2026 | ജൂണ്‍ 24 , ബുധന്‍
1201 | മിഥുനം 10, ചിത്തിര
◾ സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. ഇന്നലെ 159 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ രോഗബാധയെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. പാലക്കാട് 47, കോഴിക്കോട് 31, എറണാകുളത്ത് 24, തൃശ്ശൂരില്‍ 15, തിരുവനന്തപുരത്ത് 13, പത്തനംതിട്ട 10 എന്നിങ്ങനെയാണ് ജില്ലകളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
◾ പകര്‍ച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ആരോഗ്യവകുപ്പ്. ദിവസവും പകര്‍ച്ചവ്യാധി കണക്കുകള്‍ കൈമാറാന്‍, സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ആശുപത്രിയിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥനെ ചുമതലപെടുത്തും.
◾ പിഎം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ പോര്. പി. പ്രസാദ് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ്, വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ തള്ളി. ഇരുട്ടിന്റെ മറവില്‍ ഒപ്പിട്ട കരാറില്‍ നിന്ന് പിന്മാറാന്‍ അവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
◾ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഡിെൈവഫ്ഐ പ്രതിഷേധം. മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, കൊച്ചി, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കളക്ടറേറ്റുകളിലേക്ക് നടത്തിയ മാര്‍ച്ച് പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
◾ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതില്‍ വിമര്‍ശനവുമായി സമസ്ത മുഖപത്രം. വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം എന്ന തലക്കെട്ടിലാണ് സുപ്രഭാതത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
◾ മദ്യനികുതി ഇളവിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതില്‍ നിന്ന് പ്രതിപക്ഷത്തെ വിലക്കിയതിലൂടെ യുഡിഎഫ് സര്‍ക്കാര്‍ അഴിമതി സ്ഥിരീകരിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിച്ചു.
◾ തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് കോടതി. 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് വ്യക്തമാക്കിയ കോടതി അംഗങ്ങള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ചൂണ്ടിക്കാട്ടി. സിപിഎം കൗണ്‍സിലര്‍ എസ് പി ദീപക്ക് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.
◾ തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയ നടപടിയില്‍ ഹൈക്കോടതി വിധി പാലിക്കുമെന്ന് വ്യക്തമാക്കിയ മേയര്‍ വിവി രാജേഷ്. കൗണ്‍സിലര്‍മാരുമായി സംസാരിച്ചെന്നും അറിയിച്ചു.
◾ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുനില്‍ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി.
◾ സംസ്ഥാനത്തുണ്ടാകുന്ന വലിയ വാഹനാപകടങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലകളിലും പോസ്റ്റ് ക്രാഷ് ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കാന്‍ ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി.
◾ വാഹന മോഡിഫിക്കേഷന്‍ വിഷയത്തില്‍ മിതമായ പരിഷ്‌കരണങ്ങള്‍ ആവാമെന്നും സുരക്ഷ അവഗണിച്ചുള്ളതും ശബ്ദം, വെളിച്ചം എന്നിവ വര്‍ധിപ്പിക്കുന്ന തരത്തിലുള്ളതുമായ മോഡിഫിക്കേഷന്‍ അനുവദിക്കില്ലെന്നും ഗതാഗത മന്ത്രി സി.പി. ജോണ്‍. സംസ്ഥാനത്ത് വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ ഉപാധികളോടെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
◾ ചര്‍ച്ച നടക്കവെ ഉല്ലാസയാത്ര നടത്തുന്നതുപോലെ സഭയുടെ നടുവിലൂടെ ഓളംവെട്ടി പോകരുതെന്ന് എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പുമായി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പലപ്രാവശ്യം ഇക്കാര്യം പറഞ്ഞതാണെന്നും ഇനി പറയാനിട വരുത്തരുതെന്നും അദ്ദേഹംപറഞ്ഞു.
