2026 ജൂലൈ 2, വ്യാഴം
1201 മിഥുനം 18, ഉത്രാടം
◾ വിഴിഞ്ഞം തുറമുഖത്തെ അദാനിയുടെ 49 ശതമാനം ഓഹരി വിദേശ ഷിപ്പിംഗ് കമ്പനിയായ എംഎസ്സിക്കു വില്‍ക്കാന്‍ അനുമതി നല്‍കണമെന്ന അപേക്ഷ സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി പരിശോധിക്കും. രാജ്യസുരക്ഷ ഉള്‍പ്പെടെ കണക്കിലെടുത്തായിരിക്കും തീരുമാനം. അതേസമയം, വാണിജ്യ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞാല്‍ 74 ശതമാനം വരെ ഓഹരി വില്‍ക്കാമെന്നു സര്‍ക്കാരുമായി കരാറുണ്ടെന്ന് അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. 2024 ഡിസംബര്‍ 24 നാണ് വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ ഡിസംബറോടെ വില്പനാവകാശം ഉണ്ടെന്നാണ് അദാനിയുടെ വാദം.
◾ പ്രൊവിഡന്റ് ഫണ്ടില്‍ തൊഴിലാളികളും സ്ഥാപനമുടമകളും നിര്‍ബന്ധമായും അടക്കേണ്ട വിഹിതം പരമാവധി 1800 രൂപയായി നിശ്ചയിച്ചു. തൊഴിലാളിക്കു കൂടുതല്‍ തുക അടയ്ക്കാനും വ്യവസ്ഥയുണ്ട്. തൊഴിലാളി നല്‍കുന്ന വിഹിതത്തിന് 1800 രൂപക്ക് മേല്‍ തത്തുല്യ വിഹിതം അടയ്ക്കണോ എന്നത് സ്ഥാപനമുടമക്ക് തീരുമാനിക്കാം. കൂടുതല്‍ വിഹിതം എപ്പോള്‍ വേണമെങ്കിലും നിര്‍ത്തിവക്കാം. പണം പിന്‍വലിക്കാനുള്ള വ്യവസ്ഥകളും ലളിതമാക്കി. പിഎഫില്‍ എട്ടു കോടി അംഗങ്ങളാണുള്ളത്.
◾ വിഴിഞ്ഞത്തെ അദാനി - എംഎസ്സി ഓഹരി കൈമാറ്റം നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. 25 ശതമാനത്തില്‍ അധികം ഓഹരി കൈമാറ്റം വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അംഗീകാരം വേണമെന്നാണ് കരാറിലെ വ്യവസ്ഥ. ജൂണ്‍ 29 നു കരാര്‍ ഒപ്പിട്ടത് സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയാണോയെന്നും പിണറായി വിജയന്‍ ചോദിച്ചു.
◾ ദേവികുളം റേഞ്ചിലെ ഗൂഡന്‍പാറ എസ്റ്റേറ്റില്‍ നടന്ന വന്‍ മരംകൊള്ള സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പാലാ സ്വദേശികളായ നാലുപേരുടെ കൈവശമുള്ള 450 ഏക്കര്‍ ഏലത്തോട്ടത്തില്‍നിന്നു നിയമവിരുദ്ധമായി തമിഴ്‌നാട് സ്വദേശികള്‍ക്ക് 300 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കിയതു നിയമ ലംഘനമാണ്. ഒന്നേകാല്‍ കോടി രൂപയുടെ ഈ പാട്ടക്കരാര്‍ വെറും 500 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പും നടത്തിയെന്ന് വനംവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ യൂത്ത് ലീഗ് നേതാവ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. സിപിഎം നല്‍കിയ പരാതിയിലായിരുന്നു യൂത്ത് ലീഗ് നേതാവ് കാസിമിനെ പ്രതിയാക്കിയത്. കാസിമിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. കാസിം അല്ല സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കേസില്‍ നിന്ന് ഒഴിവാക്കിയത്.
