Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ജൂലൈ 8, ബുധന്‍ 
1201 | മിഥുനം 24, രേവതി

◾  വയനാട് ആനക്കാംപൊയില്‍ കള്ളാടി തുരങ്കപാത നിര്‍മാണ സ്ഥലത്തുണ്ടായ ദുരന്തത്തില്‍ സര്‍ക്കാര്‍ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായതിനെക്കുറിച്ചാണ് ഒരു അന്വേഷണം. തുരങ്ക നിര്‍മാണ അനുമതി നല്‍കിയപ്പോള്‍ മുന്നോട്ടുവച്ച സുരക്ഷാ നിബന്ധനകള്‍ കരാറുകാര്‍ പാലിച്ചോ എന്ന പരിശോധനയാണു രണ്ടാമത്തേത്. നിര്‍ത്തിവച്ച തുരങ്ക നിര്‍മാണം പുനരാരംഭിക്കുന്ന കാര്യത്തില്‍ വിശദമായ പരിശോധനയ്ക്കുശേഷമേ തീരുമാനമെടുക്കൂ. മന്ത്രിസഭാ തീരുമാനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

◾  പി എസ് സിയില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. പരീക്ഷാ മാര്‍ക്കിനെ ഇന്റര്‍വ്യൂവിലൂടെ അട്ടിമറിച്ചെന്നതടക്കം നിരവധി പരാതികളാണ് സര്‍ക്കാരിനു ലഭിച്ചത്. യോഗ്യത നിശ്ചയിക്കല്‍, ചോദ്യം തയാറാക്കല്‍, മൂലനിര്‍ണയം തുടങ്ങിയവയിലെല്ലാം ക്രമക്കേടുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു.

◾  വിഴിഞ്ഞം തുറമുഖം കേരള സര്‍ക്കാരിന്റേതാണെന്നും അദാനിക്കുള്ള ഓഹരിയുടെ 49 ശമതമാനം മാത്രമാണ് എംഎസ് സി കമ്പനിക്കു വില്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഓഹരി കൈമാറ്റത്തിന് അദാനിയും എംഎസ് സി യും തമ്മില്‍ ധാരണയിലെത്തിയത് ഒരു വര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്നു ദേശാഭിമാനി പത്രത്തില്‍ ജൂണ്‍ അഞ്ചാം തീയതി വാര്‍ത്തയുണ്ടെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. ദേശാഭിമാനിയുടെ വാര്‍ത്തകള്‍ ഉയര്‍ത്തിക്കാണിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം സമര്‍ത്ഥിച്ചത്. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ല. എന്നാല്‍ ഓഹരി കൈമാറിയെന്നുവരെ ചില മാധ്യമങ്ങള്‍ നുണപ്രചാരണം നടത്തി. ഈ സര്‍ക്കാര്‍ എന്തു തെറ്റാണ് വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ ചെയ്തതെന്നു വി.ഡി. സതീശന്‍ ചോദിച്ചു.


◾  മേപ്പാടി ദുരന്തത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബങ്ങള്‍ക്കും അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. അവരുടെ മൃതദേഹം നാട്ടിലെത്തിക്കും. പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

◾  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുഖ്യമന്ത്രി വി.ഡി സതീശനുമായി ഫോണില്‍ വിളിച്ച് ദുരന്ത വിശേഷങ്ങള്‍ ആരായുകയും കേന്ദ്രത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

◾  സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതികളുടെ പുരോഗതി പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നേരിട്ട് നിരീക്ഷിക്കാന്‍ രാജ്യത്ത് ആദ്യമായി ഓപ്പണ്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകളില്‍ ഇതിനായി പ്രത്യേക ഏകോപന സംവിധാനം ഒരുക്കും. പദ്ധതികളുടെ പുരോഗതി കളര്‍ കോഡുകള്‍ ഉപയോഗിച്ച് പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിക്കും. 80 ശതമാനത്തിലധികം പൂര്‍ത്തിയായ പദ്ധതികള്‍ക്ക് പച്ച, 50 മുതല്‍ 70 ശതമാനം വരെ പുരോഗതിയുള്ളവയ്ക്ക് ഓറഞ്ച്, കാര്യമായ പുരോഗതിയില്ലാത്തവയ്ക്ക് ചുവപ്പ് നിറം നല്‍കും. മുഖ്യമന്ത്രി പറഞ്ഞു.

