Trending

പ്രധാന വാർത്തകൾ

2026 | ജൂണ്‍ 27 , ശനി 
1201 | മിഥുനം 13, അനിഴം
1448  മുഹർറം 11

◾  സമാധാന കരാര്‍ നിലനില്‍ക്കേ, ഇറാന്റെ മിസൈല്‍, ഡ്രോണ്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി യുഎസ് . ഹോര്‍മുസ് കടലിടുക്കില്‍ തായ്വാന്റെ കണ്ടെയ്നര്‍ കപ്പലിനു നേരെ ഇറാന്‍ ആക്രമണം നടത്തിയതിനു തിരിച്ചടിയായാണ് അമേരിക്കയുടെ ആക്രമണം.  ഇറാന്റെ റഡാര്‍ കേന്ദ്രങ്ങളടക്കം യുഎസ് സൈന്യം തകര്‍ത്തു. സംഘര്‍ഷം ഒഴിവാക്കാന്‍ ഇറാന്‍- അമേരിക്ക ആശയ വിനിമയത്തിനു ഹോട്ട് ലൈന്‍ സ്ഥാപിച്ചതിനു പിറകേയാണ് ഇറാന്‍ കപ്പല്‍ ആക്രമിച്ചതും അമേരിക്ക തിരിച്ചടിച്ചതും.

◾  വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 583 ആയി. മൂവായിരത്തോളം പേര്‍ക്കു ഗുരുതര പരിക്കേറ്റിട്ടുണ്ട്. അമ്പതിനായിരത്തിലേറെ പേരെ കാണാനില്ലെന്നാണു റിപ്പോര്‍ട്ട്. ഇവരില്‍ മിക്കവരും മരിച്ചിട്ടുണ്ടാകുമെന്നാണു കരുതുന്നത്.

◾  ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പതാം പ്രതി ഹരീഷ്‌കുമാറിനു ജാമ്യം ലഭിച്ചതു പ്രോസിക്യൂട്ടറുടെ ഒത്തുകളിമൂലമെന്നു പോലീസ്. ജാമ്യത്തെ എതിര്‍ത്ത് 18 ന് പൊലീസ്  റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു വിരുദ്ധമായി പ്രതിയെ കസ്റ്റഡിയില്‍ വേണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചതാണ് ഹരീഷിന് ജാമ്യം ലഭിക്കാനിടയാക്കിയത്. രേഖകളുമായി ഹാജരാകാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷണ ഉദ്യോഗസ്ഥനു നിര്‍ദ്ദേശം നല്‍കി.



◾  വീണാ വിജയന്‍ പ്രതിയായ മാസപ്പടി കേസിലെ അന്വേഷണത്തിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് ജാമ്യം നല്‍കിയ കേസില്‍ കക്ഷി ചേരാന്‍ എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ ഹര്‍ജി നല്‍കി.

◾  വീര്യം കുറഞ്ഞ മദ്യത്തിനു ബജറ്റില്‍ നികുതി നിര്‍ദേശിച്ചതിനു താന്‍ വിയോജിപ്പു പ്രകടിപ്പിച്ചെന്ന ചില മാധ്യമങ്ങളുടെ പ്രചാരണം ശരിയല്ലെന്നും താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. മുന്നണിയുടെ  തീരുമാനമനുസരിച്ചേ മദ്യനയം നടപ്പാക്കൂ. ജവാന്‍ ഉല്‍പാദനം നിര്‍ത്തിയത് കുപ്പികളും സ്റ്റിക്കറും കാര്‍ട്ടണ്‍ ബോക്സുകളും ഇല്ലാത്തതിന്റെ പേരിലാണെന്നാണ് പ്രാഥമിക വിവരമെന്നും അദ്ദേഹം പറഞ്ഞു.

◾  മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് ഇന്നു മുതല്‍ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ അറിയിച്ചു. പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി എച്ച് എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാന്‍ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴി ജൂലൈ 17 വരെ അപേക്ഷിക്കാം.

◾  കൊച്ചി എളംകുളം മെട്രോ സ്റ്റേഷനിലെ സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ രാത്രികാല ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. തിങ്കളാഴ്ച മുതല്‍ എല്ലാ ദിവസവും രാത്രി 11:00 മണി മുതല്‍ രാവിലെ 6:00 മണി വരെയാണ് ഫാത്തിമ ചര്‍ച്ച് മുതല്‍ ടോക് എച്ച് റോഡ് വരെയുള്ള ഭാഗത്തു ഗതാഗതം നിയന്ത്രിക്കുക.

