Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ജൂലൈ 1, ബുധന്‍
1201 | മിഥുനം 17, പൂരാടം

◾  വിഴിഞ്ഞം തുറമുഖത്ത് കുത്തക അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിയമസഭയില്‍. എം എസ് സി - അദാനി ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന്റെ അനുമതി വേണം. അദാനി അപേക്ഷ തന്നിട്ടില്ല. 13,000 കോടി രൂപയ്ക്ക് 49 ശതമാനം ഓഹരി കൈമാറാനുള്ള ധാരണ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിഴിഞ്ഞം തുറമുഖത്ത് ദേശീയ സുരക്ഷയും പൊതു താല്‍പ്പര്യവും സംരക്ഷിക്കുകയും മത്സരസാധ്യത ഉറപ്പാക്കുകയും ചെയ്യും. വിഴിഞ്ഞം തുറമുഖം മാത്രമല്ല, ബേപ്പൂര്‍ തുറമുഖവും വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

◾  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന വിബിജി റാം ജി പദ്ധതി പ്രാബല്യത്തിലായി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി ദിനങ്ങള്‍ നൂറായിരുന്നെങ്കില്‍ പുതിയ പദ്ധതിയില്‍ 125 ആകും. പുതിയ പദ്ധതിയില്‍ കൂലിയുടെ 60 ശതമാനം മാത്രമേ കേന്ദ്രം തരൂ. 40 ശതമാനം സംസ്ഥാനം വഹിക്കണം. കേന്ദ്രീകൃത പോര്‍ട്ടല്‍ വഴി തൊഴിലാളികള്‍ക്ക് രാജ്യത്ത് എവിടേയും ജോലി ആവശ്യപ്പെടാം. 15 ദിവസത്തിനകം തൊഴില്‍ നല്‍കണമെന്നാണ് വ്യവസ്ഥ.

◾  വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിനു 180 രൂപ വില കുറച്ച് 2951 രൂപയാക്കി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഇതേസമയം, വ്യോമയാന ഇന്ധന വില ലിറ്ററിന് അഞ്ചു രൂപ കുറച്ചു. സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനര്‍ജിയുടെ കീഴിലുള്ള പമ്പുകളില്‍ പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് മൂന്നു രൂപയും കുറച്ചിട്ടുണ്ട്.



◾  ആസൂത്രണ ബോര്‍ഡിലേക്ക് പിഎസ് സി നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്കുകാരന്‍ ഇടതുപക്ഷ സംഘടനയുടെ സജീവ പ്രവര്‍ത്തകനാണെന്നും ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കണമെന്നും യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. നിലവിലെ റാങ്ക് പട്ടിക അനുസരിച്ച് ജോലി ലഭിച്ചവരുടെ നിയമനം റദ്ദാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

◾  വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി കൈമാറ്റത്തില്‍ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മത്സരമില്ലെങ്കില്‍ വികസനത്തെ സാരമായി ബാധിക്കും. ഒറ്റ കമ്പനിയിലേക്ക് കാര്യങ്ങള്‍ ചുരുങ്ങുന്ന സ്ഥിതി വരും. അത് സംസ്ഥാനത്തിന്റെ വികസന താല്പര്യത്തിന് ദോഷം ചെയ്യും. എംഎസ്സിക്ക് കുത്തക അവകാശം കിട്ടുന്ന സ്ഥിതി ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

◾  കേന്ദ്ര സര്‍ക്കാരിന്റെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ് സി ആര്‍ എ ) നിയമഭേദഗതിക്കെതിരെ  നിയമസഭ പ്രമേയം പാസ്സാക്കി. മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ച പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണച്ചു.  സഭയിലുണ്ടായിരുന്ന രണ്ട് ബി ജെ പി അംഗങ്ങള്‍ എതിര്‍ത്തു വോട്ടുചെയ്തു.

◾  പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും പങ്കെടുക്കരുതെന്ന് നിര്‍ദേശവുമായി ഡിജിപി ഉത്തരവിട്ടു.

◾  ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ച് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാവിലെ ഏഴരയോടെയാണ് സ്‌കൂട്ടര്‍ ഓടിച്ചാണ് കടകംപള്ളി സുരേന്ദ്രന്‍ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയത്. 15 മിനിറ്റ് കൂടിക്കാഴ്ച ചില നിസാര ശുപാര്‍ശകള്‍ക്കു വേണ്ടിയായിരുന്നെന്ന് കടകംപള്ളി പ്രതികരിച്ചു. ശബരിമല സ്വര്‍ണകൊള്ളയില്‍ അന്വേഷണം തുടരുമ്പോഴാണ് സന്ദര്‍ശനം.

