2026 | ജൂണ്‍ 16 , ചൊവ്വ
1201 | മിഥുനം 2, തിരുവാതിര
◾ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ തുറന്നുപറച്ചിലുകളുമായി മുന്‍ മന്ത്രി പി. രാജീവ്. 'എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ടെന്നും വെള്ളാപ്പള്ളിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നടപടിയെടുത്ത് പോകണമായിരുന്നുവെന്നും പി. രാജീവ് വ്യക്തമാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കൊണ്ട് വലിയ പ്രശ്‌നങ്ങളില്ലാതെ മറികടക്കും എന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് രാജീവ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പാളിച്ചകള്‍ ഏറ്റുപറഞ്ഞത്.
◾ സംസ്ഥാനത്ത് സെന്‍സസ് നടപടികള്‍ക്ക് ഇന്ന് തുടക്കമായി. ജനങ്ങള്‍ക്ക് വിവരങ്ങള്‍ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെല്‍ഫ് എന്യുമറേഷന്‍ സൗകര്യമടക്കം ഇപ്പോള്‍ ലഭ്യമാകും. ഈ മാസം 30 വരെ se.census. gov.in എന്ന പോര്‍ട്ടലിലൂടെ വിവരങ്ങള്‍ രേഖപ്പെടുത്താം. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക.
◾ സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ഈ വര്‍ഷം 146 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഷിഗല്ല ബാധിച്ച്.അഞ്ചുപേര്‍ മരിച്ചു. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലാണ് ഷിഗല്ല ബാധിച്ച് മരണം സംഭവിച്ചതെന്നും കോഴിക്കോട്ട് ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു.
◾ പകര്‍ച്ചവ്യാധികള്‍ വ്യാപകമായതോടെ കൂടുതല്‍ പ്രതിരോധ നടപടികളിലേക്ക് നീങ്ങി സംസ്ഥാന സര്‍ക്കാര്‍. ആരോഗ്യ വിദഗ്ധരെ ഉള്‍പ്പെടുത്തി ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാത്തതാണ് പകര്‍ച്ചവ്യാധികള്‍ കൂടാന്‍ കാരണമായതെന്നും തിരഞ്ഞെടുപ്പ് കാരണം പലയിടത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടുവെന്നും പകര്‍ച്ചവ്യാധികള്‍ കൂടുന്നത് ആരുടെയും തെറ്റല്ലെന്നും പരിശോധന വിപുലമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ ശബരിമല സ്വര്‍ണ്ണകൊള്ളക്കേസില്‍ പ്രതിയായ എ പദ്മകുമാറിന്റെ സസ്‌പെന്‍ഷനില്‍ കുറ്റപത്രം വന്ന ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് സിപിഎം. ആത്മകഥാ വെളിപ്പെടുത്തല്‍ ഭീഷണി നടപടിയെ സ്വാധീനിച്ചിട്ടില്ലെന്ന് പാര്‍ട്ടി വിശദീകരിക്കുമ്പോഴും, കടുത്ത നടപടിയില്‍ നിന്നുള്ള പിന്മാറ്റത്തിന് കാരണം ഇതാണെന്ന് അഭ്യൂഹങ്ങളുണ്ട്.
◾ വിജിലന്‍സ് അന്വേഷണം നേരിടുന്നവരെ പ്രധാന തസ്തികകളില്‍ നിയമിച്ചെന്ന പരാതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്. ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ മുരളീധരന്‍ നല്‍കിയ കത്തും യോഗം ചര്‍ച്ച ചെയ്യും
◾ മുട്ടില്‍ മരംമുറി കേസിലെ മരങ്ങള്‍ ലേലം ചെയ്യാന്‍ കോടതി അനുമതി. നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങള്‍ ലേലം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. പിടിച്ചെടുത്ത മരങ്ങള്‍ നിലവില്‍ വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണുള്ളത്.
◾ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസ് റെയ്ഡ് ചെയ്യണമെന്നും മേയറുടെ ഓഫീസില്‍ ആയുധങ്ങളുണ്ടെന്നും സിപിഎം നേതാവ് വി ശിവന്‍കുട്ടി. മേയറുടെ ഒത്താശയോടെയാണ് നഗരത്തില്‍ ആക്രമണം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ അധ്യാപക സ്ഥലംമാറ്റം, കെഎസ്ആര്‍ടിസി, പി എം ശ്രീ പദ്ധതി തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം സര്‍ക്കാരിനും പ്രതിപക്ഷത്തിനുമെതിരെ വിമര്‍ശനം ഉന്നയിച്ചു.
