും കോടതി.
◾ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചിഹ്നവും പേരും നഷ്ടപ്പെട്ടതിന് പിന്നാലെ മമത ബാനര്‍ജിക്ക് അടുത്ത തിരിച്ചടിയായി നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് അവരുടെ സ്ഥാനാര്‍ത്ഥി പിന്മാറി. അധ്യാപികയായ സഞ്ചിത പ്രധാന്‍ ഡേയെ ആണ് മമത ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
◾ നന്ദിഗ്രാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന്‍ പ്രധാന്‍ പഴയ കൊലപാതക കേസില്‍ അറസ്റ്റിലായി. സ്വന്തം സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്ന് മമത കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. ഔദ്യോഗിക ചിഹ്നവും പേരും നഷ്ടപ്പെട്ട മമതയ്ക്ക് നന്ദിഗ്രാമിലെ ഈ സംഭവവികാസങ്ങള്‍ കനത്ത തിരിച്ചടിയായി.
◾ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ വീണ്ടും ചീറ്റ കുഞ്ഞുങ്ങള്‍ പിറന്നു. ഇന്ത്യയില്‍ ജനിച്ച ചീറ്റ 'കെജിപി12' ആണ് നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇതോടെ, പോജക്ട് ചീറ്റ ആരംഭിച്ച് നാല് വര്‍ഷത്തിനിടെ 36 ചീറ്റകള്‍ ഇന്ത്യയില്‍ പിറന്നു.
◾ മുന്‍കൂര്‍ ടിപ്പും തെറ്റിദ്ധരിപ്പിക്കുന്ന രീതികളും വഴി ഉപഭോക്താക്കളെ ചൂഷണം ചെയ്തതിന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയായ റാപ്പിഡോയ്ക്ക് സിസിപിഎ പത്ത് ലക്ഷം രൂപ പിഴ ചുമത്തി. ഓല, യൂബര്‍ തുടങ്ങിയ മറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെയുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണ്
◾ രാജ്യത്തെ ഞെട്ടിച്ച നിഥാരി കൊലപാതക പരമ്പരയില്‍ കുറ്റവിമുക്തനാക്കിയ സുരേന്ദര്‍ കോലിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിദ്വാറിലെ ചായക്കടയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
◾ വടക്കന്‍ അറേബ്യന്‍ കടലില്‍ ഇന്ത്യന്‍ യുദ്ധക്കപ്പലില്‍ പാകിസ്ഥാന്‍ കപ്പല്‍ വന്നിടിച്ച വിഷയത്തില്‍ പാകിസ്ഥാന്‍ കള്ളപ്രചാരണം നടത്തുന്നു എന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യയാണ് കടന്നുകയറിയതെന്ന ആരോപണം പാകിസ്ഥാന്‍ ഉയര്‍ത്തിയിരുന്നു. ഇത്തരം കള്ളപ്രചാരണങ്ങള്‍ നിര്‍ത്തി കരാറുകളും വ്യവസ്ഥകളും പാലിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാവുകയാണ് വേണ്ടതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.
◾ പാകിസ്ഥാനില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ മുസ്ലീം പള്ളിയില്‍ ഉണ്ടായ ഉഗ്ര സ്ഫോടനത്തില്‍ മരണം 15 ആയി. 56 പേര്‍ക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന കോഹത് ജില്ലയിലാണ് സംഭവം.
◾ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഡല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍. സഞ്ജുവും മുഖ്യമന്ത്രി രേഖാ ഗുപ്തയും ചേര്‍ന്ന് ഡല്‍ഹി സര്‍ക്കാരിന്റെ ജന്‍ കൗശല്‍ ക്രേന്ദ്രയുടെ പ്രചാരണത്തിനായി സഞ്ജുവിന്റെ ചിത്രത്തോട് കൂടിയ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കി.
◾ ഇരുപതാമത് ഏഷ്യന്‍ ഗെയിംസിന് ഇന്ന് ജപ്പാനിലെ അയ്ചിനഗോയയില്‍ കൊടിയുയരും. താരങ്ങളും ഒഫീഷ്യലുകളും ഉള്‍പെടെ 760 പേരടങ്ങുന്ന ഇന്ത്യന്‍ സംഘമാണു ജപ്പാനിലുള്ളത്.