◾ കെഎസ്ആര്‍ടിസി ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പാക്കല്‍, ശുചിത്വം, പൊതുസൗകര്യങ്ങള്‍, കാന്റീന്‍ സേവനങ്ങള്‍ എന്നിവ മെച്ചപ്പെടുത്താന്‍ എല്ലാ ഡിപ്പോകളിലും ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
◾ സംസ്ഥാനത്തെ സഹകരണസംഘങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് കത്തയച്ചു. പാര്‍ട്ടി നിയന്ത്രണത്തില്‍ ഇല്ലാത്ത സഹകരണ സംഘങ്ങളെ പിടിച്ചെടുക്കണമെന്നാണ് നിര്‍ദേശം. 424 സഹകരണ സംഘങ്ങളാണ് ലിസ്റ്റിലുള്ളത്.
◾ നാടിന്റെ താല്‍പര്യം കണക്കിലെടുക്കാതെ കോര്‍പറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്കു സര്‍ക്കാര്‍ കുടപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ബജറ്റിന്റെ ഷെഡ്യൂളില്‍ ധനകാര്യ ബില്ല് ഉണ്ടായിരുന്നില്ല. മദ്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാനാണ് ധനകാര്യ ബില്ലില്‍ നികുതി ഘടന തിരുകി കയറ്റിയത്. മുഖ്യമന്ത്രി വി ഡി സതീശന്‍ നിരന്തരം സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.
◾ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആര്‍എസ്എസിന്റെ വിധേയരാകാന്‍ വി.ഡി. സതീശന്‍ സര്‍ക്കാര്‍ മത്സരിക്കുകയാണെന്നാണ് സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നത്.
◾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഓഹരി കൈമാറ്റത്തില്‍ നിലപാട് മാറ്റി സിപിഎം മുഖപത്രം ദേശാഭിമാനി. വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തില്‍ ആശങ്കയെന്നാണ് ഇന്നത്തെ പത്രത്തിലെ ഒന്നാം പേജ് വാര്‍ത്ത. വിദേശനിക്ഷേപം വന്നത് എല്‍ഡിഎഫിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലം എന്നായിരുന്നു ഇന്നലത്തെ വാര്‍ത്ത.
◾ വെള്ളാപ്പള്ളി നടേശനു നല്‍കിയ പത്മഭൂഷണ്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടാനാവില്ലന്ന് ഹൈക്കോടതി. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നിലപാട് അറിയിച്ചത്. കേസുകള്‍ നിലവിലുണ്ടെന്ന കാരണത്താല്‍ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.
◾ കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി കേസില്‍ സത്യം തെളിയുമെന്ന് ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. വിചാരണ ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നിലപാടിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തട്ടിപ്പു നടന്നതായി പറയുന്ന 10 വര്‍ഷത്തില്‍ താന്‍ ചെയര്‍മാനായത് മൂന്നു വര്‍ഷം മാത്രമാണ്. ബോര്‍ഡ് കൂട്ടായി എടുത്ത തീരുമാനങ്ങളാണു നടപ്പാക്കിയത്. പുതിയ യൂണിയന്‍ രൂപീകരിക്കാനുള്ള നീക്കം തടഞ്ഞതാണ് പരാതിക്കാന്റെ വൈരാഗ്യത്തിനു കാരണം. അദ്ദേഹം പറഞ്ഞു.
◾ നടന്‍ ടിനി ടോമിനെ കടവന്ത്ര പൊലീസ് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിനെതിരെ കേസ് എടുക്കാന്‍ കഴിഞ്ഞ ദിവസം കോടതി നിര്‍ദ്ദിശിച്ചതിനു പിറകേ കേസെടുത്തിരുന്നു. നടിമാരായ നീന കുറുപ്പ്, ശ്വേത മേനോന്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും.
◾ നടി ലക്ഷ്മി പ്രിയക്കും അമ്മ മുന്‍ പ്രസിഡന്റ് ശ്വേത മേനോനും എതിരേ അന്‍സിബ കോടതിയില്‍ ഹര്‍ജി നല്‍കി. അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചുള്ള പരാതി പോലീസ് നേരത്തെ തള്ളിയിരുന്നു.
◾ കൊച്ചിയില്‍ ഡോക്ടര്‍മാര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും ലഹരി എത്തിക്കുന്ന വിതരണക്കാര്‍ പിടിയില്‍. അമല്‍ ജോര്‍ജ്, അഭിജിത്ത് എന്നിവരാണു പിടിയിലായത്. ചേരാനല്ലൂരില്‍ വീട് വാടകക്കെടുത്തായിരുന്നു ലഹരി വില്‍പന.