◾ എസ്എഫ്‌ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി കെ അനുരാഗിനെതിരെ പരാതി. ഫോണില്‍ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചെന്നാണ് പരാതി. എസ്എഫ്‌ഐ ഏരിയാ കമ്മിറ്റി അംഗമായ പെണ്‍കുട്ടിയാണ് കെ അനുരാഗിനെതിരെ പരാതി നല്‍കിയത്. സിപിഎം ജില്ലാ സെക്രട്ടറിക്കാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. സംഭവത്തില്‍ അനുരാഗിനെതിരെ നടപടിക്ക് സാധ്യത.
◾ പ്രിയദര്‍ശിനി' സ്ത്രീ സൗജന്യ യാത്രാ പദ്ധതിയെ അട്ടിമറിക്കാന്‍ ഓര്‍ഡിനറി ബസുകള്‍ സിറ്റി ഫാസ്റ്റാക്കി മാറ്റുന്നു എന്ന പ്രചാരണം കെഎസ്ആര്‍ടിസി നിഷേധിച്ചു. ഒരേ നിറത്തിലുള്ള ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസുകള്‍ യാത്രക്കാര്‍ക്ക് തിരിച്ചറിയാനാണ് സ്റ്റിക്കറുകള്‍ പതിപ്പിച്ചതെന്നും, സൗജന്യ യാത്രയുള്ള ഓര്‍ഡിനറി സര്‍വീസുകള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
◾ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കും സൗജന്യ യാത്ര അനുവദിച്ച 'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ലിംഗഭേദം മാത്രം അടിസ്ഥാനമാക്കി യാത്രാസൗജന്യം നല്‍കുന്നത് വിവേചനപരമാണെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. എറണാകുളം സ്വദേശി മുഹമ്മദ് ഫിര്‍ദൗസാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
◾ പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് കണ്ണൂര്‍ മേയര്‍ പി ഇന്ദിര. വിഷയത്തില്‍ പ്രതിഷേധം അറിയിച്ച പി ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നല്‍കി. സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അഭിമാന പദ്ധതി ആയിട്ടും വനിതാ മേയറായ തനിക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്നാണ് പി ഇന്ദിര ആക്ഷേപം ഉയര്‍ത്തുന്നത്.
◾ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ദിനം 13 ലക്ഷത്തിലധികം സ്ത്രീകള്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണത്തില്‍ ഏകദേശം ഇരട്ടിയോളം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
◾ തന്റെ സ്വകാര്യത ലംഘിക്കുന്ന വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ പാപ്പരാസികള്‍ക്ക് മുന്നറിയിപ്പുമായി ഫാത്തിമ തെഹ്ലിയ എംഎല്‍എ. വ്യക്തിപരമായ സംഭാഷണങ്ങളും ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും പ്രചരിപ്പിക്കുന്നത് ഗുരുതര സ്വകാര്യതാ ലംഘനമാണെന്നും ഇത് തുടര്‍ന്നാല്‍ നിയമനടപടിയിലേക്ക് പോകുമെന്നും എംഎല്‍എ വ്യക്തമാക്കി.
◾ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ. റീനയെ സ്ഥലം മാറ്റിയ നടപടി നിയമവിരുദ്ധമാണെന്ന് മുന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി വിമര്‍ശിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കേഡറിലുള്ള ഒരു ഡോക്ടറെ സ്‌പെഷ്യലിറ്റി കേഡറിലേക്ക് അവരുടെ സമ്മതമില്ലാതെ മാറ്റാന്‍ കഴിയില്ല. വളരെയധികം സാങ്കേതിക തകരാറുകള്‍ ഇവിടെയുണ്ട്. ഡോക്ടര്‍ റീനയുടെ പേരില്‍ പിഴവ് ഉണ്ടെങ്കില്‍ അവര്‍ക്ക് നോട്ടീസ് നല്‍കാമായിരുന്നുവെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.
