2026 സെപ്റ്റംബര്‍ 17 | വ്യാഴം
1202 കന്നി 1 | അനിഴം
1448 റ: ആഖിർ 5
◾ വയനാട് വാഴവറ്റയിലെ വീട്ടില്‍നിന്ന് 67 ലിറ്റര്‍ മദ്യശേഖരം പിടിച്ചെടുത്ത സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ ടിവി ഓഫീസിലുള്ള ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിലെടുക്കാന്‍ അര്‍ധരാത്രിയോടെയാണ് അസിസ്റ്റന്റ് കമ്മീഷണര്‍ ബൈജുവിന്റെ നേതൃതത്തിലുള്ള സംഘം എത്തിയത്. എഫ്ഐആര്‍ പകര്‍പ്പ് നല്‍കാതെ വഴങ്ങില്ലെന്ന് പറഞ്ഞ് ആന്റോ അഗസ്റ്റിന്‍ തര്‍ക്കിച്ചു. റിപ്പോര്‍ട്ടര്‍ ടിവി ജീവനക്കാരും അറസ്റ്റ് തടയാന്‍ ശ്രമിച്ചു. എഫ്‌ഐആര്‍ ഡിജിറ്റല്‍ കോപ്പി കാണിച്ചെങ്കിലും ഹാര്‍ഡ് കോപ്പി തന്നെ വേണമെന്ന് വാശിപിടിക്കുകയായിരുന്നു. തുടര്‍ന്ന് പെരുമ്പാവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍ എഫ്‌ഐആര്‍ കോപ്പിയുമായി എത്തിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
◾ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ പരിരക്ഷയ്ക്കുള്ള പ്രതിമാസ ശമ്പള പരിധി 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്താനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഈ തീരുമാനത്തോടെ 51 ലക്ഷത്തിലധികം അധിക ജീവനക്കാര്‍ക്കുകൂടി ഇപിഎഫ്ഒ ആനുകൂല്യങ്ങളും സാമൂഹിക സുരക്ഷയും ലഭ്യമാകും.
◾ മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലേക്കു കൊണ്ടുവരുമെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയ കേസില്‍ കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍ 21 മണിക്കൂര്‍ നീണ്ട റെയ്ഡ്. പ്രത്യേക അന്വേഷണ സംഘം നിരവധി രേഖകള്‍ പിടിച്ചെടുത്തു. റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍നിന്ന് മെമ്മറി കാര്‍ഡുകള്‍, കലൂര്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകള്‍, 6300 അമേരിക്കന്‍ ഡോളര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ അഞ്ചരയ്ക്ക് തുടങ്ങിയ പരിശോധന ഇന്നു പുലര്‍ച്ചെ രണ്ടരയ്ക്കാണ് അവസാനിപ്പിച്ചത്. കളമശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മജിസ്‌ട്രേറ്റ് അനുമതിയോടെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെ ഫ്ളാറ്റുകളിലും വീടുകളിലും പൊലീസ് റെയ്ഡ് നടത്തി.
◾ മുഖ്യമന്ത്രി വി.ഡി. സതീശന്‍ രണ്ടാംവിവാഹം കഴിച്ചെന്ന് ആരോപിച്ചു പ്രസംഗിച്ച റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിനെതിരേ കേസ്. കെപിസിസി വക്താവ് രാജു പി നായര്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കര്‍ണാടകയിലെ ബൈന്തൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ മുഖ്യമന്ത്രിയുടെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്തെന്ന വ്യാജരേഖയുമായി രണ്ടു യുവാക്കള്‍ തന്നെ സമീപിച്ചിരുന്നെന്ന് ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ പ്രസംഗിച്ചതിന്റെ വീഡിയോ പ്രചരിക്കുന്നതിനിടെയാണ് കേസ്. ആന്റോയുടെ കൈയിലും റിപ്പോര്‍ട്ടര്‍ ടിവി ഓഫീസിലുമുള്ള വ്യാജരേഖകള്‍ കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
◾ ബിരിയാണി അരിവില കുതിച്ചുയരുന്നു. ബസുമതി, നോണ്‍- ബസ്മതി അരികള്‍ക്കെല്ലാം പൊള്ളുന്ന വില. 85 രൂപയുണ്ടായിരുന്ന ബസുമതി അരിക്ക് ഇപ്പോള്‍ നൂറു രൂപയാണു വില. ഡിമാന്‍ഡ് വര്‍ധിച്ചതും വിളവു കുറഞ്ഞതുമാണു വില വര്‍ധനയ്ക്കു കാരണം.