◾  കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവില്‍ ഹൈക്കോടതിക്കെതിരേ പരാമര്‍ശമുണ്ടെന്നാണ് സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചത്. വ്യവസായ വകുപ്പ് പിന്‍സിപ്പല്‍ സെക്രട്ടറി കെ ബിജുവിനെതിരെ കോടതി അലക്ഷ്യത്തിനു കേസെടുത്തു. വെള്ളിയാഴ്ച നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.



◾  വയനാട് പുനരധിവാസ ടൗണ്‍ഷിപ്പ് നിര്‍മാണ പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാന്‍ കരാര്‍ കമ്പനിയായ ഊരാളുങ്കലിന് നിര്‍ദ്ദേശം നല്‍കി. കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്തു.

◾  സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നാല് ജില്ലകളില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി. കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പണിമുടക്ക്. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ താലൂക്ക് കേന്ദ്രങ്ങളിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി..

◾  വടക്കാഞ്ചേരിയില്‍ ഇന്‍ഷുറന്‍സുള്ള പൊലീസ് വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന് പറഞ്ഞ് പിഴ ചുമത്തിയ സംഭവത്തില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി വി ബിജുവിനെതിരെയാണ് കേസ്. കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചതും സോഷ്യല്‍ മീഡിയ വഴി വാര്‍ത്ത പ്രചരിപ്പിച്ച് പൊലീസ് സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയതിനുമെതിരെയാണ് കേസ്.

◾  തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ 6 മാസത്തെ കാപ്പാതടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു. ഇതോടെ കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍ സ്ഥാനം സുഗതനു നഷ്ടമാകും.

◾  പത്തനംതിട്ടയില്‍ മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച മൂന്നു പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്തു. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാന്‍സാഫ് സംഘത്തിലുള്ള സുമന്‍, പ്രിയേഷ്, രാഹുല്‍ എന്നീവരെയാണ് സസ്പെന്റ് ചെയ്തത്.

◾  കോടതിയലക്ഷ്യ കേസില്‍ മുന്‍ കെപിസിസി പ്രസിഡന്റിന് ആശ്വാസം. മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെ വിമര്‍ശിച്ചതിന് കോടതിയലക്ഷ്യ കേസില്‍ കുടുങ്ങിയ കെ. സുധാകരന്‍ എംപി കോടതിയിലെത്തി മാപ്പപേക്ഷിച്ചു. ഇതോടെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു.

◾  കേരളത്തിലെ അഞ്ചു റെയില്‍വേ സ്റ്റേഷന്‍ കെട്ടിടങ്ങള്‍കൂടി നവീകരണത്തിനുശേഷം ഉദ്ഘാടനത്തിനു സജ്ജമായി. അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തി നവീകരിച്ച പരപ്പനങ്ങാടി, തിരൂര്‍, തലശ്ശേരി, ഫറോക്ക്, നിലമ്പൂര്‍ റോഡ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍ ഈ മാസം ഉദ്ഘാടനം ചെയ്യും.

◾  ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഹരിതകര്‍മസേനാംഗങ്ങളുടെ പരമ്പരാഗത യൂണിഫോം നിറം മാറ്റി ബിജെപി ഭരണസമിതി. രൂപീകരണക്കാലം മുതല്‍ സേനാംഗങ്ങള്‍ ധരിച്ചിരുന്ന പച്ച കോട്ടുകള്‍ക്ക് പകരം കാവി നിറത്തോട് സമാനമായ പുതിയ യൂണിഫോം കോട്ടുകളാണ് കോര്‍പ്പറേഷന്‍ വിതരണം ചെയ്തിരിക്കുന്നത്.

◾  ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന്‍ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കില്‍ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്സ് എത്തിയെങ്കിലും രക്ഷിക്കാനായില്ല.

