കൊടുവള്ളി: പടനിലം–മടവൂർ സി.എം. മഖാം–നരിക്കുനി റോഡിൽ പൂനൂർ പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് മൂന്ന് വർഷത്തിലധികമായിട്ടും പൂർത്തിയാകാത്തതിൽ വൻ ജനരോഷം. നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികളും യാത്രക്കാരും. ഇതിന്റെ ഭാഗമായി നാളെ (ഞായർ) വൈകു 4 മണിക്ക് ആരാമ്പ്രം ജി.എം.യു.പി സ്കൂളിൽ കർമ്മസമിതി രൂപവത്കരണ ജനകീയ യോഗം ചേരുകയും, സമരം ശക്തമാക്കുന്നതിനായി ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും ചെയ്യും.
അരനൂറ്റാണ്ടിലധികം പഴക്കമുള്ളതും അപകടാവസ്ഥയിലായതുമായ പഴയ പാലത്തിന് പകരമായാണ് 7.3 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് പുതിയ പാലം നിർമ്മിക്കുന്നത്. 2010-ൽ അഡ്വ. പി.ടി.എ. റഹീം എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് വി.എസ്. അച്യുതാനന്ദൻ സർക്കാരാണ് ബജറ്റിൽ തുക വകയിരുത്തി പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ ഭൂമിയേറ്റെടുക്കൽ നടപടികൾ നീണ്ടുപോയതാണ് പ്രവൃത്തി വൈകാൻ കാരണമായത്. തുടർന്ന് 2023 ഒക്ടോബറിൽ ഭൂമി പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കരാറെടുത്ത് 2023 ഡിസംബർ 15-ന് നിർമ്മാണം ആരംഭിക്കുകയും ചെയ്തു.
തുടക്കത്തിൽ 18 മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് ഇത് 24 മാസമായി ദീർഘിപ്പിച്ചു നൽകി. ഈ വർഷം ഫെബ്രുവരിയോടെ പാലം തുറന്നുകൊടുക്കുമെന്നാണ് അധികൃതർ അവകാശപ്പെട്ടിരുന്നത്.
നിർമ്മാണ ചുമതലയുണ്ടായിരുന്ന ഊരാളുങ്കൽ സൊസൈറ്റി പ്രവൃത്തി മറ്റൊരു കമ്പനിക്ക് സബ് കരാർ നൽകിയതോടെയാണ് നിർമ്മാണം മന്ദഗതിയിലായതെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. നിലവിൽ ഇരുവശങ്ങളിലെയും അപ്രോച്ച് റോഡ്, പ്രധാന കോൺക്രീറ്റ് സ്ലാബ് എന്നിവയുടെ പണികൾ വളരെ പതുക്കെയാണ് പുരോഗമിക്കുന്നത്. നടപ്പാത, കൈവരി നിർമ്മാണം തുടങ്ങി നിരവധി പണികൾ ഇനിയും ബാക്കിയുണ്ട്.
ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മടവൂർ സി.എം. മഖാമിലേക്കടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റൂട്ടാണിത്. നിലവിലെ പഴകിയ പാലത്തിൽ ഗതാഗതക്കുരുക്ക് പതിവാണ്. നിർമ്മാണം വേഗത്തിലാക്കി പാലം ഉടൻ ഗതാഗതത്തിന് തുറന്നുകൊടുക്കാൻ സർക്കാരും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Tags:
KODUVALLY