2026 സെപ്റ്റംബര്‍ 16 | ബുധന്‍
1202 ചിങ്ങം 31 | വിശാഖം
1448 റ: ആഖിർ 4
◾ തെറ്റുതിരുത്തുമെന്ന പ്രഖ്യാപനവുമായി സിപിഎം. നേതാക്കള്‍ തിരുത്തുമെന്നും ജനം അംഗീകരിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് സിപിഎം വിപുലീകൃത സംസ്ഥാന സമ്മേളനം സമാപിച്ചു. പാര്‍ട്ടി നേതാക്കളുടെ വരവില്‍ കവിഞ്ഞ സ്വത്തും ബെനാമി ഇടപാടുകളും പരിശോധിക്കും. നവംബറില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സ്വത്തുവിവരങ്ങള്‍ ഓഡിറ്റ് ചെയ്യും. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പരിശോധന ജില്ലാ നേതാക്കളിലേക്കും വ്യാപിപ്പിക്കും. സഹകരണ മേഖലയിലും ശക്തമായ നടപടി ഉണ്ടാകും. എല്ലാ വര്‍ഗ്ഗ ബഹുജന സംഘടനകളിലും യൂണിറ്റ് തലം മുതല്‍ കുറഞ്ഞത് ഒരു ഭാരവാഹിയെങ്കിലും വനിതയായിരിക്കണമെന്നും നിര്‍ബന്ധമാക്കി.
◾ ഇ എം എസ്, വി എസ് അച്യുതാന്ദന്‍, നായനാര്‍ തുടങ്ങിയ മുന്‍നിര നേതാക്കള്‍ തെറ്റുകള്‍ തിരുത്തിയാണ് മുന്നോട്ട് പോയിട്ടുള്ളതെന്നും, താനും പിണറായി വിജയനും ഉള്‍പ്പെടെയുള്ളവര്‍ക്ക് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ സ്വയം തിരുത്തുമെന്നും ജനറല്‍ സെക്രട്ടറി എം എ ബേബി. തെറ്റുതിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി ചേരാനിരിക്കുന്ന വിശാല ജില്ലാ സമിതി യോഗങ്ങളില്‍ കുറഞ്ഞത് മൂന്ന് പി ബി അംഗങ്ങളും എട്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളും വീതം പങ്കെടുക്കണമെന്നാണു തീരുമാനം.
◾ എല്ലാ വഴിയിലൂടെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ആക്രമിക്കുകയാണെന്നു പിണറായി വിജയന്‍. പൗരത്വം പോലും മതാടിസ്ഥാനത്തിലാക്കുകയാണ്. കേരളം മാത്രമാണ് ഈ നീക്കത്തെ പ്രതിരോധിച്ചത്. കാരണം ഇവിടെ എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. ആര്‍എസ്എസ് അജണ്ടയ്ക്കനുസരിച്ച് പോകണമെന്നാണ് യുഡിഎഫ് നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നെങ്കില്‍ ഇതുണ്ടാകുമായിരുന്നോയെന്നും പിണറായി ചോദിച്ചു.
◾ വര്‍ഗീയ ശക്തികള്‍ക്കെതിരെയും എന്‍ഫോഴ്സ്മെന്റിനെതിരെയും ശക്തമായ പോരാട്ടത്തിനും പ്രചാരണങ്ങള്‍ക്കും നേതൃത്വം നല്‍കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കോഴിക്കോട് ചേര്‍ന്ന സി പി എം സമ്മേളനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെയും വിശാല സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നുവെന്നു സമ്മതിച്ച ഗോവിന്ദന്‍, സമിതി തന്നെ ശാസിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ചില്ല.
◾ രാജ്യത്ത് 2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകള്‍ക്ക് 0.4 ശതമാനം വരെ ഫീസ് ചുമത്തി. ഒരു ഇടപാടില്‍ പരമാവധി 300 രൂപ വരെയായിരിക്കും ഈടാക്കാവുന്ന ഫീസ്. ഈ തുക ഉപഭോക്താക്കളില്‍ നിന്ന് നേരിട്ട് ഈടാക്കുന്നതിന് പകരം വ്യാപാരികളില്‍ നിന്നായിരിക്കും ഈടാക്കുക. വ്യക്തികള്‍ തമ്മിലെ ഇടപാടിനും റൂപേ കാര്‍ഡ് ഇടപാടിനും ഫീസില്ല.