◾  സംസ്ഥാനത്ത് ലഹരി മാഫിയകള്‍ക്കെതിരെ 'ഓപ്പറേഷന്‍ തണ്ടര്‍' പരിശോധനകളിലായി 14,722 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എക്സൈസ് മന്ത്രി എം. ലിജു.

◾  സംസ്ഥാനത്തെ അങ്കണവാടികളിലെ കുട്ടികള്‍ക്ക് പാല്‍, മുട്ട എന്നിവ അടക്കമുള്ള പോഷകാഹാര വിതരണം കടുത്ത പ്രതിസന്ധിയിലേക്കെന്ന് സിപിഎം. വിലക്കയറ്റം രൂക്ഷമായിട്ടും തുച്ഛമായ തുകയ്ക്ക് പാലും മുട്ടയും നല്‍കാന്‍ വിതരണക്കാര്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സിപിഎം കുറ്റപ്പെടുത്തി.

◾  സംസ്ഥാനത്ത് എട്ട് പേര്‍ക്കു കൂടി ഷിഗല്ല സ്ഥിരീകരിച്ചു. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ 1 വീതം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം നിപയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പ്പെട്ട ഒരാളെ ക്വാറന്റൈനില്‍നിന്ന് ഒഴിവാക്കി.

◾  യുഡിഎഫ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കിയ സ്ത്രീ സൗജന്യ യാത്രാ പദ്ധതിമൂലം വയനാട്ടിലും സ്വകാര്യ ബസുകള്‍ നഷ്ടത്തിലായി. ബസുടമകള്‍ സര്‍വീസ് നിര്‍ത്താന്‍ ഒരുങ്ങുകയാണ്.

◾  ചമ്പക്കുളം മൂലം വള്ളംകളിക്ക് ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ കുട്ടനാട്ടില്‍ പ്രതിഷേധം. ചമ്പക്കുളത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ കോലം കത്തിച്ചു. മൂലം ജലോത്സവം ഫാന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

◾  സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ മുതല്‍ പരക്കെ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം.

◾  ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ തിരുവനന്തപുരത്തെ സുപ്രധാന കേന്ദ്രങ്ങളില്‍ ഇടവേളയ്ക്ക് ശേഷം സ്ഥിരം ഡയറക്ടര്‍മാരെ നിയമിച്ചു. ഐഎസ്ആര്‍ഒ മാതൃകേന്ദ്രമായ വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ ഡോ. യു.പി.രാജീവാണ് പുതിയ മേധാവി. വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററില്‍ എന്‍.ജയനാണ് ഡയറക്ടര്‍ സ്ഥാനം.

◾  കേരളത്തിലെ തീരമേഖലയിലെ ഖനനം സ്വകാര്യവല്‍കരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഇത് ചോദ്യം ചെയ്തപ്പോള്‍ സ്വകാര്യവല്‍ക്കരണം ഇല്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശന്‍ കേരള നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും തെലങ്കാന ആസ്ഥാനമായ ഒരു കമ്പനിയുമായി ഖനനത്തിനുള്ള ധാരണയ്ക്കുശേഷമാണ് മുഖ്യമന്ത്രി സ്വകാര്യവല്‍ക്കരണം ഇല്ലെന്ന് പറയുന്നതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

◾  ഇന്ത്യന്‍ നേവിയിലെ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വന്‍ ജോലി തട്ടിപ്പ് നടത്തിയ യുവാവ് കൊച്ചിയില്‍ പിടിയില്‍. പാലാരിവട്ടം സ്വദേശി വിമല്‍ എസ് നമ്പൂതിരിയാണ് അറസ്റ്റിലായത്. നേവി ഇന്റലിജന്‍സ് വിഭാഗവും കേരള പൊലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്.

◾  വിഴിഞ്ഞത്ത് തിരയടിയില്‍പ്പെട്ട് കടലില്‍ കാണാതായ ഹോമിയോ ഡോക്ടറെ അഞ്ചു ദിവസമായിട്ടും കണ്ടെത്താനായില്ല. വയനാട് പയ്യംപള്ളി വള്ളിയൂര്‍ക്കാവ് ആറാട്ടുതറയില്‍ നന്ദനത്തില്‍ ശ്രീജിത്തി(29)നെയാണ് കാണാതായത്.