◾ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ദൃശ്യാനുഭവം കൂടുതല്‍ നിറപ്പകിട്ടുള്ളതാക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശിച്ച 'ഡിജിറ്റല്‍ ലൈറ്റിങ്' പദ്ധതി വനമേഖലയിലെ പക്ഷികളും മൃഗങ്ങളും പ്രാണികളും പുഴുക്കളും ഉഭയജീവികളുമുള്‍പ്പെടെയുള്ള സകല ജീവജാലങ്ങളുടെയും ജീവതാളം തെറ്റിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. വര്‍ഷങ്ങള്‍ക്കുമുന്‍പ് അതിരപ്പിള്ളിയില്‍ ഇത്തരമൊരു പദ്ധതിനിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും എതിര്‍പ്പുമൂലം ഉപേക്ഷിക്കേണ്ടിവന്നിരുന്നു.
◾ കൊട്ടിയം-മൈലക്കാട് ദേശീയപാത 66ല്‍ മണ്ണില്‍ നിര്‍മ്മിച്ച ഉയരപ്പാത തകര്‍ന്നതിനെ തുടര്‍ന്ന് സമാനമായ ഉയരപ്പാതകളുടെ അപകട സാധ്യത പരിശോധിക്കുന്നതിനായി ദേശീയപാത അതോറിറ്റി വിദഗ്ധ സംഘത്തെ നിയോഗിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്.
◾ തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ വധശ്രമ കേസിന് പിന്നാലെ ഇദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയും അസാധുവാക്കി. തിരുവനന്തപുരം കോര്‍പറേഷനില്‍ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗണ്‍സിലര്‍മാരില്‍ ഒരാളാണ് സുഗതന്‍. ഗുരുദേവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
◾ പിണറായി വിജയനെ തോല്‍പ്പിച്ച് ധര്‍മടം നിയോജക മണ്ഡലം തിരിച്ച് പിടിക്കാന്‍ സാധിക്കുമായിരുന്നെന്ന് ആവര്‍ത്തിച്ച് ധര്‍മടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. വി പി അബ്ദുള്‍ റഷീദ്. പിണറായി വിജയന്റെ വിജയം എസ്ഡിപിഐയുടെ പിന്തുണയോടുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
◾ വിദേശ സംഭാവനകള്‍ സ്വീകരിക്കാനുള്ള ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെ ഇനി പൊതുവായ പ്രവര്‍ത്തനം മാത്രം ചൂണ്ടിക്കാട്ടി സംഭാവന സ്വീകരിക്കാന്‍ കഴിയില്ല. മതം, സംസ്‌കാരം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നിങ്ങനെ 5 വിഭാഗങ്ങളിലായി 105 തരം പ്രവര്‍ത്തനങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഏതാണെന്ന് വ്യക്തമാക്കിയാല്‍ മാത്രമേ എഫ്സിആര്‍എ രജിസ്ട്രേഷന്‍ അനുവദിക്കൂ.
◾ കണ്ണൂരിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരെ തട്ടിപ്പ് പരാതി. കണ്ണൂര്‍ കോര്‍പ്പറേഷനിലാണ് ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ് നടത്തിയത്. കക്കാട് മണ്ഡലം പ്രസിഡന്റ് ടി മുരളിക്കെതിരെയാണ് വ്യാജ സീലുകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന ആരോപണം.
◾ വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. രണ്ടു മൃതദേഹമാണ് കല്ലറയിലെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. കല്ലറയില്‍ മൂന്ന് മൃതദേഹം ഉണ്ടെന്നതായിരുന്നു പള്ളിയുടെ പരാതി. ഇന്ന് രാവിലെയാണ് കല്ലറ തുറന്നു പരിശോധിച്ചത്.
◾ സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തില്‍ അപേക്ഷ നല്‍കാത്ത വിഷയം പുനര്‍മൂല്യനിര്‍ണയം നടത്തി മാര്‍ക്ക് കുറച്ചെന്ന് വിദ്യാര്‍ത്ഥികളുടെ പരാതി. സിബിഎസ്ഇക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്യാനാണ് നീക്കം. ചില പേപ്പറുകള്‍ക്ക് പുനര്‍ മൂല്യനിര്‍ണയം നടത്തിയില്ല എന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
◾ കഴിഞ്ഞ ആഴ്ച നടന്ന കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ കൂറുമാറ്റ വോട്ട് ബിജെപിയില്‍ രാഷ്ട്രീയ പ്രതിസന്ധിയായി മാറുന്നു. മുതിര്‍ന്ന ബിജെപി നേതാവ് സി ടി രവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി കൂറുമാറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.
