2026 ജൂണ്‍ 24 , ബുധന്‍
1201 മിഥുനം 10, ചിത്തിര
1448 മുഹർറം 08
◾ ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ ഇന്നു മുതല്‍ വിതരണം ചെയ്യും. വിവിധ ക്ഷേമ നിധി ബോര്‍ഡുകളിലെ പെന്‍ഷനും നല്‍കും. രണ്ടിനുമായി 1080 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി.
◾ മുഹറം പൊതുഅവധി വെള്ളിയാഴ്ചയിലേക്കു മാറ്റി. വ്യാഴാഴ്ച പ്രവര്‍ത്തി ദിനമായിരിക്കും.
◾ പൊലീസ് സ്റ്റേഷന്‍ വളപ്പിലും സമീപത്തും വര്‍ഷങ്ങളായി കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ 'സ്പേസ്' എന്ന പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കേരള പൊലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ സീറോയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. സംസ്ഥാന പൊലീസ് മേധാവി ചെയര്‍മാനും കെ.പി.എച്ച്.സി.സി. മാനേജിംഗ് ഡയറക്ടര്‍ അംഗവുമായ സമിതിയാണ് പദ്ധതിക്ക് രൂപം നല്‍കുക.
◾ പത്മപുരസ്‌കാര വിതരണത്തിന്റെ രണ്ടാം ഘട്ട ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ആര്‍എസ്എസ് സൈദ്ധാന്തികന്‍ പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ് എന്നിവര്‍ പത്മവിഭൂഷണ്‍ ഏറ്റുവാങ്ങി. നടന്‍ മമ്മൂട്ടി, എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം സമ്മാനിച്ചു.
◾ മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന എന്‍. നായര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനം. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിയമനം നല്‍കിയാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.
◾ യുഡിഎഫ് സര്‍ക്കാര്‍ മദ്യ അഴിമതിയില്‍ മുങ്ങിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ബക്കാര്‍ഡി എന്ന മദ്യക്കമ്പനിയെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് മദ്യത്തിന്റെ നികുതി കുറച്ചു. തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമായാണ് ഇതു ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
◾ പോലീസ് സ്റ്റേഷന്‍ ഭരണ സംവിധാനത്തില്‍ മാറ്റം വേണമെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്. വലിയ 63 സ്റ്റേഷനുകളില്‍ മാത്രം ഇന്‍സ്പെക്ടര്‍മാര്‍ നേരിട്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആയാല്‍ മതിയെന്നാണ് ഡിജിപി റവദ ചന്ദ്രശേഖര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനത്ത് വീണ്ടും 210 പൊലീസ് സര്‍ക്കിളുകള്‍ രൂപീകരിക്കാന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.
◾ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു. സ്ഥലംമാറ്റം സ്റ്റേ ചെയ്തു കൊണ്ടുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഡോ. മീനാക്ഷിക്ക് ഡയറക്ടറായി തുടരാം.
◾ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ രൂപീകരിച്ച ഉന്നതാധികാര കമ്മിറ്റി പ്രാഥമിക റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന് കൈമാറി. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.എസ്.എസ്.ലാല്‍, കണ്‍വീനര്‍ ഡോ.ശ്രീജിത്ത്.എന്‍.കുമാര്‍, അംഗം ഡോ.എ.അല്‍ത്താഫ് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് കൈമാറിയത്.
◾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ 262 കോടി രൂപ വകമാറ്റിയെന്ന സിഎജി റിപ്പോര്‍ട്ട് വസ്തുതകള്‍ ഉള്‍ക്കൊള്ളാതെയാണെന്നു മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്നും പിണറായി വിജയന്‍ ആരോപിച്ചു.
◾ വിഴിഞ്ഞം തുറമുഖത്തു ഇന്ന് ആയിരാമത്തെ കപ്പലെത്തും. എംഎസ്സിയുടെ മദര്‍ഷിപ്പ് ലൂസിയാന ഇന്നു വൈകീട്ടോടെ ചരിത്രം കുറിച്ച് ബെര്‍ത്ത് ചെയ്യും. ആദ്യ കപ്പലെത്തി രണ്ട് വര്‍ഷം പൂര്‍ത്തിയാകും മുമ്പേയാണ് വിഴിഞ്ഞം ആയിരം തികയ്ക്കുന്നത്.