◾  സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കണ്ണില്‍ മുളകുപൊടി വിതറി 28 ലക്ഷം രൂപയും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ മൂന്നുപേരെ പൊലീസ് പത്തുമിനിറ്റിനകം പിടികൂടി. മീനച്ചില്‍ കിടങ്ങൂര്‍ തട്ടേമാട്ടേല്‍ വീട്ടില്‍ ശ്രീജിത്ത് ബെന്നി (27), കഞ്ഞിക്കുഴി എസ് എല്‍ പുരം തിരുവാതിര വീട്ടില്‍ അരവിന്ദ് (27), കോട്ടയം കടപ്പൂര്‍ വട്ടുകുളം എര്‍ത്തയില്‍ വീട്ടില്‍ അനീഷ് ജെയിംസ് (22) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

◾  ബംഗാളില്‍ കാമുകിയെ വെട്ടിക്കൊന്ന് പെരുമ്പാവൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നയാള്‍ പിടിയിലായി. വെസ്റ്റ് ബംഗാള്‍ കൃഷ്ണകുഞ്ചി സ്വദേശി ഫക്കീര്‍ മണ്ഡല്‍ (51)നെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. കൊല്‍ക്കത്ത ബാഗ്യുയാട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവതിയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

◾  ഓടുന്ന ട്രെയിനിന്റെ വാതില്‍ക്കല്‍ ഇരുന്ന് ഉറങ്ങിയ യുവാവ് താഴെ വീണു മരിച്ചു. വടകര അഴിയൂര്‍ സ്വദേശി അന്‍സാര്‍ ആണ് മരിച്ചത്.

◾  അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്ന ജീവനക്കാര്‍ സിസിടിവി ക്യാമറകളുടെ കണ്ണുമറച്ചാണു കോടികള്‍ തട്ടിയെടുത്തതെന്ന് പോലീസ്. ബാങ്കുകളില്‍ നിക്ഷേപിക്കുന്ന തുക കുറഞ്ഞപ്പോഴാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ക്കു സംശയമുണ്ടായത്. ഇതോടെ പണം എണ്ണുന്നിടത്തു ക്യാമറകള്‍ സ്ഥാപിച്ചു. ഒരു കാണിക്ക വഞ്ചിയില്‍ ഏഴു ലക്ഷം രൂപവരെ ഉണ്ടാകാറുണ്ട്. എന്നാല്‍ ചില ആഴ്ചകളില്‍ 500 രൂപാനോട്ടുകളുടെ കെട്ടുകളില്‍ കുറവ് കണ്ടെത്തി. ഒരു ജീവനക്കാരന്‍ ക്യാമറയ്ക്കു മുന്നില്‍ നിന്ന് ക്യാമറ മറച്ചാണ് പണം അടിച്ചുമാറ്റിയത്. നോട്ടുകെട്ടുകളില്‍ അധിക നോട്ടുകള്‍ തിരുകിക്കയറ്റി. ഉദ്യോഗസ്ഥര്‍ നോട്ടുകള്‍ എണ്ണാതെ കെട്ടുകള്‍ മാത്രം എണ്ണിയാണ് വൗച്ചര്‍ തയാറാക്കിയത്. ഈ പണം ബാങ്കിലേക്ക് എത്തിക്കുന്നതിനിടയില്‍ പ്രതികള്‍ നോട്ടുകള്‍ കൈക്കലാക്കുകയാണു ചെയ്തിരുന്നത്.

◾  അയോധ്യ ക്ഷേത്രക്കൊള്ള കേസില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനുമായ ചമ്പത് റായ് രാജിവച്ചത് നിഷ്പക്ഷത ഉറപ്പാക്കാനാണെന്ന് ട്രസ്റ്റ് വൃത്തങ്ങള്‍. എഫ്ഐആറില്‍ പെടാത്ത ചമ്പത് റായ് മാറി നില്‍ക്കുന്നത് ധാര്‍മ്മികത കൊണ്ടാണെന്നും ട്രസ്റ്റ് വിശദീകരണം നല്‍കി.

◾  ഒരു വര്‍ഷം മുമ്പ് നടന്ന ഓപറേഷന്‍ സിന്ദൂറില്‍ ആറു സൈനികര്‍ വീരമൃത്യു വരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. രാജ്യത്തിനായി ജീവന്‍ ത്യജിച്ച ഇവരുടെ പട്ടിക ദേശീയ യുദ്ധ സ്മാരകത്തില്‍ രേഖപ്പെടുത്തി.

◾  തമിഴ്‌നാട് മന്ത്രിയും ടിവികെ നേതാവുമായ ഡി. ശരത്കുമാറിനെതിരെ ലഹരിമരുന്ന് ഉപയോഗ ആരോപണവുമായി ബിജെപി. ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ഇരുന്ന മന്ത്രി മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ വെള്ള നിറത്തിലുള്ള പൊടി നിരത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

◾  ഡല്‍ഹിയില്‍ സെപ്റ്റിക് ടാങ്കില്‍ കുടുങ്ങി വിഷവാതകം ശ്വസിച്ച് മൂന്നു ശുചീകരണ തൊഴിലാളികള്‍ മരിച്ചു. മുണ്ട്കയിലാണ് സംഭവം. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മുണ്ട്കയിലെ ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍.