◾ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കേസില്‍ ഇ.പി. ജയരാജനെതിരെ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തെളിവില്ലെന്ന് കാണിച്ച് പോലീസ് എഴുതിത്തള്ളിയ കേസ്, പരാതിക്കാരന്‍ നല്‍കിയ തര്‍ക്ക ഹര്‍ജിയെ തുടര്‍ന്നാണ് വീണ്ടും അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചത്.
◾ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. നിയമനങ്ങളിലെ കൃത്രിമത്വം പുനപരിശോധിക്കാന്‍ ജനറല്‍ ബോഡി വിളിച്ച് ചേര്‍ക്കണമെന്നാണ് ആവശ്യം. മറ്റ് പാര്‍ട്ടിക്കാരുടെ നിയമനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പുകമറയിലാക്കിയെന്നും കുറ്റപ്പെടുത്തലുണ്ട്. ഇത്തരം നിയമനങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിയിലെ തന്നെ ചില നിക്ഷിപ്ത താല്പര്യക്കാരാണെന്നും ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച.
◾ ജലവിഭവ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രിയും കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ് ജോസഫ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ സൗഹൃദ സന്ദര്‍ശനം നടത്തി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മന്ത്രിയായി ചുമതലയേറ്റ ശേഷം വെള്ളാപ്പള്ളിയെ കാണാന്‍ ആദ്യമായാണ് മോന്‍സ് എത്തിയത്.
◾ നടന്‍ ടിനി ടോമിനെതിരായ നടി അന്‍സിബ ഹസന്റെ പരാതിയില്‍ അമ്മ പ്രസിഡന്റ് ശ്വേത മേനോന്റെ മൊഴിയെടുത്ത് കടവന്ത്ര പൊലീസ്. ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ശ്വേതയുടെ മൊഴി. അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് ടിനി പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ശ്വേത മൊഴി നല്‍കി. ടിനി ടോമിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും
◾ മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. കരിമണല്‍ കമ്പനി സി എം ആര്‍ എല്ലിന്റെ എം ഡി ശശിധരന്‍ കര്‍ത്തയുടെ മകളെ ഇന്നലെ ചോദ്യം ചെയ്ത ഇ ഡി, ഇന്ന് ഭാര്യയെയും മകനെയും ചോദ്യം ചെയ്തു. ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്തയും മകന്‍ ശരണ്‍ എസ് കര്‍ത്തയും ഇന്ന് ഇ ഡി ഓഫീസില്‍ ഹാജരായി.
◾ ശബരിമലയിലെ സ്വര്‍ണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ രീതിയില്‍ നിറവ്യത്യാസം കണ്ടെത്തി. ശ്രീകോവിലിന്റെ മുകള്‍ഭാഗത്ത് എന്തോ ദ്രാവകം ഒഴിച്ചതാണോ എന്ന സംശയമാണ് നിലവില്‍ ഉയര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ശബരിമലയില്‍ നേരിട്ടെത്തി പരിശോധനകള്‍ നടത്തി.
◾ തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിയില്‍ ഇരുപക്ഷത്തെയും കേള്‍ക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. പാര്‍ട്ടിയിലെ വിമത നീക്കങ്ങളെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക നേതൃത്വത്തിനും വിമത എംപിമാര്‍ക്കും സ്പീക്കറുടെ ഓഫീസ് കത്തയച്ചിട്ടുണ്ട്. മമത പക്ഷത്തെയും വിമതരെയും കേട്ട ശേഷം ലയനത്തില്‍ തീരുമാനമെടുക്കാനാണ് തീരുമാനം.
◾ കര്‍ണാടകയിലെ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ ഗൃഹലക്ഷ്മി, ഗൃഹജ്യോതി പദ്ധതികളില്‍ ഡി കെ ശിവകുമാര്‍ സര്‍ക്കാര്‍ പുനപരിശോധന നടത്തുന്നു. അനര്‍ഹരെ ഒഴിവാക്കി സാമ്പത്തിക ചോര്‍ച്ച തടയുകയാണ് ലക്ഷ്യമെന്ന് വിശദീകരണം. കൈപൊള്ളിയപ്പോള്‍ പിന്മാറിയെന്ന് ബിജെപി വിമര്‍ശനം
◾ രാജ്യത്ത് കഫ് സിറപ്പുകള്‍ ഉള്‍പ്പെടെ എല്ലാ സിറപ്പുകളും വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. വ്യാജ സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവങ്ങളെ തുടര്‍ന്നാണ് ഈ നടപടി. 1945 ലെ ഡ്രഗ് റൂള്‍സില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഈ നിയമം സിറപ്പുകളുടെ സുരക്ഷിത ഉപയോഗം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നു.