◾  സുകുമാരക്കുറുപ്പ് തിരോധാനക്കേസില്‍ മൂന്നാഴ്ച മുമ്പും പോലീസ് തന്റെ മൊഴിയെടുത്തെന്ന് നഴ്സ് രത്നമ്മ. 1988 ലാണ് ബൊക്കാറോയില്‍ കുറുപ്പിനെ കണ്ടത്. താന്‍ നഴ്സിങ്ങിന് പഠിച്ചിരുന്ന ആശുപത്രിയില്‍ നെഞ്ചുവേദനയ്ക്ക് ചികിത്സ തേടിയെത്തിയതായിരുന്നു അയാള്‍. താന്‍ കുറുപ്പിന്റെ നാടായ ചെറിയനാട് സ്വദേശിയാണെന്ന് പറഞ്ഞതോടെ കുറുപ്പ് ആശുപത്രിയില്‍നിന്ന് മുങ്ങി. രത്നമ്മ പറഞ്ഞു.

◾  ഗതാഗത മന്ത്രിയുടെ കാസര്‍ഗോഡ് യാത്രയ്ക്കായി ഉപയോഗിച്ച വാഹനത്തിന് രേഖകളില്ലെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കേരള സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയിട്ടുള്ള ഇന്‍ഷുറന്‍സ് ഈ വാഹനത്തിനുണ്ടെന്ന് എം വി ഡി അറിയിച്ചു.

◾  ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംബര്‍ ഒന്നാം സമ്മാനത്തുക വര്‍ദ്ധിപ്പിച്ചു. 25 കോടിയായിരുന്ന സമ്മാനത്തുക ഇത്തവണ 30 കോടിയാക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടനയില്‍ മാറ്റം വരുത്തി.

◾  അവയവക്കടത്തിലെ കള്ളപ്പണക്കേസില്‍ കൊച്ചി ലേക്ഷോര്‍ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസില്‍ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളിലടക്കം വിവിധയിടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു.  

◾  തലസ്ഥാനത്തെ നിലവിലുള്ള മാലിന്യസംസ്‌കരണ പദ്ധതി പര്യാപ്തമല്ലെന്നും മെച്ചപ്പെട്ടതാക്കാന്‍ ശ്രമിക്കുകയാണെന്നും മേയര്‍ വി വി രാജേഷ്. ഇപ്പോള്‍ സിപിഎം തന്നെ മനപ്പൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

◾  വീണ്ടും അവയവദാനം. ഇരിങ്ങല്‍കോട്ടക്കല്‍ സ്വദേശിയായ 20 വയസ്സുകാരന്‍ വിഷ്ണുവിന്റെ അവയവങ്ങള്‍ ദാനം ചെയ്യും. വിഷ്ണുവിന്റെ കരള്‍, വൃക്കകള്‍, നേത്രപടലങ്ങള്‍ എന്നിവ ദാനം ചെയ്യും.  ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയായിരുന്ന വിഷ്ണുവിന്  മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.  

◾  എസ്എസ്എല്‍സി, പ്ലസ് ടു പഠനം മുടങ്ങിയവര്‍ക്ക് സൗജന്യമായി തുടര്‍പഠനത്തിന് കേരള പൊലീസിന്റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. 22 വയസിന് താഴെയുള്ളവര്‍ക്ക് അതത് ജില്ലയിലാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലോ 9497900200 എന്ന നമ്പറിലോ ഈ മാസം 31 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.

◾  2008 ലെ അഹമ്മദാബാദ് സ്ഫോടനക്കേസില്‍ 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു. 11 പ്രതികള്‍ക്ക് ചുമത്തിയ ജീവപര്യന്തം തടവുശിക്ഷയിലും മാറ്റമില്ല. പ്രതികളില്‍ മൂന്നു പേര്‍ മലയാളികള്‍ ആണ്. 2008 ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരയില്‍ 56 പേരാണ് കൊല്ലപ്പെട്ടത്.

◾  മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രളയംമൂലം ട്രെയിന്‍ ഗതാഗതം താറുമാറായി. മുംബൈയിലെ പാല്‍ഘര്‍, വസയ് മേഖലകളിലും ഗുജറാത്തിലെ നവ്സാരിയിലും റെയില്‍വേ ട്രാക്കുകളില്‍ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു.

