Trending

ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാൻ സർക്കാർ തീരുമാനം; ജനകീയ പോരാട്ടത്തിന്റെയും ഇടപെടലുകളുടെയും വിജയം – പി.കെ. ഫിറോസ് എം.എൽ‍.എ.

താമരശ്ശേരി: കൊടുവള്ളി നിയോജകമണ്ഡലത്തിലെ താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി ഗ്രാമപഞ്ചായത്തുകളെയും തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെയും വർഷങ്ങളായി ഗുരുതരമായി ബാധിച്ചിരുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാൻ സർക്കാർ തീരുമാനമെടുത്തതായി പി.കെ. ഫിറോസ് എം.എൽ‍.എ അറിയിച്ചു.

ജനങ്ങളുടെ വർഷങ്ങളായുള്ള ശക്തമായ സമരങ്ങളുടെയും വിവിധ ഘട്ടങ്ങളിലുണ്ടായ ഇടപെടലുകളുടെയും തുടർച്ചയായാണ് സർക്കാർ ഈ തീരുമാനത്തിലെത്തിയതെന്ന് പി.കെ. ഫിറോസ് എം.എൽ‍.എ പറഞ്ഞു. നിയമസഭയിലെ തന്റെ പ്രഥമ സബ്മിഷനിലൂടെ കരിമ്പാലംകുന്ന് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന ഗുരുതരമായ പരിസ്ഥിതി-ആരോഗ്യ പ്രശ്നങ്ങൾ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതായും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പ്ലാന്റിനുള്ളിൽ വെള്ളം കയറി സൂക്ഷിച്ചിരുന്ന കോഴിമാലിന്യം സമീപ പുഴയിലേക്ക് ഒഴുകിപ്പോകുന്ന ഗുരുതര സാഹചര്യമുണ്ടായി. ഇതേത്തുടർന്ന് പ്ലാന്റ് നേരിട്ട് സന്ദർശിച്ച എം.എൽ‍.എ ജില്ലാ കളക്ടറോട് അടിയന്തരമായി സ്റ്റോപ്പ് മെമ്മോ നൽകാൻ ആവശ്യപ്പെടുകയും വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്ലാന്റ് അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

കൊടുവള്ളി നിയോജകമണ്ഡലത്തിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെയും തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെയും നൂറുകണക്കിന് കുടുംബങ്ങളാണ് പ്ലാന്റിൽ നിന്നുള്ള ദുർഗന്ധവും മലിനീകരണവും കാരണം വർഷങ്ങളായി ദുരിതമനുഭവിച്ചിരുന്നത്. ദൈനംദിന ജീവിതം ദുസ്സഹമാകുന്നതോടൊപ്പം വിവിധ ആരോഗ്യപ്രശ്നങ്ങളും പ്രദേശവാസികൾ നേരിടുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്.

മുൻ എം.എൽ‍.എ ഡോ. എം.കെ. മുനീറിന്റെ നേതൃത്വത്തിലും ഈ വിഷയത്തിൽ നിയമസഭയിലും വിവിധ സർക്കാർ തലങ്ങളിലും പരാതി ഉന്നയിക്കുകയും നിരവധി സമരപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ന് സർക്കാർ അനുകൂല നടപടി സ്വീകരിച്ചിരുന്നില്ല. പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ നിരവധി ആളുകൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യവും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വർഷങ്ങളായി ഒരു ജനത അനുഭവിച്ച ദുരിതത്തിന് അറുതിവരുത്തുന്ന തീരുമാനമാണ് സർക്കാർ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നതെന്നും ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നടപടിയായാണ് ഇതിനെ കാണുന്നതെന്നും പി.കെ. ഫിറോസ് എം.എൽ‍.എ പറഞ്ഞു.
Previous Post Next Post
3/TECH/col-right