2026 | ഓഗസ്റ്റ് 6, വ്യാഴം
1201 | കര്‍ക്കടകം 21, ഭരണി
◾ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സ്ഥലത്തുണ്ടായിരുന്ന സിപിഎം നേതാക്കളെ ചോദ്യം ചെയ്യും. നേതാക്കള്‍ക്ക് നോട്ടീസ് അയച്ചു തുടങ്ങി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ജോണ്‍ ബ്രിട്ടാസ് എംപി, വി ജോയി, ബിനീഷ് കോടിയേരി അടക്കം എല്ലാവരെയും ചോദ്യം ചെയ്യും.
◾ കര്‍ശന ജാമ്യവ്യവസ്ഥകള്‍ ജാമ്യം നിഷേധിക്കുന്നതിനു തുല്യമെന്നു സുപ്രീംകോടതി. തമിഴ്നാട്ടിലെ തേനിയില്‍ ലഹരിക്കേസില്‍ അറസ്റ്റിലായ അതിരമ്പുഴ സ്വദേശിയായ ഫൈസലാണ് സുപ്രീംകോടതിയെ സമീപിച്ചത്. കോടതി ജാമ്യം അനുവദിച്ചപ്പോള്‍ പ്രതി കുറ്റം ചെയ്യില്ലെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ എഴുതി നല്‍കണമെന്നും തേനി പൊലീസ് സ്റ്റേഷനില്‍ എല്ലാ ദിവസവും പത്തരയ്ക്ക് ഹാജരാകണമെന്നുമായിരുന്നു ജാമ്യവ്യവസ്ഥയെന്നു ഹര്‍ജിയില്‍ പറഞ്ഞു. ഈ കേസില്‍ ഫൈസലിനെ പത്തു വര്‍ഷത്തെ തടവിന് വിചാരണക്കോടതി ശിക്ഷിച്ചിരുന്നു.
◾ ശബരിമല നെയ്യ് ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തും മുന്‍ അംഗം അജികുമാറും പ്രതിയാകും. പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് എസ്ഐടി രൂപീകരിച്ചത്.
◾ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം നല്‍കി. ഐ പി ബിനു, രേവന്ത്, ഉണ്ണികൃഷ്ണന്‍, ദിനകര്‍, ദിലീപ് നായര്‍, ഉണ്ണി ഡി എസ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. സര്‍ക്കാരിന്റെയും ഇഡിയുടെയും എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ 21 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.
◾ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് കപ്പല്‍ നിര്‍മ്മാണശാലക്ക് സ്ഥലം അന്വേഷിച്ച് തൂത്തുക്കുടിയിലേക്ക്. 2000 കോടി രൂപയുടെ പദ്ധതി നടത്തിപ്പിന് സ്ഥലം ഏറ്റെടുക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ക്കു തുടക്കമായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോട് അനുബന്ധിച്ച് ആലോചനയിലുണ്ടായിരുന്ന പൂവ്വാര്‍ കപ്പല്‍ നിര്‍മ്മാണ ശാലക്കുള്ള സാധ്യത ഇതോടെ മങ്ങുകയാണ്.
◾ വൈദ്യുതി ഉപഭോഗം വര്‍ധിച്ചുവരുന്നതിനാല്‍ ഊര്‍ജ കാര്യക്ഷമ കെട്ടിടങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഊര്‍ജ കാര്യക്ഷമ കെട്ടിട ചട്ടങ്ങള്‍ ഫലപ്രദമായി നടപ്പാക്കുകയും വേണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, കില, ജി.ബി.പി.എന്‍ ഇന്ത്യ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിശീലന പരമ്പരയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് പുനരാരംഭിച്ചു. കെഎസ്ആര്‍ടിസി ടിക്കറ്റ് വാട്സാപ്പിലൂടെയും ലഭ്യമാക്കുന്ന സംവിധാനം ഗതാഗത മന്ത്രി സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്തു.
◾ പമ്പയില്‍ നിന്ന് മണല്‍ വാരുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമാണെന്ന് പഴകുളം മധു എംഎല്‍എ. മന്ത്രിസഭാ യോഗ തീരുമാനം നടപ്പാക്കിയില്ലെങ്കില്‍ രാഷ്ട്രീയം നോക്കാതെ ജനങ്ങള്‍ക്കൊപ്പം രംഗത്തിറങ്ങും. രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് സിപിഎം ജില്ലാ സെക്രട്ടറിയും കെയു ജനീഷ് കുമാര്‍ എംഎല്‍എയും അനാവശ്യ വിമര്‍ശനം ഉന്നയിക്കുകയാണെന്നും മധു കുറ്റപ്പെടുത്തി.