◾ ആസൂത്രണബോര്‍ഡ് പരീക്ഷകളുടെ ചുരുക്കപ്പട്ടിക പി എസ് സി പുതുക്കി പ്രസിദ്ധീകരിച്ചു. നേരത്തെ പരിശോധിക്കാതെ വിട്ട 10 ഉത്തരങ്ങളടക്കം പുനര്‍മൂല്യനിര്‍ണയം നടത്തിയാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. രണ്ട് പരീക്ഷകളുടെയും ചുരുക്കപ്പട്ടികളിലും മാറ്റമുണ്ട്. ഇടതു നേതാവിനെ ഒന്നാം റാങ്കുകാരനാക്കി നിയമനം നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയും പിഎസ് സി മെമ്പര്‍മാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തതോടെയാണ് റാങ്ക് ലിസ്റ്റ് മാറ്റിയത്.
◾ നിയമസഭ കൈയാങ്കളി കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. ഇന്നു കേസ് പരിഗണിക്കുമ്പോള്‍ അഡ്വ സന്തോഷ് കുമാര്‍ ഹാജരാകും. ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസിലും സന്തോഷ് കുമാറാണ് പബ്ലിക് പ്രോസിക്യൂട്ടര്‍. കെ എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണ വേളയില്‍ നിയമസഭ തടസ്സപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ചെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരായ കേസ്. മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്.
◾ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പിഎച്ച്ഡി ബിരുദ പ്രബന്ധം പരിശോധിക്കാന്‍ കേരള സര്‍വ്വകലാശാല പ്രത്യേക സമിതിയെ നിയോഗിച്ചു. നാലംഗ ഉപസമിതിയെ ആണ് സിന്‍ഡിക്കേറ്റ് നിയോഗിച്ചത്.
◾ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയെ സമീപിച്ചു. കരാറുകള്‍ റദ്ദാക്കിയതോടെ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭിക്കാത്തത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയെന്നും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇതുവരെ 12,570 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും 2024- 25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 748.20 കോടി രൂപയുടെ നഷ്ടം നേരിട്ടെന്നും കേരളം വ്യക്തമാക്കി.
◾ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേരളത്തിന് ഹിമാചല്‍ പ്രദേശില്‍നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും. കെ സി വേണുഗാപാല്‍ എംപി ഇടപെട്ടാണ് ഹിമാചല്‍ സര്‍ക്കാര്‍ വൈദ്യുതി തരാന്‍ തീരുമാനിച്ചത്.
◾ കരുവാറ്റ കൊലപാതകത്തില്‍ പ്രതികളായ കുട്ടികളെ തെളിവെടുപ്പിനു കൊണ്ടുപോകാന്‍ അനുമതി നല്‍കിയ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തരവ് ഹൈക്കോടതി ശരിവച്ചു. പൊതു ഇടങ്ങളില്‍ തെളിവെടുപ്പ് നടത്തുന്നതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കി തെളിവെടുപ്പ് നടത്താമെന്ന് കോടതി വ്യക്തമാക്കി.
◾ അമേരിക്കയിലേക്കു പോയതു സര്‍ക്കാര്‍ ചെലവിലല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുഹൃത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് അമേരിക്കയിലെ ഷിക്കാഗോയില്‍ എത്തിയതെന്നും ചെന്നിത്തല.
◾ മദ്യനയ രൂപീകരണത്തിന് യുഡിഎഫ് സര്‍ക്കാര്‍ പൊതുജനങ്ങളുടെയും അഭിപ്രായം തേടും. min.co.ex@kerala.gov.in എന്ന ഇ-മെയില്‍ മുഖേന പൊതുജനങ്ങള്‍ക്ക് മന്ത്രിയെ അഭിപ്രായമറിയിക്കാം. മദ്യനയ ചര്‍ച്ചകള്‍ ഈ മാസം 23ന് തിരുവനന്തപുരത്ത് തുടങ്ങും. 28 വരെയാണ് ചര്‍ച്ച.
