തിരുവനന്തപുരം: രാജ്യത്ത് നടക്കാനിരിക്കുന്ന 2027-ലെ സെൻസസ് നടപടികളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് തങ്ങളുടെ കുടുംബവിവരങ്ങള്‍ സ്വയം രേഖപ്പെടുത്തുന്നതിനുള്ള 'സെല്‍ഫ് എന്യൂമറേഷൻ' സൗകര്യം ഇന്ന് മുതൽ ലഭ്യമാകും. ജൂണ്‍ 30 വരെ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി വിവരങ്ങള്‍ സമർപ്പിക്കാം. മൊബൈല്‍ ഫോണോ, കംപ്യൂട്ടറോ ഉപയോഗിച്ച് https://se.census.gov.in എന്ന പോർട്ടല്‍ വഴിയാണ് വിവരങ്ങള്‍ നല്‍കേണ്ടത്.
രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപടികള്‍ പൂർത്തിയാകുക. ഒന്നാം ഘട്ടത്തില്‍ വീടുകളുടെ പട്ടിക തയ്യാറാക്കലും ഭവന സെൻസസുമാണ് നടക്കുക. കേരളത്തില്‍ ജൂലൈ 1 മുതല്‍ 30 വരെയാണ് ആദ്യഘട്ട വിവരശേഖരണം. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാകും നടക്കുക.
ഓണ്‍ലൈനായി എങ്ങനെ വിവരങ്ങള്‍ സമർപ്പിക്കാം?
എന്യൂമറേറ്റർമാർ വീടുകളിലെത്തുന്നതിന് മുൻപുതന്നെ കുടുംബനാഥനോ പ്രായപൂർത്തിയായ മറ്റേതെങ്കിലും അംഗത്തിനോ ഓണ്‍ലൈനായി വിവരങ്ങള്‍ സമർപ്പിക്കാൻ സാധിക്കും.
രജിസ്ട്രേഷൻ: പോർട്ടലില്‍ പ്രവേശിച്ച് മൊബൈല്‍ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ശേഷം സംസ്ഥാനം, ജില്ല, വീടിന്റെ സ്ഥാനം എന്നിവ രേഖപ്പെടുത്തണം.
ലൊക്കേഷൻ അടയാളപ്പെടുത്തല്‍: ഡിജിറ്റല്‍ മാപ്പില്‍ സ്വന്തം വീടിന്റെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തി വിവരങ്ങള്‍ നല്‍കാം.
എസ്.ഇ. ഐ.ഡി (SE ID): വിവരങ്ങള്‍ വിജയകരമായി സമർപ്പിച്ച ശേഷം 11 അക്കങ്ങളുള്ള ഒരു കോഡ് (SE ID) എസ്.എം.എസ്., ഇ-മെയില്‍ വഴി ലഭിക്കും.
എന്യൂമറേറ്റർ വരുമ്പോള്‍: ഉദ്യോഗസ്ഥർ വീടുകള്‍ സന്ദർശിക്കുമ്പോള്‍ ഈ 11 അക്ക നമ്പർ കൈമാറിയാല്‍ മതിയാകും. കെട്ടിട നമ്പർ, സെൻസസ് ഹൗസ് നമ്പർ, സെൻസസ് വീടിന്റെ ഉപയോഗം, കുടുംബ നമ്പർ തുടങ്ങിയ വിവരങ്ങള്‍ പൊതുജനങ്ങള്‍ നല്‍കേണ്ടതില്ല. ഇവ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ചാണ് രേഖപ്പെടുത്തുക. എന്തെങ്കിലും തിരുത്തലുകള്‍ വരുത്താനുണ്ടെങ്കില്‍ എന്യൂമറേറ്ററെ അറിയിക്കാനും അവസരമുണ്ട്.
ആദ്യഘട്ടത്തില്‍ 34 ചോദ്യങ്ങള്‍
ആദ്യഘട്ട സെൻസസിന്റെ ഭാഗമായി പ്രധാനമായും 34 ചോദ്യങ്ങളാണുള്ളത്.
വീടിന്റെ ഘടന: വീടിന്റെ നിലം, ഭിത്തി, മേല്‍ക്കൂര എന്നിവയുടെ നിർമാണ സാമഗ്രികള്‍, വീടിന്റെ അവസ്ഥ, താമസമുറികളുടെ എണ്ണം.
കുടുംബവിവരങ്ങള്‍: കുടുംബാംഗങ്ങളുടെ എണ്ണം, കുടുംബനാഥന്റെ പേര്, ലിംഗം, സാമൂഹിക വിഭാഗം, വീടിന്റെ ഉടമസ്ഥാവകാശം, ദമ്പതിമാരുടെ എണ്ണം.
അടിസ്ഥാന സൗകര്യങ്ങള്‍: കുടിവെള്ളത്തിന്റെ ഉറവിടവും ലഭ്യതയും, വൈദ്യുതി, കക്കൂസ്, കുളിമുറി, അടുക്കള സൗകര്യം, എല്‍.പി.ജി./പി.എൻ.ജി. കണക്ഷൻ, പാചക ഇന്ധനം.
ആശയവിനിമയ/ഉപഭോക്തൃ സാധനങ്ങള്‍: റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ്, ലാപ്ടോപ്, കംപ്യൂട്ടർ, മൊബൈല്‍ ഫോണ്‍, സ്മാർട്ട്ഫോണ്‍ എന്നിവയുടെ ലഭ്യത.
വാഹനങ്ങളും മറ്റും: സൈക്കിള്‍, സ്കൂട്ടർ, മോട്ടോർസൈക്കിള്‍, കാർ, ജീപ്പ്, വാൻ തുടങ്ങിയ വാഹനങ്ങളുടെ വിവരങ്ങള്‍, കുടുംബം പ്രധാനമായി ഉപയോഗിക്കുന്ന ധാന്യം, മൊബൈല്‍ നമ്പർ.
ആദ്യഘട്ടത്തില്‍ എന്യൂമറേറ്റർമാർ ഓരോ ബ്ലോക്കിലെയും കെട്ടിടങ്ങളും പ്രധാന ലാൻഡ്മാർക്കുകളും ഉള്‍പ്പെടുത്തി ലേഔട്ട് മാപ്പ് തയ്യാറാക്കും. മൊബൈല്‍ ആപ്ലിക്കേഷൻ വഴിയാണ് ഇത്തവണ പൂർണ്ണമായും വിവരശേഖരണം നടത്തുന്നത്.
Tags:
KERALA