എളേറ്റിൽ: കിഴക്കോത്ത്
പഞ്ചായത്ത് ഒന്നാം വാർഡിലെ
എളേറ്റിൽ വട്ടോളി പുതുശ്ശേരി ചാലിൽ സുലൈമാന് തന്റെ വീട്ടിലേക്ക് എത്താൻ ദുരിത വഴി. ചെറുപ്പത്തിൽ തന്നെ പോളിയോ രോഗം ബാധിച്ച് ശരീരം അരയ്ക്ക് താഴെ ഭാഗികമായി തളർന്ന സുലൈമാന് കിഴക്കോത്ത് പഞ്ചായത്ത് നൽകിയ മുച്ചക്ര വാഹനമുണ്ടെങ്കിലും അതുപയോഗിച്ച് വീട്ടിലേക്കെത്താൻ
റോഡില്ല.
30 വർഷമായി സുലൈമാൻ ഈ വീട്ടിൽ താമസം തുടങ്ങിയിട്ട്. പൊതു റോഡിൽ നിന്ന് ഏകദേശം 200 മീറ്റർ ദൂരം താണ്ടണം വീട്ടിലേക്ക് എത്താൻ. നിലവിൽ 100 മീറ്ററോളം സ്വകാര്യ വ്യക്തികൾ നിർമിച്ച റോഡിൽ കൂടെയാണ് താത്കാലികമായി യാത്ര ചെയ്യുന്നത്. സ്വകാര്യ വ്യക്തികളുടെ റോഡിൽ ഇദ്ദേഹത്തിന്റെ മുച്ചക്ര വാഹനം സുഖമായി പോകുന്നതിന് ബുദ്ധിമുട്ടായപ്പോൾ കോൺക്രീറ്റ് അടക്കം റോഡ് ഉടമകൾ ചെയ്തു നൽകിയിട്ടുമുണ്ട്. റോഡില്ലാത്ത 100 മീറ്റർ ദൂരം സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ താത്കാലികമായി പടവുകളടക്കം നിരങ്ങി നീങ്ങിയാണ് 60വയസ്സുള്ള സുലൈമാൻ യാത്ര ചെയ്യുന്നത്.
സമീപത്തെ സ്ഥലം ഏറ്റെടുത്ത് മുച്ചക്ര വാഹനത്തിൽ സഞ്ചരിക്കാൻ കഴിയുന്ന വഴിയൊരുകണമെന്നാണ് ആവശ്യം. ഭാര്യയും രണ്ട് മക്കളുമുള്ള സുലൈമാന്
കാര്യമായ വരുമാന മാർഗവുമില്ല. എളേറ്റിൽ ബസ്റ്റാൻഡിൽ കുടയും, ചെരിപ്പുകളും റിപ്പയർ ചെയ്ത് കിട്ടുന്ന തുകയായിരുന്നു വരുമാന മാർഗം. സുലൈമാന് മുച്ചക്ര വാഹനം ഉപയോഗപ്പെടുത്തി വീട്ടിലേക്ക്
എത്താൻ വഴി ലഭ്യമാക്കാൻ ശ്രമം നടത്തിവരികയാണെന്ന് വാർഡ് മെംബർ വി.എം.മനോജ് പറഞ്ഞു.
Tags:
ELETTIL NEWS