◾  മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ വിശ്വാസ് നാംഗ്രേ പാട്ടീല്‍ ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ച് നടത്തിയ പ്രസംഗം വിവാദമായി. സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണിതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടു.

◾  വിജയ് രാജിവച്ച ട്രിച്ചി സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാധ്യത തള്ളാതെ എം.കെ. സ്റ്റാലിന്‍. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി വിജയ് ഒഴിഞ്ഞ ട്രിച്ചി ഈസ്റ്റില്‍ സ്റ്റാലിന്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പ്രതികരണം.

◾  വടക്കുകിഴക്കന്‍ ഇന്ത്യയെ പശ്ചിമേഷ്യയുമായി ബന്ധിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ആസാമിലെ ഗോഹട്ടിയില്‍ നിന്ന് ദുബായിലേക്കും അബുദാബിയിലേക്കും ഓഗസ്റ്റ് മുതല്‍ നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കും.

◾  പശ്ചിമ ബംഗാളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ബില്‍ തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. ഗുജറാത്ത്, അസം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ മാതൃകയില്‍ കൃത്യമായ നിയമനടപടികള്‍ പാലിച്ചായിരിക്കും സംസ്ഥാനത്ത് യുസിസി നടപ്പിലാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

◾  മണിപ്പൂരിലെ വംശീയ കലാപം മൂന്ന് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി മാറിയതോടെ സംസ്ഥാനത്തു ഭക്ഷ്യവസ്തുക്കളുടേയും പെട്രോള്‍, പാചകവാതകം എന്നിവയുടെയും വിതരണം തടസ്സപ്പെട്ടു. സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് കുക്കി-സോ വിഭാഗത്തിന് ഭൂരിപക്ഷമുള്ള കാംഗ്പോക്പി ജില്ലയാണ് ഇപ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്.

◾  വിമാനം പറക്കുന്നതിനിടെ ആകാശത്ത് മുഖ്യ പൈലറ്റിന് പെട്ടെന്ന് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടായതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. ന്യൂവാര്‍ക്കില്‍നിന്നു കാനഡയിലെ ഹാലിഫാക്സിലേക്ക് പോവുകയായിരുന്ന എയര്‍ കാനഡയുടെ എ.സി 7664 വിമാനമാണ് തിരിച്ചിറക്കിയത്. വിമാനംനിയന്ത്രണം വിട്ടതോടെ പരിഭ്രാന്തരായ എയര്‍ഹോസ്റ്റസുമാര്‍ കോക്ക്പിറ്റിലേക്ക് ഓടിക്കയറി ബോധരഹിതനായ പൈലറ്റിനെ പുറത്തേക്ക് വലിച്ചുമാറ്റി.

◾  അബുദാബിയിലെ സായിദ് പോര്‍ട്ടിന് സമീപമുള്ള പ്രശസ്തമായ കാര്‍പെറ്റ് സൂക്കില്‍ തീപിടിത്തം. മണിക്കൂറുകളെടുത്താണ് അഗ്‌നിശമന സേന തീയണച്ചത്.

◾  ഫിഫ ലോക കപ്പ് ഫുട്ബോളില്‍ ഒസ്മാന്‍ ഡെംബെലെയുടെ ഹാട്രിക്കുമായി ഫ്രഞ്ച് പട ഒന്നിനെതിരേ നാല് ഗോളുകള്‍ക്കു നോര്‍വേയെ തകര്‍ത്തു. ഡെംബലേയ്ക്കു പുറമെ ഡിസൈര്‍ ഡൗ മറ്റൊരു ഗോള്‍ നേടി. നോര്‍വെയ്ക്ക് വേണ്ടി തെലോ ആസ്ഗാര്‍ഡാണ് ആശ്വാസഗോള്‍ നേടിയത്.

◾  ലോകകപ്പ് ഗ്രൂപ്പ് ഐ അവസാന റൗണ്ട് പോരാട്ടത്തില്‍ ഇറാഖിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കു തകര്‍ത്തുവിട്ട് സെനഗല്‍. പത്തു പേരായി ചുരുങ്ങിയ ഇറാഖിനെതിരെ ആഫ്രിക്കന്‍ കരുത്തരായ സെനഗല്‍ ഗോള്‍മഴ പെയ്യിക്കുകയായിരുന്നു. മൂന്നു മത്സരങ്ങളും തോറ്റ ഇറാഖ് ടൂര്‍ണമെന്റില്‍നിന്നു പുറത്തായി.