◾ അസമിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി എയര്‍ ഇന്ത്യ ഗുവാഹട്ടിയില്‍ നിന്ന് യുഎഇയിലെ അബുദാബിയിലേക്കും ദുബായിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും
◾ ലോകകപ്പ് ടൂര്‍ണമെന്റിലുടനീളം കടുത്ത യാത്രാവിലക്കുകള്‍ നേരിടുന്ന ഇറാന്‍ ടീമിന് മേലുള്ള നിയന്ത്രണങ്ങളില്‍ യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് ഇളവ് വരുത്തി. സിയാറ്റിലില്‍ നടക്കുന്ന തങ്ങളുടെ അടുത്ത മത്സരത്തിന് രണ്ട് ദിവസം മുന്‍പ് തന്നെ യു.എസിലേക്ക് പ്രവേശിക്കാന്‍ ഇറാന്‍ ടീമിന് അനുമതി ലഭിച്ചു.
◾ ലോകകപ്പിലെ നിര്‍ണായകമായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ബ്രസീല്‍ ക്യാമ്പില്‍ നിന്ന് ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. സൂപ്പര്‍ താരം നെയ്മര്‍ കളിക്കാന്‍ തയാറാണെന്ന് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു.
◾ ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തില്‍ ഡിആര്‍ കോംഗോയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് കൊളംബിയ റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ലക്ഷ്യം കണ്ട പ്രതിരോധ താരം ഡാനിയേല്‍ മുനോസാണ് കൊളംബിയയുടെ വിജയശില്‍പി. ടൂര്‍ണമെന്റില്‍ കൊളംബിയയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.
◾ ഫിഫ ലോകകപ്പില്‍ എല്‍ ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ പനാമയെ കീഴടക്കി ക്രൊയേഷ്യ. എതിരില്ലാത്ത ഒരു ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. നീണ്ട കാത്തിരിപ്പിനൊടുവില്‍ 53-ാം മിനിറ്റിലാണ് മത്സരത്തില്‍ ഏക ഗോള്‍ പിറന്നത്.
◾ ക്രൂഡ്ഓയില്‍ ലഭ്യതയില്‍ കൂടുതല്‍ സ്വയംപര്യാപ്തത നേടുന്നതിന്റെ ഭാഗമായി വിദേശ എണ്ണക്കമ്പനികളില്‍ ഓഹരിപങ്കാളിത്തം സ്വന്തമാക്കാന്‍ ഇന്ത്യന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍. വെനസ്വേല സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പിഡിവിഎസ്എ എണ്ണക്കമ്പനിയുടെ നിയന്ത്രണത്തിലുള്ള സാന്‍ ക്രിസ്റ്റോബല്‍, കാറാബോബോ എന്നീ എണ്ണപ്പാടങ്ങളിലാണ് ഒഎന്‍ജിസിയുടെ വിദേശ വിഭാഗമായ ഒഎന്‍ജിസി വിദേശിന് ഓഹരിപങ്കാളിത്തമുള്ളത്. സാന്‍ ക്രിസ്റ്റോബലില്‍ 40 ശതമാനവും കാറാബോബോ ഫീല്‍ഡില്‍ 11 ശതമാനവുമാണ് നിലവിലെ പങ്കാളിത്തം. ഇന്ത്യന്‍ ഓയില്‍ (3.5), ഓയില്‍ ഇന്ത്യ (3.5) എന്നീ ഇന്ത്യന്‍ കമ്പനികള്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ട്. ഭൂരിപക്ഷ ഓഹരികള്‍ വെനസ്വേലയുടെ പിഡിവിഎസ്എയുടെ നിയന്ത്രണത്തിലാണ്. കൂടുതല്‍ നിയന്ത്രണം ലഭിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പ്രതിദിന ഉത്പാദനം 12,000-15,000 ബാരലില്‍ നിന്ന് 30,000 ബാരലായി ഉയര്‍ത്താം. ഒഎന്‍ജിസിയുടെ പുതിയ നീക്കം വിജയിച്ചാല്‍ ഇന്ത്യയുടെ ഊര്‍ജസുരക്ഷ ശക്തിപ്പെടും. ഗള്‍ഫ് ആശ്രിതത്വം കുറച്ച് വിദേശത്ത് കൂടുതല്‍ എണ്ണപ്പാടങ്ങള്‍ സ്വന്തമാക്കി ക്രൂഡ് രാജ്യത്തെത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം.
