2026 ജൂലൈ 8, ബുധന്‍
1201 മിഥുനം 24, രേവതി
1448 മുഹർറം 22
◾ വയനാട് മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചു. തുരങ്ക പാത എന്‍ജിനിയര്‍ അടക്കം അഞ്ചു പേരെ കാണാതായി. മരിച്ച മൂന്നുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലുള്ള രണ്ടു സംഘം രക്ഷാപ്രവര്‍ത്തനം രാത്രിയിലും തുടര്‍ന്നു. മന്ത്രിമാരായ ടി സിദ്ദിഖ്, എ പി അനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഹെലികോപ്റ്റര്‍ മാര്‍ഗം ദുരുന്ത സ്ഥലത്തെത്തും. ഇന്നലെ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
◾ തുരങ്കപാത നിര്‍മാണത്തിന്റെ മണ്ണ് കനത്ത മഴയില്‍ കുതിര്‍ന്ന് നിരങ്ങി നീങ്ങിയതാണ് അപകട കാരണം. മണ്ണു നീക്കം ചെയ്യണമെന്ന് മരാമത്തു വകുപ്പും ജില്ലാ കളക്ടറും വളരെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മണ്ണു നീക്കം ചെയ്യാതെ മണ്ണിനു മുകളില്‍ വലിയ ടാര്‍പായ വിരിക്കുകയാണു കരാറുകാര്‍ ചെയ്തത്. പരിസരത്തുള്ള കുടുംബങ്ങളിലെ 142 പേരെ മേപ്പാടി പോളിടെക്നികിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റിപാര്‍പ്പിച്ചു. മീനാക്ഷി എസ്റ്റേറ്റില്‍ നിന്നുള്ള 21 കുടുംബങ്ങളെ ചുളിക്ക ജിഎല്‍പി സ്‌കൂളിലേക്ക് മാറ്റി. മേപ്പാടി പൊലീസ് കേസെടുത്തു.
◾ മേപ്പാടി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുണ്ടെന്നും പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും പിണറായി പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ സി പി എം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
◾ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരോട് അഗാധമായ ദുഃഖം അറിയിച്ച് പ്രിയങ്കാഗന്ധി എംപി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും അവര്‍ അറിയിച്ചു.
◾ അശാസ്ത്രീയമായി വന്‍തോതില്‍ മണ്ണ് തള്ളിയതിന്റെ ഉത്തരവാദിത്തം ഒരു കരാറുകാരന്റെ തലയില്‍ കെട്ടിവെച്ച് സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനും കൈകഴുകാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ നിയമന തട്ടിപ്പ് വിവരങ്ങള്‍ പുറത്തു വന്നതിന് പിറകേ ന്യായീകരണവുമായി പി എസ് സി. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും സ്വതന്ത്രവും സുതാര്യവും ഭരണഘടനാധിഷ്ഠിതവുമാണെന്നും ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും പിഎസ് സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
◾ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ അഴിമതി തെളിഞ്ഞാല്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ അന്വേഷണം നടത്താവുന്ന രീതിയിലേക്ക് വിജിലന്‍സ് ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കു യൂണിഫോം നല്‍കും. ഡയറക്ടര്‍ക്ക് പരമാധികാരം നല്‍കുന്ന പുതിയ വിജിലന്‍സ് മാനുവല്‍ ഇന്ന് ആഭ്യന്തരമന്ത്രി പുറത്തിറക്കും.
◾ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വസതിക്കു മുന്നില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ എത്തി വീടിന്റെയും പരിസരങ്ങളുടേയും ഫോട്ടോകളെടുത്തു മടങ്ങി. പാതിരിയാട് വില്ലേജ് ഓഫീസറേയും കൂട്ടിയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.
◾ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറിനെ മാറ്റി. പകരം പ്രൊഫ. എംവി രാജേഷിനാണ് നിയമനം. ഐഎച്ച്ആര്‍ഡിക്ക് കീഴിലെ പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലെ പ്രിന്‍സിപ്പലാണ് രാജേഷ്. മൂന്ന് വര്‍ഷം മുമ്പാണ് അരുണ്‍കുമാറിന് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ചുമതല നല്‍കിയത്. അരുണ്‍കുമാറിന്റെ നിയമനം ചോദ്യം ചെയ്ത് നേരത്തെ നിരവധി പരാതികള്‍ ഹൈക്കോടതിയിലെത്തിയിരുന്നു.