◾ പരീക്ഷ ഭവനില്‍ മിന്നല്‍ പരിശോധന നടത്തിയ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ പരീക്ഷ ഭവനിലെ ലാന്റ് ഫോണ്‍ പ്രവര്‍ത്തിക്കാത്തത് മനസിലാക്കിയതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി.
◾ കേരളത്തിലെ അതിവേഗ റെയില്‍ പദ്ധതിക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുമെന്നാണ് പ്രതീക്ഷയെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. സര്‍ക്കാര്‍ നടപടികള്‍ക്ക് കാലതാമസമുണ്ടാവുക സ്വാഭാവികമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും അതിന് ഘടകമാകാം. വന്ദേഭാരതിലെ തിരക്ക് കാണുമ്പോള്‍ അറിയാം കേരളത്തിന് അതിവേഗ റെയില്‍ അത്യാവശ്യമാണെന്ന്. ശ്രീധരന്‍ പറഞ്ഞു. അങ്കമാലിയില്‍ എഞ്ചിനീയേഴ്സ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ കൊല്ലം കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ വയോധികനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് പരാതി. പെരിനാട് ഇടവട്ടത്തു ചേരിയില്‍ അപ്പുക്കുട്ടന്‍പിള്ളയെ ചെരുപ്പൂരി അടിക്കാന്‍ ശ്രമിച്ചെന്നും ചീത്തവിളിച്ചെന്നുമാണ് പരാതി.
◾ പന്തീരാങ്കാവ് ടോള്‍ ബൂത്തില്‍ ടോള്‍ നല്‍കാതെ പോകാന്‍ ശ്രമിച്ച കാര്‍ തടഞ്ഞ ജീവനക്കാരന് നേരെ ക്രൂര മര്‍ദ്ദനം. ഡല്‍ഹി രജിസ്ട്രേഷന്‍ കാറിലെത്തിയ അക്രമി, ജീവനക്കാരനെ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് തള്ളിയിടാനും ശ്രമിച്ചു. സംഭവത്തില്‍ പന്തീരങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു
◾ സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. തമ്മാനിമറ്റം ചിറമ്പാട്ട് ഏബല്‍ സിജു (16)വിന്റെ മരണകാരണം അധ്യാപകരുടെ പീഡനമാണെന്ന് സഹപാഠികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.
◾ പാലക്കാട് ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി കാരണം തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. സെപ്റ്റംബര്‍ 17, 30 തീയതികളിലാണ് ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയത്.
◾ പാര്‍ട്ട് ടൈം വര്‍ക്ക് ഫ്രം ഹോം ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി യുവതിയുടെ പരാതി. വരവൂര്‍ സ്വദേശിനിയായ യുവതിയാണ് പാര്‍ട്ട് ടൈം വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത 3,12,568 രൂപ തട്ടിയെടുത്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചെറുതുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.
◾ തൃശൂര്‍ ചാവക്കാട് മണത്തല ബ്ലോക്ക് ഓഫീസിനടുത്ത് ആള്‍ താമസമില്ലാത്ത വീട്ടില്‍ ഒരാഴ്ചയോളം താമസിച്ച് മോഷണ ശ്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. അസം, ദിബ്രുഗഡ് നഹര്‍കട്ടിയ സ്വദേശി രാധേശ്യാം ഗര്‍ഹ് ആണ് പിടിയിലായത്.
◾ പാലാ നഗരസഭയില്‍ എല്‍ഡിഎഫ് - യുഡിഎഫ് വിമതസഖ്യത്തില്‍ ബിജു മാത്യൂസ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിയാകും. ടോണി തൈപ്പറമ്പില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി തുടരും. ഇന്നാണ് തെരഞ്ഞെടുപ്പ്.
