തിരുവനന്തപുരം: ചെറുപുഴ മീന്തുള്ളിയിൽ പ്രളയജലത്തിൽ അകപ്പെട്ട ഒരാളുടെ ജീവൻ സ്വന്തം 'ലൈഫ് ജാക്കറ്റ്' ഊരിനൽകി രക്ഷിച്ച ശേഷം മരണത്തിന്റെ ആഴങ്ങളിലേക്ക് പോയ ആർ രാജേഷിന്റെ മൃതദേഹത്തോട് റവന്യു വകുപ്പും ആരോഗ്യ വകുപ്പും കാണിച്ചത് വൻ അനാദരവ്.
തിരുവനന്തപുരം നേമം കല്ലിയൂർ കിഴക്കേതെറ്റിവിള രാജേഷ്ഭവനിൽ ആർ രാജേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിക്കാൻ വിട്ട് നൽകിയത് ഫ്രീസർ സൗകര്യം ഇല്ലാത്ത ആബുലൻസ്.
പോകുന്ന വഴിയിൽ ദുർഗന്ധം വമിച്ചതിനെ തുടർന്ന് വഴിക്ക് വച്ച് ഫ്രീസർ സ്വകര്യമുള്ള സ്വകാര്യ ആബുലൻസിലേക്ക് മാറ്റിയാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചത്.
കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്മോർട്ടം നടത്തി ചൊവ്വാഴ്ച രാത്രി 8.30നാണ് മൃതദേഹം വിട്ട് നൽകിയത്.
ദൂരം കൂടുതലായതിനാലും മൃതദേഹം അഴുകിതുടങ്ങിയതിനാലും ഫ്രീസർ സ്വകര്യമുള്ള ആബുലൻസ് രാജേഷിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ഫണ്ട് ഇല്ലെന്ന കാരണത്താൽ ആവശ്യം നിരസിച്ചു. തുടർന്ന് ഫ്രീസർ സ്വകര്യം ഇല്ലാത്ത മെഡിക്കൽ കോളേജിലെ ആംബുലൻസിൽ കൊണ്ട് പോകാൻ ബന്ധുക്കളോട് പറയുകയായിരുന്നു.
ഇതിനേ തുടർന്ന് ഫ്രീസർ ഇല്ലാത്ത ആംബുലൻസിൽ പുറപ്പെട്ടെങ്കിലും ദുർഗന്ധം വമിച്ചതിനാൽ ചാവക്കാട് വച്ച് ഫ്രീസർ സൗകര്യമുള്ള ആംബുലൻസിലേക്ക് മാറ്റി കയറ്റി രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
Tags:
KERALA