Trending

പ്രഭാത വാർത്തകൾ

2026  ഓഗസ്റ്റ് 6, വ്യാഴം 
1201  കര്‍ക്കടകം 21, ഭരണി
1448  സ്വഫർ 22

◾  വിദ്യാര്‍ത്ഥികളേയും യുവജനങ്ങളേയും കേള്‍ക്കണമെന്ന് സുപ്രീം കോടതി. ഡല്‍ഹി ജന്തല്‍ മന്തറില്‍ സമരം നയിച്ച കോക്റോച്ച് ജനതാ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് ഈ നിരീക്ഷണം നടത്തിയത്. വിദ്യാര്‍ത്ഥികളുടേയും യുവജനങ്ങളുടേയും ആശങ്കകള്‍ പരിഹരിക്കാനാണ് അധികാരികള്‍ ശ്രമിക്കേണ്ടതെന്നും കോടതി.

◾  രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനില്ലെന്ന് കോക്റോച്ച് ജനതാ പാര്‍ട്ടി. എന്നാല്‍ ജനകീയ വിഷയങ്ങളില്‍ ഇടപെടുന്ന സമ്മര്‍ദ ശക്തിയായി തുടരും. മറ്റ് സംസ്ഥാനങ്ങളിലെ പരീക്ഷ ക്രമക്കേടുകളിലും സമരം ഏറ്റെടുക്കും. തുടര്‍ സമരങ്ങള്‍ തീരുമാനിക്കാന്‍ രണ്ടു ദിവസത്തെ യോഗം അഭിജിത് ദീപ്കെയുടെ വസതിയില്‍ നടന്നു. സൗരവ് ദാസിന്റെ വീട്ടിലേക്ക് ഓണ്‍ലൈന്‍ മീഡിയ അതിക്രമിച്ചു കയറിയ സംഭവത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

◾  കേരളത്തിലെ മഴക്കെടുതികളില്‍ രണ്ട് രക്ഷാപ്രവര്‍ത്തകര്‍ അടക്കം ഇതുവരെ 28 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മൂന്നു പേരെ കാണാതായി. ദുരന്തത്തില്‍ സംസ്ഥാനത്തെ 58 വീടുകള്‍ പൂര്‍ണ്ണമായും 687 വീടുകള്‍ ഭാഗികമായും തകര്‍ന്നു. അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകളിലായി ഇരുപത്തിയേഴായിരത്തോളം ആളുകളുണ്ട്.


◾  വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം. മാറ്റങ്ങള്‍ വരുത്തിയ ശേഷം 14 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റില്‍ രേഖപ്പെടുത്തണമെന്നതാണ് വ്യവസ്ഥയെന്നും വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ രേഖാമൂലം മറുപടി നല്‍കി.

◾  ഇന്നു മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മൂന്നു ദിവസം കൂടി ഓറഞ്ച് അലര്‍ട്ട് തുടരും. ഇന്ന് ഏഴു ജില്ലകളിലും നാളെ അഞ്ചു ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

◾  കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളില്‍ ഇന്നു രാത്രി 11.30 വരെ ഒരു മീറ്ററിലേറെ ഉയര്‍ന്ന തിരമാലകളും കടലാക്രമണവും ഉണ്ടാകുമെന്നു മുന്നറിയിപ്പ്.

◾  പുതിയ സംരംഭങ്ങള്‍ക്കും നിലവിലുള്ള സംരംഭങ്ങള്‍ക്കും 6 ശതമാനം പലിശനിരക്കില്‍ പരമാവധി 5 കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്‌സി) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പിന്റെ  ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ വായ്പാ വിതരണവും മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നു നിര്‍വഹിക്കും.