◾ ആലുവ റെയില്‍വേ സ്റ്റേഷനു സമീപം യുവാവിനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. മഞ്ഞപ്പെട്ടി സ്വദേശി സനല്‍ചന്ദ്രന്‍, തിരുവനന്തപുരം സ്വദേശി സജാദ് ഷാജഹാന്‍, നെടുമ്പാശ്ശേരി സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂര്‍ കോടനാട് സ്വദേശി ജോഫിന്‍ ജിജു ആണ് ആക്രമണത്തിനിരയായത്
◾ വരള്‍ച്ച കാരണം കര്‍ണാടകയില്‍ ജലക്ഷാമവും വൈദ്യുതപ്രതിസന്ധിയും നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ജനങ്ങള്‍ മാനസികമായി തയ്യാറെടുക്കണമെന്നും വരള്‍ച്ചാ സാഹചര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ സിജെപി സമരത്തിനിടെ വിദ്യാര്‍ഥിനിയുടെ അച്ഛനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ തീവ്ര ഹിന്ദുസംഘടനാ പ്രവര്‍ത്തകന്‍ സ്വതന്ത്ര ഭരദ്വാജിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ കോടതിയാണ് പ്രതിക്ക് മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.
◾ ഹരിയാനയിലെ ഗുരുഗ്രാമില്‍ ബൈക്ക് റൈഡറായ യുവതിയെ കാറിടിപ്പിച്ച് വീഴ്ത്തിയ പ്രതി കല്യാണ്‍ ബൈന്‍ഡ്സ്ലേയെ രാജസ്ഥാനില്‍ പൊലീസ് അറസ്റ്റു ചെയ്തു. സ്പോര്‍ട്സ് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സിയ എന്ന യുവതിയെ ആണ് കാറിടിച്ച് വീഴ്ത്തിയത്.
◾ മറാത്ത സമുദായത്തിന് ഒ ബി സി വിഭാഗത്തില്‍ സംവരണം ആവശ്യപ്പെട്ട് മനോജ് ജാരംഗേ പാട്ടീലിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം മുംബൈയിലേക്ക് നീങ്ങുന്നു. ആസാദ് മൈതാനത്ത് നിരാഹാര സമരം നടത്താനാണ് നീക്കമെങ്കിലും ഗണോശോത്സവം ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചു
◾ ഉമര്‍ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററിക്കെതിരായ എബിവിപി പ്രതിഷേധം തള്ളി കോണ്‍ഗ്രസ് നേതാവ് രംഗത്ത്. ഉമര്‍ ഖാലിദ് ദേശസ്നേഹി ആണെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി കെ ഹരിപ്രസാദ് പറഞ്ഞു. എബിവിപിക്ക് ഉമര്‍ ഖാലിദിനെക്കുറിച്ച് സംസാരിക്കാന്‍ യാതൊരു അവകാശവുമില്ലെന്നും ബി കെ ഹരിപ്രസാദ് വ്യക്തമാക്കി.
◾ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സബ് വേ മെട്രോ റെയില്‍വേ ട്രാക്കില്‍ ഇരിക്കുകയായിരുന്ന ഇന്ത്യന്‍ വംശജയായ യുവതിയും സുഹൃത്തും ട്രെയിന്‍ ഇടിച്ച് മരിച്ചു. ന്യൂജേഴ്‌സി സ്വദേശികളായ മലൈക ചിത്രെ (24), നെപ്പാളി വംശജനായ സുഹൃത്ത് നവം കൗള്‍ (24) എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
◾ സൗദി അറേബ്യയിലെ റിയാദിലെ ഏറ്റവും പഴക്കമുള്ള പത്രങ്ങളിലൊന്നായ 'അല്‍ റിയാദ്' ദിനപത്രവും സൗദിയിലെ മാധ്യമചരിത്രത്തിന് അടിത്തറയിട്ട 'അല്‍ യമാമ' മാസികയും അച്ചടി അവസാനിപ്പിച്ചു.
◾ ഇറാനിലെ വിവിധ ജയിലുകളിലായി എട്ട് സ്ത്രീകള്‍ വധശിക്ഷാ ഭീഷണി നേരിടുന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരിയിലെ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് നാലുപേര്‍ക്ക് ശിക്ഷ വിധിച്ചത്, ഇതില്‍ രണ്ടുപേരുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു.
◾ കൊടുംഭീകരനും ജെയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കുള്ള പ്രതിഫലത്തുക ഉയര്‍ത്തിയ പാകിസ്ഥാനെ പരിഹസിച്ച് ഇന്ത്യ. പാകിസ്ഥാന്റേത് വെറും ഗിമ്മിക്കാണെന്നും പൊള്ളയായ പ്രഖ്യാപനമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞു.