◾  ക്ഷേത്രോത്സവത്തിനിടെ വധശ്രമം നടത്തിയെന്ന കേസില്‍ തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലറും കാപ്പ കേസ് പ്രതിയുമായ ആര്‍ സുഗതനെ കോടതി ഇന്നു വൈകിട്ട് അഞ്ചര വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തണമെന്ന പൊലീസിന്റെ ആവശ്യം പരിഗണിച്ചാണ് കസ്റ്റഡിയില്‍ വിട്ടത്. പോലീസ് തന്നെ മര്‍ദിച്ചെന്നു സുഗതന്‍ കോടതിയില്‍ പരാതിപ്പെട്ടപ്പോള്‍ കേസിന്റെ പ്രാധാന്യവും ഗൗരവവും കണക്കിലെടുത്ത് പ്രവര്‍ത്തിക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കി.

◾  മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴയിലേക്ക് പോയ കര്‍ണാടക സ്വദേശികളുടെ ടൂറിസ്റ്റ് ബസാണ് മൂവാറ്റുപുഴ ജംഗ്ഷനില്‍ മറിഞ്ഞത്. പച്ചക്കറി കയറ്റി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ബസിനു പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

◾  ഓപറേഷന്‍ തൂഫാനുവേണ്ടി കെ. സുധാകരന്‍ എംപി കൊച്ചിയില്‍ ക്രിമിനല്‍ കേസ് പ്രതികളുടെ യോഗം വിളിച്ചതല്ലെന്നും തങ്ങള്‍ അദ്ദേഹത്തെ പോയി കണ്ടതാണെന്നും പരിപാടിയുടെ സംഘാടകര്‍. എന്നാല്‍ നൂറോളം പേര്‍ യോഗത്തിനെത്തി. ഓപ്പറേഷന്‍ തൂഫാന്‍ വിജയിപ്പിക്കാന്‍ പൊലീസ് മാത്രം പോരാ, തെറ്റായ വഴികളിലൂടെ സഞ്ചരിച്ചിരുന്നവരേയും മുമ്പു ഗുണ്ടകളായിരുന്നവരേയും മാറ്റിനിര്‍ത്തേണ്ടതില്ലെന്നും സംഘാടകനും പഴയകാല കുറ്റവാളിയുമായ സുഹൈല്‍ ഷാജഹാന്‍ പറഞ്ഞു.

◾  കൊച്ചിയിലെ ഗുണ്ടകളുടെ തൂഫാന്‍ യോഗം സ്വകാര്യപരിപാടി എന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസ്. ഓപ്പറേഷന്‍ തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ടെന്നും നിയമപരമായി മുന്നോട്ട് പോയി ലഹരി മാഫിയയെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

◾  ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോണ്‍ വിളിച്ചെന്ന് കണ്ടെത്തി. സഹ തടവുകാരന്റെ ഫോണ്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഫോണ്‍ വിളിച്ചത്. കൂടുതല്‍ അന്വേഷണത്തിന് തവനൂര്‍ ജയില്‍ സൂപ്രണ്ട് ഉത്തരവിട്ടു.

◾  വടക്കന്‍ കേരളത്തില്‍ വ്യാപക മഴക്കെടുതികള്‍. കാസര്‍ഗോഡും കോഴിക്കോടും മണ്ണിടിഞ്ഞ് അപകടം ഉണ്ടായി. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ മണ്ണിടിഞ്ഞ് മുകളിലേക്ക് വീണു. കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മുതലപ്പൊഴിയില്‍ ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മത്സ്യബന്ധന വള്ളം മറിഞ്ഞു. കടലില്‍ വീണ തൊഴിലാളികളെ ലൈഫ് ഗാര്‍ഡുമാര്‍ രക്ഷപ്പെടുത്തി.

◾  വ്യാപകമായി മഴ ലഭിച്ചതിനാല്‍ സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി ഉപയോഗം 400 മുതല്‍ 600 വരെ മെഗാവാട്ട് കുറവായിരുന്നെന്ന് കെഎസ്ഇബി.