◾  മുന്‍ ചാമ്പ്യന്മാരായ ജര്‍മനിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തകര്‍ത്ത് ഇക്വഡോര്‍ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ കോച്ച് സെബാസ്റ്റ്യന്‍ ബെക്കാസെസെ നടത്തിയ വൈകാരിക വിജയാഘോഷം വൈറലായി. 2006-ന് ശേഷം ആദ്യമായാണ് ഇക്വഡോര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്.

◾  ഫിഫ ലോകകപ്പില്‍ സ്‌കോട്ട്ലന്‍ഡിനെതിരായ ഗ്രൂപ്പ് സി മത്സരത്തില്‍ വിനീഷ്യസ് ജൂനിയറിന്റെ ഗോള്‍ അനുവദിക്കാത്തതില്‍ ഫിഫയ്ക്ക് ഔദ്യോഗിക പരാതി നല്‍കി ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. മത്സരത്തില്‍ മെക്‌സിക്കന്‍ റഫറി സീസര്‍ റാമോസിനെതിരേയാണു പരാതി. 21ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ സ്‌കോട്ട്ലന്‍ഡ് താരം ജാക്ക് ഹെന്‍ഡ്രിയില്‍ നിന്ന് പന്ത് തട്ടിയെടുത്ത ശേഷം ഗോളാക്കിയിരുന്നു. റഫറി ആദ്യം ഗോള്‍ അനുവദിച്ചെങ്കിലും, പിന്നീട് വാര്‍ പരിശോധനയിലൂടെ ഫൗളാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

◾  ടി20 ലോകജേതാക്കളായ ഇന്ത്യയെ 34 റണ്‍സിന് അട്ടിമറിച്ച് ചരിത്രജയവുമായി അയര്‍ലന്‍ഡ്. അയര്‍ലന്‍ഡ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 148 റണ്‍സിന് ഓള്‍ഔട്ടായി.  

◾  എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്ഥാനെ നിലംപരിശാക്കിയത്. മത്സരത്തിന്റെ തുടക്കത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തിയത്. സുഖ്ജീത് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, ജുഗ്രാജ് സിംഗ്, അഭിഷേക്, രാജ്കുമാര്‍ പാല്‍, ദില്‍പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്.

◾  ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടിക്കഴിഞ്ഞ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാമത് എഡിഷന്‍ 2026 ഡിസംബര്‍ 20, 21, 22, 23 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ നടക്കും. സംഘാടക സമിതി രൂപീകരണയോഗം ജൂലൈ 11-ന് മാനന്തവാടി ദ്വാരക കാസാ മരിയയില്‍ വച്ച് ചേരും. സാഹിത്യോത്സവത്തോടനുബന്ധിച്ച് ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് ഫെയര്‍, ഫിലിം ഫെസ്റ്റിവല്‍, പുസ്തകമേള, ഭക്ഷ്യമേള, കാര്‍ഷികവിപണി, പൈതൃകനടത്തം, ആര്‍ട് ബിനാലെ, കുട്ടികളുടെ വിനോദ-വിജ്ഞാനക്കളരി, മാസ്റ്റര്‍ ക്ലാസുകള്‍, കേരളത്തിലെ ഏറ്റവും മികച്ച കോളേജ് മാഗസിന്‍ പുരസ്‌കാരം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. കാരവന്‍ മാഗസിന്റെ മുന്‍ എഡിറ്ററും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഡോ. വിനോദ് കെ. ജോസാണ് വയനാട് സാഹിത്യോല്‍സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍. എഴുത്തുകാരന്‍ വി.എച്ച്. നിഷാദ്, പ്രമുഖ പത്രപ്രവര്‍ത്തക ലീന ഗീതാ രഘുനാഥ് എന്നിവര്‍ ക്യുറേറ്റര്‍മാരാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഓഫറില്‍ ഡെലിഗേറ്റ് പാസ്സ് 799 രൂപയും, പ്രതിദിന ടിക്കറ്റ് 50 രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847199379, 9747786607 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

◾  സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ നിക്ഷേപത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതോടെ വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധന. 39,640 കോടി രൂപയാണ് ജൂണില്‍ രാജ്യത്തെത്തിയ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം. നികുതിയിളവും നിക്ഷേപ സാധ്യത വിപുലമാക്കിയതുമാണ് കുതിപ്പിന് കാരണം. ബ്ലൂംബര്‍ഗിന്റെ ആഗോള ബോണ്ട് സൂചികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു. നിക്ഷേപത്തിലെ കുതിപ്പ് രൂപയുടെ മൂല്യം കൂട്ടാന്‍ സഹായകമായി. ജൂണില്‍ ഇതുവരെ 39,640 കോടി രൂപ (ഏകദേശം 4.2 ബില്യണ്‍ ഡോളര്‍) വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപമായി എത്തി. 2024 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ 22,005 കോടി ആയിരുന്നു ഇതിനുമുമ്പത്തെ ഉയര്‍ന്ന പ്രതിമാസ നിക്ഷേപം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം നിക്ഷേപം 3,546 കോടി മാത്രമായിരുന്നു. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി സര്‍ക്കാരും റിസര്‍വ് ബാങ്കും സ്വീകരിച്ച നടപടികളാണ് മാറ്റത്തിന് പിന്നില്‍.