◾  കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ജനജീവിതം സ്തംഭിച്ചു. ഡല്‍ഹി - ജയ്പൂര്‍ ദേശീയപാതയില്‍ ഗുഡ്ഗാവിന് സമീപം പ്രധാന റോഡ് ഇടിഞ്ഞുതാഴ്ന്നു. ഇതേത്തുടര്‍ന്ന് ഹൈവേയില്‍ കിലോമീറ്ററുകളോളം നീളത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ്. റോഡുകളിലെ വെള്ളക്കെട്ടും ഗതാഗത തടസ്സവും കണക്കിലെടുത്ത് സ്വകാര്യ കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുകയാണ്.

◾  രാജ്യത്ത് അധ്യാപകരുടെ എണ്ണം ഒരു കോടി കടന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്ത് 1.03 കോടി അധ്യാപകരാണുള്ളത്. 54.9 ശതമാനം വനിതാ അധ്യാപകരാണ്. 14.67 ലക്ഷം സ്‌കൂളുകളിലായി 24.72 കോടി വിദ്യാര്‍ത്ഥികളുണ്ട്. ഒരു ലക്ഷത്തിലധികം സ്‌കൂളുകള്‍ ഒരൊറ്റ അധ്യാപകന്‍ മാത്രമായി പ്രവര്‍ത്തിക്കുന്നു. റിപ്പോര്‍ട്ടില്‍ പറയുന്നു.

◾  കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ പ്രോല്‍സാഹിപ്പിച്ച 1,60,000 ഇന്ത്യന്‍ അക്കൗണ്ടുകള്‍ ആറു മാസത്തിനിടെ നീക്കംചെയ്തെന്ന് മെറ്റ. കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനമനുസരിച്ചാണ് നടപടി.  

◾  പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍. ഹോര്‍മുസ് കടലിടുക്കില്‍ മൂന്നു ചരക്കുകപ്പലുകളെ ഇറാന്‍ ആക്രമിച്ചതിനു തിരിച്ചടിയായി അമേരിക്ക ഇറാനിലെ പ്രമുഖ സൈനിക കേന്ദ്രങ്ങളില്‍ അതിശക്തമായ വ്യോമാക്രമണം നടത്തി. അമേരിക്കയുടെ അത്യാധുനിക ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാന്‍ അവകാശപ്പെട്ടു. പിറകേ യുഎസ് വീണ്ടും ആക്രമണം നടത്തി. ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങള്‍ക്കുനേരെ ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തി.

◾  ഹോര്‍മുസ് കടലിടുക്കിന് സമീപം ഒന്‍പത് ഇന്ത്യന്‍ കപ്പലുകള്‍ അവശേഷിക്കുന്നതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. ഇവയിലായി ആകെ 198 ഇന്ത്യന്‍ ജീവനക്കാരാണുള്ളത്.

◾  ഷാര്‍ജയില്‍ നിന്നു പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ ബോയിംഗ് 737 കാര്‍ഗോ വിമാനം കാണാതായി. വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണോയെന്നാണ് സംശയം. അഞ്ച് ജീവനക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 9:21 ഓടെയാണ് വിമാനവുമായുള്ള ബന്ധം എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് നഷ്ടമായത്.

◾  ലോകകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ ഈജിപ്തിനെതിരെ അര്‍ജന്റീന 3-2 ന്റെ വിജയം സ്വന്തമാക്കിയെങ്കിലും, മത്സരത്തിലെ റഫറിയിംഗ് കടുത്ത വിവാദത്തിലേക്ക്. ഈജിപ്തിനെ റഫറിയും വാറുംചേര്‍ന്ന് കൊള്ളയടിക്കുകയായിരുന്നു എന്നാണ്  ആരോപണം. സംശയാസ്പദമായ തീരുമാനങ്ങളെല്ലാം നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് അനുകൂലമായി മാറിയതോടെ ഫിഫയ്ക്കും ഫ്രഞ്ച് റഫറി ഫ്രാന്‍സ്വ ലെറ്റെക്സിയര്‍ക്കും എതിരെ വലിയ പരാതികളാണ് ഉയരുന്നത്.