◾ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കാന്‍ മാറ്റി.
◾ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയില്‍ ഐ എന്‍ ടി യു സി നേതാവ് ആര്‍ ചന്ദ്രശേഖരനടക്കമുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ സര്‍ക്കാറിന്റെ പുതിയ ഉത്തരവ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ പോകാനുള്ള സര്‍ക്കാറിന്റെ അവകാശം നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ ഉത്തരവ് സമര്‍പ്പിച്ചത്.
◾ തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. അനുമതിയും ഈ അദ്ധ്യയന വര്‍ഷം പ്രവേശനം നടത്താനുള്ള ഇടപെടലും വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ആരോഗ്യമന്ത്രി കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.
◾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്‍ ചുമതലയേറ്റു.
◾ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് സൈബര്‍ പൊലീസ്. ബിജെപിക്ക് അനുകൂലമായി എകെ ആന്റണി പ്രസ്താവന നടത്തി എന്നായിരുന്നു പ്രചാരണം.
◾ കൊച്ചിയിലെ രാത്രികാല ഡിജെ പാര്‍ട്ടികള്‍ക്കെതിരെ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡിജെയുടെ മറവില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നുവെന്നും 2023 മുതല്‍ 27 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. ഹൈഡ്രോപോണിക് കഞ്ചാവുമായി യുവതി കസ്റ്റംസിന്റെ പിടിയിലായി. ബാങ്കോക്കില്‍ നിന്ന് കൊച്ചിയിലെത്തിയ തൃശൂര്‍ കോട്ടപ്പുറം സ്വദേശിനി റിച്ചി ആന്റണിയാണ് അറസ്റ്റിലായത്.
◾ തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് പ്രസിഡണ്ട് വെള്ളനാട് ശശിക്കെതിരേ കേസ്. വീടിന്റെ മതില്‍ കെട്ടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വീട്ടുമസ്ഥന്റെ കൈ തല്ലിയൊടിച്ചെന്നാണ് കേസ്.
◾ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ വിജയം ചോദ്യം ചെയ്തുള്ള തെരഞ്ഞെടുപ്പ് ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കായിക മന്ത്രി ആദവ് അര്‍ജുനയുടെ വില്ലിവാക്കം മണ്ഡലത്തില്‍ നിന്നുള്ള വിജയത്തെ ചോദ്യം ചെയ്ത ഹര്‍ജിയും കോടതി ഫയലില്‍ സ്വീകരിച്ചു.
◾ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യവില്‍പ്പനശാലകളിലെ ജീവനക്കാര്‍ക്ക് 25 ശതമാനം ശമ്പളവര്‍ദ്ധന പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഔദ്യോഗിക വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്നതും അഴിമതിയും പൂര്‍ണ്ണമായി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
◾ അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തില്‍ കാണിക്ക എണ്ണുന്ന ജീവനക്കാര്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്തി. നീല യൂണിഫോമിനൊപ്പം പോക്കറ്റില്ലാത്ത ഗൗണ്‍ ധരിച്ചു മാത്രമേ ഇനി കാണിക്ക എണ്ണാവൂ. എണ്ണുന്നതിന് മുന്‍പും ശേഷവും ദേഹപരിശോധന ഉണ്ടാകും. ഇടവേളക്ക് ഇറങ്ങിയാലും പരിശോധന നടത്തും. വസ്ത്രങ്ങള്‍ മാറുന്നതിന് പ്രത്യേകം മുറി സജ്ജമാക്കി. നിരീക്ഷണത്തിന് കൂടുതല്‍ സുരക്ഷ ജീവനക്കാരെയും നിയോഗിച്ചു.
◾ മെഡിക്കല്‍ കോളേജുകളിലെ സിസിടിവികള്‍ കേന്ദ്ര നെറ്റ്വര്‍ക്കുമായി ബന്ധിപ്പിക്കണമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അന്ത്യശാസനം. രാജ്യത്തെ 70 മെഡിക്കല്‍ കോളേജുകള്‍ക്കാണ് കര്‍ശന നിര്‍ദേശം നല്‍കിയത്. ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസവും ചികിത്സാ രംഗവും നിയന്ത്രിക്കുന്ന പരമോന്നത സമിതിയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍.