◾ ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മീറ്റ് ഫാക്ടറിയും അനുബന്ധ ഭൂമിയും പൊതുലേലത്തില്‍ വില്‍ക്കാന്‍ കോടതി ഉത്തരവ്. വയനാട് നെന്മേനി മഞ്ഞാടിയിലെ ഫാക്ടറിയാണ് ലേലം ചെയ്യുക. നിക്ഷേപ തുക തിരികെ നല്‍കാന്‍ കോടതി നേരത്തെ വിധിച്ചിട്ടും സൊസൈറ്റി പണം നല്‍കാത്തതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സബ് കോടതിയുടേതാണ് ഈ നിര്‍ണ്ണായക നടപടി.
◾ മുങ്ങിയ എംഎസ് സി എല്‍സ കപ്പലിലെ രണ്ട് കണ്ടെയ്നറുകള്‍ ചോര്‍ന്നതു പരിസ്ഥിതി പ്രശ്നമുണ്ടാക്കുമോയെന്ന് വ്യക്തത വരുത്തണമെന്ന് കോടതി. വലിയ തിരമാലയില്‍പെട്ട് കരയിലേക്ക് എത്തിയാല്‍ എന്ത് സംഭവിക്കുമെന്ന് കോടതി ചോദിച്ചു. പരിസ്ഥിതി മന്ത്രാലയവും - ഡിജി ഷിപ്പിങ്ങും സംയുക്ത യോഗം ചേര്‍ന്ന് തീരുമാനം എടുക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
◾ ഖത്തര്‍ റാസ് ലഫാന്‍ ഫാക്ടറി സ്ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി അര്‍ജുനാണ് മരിച്ചത്. 29 വയസ്സായിരുന്നു. പ്ലാന്റ് സൂപ്പര്‍വൈസറായിരുന്നു അര്‍ജുന്‍. അപകടത്തില്‍ 12 ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയമാണ് മരിച്ചത്.
◾ പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് മോഷണം പോയ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. മേപ്പറമ്പ് സ്വദേശിയായ 22കാരന്‍ ഫാസിലാണ് അറസ്റ്റിലായത്. ബസ് ഓടിക്കാനുള്ള മോഹംകൊണ്ടാണ് ബസ് മോഷ്ടിച്ചതെണെന്നാണ് മൊഴി.
◾ കുടുംബവഴക്ക് അന്വേഷിക്കാനെത്തിയപ്പോള്‍ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പോലീസുകാരനെതിരെ കേസെടുത്തു. നടക്കാവ് പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന രഞ്ജിത്തിനെതിരെയാണ് നടക്കാവ് പോലീസ് കേസെടുത്തത്.
◾ കൊച്ചി വില്ലിങ്ഡന്‍ ഐലന്‍ഡിലെ വാര്‍ഫിലേക്കുള്ള അര കിലോമീറ്ററോളം റെയില്‍വേ ട്രാക്ക് കാണാനില്ല. ട്രെയിന്‍ സര്‍വീസില്ലാത്ത ട്രാക്കാണിത്. സിഐഎസ്എഫ് , റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് എന്നിവരുടെ കനത്ത നിരീക്ഷണത്തിലുള്ള കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമിയില്‍നിന്നാണ് റെയില്‍പ്പാത മോഷണം പോയത്.