◾  സംസ്ഥാന വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ നിരക്കില്‍ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമില്‍ 70 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാമിന്റെ പുതുക്കിയ വിപണി വില 13,245 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു പവന് 560 രൂപ താഴ്ന്ന് പുതിയ വില 1,05,960 രൂപയായി. ജൂലൈ 3-ന് ഒരു പവന്റെ വില 1,07800 രൂപ വരെ ഉയര്‍ന്നിരുന്നു. തുടര്‍ന്നിങ്ങോട്ട് സ്വര്‍ണ നിരക്കില്‍ ഇടിവ് നേരിടുകയാണ്. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഒരു പവന്റെ വിലയില്‍ മൊത്തം 1,840 രൂപയുടെ കുറവ് രേഖപ്പെടുത്തി. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് പുതിയ വില 10,885 രൂപയായി. 14 കാരറ്റിന്റെ ഒരു ഗ്രാമിന് 45 രൂപ താഴ്ന്ന് വില 8,480 രൂപയായും രേഖപ്പെടുത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് പുതിയ വില 5,470 രൂപയുമായി. അതേസമയം വെള്ളി വിലയില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 5 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ പുതിയ വില 245 രൂപയായി.

◾  ഇലോണ്‍ മസ്‌കിന്റെ എഐ സംരംഭമായ എക്സ് എഐയുടെ പേര് ഔദ്യോഗികമായി സ്പേസ് എക്സ് എന്ന് മാറ്റി. സ്പേസ് ടെക്നോളജി, സോഷ്യല്‍ മീഡിയ, നിര്‍മ്മിത ബുദ്ധി എന്നീ മൂന്ന് മേഖലകളെയും ഒരൊറ്റ കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണ്ണായക മാറ്റം. എക്സ് പ്ലാറ്റ്‌ഫോമിലെ കമ്പനിയുടെ ഔദ്യോഗിക ഹാന്‍ഡില്‍ @SpaceXAI എന്ന പേരിലേക്ക് മാറ്റി. പഴയ എക്സ് എഐ ലോഗോ മാറി പുതിയ സ്പേസ് എക്സ് എഐ ലോഗോ പ്രത്യക്ഷപ്പെടുന്ന വീഡിയോയും കമ്പനി പങ്കുവെച്ചിട്ടുണ്ട്. ജൂണില്‍ നടന്ന സ്പേസ് എക്സിന്റെ ചരിത്രപരമായ ഐപിഒ തരംഗത്തിന് പിന്നാലെയാണ് ഈ പുനര്‍നാമകരണം നടക്കുന്നത്. 75 ബില്യണ്‍ ഡോളര്‍ സമാഹരിച്ച ഐപിഒയിലൂടെ സ്പേസ് എക്സിന്റെ മൂല്യം 1.77 ട്രില്യണ്‍ ഡോളറിലെത്തുകയും, ഇലോണ്‍ മസ്‌ക് ലോകത്തിലെ ആദ്യത്തെ ട്രില്യണയറായി മാറുകയും ചെയ്തിരുന്നു. 2025-ല്‍ മാത്രം 12.7 ബില്യണ്‍ ഡോളറാണ് കമ്പനി എഐ മേഖലയില്‍ ചെലവഴിച്ചത്. നിലവില്‍ ഗൂഗിള്‍ പ്രതിമാസം 920 ദശലക്ഷം ഡോളറും ആന്ത്രോപിക് 1.25 ബില്യണ്‍ ഡോളറുമാണ് സ്പേസ് എക്സിന്റെ എഐ കമ്പ്യൂട്ടിംഗ് സൗകര്യങ്ങള്‍ക്കായി നല്‍കുന്നത്.

◾  സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രം 'റോഷാക്കി'ന് ശേഷം നിസാം ബഷീറിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ഐ, നോബഡി'യുടെ പുതിയ പ്രൊമോ പുറത്തുവിട്ടു. ജൂലൈ ഒന്‍പതിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ബുക്കിങ് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിയില്‍ എത്തുന്ന സിനിമയാകും 'ഐ, നോബഡി' എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. 'റോഷാക്ക്', 'ഇബിലീസ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിര്‍വഹിക്കുന്നത്. 'എന്ന് നിന്റെ മൊയ്തീന്‍', 'കൂടെ' തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി 'ഐ, നോബഡി'ക്കുണ്ട്. ഇതുവരെ മലയാളം സിനിമയില്‍ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ചിത്രത്തിന്റേതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