◾ ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെയോ താമസസ്ഥലത്തിന്റെയോ തെളിവായി ഉപയോഗിക്കുന്നത് തടയണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ചു. ആധാര്‍ ഒരു തിരിച്ചറിയല്‍ രേഖ മാത്രമായി പരിഗണിക്കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം
◾ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തിയെന്നും, രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഇരട്ടത്താപ്പാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള സഖ്യം തകരാന്‍ കാരണമെന്നും ഡിഎംകെ. ഡിഎംകെയുടെ മുഖപത്രമായ 'മുരശൊലി'യില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പക്വതയില്ലായ്മയെയും അവിശ്വസ്തതയെയും കടന്നാക്രമിച്ചുകൊണ്ട് കടുത്ത ഭാഷയിലുള്ള വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
◾ രാജ്യസഭാ, എംഎല്‍സി തെരഞ്ഞെടുപ്പുകളിലെ ക്രോസ് വോട്ടിംഗ് ഭയന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു. നിയമസഭയിലെ അംഗബലം വെച്ച് നാല് സീറ്റുകള്‍ ഉറപ്പാണെങ്കിലും, അഞ്ചാമതൊരു സ്ഥാനാര്‍ത്ഥിയെ കൂടി വിജയിപ്പിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് നീക്കം.
◾ നീറ്റ് പുനപരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ക്രമക്കേട് നടന്ന സെന്ററുകളിലെ പരീക്ഷ മാത്രം റദ്ദാക്കിയാല്‍ മതിയെന്നാണ് ഹര്‍ജിയിലെ വാദം. ഇതിനിടെ വിദ്യാര്‍ഥികള്‍ പരീക്ഷ നീട്ടണമെന്ന് ആവശ്യപ്പെട്ട് എന്‍ടിഎക്ക് നിവേദനം നല്‍കുകയും ചെയ്തു.
◾ രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലഗ്രാം ആക്സസ് ജൂണ്‍ 22 വരെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ചോദ്യ പേപ്പര്‍ ചോര്‍ച്ച തട്ടിപ്പുകള്‍ തടയാനാണ് കേന്ദ്ര നടപടി. മെസേജ് എഡിറ്റ് ഫീച്ചര്‍ ജൂണ്‍ 30 വരെ ഇന്ത്യയില്‍ പ്രവര്‍ത്തനരഹിതമാക്കി.
◾ പ്രകൃതിദുരന്തങ്ങള്‍ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്ന 'സെല്‍ ബ്രോഡ്കാസ്റ്റ്' സേവനം ഇന്ത്യയില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. സംവിധാനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പുനഃപരിശോധിച്ച ശേഷം സേവനം പുനരാരംഭിക്കുമെന്നാണ് സൂചന.
◾ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട വിമത എംപിമാര്‍ ഒന്നടങ്കം എന്‍സിപിഐയില്‍ ലയിക്കുമെന്ന പ്രഖ്യാപനം വന്നതോടെ കൂടുതല്‍ കലുഷിതമായി ബംഗാളിലെ രാഷ്ട്രീയ നാടകം. കൂടുതല്‍ പേര്‍ വിമതര്‍ക്കൊപ്പം ചേര്‍ന്നേക്കുമെന്നാണ് സൂചന. മമത ബാനര്‍ജിയുടെ അടുത്ത അനുയായിയും കൊല്‍ക്കത്ത പോര്‍ട്ട് എംഎല്‍എയുമായ ഫിര്‍ഹാദ് ഹക്കിം ബിജെപി നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ സുവേദു അധികാരിക്ക് ഒപ്പം പരിപാടിയില്‍ പങ്കെടുത്തു.