◾ കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണമാല അപഹരിച്ച സ്ത്രീ അടക്കം രണ്ടുപേര്‍ പിടിയില്‍. തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലം സ്വദേശി ശശികുമാര്‍ ( 25 ) മഹാലക്ഷ്മി ( 60 ) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
◾ തൃശ്ശൂര്‍ ആളൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. ആളൂര്‍ സ്വദേശി ജുവിന്‍ രാജുവാണ് മരിച്ചത്. കൊച്ചിയില്‍ ചികിത്സയിലിരിക്കേ ആയിരുന്നു അന്ത്യം. ഒപ്പമുണ്ടായിരുന്ന അനന്തകൃഷ്ണന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
◾ കൊച്ചിയില്‍ കട കത്തിച്ച കേസില്‍ പൊലീസ് അന്വേഷിക്കുന്ന 15കാരന്‍ മരിച്ച നിലയില്‍. ആരക്കുന്ന് സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾ ദേശീയപാത വികസനത്തിന്റെ ഭാഗമായി പാതയോരങ്ങളിലെ വീടുകളില്‍ മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുണ്ടാകുന്നത് തടയാന്‍ ദേശീയപാത അതോറിറ്റി അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ സി വേണുഗോപാല്‍ എംപി നിര്‍ദ്ദേശിച്ചു.
◾ കൊച്ചിയില്‍ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ഗുണ്ടാനേതാവ് അട്ടാണി അനീഷിന്റെ സുഹൃത്ത് ഫിറോസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടാണി അനീഷ് നേരത്തെ ബലാത്സംഗം ചെയ്ത യുവതിയെയാണ് ഫിറോസ് ഖാനും ആക്രമിച്ചത്. അനീഷ് പകര്‍ത്തിയ യുവതിയുടെ നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു ഫിറോസ് ഖാന്‍ യുവതിയെ ബലാത്സംഗം ചെയ്തത്.
◾ ട്രെക്കിങ്ങിനിടെ യുവാവ് താഴ്ചയിലേക്ക് വീണുമരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. പുണെ സ്വദേശിയായ കേതന്‍ വിശാല്‍ അഗര്‍വാള്‍ എന്ന 26 കാരനെ പ്രതിശ്രുതവധുവും കാമുകനും ചേര്‍ന്ന് കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. പുണെയിലെ ലോഹാഗഡ് കോട്ട കാണാനെത്തിയപ്പോഴാണ് സംഭവം.
◾ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഒരു ഗ്രാം സ്വര്‍ണ്ണമോതിരം സമ്മാനമായി നല്‍കുന്ന 'തായ് മാമന്‍ ഗോള്‍ഡ് റിങ് സ്‌കീം' പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ഈ പുതിയ ജനക്ഷേമ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം 755.83 കോടി രൂപ അനുവദിക്കും.
◾ ഗുജറാത്തിലെ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ 28 പഴയ ബസുകളെ ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് സോളാര്‍ മൊബൈല്‍ ക്ലാസ് റൂമുകളാക്കി മാറ്റി. 'സമഗ്ര ശിക്ഷ' കാമ്പയിന്‍, ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ എന്നിവര്‍ സംയുക്തമായി നടപ്പിലാക്കുന്ന 'രണ്‍ശാല' എന്ന 'സ്‌കൂള്‍ ഓണ്‍ വീല്‍സ്' പദ്ധതിക്കാണ് സംസ്ഥാനത്ത് തുടക്കമായത്.
◾ ഛത്തീസ്ഗഢിലെ ബലോഡബസാര്‍ ജില്ലയില്‍ നാല് മാസത്തിനിടെ എട്ടു പേരെ വിഷം നല്‍കി കൊലപ്പെടുത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഖര്‍വെ ഗ്രാമവാസിയായ രാം സഹായ് ജയ്‌സ്വാള്‍ (46) എന്നയാളാണ് പിടിയിലായത്. മദ്യത്തില്‍ ബോറാക്സ് പൗഡര്‍ കലര്‍ത്തി നല്‍കിയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
◾ ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയില്‍നിന്ന രക്ഷപ്പെടുന്നതിനിടെ പൊലീസ് വെടിവച്ചുവീഴ്ത്തി. ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ പ്രതി ബബ്ലൂവിനാണു പോലീസിന്റെ വെടിയേറ്റത്. കാലില്‍ പരിക്കേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഇറാന്റെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള ഉപരോധത്തിന് താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം യുഎസ് ട്രഷറി വകുപ്പാണ് 60 ദിവസത്തെ താല്‍ക്കാലിക ഉപരോധ ഇളവ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 21 വരെയാണ് ഈ ഇളവ്.