◾  ശബരിമല മില്‍മ നെയ്യ് അഴിമതി അന്വേഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥ സംഘത്തിന്റെ പട്ടിക സര്‍ക്കാര്‍ ഹൈക്കോടതിക്കു കൈമാറി. അന്വേഷണ സംഘം രൂപീകരിക്കാന്‍ പട്ടിക ഉടന തരണമെന്നു കോടതി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ സംഘത്തില്‍ വിജിലന്‍സിലെ അഞ്ച് ഇന്‍സ്പെക്ടര്‍മാരാണ് ഉള്ളത്. മേല്‍നോട്ടത്തിന് എസ് പിമാരായ ജുവനപ്പുടി മഹേഷ്, എം.ജെ സോജന്‍, ആര്‍ ബിനു എന്നിവരുടെ പേരുകളാണ് വിജിലന്‍സ് മേധാവി മനോജ് അബ്രഹാം നല്‍കിയത്. എസ്.ഐ.ടി തലവന്‍ ആരെന്ന് ഹൈക്കോടതി തീരുമാനിക്കും.


◾  ലക്ഷദ്വീപിലെ പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ലക്ഷദ്വീപില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം സര്‍ക്കാര്‍ വിലക്കുകയും സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തതു ചോദ്യം ചെയ്ത് ദ്വീപു നിവാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാനെന്ന പേരിലുള്ള സര്‍ക്കാരിന്റെ നടപടികള്‍ വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

◾  ആലപ്പുഴ ജില്ലയില്‍ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും ആണ് അവധി.

◾  പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്. ഡാമിലെ ജലനിരപ്പ് ക്രസ്റ്റ് ലെവലായ 419.40 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകള്‍ തുറന്നിട്ടുണ്ട്.

◾  മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് വര്‍ധിപ്പിക്കുമെന്ന തമിഴ്നാട് സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം. തമിഴ്നാട് സര്‍ക്കാറിന്റെ പ്രഖ്യാപനത്തില്‍ സംസ്ഥാനം പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.

◾  പ്ലാസ്റ്റിക് കുപ്പി തിരികെ വാങ്ങുന്ന പദ്ധതിയില്‍നിന്ന് ബീവറേജസ് കോര്‍പ്പറേഷന്‍ പിന്മാറി. ഇന്നു മുതല്‍ ബെവ്കോ പ്ലാസ്റ്റിക് കുപ്പി സ്വീകരിക്കില്ലെന്ന് ബെവ്‌കോ എം.ഡി ഉത്തരവിറക്കി. തിരുവനന്തപുരത്തും കണ്ണൂരിലുമായി 20 മദ്യശാലകളില്‍ കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയ പദ്ധതിയാണിത്. ബെവ്കോ മദ്യശാലകളിലെ ഷിഫ്റ്റ് സമ്പ്രദായവും നിര്‍ത്തലാക്കി.


◾  മംഗളൂരു ശ്രീനിവാസ കോളജില്‍ റാഗിംഗ് നടത്തിയതിന് സീനിയര്‍ വിദ്യാര്‍ത്ഥികളായ ആറു മലയാളികളെ പോലീസ് അറസ്റ്റു ചെയ്തു. രണ്ടു മലയാളി വിദ്യാര്‍ത്ഥികളെയാണ് ഇവര്‍ ആക്രമിച്ചത്. ഇവരെ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾  മലപ്പുറം എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. റേഷന്‍ വാങ്ങാന്‍ വന്ന ആദിവാസി കുടുംബങ്ങളുടെ മുന്നില്‍വച്ചാണ് അടി. ഡെപ്യൂട്ടി റേഞ്ചറടക്കം പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സതേടി. വൈകിവന്ന രണ്ടു ജീവനക്കാരുടെ അവധി ഹാജര്‍ ബുക്കില്‍ രേഖപ്പെടുത്തിയത് ചോദ്യംചെയ്തതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

◾  പെണ്‍വേഷം ധരിച്ച് യുവതിയെ കൊല്ലാനെത്തിയ അഞ്ചംഗസംഘം ഗുരുവായൂരില്‍ പിടിയിലായി. യുവതിയുടെ മുന്‍ കാമുകനായ തൊടുപുഴ മുട്ടം സ്വദേശികളായ ചോലമറ്റത്തില്‍ പ്രസാദ്, കൂട്ടുകാരായ ഒറ്റപ്ലാക്കല്‍ വീട്ടില്‍ ആദര്‍ശ്, തൈപ്പറമ്പില്‍ ബിനീഷ്, തേങ്ങില്‍ ഷാഹിദ്, കാരക്കുന്നേല്‍ സ്റ്റീഫന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. തൃശൂരില്‍ സ്പായില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിനിയെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.