◾ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന നാളെ വൈകുന്നേരം ആറിന് തിരുവനന്തപുരത്ത് ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.
◾ അഫ്ഗാനിസ്താനെതിരായ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 22 പന്തില്‍ 57 റണ്‍സെടുത്ത സഞ്ജു സാംസണിന്റ കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 പന്ത് ശേഷിക്കെ വിജയം കണ്ടു. ഇതോടെ മൂന്ന് ട്വന്റി 20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. മൂന്നാം ട്വന്റി 20 മത്സരം നാളെ നടക്കും.
◾ പ്രമുഖ ബിസിനസ് മാഗസിനായ ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പുറത്തുവിട്ട 2026-ലെ ടോപ്പ് ഹെല്‍ത്ത്‌കെയര്‍ ലീഡേഴ്‌സ് പട്ടികയില്‍ മികച്ച നേട്ടം കൊയ്ത് മലയാളി സംരംഭകരും എക്‌സിക്യൂട്ടീവുകളും. സ്ഥാപകരുടെ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്താണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ ആസാദ് മൂപ്പന്‍. പട്ടികയില്‍ നാലാം സ്ഥാനത്താണ് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ഫൗണ്ടറും ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലില്‍. അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനും പ്രസിഡന്റുമായ മുഹമ്മദ് ആലുങ്ങല്‍ പട്ടികയില്‍ 40-ാം സ്ഥാനത്താണ്. 33 ഹോള്‍ഡിങ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് മിയാന്‍ദാദ് വി.പി 42-ാം സ്ഥാനത്തുണ്ട്. ഡോ. സണ്ണി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ഫൗണ്ടറും ചെയര്‍മാനുമായ ഡോ. സണ്ണി കുര്യനാണ് 43-ാം സ്ഥാനത്ത്. ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്‌സിന്റെ യുഎഇ, ഒമാന്‍, ബഹ്‌റൈന്‍ മേഖലകളിലെ ഗ്രൂപ്പ് സിഇഒ ഷെര്‍ബാസ് ബിച്ചു 17-ാം സ്ഥാനത്താണ്. മെഡ്‌കെയര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് മെഡിക്കല്‍ സെന്റേഴ്‌സ് ഗ്രൂപ്പ് സിഇഒ ഷാനില ലൈജു 64-ാം സ്ഥാനത്തും ഇടംപിടിച്ചു.
◾ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികള്‍, പുതിയ സാങ്കേതികവിദ്യകളുടെ വികസന വേഗത മനഃപൂര്‍വ്വം കുറയ്ക്കണമെന്ന് ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോദേയ് ആവശ്യപ്പെട്ടതിന് പിന്നാലെ ഇതിന് പിന്തുണയുമായി എ.ഐ സെക്ടറിലെ വമ്പന്മാരായ ഇലോണ്‍ മസ്‌ക്, സാം ആള്‍ട്ട്മാന്‍, ഡെമിസ് ഹസ്സാബിസ് എന്നിവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള 48 മണിക്കൂറില്‍ ആഗോള സാമ്പത്തിക വിപണികളും വന്‍ ശക്തികളും ഈ നിര്‍ദ്ദേശത്തെ പൂര്‍ണമായി തള്ളിക്കളയുകയാണ് ഉണ്ടായത്. യു.എസും ചൈനയും എ.ഐ വേഗത കുറയ്ക്കില്ലെന്ന് ഒരുപോലെ വ്യക്തമാക്കി. എ.ഐ രംഗത്ത് ആര് ജയിക്കുന്നുവോ അവരായിരിക്കും ലോകം ഭരിക്കുകയെന്ന നിലപാടാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചത്. ഭയപ്പെടുത്തലുകള്‍ തള്ളിക്കളഞ്ഞ ചൈനീസ് വിദേശകാര്യ മന്ത്രാലയം, ഇത് ചൈനീസ് എ.ഐ വികസനത്തെ തടയാനുള്ള പാശ്ചാത്യ തന്ത്രമാണെന്ന് ആരോപിച്ചു. വികസന വേഗത കുറയുമോ എന്ന ആശങ്കയില്‍ പ്രധാന ചിപ്പ് ഓഹരികളുടെ വ്യാപാരത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