◾ ഇറാനിലെ ആണവനിലയങ്ങളില്‍ യുഎന്‍ പ്രതിനിധികള്‍ക്ക് പരിശോധന നടത്താന്‍ ഇറാന്‍ അനുമതി നല്‍കിയെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ പ്രസ്താവന ഇറാന്‍ വിദേശകാര്യ മന്ത്രാലയം തള്ളി.
◾ കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനായി അപേക്ഷിക്കാനുള്ള ഫീസ് 75 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് നിര്‍ദ്ദേശം സമര്‍പ്പിച്ചു. വരുമാനം കുറഞ്ഞ അപേക്ഷകര്‍ക്ക് ഇതുവരെ ലഭ്യമായിരുന്ന ഫീസ് ഇളവുകളും ആനുകൂല്യങ്ങളും പൂര്‍ണ്ണമായും നിര്‍ത്തലാക്കാനും പുതിയ ശുപാര്‍ശയില്‍ വ്യവസ്ഥയുണ്ട്.
◾ ഗാസയിലെ പലസ്തീന്‍ കുട്ടികളെ ഇസ്രായേല്‍ സൈന്യം ബോധപൂര്‍വ്വം കൊന്നൊടുക്കുകയാണെന്നും ഇത് വംശഹത്യയുടെയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെയും പരിധിയില്‍ വരുന്നതാണെന്നും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അന്വേഷണ കമ്മീഷന്‍. കുട്ടികളെ കൊന്നൊടുക്കുന്നതിലൂടെ ഫലസ്തീന്റെ ഭാവി തന്നെ തകര്‍ക്കാനുള്ള ആസൂത്രിത തന്ത്രമാണ് ഇസ്രായേല്‍ നടപ്പാക്കുന്നതെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി.
◾ ഹോര്‍മുസില്‍ തങ്ങള്‍ക്കും പരമാധികാര അവകാശങ്ങളുണ്ടെന്ന് ഒമാന്‍. ഹോര്‍മുസ് ഭാവിയില്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഇറാനും ഒമാനും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ഇറാന്‍ - അമേരിക്ക ധാരണ പാലിച്ച്, സ്വതന്ത്രവും സുരക്ഷിതവുമായ നാവിക ഗതാഗതം ഒരുക്കും. വിവിധ സേവനങ്ങളും അതിനാവശ്യമായ ചെലവും ചര്‍ച്ച ചെയ്തെന്നും ഒമാന്‍ - ഇറാന്‍ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
◾ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവിലാണ് പോര്‍ച്ചുഗലിന്റെ വിജയം. ഈ ഇരട്ട ഗോളോടെ റൊണാള്‍ഡോ തുടര്‍ച്ചയായി ആറ് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. പോര്‍ച്ചുഗല്‍ റൊണാള്‍ഡോയിലൂടെ ആറാം മിനിറ്റില്‍ തന്നെ ലീഡ് നേടി. പതിനേഴാം മിനിറ്റില്‍ നുനോ മെന്‍ഡസ് ഫ്രീകിക്കിലൂടെ പോര്‍ച്ചുഗലിന്റെ ലീഡുയര്‍ത്തി. മുപ്പത്തിയൊമ്പതാം മിനിറ്റില്‍ റൊണാള്‍ഡോ തന്റെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയില്‍ നാലാം ഗോളിനും വഴിയൊരുക്കിയത് റൊണാള്‍ഡോയുടെ പ്രെസിങ്ങിലൂടെ ലഭിച്ച കോര്‍ണര്‍ കിക്കായിരുന്നു. വിറ്റിഞ്ഞയ്ക്ക് പകരമെത്തിയ റാഫേല്‍ ലിയാവോയും ഗോള്‍ നേടി.