◾ സിന്ധുനദീതട സംസ്‌കാരത്തിലെ 'ഡാന്‍സിംഗ് ഗേള്‍' ശില്പത്തിന്റെ ചിത്രം പാഠപുസ്തകത്തില്‍ വികലമാക്കിയതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് എന്‍സിഇആര്‍ടി തിരുത്തല്‍ നടപടി സ്വീകരിച്ചു. ഒന്‍പതാം ക്ലാസിലെ പുസ്തകത്തില്‍ ശില്പത്തിന് 'വസ്ത്രം ധരിപ്പിച്ച' ചിത്രം നല്‍കിയത് വലിയ വിവാദമായതോടെ, യഥാര്‍ത്ഥ ചിത്രം തന്നെ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
◾ പശ്ചിമ ബംഗാളിലെ കുല്‍ത്തലിയില്‍ മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത് മംഗളുരു സ്വദേശിയായ സന്ദീപ് നായിക്കിനെയാണെന്ന് തിരിച്ചറിഞ്ഞു. ഭാഷ അറിയാത്തതിനാല്‍ ആശയക്കുഴപ്പമുണ്ടായതാണ് ആക്രമണത്തിന് കാരണമായതെന്നും സംഭവത്തില്‍ പോലീസ് ഏഴ് പേരെ പിടികൂടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട്.
◾ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് എന്നീ നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. 2027-ല്‍ നടക്കാനിരിക്കുന്ന സെന്‍സസ് നടപടികളുമായി തീയതികള്‍ ഒന്നിച്ചുവരുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.
◾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലവര്‍ദ്ധനവിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതിക്കുള്ള വിന്‍ഡ്ഫാള്‍ നികുതി വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ കയറ്റുമതി നികുതിയില്‍ മാറ്റമില്ല. ആഭ്യന്തര വിപണിയില്‍ ഇന്ധന ലഭ്യത ഉറപ്പാക്കാനും കയറ്റുമതിക്കാരുടെ അമിതലാഭം തടയാനുമാണ് ഈ നടപടി.
◾ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സഹേദ് ഉര്‍ റഹ്‌മാനെ ദില്ലി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് അദ്ദേഹം സന്ദര്‍ശനം ഉപേക്ഷിച്ച് മടങ്ങി. സംഭവത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ബംഗ്ലാദേശ് സര്‍ക്കാര്‍, ധാക്കയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ പവന്‍ ബാധെയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ സംഭവമാണ് ഉണ്ടായതെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഖലീലൂര്‍ റഹ്‌മാന്‍ വ്യക്തമാക്കി.
◾ യുഎസ്-ഇറാന്‍ ധാരണയെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഇന്ത്യയിലേക്ക് ഇന്ധനവും രാസവളവുമായി എത്താന്‍ 34 കപ്പലുകള്‍ കാത്തിരിക്കുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ഡിജിറ്റലായി കരാറില്‍ ഒപ്പുവെച്ചെങ്കിലും, ആണവ നിയന്ത്രണങ്ങള്‍, ഉപരോധം പിന്‍വലിക്കല്‍ തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ പൂര്‍ണ്ണ സമവായമായിട്ടില്ല.
◾ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന നാളെ ആദ്യ മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ നേരിടാനിറങ്ങുകയാണ്. കന്‍സാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് അര്‍ജന്റീന-അള്‍ജീരിയ ലോകകപ്പ് പോരാട്ടം. ഇതിഹാസതാരം ലിയോണല്‍ മെസിയുടെ കരിയറിലെ 200-ാം അന്താരാഷ്ട്ര മത്സരമെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ആറാം ലോകകപ്പിനിറങ്ങുന്ന അര്‍ജന്റീനാ നായകന്‍ ലയണല്‍ മെസ്സിക്ക് ഏറ്റവും കൂടുതല്‍ ലോകകപ്പുകളില്‍ കളിക്കുന്ന താരമെന്ന ഖ്യാതി കൂടിയാണ് പേരിനൊപ്പം ചേരുന്നത്.
◾ ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരും ലാറ്റിനമേരിക്കന്‍ കരുത്തരുമായ യുറഗ്വായ്യെ സമനിലയില്‍ പൂട്ടി സൗദി അറേബ്യ. ഇരുടീമുകളും ഓരോ ഗോള്‍വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷം യുറഗ്വായ് 80-ാം മിനിറ്റിലാണ് തിരിച്ചടിക്കുന്നത്.
◾ ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജി-യില്‍ നടന്ന മത്സരത്തില്‍ ഇറാനും ന്യൂസീലന്‍ഡും രണ്ട് ഗോളുകള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. ന്യൂസീലന്‍ഡിനായി എലിജാ ജസ്റ്റ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഇറാനുവേണ്ടി റാമിന്‍ റെസയാനും മുഹമ്മദ് മൊഹിബിയും ലക്ഷ്യം കണ്ടു.