◾ സ്‌കൂള്‍ ഗ്രൗണ്ടില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കായിക അധ്യാപകനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. തായിനേരി എസ്.എ.ബി.ടി.എം ഹൈസ്‌കൂളിലെ പി.ടി അധ്യാപകനായ രഘുവിനെതിരെയാണ് നടപടി.
◾ കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള തുറമുഖ പ്രദേശത്തെ റെയില്‍പാതയില്‍നിന്ന് റെയില്‍പാളം മോഷ്ടിച്ച മൂന്നു പേര്‍ പിടിയില്‍. വൈപ്പിന്‍ മുള്ളയ്ക്കല്‍ വീട്ടില്‍ പി കെ അഫ്സല്‍ (52), മട്ടാഞ്ചേരി പഴയ വീട്ടില്‍ പിഐ താജുദ്ദീന്‍ (63), അസം സ്വദേശിയായ ചന്ദ്രശേഖര്‍ മാലിക് (46) എന്നിവരാണ് അറസ്റ്റിലായത്.
◾ ദേശീയപാതയിലെ ഗര്‍ത്തം രൂപപ്പെട്ടതില്‍ മുന്നറിയിപ്പുകള്‍ എന്‍എച്ച്എഐ അവഗണിച്ചെന്ന് ജലഅതോറിറ്റി. നിര്‍മാണം തുടങ്ങും മുമ്പുതന്നെ കുടിവെള്ള പൈപ്പുകള്‍ മാറ്റണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം എന്‍എച്ച്എഐ കരാറുകാരന്‍ ഗൗരവമായി എടുത്തില്ലെന്ന് ജലഅതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വ്യക്തമാക്കി.
◾ കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായ സംഭവത്തില്‍ മുന്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. എട്ടു പവനോളം തൊണ്ടി മുതല്‍ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ചത് മുന്‍ എസ്എച്ച്ഒ ആണെന്ന് അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
◾ സൗദി അറേബ്യയിലെ പ്രമുഖ യൂണിവേഴ്സിറ്റിയിലെ അധ്യാപകനും ഗവേഷകനുമായിരുന്ന മലയാളി പ്രൊഫസര്‍ അന്‍രൂപ് ബാലചന്ദ്രന്‍ (52) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.
◾ സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ കന്യാസ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു. കോതമംഗലം എസ്ഡി കോണ്‍വെന്റ് സെയ്ന്റ് വിന്‍സെന്റ് പ്രോവിന്‍സ് അംഗവും മുന്‍ മദര്‍ സുപ്പീരിയറുമായ റിട്ടയേര്‍ഡ് അധ്യാപിക സിസ്റ്റര്‍ ഹെലറ്റ് പുത്തേട്ട് (56) ആണ് മരിച്ചത്.
◾ പള്ളിപ്പെരുന്നാളുകളില്‍ വെടിക്കെട്ട് ഒഴിവാക്കി പാവപ്പെട്ടവര്‍ക്ക് വീട് വെച്ചുനല്‍കാനുള്ള ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്റെ ആഹ്വാനം യാഥാര്‍ത്ഥ്യമായി. അര്‍ഹരായ കുടുംബത്തിന് 60 ദിവസത്തിനുള്ളില്‍ വീടൊരുക്കി പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി.
◾ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന, മൃതദേഹം കീറിമുറിക്കാതെയുള്ള 'വെര്‍ച്വല്‍ ഓട്ടോപ്സി' സംവിധാനം മലപ്പുറം ജില്ലയില്‍ പൈലറ്റ് പദ്ധതിയായി ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
◾ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് 80 ശതമാനത്തോളം ശാരീരിക-മാനസിക വൈകല്യം സംഭവിച്ച യുവാവിന് ഒരു കോടി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കിഴിശ്ശേരി തവനൂര്‍ ഒന്നാംമൈല്‍ സ്വദേശി കിണറ്റിങ്ങല്‍ വീട്ടില്‍ മുബഷിറിനാണ് ട്രൈബ്യൂണല്‍ ജഡ്ജി ഈ വന്‍ തുക നഷ്ടപരിഹാരമായി അനുവദിച്ചത്.