◾ നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' ചിത്രത്തില്‍, രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയുമാണ് എത്തുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. 'ജയ് ജയ് ശ്രീറാം' എന്ന ഗാനം ആലപിച്ചിരിക്കുന്നത് അര്‍ജിത് സിങ്ങും ശ്രേയ ഘോഷാലും ചേര്‍ന്നാണ്. എ.ആര്‍ റഹ്‌മാനാണ് ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത്. രണ്‍ബീറും സായ് പല്ലവിയുമാണ് ഗാനരംഗത്തില്‍ പ്രധാനമായുമുള്ളത്. എന്നാല്‍ ചിത്രത്തിന്റെ ട്രെയ്‌ലറിനടക്കം വലിയതോതില്‍ വിമര്‍ശനങ്ങള്‍ നേരിട്ടപ്പോള്‍ ചിത്രത്തിലെ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പാട്ടിനൊപ്പം തന്നെ വിഎഫ്എക്സിനെയും ഭൂരിഭാഗം പേരും പ്രശംസിച്ചിട്ടുണ്ട്. 'രാമായണ'യുടെ ആദ്യ ഭാഗം ദീപാവലി റിലീസായാണ് എത്തുന്നത്. ചിത്രത്തില്‍ രാവണനായി എത്തുന്നത് യഷ് ആണ്. ലക്ഷ്മണനായി രവി ദുബെ വേഷമിടുമ്പോള്‍ ഹനുമാന്റെ വേഷം ചെയ്യുന്നത് സണ്ണി ഡിയോള്‍ ആണ്. നടി ശോഭന കൈകേയി ആയും വേഷമിടുന്നു.
◾ 'ബ്ലാക്ക് ഫോറസ്റ്റ് ', 'അങ്ങു ദൂരെ ഒരു ദേശത്ത് 'എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ജോഷി മാത്യുവും നിര്‍മ്മാതാവ് ബേബി മാത്യു സോമതീരവും വീണ്ടും ഒരിക്കല്‍ കൂടി ഒന്നിക്കുന്ന 'ദൈവത്താന്‍ കുന്ന് 'എന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. കാലാകാലങ്ങളായി മനുഷ്യന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന, വിശ്വസിച്ചു വരുന്ന ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയാണ് ഈ സിനിമ ദൃശ്യവല്‍ക്കരിക്കുന്നത്. പൈതൃകമായ സ്വത്തുക്കളും നാട്ടറിവുകളും സംരക്ഷിക്കേണ്ടത് എങ്ങിനെയെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന ഒരു ചിത്രം കൂടിയാണിത്. ദിനേശ് പ്രഭാകര്‍ നായകനാവുന്ന ചിത്രത്തില്‍ സോമു മാത്യു, ആര്‍ട്ടിസ്റ്റ് സുജാതന്‍, ഹരി നമ്പൂതിരി,സഞ്ജു ജോഷി മാത്യു, ജിന്‍സി, മാസ്റ്റര്‍ അര്‍ണ്ണവു, മാസ്റ്റര്‍ മുന്ന,ബേബി ദേവിക, ലിബിക എന്നിവരും അഭിനയിക്കുന്നു. സെപ്റ്റംബര്‍ പതിനെട്ടിന് 'ദൈവത്താന്‍ കുന്ന് 'പ്രദര്‍ശനത്തിനെത്തുന്നു.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കാവാസാക്കിയുടെ വള്‍ക്കന്‍ എസ് 2027 പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 8.23 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. പരിഷ്‌കരിച്ച ബ്രേക്കുകളും ബ്ലൂയിഷ് ഗ്രീനിനൊപ്പമുള്ള മെറ്റാലിക് കാര്‍ബണ്‍ ഗ്രേ എന്ന പുതിയ കളര്‍ സ്‌കീമുമാണ് പരിഷ്‌കരിച്ച പതിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. മുന്‍ മോഡലിലെ അതേ 649 സിസി, പാരലല്‍ ട്വിന്‍ എന്‍ജിന്‍ തന്നെയാണ് വള്‍ക്കന്‍ എസിനും കരുത്തേകുന്നത്. ഇത് 7500 ആര്‍പിഎംഎല്ലില്‍ 60 ബിഎച്ച്പി കരുത്തും 6600 ആര്‍പിഎമ്മില്‍ 62.4 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഓഫ്‌സൈറ്റ് ലേഡൗണ്‍ മോണോഷോക്കും നല്‍കിയിട്ടുള്ള അതേ ട്യൂബുലാര്‍ ഡയമണ്ട് ഫ്രെയിമിലാണ് വള്‍ക്കന്‍ എസ് നിര്‍മ്മിച്ചിരിക്കുന്നത്. മുന്നില്‍ 272 എംഎം ഡിസ്‌കും പിന്നില്‍ 216 എംഎം റോട്ടറുമാണ് ബ്രേക്കിങ് സംവിധാനത്തില്‍ വരുന്നത്. കൂടാതെ ഡ്യുവല്‍ ചാനല്‍ എബിഎസും ഇതിലുണ്ട്.