◾ ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ടും ഘാനയും തമ്മിലുള്ള മത്സരം സമനിലയില്‍. ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ഇംഗ്ലണ്ടിനും ഘാനയ്ക്കും രണ്ട് മത്സരങ്ങളില്‍ നിന്ന് നാലു പോയന്റുണ്ട്. മല്‍സരത്തില്‍ കൂടുതല്‍ സമയവും പന്ത് ഇംഗ്ലണ്ടിന്റെ കൈയിലായിരുന്നു. ഘാന കിട്ടിയ അവസരങ്ങളില്‍ മുന്നേറി. ഡെക്ലന്‍ റൈസ് പലുകുറി ഗോള്‍മുഖം വിറപ്പിച്ചു. ജൂഡ് ബെല്ലിങ്ങാമിന് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
◾ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. പരിക്കേറ്റ് പുറത്തായ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരക്കാരനായി മുംബൈയുടെ വലംകയ്യന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ സൂര്യന്‍ഷ് ഷെഡ്ഗെയെ ബിസിസിഐ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി.
◾ ദക്ഷിണ റെയില്‍വേയില്‍ വന്ദേ ഭാരത് സര്‍വീസുകളില്‍ വരുമാനത്തില്‍ ഒന്നാമത് തിരുവനന്തപുരത്തെ മംഗലൂരുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ്. 2025 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 73.35 ലക്ഷം രൂപയാണ് തിരുവനന്തപുരം- മംഗലൂരു സര്‍വീസില്‍ നിന്ന് വരുമാനമായി കിട്ടിയത്. 20632 തിരുവനന്തപുരം- മംഗലൂരു സര്‍വീസിന് 11,896 ബുക്കിങ്ങുകളാണ് ലഭിച്ചത്. അതേസമയം 20627 ചെന്നൈ എഗ്മൂര്‍-നാഗര്‍കോവില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് 2,832 ബുക്കിങ്ങുകളും 20642 കോയമ്പത്തൂര്‍ ജംഗ്ഷന്‍-ബംഗളൂരു കന്റോണ്‍മെന്റ് വന്ദേ ഭാരതിന് 835 ബുക്കിങ്ങുകളും മാത്രമാണ് ലഭിച്ചത്. 2025-26 വര്‍ഷത്തില്‍ വന്ദേ ഭാരത് സര്‍വീസുകളില്‍ ആകെ 77.38 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. 803.86 കോടി രൂപയാണ് വരുമാനം. 2024-25ല്‍ ഇത് 54.12 ലക്ഷം യാത്രക്കാരും 540.65 കോടി രൂപയുമായിരുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ (ഏപ്രില്‍-മേയ്) മാത്രം ഈ ട്രെയിനുകളില്‍ 15.21 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. 162.96 കോടി രൂപ വരുമാനമായി നേടുകയും ചെയ്തു.
◾ 'വാട്സ്ആപ്പില്‍ ആരെങ്കിലും നമ്മളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താനായി ഒരു പുതിയ 'രഹസ്യ വഴി' കണ്ടെത്തി. വാട്സ്ആപ്പിലെ 'എന്‍ക്രിപ്ഷന്‍ വെരിഫിക്കേഷന്‍' ഫീചര്‍ ഉപയോഗിച്ച് മറ്റേയാള്‍ക്ക് മെസ്സേജോ കോളോ അയക്കാതെ തന്നെ നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതിനായി സംശയമുള്ള വ്യക്തിയുടെ വാട്സ്ആപ് ചാറ്റ് ഓപണ്‍ ചെയ്യുക. മുകളില്‍ അവരുടെ പേരില്‍ ടാപ്പ് ചെയ്ത് പ്രൊഫൈല്‍ വിവരങ്ങള്‍ എടുക്കുക. താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ കാണുന്ന 'എന്‍ക്രിപ്ഷന്‍' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇവിടെ വാട്സ്ആപ് സ്വയം ചാറ്റിന്റെ എന്‍ക്രിപ്ഷന്‍ സ്റ്റാറ്റസ് വെരിഫൈ ചെയ്യാന്‍ ശ്രമിക്കും. ചാറ്റ് സാധാരണ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ വെരിഫിക്കേഷന്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിജയകരമായി പൂര്‍ത്തിയാകും. എന്നാല്‍, വാട്സ്ആപ്പിന് ഓട്ടോമാറ്റിക് ആയി വെരിഫൈ ചെയ്യാന്‍ സാധിക്കാതെ വരികയും, ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യാനോ 60 ഡിജിറ്റ് കോഡ് പരിശോധിക്കാനോ ഉള്ള മറ്റ് വഴികള്‍ ആവര്‍ത്തിച്ച് കാണിക്കുകയും ചെയ്താല്‍, ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കും. ഇത് പരിശോധിക്കുന്ന വിവരം മറ്റേ വ്യക്തി അറിയുകയേ ഇല്ല.