◾ പത്തനംതിട്ട കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പന്‍ മോഹന്‍ദാസിനെ കാണാതായിട്ട് ആറു ദിവസം. മൂപ്പനെ കണ്ടെത്താന്‍ തെരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്കും എസ്പിക്കും കുടുംബം പരാതി നല്‍കി.
◾ കോംബോ ഓഫര്‍ കണ്ട് ഷവായയും ഷവര്‍മയും കഴിച്ച 21 പേര്‍ക്ക് ഭക്ഷ്യ വിഷബാധ. കഴിഞ്ഞ ദിവസം കടയ്ക്കാവൂരിലായിരുന്നു സംഭവം. തെക്കുംഭാഗം എസ്ആര്‍വി എല്‍പി സ്‌കൂളിനു സമീപത്തുള്ള കടയില്‍ നിന്ന് തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്.
◾ തമിഴ്നാട്ടില്‍ പശുക്കളെ അറുക്കുന്നത് നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി പരിധികള്‍ ലംഘിച്ചാണ് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.
◾ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ 'മുഖ്യമന്ത്രി മാവന്‍ ധീയാന്‍ സത്കാര്‍ യോജന'യുടെ ഭാഗമായി പൊതുവിഭാഗത്തിലെ സ്ത്രീകള്‍ക്ക് 3,000 രൂപയും, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ സ്ത്രീകള്‍ക്ക് 4,500 രൂപയും വീതം അക്കൗണ്ടുകളിലേക്കു നല്‍കി. 2022 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു നല്‍കിയ വാഗ്ദാനമനുസരിച്ചാണ് ഈ പദ്ധതി നടപ്പാക്കിയത്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ മൂന്നു ഗഡുക്കളാണു നല്‍കിയത്.
◾ കര്‍ണാടകയിലെ ബെംഗളൂരു ദക്ഷിണ താലൂക്കിലുണ്ടായ ക്വാറി അപകടത്തില്‍ ഒമ്പത് തൊഴിലാളികള്‍ മരണപ്പെട്ടു. മാദാപട്ടണത്തിന് സമീപമുള്ള 'കാവേരി ക്രഷര്‍' എന്ന ക്വാറിയിലാണ് ദുരന്തമുണ്ടായത്. അപകടത്തില്‍പ്പെട്ടവരെല്ലാം അസം, ബിഹാര്‍ സ്വദേശികളാണ്.
◾ ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ നിര്‍ണായക യോഗം ജൂലൈ ആറിന്. ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റിയായ ഡോ. അനില്‍ മിശ്രയുടെയും രാജിയില്‍ അന്തിമ തീരുമാനമെടുക്കാനാണ് ട്രസ്റ്റിന്റെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
◾ അയോധ്യ കേസിലെ പ്രതി ഒരു കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന പുതിയ വീട് ഇടിച്ചു നിരത്തിയേക്കും. അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടി അയോധ്യ വികസന അതോറിറ്റി അയോധ്യക്കേസിലെ പ്രതി ലവ് കുശ് മിശ്രക്ക് നോട്ടീസ് നല്‍കി.
◾ കേതന്‍ അഗര്‍വാള്‍ കൊലക്കേസില്‍ മുഖ്യപ്രതിയായ സിയ അഗര്‍വാളിനെ നുണപരിശോധനയ്ക്കു വിധേയയാക്കണമെന്ന് പൊലീസ് കോടതിയുടെ അനുമതി തേടി. കേതനെ മലയിടുക്കിലേക്ക് തള്ളിയിട്ടത് ആരാണെന്ന് ഉറപ്പിക്കാന്‍ തെളിവുകളോ ദൃക്സാക്ഷിമൊഴികളോ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.
◾ കനത്ത മഴമൂലം മുംബൈയില്‍ പലയിടത്തും വെള്ളക്കെട്ട്. വെസ്റ്റേണ്‍, ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേകളില്‍ വന്‍ ഗതാഗതക്കുരുക്ക്. ഗതാഗതം താറുമാറായതോടെ രാവിലെ ജോലിക്ക് പോകുന്നവരെ ബാധിച്ചു.