◾ ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ 2-2 ന് സമനില വഴങ്ങിയതിന് തൊട്ടുപിന്നാലെ ഇറാന്‍ ഫുട്‌ബോള്‍ ടീമിനോട് യുഎസില്‍ നിന്നും അടിയന്തിരമായി രാജ്യംവിടാന്‍ ആവശ്യപ്പെട്ട് അധികൃതര്‍. കളി കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം രാജ്യം വിടാന്‍ ഇറാന്‍ ടീമിനോട് യുഎസ് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.
◾ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 13,875 രൂപയും പവന് 120 രൂപ കുറഞ്ഞ് 1,11,000 രൂപയുമായി. അതേസമയം ഇന്നലെ പവന് പവന് 1,800 രൂപ വര്‍ധിച്ചിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,400 രൂപയും 14 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 8,880 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,725 രൂപയിലെത്തി. വെളളി വില ഗ്രാമിന് 265 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,311 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളും യു.എസ്-ഇറാന്‍ സമാധാന ചര്‍ച്ചകളും എണ്ണവിലയില്‍ ഉണ്ടാക്കിയ ഇടിവുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. വരും ദിവസങ്ങളില്‍ യു.എസ് പലിശനിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളും ചൈന ഉള്‍പ്പെടെയുള്ള കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ ശേഖരണവും അന്താരാഷ്ട്ര വിപണിയിലെ വിലയെ കൂടുതല്‍ സ്വാധീനിച്ചേക്കും.
◾ നീറ്റ്-യുജി പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ടെലിഗ്രാമിന് താല്‍ക്കാലിക വിലക്ക്. ജൂണ്‍ 21-നാണ് പരീക്ഷ നടക്കുക. പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിക്കുന്നത് തടയാനും തെറ്റായ വിവരങ്ങള്‍ പടരുന്നത് നിയന്ത്രിക്കാനുമായി ജൂണ്‍ 22 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്ലാറ്റ്‌ഫോമിലെ മെസേജ് എഡിറ്റിംഗ് സൗകര്യം ജൂണ്‍ 30 വരെ നിരോധിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പ്രത്യേക ശുപാര്‍ശപ്രകാരമാണ് ഈ നടപടി. തട്ടിപ്പുകാര്‍ നേരത്തെ അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്ത് ചോദ്യപേപ്പറുകള്‍ ചേര്‍ക്കുകയും, പഴയ ടൈംസ്റ്റാമ്പ് ഉപയോഗിച്ച് പരീക്ഷയ്ക്ക് മുന്‍പേ പേപ്പര്‍ ചോര്‍ന്നുവെന്ന് വ്യാജ തെളിവുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നത് തടയാനാണിത്.
