ഉണ്ണികുളം: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കായികരംഗത്തിന്റെ കരുത്തുമായി മങ്ങാട് എ.യു.പി സ്കൂൾ. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പെയ്ന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച ‘ലഹരിക്കെതിരെ വൺ മില്യൺ ഗോൾ’ പരിപാടി വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പങ്കാളിത്തം കൊണ്ട് ജനകീയ ഉത്സവമായി മാറി.
ലഹരിയെന്ന മഹാവിപത്തിനെതിരെ ഗോൾപോസ്റ്റിലേക്ക് പന്തടിച്ചു കയറ്റി ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുള്ള മാസ്റ്റർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി മാഫിയക്കെതിരെ കായിക വിനോദങ്ങളിലൂടെ പ്രതിരോധം തീർക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
പിടിഎ പ്രസിഡന്റ് ഖൈറുന്നീസ റഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ എം ഹംസമാസ്റ്റർ,
സ്കൂൾ മാനേജർ എൻ.ആർ. അബ്ദുൽ നാസർ, മദർ പി.ടി.എ ചെയർപേഴ്സൺ ഷാഹിദ എം. എന്നിവർ ലഹരിവിരുദ്ധ സന്ദേശങ്ങൾ പങ്കുവെച്ചു.
ചടങ്ങിൽ ഒ.കെ. ദാമോദരൻ, സി. മജീദ് മാസ്റ്റർ, കെ.കെ. അബ്ദുൽ ഗഫൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഉമ്മർ മാസ്റ്റർ സ്വാഗതവും എ.കെ. ഗ്രിജീഷ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
അധ്യാപകരായ ഖമറുൽ ഇസ്ലാം മാസ്റ്റർ, റസിയ ടീച്ചർ, എൻ. ഷബീറലി മാസ്റ്റർ, ഇർഷാദ് മാസ്റ്റർ, നഫിഹ് മാസ്റ്റർ, ഹൗസിന ടീച്ചർ, ഷർഫിന ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഉദ്ഘാടനത്തിന് പിന്നാലെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ലഹരിക്കെതിരെ തങ്ങളുടെ പ്രതിഷേധവും പ്രതിജ്ഞയും പ്രഖ്യാപിച്ച് പോസ്റ്റിലേക്ക് 'തൂഫാൻ' ഗോളുകൾ ഉതിർത്തു.
കളിക്കളങ്ങളിലേക്ക് തിരിയുന്ന ഒരു തലമുറയ്ക്കും ലഹരിയുടെ വഴിയിലേക്ക് പോകാനാകില്ലെന്ന ശക്തമായ സന്ദേശമാണ് മങ്ങാട് എ.യു.പി സ്കൂൾ ഈ ചലഞ്ചിലൂടെ സമൂഹത്തിന് നൽകിയത്. ലഹരിക്കെതിരെയുള്ള ഈ പോരാട്ടം നാട് മുഴുവൻ ഏറ്റെടുത്തതിന്റെ നേർക്കാഴ്ചയായി മാറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈ വേറിട്ട പരിപാടി.
Tags:
EDUCATION