◾  മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ബയോപിക് ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന 'ദാദ- ദ് സൗരവ് ഗാംഗുലി സ്റ്റോറി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. രാജ്കുമാര്‍ റാവു ആണ് ഗാംഗുലി ആയി എത്തുന്നത്. ലോക ക്രിക്കറ്റിന്റെ തറവാടായ ലോര്‍ഡ്സിലെ ബാല്‍ക്കണിയില്‍ നിന്നു കൊണ്ട് ജഴ്സിയൂരി വീശിയ സൗരവ് ഗാംഗുലിയെ അനുസ്മരിപ്പിക്കുന്നതാണ് ഫസ്റ്റ് ലുക്ക്. വിക്രമാദിത്യ മൊത്വാനെ സംവിധാനം ചെയ്യുന്ന ചിത്രം ലവ് രഞ്ജനും ഗുല്‍ഷന്‍ കുമാറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. സൗരവ് ഗാംഗുലിയുടെ 54-ാം പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. അടുത്ത വര്‍ഷം മെയ് 14 ന് ചിത്രം തിയറ്ററുകളിലെത്തും. ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ വിമര്‍ശിച്ചു കൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 'ഇതിലും നല്ലൊരു പോസ്റ്റര്‍ ദാദ അര്‍ഹിക്കുന്നു', 'ദാദയുടെ കാര്‍ട്ടൂണ്‍ പോലെയുണ്ട്', 'ദാദ ഫ്രം മീഷോ' എന്നൊക്കെയാണ് വിമര്‍ശിച്ചു കൊണ്ട് പലരും കുറിച്ചിരിക്കുന്നത്.

◾  വിയറ്റ്നാമീസ് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് വിപണിയിലെത്തിച്ച ഏറ്റവും പുതിയ ഇലക്ട്രിക് എസ്യുവിയായ 'വിന്‍ഫാസ്റ്റ് വിഎഫ് 7' സ്വന്തമാക്കി നടി പൂര്‍ണിമ ഇന്ദ്രജിത്ത്. വിഎഫ് 7 വാഹനനിരയിലെ ഏറ്റവും ഉയര്‍ന്ന മോഡലായ 'സ്‌കൈ ഇന്‍ഫിനിറ്റി' ആണ് പൂര്‍ണിമ ഇന്ദ്രജിത്ത് തിരഞ്ഞെടുത്തിരിക്കുന്നത്. വിഎഫ് 7-ന്റെ വിവിധ മോഡലുകള്‍ക്ക് 22.99 ലക്ഷം രൂപ മുതല്‍ 28.09 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില വരുന്നത്. ഇതില്‍ താരം സ്വന്തമാക്കിയ ഉയര്‍ന്ന വേരിയന്റിന് 28.09 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 59.6 കിലോവാട്ട് ശേഷിയുള്ള ബാറ്ററി കരുത്തുമായി എത്തുന്ന ഈ വാഹനം ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 438 കിലോമീറ്ററിലധികം ദൂരം അനായാസം പിന്നിടുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിലെ ഇലക്ട്രിക് മോട്ടര്‍ 130 കിലോവാട്ട് കരുത്തും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതിനാല്‍ ഡ്രൈവിംഗ് അനുഭവം കൂടുതല്‍ മികച്ചതാകുന്നു. 70.8 കിലോവാട്ട്അവറിന്റെ മറ്റൊരു ബാറ്ററി ഓപ്ഷനും ഇതിനുണ്ട്.