◾ സവാള വില 70 മുതല്‍ 80 വരെ രൂപയായി. 35 രൂപയ്ക്കു സവാള ലഭ്യമാക്കാന്‍ അടുത്ത ഒരു മാസം കൂടി സര്‍ക്കാര്‍ വിപണി ഇടപെടല്‍ തുടരും. ഇതുവരെ 81.8 ടണ്‍ സവാളയാണ് വിപണിയില്‍ എത്തിച്ചിട്ടുള്ളത്. 30 ടണ്‍ സവാളയ്ക്ക് കൂടി ഓര്‍ഡര്‍ നല്‍കും.
◾ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഡിസംബര്‍ ഒന്നിന് സി ഐ ടി യു പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് ജനറല്‍ സെക്രട്ടറി എളമരം കരീം. ലേബര്‍ കോഡ്, തൊഴിലാളി സംഘടനകള്‍ക്ക് എതിരായ കേന്ദ്ര നയങ്ങള്‍, മിനിമം വേതന തത്വത്തിന് എതിരായ നടപടികള്‍, കരാര്‍ തൊഴിലാളിവത്ക്കരണം എന്നിവയ്ക്ക് എതിരെയാണ് സമരമെന്ന് സി ഐ ടി യു ജനറല്‍ സെക്രട്ടറി വിവരിച്ചു.
◾ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസില്‍ നടന്ന എസ്ഐടി റെയ്ഡ് നിയമപരമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സെര്‍ച്ച് വാറണ്ട് ഉള്‍പ്പെടെ മതിയായ അനുമതി നേടിയ ശേഷമാണ് റെയ്ഡ് നടന്നത്. ചെന്നിത്തല പറഞ്ഞു.
◾ മാസപ്പടി കേസില്‍ ഇഡി റിപ്പോട്ടിന്മേല്‍ എന്തു നടപടി വേണമെന്ന നിയമോപദേശം നാളെ സര്‍ക്കാരിനു നല്‍കും. എജിയും ഡിജിപിയും ആഭ്യന്തര മന്ത്രിയെ കാണും. ആഭ്യന്തര മന്ത്രിയുമായി എജി കൂടിക്കാഴ്ച നടത്തും. അതേസമയം, മാസപ്പടി കേസില്‍ ഇഡിക്ക് നല്‍കിയ സുപ്രധാന മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു.
◾ സിപിഎമ്മില്‍ ഒരാള്‍ ആജ്ഞാപിക്കുകയും മറ്റുള്ളവര്‍ അനുസരിക്കുകയും ചെയ്യുന്ന അവസ്ഥയാണെന്ന് വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ. പാര്‍ട്ടിയില്‍ തിരുത്തല്‍ വേണ്ടത് ഇത്തരം നയങ്ങളിലും നിലപാടുകളിലുമാണ്. സംസ്ഥാന കമ്മിറ്റിയിലേക്ക് പുതിയ ആളുകള്‍ വന്നതുകൊണ്ട് തിരുത്തലാകില്ല. ഇഡി നടപടിയില്‍ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പിണറായിക്ക് കഴിഞ്ഞിട്ടില്ലെന്നും കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
◾ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജുകളുടെയും പുതിയ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തിന്റെയും ഉദ്ഘാടനം ഈ മാസം 22ന് നടക്കും. കുറഞ്ഞ ചെലവില്‍ വിമാനയാത്ര ഉള്‍പ്പെടെയുള്ള ലക്ഷദ്വീപ് പാക്കേജും ഹൈദരാബാദിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പാക്കേജുമാണ് ഒരുക്കിയിരിക്കുന്നത്.
◾ കായംകുളം എം എസ് എം കോളജിലെ എസ് എഫ് ഐ നേതാവും എം കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അല്‍ അമീനെ പുറത്താക്കാന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു. സ്വകാര്യ സ്‌കൂളില്‍ മുഴുവന്‍ സമയ അധ്യാപകനായി ജോലി ചെയ്യുന്നത് മറച്ചുവെച്ച് അല്‍ അമീന്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതാണ് നടപടിക്ക് ആധാരം.
◾ ആഭ്യന്തരമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച വ്യാജ പ്രചാരണത്തില്‍ പൊലീസ് കേസെടുത്തു. കെ എസ് അരുണ്‍കുമാര്‍, പോരാളി ഷാജി എന്നിവര്‍ക്കെതിരെയാണ് കേസ്. വിദേശയാത്ര സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തി എന്നതിലാണ് കേസ്.