◾  വിയറ്റ്നാമില്‍ ജോലി വാഗ്ദാനം ചെയ്ത് നേപ്പാളില്‍ എത്തിച്ച് 23 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍  എറണാകുളം സ്വദേശികളായ ജയദേവ് (40), വെബ്സ്റ്റര്‍ ബേബി (40) എന്നിവര്‍ക്കെതിരേ എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തു. കൊച്ചി രവിപുരത്തെ 'സ്മാര്‍ട്ട് ട്രാവല്‍സ്' എന്ന സ്ഥാപനത്തിന്റെ എച്ച്ആര്‍ മാനേജര്‍ നല്‍കിയ പരാതിയിലാണ് നടപടി.  

◾  കാസര്‍കോട് പള്ളിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഓപ്പറേഷന്‍ തൂഫാന്റെ പ്രചാരണമെന്ന പേരില്‍ അപകടകരമായ രീതിയില്‍ കാര്‍ റേസിങ് നടത്തിയ സംഘത്തെ തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. 6 കാറുകള്‍ പിടിച്ചെടുത്തു.

◾  ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം. ഈ വര്‍ഷത്തെ ഡോക്ടേഴ്സ് ദിനത്തിന്റെ പ്രമേയം 'ബിഹൈന്‍ഡ് ദ മാസ്‌ക്: ഹൂ ഹീല്‍സ് ദ ഹീലേഴ്‌സ്'. ഡോക്ടര്‍മാരുടെ ത്യാഗവും കാരുണ്യവും മുന്‍നിര്‍ത്തി, മികച്ച ആരോഗ്യപരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തിയെടുക്കണമെന്ന് ഈ ദിവസം ഓര്‍മിപ്പിക്കുന്നു.

◾  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അവകാശലംഘന നോട്ടീസ് നല്‍കി. 2025 ഏപ്രിലില്‍ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' സൈനിക നീക്കത്തില്‍ ഒരു ഇന്ത്യന്‍ സൈനികന് പോലും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആറ് ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചെന്ന വിവരം കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.

◾  അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളക്കേസിലെ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്തു. കോടതി അനുമതി ലഭിച്ചതോടെ പ്രധാന പ്രതികളിലൊന്നായ അവിനാഷ് ശുക്ലയെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ശുക്ലയുടെ വീട്ടില്‍ നിന്ന് 20 ലക്ഷം രൂപ കണ്ടെടുത്തു. മോഷ്ടിച്ച പണം ശുചിമുറിയില്‍ ഒളിപ്പിച്ച് പുറത്തേക്കു കടത്തുന്നതായിരുന്നു പതിവെന്ന് അവിനാഷ് ശുക്ള മൊഴി നല്‍കി. മുന്‍ ട്രസ്റ്റി അനില്‍ മിശ്ര, ട്രസ്റ്റ് അംഗം ഗോപാല്‍ റായ് എന്നിവരെയും ഉടന്‍ ചോദ്യം ചെയ്യും.

◾  അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയ്ക്കെതിരേ പ്രതിഷേധവും രാഷ്ട്രീയ പ്രചാരണവും തടയാന്‍ ജാഗ്രതയോടെ കേന്ദ്ര സര്‍ക്കാരും യുപി സര്‍ക്കാരും. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളിലെ നേതാക്കളെ അയോധ്യയിലേക്കു പ്രവേശിപ്പിക്കരുതെന്നാണ് ബിജെപിയുടെ നിലപാട്. ഇതേസമയം, വിഷയം ഏറ്റെടുക്കാന്‍ ഇന്ത്യ സഖ്യത്തില്‍ വീണ്ടും ചര്‍ച്ച നടക്കും. വിഷയം പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷം ഉന്നയിക്കും.

◾  തമിഴ്നാട്ടില്‍ ടിവികെ സഖ്യമുണ്ടാക്കാന്‍ മുഖ്യമന്ത്രി വിജയ് ഈസ്റ്റ് കോസ്റ്റ് റോഡിലെ ആഡംബര റിസോര്‍ട്ടില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇടതുപാര്‍ട്ടികള്‍ പങ്കെടുക്കില്ല. സര്‍ക്കാര്‍ രൂപീകരണത്തിന് സഹായിച്ച പാര്‍ട്ടികള്‍ക്ക് നന്ദി പറയാന്‍ കൂടിയാണു വിജയ് ഇന്നു വൈകീട്ട് നാലിനു യോഗം വിളിച്ചത്. ഡിഎംകെ സഖ്യം വിട്ട് തന്റെ സര്‍ക്കാരിനു പിന്തുണ നല്‍കിയ കോണ്‍ഗ്രസ്, മുസ്ലീം ലീഗ് അടക്കമുള്ള കക്ഷികളുടെ നേതാക്കള്‍ ഇന്നു നാലിനു നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