◾ സുരക്ഷിതത്വവും സാങ്കേതിക അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയണമെന്ന് ഹൈക്കോടതി. സുരക്ഷിതമല്ലാത്ത വാക്വം ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനേതിരെ കേരള എലിവേറ്റര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ വിധി.
◾ പയ്യന്നൂരില്‍ ഷെഡ് മാത്രമല്ല അതിനടിയില്‍ ഉള്ളതും മാന്തിയെടുക്കാന്‍ പാര്‍ട്ടിക്ക് ശേഷിയുണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കുഞ്ഞികൃഷ്ണന്‍ എംഎല്‍എയെ അനുകൂലിക്കുന്നയാളടെ ചെമ്മീന്‍ ഷെഡ് കത്തിച്ചതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്ന ടി.ഐ. മധുസൂദനനെ മാറ്റാതിരുന്നത് രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങള്‍ ശരിയാണെന്ന് വ്യാഖ്യാനിക്കാതിരിക്കാനാണെന്നും രാഗേഷ്.
◾ നറുക്കെടുപ്പിലൂടെ ബിജെപി ഭരണത്തിലെത്തിയ നാരങ്ങാനം പഞ്ചായത്തില്‍ അവിശ്വാസം പാസായി. ബിജെപിക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ എല്‍ഡിഎഫ് പിന്തുണച്ചു. കോണ്‍ഗ്രസിനും ബിജെപിക്കും ആറ് വീതം അംഗങ്ങളും സിപിഎമ്മിന് രണ്ടുപേരുമാണുള്ളത്. രണ്ട് സിപിഎം പ്രതിനിധികളും കോണ്‍ഗ്രസ് അവിശ്വാസത്തെ പിന്തുണച്ചു.
◾ പുനര്‍ജനി പദ്ധതിയില്‍ മുഖ്യമന്ത്രി വി.ഡി സതീശനെതിരേ ഒരു തെളിവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി സര്‍ക്കാരിന്റെ കാലത്താണ് അന്വേഷണം നടന്നത്. തെളിവ് ഇല്ലാത്തതുകൊണ്ടാണ് കേസ് ക്ലോസ് ചെയ്തത്. കാര്യങ്ങള്‍ മനസ്സിലാവാത്തത് എം.വി ഗോവിന്ദന് മാത്രമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
◾ സംസ്ഥാന അതിര്‍ത്തിയില്‍ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിര്‍മ്മാണത്തിന് കര്‍ണാടക സര്‍ക്കാരിന്റെ എന്‍ഒസി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.
◾ കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊലപാതക കേസില്‍ ഒളിവിലായിരുന്ന ഉമ്മര്‍ ഫറൂഖ് എന്ന പ്രതിയെ കൊച്ചിയില്‍നിന്ന് എന്‍ഐഎ അറസ്റ്റു ചെയ്തു. കൊലപാതകത്തിന് മുന്‍പ് നടന്ന ഗൂഢാലോചനയില്‍ നേരിട്ട് പങ്കെടുത്ത ആളാണ് പിടിയിലായെന്ന് എന്‍ഐഎ അറിയിച്ചു.
◾ കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്‌സൈസ്. ലൈസന്‍സ് ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കും. നടപടിയെടുക്കാതെ കണ്ണടക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ശിക്ഷാനടപടിയെന്ന് വ്യക്തമാക്കി എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിറക്കി.
◾ ശബരിമല ക്ഷേത്രത്തിന്റെ ദോഷങ്ങള്‍ മാറാന്‍ പരിഹാര പൂജകള്‍ ആരംഭിച്ച് തിരുവതാംകൂര്‍ ദേവസ്വം. മൂകാംബിക ക്ഷേത്രത്തിലും കേരളത്തിലെ 25 ഓളം ക്ഷേത്രങ്ങളിലുമാണ് പ്രത്യേക പൂജകള്‍ നടത്തുന്നത്. കൊല്ലൂര്‍ മൂകാംബികയിലും കാസര്‍കോടും പ്രത്യേക പൂജകള്‍ നടത്തി. ശബരിമലയില്‍ എത്തിയ ഭക്തരെ ജീവനക്കാരും സുരക്ഷ ഉദ്യോഗസ്ഥരും അസഭ്യം പറഞ്ഞതോടെ വാക്‌ദോഷം ഉണ്ടായി എന്നാണ് കണ്ടെത്തല്‍.