◾  പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രി കെ മുരളീധരന് കൊടി പിടിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരണം നല്‍കിയതുമൂലം രോഗികള്‍ക്കുണ്ടായ ബുദ്ധിമുട്ടിനു മന്ത്രി മാപ്പു പറയണമെന്ന് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ പൊതിച്ചോര്‍ നല്‍കുന്നതിനെതിരെ ഉടവാള്‍ എടുത്ത കെ മുരളീധരന്‍ സ്വന്തം പരിവാരങ്ങളെക്കൊണ്ട് ആശുപത്രിയില്‍ മുദ്രാവാക്യം വിളിപ്പിച്ച് പുളകം കൊണ്ടെന്നും പരിഹസിച്ചു.

◾  തിരുവനന്തപുരം നഗരവും ടെക്സസിലെ മിസോറി സിറ്റിയും തമ്മില്‍ സഹോദരനഗര ബന്ധം സ്ഥാപിക്കാന്‍ ചര്‍ച്ചകളുമായി തിരുവനന്തപുരം മേയര്‍ വി.വി രാജേഷ്. മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ടുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നു രാജേഷ് അറിയിച്ചു.

◾  സംസ്ഥാനത്ത് സ്വര്‍ണ വില പവന് 2080 രൂപവര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,680 രൂപയായി ഉയര്‍ന്നു.

◾  72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 22ന് പുന്നമടക്കായലില്‍ നടക്കുന്ന വള്ളംകളിയുടെ ടിക്കറ്റുകള്‍ സര്‍ക്കാര്‍ ഓഫീസുകളിലും ഓണ്‍ലൈനായും വിവിധ നിരക്കുകളില്‍ ലഭ്യമാണ്.

◾  കാസര്‍കോട് പൊലീസുകാരനെ കാണാതായി. രാജപുരം പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ള സിവില്‍ പൊലീസ് ഓഫീസര്‍ ബേളൂര്‍ അട്ടേങ്ങാനം കപ്പണ സ്വദേശിയായ സാം സനല്‍ (27) നെ തിങ്കളാഴ്ച മുതലാണ് കാണാതായത്.

◾  കോഴിക്കോട് കട്ടിപ്പാറ അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്‌കരണ ഫാക്ടറിയായ ഫ്രഷ് കട്ട് അടച്ചു പൂട്ടാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ്. ജനങ്ങളുടെ പരാതികളും പരിസ്ഥിതി പ്രശ്നങ്ങളും നിലനില്‍ക്കുന്നതിനാല്‍ ഫാക്ടറി വേഗം അടച്ചുപൂട്ടണമെന്നാണ് ഉത്തരവ്.

◾  തിരുവനന്തപുരം ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം. തുടര്‍ന്ന് ബസ് കെട്ടിടത്തില്‍ ഇടിച്ചുനിന്നു. ഹൃദയാഘാതമുണ്ടായ ഡ്രൈവര്‍ മുരളീധരന്‍ മരിച്ചു.

◾  തൃശ്ശൂര്‍ ചെറുതുരുത്തിയില്‍ ഹോട്ടല്‍ മുറിയില്‍ സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു. നൃത്താധ്യാപികയായ മലപ്പുറം സ്വദേശിനി ധനലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. വിവാഹത്തിന് നിര്‍ബന്ധിച്ചതു ചെറുത്ത സുഹൃത്ത് വിഗീഷിനെ പോലീസ് തെരയുന്നു.

◾  വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആര്‍എ ഭേദഗതി ബില്‍ തിരക്കിട്ട് രണ്ടു ദിവസത്തിനകം പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ നീക്കം. ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്തേക്കും. പ്രതിപക്ഷ ബഹളത്തിനിടയിലും ബില്‍ പാസാക്കിയെടുക്കാനാണു ശ്രമം. മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലും ഈ സമ്മേളനത്തില്‍ കൊണ്ടുവരാനിരുന്നതാണെങ്കിലും മാറ്റിവച്ചേക്കും.