◾ ടെലിഗ്രാം മെസഞ്ചര്‍ ആപ്പിനെതിരെ നിരീക്ഷണം കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. ഈ പ്ലാറ്റ്‌ഫോമിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലുളള ആശങ്കയാണ് നടപടി കടുപ്പിക്കാന്‍ കാരണം. ടെലിഗ്രാം വഴി നടക്കുന്ന ഗുരുതരമായ നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തുന്നതാണ് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ തയാറാക്കിയ 35 പേജുള്ള റിപ്പോര്‍ട്ട്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുക, സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കായി ടെലിഗ്രാം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 മുതല്‍ ടെലിഗ്രാം വഴി നടന്ന സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് ഏകദേശം 6,88,000 പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ വഴി ഏകദേശം 750 മില്യണ്‍ ഡോളറിന്റെ (ഏകദേശം 6,250 കോടി രൂപ) നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലും നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിലും പ്ലാറ്റ്ഫോം പരാജയപ്പെട്ടാല്‍, ഇന്ത്യയില്‍ ടെലിഗ്രാമിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.
◾ രജനികാന്തിനെ നായകനാക്കി കമല്‍ഹാസന്‍ നിര്‍മിക്കുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'ധര്‍മന്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ദ് ഡെഡ്ലി ഡോക്ടര്‍ എന്നതാണ് സിനിമയുടെ ടാഗ്ലൈന്‍. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തില്‍ രജനി എത്തുന്നു. 'ഡ്രാഗണ്‍' സിനിമയൊരുക്കിയ അശ്വത്ത് മാരിമുത്തുവാണ് സംവിധാനം. സംഗീതം അനിരുദ്ധ്. സിമ്രാന്‍ ആണ് നായികയായെത്തുന്നത്. അഞ്ച് രൂപ ഡോക്ടറുടെ കഥയല്ല ഇതെന്നും ത്രില്ലര്‍ നിറഞ്ഞ എന്റര്‍ടെയ്‌നറായിരിക്കും ഈ സിനിമയെന്നും സംവിധായകന്‍ അശ്വത് വ്യക്തമാക്കി. 'പടയപ്പയുടെയും വേട്ടയാട് വിളയാട്' സിനിമയുടെയും ഒരു കോമ്പിനേഷന്‍ ആകും 'ധര്‍മന്‍' എന്നും അശ്വത് പറഞ്ഞു. 'തലൈവര്‍ 173' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 2027 പൊങ്കലിനായിരിക്കും തിയറ്ററുകളിലെത്തുക. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
◾ അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്ത പാന്‍- ഇന്ത്യന്‍ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ പുതിയ ഗാനം വീരനാഗയുടെ പ്രോമോ വീഡിയോ പുറത്ത്. ഗാനത്തിന്റെ പൂര്‍ണ പതിപ്പ് വെള്ളിയാഴ്ച പുറത്തിറങ്ങും. ഭഗവാന്‍ ശിവനെ ആഘോഷിക്കുന്ന നാഗ സാധുക്കളുടെ കഥ പറയുന്ന ഗാനമായാണ് വീര നാഗ ഗാനം ചിട്ടപ്പെടുത്തിയതെന്നും