◾ റസിഡന്റ് കമ്മീഷണറുടെ ശുപാര്‍ശ പ്രകാരം ലോ ഓഫീസര്‍ ഗ്രാന്‍സിയെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി. പെരുമാറ്റവും ഔദ്യോഗിക കൃത്യനിര്‍വഹണവും തൃപ്തികരമല്ല എന്നായിരുന്നു റസിഡന്റ് കമ്മീഷണറുടെ കണ്ടെത്തല്‍. എന്നാല്‍, തനിക്കെതിരെ നടന്നത് പകപോക്കല്‍ നടപടിയാണെന്ന് ഗ്രാന്‍സി ആരോപിച്ചു.
◾ എല്‍ പി എസ് റ്റി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ കൂട്ട നിരാഹാരത്തിന്. അനിശ്ചിതകാല സമരം ഒരുമാസം പിന്നിടുമ്പോഴാണ് സമരം മറ്റൊരു ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നത്.
◾ പാലക്കാട് ചാലിശ്ശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ ഡ്യൂട്ടിക്കിടെ നഴ്‌സിനെ പാമ്പ് കടിച്ചു. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്.
◾ ഓണത്തിന് വ്യാജ മദ്യമുണ്ടാക്കാന്‍ അങ്കമാലിയിലെ കോതകുളങ്ങരയില്‍ എത്തിച്ച 1350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി എക്സൈസ്. ഹോളോ ബ്രികിസ് യൂണിറ്റിന്റെ മറവില്‍ വ്യാജമദ്യം നിര്‍മിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ ആയിരുന്നു സ്പിരിറ്റ് വേട്ട. രണ്ട് പേരെ അറസ്റ്റ് ചെയ്തു.
◾ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി അര്‍ജുന്‍ ആയങ്കി. ഒളിവിലുള്ള തന്നെ പിടിക്കാന്‍ പറ്റുമെങ്കില്‍ പിടിക്കു എന്ന് ഊന്നുകല്‍ സിഐയോടാണ് വെല്ലുവിളി.
◾ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ 10 നാവികര്‍ ഉള്‍പ്പെടെ 16 ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെടുകയും 75 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍. ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിന് ബന്ധപ്പെട്ട രാജ്യങ്ങളെ പ്രതിഷേധം അറിയിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനു വ്യക്തമായ മറുപടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി.
◾ തമിഴ്നാട് എക്സ്പ്രസിന്റെ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ട്രോളി ബാഗില്‍ അഴുകിത്തുടങ്ങിയ മനുഷ്യ ശരീര ഭാഗങ്ങള്‍. ട്രെയിന്‍ ആഗ്രയില്‍ എത്തിയപ്പോഴാണ് ചുവന്ന ട്രോളി ബാഗിനുള്ളില്‍ മനുഷ്യ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആഗ്ര കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
◾ ലൈംഗികാതിക്രമ കേസില്‍ തെഹല്‍ക്ക സ്ഥാപകന്‍ തരുണ്‍ തേജ്പാല്‍ കുറ്റക്കാരനെന്ന് കോടതി. വെറുതെ വിട്ടുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. ഗോവയിലെ ഹോട്ടലില്‍ ബലാത്സംഗം ചെയാന്‍ ശ്രമിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയിലാണ് ഉത്തരവ്.
◾ ഡല്‍ഹിയില്‍ കനത്ത മഴ. പലയിടത്തും വെള്ളക്കെട്ട്. പല പ്രദേശങ്ങളിലും ഗതാഗതം തടസപ്പെട്ടു.
◾ ഗുണ്ടാത്തലവനും മുന്‍ എംപിയുമായിരുന്ന അതിഖ് അഹമ്മദിന്റെ ഇളയ മകന്‍ അബാന്‍ അഹമ്മദ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ അബാന്‍ സഞ്ചരിച്ച കാര്‍ അമിത വേഗതയില്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
◾ ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി തുറക്കാന്‍ ഇറാനും ഒമാനും തമ്മില്‍ ധാരണയിലേക്ക്. ഇരു രാജ്യങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന താല്‍ക്കാലിക ഗതാഗത പാത സംബന്ധിച്ചുളള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തി. എന്നാല്‍ ഹോര്‍മുസില്‍ ഇറാന് മേല്‍ക്കൈ അനുവദിക്കുന്ന ധാരണ അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി.