◾ 'ടിയാന്‍' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന മലയാള ചിത്രം 'അനന്തന്‍ കാട്' സിനിമയുടെ ട്രെയ്ലര്‍ പുറത്ത്. ആക്ഷനും, ഡ്രാമയും സെന്റിമെന്റ്‌സും കലര്‍ന്ന ഒരു പക്കാ പൊളിറ്റിക്കല്‍ ചിത്രമാകും ഇതെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ ആര്യ നായകനായെത്തുന്ന ചിത്രമാണ് 'അനന്തന്‍ കാട്'. മുരളി ഗോപി, നിഖില വിമല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ മലയാളത്തിലും തമിഴിലുമാണ് ചിത്രമൊരുക്കുന്നത്. ജൂണ്‍ 25 നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തില്‍. ഇന്ദ്രന്‍സ്, ദേവ് മോഹന്‍, അപ്പാനി ശരത്, വിജയരാഘവന്‍, ശാന്തി, റെജീന കാസാന്‍ഡ്ര, സാഗര്‍ സൂര്യ, പുഷ്പ സിനിമയിലെ സുനില്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
◾ പ്രശാന്ത് മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'സത്യത്തില്‍ സംഭവിച്ചത്' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഇത് ഗ്രാമീണ പശ്ചാത്തലത്തില്‍ നിധി വേട്ടയെ പ്രധാന വിഷയമാക്കിയുള്ള ഒരു കുടുംബ വിനോദ ചിത്രമായിരിക്കും. കാവാലം നാരായണ പണിക്കരുടെ വരികള്‍ക്ക് ബെന്നി ഫെര്‍ണാണ്ടസ്, കാവാലം ശ്രീകുമാര്‍, മധു പോള്‍ എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആകാശ് മേനോന്‍, ദില്‍ഷാന, ദിലീഷ് പോത്തന്‍,ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി.ജി. രവി, ജോജി ജോണ്‍, നസീര്‍ സംക്രാന്തി, ബൈജു എഴുപുന്ന, കലാഭവന്‍ റഹ്‌മാന്‍, ജയകൃഷ്ണന്‍, വിജിലേഷ്, സിനോജ് വര്‍ഗീസ്, ജി. സുരേഷ് കുമാര്‍, ശിവന്‍ സോപാനം, പുളിയനം പൗലോസ്, ഭാസ്‌കര്‍ അരവിന്ദ്, സൂരജ് ടോം, അശ്വതി ശ്രീകാന്ത്, കുളപ്പുള്ളി ലീല,ശൈലജ കൃഷ്ണദാസ്, പ്രതിഭ പ്രതാപചന്ദ്രന്‍, പാര്‍വതി രാജന്‍ ശങ്കരാടി, സുഷമ അജയന്‍, ഗായത്രി ദേവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
◾ രാജ്യത്തെ ആദ്യ ഫ്ലെക്സ്ഫ്യുവല്‍ കാര്‍ വാഗണ്‍ആര്‍ ബയോഫ്ലെക്സിന്റെ വില പ്രഖ്യാപിച്ച് മാരുതി സുസുക്കി. ഉയര്‍ന്ന മോഡലായ ഇസഡ്എക്സ് പ്ലസ് മാനുവലിനെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച വാഹനത്തിന്റെ എക്സ്‌ഷോറൂം വില 7.24 ലക്ഷം രൂപയാണ്. നിലവിലുള്ള പെട്രോള്‍ മോഡലിനേക്കാള്‍ കുറഞ്ഞ മലിനീകരണവും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പതിപ്പ്. ആദ്യഘട്ടത്തില്‍ കൊമേഴ്സ്യല്‍ മേഖലയിലുള്ളവര്‍ക്ക് മാത്രമായാണ് വാഗണ്‍ആര്‍ ബയോഫ്ലെക്സ് മാരുതി ലഭ്യമാക്കുന്നത്. സാധാരണ ഇസഡ് എക്സ് പ്ലസ് മോഡലിനേക്കാള്‍ ഏകദേശം 86,000 രൂപയോളമാണ് ബയോഫ്ലെക്സ് പതിപ്പിന് അധികമായി നല്‍കേണ്ടി വരിക. കൊമേഴ്സ്യല്‍ വിപണിയിലുള്ള വാഗണ്‍ആര്‍ ടൂര്‍ എച്ച്3 മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 1.35 ലക്ഷം മുതല്‍ 2.25 ലക്ഷം രൂപ വരെ ഇതിന് കൂടുതലുണ്ട്. എങ്കിലും ടൂര്‍ എച്ച്3-യിലെ 1.0 ലീറ്റര്‍ എന്‍ജിന് പകരം കരുത്തുറ്റ 1.2 ലീറ്റര്‍ എന്‍ജിനാണ് ബയോഫ്ലെക്സില്‍ നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സാധാരണ പെട്രോളിന് പുറമെ 85 ശതമാനം വരെ എഥനോള്‍ ചേര്‍ത്ത ഇന്ധനത്തിലും പ്രവര്‍ത്തിക്കാന്‍ കെല്‍പ്പുള്ള എന്‍ജിനാണ് ഇതിലുള്ളത്.