◾  കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ ഉള്ളടക്കം, ഡീപ്ഫേക്ക് ഉള്ളടക്കം, പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനങ്ങളിലെ പിഴവുകള്‍ തുടങ്ങിയവയ്ക്കു മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പാര്‍ലമെന്റ് സമിതിയോട് ക്ഷമാപണം നടത്തി. പ്രത്യേകതരം ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കാന്‍ പണം വാങ്ങിയതായി മെറ്റ സമ്മതിച്ചു. അതേസമയം, പ്രധാനമന്ത്രിയുടെ വീഡിയോ നീക്കംചെയ്തതിനു ക്ഷമാപണം നടത്തിയില്ല.

◾  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് മാപ്പ് പറയണമെന്ന് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാര്‍ലമെന്ററി സമിതി. ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യം.

◾  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കംചെയ്തതില്‍ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിനോട് മാപ്പ് പറഞ്ഞ് മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥന്‍. മെറ്റ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറായ ജോയല്‍ കാപ്ലാനാണ് മന്ത്രി അശ്വിനി വൈഷ്ണവിനോട് ക്ഷമാപണം നടത്തിയത്.

◾  ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്റെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരേ നിരാഹാരം സമരം നടത്തുന്ന വിദ്യാര്‍ഥി നേതാവ് ദേവേന്ദ്രനാഥ് മഹ്തോ നാലാം ദിവസം വെള്ളം കുടിച്ചു. ആക്ടിവിസ്റ്റായ സോനം വാങ്ചുക്കിന്റെ അഭ്യര്‍ഥന പ്രകാരമാണ് മഹ്തോ വെള്ളം കുടിക്കാന്‍ തയ്യാറായത്. അതേസമയം, നിരാഹാരസമരവും സത്യഗ്രഹവും തുടരുമെന്നും മഹ്തോ വ്യക്തമാക്കി.

◾  കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ടിവി സോമനാഥന്റെയും ആഭ്യന്തര സെക്രട്ടറി ഗോവിഡ് മോഹന്റെയും സേവന കാലാവധി  ഒരു വര്‍ഷം കൂടി  മോദി സര്‍ക്കാര്‍ നീട്ടി. ഈ മാസം വിരമിക്കാനിരിക്കെയാണ് കേന്ദ്ര നടപടി.

◾  മണിപ്പൂര്‍ അതിര്‍ത്തിയിലെ ദശകങ്ങളായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും മ്യാന്മാറും തമ്മില്‍ ഭൂമി കൈമാറ്റ  ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. അതിര്‍ത്തിയില്‍ തര്‍ക്കങ്ങള്‍ ഇനിയും തീര്‍പ്പാക്കാനുള്ള ചില മേഖലകളുണ്ടെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍.

◾  ജഡ്ജിമാരുടെ നിയമന നടപടികളില്‍ സുതാര്യതയില്ലെന്ന് രാജ്യസഭാംഗം ഹാരിസ് ബീരാന്‍. രാജ്യത്തെ മികച്ച അഭിഭാഷകരെ ജുഡീഷ്യറിയിലേക്ക് ആകര്‍ഷിക്കാന്‍ ജഡ്ജിമാരുടെ പ്രതിമാസ ശമ്പളം 20 ലക്ഷം രൂപയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ഉയര്‍ത്തല്‍ ഭേദഗതി ബില്‍ ചര്‍ച്ചയില്‍ സസാരിക്കുകയായിരുന്നു അദ്ദേഹം.

◾  എയര്‍ഇന്ത്യയുടെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും  മാനേജിങ് ഡയറക്ടറുമായി ടിവോള്‍ഡെ ഗെബ്രേമറിയത്തെ നിയമിച്ചു. ഏത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ മുന്‍ സിഇഒയാണ്. നാലുവര്‍ഷത്തോളം എയര്‍ഇന്ത്യയുടെ സിഇഒയായിരുന്ന കാംപ്ബെല്‍ വില്‍സണ്‍ അടുത്തിടെ പദവി ഒഴിഞ്ഞിരുന്നു.