◾ ക്യൂബന്‍ സര്‍ക്കാരിനെ സാമ്പത്തികമായും രാഷ്ട്രീയമായും സമ്മര്‍ദ്ദത്തിലാക്കാനും രാജ്യത്ത് ഭരണമാറ്റം കൊണ്ടുവരാനും ലക്ഷ്യമിട്ട് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമാണ് നീക്കങ്ങള്‍.
◾ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സഞ്ചരിച്ച മിലിറ്ററി വണ്‍ സൈനിക ഹെലികോപ്ടറിന് തൊട്ടരികിലൂടെ യാത്രാവിമാനം പറന്ന സംഭവത്തില്‍ അന്വേഷണം. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനമാണു തൊട്ടരികിലൂടെ പറന്നത്. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ആണ് അന്വേഷണം ആരംഭിച്ചത്.
◾ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡല്‍ഹില്‍ നടത്തിയ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ബംഗ്ലാദേശ് അവാമി ലീഗ് മുന്‍ എംപിയുമായ ഷാക്കിബ് അല്‍ ഹസന്റെ ധാക്കയിലെ വീടിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം. മഗുര ടൗണിലെ കേശബ് മോറിലുള്ള കുടുംബവീടിന് നേരെ ആണ് ആക്രമണം ഉണ്ടായത്. വീട് തല്ലിത്തകര്‍ക്കുകയും ചെയ്തു.
◾ ലോകകപ്പിനുശേഷം ഇരട്ടഗോളും അസിസ്റ്റുമായി അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. ലീഗ്സ് കപ്പിലെ ആദ്യ പോരാട്ടത്തില്‍ മെക്സിക്കന്‍ ക്ലബ്ബായ അറ്റ്ലറ്റികോ സാന്‍ ലൂയിസിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി തോല്‍പിച്ച മത്സരത്തില്‍ രണ്ട് ഗോളടിച്ച മെസി ഒരു അസിസ്റ്റും നല്‍കി. ഇതോടെ ലീഗ്സ് കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കി. 14 ഗോളുകളാണു മെസി നേടിയത്.
◾ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നിലവിലെ അവസ്ഥ അത്യന്തം ആശങ്കാജനകവും പരിതാപകരവുമാണെന്ന് മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പതറുന്ന ബാറ്റര്‍മാരും ശൗര്യം നഷ്ടപ്പെട്ട ബൗളര്‍മാരുമാണ് റെഡ് ബോള്‍ ക്രിക്കറ്റിലെ ഇന്നത്തെ കാഴ്ച്ചയെന്നും അജിങ്ക്യ രഹാനെ പറഞ്ഞു.
◾ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ മുന്നേറ്റം. ഗ്രാമിന് 265 രൂപ കൂടി 13,725 രൂപയും പവന് 2,120 രൂപ കൂടി 1,09,800 രൂപയുമായി. ഇന്നലെ പവന്‍ വിലയില്‍ 1,280 രൂപയുടെ വര്‍ധന ഉണ്ടായിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 215 രൂപ കൂടി 11,275 രൂപയും 14 കാരറ്റിന് ഗ്രാമിന് 170 രൂപ കൂടി 8,785 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 110 രൂപ കൂടി 5,665 രൂപയിലെത്തി. വെളളി വില ഗ്രാമിന് 240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വര്‍ധനവിന്റെ പാതയിലാണ്. രാജ്യാന്തര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് ഏകദേശം 4,258 ഡോളര്‍ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
◾ വിവിധ വെബ്‌സൈറ്റുകളിലൂടെ 'ക്ലിക്ഫിക്‌സ്' എന്ന പേരില്‍ പുതിയ രീതിയിലുള്ള സൈബര്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. വ്യാജ ക്യാപ്ച പരിശോധനയുടെ മറവില്‍ ഉപയോക്താക്കളുടെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്ത് ബാങ്കിങ് വിവരങ്ങളും ഇ-മെയില്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ്വേഡുകളും കൈക്കലാക്കി പണം തട്ടാനാണ് സൈബര്‍ കുറ്റവാളികളുടെ ശ്രമം. ചില വെബ്‌സൈറ്റുകളില്‍ യഥാര്‍ഥ ക്യാപ്ച പരിശോധന പൂര്‍ത്തിയാക്കിയശേഷം ഉപയോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ മറ്റൊരു ഡയലോഗ് ബോക്‌സ് പ്രദര്‍ശിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ക്യാപ്ച പരിശോധനയുടെ ഭാഗമായി പവര്‍ഷെല്‍ അല്ലെങ്കില്‍ കമാന്‍ഡ് പ്രോംപ്ട് കമാന്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാനോ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ സോഫ്‌റ്റ്വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ആവശ്യപ്പെടുന്ന വെബ്‌സൈറ്റുകള്‍ വിശ്വസിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറിലോ www.cybercrime.gov.in പോര്‍ട്ടലിലോ പരാതി നല്‍കണമെന്നും പോലീസ് അറിയിച്ചു.