◾  ഇന്ത്യന്‍ കരസേനയുടെ ആധുനികവല്‍ക്കരണത്തിനു പ്രഥമ പരിഗണന നല്‍കുമെന്ന് കരസേന മേധാവി ജനറല്‍ ധീരജ് സേത്ത്. ഇതിനായി 'വിജയ്' കര്‍മ്മ പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചു. പുതിയ യുദ്ധമുഖങ്ങള്‍ക്ക് പ്രാപ്തമാകുന്ന രീതിയില്‍ സേനയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

◾  വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 33 കാരനായ രാകേഷ് ചൗഹാന്റെ മൃതദേഹം നാട്ടിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ശരീരത്തിലെ ആന്തരികാവയവങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയത്.

◾  ഹരിയാന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്ന് 169 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പര്‍ദീപ് കുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സര്‍വീസില്‍ നിന്നു വിരമിക്കുന്ന ദിവസമാണ് പിടിയിലായത്.

◾  ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ പുതിയ കരാറില്‍ ഒപ്പുവച്ചു. ജിദ്ദയില്‍ നടന്ന 'സൗദി വാട്ടര്‍ വീക്ക്' സമ്മേളനത്തില്‍  ഇരുരാജ്യങ്ങളും ജലവിഭവ സഹകരണത്തിനായുള്ള ഔദ്യോഗിക ധാരണാപത്രത്തിലാണ് ഒപ്പുവച്ചത്.

◾  ഇറാന്‍ അമേരിക്ക ധാരണാപത്രത്തിലെ അഞ്ച് വ്യവസ്ഥകള്‍ നടപ്പിലാക്കിയതിനു ശേഷമേ അന്തിമ കരാറിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കൂവെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബാഫ്. അമേരിക്ക തടഞ്ഞുവച്ച ഇറാന്റെ സ്വത്തുക്കളില്‍ 1200 കോടി ഡോളര്‍ ഉടനേ തരണം. ഇറാന്റെ ആണവ അവകാശങ്ങള്‍ ഉപേക്ഷിക്കില്ലെന്നും ഗാലിബഫ് വ്യക്തമാക്കി.

◾  ഹോര്‍മൂസിലെ മൈനുകള്‍ നീക്കം ചെയ്യുക സങ്കീര്‍ണമാണെന്നും അന്താരാഷ്ട്ര വിദഗ്ദരുടെ സേവനം ആവശ്യമാണെന്നും ഖത്തര്‍. അമേരിക്ക - ഇറാന്‍ സമാധാന ധാരണയുടെ ഭാഗമായുള്ള ചര്‍ച്ചകള്‍ ഇപ്പോഴില്ലെന്നും ഖത്തര്‍ വ്യക്തമാക്കി.

◾  ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ച് കയറി  പൈലറ്റിന് ദാരുണാന്ത്യം. കെട്ടിടത്തിലുണ്ടായിരുന്ന 13 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു.

◾  ബ്രിട്ടനില്‍ അഭയം ലഭിച്ച ശേഷം ജോലി നേടുന്ന അഭയാര്‍ഥികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ അവരുടെ താമസത്തിനും ജീവിതച്ചെലവിനുമായി വഹിച്ച തുക തിരിച്ചടയ്ക്കണമെന്ന പുതിയ നിയമനിര്‍മാണത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍. പുതിയ ഇമിഗ്രേഷന്‍, അഭയാര്‍ത്ഥി ബില്ലിന്റെ ഭാഗമായാണ് ഈ പുതിയ നിര്‍ദേശം.

◾  പാക് അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാന്‍. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസാന്‍ താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് താലിബാന്‍ സേന അവകാശപ്പെടുന്നത്.