◾ ഏഷ്യന്‍ ഗെയിംസിന് ഭീഷണിയായി ചുഴലിക്കാറ്റും. തീരത്തേക്ക് ശക്തമായ ഡുജുവാന്‍ ചുഴലിക്കാറ്റ് അടുക്കുന്നതിനെത്തുടര്‍ന്ന് ഏഷ്യന്‍ ഗെയിംസ് തടസപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രകൃതിദുരന്ത സാഹചര്യമുണ്ടായാല്‍ കായികതാരങ്ങളെ താത്കാലികമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്ന് അധികൃതര്‍.
◾ യുവേഫ നേഷന്‍സ് ലീഗിനുള്ള പോര്‍ച്ചുഗല്‍ ടീമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുതിയ കോച്ച് ജോര്‍ജ് ജെസ്യൂസ് ഉള്‍പ്പെടുത്തി. എന്നാല്‍ പ്ലെയിങ് ഇലവനില്‍ റൊണാള്‍ഡോയ്ക്ക് സ്ഥാനം ഉറപ്പില്ലെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും അവസരമെന്നും കോച്ച് വ്യക്തമാക്കി.
◾ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രൂക്ഷമാകുകയും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസപ്പെടുകയും ചെയ്തതോടെ ആഗോള എണ്ണ ടാങ്കര്‍ വാടക നിരക്കുകള്‍ കുത്തനെ ഉയരുന്നു. മിഡില്‍ ഈസ്റ്റില്‍ നിന്ന് ചൈന, ഇന്ത്യ തുടങ്ങിയ പ്രധാന എണ്ണ ഉപഭോക്തൃ രാജ്യങ്ങളിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്ന വലിയ എണ്ണ ടാങ്കര്‍ വിഭാഗത്തിലുള്ളവയുടെ നിരക്കുകള്‍ പ്രതിദിനം 7 ലക്ഷം മുതല്‍ 8 ലക്ഷം ഡോളര്‍ വരെയെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം തുടക്കത്തില്‍ പ്രതിദിനം 1,37,000 ഡോളര്‍ മാത്രമായിരുന്നു ഇവയുടെ വാടക നിരക്ക്. ഇതാണ് കുത്തനെ ഉയര്‍ന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 42,065 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ധന ഏകദേശം 226 ശതമാനം. അതേസമയം, സംഘര്‍ഷത്തില്‍ അയവ് വരുകയോ പ്രധാന ഷിപ്പിംഗ് റൂട്ടുകള്‍ സാധാരണ നിലയിലാകുകയോ ചെയ്താല്‍ നിരക്കുകള്‍ വേഗത്തില്‍ താഴാനും സാധ്യതയുണ്ട്.
◾ അനാവശ്യ സ്പാം കോളുകള്‍ക്കും റോബോ കോളുകള്‍ക്കുമെതിരെ നിയമങ്ങള്‍ കര്‍ശനമാക്കി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ആപ്ലിക്കേഷന്‍-ടു-പേഴ്‌സണ്‍ വഴിയുള്ള ഓട്ടോമേറ്റഡ് കോളുകള്‍, റോബോട്ട് കോളുകള്‍, കൃത്രിമ ശബ്ദത്തിലുള്ള കോളുകള്‍ എന്നിവയെ ട്രായ് പുതിയ നിയന്ത്രണ ചട്ടക്കൂടിലേക്ക് കൊണ്ടുവന്നു. ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ ടെലികോം സേവന ദാതാക്കള്‍ക്ക് മുന്‍കൂട്ടി സത്യവാങ്മൂലം നല്‍കുകയും ഉപയോഗിക്കുന്ന നമ്പറുകള്‍ പ്രഖ്യാപിക്കുകയും വേണം, അല്ലാത്തവ നിയമവിരുദ്ധമായ സന്ദേശങ്ങളായി കണക്കാക്കും. ഇത്തരം കോളുകള്‍ക്ക് മിനിറ്റിന് 0.05 രൂപ വരെ ടെര്‍മിനേഷന്‍ ചാര്‍ജ് ചുമത്തിയിട്ടുണ്ട്. കൂടാതെ, സ്പാമര്‍മാര്‍ക്കെതിരെ പെട്ടെന്ന് നടപടിയെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുന്‍പ് 10 ദിവസത്തിനുള്ളില്‍ 5 പരാതികള്‍ ആവശ്യമായിരുന്നെങ്കില്‍, ഇപ്പോള്‍ 3 പരാതികള്‍ ലഭിച്ചാല്‍ തന്നെ നടപടി സ്വീകരിക്കും.