◾ രാജ്യത്തെ ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവെന്നറിയപ്പെടുന്ന ഗോപാല്‍സ്വാമി ദൊരൈസ്വാമി നായിഡു ബ്രിട്ടിഷ് ഭരണ കാലത്തു ശാസ്ത്രജ്ഞനെന്ന നിലയില്‍ നടത്തിയ പോരാട്ടങ്ങളുടെ കഥ പറയുന്ന 'ജിഡിഎന്‍: എഡിസണ്‍ ഓഫ് ഇന്ത്യ' എന്ന സിനിമയിലാണ് വേറിട്ട വേഷപ്പകര്‍ച്ചകളിലൂടെ മാധവന്‍ വീണ്ടും സ്‌ക്രീനിലെത്തുന്നത്. ഓഗസ്റ്റ് ഏഴിനു സിനിമ തിയറ്ററുകളിലെത്തും. മാധവനെ നായകനാക്കി നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാര്‍ രാമകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജി.ഡി.എന്‍' എന്ന ചിത്രം പാന്‍ ഇന്ത്യന്‍ തലത്തിലാണ് റിലീസ് ചെയ്യുന്നത്. പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയന്‍, കനിഹ, ഷീല, കരുണാകരന്‍, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേന്‍, ജോണി വിജയ്, ജന്‍സണ്‍ ദിവാകര്‍, ബ്രിജിഡ സാഗ തുടങ്ങിയവരും അഭിനയിക്കുന്നു. കേരളത്തില്‍ മാത്രം 100 തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രം 32 രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തും.
◾ പുതിയ മഹീന്ദ്ര ഥാര്‍ റോക്സ് ഡീസല്‍ ഓട്ടോമാറ്റിക് മോഡല്‍ സ്വന്തമാക്കി ബോളിവുഡ് താരം മലൈക അറോറ. ഏകദേശം 19.28 ലക്ഷം രൂപ മുതലാണ് ഈ മോഡലിന് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. സാധാരണ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി പ്രീമിയം ലുക്കോടെയാണ് ഥാര്‍ റോക്സ് എത്തുന്നത്. സ്റ്റെല്‍ത്ത് ബ്ലാക്ക്, ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, ബാറ്റില്‍ഷിപ്പ് ഗ്രേ, ഡീപ്പ് ഫോറസ്റ്റ് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമായ വാഹനത്തിന് 19 ഇഞ്ച് അലോയ് വീലുകളും ആകര്‍ഷകമായ ഫ്രണ്ട് ഗ്രില്ലുമുണ്ട്. പ്രീമിയം ലെതറെറ്റ് സീറ്റുകള്‍, ട്വിന്‍ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനുകള്‍, വലിയ പനോരമിക് സണ്‍റൂഫ് എന്നിവ ഉള്‍വശത്തെ പ്രധാന പ്രത്യേകതകളാണ്. 80-ല്‍ അധികം കണക്റ്റഡ് ഫീച്ചറുകളുള്ള അഡ്രിനോക്‌സ് സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ, 9-സ്പീക്കര്‍ ഹാര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം എന്നിവയും മറ്റ് പ്രധാന ഫീച്ചറുകളാണ്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഇതിലുണ്ട്, ഇവ രണ്ടും 6-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ലഭ്യമാണ്.