◾  2028-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ഭരണം പിടിക്കുമെന്ന ബിജെപി അധ്യക്ഷന്റെ പ്രസ്താവനയെ പരിഹസിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പശ്ചിമബംഗാളിലേതുപോലെ ബിജെപിയുടെ തന്ത്രങ്ങള്‍ തെലങ്കാനയില്‍ നടക്കില്ലെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയെ ഞെരിച്ചമര്‍ത്തുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

◾  ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്നു രാത്രി പത്തിന് തുടക്കം. കൗമാര താരം വൈഭവ് സൂര്യവംശി ഇന്ന് കളിക്കാന്‍ സാധ്യതയില്ല. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പര നിര്‍ണായകമാണ്. മറുഭാഗത്ത് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍സി ചുമതല ഹാരി ബ്രൂക്കിനാണ്.

◾  ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കു വീഴ്ത്തി മെക്സിക്കോ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലെത്തി. 22-ാം മിനിറ്റില്‍ ഹൂലിയന്‍ ക്വിനോനെസിന്റെ ഗോളിലൂടെ മുന്നിലെത്തിയ മെക്സിക്കോ 31-ാം മിനിറ്റില്‍ റൗള്‍ ഹിമെനെസിന്റെ ഗോളിലൂടെ ലീഡുയര്‍ത്തി. കളി അവസാനിക്കാന്‍ നിമിഷങ്ങളുള്ളപ്പോള്‍ ഇക്വഡോര്‍ താരം പിയറോ ഹിന്‍കാപിക്ക് വായ പൊത്തി സംസാരിച്ചതിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നു.

◾  ഫിഫ ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് ഫ്രഞ്ച് മുന്നേറ്റനിര താരം കിലിയന്‍ എംബാപ്പെ. സ്വീഡനെതിരായ നോക്കൗട്ട് പോരാട്ടത്തില്‍ ഇരട്ടഗോളുകള്‍ നേടിയതോടെ, ലോകകപ്പ് ചരിത്രത്തില്‍ നോക്കൗട്ട് റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് 28-കാരനായ എംബാപ്പെ സ്വന്തമാക്കി.

◾  നെതര്‍ലന്‍ഡ്സ് ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ രാജിവച്ചു. റൗണ്ട് ഓഫ് 32-ല്‍ മൊറോക്കോയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് 63-കാരനായ കോമാന്‍ രാജി പ്രഖ്യാപിച്ചത്.

◾  മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് നിരുപാധികം മാപ്പപേക്ഷിച്ചതോടെ മൂന്ന് വര്‍ഷത്തെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിന്‍വലിച്ചു. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പിന്തുണച്ച് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു വിലക്ക്.

◾  സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 115 രൂപ കുറഞ്ഞ് 12,905 രൂപയും പവന് 920 രൂപ കുറഞ്ഞ് 1,03,240 രൂപയുമായി. ഇന്നലെ പവന്‍ വില 1,320 രൂപ ഇടിഞ്ഞിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 95 രൂപ കുറഞ്ഞ് 10,610 രൂപയും 14 കാരറ്റിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 8,260 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,330 രൂപയിലെത്തി. വെളളി വില ഗ്രാമിന് 240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4,000 ഡോളറിന് താഴേക്ക് പതിച്ച്, ഏകദേശം 3,981 ഡോളര്‍ എന്ന നിരക്കിലെത്തി. കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചേക്കുമെന്ന സൂചനകളും ശക്തമായ യു.എസ് ഡോളറുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.

◾  നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് മരുന്നുനിര്‍മാതാക്കള്‍ക്കായി പുതിയ എഐ ടൂളുകള്‍ വികസിപ്പിക്കാനൊരുങ്ങി ആന്ത്രോപിക്. ഇതോടൊപ്പം പരമ്പരാഗത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ വലിയ താത്പര്യം കാണിക്കാത്തതും അവഗണിക്കുന്നതുമായ രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ കണ്ടെത്തുന്നതിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ 'ക്ലോഡ് സയന്‍സ്' ഉത്പന്നത്തിനു വേണ്ടി മരുന്നുനിര്‍മാണക്കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇതിലൂടെ ആന്ത്രോപിക് ലക്ഷ്യമിടുന്നത്. ലൈഫ് സയന്‍സ് കമ്പനികള്‍ക്ക് എഐ ടൂളുകള്‍ നിര്‍മിച്ച് നല്‍കുന്നതിനൊപ്പം അവഗണിക്കപ്പെട്ട രോഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ആല്‍ഫബെറ്റ്, ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ മറ്റ് വന്‍കിട ടെക് കമ്പനികളും ആരോഗ്യമേഖലയില്‍ മുന്‍പ് സമാനമായ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

◾  'ടോക്സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്പ്സ്' എന്ന ചിത്രത്തിന്റെ പുതിയ വിഡിയോയായ 'ലേഡീസ് & ലേഡീസ്' പുറത്തിറങ്ങി. ടോക്സിക്കിന്റെ ഡാര്‍ക്ക് ലോകത്തിലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളിലേക്കാണ് പുതിയ വിഡിയോ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. ധൈര്യവും ആത്മവിശ്വാസവും ഉദ്വേഗവും നിറഞ്ഞ ഈ വിഡിയോ കഥയെ മുന്നോട്ടു നയിക്കുന്ന സ്ത്രീശക്തികളുടെ ഒരു നേര്‍ക്കാഴ്ചയാണ് സമ്മാനിക്കുന്നത്. നയന്‍താര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവര്‍ തങ്ങളുടെ അതിശക്തമായ സാന്നിധ്യത്തിലൂടെ ഓരോ ഫ്രെയിമും സമ്പന്നമാക്കുന്നു. ശക്തവും നിര്‍ണായകവുമായ കഥാപാത്രങ്ങളെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യും. ഓഗസ്റ്റ് 26 ന് ചിത്രം റിലീസ് ചെയ്യും.

◾  സൂര്യയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ജയ് ഭീം', 'വേട്ടൈയ്യന്‍' തുടങ്ങിയ സിനിമകളൊരുക്കിയ ടി.ജെ ജ്ഞാനവേല്‍ ആണ് പുതിയ ചിത്രത്തിന്റെ സംവിധാനം. കയാദു ലോഹര്‍ നായികയാവുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സായ് അഭ്യങ്കര്‍ ആണ്. എസ്.എ. കതിര്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വഹിക്കും. ഹോംബാലെ ഫിലിംസ് ആണ് നിര്‍മാണം. കരിയറിലെ തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം 'കറുപ്പി'ലൂടെ ബോക്സ്ഓഫിസില്‍ സൂര്യ വലിയ തിരിച്ചുവരവ് നടത്തിയിരുന്നു. ആര്‍ ജെ ബാലാജിയുടെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ 'കറുപ്പ്' 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 'ആവേശ'ത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം, വെങ്കി അട്‌ലൂരിയുടെ 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്നിവയാണ് സൂര്യയുടെ നിലവിലുള്ള പ്രോജക്ടുകള്‍.

◾  ബജാജ് ഓട്ടോ തങ്ങളുടെ ജനപ്രിയ ബൈക്കായ പള്‍സര്‍ എന്‍125 നിര്‍ത്തലാക്കി. കമ്പനി ഇന്ത്യയില്‍ ഇത് നിര്‍ത്തലാക്കിയെങ്കിലും അതിന്റെ ഉത്പാദനം തുടരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേപ്പാള്‍, പെറു, കൊളംബിയ, മൊറോക്കോ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് ബജാജ് ഈ ശക്തമായ ബൈക്ക് കയറ്റുമതി ചെയ്യുന്നതിനാലാണിത്. പള്‍സര്‍ എന്‍125 പൂര്‍ണ്ണമായും പുതിയൊരു പ്ലാറ്റ്‌ഫോമിലാണ് നിര്‍മ്മിച്ചത്. പള്‍സര്‍ പരമ്പരയിലെ മറ്റൊരു ബൈക്കുമായും ഈ പ്ലാറ്റ്‌ഫോം പങ്കിട്ടിരുന്നില്ല. പുതിയൊരു എഞ്ചിനും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു, ഏകദേശം 125 കിലോഗ്രാം ഭാരമുള്ള ഇത് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഭാരം കുറഞ്ഞ പള്‍സര്‍ ബൈക്കുകളില്‍ ഒന്നായിരുന്നു. സാങ്കേതികമായി മികച്ചതാണെങ്കിലും, അതിന്റെ ഡിസൈന്‍ ഇന്ത്യന്‍ വാങ്ങുന്നവരെ ആകര്‍ഷിച്ചില്ല. ഇപ്പോള്‍, ഈ പോരായ്മ പരിഹരിക്കാന്‍ ബജാജ് തയ്യാറെടുക്കുകയാണ്. അടുത്ത വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 2027 ബജാജ് പള്‍സര്‍ ച125 പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

◾  634 ദിവസങ്ങള്‍ നീണ്ട മാരകമായ കൂരിരുള്‍കൊണ്ട് ആധുനിക ഇന്ത്യാചരിത്രത്തെ രണ്ടു കാലഘട്ടമായി നെടുകെ പിളര്‍ത്തിയ കുപ്രസിദ്ധമായ അടിയന്തരാവസ്ഥയുടെ ഓരോ തുടിപ്പും നിലവിളിയും ആക്രോശങ്ങളും എല്ലാ വരികളിലും നിറഞ്ഞുനില്‍ക്കുന്ന പുസ്തകം. അധികാരം നിലനിര്‍ത്തുന്നതിന് ഇന്ത്യയെ തീരാക്കളങ്കത്തിലേക്ക് എടുത്തെറിഞ്ഞവരും ഉപജാപകരും പുതിയ പുതിയ രൂപങ്ങളില്‍ വിശ്വാസത്തിന്റെയും വസ്ത്രധാരണത്തിന്റെയും ഭക്ഷണത്തിന്റെയും പൗരത്വത്തിന്റെയുമെല്ലാമെല്ലാം പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചും വെറുപ്പുപടര്‍ത്തിയും അപ്രഖ്യാപിത അടിയന്തരാവസ്ഥ തുടര്‍ന്നുെകാണ്ടിരിക്കുന്ന എക്കാലത്തും ഈ പുസ്തകം പ്രസക്തമായിരിക്കും. ആര്‍.കെ. ബിജുരാജിന്റെ ഏറ്റവും പുതിയ ചരിത്ര/പഠന പുസ്തകം. '634 ദിനങ്ങള്‍: അടിയന്തരാവസ്ഥയുടെ ചരിത്രം'. മാതൃഭൂമി. വില 416 രൂപ.

◾  എല്‍ഡിഎല്‍ കൊളസ്ട്രോള്‍ എന്നാല്‍ മോശം കൊളസ്ട്രോള്‍ ആണ്. ലിപിഡ് പ്രൊഫൈല്‍ റിപ്പോര്‍ട്ടില്‍ ഉയര്‍ന്ന എല്‍ഡിഎല്‍ ഉള്ളത് ഹൃദ്രോഗ സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. ശരിയായ ഭക്ഷണക്രമത്തിലൂടെ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിലാക്കാന്‍ കഴിയുമെങ്കിലും നമുക്ക് ഏറ്റവും പരിചിതമായ ചില പഴങ്ങള്‍ കഴിക്കുന്നത് എല്‍ഡിഎല്‍ നിയന്ത്രണത്തിലാക്കും. ആപ്പിളില്‍ പെക്റ്റിന്‍ എന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. കുടലിലെ കൊളസ്ട്രോള്‍ ആഗിരണം കുറയ്ക്കാന്‍ ഈ നാരുകള്‍ സഹായിക്കുന്നു. ഓറഞ്ചില്‍ നല്ല അളവില്‍ വിറ്റാമിന്‍ സിയും നാരുകളും അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇതിലെ ഫ്ലേവനോയ്ഡുകള്‍ ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി മുതലായവയില്‍ ആന്തോസയാനിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അവോക്കാഡോ ഏറ്റവും മികച്ച പഴങ്ങളില്‍ ഒന്നാണ്. ഇതിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പും നാരുകളും എല്‍ഡിഎല്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. പേരക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതില്‍ ഈ നാരുകള്‍ മാത്രമാണ് നൂറു ശതമാനം. ഒരു പഴം മാത്രം കഴിക്കുന്നത് എല്‍ഡിഎല്‍ കുറയ്ക്കില്ലെന്ന് ഓര്‍മ്മിക്കേണ്ടതാണ്. മറിച്ച്, സമീകൃതാഹാരം, പതിവ് വ്യായാമം, മതിയായ ഉറക്കം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പ്രധാനമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.98, പൗണ്ട് - 125.81, യൂറോ - 108.35, സ്വിസ് ഫ്രാങ്ക് - 117.34, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 65.50, ബഹറിന്‍ ദിനാര്‍ - 252.31, കുവൈത്ത് ദിനാര്‍ -306.74, ഒമാനി റിയാല്‍ - 247.08, സൗദി റിയാല്‍ - 25.20, യു.എ.ഇ ദിര്‍ഹം - 25.32, ഖത്തര്‍ റിയാല്‍ - 26.01, കനേഡിയന്‍ ഡോളര്‍ - 66.81.
Previous Post Next Post
3/TECH/col-right