◾ നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രി പദം നല്‍കണമെന്ന് ജെഡിയു എംഎല്‍എ പങ്കജ് മിശ്ര. കേന്ദ്രമന്ത്രിയായും മുഖ്യമന്ത്രിയായി 20 വര്‍ഷവും അനുഭവസമ്പത്തുള്ള നേതാവാണ് നിതീഷ് കുമാര്‍. അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയാക്കിയാല്‍ ബിഹാറിലെ ജനങ്ങള്‍ സന്തോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് വന്‍ നാശനഷ്ടവും വെള്ളപ്പൊക്കവും. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രളയസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഹിമാചലില്‍ മാത്രം ഇതിനകം നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.
◾ യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ അര്‍ധരാത്രിയില്‍ റഷ്യയുടെ കടുത്ത ഡ്രോണ്‍-മിസൈല്‍ ആക്രമണം. രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പാര്‍പ്പിട സമുച്ചയങ്ങള്‍ കത്തി നശിച്ചു.
◾ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഫെബ്രുവരി 28ന് കൊല്ലപ്പെട്ട ഇറേനിയന്‍ നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകളില്‍ രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പെടെ ഒന്നര കോടിയിലേറെ ജനങ്ങള്‍ പങ്കെടുക്കും. ശനിയാഴ്ച ടെഹ്‌റാനിലെ ഗ്രാന്‍ഡ് മൊസല്ല പ്രാര്‍ത്ഥനാ സമുച്ചയത്തില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കും. തിങ്കളാഴ്ച വിലാപയാത്ര. ജൂലൈ ഒമ്പതിന് ഇറാന്റെ വടക്കുകിഴക്കന്‍ നഗരമായ മഷാദില്‍ ഖമേനിയുടെ ജന്മനാട്ടില്‍ ഭൗതികശരീരം സംസ്‌കരിക്കും.
◾ സൗദി അറേബ്യയില്‍ സ്വദേശിവത്കരണ നിയമം പ്രാബല്യത്തില്‍ വന്നതോടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം വിദേശ എന്‍ജിനീയര്‍മാര്‍ക്കും തിരിച്ചടി. പ്രമുഖ 46 എന്‍ജിനീയറിങ് തസ്തികകളില്‍ 30 ശതമാനം സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
◾ പാകിസ്ഥാനില്‍ 125 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര തകര്‍ത്ത് വ്യവസായി. 'ഗുരുദ്വാര ശ്രീ ഗുരു സിങ് സഭ സാഹിബ്' ആണ് വ്യവസായി പൊളിച്ചത്. സംഭവത്തെ തുടര്‍ന്ന് സിഖ് സമൂഹം പ്രതിഷേധവുമായി രംഗത്തെത്തി.
◾ ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തില്‍ ബോസ്‌നിയയെ കീഴടക്കി ആതിഥേയരായ യുഎസ്എ പ്രീക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു യുഎസിന്റെ ജയം.
◾ കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തില്‍ പോര്‍ച്ചുഗലും ക്രൊയേഷ്യയും തമ്മില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 4.30ന് നടക്കുന്ന മത്സരത്തില്‍ വാഴുന്നത് ആരാകും? പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചോ? ക്രിസ്റ്റ്യാനോയ്ക്ക് ഇത് ആറാം ലോകകപ്പാണ്, മോഡ്രിച്ചിന് അഞ്ചാമത്തേതും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 12.30 ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ സപെയിന്‍ ഓസ്ട്രിയയുമായി ഏറ്റുമുട്ടും.