◾ താല്‍ക്കാലികവും ഹ്രസ്വവുമായ നേട്ടങ്ങളെ സ്വന്തം നിലനില്‍പിനായി ആശ്രയിക്കുന്ന സര്‍ക്കാരുകളുടെ ദീര്‍ഘവീക്ഷണമില്ലായ്മയെക്കുറിച്ചും; പുരോഗതി, വികസനം തുടങ്ങിയ വാക്കുകള്‍ക്ക് പകരം ഇടംനേടിയ സാമ്പത്തിക പരിഷ്‌കാരം, നിയന്ത്രണ ഇളവുകള്‍, സ്വകാര്യവല്‍ക്കരണം തുടങ്ങിയ വാക്കുകളെക്കുറിച്ചുമുള്ള ആശങ്കകള്‍ ഉണര്‍ത്തുന്ന ലേഖനങ്ങള്‍. ഈ ലോകത്തിന്റെ അതിജീവനത്തിന് നമുക്ക് വേണ്ടത് ദീര്‍ഘകാല കാഴ്ചപ്പാടും അത് നടപ്പില്‍ വരുത്താനുള്ള ആത്മാര്‍ഥതയുമാണെന്ന് ഉറപ്പിച്ചു പറയുന്ന ബുക്കര്‍ പ്രൈസ് ജേതാവായ അരുന്ധതി റോയിയുടെ കൃതി. 'പച്ചക്കുതിരകള്‍ക്ക് കാതോര്‍ത്ത്'. രണ്ടാം പതിപ്പ്. അരുന്ധതി റോയി. ഒലീവ് പബ്ളിക്കേഷന്‍സ്. വില 427 രൂപ.
◾ വായ, തൊണ്ട, മൂക്ക് തുടങ്ങിയ ഭാഗങ്ങളെ ബാധിക്കുന്ന ഹെഡ്&നെക്ക് കാന്‍സറുകളെ പ്രതിരോധിക്കാന്‍ ഒരു ച്യൂയിംഗത്തിലൂടെ കഴിയുമെന്ന് ഗവേഷകര്‍. പൊതുവേ പുകയിലയും മദ്യപാനവുമാണ് ഇത്തരം കാന്‍സറുകളുടെ സാധ്യത കൂട്ടുന്നതെങ്കിലും ഒരുപരിധിവരെ ഹ്യൂമന്‍ പാപ്പിലോമ വൈറസും കാരണമാകാറുണ്ട്. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ലാബ്ലാബ് ബീന്‍സ് അഥവാ അമര പയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ച്യൂയിംഗ് ഗം ആണ് വികസിപ്പിച്ചത്. ച്യൂയിംഗം ഉപയോഗിച്ച ഹെഡ്&നെക്ക് കാന്‍സര്‍ രോഗികളുടെ ഉമിനീരില്‍ എച്ച്പിവി വൈറസിന്റെ അളവ് 93ശതമാനം വരെയും വായ കഴുകിയ സാമ്പിളുകളില്‍ 80% വരെയും കുറവായിരുന്നുവെന്നു കണ്ടെത്തി. പോര്‍ഫിറോമോണാസ് ജിന്‍ജിവാലിസ്, ഫ്യൂസോബാക്ടീരിയം ന്യൂക്ലിയേറ്റം എന്നീ രണ്ട് ദോഷകരമായ ബാക്ടീരിയകളെ പൂര്‍ണമായും നീക്കംചെയ്യുന്നതായും കണ്ടെത്തി. അമരപ്പയറില്‍ അടങ്ങിയ ഫ്രില്‍ എന്ന ആന്റിവൈറല്‍ പ്രോട്ടീന്‍ എച്ച്.പി.വി.ക്ക് എതിരെയും പ്രോട്ടിഗ്രിന്‍ എന്ന ആന്റി മൈക്രോബിയല്‍ പെപ്റ്റൈഡ് വായിലെ ദോഷകരമായ ബാക്റ്റീയകള്‍ക്കെതിരെയും പ്രവര്‍ത്തിക്കും. ച്യൂയിംഗം ചവയ്ക്കുന്നതിലൂടെ ഇവ ഉമിനീരുമായി സമ്പര്‍ക്കത്തിലാവും. ഇതുവഴി വൈറസിനും ബാക്റ്റീരിയക്കും എതിരെ പ്രവര്‍ത്തിക്കാനാകും. ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ ബാധിക്കാതെ തന്നെ ഫലപ്രദമായി കാന്‍സറിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമാണ് ഇതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.20, പൗണ്ട് - 128.11, യൂറോ - 109.92, സ്വിസ് ഫ്രാങ്ക് - 117.76, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.02, ബഹറിന്‍ ദിനാര്‍ - 253.03, കുവൈത്ത് ദിനാര്‍ -308.14, ഒമാനി റിയാല്‍ - 247.67, സൗദി റിയാല്‍ - 25.38, യു.എ.ഇ ദിര്‍ഹം - 25.89, ഖത്തര്‍ റിയാല്‍ - 26.08, കനേഡിയന്‍ ഡോളര്‍ - 67.95.
Tags:
KERALA