Trending

കൊടുവള്ളി സിറാജ് ബൈപാസ് റോഡ്: സ്ഥലമേറ്റെടുപ്പിന് റവന്യൂ അനുമതി.

കൊടുവള്ളി: കൊടുവള്ളി സിറാജ് ബൈപാസ് റോഡ് നിർമ്മാണത്തിനായുള്ള സ്ഥലമേറ്റെടുപ്പിന് റവന്യൂ അനുമതി ലഭിച്ചതായി പി.കെ. ഫിറോസ് എം.എൽ.എ അറിയിച്ചു. ഇതോടെ ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട തുടർനടപടികൾക്ക് വേഗം കൈവരും.

കോഴിക്കോട്–വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയായ കോഴിക്കോട്–വയനാട്–കൊല്ലഗൽ ദേശീയപാത (NH 766) കൊടുവള്ളി നഗരത്തിലൂടെ കടന്നുപോകുന്നതിനാൽ പതിവായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് യാത്രക്കാരെയും നഗരത്തിലെ വ്യാപാര-ഗതാഗത സംവിധാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിന് പരിഹാരമായാണ് സിറാജ് ബൈപാസ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

നിലവിൽ പദ്ധതിയുടെ ഭാഗമായി നടത്തിയ ഇൻവെസ്റ്റിഗേഷൻ നടപടികൾക്ക് ശേഷം തയ്യാറാക്കിയ അലൈൻമെന്റ് പ്ലാൻ, കോണ്ടൂർ ഡ്രോയിങ്, ക്രോസ് സെക്ഷൻ എന്നിവ ഉൾപ്പെടുന്ന സ്കെച്ചിന് പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

247 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള നിർദ്ദിഷ്ട ബൈപാസിൽ 7 മീറ്റർ വീതിയിൽ BM & BC ടാറിങ്, ആവശ്യമായ ഡ്രെയിനേജ് സംവിധാനങ്ങൾ, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

സ്ഥലമേറ്റെടുപ്പിനുള്ള റവന്യൂ അനുമതി ലഭിച്ചതോടെ തുടർനടപടികൾ വേഗത്തിലാക്കി പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്ന് പി.കെ. ഫിറോസ് എം.എൽ.എ അറിയിച്ചു.
Previous Post Next Post
3/TECH/col-right