◾ യു.എസ് ഉപരോധം നീങ്ങിയിട്ടും ഇറാന്റെ കോടിക്കണക്കിന് ബാരല്‍ എണ്ണ കടലില്‍ കപ്പലുകളിലായി കെട്ടിക്കിടക്കുന്നു. ജൂലൈ ഒന്നിലെ കണക്കനുസരിച്ച് 5.8 കോടിയിലധികം ബാരല്‍ ഇറാനിയന്‍ ക്രൂഡ് ഓയിലാണ് കെട്ടിക്കിടക്കുന്നത്. ഇതില്‍ 90 ശതമാനത്തിലധികം എണ്ണയും വാങ്ങാന്‍ ആരും മുന്നോട്ടു വന്നിട്ടില്ല. എണ്ണക്കപ്പലുകള്‍ ലക്ഷ്യബോധമില്ലാതെ യാത്ര ചെയ്യുകയാണ്. ഓഗസ്റ്റ് പകുതി വരെയേ ഇറാനു വിപണി കണ്ടെത്താന്‍ സമയമുള്ളൂ. ഈ സമയത്തിനുള്ളില്‍ എണ്ണ വിറ്റഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇറാന് വലിയ വരുമാന നഷ്ടമുണ്ടാക്കും. ഇറാന്റെ എണ്ണ കൂടുതലായി വാങ്ങിയിരുന്നത് ചൈനയാണ്. ഇപ്പോഴും ചൈന എണ്ണ വാങ്ങല്‍ തുടരുന്നുണ്ടെങ്കിലും ഡിമാന്‍ഡ് കുറഞ്ഞു. ഇറാന്‍ തങ്ങളുടെ എണ്ണയ്ക്ക് ആകര്‍ഷകമായ വിലക്കിഴിവ് പ്രഖ്യാപിക്കുകയാണെങ്കില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഡിമാന്‍ഡ് പെട്ടെന്ന് ഉയര്‍ന്നേക്കാം. ലാഭം ലക്ഷ്യമിട്ട് പല റിഫൈനറികളും നിലവിലുള്ള കരാറുകള്‍ മാറ്റിനിര്‍ത്തി കുറഞ്ഞ വിലയിലുള്ള ഇറാനിയന്‍ ക്രൂഡ് വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചേക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
◾ വാട്‌സ്ആപ്പിലെ പുതിയ യൂസര്‍ നെയിം ഫീച്ചര്‍ വിലക്കി കേന്ദ്രം. പുതിയ ഫീച്ചറില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കാനുള്ള സാധ്യത വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് കേന്ദ്രം പരിശോധനയ്ക്ക് തയ്യാറായത്. കേന്ദ്രം നോട്ടീസ് നല്കിയതിന് പിന്നാലെ വിശദീകരണവുമായി വാട്‌സാപ്പ് രംഗത്തെത്തി. തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ യൂസര്‍നെയിമുകളില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഒരു വ്യക്തിയ്ക്ക് സന്ദേശമയക്കാന്‍ മറ്റ് ഉപയോക്താക്കള്‍ക്ക് ആ വ്യക്തിയുടെ കൃത്യമായ യൂസര്‍നെയിം അറിഞ്ഞിരിക്കണം. മാത്രമല്ല, വാട്സാപ്പില്‍ യൂസര്‍നെയിം ക്രിയേറ്റ് ചെയ്യുക എന്നത് ഉപയോക്താക്കളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. ഇത് നിര്‍ബന്ധമല്ല, തികച്ചും ഓപ്ഷണലാണ്. യൂസര്‍നെയിം വഴി അപരിചിതനായ ഒരാള്‍ ആദ്യമായി മെസേജ് അയക്കുമ്പോള്‍, സന്ദേശം അയച്ചയാളുടെ രാജ്യം, അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ ഉപഭോക്താവിന് മുന്നറിയിപ്പായി ലഭിക്കും. ഇതിലൂടെ തട്ടിപ്പുകാരെ തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കും. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്ന് കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.
◾ വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോര്‍സ് ഡ്രാമ ചിത്രം 'ഗാട്ട കുസ്തി 2' ലെ മൂന്നാം ഗാനം പുറത്ത്. 'ഹൗസ് ഹസ്ബന്‍ഡ്' എന്ന പേരില്‍ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. മോഹന്‍ രാജന്‍ വരികള്‍ രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് സത്യന്‍ മഹാലിംഗമാണ്. ഷോണ്‍ റോള്‍ഡന്‍ ആണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. ജൂലൈ 3 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. സൂപ്പര്‍ ഹിറ്റായ ഗാട്ട കുസ്തിയുടെ തുടര്‍ച്ച ആയാണ് ഈ രണ്ടാം ഭാഗം കഥ പറയുന്നത്. മലയാളി പെണ്‍കുട്ടി ആയാണ് ഇതിലെ നായികയായ ഐശ്വര്യ ലക്ഷ്മി എത്തുന്നത്. ഗുസ്തി എന്ന സ്പോര്‍ട്സ്, അതിന്റെ ഭാഗമായ ആക്ഷന്‍, ഫാമിലി കോമഡി, ഫാമിലി ഡ്രാമ, ഇമോഷന്‍ എന്നിവയെല്ലാം കോര്‍ത്തിണക്കിയാണ് ചിത്രം കഥ പറയുന്നത്. രമ്യ കൃഷ്ണന്‍, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരന്‍, മുനിസ്‌കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