◾ ശ്രദ്ധ കപൂര്‍ നായികയായെത്തുന്ന പുതിയ ചിത്രമാണ് 'ഈത്ത'. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ലക്ഷ്മണ്‍ ഉതേകര്‍ സംവിധാനം ചെയ്യുന്ന ചിത്രം വിഖ്യാത മറാഠി നാടോടിനൃത്ത കലാകാരി വിതാഭായ് നാരായണ്‍ ഗാവോങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ശ്രദ്ധയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും 'ഈത്ത'യിലേതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 1950 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിലെ വിതാഭായിയുടെ ജീവിതവും, 'തമാശ' എന്ന പരമ്പരാഗത കലാരൂപത്തിന് അവര്‍ നല്‍കിയ സംഭാവനകളുമാണ് ഈ ചിത്രം. അജയ്- അതുല്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 28-ന് ചിത്രം തിയറ്ററുകളില്‍ എത്തും.
◾ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'ഉയിര്‍' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 'വര്‍ഗ്ഗം', 'വാസ്തവം', 'ശിക്കാര്‍', 'ജോസഫ്' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്ക് ശേഷം എം. പത്മകുമാര്‍ ഒരുക്കുന്ന ഈ ചിത്രം മികച്ചൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു പ്രധാന വേഷത്തില്‍ എത്തുന്നു. ജൂണ്‍ 26നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ടെലിവിഷന്‍ രംഗത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഗായകനും നടനുമായ നിഖില്‍ കെ മേനോനും 'ഇലവീഴാ പൂഞ്ചിറ' എന്ന ചിത്രത്തിന്റെ സഹ എഴുത്തുകാരനും യഥാര്‍ത്ഥ പൊലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. റോഷന്‍ മാത്യുവിനൊപ്പം നടന്‍ ബൈജു സന്തോഷ് ചിത്രത്തില്‍ ഒരു മുഴുനീള പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
◾ രാജ്യത്തെ പെര്‍ഫോമന്‍സ് പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ കൊഡിയാക് ആര്‍എസിനായുള്ള ബുക്കിംഗ് ആരംഭിച്ചു. ഇപ്പോള്‍ 3,00,000 രൂപ ടോക്കണ്‍ തുക നല്‍കി മോഡല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. പെര്‍ഫോമന്‍സ് എസ്യുവിയുടെ 50 യൂണിറ്റുകള്‍ മാത്രമേ ഇന്ത്യയില്‍ വില്‍ക്കുകയുള്ളൂ. ഇതോടൊപ്പം, സ്‌കോഡ 'സറണ്ടര്‍' കാമ്പെയ്‌നും അവതരിപ്പിച്ചിട്ടുണ്ട്. 195 കിലോവാട്ട് (265 പിഎസ്) ഉം 400 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ടിഎസ്ഐ എഞ്ചിനാണ് കൊഡിയാക് ആര്‍എസിന്റെ കാതല്‍. വെറും 6.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന സ്‌കോഡ കൊഡിയാക് ആര്‍എസ്, ഇന്ത്യയില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും വേഗതയേറിയ സ്‌കോഡയായി നിലകൊള്ളുന്നു, മണിക്കൂറില്‍ 231 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. മൂണ്‍ വൈറ്റ്, മാജിക് ബ്ലാക്ക്, വെല്‍വെറ്റ് റെഡ്, സ്റ്റീല്‍ ഗ്രേ എന്നീ നാല് നിറങ്ങളില്‍ ലഭിക്കും.