◾  ഇന്ത്യയില്‍ മാക്ബുക്ക്, ഐപാഡ് ശ്രേണിയിലെ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് ആപ്പിള്‍. ചില മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് വില വര്‍ധന. എം5 ചിപ്പുള്ള മാക്ബുക്ക് എയര്‍ ഇന്ത്യയില്‍ 1,19,900 രൂപ വിലയിലാണ് ലോഞ്ച് ചെയ്തത്. ഇപ്പോള്‍ അതിന്റെ വില 1,49,900 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. 15 ഇഞ്ച് മാക്ബുക്ക് എയര്‍ വേരിയന്റിന്റെ വില 1,44,900 രൂപയില്‍നിന്ന് ഇപ്പോള്‍ 1,79,900 രൂപയായി. എം5 ചിപ്പും 16 ജിബി റാം ഉള്ള ബേസ് 14 ഇഞ്ച് മാക്ബുക്ക് പ്രോ 1,69,900 രൂപക്കാണ് ലോഞ്ച് ചെയ്തതെങ്കില്‍ ഇപ്പോള്‍ 2,39,900 രൂപക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മാക്ബുക്ക് നിയോയുടെ വില 10,000 രൂപ വര്‍ധിച്ചു. മാക്ബുക്ക് പ്രോയുടെ (14 ഇഞ്ച്) എം5 മാക്‌സ് വേരിയന്റില്‍ വില 1 ലക്ഷം രൂപ വര്‍ധിച്ചു. എം4 പ്രോസസ്സറുള്ള 11 ഇഞ്ച് ഐപാഡ് എയറിന് ഇപ്പോള്‍ 89,900 രൂപയാണ് വില. എം5 ചിപ്പും ബേസ് 256 ജിബി സ്റ്റോറേജുമുള്ള ഐപാഡ് പ്രോയ്ക്ക് ഇപ്പോള്‍ 1,39,900 രൂപയാണ് വില. കഴിഞ്ഞ വര്‍ഷം 99,990 രൂപക്കാണ് ഇത് അവതരിപ്പിച്ചത്.

◾  നിമിഷ സജയന്‍, കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂര്‍ ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ തമിഴ് ചിത്രമായ 'എന്ന വിലൈ'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. കലാമയ ഫിലിംസിന്റെ ബാനറില്‍ മലയാളിയായ ജിതേഷ് വി, അനുഗോപാല്‍ വേണുഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയ സജീവ് പാഴൂര്‍ ആണ്. സോഷ്യോ- പൊളിറ്റിക്കല്‍ ത്രില്ലര്‍ ഘടകങ്ങള്‍ നിറഞ്ഞ ഒരു ഫാമിലി ഡ്രാമ ആയാണ് 'എന്ന വിലൈ' ഒരുക്കിയിരിക്കുന്നത്. രാമേശ്വരം പശ്ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രത്തില്‍ വൈ ജി മഹേന്ദ്രന്‍, പൂര്‍ണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രന്‍, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി തുടങ്ങി നിരവധി പേര്‍ അണിനിരക്കുന്നു.

◾  ലഹരി വിപത്തിനെതിരെ പൊതുജനതാല്‍പര്യാര്‍ഥം ഫൈസല്‍ ഹുസൈന്‍ കഥ എഴുതി സംവിധാനം ചെയ്ത 'ഡെയ്ഞ്ചറസ് വൈബ്' എന്ന സിനിമ നിയമസഭാ സാമാജികരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കും. ജൂണ്‍ 29 തിങ്കളാഴ്ച വൈകിട്ട് 6 മണിക്കാണ് നിയമസഭാ ഹാളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയും സ്പീക്കറുമടങ്ങുന്ന 140 എംഎല്‍എമാരും പ്രദര്‍ശനം കാണാന്‍ എത്തും. അപ്പുണ്ണി ശശിയും ജയരാജ് കോഴിക്കോടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറിയുടെ ബാനറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തയ്യാറാക്കിയ ചിത്രത്തിന്റെ പ്രമേയം ലഹരി മാഫിയയ്ക്കെതിരെ പൊലീസ് ഓഫീസര്‍ സഹദേവന്‍ നടത്തുന്ന പോരാട്ടവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ്. കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളേജുകളിലും ആഭ്യന്തരവകുപ്പിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാന വ്യാപക പ്രദര്‍ശനങ്ങളും സംഘടിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.