◾ ഒരു ഇടവേളയ്ക്കുശേഷം സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി ശ്രീകുമാരന്‍ തമ്പി. ജഹാംഗീര്‍ ഉമ്മര്‍ സംവിധാനം ചെയ്യുന്ന 'ധനുഷ്‌കോടിയിലേക്ക്' എന്ന ചിത്രത്തിലെ 'വരവായി.. വരവായി.. വസന്തോത്സവം വരവായി..' എന്ന ഗാനമാണ് ശ്രീകുമാരന്‍ തമ്പി എഴുതിയിരിക്കുന്നത്. താരിഖ് ആണ് സംഗീത സംവിധാനം. ചിത്രം സെപ്റ്റംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് അഡ്വ. ബാലാജി രവീന്ദ്രന്‍ ആണ്. സുധീര്‍ കരമന, ലെന, നിസ്താര്‍ അഹമ്മദ് സേട്ട്, അരുണ്‍, ആര്‍ദ്ര ഗോപകുമാര്‍, എം ആര്‍ ഗോപകുമാര്‍, ദിനേശ് പണിക്കര്‍, പ്രേംകുമാര്‍, വി കെ ബൈജു, സിന്ധു വര്‍മ്മ, റിയാസ് നെടുമങ്ങാട്, ജോബി, അരിസ്റ്റോ സുരേഷ്, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. വിനീത് ശ്രീനിവാസന്‍, മധു ബാലകൃഷ്ണന്‍, വിധു പ്രതാപ്, നജീം അര്‍ഷാദ്, സിതാര കൃഷ്ണകുമാര്‍, ശ്രേയ ജയദീപ്, വര്‍ഷ എസ് നായര്‍ തുടങ്ങിയവര്‍ ഗാനങ്ങളും ആലപിച്ചിരിക്കുന്നു.
◾ പ്രേമലു, ബെത്ലഹേം കുടുംബ യൂണിറ്റ് എന്നീ ചിത്രങ്ങളില്‍ ഗിരീഷ് എ.ഡിക്കൊപ്പം സഹരചയിതാവായിരുന്ന കിരണ്‍ ജോസി, യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര് 'പിക്‌നിക്' എന്നാണ്. ഒരു പക്കാ ഫാമിലി ഫണ്‍ എന്റര്‍ടൈനറായി എത്തുന്ന ചിത്രം 2027 ജനുവരി 14 നാണ് തിയറ്ററുകളിലെത്തുക. കിരണ്‍ ജോസിയും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്, ദിലീഷ് പോത്തന്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. സുജിന ശ്രീധരന്‍, അക്ഷത അജിത്, രേഷ്മ ജോസി, മേരി, വിജയ് മുത്തു, പ്രണവ് പ്രഭു, ഉത്തര ഗംഗ, ജിമ്മി ഡാനി, അര്‍ഷദ് അലി, നന്ദു കെ യു, അജസ്റ്റസ് എ ജെ, അരുണ്‍ വെയിലര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
◾ ടിവിഎസ് റോനിന്‍-ന്റെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ചു. 1.42 ലക്ഷം രൂപ വിലയുള്ള 'ബേസ്+' വകഭേദത്തിന് ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കിയിരിക്കുന്നു. 'സണ്‍ലൈറ്റ് യെല്ലോ', 'ഡെസേര്‍ട്ട് മിറാഷ്' എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലും ലഭ്യമാണ്. സണ്‍ലൈറ്റ് യെല്ലോ പതിപ്പില്‍ ഫ്യുവല്‍ ടാങ്കില്‍ പൂര്‍ണ്ണമായും മഞ്ഞ നിറവും, അതില്‍ കറുപ്പ് മെറ്റാലിക് ഫിനിഷിലുള്ള ടിവിഎസ് ലോഗോയും താഴത്തെ ഭാഗത്തായി 'റോനിന്‍' ഗ്രാഫിക്‌സും നല്‍കിയിരിക്കുന്നു. 1.51 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള 'മിഡ്' വകഭേദത്തില്‍ ഇപ്പോള്‍ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനായി ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭ്യമാണ്. കൂടാതെ, ഫോണ്‍ ചാര്‍ജ് ചെയ്യാനായി ഒരു ടൈപ്പ്-സി ചാര്‍ജറും നല്‍കിയിട്ടുണ്ട്. 'ടോപ്പ്' വകഭേദത്തിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടോപ്പ് വകഭേദത്തിന് 1.63 ലക്ഷം രൂപയാണ് വില. പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തതൊഴിച്ചാല്‍, ബൈക്കിന്റെ മെക്കാനിക്കല്‍ വശങ്ങളില്‍ മാറ്റമൊന്നുമില്ല.