◾ വാട്ടര്‍ മെട്രോയെയും കൊച്ചിയുടെ കായല്‍ സൗന്ദര്യത്തെയും ലൈവായി ബ്രിക്സ് രാജ്യങ്ങളില്‍ എത്തിച്ച് വ്ലോഗര്‍മാര്‍. 19 ബ്രിക്സ് രാജ്യങ്ങളില്‍ നിന്നുള്ള 35 സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്‌സ്, കണ്ടന്റ് ക്രീയേറ്റഴ്‌സ് തുടങ്ങിയവരാണ് മട്ടാഞ്ചേരിയില്‍ നിന്ന് ഹൈക്കോര്‍ട്ട് ടെര്‍മിനലിലേക്ക് കൊച്ചി വാട്ടര്‍ മെട്രോയില്‍ 45 മിനുട്ട് യാത്ര ചെയ്തത്.
◾ ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കേസില്‍ സിപിഎം നേതാവ് എം ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
◾ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ തണ്ണിത്തോട് സ്റ്റേഷനിലെ പൊലീസുകാരന്‍ പ്രവീണ്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു. രാത്രി കോന്നി കൊന്നപ്പാറയില്‍ പ്രവീണ്‍കുമാര്‍ മദ്യപിച്ച് ഓടിച്ച ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സില്‍ ഇടിച്ചിരുന്നു. നാട്ടുകാരാണ് തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്.
◾ മരച്ചില്ല വെട്ടാന്‍ ജീപ്പില്‍ കൊണ്ടുപോവുകയായിരുന്ന കെ.എസ്.ഇ.ബി.യുടെ തോട്ടിയില്‍ കെട്ടിയ കത്തി തട്ടികാല്‍നടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. മണിയൂര്‍ ചെല്ലട്ട് പൊയില്‍ കാളാംപുതുക്കുടി ജാനകി(75)ക്കാണ് ഗുരുതര പരിക്കേറ്റത്. ജീപ്പിന് മുകളില്‍കെട്ടിവെച്ച തോട്ടിയില്‍നിന്ന് കൊടുവാള്‍ ഊരിവീണാണ് അപകടം.
◾ വ്യാജ രേഖ ചമച്ച് രജിസ്ട്രേഷനെത്തിച്ച ബസ് മോട്ടോര്‍ വാഹനവകുപ്പ് ഇന്റേണല്‍ വിജിലന്‍സ് പിടികൂടി. തിരൂര്‍ ആര്‍ടിഒയില്‍ ബസ് രജിസ്റ്റര്‍ ചെയ്യാനായിരുന്നു നീക്കം. ബസ് നിര്‍മാണത്തിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു വാഹന നിര്‍മാണം.
◾ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം, ഭവനഭേദനം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ അഞ്ച് കുറ്റവാളികളെ നൂറനാട് പൊലീസ് പിടികൂടി. നരുവാംമൂട് പാലറക്കുഴി വിഷ്ണു ഭവനത്തില്‍ മിഥുന്‍ (29), പേയാട് ചീലപ്പാറ ഐശ്വര്യ ഭവനില്‍ അമല്‍ (28), തിരുമല അണ്ണൂര്‍ ദേവീകൃപ വീട്ടില്‍ നന്ദു (23), വെളിയന്നൂര്‍ കമ്പനിമുക്ക് ദിവ്യ ഭവനില്‍ ഫെബിന്‍, നരുവാംമൂട് തളയറകോണം പറങ്കിമാംവിള വീട്ടില്‍ അനന്ദു എന്നിവരാണ് പിടിയിലായത്.
◾ വാഹന മോഷണ സംഘം അടൂര്‍ പൊലീസിന്റെ പിടിയിലായി. ആലപ്പുഴ വെണ്‍മണി സ്വദേശി ഉണ്ണി കാര്‍ത്തികേയന്‍ ഉള്‍പ്പെട്ട സംഘത്തെയാണ് പിടികൂടിയത്.
◾ തൃശ്ശൂര്‍ ചാവക്കാട് ബസില്‍ നിന്ന് തെറിച്ചുവീണ് ഗര്‍ഭിണിക്ക് പരിക്കേറ്റു. തേക്കാഞ്ചേരി പുഴങ്ങര ജലീലിന്റെ മകള്‍ ഇരുപതുകാരിയായ ഫാത്തിമക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം ഉണ്ടായത്.ഇവരെ ഉടന്‍തന്നെ ഗുരുതര പരിക്കുകളോടെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ കോഴിക്കോട് മേപ്പയ്യൂരില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു. എടത്തില്‍മുക്ക് പനോളി സമിലിന്റെയും അഞ്ജനയുടെയും മകള്‍ ധ്രുവയാണ് മരിച്ചത്. പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു മരണം.
◾ പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടാനുള്ള മോദി സര്‍ക്കാരിന്റെ ആലോചനകള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം. അജണ്ട എന്താണെന്നും എന്നു മുതല്‍ എത്ര ദിവസം സമ്മേളനം നടത്താന്‍ ഉദ്ദേശിക്കുന്നെന്നും സര്‍വകക്ഷി യോഗത്തില്‍ അറിയിക്കണമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടത്.