◾  ടിവിഎസിന്റെ എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്‍ എന്ന പേരിലുള്ള സ്‌കൂട്ടര്‍ ഡ്രിഫ്റ്റ് ബ്ലൂ, ഇന്‍ഫെര്‍നോ റെഡ്, റഷ് ഗ്രീന്‍ എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളില്‍ വിപണിയിലെത്തി. 87,950 രൂപയാണ് വില. മുന്‍വശത്തെയും വശങ്ങളിലെയും പാനലുകളില്‍ നല്‍കിയിരിക്കുന്ന ബോള്‍ഡും എഡ്ജിയുമായ ഗ്രാഫിക്‌സ് കാരണം ഈ മൂന്ന് പുതിയ നിറങ്ങളും തികച്ചും ആകര്‍ഷകമായി കാണപ്പെടുന്നു. ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള അലോയ് വീലുകള്‍ ഇവയെ കൂടുതല്‍ മനോഹരമാക്കുന്നു. ഈ പുതിയ ഷേഡുകള്‍ അവതരിപ്പിക്കുന്നതിലൂടെ, ഉത്സവ സീസണിന് മുന്നോടിയായി തങ്ങളുടെ സ്‌കൂട്ടര്‍ പോര്‍ട്ട്ഫോളിയോയിലേക്ക് കൂടുതല്‍ ആവേശം പകരാനാണ് ടിവിഎസ് ലക്ഷ്യമിടുന്നത്. സ്‌കൂട്ടറിന് കരുത്തേകുന്നത് 9.3 ബിഎച്പി കരുത്തും 10.5 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 124.8 സിസി എന്‍ജിനാണ്. സിവിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഇതിന് മണിക്കൂറില്‍ ഏകദേശം 95 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും.

◾  ചില ആചാരങ്ങളില്‍ അങ്ങേ അറ്റത്തെ നിഷ്ഠ പാലിക്കുന്നവരാണ് കടലിന്റെ മക്കള്‍, പ്രത്യേകിച്ച് സ്ത്രീകള്‍. അവരുടെ നുഷ്ഠാനങ്ങളെപ്പറ്റിയും അനുഭവങ്ങളെപ്പറ്റിയുമൊക്കെ അതിമനോഹരമായ പ്രതിപാദനം ചാന്ദിനി നോവലില്‍ കടല്‍ സാക്ഷി എന്ന തലക്കെട്ടിന്റെ അര്‍ത്ഥവൈപുല്യവും ഭാവസൗന്ദര്യവും നോവല്‍ അവസാനിക്കുന്നതോടെ വായനക്കാരന്റെ ഹൃദയത്തിലും മനസ്സിലും മായാത്ത രേഖകള്‍ കോരിയിടുന്നു. ചെറുതെങ്കിലും, അതിമനോഹരമാണ് ഈ ആഖ്യായികയും അതിലെ പ്രതിപാദ്യവിഷയമായ കടലിന്റെ മക്കളുടെ ജീവിതവും. ഈ നോവലിലെ സന്ദേശങ്ങള്‍ക്ക് ഏഴാം കടലിനും അക്കരെയുള്ള രാജ്യങ്ങളിലും ശക്തമായ പ്രസക്തിയുണ്ട്. കടല്‍ സാക്ഷി ചാന്ദ്നി ജയരാജ്. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 142 രൂപ.