◾ ഒരു ചിത്രശലഭത്തിന്റെ രണ്ട് ചിറകുകള്‍ പോലെയായിരുന്നു അവര്‍. മനസ്സുകൊണ്ട് മുട്ടിയുരുമ്മി സ്‌നേഹിച്ചവര്‍. വേദാന്തിക എന്ന ഒരൊറ്റ അച്ചുതണ്ടില്‍ മാത്രം നിലകൊള്ളുന്ന ഒരു ലോകം സ്വന്തമായുള്ള രഘുനന്ദനന്റെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണിത്. ആ യാത്രയില്‍ രാത്രിക്കും പകലിനും നിലാവിനും പുതിയ അര്‍ത്ഥങ്ങളും നിര്‍വചനങ്ങളും നാം കണ്ടെത്തും. വായിച്ചുതീരുമ്പോള്‍ നേരിയൊരു തിരിച്ചറിവുണ്ടാകും. ഈ മണ്ണില്‍നിന്ന് ചേലുള്ള പൂക്കള്‍ പറക്കുന്നത് എന്തുകൊണ്ടെന്ന ഉള്ളറിവ്. മണ്ണില്‍ മൊട്ടിട്ട് ആകാശത്തു വളര്‍ന്ന് ഒടുവില്‍ മണ്ണിലേക്കു തന്നെ വിലയം കൊള്ളുന്ന മനുഷ്യനും അവന്റെ പ്രണയവും ഒരിക്കലും അവസാനിക്കില്ലെന്ന വേര്‍തിരിവ്. അതാണു ശലഭമനുഷ്യന്റെ കാതല്‍ അല്ല ചിറകുകള്‍. 'ശലഭമനുഷ്യന്‍'. സിബി ജോണ്‍ തൂവല്‍. ഡിസി ബുക്സ്. വില 315 രൂപ.
◾ പ്രതിരോധ ശേഷി മുതല്‍ മാനസികാരോഗ്യം വരെ നമ്മുടെ ആമാശയത്തെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് തന്നെ കുടലിന്റെ ആരോഗ്യത്തിന് അത്രത്തോളം പ്രാധാന്യമുണ്ട്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏറ്റവും മികച്ച പഴങ്ങളില്‍ ഒന്നാണ് പപ്പായ. ഇതില്‍ മറ്റ് പഴങ്ങളെ അപേക്ഷിച്ച് നാരുകളും, ദഹന എന്‍സൈമുകളും, വിറ്റാമിനുകളും കൂടുതല്‍ അടങ്ങിയിട്ടുണ്ട്. പപ്പായയില്‍ സ്വാഭാവികമായും ഭക്ഷണത്തിലെ പ്രോട്ടീനുകളെ വിഘടിപ്പിക്കുന്ന ഒരു എന്‍സൈമായ പപ്പെയ്ന്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തും. പപ്പായയിലെ സൂക്ഷ്മ പോഷകങ്ങള്‍ പോലും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കും. പപ്പായയില്‍ വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്, അതില്‍ ബീറ്റാ കരോട്ടിന്‍, ഫ്ലേവനോയ്ഡുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത് കുടല്‍ പാളിയിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാനും ആരോഗ്യകരമായ കോശജ്വലന പ്രതികരണത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. ഇതില്‍ മഗ്നീഷ്യം, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. കുടല്‍ അസന്തുലിതാവസ്ഥയും