◾ ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ബിജെപി നീക്കത്തില്‍ എതിര്‍പ്പ് തുടര്‍ന്ന് ജെഡിയുവും ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടിയും. എന്‍ഡിഎക്കുള്ളില്‍ ചര്‍ച്ച വേണമെന്ന നിലപാടില്‍ രണ്ടു കക്ഷികളും ഉറച്ചു നില്‍ക്കുകയാണ്. അതേസമയം ഏക സിവില്‍ കോഡിനോടുള്ള നയം തെലുങ്കുദേശം മയപ്പെടുത്തി. വളഞ്ഞ വഴിയിലൂടെയല്ല പാര്‍ലമെന്റിലാണ് ഈ കാര്യം ചര്‍ച്ചയാക്കേണ്ടതെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള പറഞ്ഞു.
◾ കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് 2024-ലെ ദാദാസാഹേബ് ഫാല്‍ക്കെപുരസ്‌കാരം. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 1987-ല്‍ പുറത്തിറങ്ങിയ സ്വാതി തിരുനാള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അനന്ത് നാഗ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
◾ ഡോക്യുമെന്ററി, ഹ്രസ്വചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 18 ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രമുഖ അനിമേഷന്‍ ചലച്ചിത്രകാരി നിനാ സബ്‌നാനിക്ക് സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം പ്രമാണിച്ച് ബിജെപിയുടെ സേവാ സങ്കല്‍പ് അഭിയാന് ഇന്നു തുടക്കം. ഒക്ടോബര്‍ 17 വരെ സേവന, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ നടത്തും. ഇന്നു വൈകുന്നേരം ഏഴിന് വീടുകളില്‍ 'ആശീര്‍വാദ് കാ ദിയ' ദീപം തെളിക്കും.
◾ 'ആദിവാസി സ്‌കൂള്‍ ടീക് കരോ' ക്യാമ്പയിനുമായി ക്രോകോച്ച് ജനതാ പാര്‍ട്ടി. നാഗ്പൂരില്‍ സിജെപി കണ്‍വീനര്‍ അഭിജീത് ദീപ്കെയാണ് ക്യാമ്പയിന്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ ട്രൈബല്‍ സ്‌കൂളുകള്‍ സിജെപി പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുമെന്നും പ്രശ്നങ്ങള്‍ തുറന്നു കാട്ടാന്‍ ഇടപെടുമെന്നും അഭിജീത് ദീപ്കെ പറഞ്ഞു.
◾ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും സ്‌കൂളുകളിലേക്കും ബോംബ് ഭീഷണി സന്ദേശമയക്കുന്ന അന്തര്‍ സംസ്ഥാന സംഘത്തെ ഗുജറാത്ത് പൊലീസ് പിടികൂടി. ഗുജറാത്ത് സെക്രട്ടറിയേറ്റിലേക്കെത്തിയ ഭീഷണി സന്ദേശത്തെ തുടര്‍ന്നുളള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
◾ സര്‍ക്കാര്‍ ക്ലിനിക്കിലെ ജോലിക്ക് ശമ്പളം വാങ്ങുകയും എന്നാല്‍ ജോലിക്ക് ഹാജരാകാതെ പിജി പഠനം നടത്തുകയും ചെയ്ത വനിതാ ഡോക്ടറെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി. കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയായ ഉമേഷ് മേട്ടിയുടെ ബന്ധു കൂടിയായ ഡോ. അങ്കിത യാറഗലിനെയാണ് മെഡിക്കല്‍ ഓഫീസറുടെ ചുമതലയില്‍നിന്ന് ഒഴിവാക്കിയത്.
◾ കൃഷ്ണ നഗറില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ വീണ്ടും മുട്ടയേറും കയ്യേറ്റശ്രമവും നടന്നു. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആരോപിച്ച മഹുവ, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ദീപാങ്കര്‍ ദത്തക്കെതിരെ രൂക്ഷവിമര്‍ശനം നടത്തി.
