Trending

Ai ക്യാമറ കണ്ടാൽ ‘വഴിമാറും’; ക്യാമറയുടെ കണ്ണിൽപ്പെടാതെ പോകാൻ ‘ബദൽപാത’: അധികൃതർ കണ്ണടയ്ക്കുകയാണോ?

കൊടുവള്ളി: സുരക്ഷ ഉറപ്പാക്കാനും ഗതാഗത നിയമലംഘനങ്ങൾ പിടികൂടാനും ലക്ഷ്യമിട്ട് നിരത്തുകളിൽ സ്ഥാപിച്ച ആധുനിക എ.ഐ. ക്യാമറകളെ കബളിപ്പിച്ച് ബൈക്കിൽ യാത്ര. അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ക്യാമറയുടെ സാന്നിധ്യം തന്നെ ചിലർക്ക് ‘വഴിമാറാനുള്ള’ കാരണമായി മാറിയിരിക്കുകയാണ്. 

കൊടുവള്ളി- മാനപുരം റോഡിൽ കാവിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം സ്ഥാപിച്ച എ.ഐ.ക്യാമറയുടെ കണ്ണുവെട്ടിച്ച് ഹെൽമെറ്റില്ലാതെയും ട്രിപ്പിൾ അടിച്ചുമാണ് ബൈക്കുകൾ ചീറിപ്പായുന്നത്. ഇവിടെ റോഡിന്റെ ഒരു വശത്താണ് എ.ഐ.ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. ക്യാമറയുടെ ആംഗിളും കവറേജും മനസ്സിലാക്കുന്ന ബൈക്ക് യാത്രക്കാർ, കാവിൽ ഭാഗത്ത ക്യാമറയ്ക്ക് തൊട്ടടുത്തെത്തുമ്പോൾ റോഡിന്റെ വശങ്ങളിലൂടെയും നടപ്പാതയോട് ചേർന്നുള്ള ഭാഗങ്ങളിലൂടെയും ബൈക്ക് വെട്ടിത്തിരിച്ച് പോകുന്നത് പതിവ് കാഴ്ചയാണ്. 

ക്യാമറ കടന്നുകഴിഞ്ഞാൽ വീണ്ടും ഇവർ റോഡിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്രക്കാരാണ് ഈ അടവ് പയറ്റുന്നവരിൽ അധികവും.ക്യാമറയുടെ സെൻസിങ് പരിധിയും ഫോക്കസും കൃത്യമായി അളന്ന്, വശം ചേർന്ന് പോയാൽ ഫോട്ടോ വീഴില്ലെന്നുള്ള തിരിച്ചറിവാണ് ചിലരെ ഇതിന് പ്രേരിപ്പിക്കുന്നത്.

ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ പെട്ടെന്ന് വാഹനം വെട്ടിക്കുന്നത് എതിരെ വരുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.മലയോര മേഖലകളിലേക്ക് ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ പാതയാണിത്. ഇവിടെയുള്ള ഇത്തരം നിയമലംഘനങ്ങൾ റോഡ് സുരക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യതയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. 

ക്യാമറകളുടെ പ്രവർത്തനത്തിൽ പിഴവുകളോ കാഴ്‌ച പരിധിയിലെ മറവുകളോ ഉണ്ടോയെന്ന് അധികൃതർ പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. ക്യാമറയുടെ കവറേജ് ഏരിയ വ്യാപിപ്പിക്കുകയോ, വശങ്ങളിലൂടെയുള്ള വെട്ടിമാറ്റൽ തടയാൻ ബാരിക്കേഡുകളോ ഡിവൈഡറുകളോ സ്ഥാപിക്കുകയെന്നതാണ് നിയമ ലംഘനം തടയാൻ ഏറ്റവും നല്ല വഴിയെന്നാണ് നാട്ടുകാർ പറയുന്നത്.

നിയമലംഘനം നടത്തുന്നവർക്ക് പിഴ ഈടാക്കാൻ സജ്ജീകരിച്ച എ.ഐ. ക്യാമറകൾക്ക് മുൻപിൽത്തന്നെ നിയമം ലംഘിക്കപ്പെടുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ പറയുന്നു.കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാനുള്ള വഴിയിലൂടെ ബൈക്കുകൾ ചീറിപ്പായുന്നത് അപകടങ്ങൾക്കിടയാക്കുന്നു. മാത്രമല്ല, ഇതിന് തൊട്ടടുത്ത വീട്ടുകാർക്ക് ഭയത്തോടെയല്ലാതെ റോഡിലേക്ക് പ്രവേശിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. 

ഇരു ഭാഗങ്ങളിൽ നിന്നുള്ള ബൈക്കുകൾ ഇതിലൂടെ വരുന്നതിനാൽ പലപ്പോഴും കാൽ നടയാത്രക്കാർ ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെടുന്നതെന്നാണ് പരിസരവാസികൾ പറയുന്നത്. തിരക്കേറിയ ഈ പ്രധാന പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കിടയിലേക്ക് ബൈക്കുകൾ പെട്ടെന്ന് പ്രവേശിക്കുന്നതും പുറത്തേക്ക് മാറുന്നതും വലിയ അപകടങ്ങൾക്ക് ഇടയാക്കുന്നു. കാൽനടയാത്രക്കാരായ സ്ത്രീകളും കുട്ടികളും വയോധികരുമെല്ലാം ബൈക്കുകാരുടെ ചീറിപ്പാച്ചിലിൽ അപകട ഭീഷണിയുടെ നിഴലിലാണ്. 

ഇരുവശങ്ങളിൽ നിന്നും ഇതിലെ വരുന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കാനും ഇത് ഇടയാക്കുന്നു.
ചില ബൈക്ക് യാത്രക്കാർ എ.ഐ. ക്യാമറയുടെ സമീപമെത്തുമ്പോൾ നമ്പർ പ്ലേറ്റ് മറച്ചു പോകുന്നതും കാണാം. ഹെൽമെറ്റ് ധരിക്കാത്തതിന് വ്യാപകമായി പിഴ ചുമത്തുന്ന പോലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതർ എ.ഐ. ക്യാമറയെ വെട്ടിക്കുന്ന നിയമ ലംഘകർക്കെതിരെ
നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.

Rep: അനിൽ കൊടുവള്ളി
Previous Post Next Post
3/TECH/col-right