◾ നടനും നിരവധി കവര്‍ സോങ്ങുകളിലൂടെ ശ്രദ്ധേയനുമായ അക്ഷയ് അജിത്ത് സംവിധാനം ചെയ്ത് നായകനായി എത്തുന്ന ചിത്രം 'ദില്‍' ഈ മാസം 6 ന് ബാംഗ്ലൂരില്‍ ചിത്രീകരണം ആരംഭിക്കും. പ്രണയത്തിനും പ്രതികാരത്തിനുമിടയിലെ മനഃശാസ്ത്രപരമായ പോരാട്ടമാണ് ചിത്രം പറയുന്നത്. മനുഷ്യബന്ധങ്ങളിലെ വിശ്വാസവും അവിശ്വാസവുമൊക്കെ പ്രമേയമായി വരുന്ന 'ദില്‍'ഒരു ഇമോഷണല്‍ സസ്പെന്‍സ് ത്രില്ലറാണ്. മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന അക്ഷയ് അജിത്ത് മലയാളം, തമിഴ് ഗാനങ്ങളുടെ കവര്‍ സോങ്ങുകള്‍ ഒരുക്കി ദക്ഷിണേന്ത്യയില്‍ അറിയപ്പെടുന്ന ഗായകനാണ്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കു പുറമെ ഒട്ടേറെ നടീനടന്മാരെയും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. ബാംഗ്ലൂരും കേരളവുമാണ് പ്രധാന ലൊക്കേഷനുകള്‍.
◾ വില്‍പനയില്‍ ചരിത്രനേട്ടവുമായി ഇന്ത്യയിലെ വൈദ്യുത വാഹന വിപണി. 2026 ജൂണില്‍ 31,253 വൈദ്യുത വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റത്. ആദ്യമായാണ് രാജ്യത്തെ പ്രതിമാസ വൈദ്യുത വാഹന വില്‍പന 30,000 കടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ (15,203 യൂണിറ്റ്) വില്‍പനയെ അപേക്ഷിച്ച് 106 ശതമാനത്തിന്റെ വന്‍ വര്‍ധവും 2026 മെയ് മാസത്തെ 27,977 യൂണിറ്റ് എന്ന റെക്കോഡ് വില്‍പനയേക്കാള്‍ 12 ശതമാനത്തിന്റെ വര്‍ധനവും ജൂണില്‍ നേടാനായി. ടാറ്റ തുടര്‍ച്ചയായി രണ്ടാം മാസവും 10,000ത്തിലേറെ ഇവികള്‍ വിറ്റു. മഹീന്ദ്രയാവട്ടെ ചരിത്രത്തിലാദ്യമായി പ്രതിമാസ വില്‍പന 7,000 യൂണിറ്റിലേറെയാക്കി. മൂന്നാമതെത്തിയ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ ജൂണില്‍ 5,785 യൂണിറ്റാണ് വിറ്റത്. ഇ വിറ്റാരയിലൂടെ ജൂണില്‍ 1,896 യൂണിറ്റിന്റെ വില്‍പന നടത്താന്‍ മാരുതി സുസുക്കിക്ക് സാധിച്ചു. 1,394 യൂണിറ്റുകളാണ് വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ വിറ്റത്. കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പനയാണിത്. ബിവൈഡി ഇന്ത്യയും ജൂണില്‍ എക്കാലത്തേയും മികച്ച പ്രതിമാസ വില്‍പനയുടെ റെക്കോഡിട്ടു. കഴിഞ്ഞ മാത്രം 860 യൂണിറ്റാണ് വില്‍പന നടന്നത്.
◾ ഒപ്പീസെന്നാല്‍ മരിച്ചവര്‍ക്കുള്ള പ്രാര്‍ത്ഥനയെന്നാണര്‍ത്ഥം. ജീവിച്ചിരിക്കെത്തന്നെ ഒപ്പീസ് ചൊല്ലാന്‍ വിധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥയാണീ നോവല്‍. ചരിത്രപരവും രാഷ്ട്രീയവും സാമൂഹികവുമായ ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോയ മധ്യകേരളത്തിലെ ലത്തീന്‍ കത്തോലിക്കരായ ആംഗ്ലോ-ഇന്ത്യന്‍ വംശജരുടെ ജീവിതം, മുന്‍വിധികളാലും ഭാവനാസൃഷ്ടമായും വികൃതാനുകരണങ്ങളാല്‍ 'ലേബലൈസ്' ചെയ്യപ്പെട്ടും ഇക്കാലംവരെ വാര്‍പ്പുമാതൃകകളിലാണ് ആവിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിനൊരപവാദമാണ് ഈ കൃതി. 'ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഒപ്പീസ്'. ജോണി മിറാന്‍ഡ. ഡിസി ബുക്സ്. വില 120 രൂപ.