◾ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. സി.ജെ.പി. സ്ഥാപകന്‍ അഭിജിത് ദീപ്‌കെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ വിധി പ്രസ്താവിച്ചത്. നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായാണു എക്കൗണ്ട് മരവിപ്പിച്ചത്.
◾ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍വരുന്ന 15 ന് വിദേശ മദ്യത്തിന്റെ വില കുറയും. വിസ്‌കിയുടെയും ജിന്നിന്റെയും നിലവിലെ ഇറക്കുമതി തീരുവയായ 150 ശതമാനത്തില്‍ നിന്ന് തുടക്കത്തില്‍ 75 ശതമാനമായും, കരാറിന്റെ പത്താം വര്‍ഷത്തോടെ 40 ശതമാനമായും കുറയ്ക്കാനാണ് തീരുമാനം.
◾ രാജ്യത്ത് ഇ 25 പെട്രോള്‍ നടപ്പാക്കാന്‍ സമയമെടുക്കുമെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി. റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയും വാഹന നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷവും മാത്രമേ അന്തിമ തീരുമാനമെടുക്കൂ. നിലവില്‍ ഇ 20 പെട്രോളില്‍ സംതൃപ്തരാണെന്നും മന്ത്രി പറഞ്ഞു.
◾ ഹോര്‍മൂസില്‍ 24 മണിക്കൂറിനുള്ളില്‍ മൂന്നു കപ്പലുകളെ ഇറാന്‍ ആക്രമിച്ചു. തിരിച്ചടിയായി അമേരിക്ക ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി. ഇറാന്‍ ആക്രമിച്ച കപ്പലുകളിലൊന്ന് തങ്ങളുടേതാണെന്ന് ഖത്തര്‍. ചെറിയ നേട്ടങ്ങള്‍ക്ക് വേണ്ടി മേഖലയിലെ മറ്റ് രാഷ്ട്രങ്ങളുടെ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് നിര്‍ത്താന്‍ ഇറാനോട് ഖത്തര്‍ ആവശ്യപ്പെട്ടു.
◾ 'ഞങ്ങള്‍ ജനങ്ങളാണ് ഇറാന്റെ യഥാര്‍ത്ഥ മിസൈലുകള്‍' എന്നെഴുതിയ ബാനറുകളുമായി ലക്ഷക്കണക്കിന് ഇറേനിയന്‍ പൗരന്മാര്‍ ആയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്രയില്‍ പങ്കെടുത്തു. വന്‍ശക്തി രാജ്യങ്ങളുടെ ഭീഷണികളെ ഇറാന്‍ അതിജീവിച്ചതിന്റെ അഭിമാനവും ദേശസ്നേഹവും പ്രകടിപ്പിക്കാനുള്ള അവസരമായി വിലാപയാത്ര മാറി. നാളെയാണു കബറടക്കം.
◾ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന ചെലവുകളെത്തുടര്‍ന്ന് പ്രമുഖ കമ്പനിയായ മൈക്രോസോഫ്റ്റില്‍ കൂട്ടപിരിച്ചുവിടല്‍. 4800 പേര്‍ക്കാണ് ജോലി നഷ്ടമായത്. എഐ സാങ്കേതികവിദ്യയിലേക്ക് കൂടുതല്‍ നിക്ഷേപം കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത നടപടിയെന്നാണ് സൂചന.
◾ ഖത്തറില്‍ മധുരപാനീയങ്ങള്‍ക്ക് പുതിയ എക്സൈസ് നികുതി ജൂലൈ 6 മുതല്‍ നിലവില്‍ വന്നു. പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് അനുസരിച്ചാണ് ഇനി നികുതി ഈടാക്കുക.
◾ വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിര്‍ത്തിയിട്ട കാറിലേക്ക് ഇസ്രായേല്‍ പോലീസ് ഉദ്യോഗസ്ഥന്‍ 'സ്റ്റണ്‍ ഗ്രനേഡ്' എറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഫലസ്തീന്‍ പൗരന്‍മാര്‍ സഞ്ചരിച്ച വാഹനത്തിന്റെ വാതില്‍ ബലമായി അടച്ചുപിടിച്ചാണ് സ്‌ഫോടകവസ്തു അകത്ത് ഇട്ട് പൊട്ടിച്ചത്.