◾  നിക്ഷേപത്തട്ടിപ്പു കേസിലെ പിടികിട്ടാപ്പുള്ളിയായ യുവതിയെ വിദേശത്തുനിന്ന് നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്ത 88 കോടിയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതിയായ വിശാഖ റാത്തോഡിനെയാണ് യുഎഇയില്‍നിന്ന് നാടുകടത്തിച്ച് പൂണെ വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തത്.

◾  പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഹരിയാനയിലെ ഫരീദാബാദില്‍ സ്‌കൂള്‍ വരാന്തയില്‍ അധ്യാപികയെ കുത്തികൊലപ്പെടുത്തി. സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന സന്ധ്യ കാര്‍ഹാനയാണ് കൊല്ലപ്പെട്ടത്. പ്രതിയായ 21 കാരന്‍ അമിത് പൊലീസിന്റെ പിടിയിലായി.

◾  ഇന്ത്യയിലിരുന്ന് ബംഗ്ലാദേശ് ജനതയെ അഭിസംബോധന ചെയ്ത് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലേക്ക് തിരികെ പോകുന്ന സമയവും തീയതിയും എല്ലാവരെയും അറിയിക്കുമെന്നും ഡിസംബറില്‍ തിരികെ പോകുമെന്നും അവര്‍ പറഞ്ഞു. താന്‍ ബംഗ്ലാദേശിന്റെ ഭാഗമാണെന്നും വിദൂരത്തിരുന്ന് രാജ്യത്തെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ കാണുന്നുവെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

◾  ഡാനിഷ് രാജകുടുംബത്തിലെ ഇസബെല്ല രാജകുമാരി സൈനികസേവനത്തിന് ഇറങ്ങിത്തിരിച്ചു. 19 കാരിയായ ഇസബെല്ല രാജകുമാരി 11 മാസം നീളുന്ന സൈനികസേവനമാണ് ആരംഭിച്ചത്.

◾  പൊതുമേഖലാ എണ്ണ-വാതക കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ ലാഭം 112 ശതമാനം ഉയര്‍ന്ന് 17,034 കോടിയിലെത്തി. വരുമാനം 45.2 ശതമാനം വര്‍ധിച്ച് 46,460 കോടിയായി. പുതിയ ഗ്യാസ് കിണറുകളില്‍ നിന്നുള്ള വരുമാനം 3,998 കോടി രൂപയിലെത്തി. പുതിയ എണ്ണ കിണറുകളില്‍ നിന്നുള്ള ഗ്യാസ് കമ്പനിക്ക് 1,897 കോടിയുടെ അധിക വരുമാനം നല്‍കി. ഒരു ബാരല്‍ ക്രൂഡ് ഓയിലിന് ലഭിച്ച ശരാശരി വില മുന്‍വര്‍ഷത്തെ 66.13 ഡോളറില്‍ നിന്ന് 50.4 ശതമാനം വര്‍ധിച്ച് 99.45 ഡോളറായി. സംയുക്ത സംരംഭങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയിലിന് ലഭിച്ച വില ബാരലിന് 103.34 ഡോളറായും ഉയര്‍ന്നു. ആദ്യപാദത്തില്‍ ഒഎന്‍ജിസിയുടെ അസംസ്‌കൃത എണ്ണ ഉല്‍പാദനം 5.5 ശതമാനം കുറഞ്ഞ് 4.95 ദശലക്ഷം ടണ്ണായി. പ്രകൃതിവാതക ഉല്‍പാദനം രണ്ട് ശതമാനം ഇടിഞ്ഞ് 4.851 ബില്യണ്‍ ക്യൂബിക് മീറ്ററിലെത്തി.

◾  ലോകത്തെ പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയില്‍ നിന്ന് ഫണ്ടിങ് നേടി ഇന്ത്യയിലെ നിര്‍മിതബുദ്ധി കമ്പനിയായ സര്‍വ്വം എഐ. ട്രില്യണ്‍ പാരാമീറ്റര്‍ എഐ മോഡല്‍ നിര്‍മ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് കമ്പനി ഈ നേട്ടം കൈവരിക്കുന്നത്. ഓപ്പണ്‍എഐ, ആന്ത്രോപിക് തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കൊപ്പം എഐ മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ ഈ നിക്ഷേപം സര്‍വം എഐയ്ക്ക് പിന്തുണ നല്‍കിയേക്കും. സര്‍വം എഐയുടെ പുതിയ സീരീസ് ബി റൗണ്ട് 75 മില്യണ്‍ ഡോളറിന്റെ (ഏകദേശം 700 കോടി രൂപ) മൂല്യമുള്ളതാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിലെ പ്രധാന നിക്ഷേപകരില്‍ ഒന്നാണ് എന്‍വിഡിയ. കൃത്യമായ നിക്ഷേപം എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്‍വിഡിയയില്‍ നിന്ന് ഫണ്ടിങ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് സര്‍വം എന്ന് കമ്പനി പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യ എഐ മിഷന്റെ ഭാഗം കൂടിയാണ് സര്‍വം.