ചിത്രീകരിച്ചിരിക്കുന്നതെന്നും പ്രൊമോ വീഡിയോ കാണിച്ചു തരുന്നു. ജൂലൈ മൂന്നിന് ആഗോള റിലീസായി ചിത്രമെത്തും. നാഗസാധു താണ്ഡവം എന്ന രീതിയിലാണ് വീരനാഗ ഗാനത്തെ വിശേഷിപ്പിക്കുന്നത്. നായകന്‍ വിരാട് കര്‍ണയുടെ ശിവ താണ്ഡവം ആണ് ഗാനത്തിന്റെ ഹൈലൈറ്റ് എന്നാണ് പ്രൊമോ വീഡിയോ നല്‍കുന്ന സൂചന. നഭാ നടേഷ്, ഐശ്വര്യ മേനോന്‍, ദക്ഷ നാഗര്‍ക്കര്‍, മഹേഷ് മഞ്ജരേക്കര്‍, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശര്‍മ, അനസൂയ ഭരദ്വാജ്, ബി.എസ്. അവിനാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
◾ പ്രമുഖ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ തങ്ങളുടെ ജനപ്രിയ മോഡലായ എയര്‍ക്രോസിന്റെ എയര്‍ക്രോസ് കംഫര്‍ട്ട് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കും പ്രായോഗികതയ്ക്കും മുന്‍ഗണന നല്‍കുന്ന ബ്രാന്‍ഡിന്റെ പാരമ്പര്യം വിളിച്ചോതുന്നതാണ് പുതിയ പതിപ്പ്. കുറഞ്ഞ ചെലവില്‍ പ്രീമിയം യാത്രാസുഖവും അത്യാധുനിക ഫീച്ചറുകളും ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്പര്യം മുന്‍നിര്‍ത്തിയാണ് കംഫര്‍ട്ട് എഡിഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ സെഗ്മെന്റില്‍ തന്നെ ആദ്യമായി, കംഫര്‍ട്ട് എഡിഷന്റെ എല്ലാ വേരിയന്റുകളിലും പ്രീമിയം ലെതറെറ്റ് ഇന്റീരിയര്‍ കമ്പനി സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരിക്കുന്നു. മിതമായ നിരക്കില്‍ മികച്ച പ്രകടനവും ഉയര്‍ന്ന മൂല്യവും നല്‍കിക്കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനാണ് സിട്രോണ്‍ പുതിയ കംഫര്‍ട്ട് എഡിഷനിലൂടെ ലക്ഷ്യമിടുന്നത്.
◾ മിത്തുകള്‍കൊണ്ട് സമ്പന്നമായ ഉത്തരകേരളത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച അസാധാരണമായ ഒരു നോവലാണ് 'കൊരുവാനത്തിലെ പൂതങ്ങള്‍'. പ്രകൃതിയും മിത്തും രാഷ്ട്രീയവുമെല്ലാം ഇവിടെ ഇഴചേര്‍ന്നു നില്‍ക്കുന്നു. സചേതന-അചേതന വസ്തുക്കളുടെ വിളയാട്ടങ്ങളും കറുത്ത ചിരിയും ചിന്തയുമെല്ലാം ചേര്‍ന്ന് ഭ്രമാത്മകമായ ഒരന്തരീക്ഷം. മാസ്മരികമായ ആവിഷ്‌ക്കാര തലങ്ങളിലൂടെ ഇതിലെ അധ്യായങ്ങള്‍ കടന്നു പോകുന്നു. കറുത്ത ചിരിയുമായ് മലയാളത്തിലെ നോവല്‍ സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുന്ന ഒരു രചന. മണ്ണിന്റെ വീര്യമാര്‍ന്ന ഈ കൃതിക്ക് ഗ്രീന്‍ ബുക്സ് നോവല്‍ അവാര്‍ഡ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, എന്‍.എന്‍. പിള്ള സ്മാരക നോവല്‍ അവാര്‍ഡ്, ഷെറിന്‍-ജീവരാഗം നോവല്‍ പുരസ്‌കാരം എന്നിവ ലഭിച്ചു. 'കൊരുവാനത്തിലെ പൂതങ്ങള്‍'. പ്രകാശന്‍ മടിക്കൈ. മൂന്നാം പതിപ്പ്. ഗ്രീന്‍ ബുക്‌സ്. വില 135 രൂപ.