◾ ചൈനയുടെ തെക്കന്‍ മേഖലകളില്‍ കനത്ത നാശം വിതച്ച് മായ്‌സാക് ചുഴലിക്കാറ്റ്. ദിവസങ്ങളായി തുടരുന്ന അതിശക്തമായ മഴയെത്തുടര്‍ന്ന് ഇവിടെ വന്‍ പ്രളയമാണ് രൂപപ്പെട്ടത്. പ്രളയത്തില്‍ രണ്ട് പേര്‍ മരിക്കുകയും പതിനായിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു.
◾ ഇന്തോനേഷ്യയ്ക്ക് ഇന്ത്യ ആസ്ട്ര മിസൈലുകളും കൂടുതല്‍ ബ്രഹ്‌മോസ് മിസൈലുകളും കൈമാറും. ഐഐഎം, ഐഐടി ക്യംപസുകള്‍ ഇന്തോനേഷ്യയില്‍ തുറക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.
◾ ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 യില്‍ ഇന്ത്യക്ക് 125 റണ്‍സിന്റെ വമ്പന്‍ തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 11.4 ഓവറില്‍ വെറും 76 റണ്‍സിന് ഓള്‍ഓട്ടായി. 13 റണ്‍സെടുത്ത വൈഭവ് സൂര്യവംശിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
◾ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ക്വാര്‍ട്ടറിലെത്തി. രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന അര്‍ജന്റീന ആവേശകരമായ തിരിച്ചുവരവാണു നടത്തിയത്. യാസര്‍ ഇബ്രാഹിമിന്റെയും സീക്കോയുടെയും ഗോളുകളില്‍ മുന്നിലെത്തിയ ഈജിപ്ത് പൂര്‍ണമായും പ്രതിരോധത്തിലേക്കിറങ്ങിയതു മുതലെടുത്ത് എഴുപതാം മിനിറ്റിലായിരുന്നു ക്രിസ്ത്യന്‍ റൊമേരോയുടെ ഗോള്‍. എണ്‍പത്തിമൂന്നാം മിനിറ്റില്‍ മെസ്സിയുടെ ഗംഭീര ഗോളിലൂടെ അര്‍ജന്റീന സമനില പിടിച്ചു. കളി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ ലൗത്താരോ മാര്‍ട്ടിനെസിന്റെ ഗംഭീരമായ ക്രോസിലൂടെ എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്റീനയ്ക്കായി വിജയ ഗോള്‍ നേടി.
◾ നിശ്ചിത സമയത്തും അധിക സമയത്തും ഗോളുകളൊന്നും നേടാതിരുന്ന മത്സരത്തിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ 4-3 ന് കീഴടക്കി സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍. കളിയിലുടനീളം ലഭിച്ച മികച്ച അവസരങ്ങള്‍ ഇരു ടീമുകളും നഷ്ടപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ എതിരാളികള്‍. 1954-ന് ശേഷം ആദ്യമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പ് ക്വാര്‍ട്ടറില്‍ കടക്കുന്നത്.
◾ ഏഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ കുറവ് പ്രഖ്യാപിച്ച് സൗദി അറേബ്യ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിലക്കിഴിവാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ സൗദി അരാംകോ പ്രഖ്യാപിച്ചിരിക്കുന്നത്. അരാംകോയുടെ പ്രമുഖ ബ്രാന്‍ഡായ 'അറബ് ലൈറ്റ്' ക്രൂഡ് ഓയിലിന്റെ ഓഗസ്റ്റ് മാസത്തെ വിതരണ വിലയിലാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്. ബാരലിന് 11 ഡോളറാണ് കുറച്ചത്. ഇതോടെ വന്‍വിലക്കിഴിവില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ ലഭിക്കും. 2003 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കുറവാണിത്. 2020 ജൂണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില നിലവാരത്തിലേക്കാണ് ഇപ്പോള്‍ എണ്ണവില എത്തിയിരിക്കുന്നത്. കുതിച്ചുയര്‍ന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ ബാരലിന് 72 ഡോളറിലേക്ക് താണിട്ടുണ്ട്. എണ്ണ ഉത്പാദനം കൂട്ടി വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കം ഇന്ത്യ ഉള്‍പ്പെടെയുള്ള വാങ്ങലുകാര്‍ക്ക് നേട്ടമാകും.