◾  പൂര്‍ണ്ണമായും ഐമാക്സില്‍ ചിത്രീകരിക്കുന്ന ആദ്യ ഇംഗ്ലീഷ് ഇതര ചിത്രമായിരിക്കും 'വാരണാസി'യെന്ന് രാജമൗലി. സിനിമയുടെ 80 ശതമാനം ഭാഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞു. മഹേഷ് ബാബു നായകനാവുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്രയാണ് നായിക. പ്രതിനായകന്‍ പൃഥ്വിരാജ് സുകുമാരനാണ്. 512 സിഇ മുതല്‍ 2071 വരെ നീളുന്ന കാലഘട്ടമാണ് ഈ ചിത്രം. പേര് പോലെ തന്നെ വാരണാസി നഗരത്തിന്റെ കഥയാണിത്. ഈ നഗരത്തിന്റെ ഭാവിക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ട് ഒരു ഭീമന്‍ ഛിന്നഗ്രഹം വരികയാണ്. ശിവഭക്തനായ രുദ്ര എന്ന കഥാപാത്രത്തെയാണ് മഹേഷ് ബാബു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതിന് പുറമെ ഒരു പ്രത്യേക സീക്വന്‍സില്‍ ശ്രീരാമനായും മഹേഷ് ബാബു സ്‌ക്രീനില്‍ എത്തും. ഓസ്‌കര്‍ ജേതാവായ സംഗീത സംവിധായകന്‍ എം എണ്‍ കീരവാണി രാജമൗലിക്കൊപ്പം വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.

◾  നീരജ് മാധവിനെ നായകനാക്കി ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത 'പ്ലൂട്ടോ' എന്ന ചിത്രത്തിലെ മറ്റൊരു ഗാനം കൂടി പുറത്തെത്തി. 'തിങ്കള്‍ നോക്കാതെ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുത്തുവാണ്. അര്‍ക്കാഡോയുടേതാണ് സംഗീതം. മറിലിന്‍ ജിയോമിയാണ് ആലപിച്ചിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അല്‍ത്താഫ് സലിം ഏലിയനായി എത്തുന്നു. അജു വര്‍ഗീസ്, ആര്‍ഷ ബൈജു തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ഇവരെ കൂടാതെ സുബിന്‍ ടാര്‍സന്‍, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, നിഹാല്‍ നിസാം, സഹീര്‍ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിന്‍, തുഷാര പിള്ള, വിപിന്‍ അറ്റ്‌ലി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

◾  സ്വരസാഹിതി സംഗീത സാഹിത്യവേദി സാംസ്‌കാരിക കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷികവും 'എങ്ങനെ ഞാന്‍ മറക്കും' അടക്കം എട്ടു പുസ്തകങ്ങളുടെ പ്രകാശനവും ഓഗസ്റ്റ് 16 നു തൃശൂര്‍ എഴുത്തച്ഛന്‍ ഹാളില്‍ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. കവര്‍ പേജ് പ്രകാശനം ഗ്രൂപ്പ് അഡ്മിനും പുസ്തകത്തിന്റെ എഡിറ്ററുമായ ഗീതാഞ്ജലി തൃശൂര്‍ പ്രസ് ക്ലബില്‍ നിര്‍വഹിച്ചു.