◾ മരിച്ചവള്‍ പോയിട്ടും അവളുടെ വീട് ആര്‍ക്കോവേണ്ടി ഇപ്പോഴും ജീവിച്ചിരിക്കുന്നു. മുഖംനോക്കുന്ന കണ്ണാടിയില്‍ അവള്‍ ഒട്ടിച്ചുവെച്ച ചുവന്ന വലിയ വട്ടപ്പൊട്ട് അവള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. വേറിട്ട കാവ്യാനുഭവം സമ്മാനിക്കുന്ന രചനകളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം. സ്വപ്നങ്ങള്‍ തകര്‍ന്നുവീണു നോവുന്ന മനസ്സുകളുടെ ആരുമറിയാത്ത നിനവുകള്‍. സ്നേഹം വറ്റിപ്പോയ വേദനയായി അടയാളപ്പെടുത്തുന്ന കവിതകളാണിതില്‍. ഇതൊരു പുതിയ സ്നേഹമാണ്, സംഗീതമാണ്, മനസ്സിനെ വല്ലാതെ ആകര്‍ഷിക്കുന്ന അനുഭവമാണ്. 'മരിച്ചവളുടെ വീട്'. ബെറ്റ്സി ജോണ്‍ ഇളമ്പല്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 180 രൂപ.
◾ മഴക്കാലത്ത് ബാക്ടീരിയ, വൈറസുകള്‍, ഫംഗസ് ഇവയെല്ലാം വര്‍ധിക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെ മഴക്കാലത്ത് നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ വളരെ ശ്രദ്ധയോടെ തെരഞ്ഞെടുക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഉദരാരോഗ്യം നിലനിര്‍ത്താന്‍ മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നറിയാം. വഴിവക്കില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്ന ഭക്ഷണങ്ങള്‍ മഴക്കാലത്ത് കഴിക്കുന്നത് അത്ര നന്നല്ല. ചീര, ലെറ്റിയൂസ്, കാബേജ്, ഉലുവയില തുടങ്ങിയവയില്‍ ഈര്‍പ്പവും അഴുക്കും പ്രാണികളും പറ്റിപ്പിടിച്ചിരിക്കാന്‍ മഴക്കാലത്ത് സാധ്യതയുണ്ട്. നന്നായി കഴുകിയശേഷം പാചകം ചെയ്യാന്‍ ശ്രദ്ധിക്കണം. മഴക്കാലത്ത് ഇലക്കറികള്‍ പച്ചയ്ക്ക് കഴിക്കാതെ വേവിച്ചു മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം. മുറിച്ചുവച്ച പഴക്കഷണങ്ങള്‍ മഴക്കാലത്ത് വാങ്ങിക്കഴിക്കരുത്. മഴക്കാലത്ത് കടല്‍ വിഭവങ്ങള്‍ കഴിക്കുന്നത് ശ്രദ്ധയോടെ വേണം. സമൂസ, ചിപ്സ്, പക്കോഡകള്‍, വിവിധതരം ഫ്രൈസ് ഇവയെല്ലാം മഴക്കാലത്ത് വയറു കമ്പിക്കല്‍, അസിഡിറ്റി, അസ്വസ്ഥത ഇവയുണ്ടാകും. ശരിയായി റഫ്രിജറേറ്റ് ചെയ്തില്ലെങ്കില്‍ ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ പാലും പാലുല്‍പന്നങ്ങളും എളുപ്പത്തില്‍ കേടുവരാന്‍ സാധ്യത കൂടുതലാണ്. മലിനമാക്കപ്പെട്ട പാലുല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് ദഹന പ്രശ്നങ്ങള്‍ വരാനുള്ള സാധ്യത കൂട്ടും. ശരിയായ ഭക്ഷണം തിരഞ്ഞെടുക്കുന്നതു പോലെ തന്നെ പ്രധാനമാണ് നല്ല ഫുഡ് ഹൈജീന്‍ അഥവാ ഭക്ഷണ ശുചിത്വം നിലനിര്‍ത്തുക എന്നതും. സുരക്ഷിതവും ശുദ്ധവും ആയ വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക, തയാറാക്കിയ ഉടനെയുള്ള ഭക്ഷണം കഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.51, പൗണ്ട് - 126.79, യൂറോ - 109.64, സ്വിസ് ഫ്രാങ്ക് - 118.90, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.75, ബഹറിന്‍ ദിനാര്‍ - 250.20, കുവൈത്ത് ദിനാര്‍ -306.52, ഒമാനി റിയാല്‍ - 245.81, സൗദി റിയാല്‍ - 25.19, യു.എ.ഇ ദിര്‍ഹം - 25.74, ഖത്തര്‍ റിയാല്‍ - 25.94, കനേഡിയന്‍ ഡോളര്‍ - 67.49.
Tags:
KERALA