◾ നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജര്‍ ദിശ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥയെ നിയോഗിച്ചു. ഡല്‍ഹി സിബിഐ ആസ്ഥാനത്തെ സ്പെഷ്യല്‍ ക്രൈം യൂണിറ്റിലെ എസ്പിയായ സീമ പഹുജയുടെ നേതൃത്വത്തിലായിരിക്കും സിബിഐ കേസില്‍ അന്വേഷണം നടത്തുക
◾ ബെലഗാവിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ സൈനികനെയും മകളെയും ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. അവരാദി ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളില്‍ വച്ചാണ് രുദ്രപ്പയും മകള്‍ ശശികലയും ദാരുണമായി കൊല്ലപ്പെട്ടത്
◾ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷഹ്സാദ് ഭട്ടി സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ആയുധങ്ങളും ലഹരിമരുന്നുകളും കടത്തുന്നതിലും യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിലും ഇവര്‍ സജീവമായിരുന്നു
◾ പാകിസ്ഥാന്‍ - ചൈന അതിര്‍ത്തി കമ്മീഷന്‍ യോഗം ചേര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളില്‍ കടുത്ത പ്രതികരണവുമായി ഇന്ത്യ. ചൈന - പാകിസ്ഥാന്‍ അതിര്‍ത്തി കമ്മീഷന് ഒരു നിയമസാധുതയുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
◾ യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചു. കേന്ദ്ര ബെഞ്ച്മാര്‍ക്ക് പലിശ നിരക്കുകളില്‍ 0.25 ശതമാനം വര്‍ധിപ്പിച്ച് 3.75 ശതമാനം മുതല്‍ 4 ശതമാനം വരെയുള്ള പരിധിയിലാക്കി. ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി യുടേതാണ് തീരുമാനം. 2023 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് യുഎസ് കേന്ദ്രബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുന്നത്.
◾ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം വരെ തീരുവ ചുമത്താന്‍ ട്രംപ് ഒരുങ്ങുന്നു. ഇതിനായി ട്രംപിന് അധികാരം നല്‍കുന്ന ബില്‍ യുഎസ് ജനപ്രതിനിധി സഭയില്‍ ആദ്യ കടമ്പ കടന്നു. ബില്ലിന്മേലുള്ള അന്തിമ വോട്ടെടുപ്പ് ഇന്ന് നടക്കും.
◾ സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതിന്റെ ദൃശ്യങ്ങള്‍ യെമനിലെ ഹൂതി വിമതര്‍ പുറത്തുവിട്ടു. യെമനിലെ മാരിബ് പ്രവിശ്യയില്‍ തങ്ങളുടെ വ്യോമപ്രതിരോധ സേനയാണ് വിമാനം തകര്‍ത്തതെന്നാണ് ഹൂതികളുടെ അവകാശവാദം.
◾ സൗദി അറേബ്യയിലെ മക്ക ഉള്‍പ്പെടെയുള്ള നഗരങ്ങളെ ലക്ഷ്യമാക്കി ആക്രമണം ശക്തമാക്കി ഹൂതി വിമതര്‍. യെമനില്‍ സയ്ദി ഭരണകൂടം സ്ഥാപിക്കാനും അമേരിക്കന്‍-സൗദി സ്വാധീനം ഇല്ലാതാക്കാനുമാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
◾ മക്കയ്ക്ക് നേരെ നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കടുത്ത ഭാഷയില്‍ അപലപിച്ചു. പുണ്യസങ്കേതങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സൗദി അറേബ്യയ്ക്ക് പാകിസ്ഥാന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
◾ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി20 ടീമിലുണ്ട്. എന്നാല്‍, ഏകദിന ടീമില്‍ സഞ്ജു ഇല്ല. ജപ്പാനെതിരായ ട്വന്റി20 ടീമിലും ഏഷ്യന്‍ ഗെയിംസ് ടീമിലും സഞ്ജുവുണ്ട്. ശുഭ്മാന്‍ ഗില്‍ ആണ് ഏകദിന ടീമിന്റെ ക്യാപ്റ്റന്‍. കെ എല്‍ രാഹുല്‍ വൈസ് ക്യാപ്റ്റനും. രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയവര്‍ ഏകദിന ടീമിലുണ്ട്. ട്വന്റി20 ടീമിനെ ശ്രേയസ് അയ്യരാകും നയിക്കുക. തിലക് വര്‍മയാണ് വൈസ് ക്യാപ്റ്റന്‍.
◾ ഇപിഎഫ്ഒ വരിക്കാരുടെ നിര്‍ബന്ധിത പിഎഫ് ആനുകൂല്യത്തിനുള്ള വേതനപരിധി നിലവിലെ 15,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കി ഉയര്‍ത്തണമെന്ന തൊഴില്‍മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് അംഗീകാരമായി. ഏകദേശം 51 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എന്നാല്‍ സര്‍ക്കാര്‍ ചെലവ് 11, 339 കോടി രൂപയായി ഉയരും. 2004 മുതല്‍ 2014 വരെയുള്ള പത്തുവര്‍ഷ കാലയളവില്‍ വേതന പരിധിയില്‍ മാറ്റം വരുത്തിയിരുന്നില്ല. 2014 സെപ്റ്റംബറിലാണ് വേതന പരിധി 15,000 ആയി ഉയര്‍ത്തിയത്. നിലവില്‍ പ്രതിമാസം 15,000 രൂപയില്‍ കൂടുതല്‍ ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഒരു പുതിയ ജീവനക്കാരന്‍ ഇപിഎഫ്ഒ ചട്ടക്കൂടിന് കീഴില്‍ സ്വയമേവ ഉള്‍പ്പെടില്ല. അതിനാല്‍ ഇവര്‍ നിര്‍ബന്ധിത പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍, അനുബന്ധ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയ്ക്ക് പുറത്തായി നില്‍ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ പരിധി 25,000 ആയി ഉയര്‍ത്തുന്നതോടെ ശമ്പള വിഭാഗത്തിലുള്ള ഭൂരിഭാഗം ജീവനക്കാരും നിയമപരമായ സാമൂഹിക സുരക്ഷാ പരിധിയില്‍ വരും.