◾ ബ്രെഡ് ഫ്രീസ് ചെയ്തു കഴിക്കുന്നത് അവയുടെ പോഷകമൂല്യം വര്‍ധിപ്പിക്കുമത്രേ. ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ബ്രെഡ് ഒരു ആരോഗ്യകരമായ ചോയിസ് ആയി പൊതുവെ കണക്കാക്കാറില്ല. എന്നാല്‍ ബ്രെഡ് ഫ്രീസ് ചെയ്യുമ്പോള്‍ അന്നജത്തിന്റെ ഘടനയില്‍ മാറ്റം ഉണ്ടാക്കുകയും ആരോഗ്യകരമായ മെറ്റബോളിക് പാറ്റേണുകളെ സഹായിക്കുകയും ചെയ്യുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രെഡ് ഫ്രീസ് ചെയ്ത ശേഷം ഡീഫ്രോസ്റ്റ് ചെയ്യുമ്പോള്‍ ചില തരം സ്റ്റാര്‍ച്ചുകള്‍ റിട്രോഗ്രേഡേഷന്‍ പ്രക്രിയയിലൂടെ കടന്നുപോകുന്നു. അതിലൂടെ അന്നജത്തിന്റെ ഘടനയുടെ ഒരുഭാഗം സ്റ്റാര്‍ച്ച് ആയി മാറുന്നു. ഇവ നാരുകള്‍ക്ക് സമാനമായി പ്രവര്‍ത്തിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാക്കാന്‍ സഹായിക്കും. ഫ്രഷ് ബ്രെഡിനെ അപേക്ഷിച്ച് ഫ്രീസ് ചെയ്ത് വീണ്ടും ഡീഫ്രോസ്റ്റ് ചെയ്യുന്ന ബ്രെഡ്, ഭക്ഷണത്തിന് ശേഷമുളള രക്തത്തിലെ ഗ്ലൂക്കോസ് സ്പൈക്ക് 30 ശതമാനം വരെ കുറച്ചതായി പഠനങ്ങള്‍ പറയുന്നു. ബ്രെഡ് ഫ്രീസ് ചെയ്യുമ്പോള്‍ സ്റ്റാര്‍ച്ച് തന്മാത്രകള്‍ ശരീരം കൂടുതല്‍ സാവധാനം വിഘടിക്കുന്ന രൂപത്തിലേക്ക് മാറ്റുന്നു. ഇത് ദഹനനാളത്തിന് പെട്ടെന്നുള്ള ഗ്ലൂക്കോസ് വര്‍ധനവ് കൈകാര്യം സഹായിക്കും. ബ്രെഡിലെ അന്നജം ഗുണകരമായ കുടല്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. അന്നജത്തിലെ സംയുക്തങ്ങള്‍ വന്‍കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മന്ദഗതിയിലുള്ള ദഹനം ഗ്ലൂക്കോസ് നിയന്ത്രണത്തില്‍ മാത്രമല്ല കുടലിന്റെ ആരോഗ്യത്തെയും സഹായിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.70, പൗണ്ട് - 124.79, യൂറോ - 107.46, സ്വിസ് ഫ്രാങ്ക് - 116.63, ഓസ്ട്രേലിയന്‍ ഡോളര്‍ - 65.29, ബഹറിന്‍ ദിനാര്‍ - 251.13, കുവൈത്ത് ദിനാര്‍ -306.10, ഒമാനി റിയാല്‍ - 246.24, സൗദി റിയാല്‍ - 25.21, യു.എ.ഇ ദിര്‍ഹം - 25.92, ഖത്തര്‍ റിയാല്‍ - 25.92, കനേഡിയന്‍ ഡോളര്‍ - 66.54.
Tags:
KERALA