തിരുവനന്തപുരം: യാത്രക്കാർക്ക് സൗകര്യമാകേണ്ട ഹൈവേ യാത്ര ദുരിതമാക്കുന്ന നടപടികൾ ഇനി അനുവദിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്ത ആറുവരി ദേശീയപാതയിലെ ചില ഭാഗങ്ങളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് നടത്തുന്നതിനെതിരെയാണ് എംവിഡി നടപടി കടുപ്പിക്കുന്നത്.
ആറുവരിപ്പാതയിലൂടെ ഓടിയെത്തി യാത്രക്കാരെ ഹൈവേയിൽ തന്നെ ഇറക്കിവിടുന്ന ബസുകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.ദേശീയപാതയുടെ പ്രധാന പാതയിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യാൻ അനുമതിയില്ല.
ഹൈവേയിൽ സാധാരണ ബസ് സ്റ്റോപ്പുകളും അനുവദിച്ചിട്ടില്ല. എന്നാൽ ചില ബസുകൾ സർവീസ് റോഡ് ഒഴിവാക്കി ആറുവരിപ്പാതയിലൂടെ സർവീസ് നടത്തുകയും യാത്രക്കാരെ പ്രധാന പാതയിൽ തന്നെ ഇറക്കിവിടുകയും ചെയ്യുന്നുവെന്നാണ് പരാതി.ഇതോടെ ബസിൽനിന്ന് ഇറങ്ങുന്ന സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക് ഹൈവേയിൽ നിന്ന് പുറത്തുകടക്കാൻ കിലോമീറ്ററുകളോളം നടക്കേണ്ട സാഹചര്യമുണ്ടാകുന്നു.
ഇത്തരത്തിൽ യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നതുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ലഭിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധനയും നടപടികളും ശക്തമാക്കുന്നത്. ആറുവരിപ്പാതയിൽ അടിയന്തര സാഹചര്യങ്ങളൊഴികെ യാതൊരു കാരണവശാലും വാഹനങ്ങൾ നിർത്താൻ പാടില്ലെന്നാണ് എംവിഡിയുടെ നിർദേശം. സ്റ്റേജ് കാര്യേജ് ബസുകൾ നിർബന്ധമായും സർവീസ് റോഡിലൂടെ മാത്രമേ സർവീസ് നടത്താവൂ എന്നും അധികൃതർ വ്യക്തമാക്കി.
നിർദേശങ്ങൾ അവഗണിച്ച് സർവീസ് റോഡ് ഒഴിവാക്കി ആറുവരിപ്പാതയിലൂടെ സർവീസ് നടത്തുകയും യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ഹൈവേയിൽ ആളുകളെ ഇറക്കിവിടുകയും ചെയ്യുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
നിയമലംഘനം ആവർത്തിക്കുന്ന സാഹചര്യത്തിൽ പെർമിറ്റ്, ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്കും നീങ്ങുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. ഹൈവേയിൽ യാത്രക്കാരെ ഇറക്കിവിടുന്നത് ഒരു സാധാരണ ഗതാഗതലംഘനമായി കാണാനാകില്ലെന്നാണ് എംവിഡിയുടെ നിലപാട്.
Tags:
KERALA