◾  പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ മാക്‌സി സ്‌കൂട്ടറായ സൂം 160 മോഡലിന്റെ വില കുറഞ്ഞ പതിപ്പ് ഇറക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ സൂം 160 മാക്‌സി സ്‌കൂട്ടര്‍ നിലവില്‍ ഒരൊറ്റ വേരിയന്റില്‍ മാത്രമാണ് ലഭ്യമായത്. വില കുറഞ്ഞ വിഎക്‌സ് വേരിയന്റ് ആയിരിക്കും പുതുതായി പുറത്തിറക്കുക. കീലെസ് സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റം, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, ടേണ്‍- ബൈ- ടേണ്‍ നാവിഗേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ഒഴിവാക്കിയേക്കാം. വി എക്‌സ് മോഡലില്‍ ചെലവ് കുറഞ്ഞ കംബൈന്‍ഡ് ബ്രേക്കിങ് സിസ്റ്റം ഉണ്ടാവാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. 14.6 ബിഎച്ച്പി കരുത്തും 14 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 156 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. നിലവിലെ വേരിയന്റിന് 1.43 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇതില്‍ താഴെയായിരിക്കും പുതിയ വേരിയന്റിന് വില.

◾  ജാപ്പനീസ് സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരന്റെ കൃതി. ജാപ്പനീസ് സമൂഹത്തിലെ കുടുംബബന്ധങ്ങളില്‍ സംഭവിച്ച മാറ്റങ്ങളെയും പാശ്ചാത്യസ്വാധീനംകൊണ്ടുണ്ടായ വൈകാരികപരിണാമങ്ങളെയും ജൂനിചിറോ തനിസാകി അപഗ്രഥനത്തിനു വിധേയമാക്കുന്നു. ലൈംഗികതൃഷ്ണകളെ വായനക്കാരെ ഞെട്ടിക്കുന്ന വിധത്തില്‍ അതിസൂക്ഷ്മമായ വിധത്തില്‍ അനാവരണം ചെയ്ത്, അവ വിനാശകരമായ അത്യാസക്തിയിലേക്കു നീങ്ങുന്നതിന്റെ ചിത്രീകരണങ്ങള്‍ അവതരിപ്പിക്കുന്നു. രതിയെ അശ്ലീലത്തിന്റെ തലത്തില്‍ എത്താതെ കാമവികാരത്തിന്റെ ഉദാത്തതയായി ചിത്രീകരിക്കുന്ന നോവല്‍. 'താക്കോല്‍'. പരിഭാഷ - കെ.കുഞ്ഞിക്കൃഷ്ണന്‍. മാതൃഭൂമി. വില 187 രൂപ.