◾ സെമികണ്ടക്ടര്‍ മേഖലയില്‍ മുന്നേറാനൊരുങ്ങി ഇന്ത്യന്‍ കമ്പനികള്‍. രാജ്യത്തെ ഈ രംഗത്തുള്ള 281 ഫണ്ടഡ് കമ്പനികള്‍ക്ക് ഇതുവരെ മൊത്തം 1.4 ബില്യണ്‍ (140 കോടി) ഡോളറിന്റെ ഇക്വിറ്റി ഫണ്ടിങ് ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ മേഖലയില്‍ ഇന്ത്യയില്‍ ആകെ 3,557 കമ്പനികളാണുള്ളത്. ഇതില്‍ 281 ഫണ്ടഡ് കമ്പനികളാണ് ശ്രദ്ധേയമായ ഇക്വിറ്റി ഫണ്ടിങ് നേടിയിട്ടുള്ളത്. 2026-ല്‍ മാത്രം ഇതുവരെ ഈ മേഖലയില്‍ 228 മില്യണ്‍ ഡോളറിന്റെ ഫണ്ടിങ് രേഖപ്പെടുത്തി. 213 മില്യണ്‍ ഡോളര്‍ ഫണ്ടിങ് നേടിയ ടെസ്സോള്‍വ് സെമികണ്ടക്ടര്‍ ആണ് ഈ രംഗത്ത് മുന്നില്‍ നില്‍ക്കുന്നത്. 198 മില്യണ്‍ ഡോളറുമായി ഐഎല്‍ജെഐഎന്‍ ഇലക്ട്രോണിക്‌സും 129 ദശലക്ഷം ഡോളറുമായി വിവിഡിഎമ്മും തൊട്ടുപിന്നിലുണ്ട്. രാജ്യത്തെ 3,557 പ്രധാന സെമികണ്ടക്ടര്‍ കമ്പനികളില്‍ 626 എണ്ണവും ബെംഗളൂരുവിലാണുള്ളത്. ഇതുവരെ സമാഹരിച്ച മൊത്തം ഇക്വിറ്റി ഫണ്ടിങ്ങിന്റെ 40.1 ശതമാനവും ഇവിടുത്തെ കമ്പനികള്‍ക്കാണ്. ഫണ്ടിങ് വിഹിതത്തിന്റെ കാര്യത്തില്‍ നോയിഡ (16.4%), ഗുരുഗ്രാം (10.7%), കൊച്ചി (8.8%), ഹൈദരാബാദ് (6.2%) എന്നിവയാണ് തൊട്ടുപിന്നില്‍.
◾ സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന ചിത്രമായ 'ധൂമകേതു'വിലെ 'അനുരാഗ രൂപവതി' എന്ന് തുടങ്ങുന്ന ഗാനം പുറത്ത്. സജിനും നിഖിലയും ഒന്നിച്ചുള്ള കല്യാണ ദൃശ്യങ്ങളാണ് ഗാനരംഗത്തിലുള്ളത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അങ്കിത് മേനോനാണ് ഈണം നല്‍കിയിരിക്കുന്നത്. സിയ ഉള്‍ ഹഖും അങ്കിത് മേനോനും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. സെപ്റ്റംബര്‍ 25-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ഒരു കല്യാണത്തിന്റെ ദൃശ്യങ്ങളുമായി എത്തിയിരിക്കുന്ന ഗാനത്തിന് വേറിട്ട രീതിയിലുള്ള ഈണമാണ് നല്‍കിയിരിക്കുന്നത്. സജിന്‍ ഗോപു, നിഖില വിമല്‍, ഷൈന്‍ ടോം ചാക്കോ, ഗണപതി, സിദ്ധാര്‍ത്ഥ് ഭരതന്‍, മഞ്ജു പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, അബ്ബാസ് തിരുനാവായ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേര്‍ന്നാണ്.