◾ പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ വരും മാസങ്ങളില്‍ തങ്ങളുടെ അടുത്ത തലമുറ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി അവതരിപ്പിച്ചേക്കും. ഈ സീരീസില്‍ മിക്കവാറും നാല് മോഡലുകള്‍ ഉള്‍പ്പെടാനാണ് സാധ്യത. പിക്‌സല്‍ 11, പിക്‌സല്‍ 11 പ്രോ, പിക്‌സല്‍ 11 പ്രോ എക്‌സ്എല്‍, പിക്‌സല്‍ 11 പ്രോ ഫോള്‍ഡ്. ഓഗസ്റ്റിലോ സെപ്റ്റംബറിലോ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലയെ സംബന്ധിച്ചിടത്തോളം, പിക്‌സല്‍ 11 പ്രോ ഫോള്‍ഡിന് 1,59,999 രൂപയ്ക്കും 1,81,999 രൂപയ്ക്കും ഇടയിലായിരിക്കും വിലയെന്നാണ് സൂചന. ഗൂഗിള്‍ പിക്‌സല്‍ 11 പ്രോ ഫോള്‍ഡിന് എട്ട് ഇഞ്ച് പ്രധാന ഡിസ്പ്ലേയും 6.4 ഇഞ്ച് ഔട്ടര്‍ ഡിസ്പ്ലേയും ഉണ്ടായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ഇതിനൊപ്പം 16 ജിബി റാമും 1 ടിബി വരെയുള്ള സ്റ്റോറേജും ഉണ്ടായേക്കാം. പിക്‌സല്‍ 11 പ്രോ ഫോള്‍ഡില്‍ 30വാട്ട് വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,050 എംഎഎച്ച് ബാറ്ററിയും ട്രിപ്പിള്‍ കാമറ സെറ്റപ്പും ഉണ്ടായിരിക്കാം.
◾ പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'ഐ നോബഡി' എന്ന ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു. ജൂലൈ ഒന്‍പതിന് പ്രദര്‍ശനത്തിനെത്തും. ഹക്കിം ഷാജഹാന്‍, അശോകന്‍, വിജയരാഘവന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, ഖാലിദ് റഹ്‌മാന്‍, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രന്‍, സന അല്‍ത്താഫ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ദിനേശ് ആലപ്പുഴ, റോണി വര്‍ഗീസ്, മനോജ് കെ യൂ, ഇര്‍ഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രന്‍, ആല്‍ബിന്‍ അലക്സ്, ജിതിന്‍ മദനന്‍ തുടങ്ങിയ തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിയില്‍ എത്തുന്ന സിനിമയാകും 'ഐ നോബഡി'. അഞ്ച് ഹൈ വോള്‍ടേജ് ആക്ഷന്‍ രംഗങ്ങളും കാര്‍ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ട്.
◾ കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമായ പുനീത് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'അച്യുത അവതാരം'. വര്‍ഷങ്ങളായി തെലുങ്ക്, തമിഴ് ചലച്ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്ന പുനീതിന്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. പുനീത് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പുതിയ ലിറിക്കല്‍ ഗാനം റിലീസ് ആയി. 'സെയ്ലര്‍ ഓഫ് പെയിന്‍' എന്ന ഗാനം ശ്രുതി ശിവദാസന്‍ ആണ് ആലപിച്ചിരിക്കുന്നത്. സൈബര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ പ്രമുഖ നര്‍ത്തകിയും താരവുമായ മാളവിക നന്ദന്‍, അവിനാശ് (കാന്താര ഫെയിം), സീമ ജി. നായര്‍ എന്നിവര്‍ക്കൊപ്പം അന്യഭാഷാ താരങ്ങളും വേഷമിടുന്നു. കാസര്‍ഗോഡും മറ്റുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഈ മാസം തിയേറ്ററുകളില്‍ എത്തും. ഹരീഷ് മോഹനന്റെ വരികള്‍ക്ക് പ്രസന്ന കുമാര്‍ എം. എസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
◾ ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ മത്സരങ്ങള്‍ ശക്തമാകുന്നതിനിടെ, കീവേ ഇന്ത്യ തങ്ങളുടെ ആദ്യ പ്രീമിയം പെര്‍ഫോമന്‍സ് ഇ-സ്‌കൂട്ടര്‍ അവതരിപ്പിച്ചു. കീവേ ഹൈപ്പവോള്‍ട്ട്-ആര്‍ എന്ന പേരിലാണ് പുതിയ മോഡല്‍ വിപണിയിലെത്തിയിരിക്കുന്നത്. 1.99 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് കമ്പനി സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. വെറും 5,000 രൂപ നല്‍കി ബുക്കിംഗ് ചെയ്യാനും സാധിക്കും. 5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് പ്രധാന ആകര്‍ഷണം. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍ മാപ്പ് പിന്തുണ എന്നിവയും ഇതിലുണ്ട്. പ്രകടനത്തിന്റെ കാര്യത്തില്‍ 16 ബിഎച്പി പവര്‍ നല്‍കുന്ന ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതിന്റെ കരുത്ത്. വെറും 2.3 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാം. പരമാവധി വേഗത മണിക്കൂറില്‍ 115 കിലോമീറ്ററാണ്. ഇക്കോ, നോര്‍മല്‍, സ്പോര്‍ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്റ്റല്‍ വൈറ്റ്, പ്ലാറ്റിനം ഗ്രേ എന്നീ രണ്ട് നിറങ്ങളില്‍ ഇത് ലഭ്യമാണ്.