ആഗിരണം പ്രശ്നങ്ങളും ഉള്ളവരില്‍ പലപ്പോഴും കുറയുന്ന രണ്ട് പോഷകങ്ങള്‍ ഇവയാണ്. പച്ചയ്ക്കും പഴുപ്പിച്ചും പപ്പായ നമ്മുടെ ഡയറ്റിന്റെ ഭാഗമാക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ട് മനസ്സ് തകര്‍ന്നുപോയ ഒരു യുവാവ് ശ്രീകൃഷ്ണനെ സമീപിച്ചു. കണ്ണാ... എത്ര ശ്രമിച്ചിട്ടും എന്റെ മനസ്സിന് ശാന്തിയില്ല. കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ത്ത് വിഷമിക്കുന്നു... വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഭയപ്പെടുന്നു... മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്നോര്‍ത്ത് അസ്വസ്ഥനാകുന്നു. എനിക്ക് എങ്ങനെ മനശ്ശാന്തി ലഭിക്കും?'' കൃഷ്ണന്‍ പുഞ്ചിരിച്ചു. അവനെയും കൂട്ടി യമുനാതീരത്തേക്ക് നടന്നു. അവിടെ ഒഴുകിക്കൊണ്ടിരുന്ന നദിയെ ചൂണ്ടിക്കാട്ടി കൃഷ്ണന്‍ ചോദിച്ചു: ഈ നദി എന്തുകൊണ്ടാണ് ഇത്ര ശാന്തമായി ഒഴുകുന്നത്?'' യുവാവ് പറഞ്ഞു: ''അതിന് എവിടെയെത്തണമെന്ന് അറിയാം, കണ്ണാ...' 'അല്ല. നദി ശാന്തമായി ഒഴുകുന്നതിന്റെ കാരണം, വഴിയില്‍ കിട്ടുന്ന കല്ലുകളെയും വളവുകളെയും തടസ്സങ്ങളെയും പിടിച്ചുനിര്‍ത്താത്തതുകൊണ്ടാണ്.'' അല്‍പനേരം മൗനമായിരുന്ന ശേഷം കൃഷ്ണന്‍ പറഞ്ഞു: മനസ്സും ഇതുപോലെയാണ്. കഴിഞ്ഞുപോയതിനെ വീണ്ടും വീണ്ടും ചിന്തിച്ചാല്‍ അത് ഭാരമാകും. വരാനിരിക്കുന്നതിനെക്കുറിച്ച് അമിതമായി ഭയപ്പെട്ടാല്‍ അത് ഉത്കണ്ഠയാകും. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് ജീവിതത്തിന്റെ നിയന്ത്രണം കൊടുത്താല്‍ അത് അസ്വസ്ഥതയാകും. നിനക്ക് ചെയ്യാനുള്ളത് ഒന്നു മാത്രം... നിന്റെ കര്‍ത്തവ്യം ആത്മാര്‍ത്ഥമായി ചെയ്യുക; ഫലത്തെക്കുറിച്ചുള്ള അമിതമായ ആസക്തി ഉപേക്ഷിക്കുക. എല്ലാം നിന്റെ നിയന്ത്രണത്തിലല്ലെന്ന് അംഗീകരിക്കുമ്പോഴാണ് മനസ്സ് പതുക്കെ ശാന്തമാകുന്നത്. ആരും നിന്നെ മനസ്സിലാക്കിയില്ലെങ്കിലും നീ നിന്നെ മനസ്സിലാക്കുക. എല്ലാം നിന്റെ ഇഷ്ടപ്രകാരം നടന്നില്ലെങ്കിലും സംഭവിച്ചതിനെ അംഗീകരിക്കുക. നഷ്ടപ്പെട്ടതിനെ പിടിച്ചു നില്‍ക്കാതെ, ഇപ്പോഴുള്ള നിമിഷത്തെ സ്‌നേഹിക്കുക. കാരണം... മനശ്ശാന്തി പുറത്തുനിന്ന് ലഭിക്കില്ല - ശുഭദിനം.
Tags:
KERALA