◾ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1994 ല്‍ പുറത്തിറങ്ങിയ ചിത്രം 'തേന്മാവിന്‍ കൊമ്പത്ത്' റീ റിലീസ് ഒക്ടോബര്‍ ഒന്നിന്. 4കെ ദൃശ്യ മികവോടെയാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. മാറ്റിനി നൗ ആണ് ചിത്രം റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയറ്ററുകളിലെത്തിക്കുന്നത്. മോഹന്‍ലാല്‍, ശോഭന നെടുമുടി വേണു, ശ്രീനിവാസന്‍, പപ്പു എന്നിവര്‍ക്കു പുറമേ ശങ്കരാടി, ശരത് സക്സേന, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, ഗീത വിജയന്‍, നന്ദു, കെ ആര്‍ വത്സല, ഖദീജ എന്നിവരും പ്രധാന താരങ്ങളാണ്. ബേണി- ഇഗ്നേഷ്യസ്സാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ഗാനങ്ങള്‍. എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര, സുജാത എന്നിവരാണു ഗായകര്‍.
◾ ഇലക്ട്രിക് വാഹനമായ പിവി7 ആഗോളതലത്തില്‍ അവതരിപ്പിച്ച് കിയ. പാസഞ്ചര്‍, കാര്‍ഗോ പതിപ്പുകളില്‍ ഈ വാഹനം ലഭ്യമാകും. കിയ തങ്ങളുടെ ബിയോണ്ട് വെഹിക്കിള്‍ പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ച രണ്ടാമത്തെ മോഡലാണിത്. പിവി7 പാസഞ്ചര്‍ യാത്രക്കാരുടെ സൗകര്യത്തിനും ദൂരയാത്രകള്‍ക്കും പ്രാധാന്യം നല്‍കുമ്പോള്‍, പിവി7 കാര്‍ഗോ വാണിജ്യ ഉപയോക്താക്കള്‍ക്കുവേണ്ടി ഭാരം വഹിക്കാനുള്ള ശേഷിക്കും പ്രായോഗികതയ്ക്കുമാണ് മുന്‍ഗണന നല്‍കുന്നത്. 71.5 കിലോവാട്ട്അവര്‍, 96.2 കിലോവാട്ട്അവര്‍ എന്‍സിഎം ബാറ്ററി പായ്ക്കുകളില്‍ പിവി7 ലഭ്യമാണ്. ഇത് ഫ്രണ്ട്-വീല്‍-ഡ്രൈവ് സെറ്റപ്പ് വഴി 200 കിലോവാട്ട് വരെ കരുത്തും 420 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പിവി7 കാര്‍ഗോ 2, 3 സീറ്റ് ലേഔട്ടുകളില്‍ ഇത് ലഭ്യമാണ്. പിവി7 പാസഞ്ചര്‍ ആഗോളതലത്തില്‍ ഒമ്പത് യാത്രക്കാര്‍ക്കും (കൊറിയയില്‍ 11 പേര്‍ക്കും) ഇതില്‍ ഇരിക്കാം.
◾ ഇരുപതാം നൂറ്റാണ്ടിലെ സമുന്നത രാഷ്ട്രീയ ചിന്തകരിലൊരാളായ ബി.ആര്‍. അംബേദ്കറുടെ ചിന്തയിലെ കേന്ദ്രസങ്കല്പനങ്ങളായ ജനാധിപത്യം, ജാതിനിര്‍മ്മൂലനം, ഭരണഘടനാപരമായ ധാര്‍മ്മികത, മൈത്രി തുടങ്ങിയവയെ അഭിസംബോധന ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. ജനാധിപത്യം എന്ന ആശയം മുതല്‍ ഭരണകൂട സങ്കല്പംവരെയുള്ള മേഖലകളില്‍ അംബേദ്കര്‍ നടത്തിയ ഇടപെടലുകളെയും അവയുടെ മൗലിക പ്രാധാന്യത്തെയും ഈ പുസ്തകം ആഴത്തില്‍ വിശകലനം ചെയ്യുന്നു. അതോടൊപ്പം, മാര്‍ക്‌സ്, ഗാന്ധി എന്നിവരുടെ ആശയലോകവും അംബേദ്കറുടെ ചിന്തയും തമ്മിലുള്ള സംവാദസാധ്യതകളെക്കൂടി ഈ കൃതി അന്വേഷണവിധേയമാക്കുന്നു. 'മൈത്രി - പടവുകള്‍ പാഠങ്ങള്‍'. സുനില്‍ പി ഇളയിടം. ഡിസി ബുക്സ്. വില 342 രൂപ.