◾ ഇത് കട്ടിമണിയെന്ന വൈസ് ചാന്‍സലറുടെ മാത്രം കഥയല്ല; മദ്ധ്യപ്രദേശിലെ അമരകണ്ടകില്‍ സ്ഥിതിചെയ്യുന്ന ഇന്ദിരാഗാന്ധി ദേശീയ ആദിവാസി സര്‍വ്വകലാശാലയുടെ കഥ കൂടിയാണ്. അധികാരത്തിന്റെയും പ്രതിസന്ധികളുടെയും മനുഷ്യസ്‌നേഹത്തിന്റെയും ഇടയില്‍ രൂപംകൊണ്ട ഒരു വിദ്യാഭ്യാസ ദൗത്യത്തിന്റെ ആത്മാവാണ് ഈ കുറിപ്പുകളില്‍ നിറഞ്ഞിരിക്കുന്നത്. വനത്തിന്റെയും മണ്ണിന്റെയും ഭാഷയില്‍ വളര്‍ന്ന ഒരു മനസ്സ് സര്‍വ്വകലാശാലയുടെ ഭരണകേന്ദ്രത്തിലെത്തുമ്പോള്‍ വിദ്യാഭ്യാസം വെറും പഠനക്രമമല്ല, അതൊരുവന്റെ ആത്മാഭിമാനമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന പുസ്തകം. ഒരു ആദിവാസി വൈസ് ചാന്‍സലര്‍ കെട്ടിപ്പടുത്ത സര്‍വ്വകലാശാലയുടെ കഥ. 'ഒരു ആദിവാസി വൈസ് ചാന്‍സലറുടെ കഥ'. പ്രൊഫ. ചി.വി കട്ടിമണി. പരിഭാഷ - മോഹനന്‍ കാളീരം. മാതൃഭൂമി. വില 246 രൂപ.
◾ മഴക്കാലത്താണ് ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട പല അബദ്ധ ധാരണകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാറുണ്ട്. കൊതുക് പരത്തുന്ന ഈ വൈറല്‍ അണുബാധ രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ എണ്ണം വലിയ രീതിയില്‍ കുറയ്ക്കാറുണ്ട്. ഇതിന് പരിഹാരമായി പപ്പായയുടെ ഇല അരച്ച് ചാറെടുത്ത് കുടിക്കുന്നത് നല്ലതാണെന്ന് വ്യാപകമായി പ്രചരിക്കാറുണ്ട്. എന്നാല്‍ ആ വാദത്തിന് ശാസ്ത്രീയമായ യാതൊരു തെളിവുകളുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പപ്പായയുടെ ഇലയില്‍ ആന്റിഓക്സിഡന്റുകള്‍, ഫ്ലാവനോയിഡുകള്‍, എന്‍സൈമുകള്‍, ചില ബയോആക്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ടെങ്കിലും അത് പ്ലേറ്റലെറ്റ് കൗണ്ട് വര്‍ധിക്കാനോ ഡെങ്കി വൈറസിനെ നശിപ്പിക്കുന്നതായോ ശാസ്ത്രീയ തെളിവുകളില്ലെന്ന് വിദഗ്ധര്‍ പറയുന്നു. മാത്രമല്ല, പപ്പായ ഇല അരച്ചു കുടിക്കുന്നത് ദുര്‍ബല പ്രതിരോധ ശേഷിയുള്ളവരില്‍ പ്രതികൂല ഫലങ്ങളും ഉണ്ടാക്കിയേക്കാം. ഇത് മൂലം ഛര്‍ദ്ദിയോ വയറിളക്കമോ ഉണ്ടായാല്‍ ഡെങ്കിപ്പനി കാരണം ശരീരത്തിനുണ്ടാകുന്ന