◾  രാജലക്ഷ്മി ജീവിതത്തെ തിക്തതയോടെ വീക്ഷിച്ച കാഥികയല്ല. അവരും അവരുടെ കഥാപാത്രങ്ങളും ജീവിതത്തെ സ്‌നേഹിച്ചവരാണ്. ഏകാന്തതയുടെ മരുപ്പരപ്പിലെ യാത്രക്കാരായ അവരുടെ കഥാപാത്രങ്ങളെല്ലാം മരുപ്പച്ച തേടിക്കൊണ്ട് മൃഗതൃഷ്ണയില്‍നിന്ന് മൃഗതൃഷ്ണയിലേക്ക് സഞ്ചരിക്കുന്നവരാണ്. അനന്തമായ സര്‍ഗ്ഗശക്തിയും ബാഹ്യലോകത്തിന്റെ യാഥാര്‍ത്ഥ്യവും തമ്മിലുള്ള നിരന്തര സംഘര്‍ഷമനുഭവിച്ച് മരണം വരിച്ച രാജലക്ഷ്മിയുടെ അറുപത്തൊന്നാം ചരമവാര്‍ഷികത്തില്‍ അവരുടെ ജീവിതവും കൃതികളും പുനര്‍വായനയ്ക്കു വിധേയമാക്കുന്ന പുസ്തകം. മലയാളത്തിലെ 'ഏകാന്തപഥിക' എന്നു വിശേഷിപ്പിക്കപ്പെട്ട എഴുത്തുകാരി രാജലക്ഷ്മിയുടെ ജീവചരിത്രം. 'രാജലക്ഷ്മി: ഒരു കൊടുങ്കാറ്റിന്റെ ഉദയം'. ഡോ. ആശ കെ. മാതൃഭൂമി. വില 153 രൂപ.

◾  കാപ്പി കുടിക്കുന്നത് കരള്‍ അര്‍ബുദമായ ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ പിടിപെടാനുള്ള സാധ്യത 35 ശതമാനം കുറയ്ക്കുമെന്ന് സമീപകാല പഠനം പറയുന്നു. മദ്യപാനം, ഹെപ്പറ്റൈറ്റിസ് അണുബാധകള്‍, ബിഎംഐ എന്നിവ ക്രമീകരിച്ചതിന് ശേഷവും ഈയൊരു ബന്ധം ശക്തമായി നിലനിന്നുവെന്ന് യര്‍-റിവ്യൂഡ് ഡോസ്-റെസ്‌പോണ്‍സ് മെറ്റാ അനാലിസിസ് റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ പറയുന്നു. ആന്റിഓക്‌സിഡന്റുകള്‍, പോളിഫെനോളുകള്‍, ഡൈറ്റെര്‍പീനുകള്‍ എന്നിവയുള്‍പ്പെടെ ആയിരത്തിലധികം സജീവമായ സംയുക്തങ്ങള്‍ കാപ്പിയില്‍ അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ഓക്‌സിഡേറ്റീവ് സമ്മര്‍ദം തടയുകയും കരള്‍ ഫൈബ്രോസിസിന്റെ പുരോഗതി മന്ദഗതിയിലാക്കുകയും ചെയ്യുന്നു. പതിവായി കാപ്പി കുടിക്കുന്നവരില്‍ മദ്യപിക്കാത്തവരെ അപേക്ഷിച്ച് ക്രോണിക് കരള്‍ രോഗം, സിറോസിസ്, കരള്‍ അര്‍ബുദം എന്നിവ കുറവാണെന്ന് നിരവധി അന്താരാഷ്ട്ര പഠനങ്ങള്‍ കാണിക്കുന്നു. ഫാറ്റി ലിവര്‍ രോഗമോ വൈറല്‍ ഹെപ്പറ്റൈറ്റിസോ ഉള്ളവര്‍ക്ക് ഈ കണ്ടെത്തലുകള്‍ പ്രത്യേകിച്ച് ഗുണം ചെയ്യുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പ്രതിദിനം രണ്ട് മുതല്‍ നാല് കപ്പ് വരെ മധുരമില്ലാത്ത കാപ്പി കുടിക്കാവുന്നതാണ്. കാപ്പി കുടിക്കുന്നത് അധികമായാല്‍ ഉറക്കമില്ലായ്മ, ദഹന അസ്വസ്ഥത അല്ലെങ്കില്‍ ഉയര്‍ന്ന ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകാം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.22, പൗണ്ട് - 127.27, യൂറോ - 108.79, സ്വിസ് ഫ്രാങ്ക് - 118.03, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.07, ബഹറിന്‍ ദിനാര്‍ - 252.21, കുവൈത്ത് ദിനാര്‍ -307.23, ഒമാനി റിയാല്‍ - 247.56, സൗദി റിയാല്‍ - 25.52, യു.എ.ഇ ദിര്‍ഹം - 25.93, ഖത്തര്‍ റിയാല്‍ - 26.05, കനേഡിയന്‍ ഡോളര്‍ - 67.21.
Previous Post Next Post
3/TECH/col-right