◾ രാത്രി ഉറക്കത്തിന്റെ സമയത്ത് അമിതമായ വെളിച്ചമേല്‍ക്കുന്നത് ഹൃദയത്തിന്റെ ഘടനയെയും പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുമെന്ന് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയിലെ ടുലേന്‍ സര്‍വകലാശാലയിലെ ഡോ. ലു ക്വീയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് പഠനം നടത്തിയത്. യുകെ ബയോബാങ്കില്‍ എന്‍ റോള്‍ ചെയ്ത 11071 പേരുടെ ഡേറ്റ ഇതിനായി ഉപയോഗപ്പെടുത്തി. പഠനത്തിന്റെ ആരംഭത്തില്‍ ഇവര്‍ക്ക് ആര്‍ക്കും തന്നെ ഹൃദ്രോഗം ഉണ്ടായിരുന്നില്ല. രാത്രി ഉറങ്ങുമ്പോള്‍ വെളിച്ചം ഏല്‍ക്കേണ്ടി വരാത്തവരുടെയും ഇവരെ അപേക്ഷിച്ച് കുറഞ്ഞത് മൂന്ന് ലക്‌സ് അധികം വെളിച്ചം ഏല്‍ക്കേണ്ടി വന്നവരുടെയും ഡേറ്റ ഗവേഷകര്‍ താരതമ്യം ചെയ്തു. രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവരുടെ ഹൃദയത്തിന് സൂക്ഷ്മമായതും എന്നാല്‍ അളക്കാവുന്നതുമായ നാശം ഉണ്ടായതായി ഗവേഷകര്‍ നിരീക്ഷിച്ചു. പത്ത് വര്‍ഷം കഴിഞ്ഞ് വീണ്ടും ഇവരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ കൂടുതല്‍ വെളിച്ചം അടിച്ച ഗ്രൂപ്പിന്റെ ഹൃദയാഘാത സാധ്യത 24 ശതമാനവും പക്ഷാഘാത സാധ്യത 33 ശതമാനവും അധികരിച്ചിരിക്കുന്നതായി കണ്ടെത്തി. ഹൃദയപേശികള്‍ ദുര്‍ബലമാകാനുള്ള സാധ്യതയും ഇവരില്‍ 29 ശതമാനം കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. രാത്രിയിലെ വെളിച്ചം ശരീരത്തിന്റെ സിര്‍കാഡിയന്‍ റിഥത്തെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് പ്രധാന പ്രശ്‌നം.
*ശുഭദിനം*
*കവിത കണ്ണന്‍*
ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച അയാളെ ക്ഷുഭിതനാക്കി. അയല്‍പക്കത്തെ പശു തന്റെ വിളകളെല്ലാം തിന്നിരിക്കുന്നു. അയല്‍ക്കാരന്റെ മര്യാദകേടിനെക്കുറിച്ച് രാവിലെ എങ്ങിനെ സംസാരിക്കണം എന്നായിരുന്നു അന്ന് രാത്രി മുഴുവന്‍ അയാള്‍ ചിന്തിച്ചത്. നേരം വെളുത്ത് വീടിന് പിന്‍വശത്തെത്തിയപ്പോഴാണ് തന്റെ ഗേറ്റ് തുറന്ന് കിടക്കുന്നത് അയാള്‍ കണ്ടത്. ഗേറ്റടക്കാന്‍ മറന്നതുകൊണ്ടാണ് അത് വഴി പശു അകത്ത് കയറിയതെന്ന് അയാള്‍ക്ക് ബോധ്യമായി. അടിസ്ഥാനപ്ര്ശനങ്ങളിലേക്ക് കടന്നുചെല്ലുന്നതിന് മുമ്പ് ആദ്യം വേണ്ടത് ആത്മപരിശോധയാണ്. പ്രതിസന്ധികളിലകപ്പെടുമ്പോള്‍ നാം ആദ്യം ചെയ്യുക കുറ്റം മറ്റൊരിലെങ്കിലും പഴിചാരാന്‍ ശ്രമിക്കും, അല്ലെങ്കില്‍ വൈകാരിക ഇടപെടല്‍ നടത്തി കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിച്ചേരും. തനിക്ക് തിരുത്താന്‍ എന്തെങ്കിലുമുണ്ടോ എന്ന് ആദ്യമേ ചിന്തച്ചാല്‍ അവിടെ പകുതി പരിഹാരമായി. അടിയന്തിരമായി ഇടപെടല്‍ ആവശ്യമില്ലെങ്കില്‍ ഒരവലോകനത്തിന് ശേഷം തീരുമാനങ്ങള്‍ എടുക്കുന്നതാകും ഉചിതം. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? അതിനുളള കാരണങ്ങള്‍ എന്തൊക്കെയാണ്? എന്തൊക്കെ പരിഹാരസാധ്യതകളുണ്ട്? ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ എന്തൊക്കെ ചെയ്യാം? ഇത്തരം ചിന്തകള്‍ തീരുമാനങ്ങളെ കൂടുതല്‍ ഫലവത്താക്കും - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA