Trending

പ്രഭാത വാർത്തകൾ

2026  ജൂണ്‍ 28 , ഞായര്‍ 
1201  മിഥുനം 14, തൃക്കേട്ട
1448  മുഹർറം 12

◾  വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവു നിര്‍ദേശം ഉള്‍പ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിന് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ബില്‍ പാസായാലും വില്‍പനക്ക് അനുമതിയാകില്ല. യുഡിഎഫ് തീരുമാനിച്ചാലേ വീര്യം കുറഞ്ഞ മദ്യം കുറഞ്ഞ നികുതി നിരക്കില്‍ വില്‍ക്കൂവെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചിരുന്നു.

◾  മലയാളി ലോംഗ് ജംപ് താരം ആന്‍സി സോജന്‍ 22 വര്‍ഷം പഴക്കമുള്ള അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റിക്കാര്‍ഡ് തകര്‍ത്തു. ഭുവനേശ്വറില്‍ അന്തര്‍ സംസ്ഥാന ദേശീയ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 6.88 മീറ്റര്‍ ദൂരം ചാടിയാണ് ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് കൂടിയായ ആന്‍സി സോജന്‍ ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഈ ഇനത്തിലെ ദേശീയ കിരീടവും തൃശൂര്‍ ജില്ലക്കാരിയായ താരം സ്വന്തമാക്കി. 2004 ഓഗസ്റ്റ് 27-ന് ഏഥന്‍സ് ഒളിമ്പിക്സിന്റെ ഫൈനലിലായിരുന്നു അഞ്ജു ദേശീയ റിക്കാര്‍ഡിട്ടത്.

◾  ചില നേതാക്കള്‍ക്ക് പാര്‍ലമെന്ററി സ്ഥാനമോഹമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖ. തെരഞ്ഞെടുപ്പ് തോല്‍വിക്കു തിരുത്തല്‍ നിര്‍ദേശങ്ങളുമായി പുറത്തിറക്കിയ രേഖ അടുത്ത കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് മറ്റൊരു മുന്നണിയില്‍ മത്സരിച്ചെന്ന് രേഖയില്‍ പറയുന്നു. കേരള ഘടകം നല്‍കിയ റിപ്പോര്‍ട്ടില്‍ പിബിയുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് രേഖ എത്തുന്നത്.

◾  വീര്യം കുറഞ്ഞ മദ്യം കുറഞ്ഞ നികുതിയോടെ പുറത്തിറക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം കണക്കിലെടുത്താണ് വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നല്‍കിയത്. നിയമസഭ സബജക്ട് കമ്മിറ്റി ചര്‍ച്ച ചെയ്താണ് ചട്ടം ഭേദഗതി ചെയ്തതെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. വീര്യം കുറഞ്ഞ മദ്യം കുറഞ്ഞ നികുതി നിരക്കില്‍ വില്‍ക്കാനുള്ള ബജറ്റ് നിര്‍ദേശം നടപ്പാക്കിയാല്‍ ഖജനാവില്‍ 600 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സെക്രട്ടേറിയറ്റ് പറയുന്നു.

◾  കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ സജിത റാണിയെ ഗവര്‍ണര്‍ നിയമിച്ചു. കൃഷി മന്ത്രി നല്‍കിയ പേരുകള്‍ തള്ളിക്കൊണ്ടാണ് അധ്യാപക പരിഷത് നേതാവിനെ നിയമിച്ചത്.

◾  സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകളില്‍നിന്ന് മെറിറ്റ് നോക്കി വിസിയെ കണ്ടെത്തേണ്ടതിന് പകരം, അധ്യാപക പരിഷത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന സജിതാ റാണിയെ തിരഞ്ഞെടുത്ത ഗവര്‍ണറുടെ നടപടി ജനാധിപത്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. ഗവര്‍ണറുടെ നിയമനത്തെ കോടതിയില്‍ ചോദ്യംചെയ്യുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചു തീരുമാനിക്കുമെന്നും റോജി എം. ജോണ്‍ വ്യക്തമാക്കി.

◾  സംസ്ഥാനത്ത് ഇന്നു പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍. അഞ്ചു വയസിനു താഴെയുളള എല്ലാ കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കും. ഇതിനായി വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. ബൂത്തുകളിലെത്താത്ത കുട്ടികള്‍ക്ക് അടുത്ത ദിവസങ്ങളില്‍ വീടുകളിലെത്തി വാക്സിന്‍ നല്‍കും.

◾  മെട്രോ സ്റ്റേഷനുകളിലെ മില്‍മ ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീനുകളുടെ ഉദ്ഘാടനം ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ നിര്‍വ്വഹിച്ചു. എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയനാണ് പദ്ധതി നടപ്പാക്കുന്നത്.

◾  പിണറായി വിജയനെ വിമാനത്താവളത്തില്‍ സ്വീകരിച്ച് വിമാനത്തിലെത്തിക്കാന്‍ വിമാനക്കമ്പനി ഉദ്യോഗസ്ഥര്‍ എത്താതിരുന്നതിനാല്‍ അദ്ദേഹം അഞ്ചു മണിക്കൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം ഉച്ചയ്ക്ക് 2.50 നുള്ള വിമാനത്തില്‍ കോഴിക്കോട്ടേക്കാണ് പോകേണ്ടിയിരുന്നത്. രാത്രി ഏഴരയ്ക്കുള്ള വിമാനത്തിലാണ് അദ്ദേഹം മടങ്ങിയത്. വിഐപി ലോഞ്ചില്‍ ഇരുന്ന പിണറായിയെ സ്വീകരിക്കാന്‍ വിമാനക്കമ്പനി അധികൃതര്‍ എത്താത്തതായിരുന്നു ആശയക്കുഴപ്പത്തിനു കാരണം.

◾  സംസ്ഥാനത്ത് 10 പേര്‍ക്കു ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം 5, കോഴിക്കോട് 4, വയനാട് 1 എന്നിങ്ങനെയാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്.

◾  സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഡിഎംഒ ഒഴിവുകള്‍ സര്‍ക്കാര്‍ നികത്തി. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് നിയമനം.

◾  കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായി ബിജെപി അധ്യാപക സംഘടനാ നേതാവ് ഡോ. സജിത റാണിയെ നിയമിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അധികാര ദുര്‍വിനിയോഗവുമാണെന്ന് എസ് എഫ് ഐ. സര്‍ക്കാര്‍ നല്‍കിയ പാനല്‍ തള്ളിക്കൊണ്ടുള്ള ഈ നിയമനത്തെ ചെറുക്കുമെന്നും സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വ്യക്തമാക്കി.

◾  ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40) നെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു. ഇതോടെ ഇയാള്‍ 47 വര്‍ഷം ജയിലില്‍ കഴിയേണ്ടിവരും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി 79,000 രൂപ പിഴയും ചുമത്തി.

◾  എറണാകുളം കുറുപ്പുംപടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് കുമാറിന്റെ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ഒരു കേസിലെ പ്രതിയേയും കണക്കില്‍പ്പെടാത്ത 40,000 രൂപയും വിജിലന്‍സ് സംഘം പിടികൂടി. പ്രതി എന്തിനു വീട്ടില്‍ എത്തിയെന്നു വ്യക്തതയില്ല.

◾  വ്യാജ ചികിത്സയും ആഭിചാരക്രിയയും നടത്തുന്നുവെന്ന പരാതിയില്‍ കാസര്‍കോട് ചെര്‍ക്കള സ്വദേശി ശിഹാബുദ്ധീന്‍ ഫൈസിയുടെ വീട്ടില്‍ റെയ്ഡ്. ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ ഇയാള്‍ ചികിത്സ നടത്തുന്നതായി കണ്ടെത്തി. തേന്‍, വെളളം, വിവിധ കുപ്പികള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.

◾  ചമ്പക്കുളം മൂലം വള്ളംകളിക്ക് 'ഒരു കാരണവശാലും അവധി കൊടുക്കില്ലെന്നു' മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞെന്ന് ആരോപിച്ച് ഡി വൈ എഫ് ഐ ചമ്പക്കുളത്ത് മുഖ്യമന്ത്രിയുടെ കോലവും വഹിച്ച് വള്ളം തുഴഞ്ഞ് പ്രതിഷേധം സംഘടിപ്പിച്ചു. ചമ്പക്കുളം കവലയിലും ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനം നടത്തി.

◾  കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഡിവൈഎഫ്‌ഐ തടയുമെന്ന് എ എ റഹീം എംപിക്കെതിരെ ഫേസ്ബുക്കില്‍ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആദംകുട്ടിക്കെതിരേ പൊലീസ് കേസെടുത്തു.

◾  കൊഴിഞ്ഞാമ്പാറയില്‍ പണം വച്ച് കോഴിപ്പോര് നടത്തുന്ന അഞ്ചു പേരെ പത്തു പോരുകോഴികളുമായി പൊലീസ്  പിടികൂടി. കൗസപ്പാറ സ്വദേശി രാജന്‍ (37), കോയമ്പത്തൂര്‍ സ്വദേശി വിഘ്നേഷ് (31), പൊള്ളാച്ചി സ്വദേശി സതീഷ് കുമാര്‍ (33) തുടങ്ങിയവരാണു പിടിയിലായത്.

◾  തിരുവനന്തപുരം ആറ്റുകാലില്‍ 27 കാരി ആരതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അതുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതുലിനെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

◾  പാലക്കാട് ആര്യമ്പാവില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. ആര്യമ്പാവ് കുണ്ടൂര്‍ക്കുന്ന് റോഡില്‍ കൊമ്പത്ത് പള്ളത്ത് കോളനിയില്‍ ദീപ (42) യും സുകുമാരനും (50) ആണ് മരിച്ചത്.

◾  അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ കൊള്ളയ്ക്കെതിരേ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി. ക്ഷേത്രത്തിലെ ജീവനക്കാര്‍ സിസിടിവി ഓഫാക്കി ഇത്രയും ഭീമമായ തുക കൊള്ളയടിക്കാന്‍ ധൈര്യപ്പെടില്ല. പിറകില്‍ വമ്പന്‍ സ്രാവുകളുണ്ടെന്നും പ്രിയങ്ക.  

◾  തമിഴ്നാട്ടില്‍ ഡിഎംകെയില്‍നിന്ന് ഒരു സഖ്യകക്ഷികൂടി കൊഴിഞ്ഞുപോയി. എംഡിഎംകെയും ഡിഎംകെ സഖ്യം വിട്ടു. ഭരണകക്ഷിയായ ടിവികെയ്ക്കൊപ്പം ചേരാനാണ് നീക്കം. നേരത്തെ കോണ്‍ഗ്രസും മുസ്ലീം ലീഗും മുന്നണിവിട്ടിരുന്നു.

◾  തമിഴ്നാട് പി സി സി അധ്യക്ഷനായി മാണിക്കം ടാഗോര്‍ എം പിയെ എഐസിസി നിയമിച്ചു. കോണ്‍ഗ്രസിന്റെ ലോക്സഭാ ചീഫ് വിപ്പാണ് മാണിക്കം ടാഗോള്‍. പി സി സി അധ്യക്ഷന്‍ സെല്‍പെരുംതുംഗെയെ മാറ്റിയാണ് നിയമനം.

◾  മഹാരാഷ്ട്രയില്‍ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ന്നു. ഇന്ന് സംസ്ഥാനത്തെ 1,028 കേന്ദ്രങ്ങളിലായി നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. പരീക്ഷയ്ക്ക് ഏതാണ്ട് 24 മണിക്കൂര്‍ മുന്‍പാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി ഭീവണ്ടി പൊലീസ് കണ്ടെത്തിയത്.

◾  ദക്ഷിണ റെയില്‍വേയുടെ സ്പെഷ്യല്‍ ട്രെയിനുകള്‍ ഹിറ്റ്. കഴിഞ്ഞ വര്‍ഷം സ്പെഷ്യല്‍ ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ ദക്ഷിണ റെയില്‍വേയ്ക്ക് നേട്ടം. 2025-26 സാമ്പത്തിക വര്‍ഷം 32.98 ലക്ഷം യാത്രക്കാര്‍ യാത്ര ചെയ്തതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

◾  ഉത്തര്‍പ്രദേശിലെ കൗശാമ്പിയില്‍ ബീഫ് പാകം ചെയ്തതിന് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഓടി രക്ഷപെട്ട നാല് പുരുഷന്മാര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഗോവധ നിരോധന നിയമപ്രകാരമാണ് കേസ്.

◾  വെനസ്വേലയിലെ ഇരട്ട ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1,430 ആയി. 3,200-ലധികം ആളുകള്‍ക്ക് പരിക്കേറ്റി. 3,100 ലധികം വീടുകള്‍ തകര്‍ന്നു. വെനിസ്വേലന്‍ നാഷണല്‍ അസംബ്ലി പ്രസിഡന്റ് ജോര്‍ജ് റോഡ്രിഗസ് അറിയിച്ചതാണിക്കാര്യം. അമ്പതിനായിരത്തിലധികം ആളുകളെ കാണാനില്ലെന്ന് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി.

◾  പാക്കിസ്ഥാനിലെ കറാച്ചിയില്‍ പാരാമിലിട്ടറി സേനയായ 'റേഞ്ചേഴ്സിന്റെ' പ്രാദേശിക ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടു. ശക്തമായ സ്ഫോടനത്തിനു പിറകേ, വെടിവയ്പോടെയാണ് ആക്രമണം നടത്തിയത്.

◾  മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കന്‍ ആഫ്രിക്കന്‍ ദ്വീപസമൂഹമായ സെയ്ഷെല്‍സിലെത്തി. സെയ്ഷെല്‍സ് ദേശീയ ദിനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി നരേന്ദ്ര മോദി പങ്കെടുക്കും. സെയ്ഷെല്‍സ് പ്രസിഡന്റ് പാട്രിക് ഹെര്‍മെയിനൊപ്പം മോദി ദേശീയ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ചു.

◾  അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ഡല്‍ഹി, ജമ്മു കശ്മീര്‍ തുടങ്ങി നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശനിയാഴ്ച വൈകുന്നേരം പ്രകമ്പനം അനുഭവപ്പെട്ടു.

◾  ഇറ്റലിയില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന 23 വയസുകാരനായ പഞ്ചാബി യുവാവ് മരിച്ചു. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ മിയാനി ഗ്രാമ സ്വദേശിയായ സുഖ്വിന്ദര്‍ സിംഗ് എന്ന സോനുവാണ് മരിച്ചത്. മൂന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് ഇറ്റാലിയന്‍ പോലീസ് സുഖ്വിന്ദറിനെ അറസ്റ്റ് ചെയ്തത്.

◾  കെസിഎല്‍ മൂന്നാം സീസണിന് മുന്നോടിയായി ക്രിക്കറ്റ് പ്രേമികള്‍ക്കായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ കെസിഎല്‍ ഫാന്‍ ലീഗ് സംഘടിപ്പിക്കുന്നു. ഇതാദ്യമായാണ് കാണികള്‍ക്കായി ടര്‍ഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒരുങ്ങുന്നത്.

◾  ലോകകപ്പിലെ ഗ്രൂപ്പ് എല്ലില്‍ പാനമയെ രണ്ടുഗോളിന് തകര്‍ത്ത് ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളായി. രണ്ടാം പകുതിയിലെ രണ്ട് ഗോളുകളുടെ ബലത്തിലാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്. ജൂഡ് ബെല്ലിങ്ങാമും ഹാരി കെയ്‌നുമാണ് ഗോളടിച്ചത്. 

◾  ലോകകപ്പിലെ ഗ്രൂപ്പ് എല്ലിലെ മറ്റൊരു മത്സരത്തില്‍ ഘാനയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ച് ക്രൊയേഷ്യ നോക്കൗട്ടില്‍. ഘാനയെ തോല്‍പ്പിച്ചതോടെ ടീം ഗ്രൂപ്പില്‍ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. ഇംഗ്ലണ്ടും ഘാനയും നേരത്തേ നോക്കൗട്ട് ഉറപ്പിച്ചിരുന്നു 

◾  ഇന്ത്യയുടെ 300 ബില്യണ്‍ ഡോളര്‍ വരുന്ന കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കുറയുന്നത് രാജ്യത്തിന്റെ അടുത്ത സാമ്പത്തിക ആശങ്കയായി മാറുകയാണ്. വാര്‍ഷിക മഴയുടെ 70 ശതമാനവും നല്‍കുന്ന മണ്‍സൂണിലുണ്ടാകുന്ന കുറവ് ഭക്ഷ്യവില വര്‍ദ്ധനവിനും ഗ്രാമീണ മേഖലയിലെ ആവശ്യകത കുറയുന്നതിനും കാരണമാകും. നിലവില്‍ വികസിച്ചുവരുന്ന എല്‍ നിനോ പ്രതിഭാസം മഴ കുറയ്ക്കാനും പണപ്പെരുപ്പം ഉയര്‍ത്താനും കാരണമാകും. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം എണ്ണ വിലയിലുണ്ടായ വര്‍ധന രാജ്യത്ത് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്ന സാഹചര്യത്തിലാണ് കാലാവസ്ഥാ വ്യതിയാനവും തിരിച്ചടിയാകുന്നത്. ജൂണ്‍ 22 ലെ കണക്കനുസരിച്ച് രാജ്യത്തെ ആകെ മഴയില്‍ ശരാശരിയേക്കാള്‍ 43 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മഴയിലെ 10 ശതമാനം കുറവ് മൊത്തം പണപ്പെരുപ്പത്തില്‍ ഒരു ശതമാനം വര്‍ദ്ധനവിന് കാരണമായേക്കാമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ കണക്കാക്കുന്നു. യുദ്ധവും എല്‍-നിനോയും ജിഡിപി വളര്‍ച്ചയെ ബാധിക്കുമെന്ന സൂചന റിസര്‍വ് ബാങ്കും നല്‍കിക്കഴിഞ്ഞു.

◾  വെനിസ്വേലയില്‍ കഴിഞ്ഞ ദിവസം ഇരട്ട ഭൂകമ്പം അനുഭവപ്പെടുന്നതിന് തൊട്ടുമുമ്പ് ഗൂഗിളില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പ് പലരേയും അദ്ഭുതപ്പെടുത്തി. ഏകദേശം 212.3 മൈല്‍ (ഏകദേശം 341 കിലോമീറ്റര്‍) അകലെ 6.2 തീവ്രതയുള്ള ഭൂകമ്പം എന്നാണ് നോട്ടിഫിക്കേഷന്‍ ലഭിച്ചത്. എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലുമുള്ള ആക്‌സിലറോമീറ്റര്‍ എന്ന സെന്‍സറാണ് ഇതിന് കാരണം. നമ്മള്‍ ഫോണ്‍ ചരിച്ചു പിടിക്കുമ്പോള്‍ സ്‌ക്രീന്‍ തനിയെ തിരിയുന്നത് ഈ സെന്‍സര്‍ ഉള്ളത് കൊണ്ടാണ്. ഭൂമിയിലുണ്ടാകുന്ന നേരിയ കമ്പനങ്ങള്‍ തിരിച്ചറിയാനും അളക്കാനും ഇതിന് സാധിക്കും. ഒരു ഭൂകമ്പത്തിന്റേതാകാന്‍ സാധ്യതയുള്ള ശക്തമായ കമ്പനങ്ങള്‍ തിരിച്ചറിയുമ്പോള്‍, അത് ആ വിവരവും അതോടൊപ്പം ആ ഫോണ്‍ ഇരിക്കുന്ന ഏകദേശ സ്ഥലവും ഗൂഗിളിന്റെ 'ആന്‍ഡ്രോയിഡ് എര്‍ത്ത്ക്വേക്ക് അലര്‍ട്ട് സിസ്റ്റത്തിലേക്ക്' സിഗ്നലായി അയക്കുന്നു. ഗൂഗിളിന്റെ സെര്‍വറുകള്‍ നിരവധി ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ സംയോജിപ്പിക്കുന്നു. മതിയായ ഫോണുകള്‍ സമാനമായ വൈബ്രേഷനുകള്‍ കണ്ടെത്തിയാല്‍, ഒരു ഭൂകമ്പം വരുമെന്ന് ഗൂഗിളിന് അറിയാം. അങ്ങനെ, ഇതിന് അലേര്‍ട്ടുകള്‍ അയയ്ക്കാന്‍ സാധിക്കും.

◾  മിസ്റ്ററി ഡ്രാമ ചിത്രം 'സാക്ഷികള്‍' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. എഴുത്തുകാരന്‍ പിഎസ് അര്‍ജുന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. രായര പിക്ചേഴ്സിന്റെ ബാനറില്‍ പുനീത് നിര്‍മ്മിക്കുന്ന ഈ ചിത്രം 2027 ല്‍ തിയറ്ററുകളില്‍ എത്തും. ജീവിതയാത്രയില്‍ കണ്ടുമുട്ടിയ യഥാര്‍ത്ഥ കഥാപാത്രങ്ങളില്‍ നിന്നും യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് 'സാക്ഷികള്‍' എന്ന ഈ മിസ്റ്ററി ഡ്രാമ ഒരുക്കിയിരിക്കുന്നത്. മുഖ്യ വേഷത്തില്‍ എത്തുന്ന സൈജു കുറുപ്പിനൊപ്പം ഒരു മികച്ച താരനിര തന്നെയാണ് ചിത്രത്തിലെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രങ്ങളായി സ്‌ക്രീനില്‍ എത്തുന്നത്. രഘുനാഥ് പലേരി, നിഷാന്ത് സാഗര്‍, അഭിമന്യു എസ്. തിലകന്‍, ശീതള്‍ ജോസഫ്, അഭിരാം രാധാകൃഷ്ണന്‍, നിരഞ്ജ് മണിയന്‍പിള്ള, ഗോകുലന്‍ എം എസ് ഹരിത് വിജയകൃഷ്ണന്‍, ദേവനന്ദ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◾  ബിജു മേനോന്‍ നായകനാകുന്ന ചിത്രം 'അവറാച്ചന്‍ ആന്‍ഡ് സണ്‍സി'ന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ റിലീസായി. കുടുംബബന്ധങ്ങളുടെയും നര്‍മ്മത്തിന്റെയും വികാരനിമിഷങ്ങളുടെയും മനോഹരമായ സംയോജനമാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. ഒരു കുടുംബത്തിന്റെ ആത്മബന്ധവും സന്തോഷ നിമിഷങ്ങളും സ്വാഭാവികമായി ഒരു സെല്‍ഫിയില്‍ പകര്‍ത്തുന്ന ഈ പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാര്‍ഗവന്‍, പൗളി വത്സണ്‍, സാബുമോന്‍, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സാജന്‍ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിന്‍ ചെറുകയില്‍, ഷാജു ശ്രീധര്‍, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◾  പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് അവരുടെ എന്‍ടോര്‍ക്ക് 125 ഡിസ്‌ക് വേരിയന്റിന്റെ അപ്‌ഡേറ്റഡ് മോഡല്‍ പുറത്തിറക്കി. പുതിയ നിറങ്ങളും ഗ്രാഫിക്‌സ് മാറ്റങ്ങളുമായാണ് പുതിയ അപ്‌ഡേറ്റഡ് വേര്‍ഷന്‍ അവതരിപ്പിച്ചത്. 82,500 രൂപയാണ് ഡല്‍ഹി എക്‌സ്-ഷോറൂം വില. ഉത്സവ സീസണിന് മുന്നോടിയായി അവതരിപ്പിച്ച ഈ മോഡല്‍ ഇപ്പോള്‍ രാജ്യത്തുടനീളമുള്ള ടിവിഎസ് ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. മിഡ്നൈറ്റ് ബ്ലാക്ക്, സ്പിതി വൈറ്റ് എന്നിവയാണ് രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍. നിലവിലുള്ള നാര്‍ഡോ ഗ്രേ നിറവും കൂടുതല്‍ ഷാര്‍പ്പായ ഗ്രാഫിക്‌സുകളോടെ പരിഷ്‌കരിച്ചിട്ടുണ്ട്. ടിവിഎസ് സ്മാര്‍ട്ട്ക്സോണറ്റ് ബ്ലൂടൂത്ത് കണക്ററിവിറ്റി, പൂര്‍ണ്ണ ഡിജിറ്റല്‍ റിവേഴ്‌സ് എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് മറ്റു പ്രധാനപ്പെട്ട ഫീച്ചറുകള്‍. ഈ ഡിജിറ്റല്‍ കണ്‍സോള്‍ ഇപ്പോള്‍ എല്ലാ എന്‍ടോര്‍ക്ക് വേരിയന്റുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇത് ഡിസ്‌ക് വേരിയന്റിനെ മികച്ച ഫീച്ചറുകളുള്ള ഒന്നാക്കി മാറ്റുന്നു.

◾  സമകാലിക മലയാളകഥയില്‍ ആഖ്യാനത്തിന്റെ ചടുലതയും ഭാഷയുടെ സൗകുമാര്യവുംകൊണ്ട് ഭാവനയുടെ പുതുഭൂപടം സൃഷ്ടിക്കുന്ന ചെറുകഥകള്‍. കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യന്‍ പുരസ്‌കാരവും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കാരൂര്‍ പുരസ്‌കാരവും നേടിയ കഥാകൃത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. 'വാനില്‍ നിന്നോരു മകുടം'. ജേക്കബ് അബ്രഹാം. ഡിസി ബുക്സ്. വില 171 രൂപ.

◾  പൊട്ടാസ്യം, മഗ്നീഷ്യം, നാരുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളടങ്ങിയ വാഴപ്പഴം ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുമൊക്കെ മികച്ചതാണ്. എന്നാല്‍ പഴം ജലദോഷം, പനി ലക്ഷണങ്ങള്‍ വഷളാക്കുമെന്ന് പലരും വിശ്വസിക്കുന്നു. ആളുകള്‍ക്ക് അലര്‍ജി വളരെക്കുറവായ പഴവര്‍ഗങ്ങളില്‍ ഒന്നാണ് വാഴപ്പഴം. 0.04 ശതമാനം മുതല്‍ 1.2 ശതമാനം പേര്‍ക്ക് മാത്രമാണ് വാഴപ്പഴത്തോട് സാധാരണയായി അലര്‍ജി കണ്ടുവരാറുള്ളത്. എന്നാല്‍ വാഴപ്പഴം കഴിക്കുന്നതിലൂടെ ചിലരുടെ ശരീരം ട്രിഗര്‍ ആവുകയും നമ്മുടെ രോഗപ്രതിരോധ ശേഷി ഹിസ്റ്റമിന്‍ എന്ന ഒരു രാസവസ്തു പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തില്‍ കഫം ഉല്‍പാദിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് ചിലര്‍ക്ക് പഴം കഴിച്ച പിന്നാലെ കഫം ഉണ്ടാകാനുള്ള കാരണം. എന്ന് കരുതി ഇത് എല്ലാവരുടെയും അവസ്ഥയല്ലെന്ന് പ്രത്യേകം മനസിലാക്കണം. വാഴപ്പഴം നേരിട്ട് പനിയോ ജലദോഷമോ ഉണ്ടാക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. വൈറസ് മൂലമാണ് പനിയും ജലദോഷവും ഉണ്ടാകുന്നത്. വാഴപ്പഴത്തെ രോഗകാരണമാക്കുന്ന രീതി ശരിയല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജലദോഷമുള്ളപ്പോള്‍ വെളുത്തുള്ളി, തുളസി, മഞ്ഞള്‍, ബദാം, നെല്ലിക്ക, നാരങ്ങ, മധുരക്കിഴങ്ങ് എന്നിവ കഴിക്കുന്നത് നല്ലതാണ് ഇവ ശരീരത്തെ ചൂടാക്കി നിര്‍ത്താന്‍ സഹായിക്കുമെന്നും അമിത പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
സഹോദരിമാര്‍ തമ്മില്‍ വഴക്കുണ്ടായി.   ഇനി നിന്റെ മുഖത്ത് ഞാന്‍ നോക്കില്ല, മിണ്ടില്ല എന്നായി മൂത്തയാള്‍.. എങ്കില്‍ അങ്ങിനെയാകട്ടെ , കൂടുതല്‍ സന്തോഷം എന്ന് അനിയത്തി.  രണ്ടുപേരും അവരവരുടെ റൂമുകളില്‍ പോയി മുറിയടച്ചിരുന്നു.  കുറച്ച് നേരം കഴിഞ്ഞപ്പോള്‍ അനിയത്തിയുടെ വാതിലില്‍ തട്ടുകേട്ടു.  വാതില്‍ തുറന്നപ്പോള്‍ ചേച്ചി മുന്നില്‍ നില്‍ക്കുന്നത് കണ്ട് അനിയത്തി ചോദിച്ചു: ഇനിയെന്റെ മുഖത്ത് നോക്കില്ല എന്ന് പറഞ്ഞിട്ട്.. അപ്പോള്‍ ചേച്ചി പറഞ്ഞു:  നീ പറഞ്ഞത് ശരിയാണ്.. പക്ഷേ, കുറച്ചാലോചിച്ചപ്പോള്‍ അമ്മ പറഞ്ഞ കാര്യം ഓര്‍മ്മവന്നു.  ആരോടെങ്കിലും വഴക്കുണ്ടായാല്‍ അവരോടൊപ്പം ചെലവഴിച്ച നല്ല നിമിഷങ്ങള്‍ ഓര്‍മ്മിക്കണം എന്ന്...,   വരൂ.. നമുക്ക് കുറച്ച് നേരം പുറത്തിരിക്കാം.. നീയീ ചായ പിടിക്ക്.. അവര്‍ പരസ്പരം ചേര്‍ത്ത് പിടിച്ച് പുറത്തേക്ക് നടന്നു.. എല്ലാ ഇണക്കങ്ങളിലും പിണക്കമുണ്ട്.  അത് ഒഴിവാക്കാനാകാത്തതാണ്.  വഴക്കില്ലെങ്കില്‍ ഒരു ബന്ധവും ഒരുപരിധിക്കപ്പുറത്ത് ആഴമുളളതാകില്ല.. തെന്നി മാറുമ്പോഴാണ് അകലം എത്ര വേദനാജനകമാണെന്ന തിരിച്ചറിവുണ്ടാകുന്നത്.. ഒന്നിച്ച് ഒരായിരം സുന്ദര നിമിഷങ്ങളുളളപ്പോള്‍ എന്തിനാണ് ഒരു ദുര്‍ബലനിമിഷത്തെ തെറ്റിനെ പെരുപ്പിച്ച് കൊണ്ടുനടക്കുന്നത്.. എത്ര കഠിനമായ വാക്കുകള്‍ പരസ്പരം ഉപയോഗിക്കുന്നുവോ, അതിനേക്കാള്‍ പതിന്മടങ്ങ് മൃദുലത വേണം അത് പരിഹരിക്കാന്‍.. സ്വകാര്യപിണക്കങ്ങളെ പൊതുമധ്യത്തിലേക്കെത്തിരുത്, സൗഹൃദത്തിലായിരുന്ന ആനന്ദനിമിഷങ്ങളെ വിസ്മരിക്കരുത്, ആത്മബന്ധത്തിന്റെ അടിസ്ഥാനകാരണങ്ങള്‍ മറക്കരുത്,  ഇടയക്കൊന്ന് ഒളികണ്ണിട്ടുനോക്കണം.. ഒരു ചെറുപുഞ്ചിരി സമ്മാനിക്കണം.. ഒരുമിച്ചുളള ഒരു കപ്പ് ചായയുടെ സാധ്യത ഉപയോഗപ്പെടുത്തണം..  എത്രവലിയ കലഹത്തിനിടയിലും കരുതിലിന്റെ ഒരു ചെറു കണികയെങ്കിലും ശേഷിപ്പിക്കാന്‍ സാധിക്കണം..  പിണക്കങ്ങളേക്കാള്‍ വേഗം ഇണക്കങ്ങള്‍ സംഭവിക്കട്ടേ.. - ശുഭദിനം.
Previous Post Next Post
3/TECH/col-right