◾ നിത്യവസന്തം മസാലദോശ, മുന്‍കൂട്ടി നിശ്ചയിച്ച നെയ് റോസ്റ്റ്, നെയ്യ് വേണ്ടാത്തവര്‍ക്ക് പ്ലെയിന്‍ ദോശ, കനത്തില്‍ തട്ടാന്‍ തട്ട് ദോശ, വികാരമുണര്‍ത്താന്‍ പൊടി ദോശ, വലിപ്പം തോന്നിപ്പിക്കാന്‍ പേപ്പര്‍ ദോശ, പിന്നെ ഇതിന്റെയൊക്കെ സങ്കലനങ്ങള്‍, മറ്റു അതിഥികള്‍ വരുന്ന ദോശകള്‍ - മുട്ട, പനീര്‍, കൂണ്‍, ചീസ്... ചിക്കന്‍ വരെ! എന്തെല്ലാം തരം ദോശകള്‍! അതുപോലെ തന്നെ, ദോശ ഇഷ്ടപ്പെടുന്നവര്‍ക്കും ഇഷ്ടപ്പെടാത്തവര്‍ക്കുമായി ഏഴു ദോശക്കഥകള്‍. കൂട്ടുകള്‍ പലതാണ്, ഒരു മെനുവിലെ പോലെ. എന്നാല്‍ ഇവിടെ നിങ്ങള്‍ക്ക് ഏഴും രുചിക്കാം, ആസ്വദിക്കാം, ഇഷ്ടപ്പെട്ടാല്‍ വീണ്ടും ഓര്‍ഡര്‍ ചെയ്യാം. 'ദോശ ചരിത്രം'. അര്‍ഷദ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 133 രൂപ.
◾ നമ്മുടെ ശരീരത്തിന്റെ ഊര്‍ജ്ജനില ക്രമീകരിക്കുന്നതില്‍ ഇരുമ്പിന് ഒരു വലിയ പങ്കുണ്ട്. ചുവന്ന രക്താണുക്കളില്‍ കാണുന്ന ഇരുമ്പ് അടങ്ങിയ ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഈ ഹീമോഗ്ലോബിനാണ് ശരീരത്തിലുടനീളം ഓക്സിജന്‍ എത്തിക്കുന്നത്. ശരീരത്തില്‍ ഇരുമ്പ് കുറയുന്നത് ഓക്സിജന്‍ വഹിക്കുന്ന ചുവന്ന രക്താണുക്കളുടെ ഉല്‍പാദനത്തെ ബാധിക്കുന്നു. ശാരീരികമായ ക്ഷീണം, ബലക്കുറവ്, തലകറക്കം പോലുള്ള അവസ്ഥയിലേക്ക് ഈ പോഷകക്കുറവ് നയിച്ചേക്കാം. ആര്‍ത്തവം, ഗര്‍ഭിണികള്‍, സസ്യാഹാരികള്‍, ചില രോഗാവസ്ഥയുള്ളവര്‍ എന്നിവര്‍ക്ക് ഇരുമ്പിന്റെ അംശം കുറയാനുള്ള സാധ്യത കൂടുതലാണ്. ദീര്‍ഘകാലമുള്ള ഇരുമ്പിന്റെ അഭാവം വിളര്‍ച്ചയിലേക്ക് നയിക്കാം. വിളറിയ ചര്‍മം, തണുത്ത കൈകാലുകള്‍, ഐസ് കഴിക്കണമെന്ന അസാധാരണ ആസക്തി എന്നിവയെല്ലാം ഇരുമ്പ് കുറയുന്നതു മൂലമുള്ള വിളര്‍ച്ചയുടെ ലക്ഷണങ്ങളാണ്. ഇരുമ്പിന്റെ അഭാവം ഒഴിവാക്കാന്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളോ സപ്ലിമെന്റുകളോ കഴിക്കുക. അതിനൊപ്പം വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷങ്ങള്‍ (നാരങ്ങ, ഓറഞ്ച്, തക്കാളി) അല്ലെങ്കില്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം ഫലപ്രദമാക്കാന്‍ സഹായിക്കും. മുതിര്‍ന്ന പുരുഷന്മാരില്‍ ഇരുമ്പിന്റെ അംശം 8 മില്ലിഗ്രാം മതിയെങ്കില്‍ സ്ത്രീകളില്‍ അത് 18 മില്ലിഗ്രാം ആവശ്യമാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ആംബുലന്‍സിന്റെ ഡ്രൈവറെ നോക്കി അരികത്തിരുന്ന ആള്‍ ചോദിച്ചു: ഇത്ര വേഗത്തില്‍ ഇത്രയധികം ആത്മവിശ്വാസത്തോടെ എങ്ങനെയാണ് വണ്ടിയോടിക്കാന്‍ കഴിയുന്നത്? അപ്പോള്‍ അയാള്‍ പറഞ്ഞു: എതിരെവരുന്ന വണ്ടി മാറിത്തരുമെന്ന വിശ്വാസത്തിലാണ് ഞാന്‍ ആക്സിലേറ്ററില്‍ നിന്നും കാലെടുക്കാത്തത്. ആ വിശ്വാസം ഇടക്ക് കുറയുമ്പോള്‍ ഞാന്‍ പിന്നിലേക്ക് നോക്കും.. രോഗിക്കൊപ്പമിരിക്കുന്നവരുടെ മുഖം കാണുമ്പോള്‍ ഞാന്‍ എന്റെ ജീവനങ്ങ് മറക്കും.. പുഞ്ചിരിച്ചുകൊണ്ട് വീണ്ടും അയാളുടെ കാല്‍ ആക്സിലേറ്ററില്‍ അമര്‍ന്നു.. ചില വഴികള്‍ സഞ്ചരിച്ചുതുടങ്ങുമ്പോള്‍ മാത്രം തെളിയുന്നതാണ്.. അവ തനിയെ തെളിയുമെന്നോ, തെളിയിച്ചെടുക്കാമെന്നോ ഉളള വിശ്വാസമാണ് ആ ഒരു തുടക്കത്തിന് കാരണം.. പക്ഷേ, എല്ലാ വഴികളും ഒരുപോലെ വിശാലമാകില്ല, ഇടുങ്ങിയവയുണ്ടാകും.. കുണ്ടും കുഴിയും നിറഞ്ഞവയുണ്ടാകും, തിരക്കേറിയവ കാണും, സഞ്ചാരയോഗ്യമല്ലാത്തവയുമുണ്ടാകും.. വഴികളുടെ ഗുണമേന്മ ഉറപ്പുവരുത്തി മാത്രം സഞ്ചരിക്കാമെന്ന് കരുതുന്നവര്‍ക്ക് യാത്രയുടെ ആരംഭവും തുടര്‍ച്ചയും അത്ര എളുപ്പമാകില്ല. മുന്‍ധാരണയിലൂടെ ആര്‍ക്കും വണ്ടിയോടിക്കാന്‍ സാധിക്കില്ല..ഇന്നലത്തെ വഴിയായിരിക്കില്ല ഇന്നത്തെ വഴി.. ഇന്നലത്തെ സാഹചര്യമായിരിക്കില്ല ഇന്നത്തേത്.. തത്സമയ തീരുമാനങ്ങളും പദ്ധതികളുമാണ് യാത്രയെ മനോഹരമാക്കുന്നത്.. സ്വയം വിശ്വസിക്കുക, മററുളളവരെയും വിശ്വാസത്തിലെടുക്കുക.. പക്ഷേ, എത്ര ദീര്‍ഘവീക്ഷണമുണ്ടെങ്കിലും എല്ലാം മുന്‍കൂട്ടി കാണാന്‍ ആകണമെന്നില്ല.. ക്ഷണനേരം കൊണ്ട് പ്രതിരോധിക്കുക എന്നത് മാത്രമാണ് മാര്‍ഗ്ഗം.. - ശുഭദിനം.
Tags:
KERALA