നിര്‍ജലീകരണത്തിന്റെ തോത് വര്‍ധിക്കാമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പപ്പായ ഇലക്ക് പകരം പഴങ്ങളും പച്ചക്കറികളും സൂപ്പും ഇളനീരുമൊക്കെയാണ് രോഗികള്‍ക്ക് നല്‍കേണ്ടതെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ഡെങ്കിപ്പനി ബാധിച്ച രോഗികളില്‍ ഏഴാം നാളിന് ശേഷം പ്ലേറ്റ്‌ലെറ്റ് എണ്ണം വര്‍ധിക്കാറുണ്ടെന്നും ഇത് പപ്പായ ഇല കഴിച്ചതു മൂലമാണെന്ന് പലരും തെറ്റിദ്ധരിക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
രണ്ടുകാളകള്‍ കൂററന്‍ മരത്തടിവെച്ചുകെട്ടിയ വണ്ടി വലിക്കുകയാണ്. തടിയുടെ ഭാരം കാരണം അവര്‍ നന്നേ ക്ഷീണിച്ചു. ഇത് കണ്ട് മരത്തടി അവരെ കളിയാക്കി. എന്റെ ഭാരം കാരണം മടിയന്മാരായ നിങ്ങള്‍ തളര്‍ന്നുപോയോ.. വേഗം നടന്നോളൂ.. അല്ലെങ്കില്‍ എന്റെ യജമാനന്‍ നിങ്ങളെ അടിച്ചു ശരിയാക്കും. ഇത് കേട്ട് ഒരു കാള പറഞ്ഞു: ഞങ്ങളുടെ കഷ്ടപ്പാടുകള്‍ നിന്നെ അവിടെയെത്തിക്കുന്നതോടെ തീരും. പക്ഷേ, അപ്പോള്‍ മുതല്‍ നിന്റെ കഷ്ടപ്പാടുകള്‍ തുടങ്ങുകയായി. മരപ്പണിക്കാര്‍ നിന്നെ അറുത്ത് മുറിച്ച് പലകഷ്ണങ്ങളാക്കും. പിന്നെ നിന്നെ രാകിയും ചീകിലും പലരൂപത്തിലാക്കും. അതുകേട്ട് മരത്തടി ഞെട്ടി നിശബ്ദനായി. അനുഗ്രഹങ്ങളും അത്യാഹിതങ്ങളും ആരുടേയും കുത്തകയല്ല. ആര്‍ക്കും എക്കാലവും സ്വന്തവുമല്ല. പലകാരണങ്ങള്‍കൊണ്ട് അവ വരികയും പോവുകയും ചെയ്യും. പരസ്പരം പുലര്‍ത്തുന്ന മര്യാദകളാണ് ഇത്തരം സന്ദര്‍ഭങ്ങളിലാവശ്യം. മറ്റൊരാളുടെ ആപത്തുകളെ അവഹേളിക്കരുത്. വിഷമഘട്ടങ്ങളിലൂടെ കടന്നുപോകാത്തവര്‍ ആരുണ്ട്. ഒരു നിമിഷത്തെ ദൗര്‍ഭാഗ്യംകൊണ്ട് ഒന്നും അവസാനിക്കുന്നില്ല. ഒരു ദിവസത്തെ ആഹ്ലാദം കൊണ്ട് ആയുസ്സുമുഴുവന്‍ പൂത്തുലയണമെന്നുമില്ല. എല്ലാ സ്ഥിതിവിശേഷങ്ങള്‍ക്കും തുടര്‍ച്ചകളുണ്ടാകാം. ചിലത് അനുകൂലമാകാം. ചിലത് പ്രതികൂലവും. അമിതാവേശമോ, നിരാശയോ ബാധിക്കാതെ, വന്നുചേരുന്നവയെ ആദരവോടെയും പക്വതയോടെയും സ്വീകരിക്കാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.
Tags:
KERALA