◾  നല്ല ഉറക്കം നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഉറക്കം ശരിയായാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതു മുതല്‍ ശാരീരിക-മാനസിക ഉന്മേഷം വരെ മെച്ചപ്പെടാന്‍ സഹായിക്കും. ഇന്ന് ഒരുപാട് പേരെ അലട്ടുന്ന ഒന്നാണ് ഉറക്കക്കുറവ്. പതിവായി ഉറക്കക്കുറവ് നേരിട്ടാല്‍ അത് ക്രമേണ മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ഉറക്കം ക്രമീകരിക്കാന്‍ ആയുര്‍വേദം പ്രകാരം ചില ടെക്നിക്കുകള്‍ നോക്കാം. രാത്രി ഭക്ഷണം അധികം വൈകാതെ, മിതമായ അളവില്‍, എരിവും പുളിയും ഉപ്പും കുറച്ച് ശീലിക്കാം. കിടക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് മൊബൈല്‍, ടിവി എന്നിവയുടെ ഉപയോഗം അവസാനിപ്പിക്കാം. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് മാനസിക സമ്മര്‍ദം വര്‍ധിക്കുന്ന സീരിയല്‍, സിനിമ എന്നിവ കാണുന്നത് ഒഴിവാക്കുക. പകലുറക്കം ഒഴിവാക്കുക. വേനല്‍ക്കാലത്ത് ഉച്ചയ്ക്ക് അല്‍പം വിശ്രമം ആകാം. ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ രാത്രിയില്‍ ഒഴിവാക്കി ചൂടുപാല്‍ സേവിക്കാവുന്നതാണ്. തലയില്‍ എണ്ണ തേച്ച് കുളിക്കണം. മാനസിക സമ്മര്‍ദം ഉണ്ടാക്കുന്ന ചിന്തകള്‍ ഒഴിവാക്കി മനസ്സ് സ്വസ്ഥമാക്കി ഉറങ്ങാന്‍ കിടക്കുക കാല്‍പാദങ്ങളില്‍ രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഏതെങ്കിലും എണ്ണകള്‍ പുരട്ടിയോ അല്ലാതെയോ മസാജ് ചെയ്യുന്നത് ഉറക്കം ലഭിക്കാന്‍ നല്ലതാണ്. ഉറക്കക്കുറവുള്ളവര്‍ക്ക് തലയില്‍ തുങ്കദ്രുമാദി, ആറുകാലാദി എണ്ണകളും ദേഹത്ത് പിണ്ഡതൈലം, ലാക്ഷാദി പോലുള്ള എണ്ണകളും ഉപയോഗിക്കാം. ഓരോരുത്തരുടെയും ദേഹപ്രകൃതിക്ക് ഇണങ്ങുന്നതാണോയെന്നു ഡോക്ടറെ കണ്ട് ഉറപ്പു വരുത്തണം. വിഷ്ണുക്രാന്തി പാലില്‍ അരച്ച് കുടിക്കുന്നതും അശ്വഗന്ധ ചൂര്‍ണം അല്ലെങ്കില്‍ ശംഖുപുഷ്പ ചൂര്‍ണം പാലില്‍ കലക്കി രാത്രി കിടക്കുന്നതിനു മുന്‍പായി സേവിക്കാവുന്നതാണ്. ഇതും ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിക്കുക.

*ശുഭദിനം*
*കവിത കണ്ണന്‍*
പൂച്ച ആ വീട്ടിലെ എലികളെയെല്ലാം പിടിക്കൂടിയെങ്കിലും ഒരെണ്ണം മാത്രം കുതറിയോടി രക്ഷപ്പെട്ടു.  പൂച്ച ഒരു തന്ത്രം പ്രയോഗിച്ചു. താന്‍ ദൈവഭക്തനായി മാറിയെന്നും ഇനി എലികളെയൊന്നും കൊല്ലുകില്ലെന്നും പ്രഖ്യാപിച്ചു.  രക്ഷപ്പെട്ട എലി പൂച്ചയെ നിരീക്ഷിച്ചുകൊണ്ടേയിരുന്നു. പലപ്പോഴും പൂച്ച പ്രാര്‍ത്ഥനയിലായിരുന്നു.   ഇത് കണ്ട എല്ലി സമാധാനത്തോടെ വീണ്ടും വീട്ടില്‍ നടക്കാന്‍ തുടങ്ങി.  എലിയുടെ ശ്രദ്ധമാറിയെന്ന് കണ്ടതും പൂച്ച എലിയെ പിടിച്ചു.  അപ്പോള്‍ എലി ചോദിച്ചു:  അങ്ങ് ദൈവഭക്തനായി മാറി എലികളെ കൊല്ലില്ല എന്ന് പറഞ്ഞതല്ലേ.. പൂച്ച പറഞ്ഞു:  ശരിയാണ്,  പക്ഷേ, എനിക്ക് വിശപ്പില്ലാത്തപ്പോള്‍ മാത്രം ഞാന്‍ ഭക്തനാണ്. ഇതുംപറഞ്ഞ് പൂച്ച ആ എലിയെ തിന്നാന്‍ ആരംഭിച്ചു.    എല്ലാവര്‍ക്കും എല്ലായ്പോഴും ഒരുപോലെ പെരുമാറാന്‍ സാധിച്ചെന്ന് വരില്ല.  പക്ഷേ, ആവശ്യങ്ങള്‍ക്കനുസരിച്ച് ആകാരം മാറുന്നവരെ അകറ്റി നിര്‍ത്തുക തന്നെ വേണം.  രഹസ്യങ്ങളും തന്ത്രങ്ങളും ആവശ്യമായ അളവില്‍ എല്ലാവരിലും കാണും. പക്ഷേ, അന്യന്റെ വഴിയില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നവരെ തിരിച്ചറിഞ്ഞ് അകറ്റിനിര്‍ത്തുക തന്നെ വേണം. - ശുഭദിനം
Previous Post Next Post
3/TECH/col-right