◾ പ്രായം കൂടുന്നത് സാധാരണയായി ഓര്‍മ്മശക്തി, ചലനശേഷി, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയിലെ ക്രമാനുഗതവും ഒഴിവാക്കാനാവാത്തതുമായ തകര്‍ച്ചയായാണ് ചിത്രീകരിക്കപ്പെടാറുള്ളത്. എന്നാല്‍ യേല്‍ സര്‍വകലാശാലയില്‍ നിന്നുള്ള പുതിയൊരു പഠനം ഈ ധാരണയെ വെല്ലുവിളിക്കുന്നു. പ്രായമാകുമ്പോള്‍ പല പ്രായമായവരിലും ശാരീരികവും മാനസികവുമായ പുരോഗതി ഉണ്ടാകുന്നുണ്ടെന്നും വാര്‍ദ്ധക്യത്തോടുള്ള നല്ല മനോഭാവം ഇതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പഠനം കണ്ടെത്തി. ജെറിയാട്രിക്സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം, 65 വയസ്സും അതില്‍ കൂടുതലുമുള്ള 11,000-ത്തിലധികം അമേരിക്കക്കാരില്‍ നിന്നുള്ള ഒരു പതിറ്റാണ്ടിലേറെയുള്ള വിവരങ്ങള്‍ വിശകലനം ചെയ്തു. കാലക്രമേണ പങ്കെടുത്തവരില്‍ പകുതിയോളം പേര്‍ക്ക് വൈജ്ഞാനിക ശേഷിയിലോ ശാരീരിക ശേഷിയിലോ അല്ലെങ്കില്‍ രണ്ടിലുമോ അളക്കാവുന്ന തരത്തിലുള്ള പുരോഗതി പ്രകടമായതായി ഗവേഷകര്‍ കണ്ടെത്തി. പ്രായമാകുന്നതിനെക്കുറിച്ച് കൂടുതല്‍ നല്ല കാഴ്ചപ്പാടുകള്‍ പുലര്‍ത്തിയവര്‍ക്ക് വൈജ്ഞാനിക ശേഷിയിലും നടത്തത്തിന്റെ വേഗതയിലും പുരോഗതി കാണിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തി. നെഗറ്റീവ് പ്രായ വിശ്വാസങ്ങള്‍ മോശം ഓര്‍മ്മശക്തി, മന്ദഗതിയിലുള്ള നടത്തം, ഉയര്‍ന്ന ഹൃദയസംബന്ധമായ അപകടസാധ്യതകള്‍, അല്‍ഷിമേഴ്സ് രോഗവുമായി ബന്ധപ്പെട്ട ജൈവിക അടയാളങ്ങള്‍ എന്നിവയിലേക്ക് നയിക്കുന്നതായി ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രായമായ ജീവിതത്തോട് നല്ല മനോഭാവം വളര്‍ത്തിയെടുക്കുന്നത് ആരോഗ്യകരമായ വാര്‍ദ്ധക്യത്തിനായി അവഗണിക്കപ്പെട്ട ഒരു മാര്‍ഗ്ഗമായിരിക്കാമെന്നും ഗവേഷകര്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.18, പൗണ്ട് - 126.93, യൂറോ - 108.57, സ്വിസ് ഫ്രാങ്ക് - 117.96, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 65.60, ബഹറിന്‍ ദിനാര്‍ - 252.48, കുവൈത്ത് ദിനാര്‍ -307.78, ഒമാനി റിയാല്‍ - 247.58, സൗദി റിയാല്‍ - 25.36, യു.എ.ഇ ദിര്‍ഹം - 25.94, ഖത്തര്‍ റിയാല്‍ - 26.11, കനേഡിയന്‍ ഡോളര്‍ - 67.05.
Tags:
KERALA