◾  പതിവായി മൂന്നോ നാലോ മണിക്കൂറുകള്‍ മാത്രം ഉറങ്ങിയ ശേഷമുള്ള വ്യായാമം ആരോഗ്യത്തെ ദോഷമായി ബാധിക്കുമെന്ന് പഠനം. രാത്രി ആറ് മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നവരില്‍ പേശികള്‍ക്ക് 60 ശതമാനം വരെ ബലക്കുറവുണ്ടാക്കുമെന്ന് ചിക്കാഗോ സര്‍വകലാശാല ഗവേഷകരുടെ പഠനത്തില്‍ കണ്ടെത്തി. ഉറക്കമില്ലായ്മ ഊര്‍ജോല്‍പാദനം, ശാരീരികക്ഷമത എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. ഇത് മൂലമുള്ള ക്ഷീണം വ്യായാമത്തിന്റെ തീവ്രതയും കുറയ്ക്കുന്നു. ഇത് പേശികളുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും കൂടുതല്‍ തടസമാകുന്നു. ഇതിനൊപ്പം മെറ്റബോളിസത്തെ തകരാറിലാക്കുകയും ചെയ്യുന്നു. നമ്മള്‍ ഗാഢനിദ്രയിലായിരിക്കുമ്പോഴാണ് ശരീരത്തിനുള്ളിലെ അറ്റകുറ്റപണികള്‍ നടക്കുന്നത്, പ്രത്യേകിച്ച് പേശികളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതും പുതിയ പേശികള്‍ വളരുന്നതും. ഈ സമയത്ത് ശരീരം ഗ്രോത്ത് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നു. ഈ ഹോര്‍മോണ്‍ പ്രോട്ടീന്‍ സംശ്ലേഷണത്തെ ഉത്തേജിപ്പിക്കുകയും പേശികളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഉറക്കം പതിവായി കുറയുന്നതോടെ, ഈ പ്രധാനപ്പെട്ട ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയുന്നു. മതിയായ ഉറക്കമില്ലെങ്കില്‍, പേശികളുടെ വീണ്ടെടുക്കല്‍ മന്ദഗതിയിലാകുകയും കാലക്രമേണ പേശീവളര്‍ച്ച കുറയുകയും ചെയ്യുന്നു. ഉറക്കം കുറയുമ്പോള്‍ സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കുന്നു. ഈ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ശരീരത്തില്‍ കൂടുതല്‍ പേശികള്‍ നഷ്ടപ്പെടാനും പുതിയ പേശികള്‍ രൂപപ്പെടുന്നത് കുറയാനും ഇടവരുത്തുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ തന്റെ പരീക്ഷണശാലയിലെ ഒരു ജാറില്‍ വെള്ളം നിറച്ച് കുറച്ച് എലികളെ അതിലിട്ടു.  15 മിനിറ്റിനുള്ളില്‍ അവയെല്ലാം മുങ്ങിമരിച്ചു.  വീണ്ടും കുറച്ച് എലികളുമായി അദ്ദേഹം തന്റെ പരീക്ഷണം ആവര്‍ത്തിച്ചു.  പക്ഷേ, ഇത്തവണ കുറച്ച് വ്യത്യാസമുണ്ടായിരുന്നു.  മുങ്ങിച്ചാവാന്‍ തുടങ്ങിയ എലികളെ രക്ഷപ്പെടുത്തി ഭക്ഷണവും ചൂടും നല്‍കി വീണ്ടും വെള്ളത്തിലേക്ക് ഇട്ടു. ഒരു 20 മിനിറ്റെങ്കിലും അവ പിടിച്ചുനില്‍ക്കുമെന്നായിരുന്നു അദ്ദേഹം കരുതിയത്. പക്ഷേ, അദ്ദേഹത്തിന്റെ നിഗമനത്തെ തെററിച്ച് അവ 3 മണിക്കൂറോളം പിടിച്ചുനിന്നു. മുന്‍പത്തേതുപോലെ ആരെങ്കിലും രക്ഷപ്പെടുത്തുന്നതുവരെ മരണത്തിന് കീഴടങ്ങരുതെന്ന് അവ ആഗ്രഹിച്ചിരുന്നു.  പ്രതീക്ഷ ഒരു മൃദുലമായ വികാരം മാത്രല്ല. അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുളള ഒരു ഒറ്റമൂലികൂടിയാണ്.  പുറത്തുകടക്കാനാകും, വെറുതെ വിട്ടുകൊടുക്കണ്ട, ഏതെങ്കിലും ഒരു മാര്‍ഗ്ഗം കാണാതിരിക്കില്ല.. തുടങ്ങിയ ചിന്തകള്‍ വരുമ്പോള്‍ തങ്ങളകപ്പെട്ട കയത്തില്‍ നിന്നും ഏതുവിധേനയും പുറത്ത് കടക്കാന്‍ നാം ശ്രമിക്കും.. അസാധ്യമായതെങ്കിലും അവസാന നിമിഷം വരെ പോരാട്ടവീര്യം നിലനിര്‍ത്തും.. എന്നാല്‍ നിരാശയാകട്ടെ നശീകരണ ശേഷികൂടിയവയാണ്.  അത് നമ്മെ അവസാനത്തെ പിടിവള്ളിയെപോലും അവഗണിക്കാന്‍ പ്രേരിപ്പിക്കും..  ആശാവഹമായ ഒന്നുമില്ലാതെ വരുമ്പോഴാണ് നാം ജീവിതത്തില്‍ തോറ്റുകൊടുക്കുന്നത്.. പ്രതീക്ഷ ഒരു പിടിവള്ളിയാണ്.. കുറുച്ചുകൂടി കാലം മനുഷ്യന് ജീവിക്കാന്‍ ശേഷി നല്‍കുന്ന പിടിവളളി.. - ശുഭദിനം.
Previous Post Next Post
3/TECH/col-right