◾ യാത്ര നിങ്ങളെ ആദ്യം നിശ്ശബ്ദനാക്കും, പിന്നെയൊരു കഥ പറച്ചിലുകാരനാക്കും.'' ഇബ്നു ബത്തൂത്തയുടെ ഈ വിസ്മയമാണ് നോവലിസ്റ്റ് ഈ യാത്രകളില്‍ പകരുന്നത്. പല നാടുകളില്‍, ചരിത്രത്തിന്റെയും സംഗീതത്തിന്റെയും ആശയങ്ങളുടെയും വായനയുടെയും അനുഭവങ്ങളായി അവ പടരുന്നു. അവയില്‍ മനുഷ്യാവസ്ഥകള്‍ സ്പന്ദിക്കുന്നു. കാണാന്‍ തീരുമാനിച്ചതു കാണുന്ന വിനോദസഞ്ചാരിയുടെ കണ്ണല്ല. കാണുന്നതു കാണുന്ന സഞ്ചാരിയുടെ കണ്ണാണ് ഈ യാത്രികന്റേത്. ഹംപി, തഞ്ചാവൂര്‍, ആഗ്ര, ലണ്ടന്‍, പെട്ര, വൂഡ്സ്റ്റോക്ക്, കംബോഡിയ, ഈജിപ്ത് തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകള്‍. കവിതയില്‍ യാത്രയും യാത്രയില്‍ കവിതയും കലരുന്നു. 'ഒരു നഗരത്തിന്റെ തകര്‍ന്ന ഹൃദയത്തില്‍'. മാങ്ങാട് രത്നാകരന്‍. എന്‍ബിഎസ്. വില 123 രൂപ.
◾ ഉറക്കം കൂടുന്നതും കുറയുന്നതും അകാലവാര്‍ധക്യത്തിനും മരണത്തിനുമുള്ള സാധ്യത കൂട്ടുമെന്ന് പഠനം. നേച്ചര്‍ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 37-നും 84-നും ഇടയില്‍ പ്രായമുള്ള അഞ്ചുലക്ഷം പേരുടെ ആരോഗ്യവിവരം ശേഖരിച്ചാണ് പഠനം നടത്തിയത്. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ആറുമണിക്കൂറില്‍ കുറവു ഉറങ്ങുന്നവരില്‍ അകാല മരണത്തിനുള്ള സാധ്യത അമ്പതുശതമാനം കൂടുതലും എട്ടുമണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ 40 ശതമാനം കൂടുതലുമാണെന്ന് ഗവേഷകര്‍ പറയുന്നു. ആറുമുതല്‍ എട്ടുമണിക്കൂര്‍ വരെ കിടന്നുറങ്ങുന്നവരെ അപേക്ഷിച്ചുള്ള വിലയിരുത്തലാണിത്. ഉറക്കം ആറുമണിക്കൂറില്‍ കുറയുന്നതും ഒമ്പതുമണിക്കൂറില്‍ കൂടുകയുമാണെങ്കില്‍ ആരോഗ്യകരമായ ഉറക്കമെന്ന് കണക്കാക്കാനാവില്ല. ഇത്തരം ഉറക്കശീലം ഉള്ളവരില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും മെറ്റബോളിക് തകരാറുകള്‍ക്കും സാധ്യത കൂടുതലാണ്. ഉറക്കസംബന്ധമായ തകരാറുകള്‍ ശരീരത്തില്‍ വീക്കമുണ്ടാവാനും കാരണമാകും. രാത്രിയില്‍ ഉറക്കം കുറയുന്നവര്‍ക്കും പകല്‍ ദീര്‍ഘനേരം ഉറങ്ങുന്നവര്‍ക്കുമാണ് ഫാറ്റി ലിവര്‍ രോഗം വരാനുള്ള സാധ്യത ഏറ്റവും കൂടുതലെന്ന് പഠനം പറയുന്നു. ഉറക്കക്കുറവ് അര്‍ബുദസാധ്യത വര്‍ധിപ്പിക്കും. ഉറക്കക്കുറവുള്ളവരില്‍ കുടലിനെ ബാധിക്കുന്ന അര്‍ബുദം, സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം അല്ലെങ്കില്‍ അണ്ഡാശയ കാന്‍സര്‍ എന്നിവ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
ശുഭദിനം.
Tags:
KERALA