കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തിൽ വർഷങ്ങളായി തുടരുന്ന പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനും വിദ്യാർത്ഥികളുടെ ആവശ്യത്തിനനുസരിച്ച് സ്ഥിരം ഹയർ സെക്കൻഡറി ബാച്ചുകളും അധിക സീറ്റുകളും അനുവദിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി കൊടുവള്ളി എം.എൽ.എ പി.കെ ഫിറോസിന് നിവേദനം നൽകി.
മണ്ഡലം പ്രസിഡന്റ് ടി.പി.യുസുഫ് നിവേദനം സമർപ്പിച്ചു. വൈസ് പ്രസിഡന്റ് വി.എം.നാസർ, സെക്രട്ടറി ഇ.പി.എ.റസാഖ് എന്നിവർ പങ്കെടുത്തു . ഓരോ വർഷവും എസ്.എസ്.എൽ.സി വിജയിച്ച് ഉന്നത പഠനത്തിന് അർഹത നേടുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് മണ്ഡലത്തിൽ പ്ലസ് വൺ പ്രവേശന പ്രതിസന്ധി നേരിടുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചുവരുന്നതിനനുസരിച്ച് ഹയർ സെക്കൻഡറി സീറ്റുകളും സ്ഥിരം ബാച്ചുകളും അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും കമ്മിറ്റി വ്യക്തമാക്കി.
മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ആവശ്യാനുസരണം സ്ഥിരം പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, പ്ലസ് വൺ സീറ്റ് ക്ഷാമത്തെക്കുറിച്ച് സമഗ്ര പഠനം നടത്തി അധിക സീറ്റുകൾ സൃഷ്ടിക്കുക, താൽക്കാലിക ബാച്ചുകൾക്ക് പകരം സ്ഥിരം ബാച്ചുകളും അധ്യാപക തസ്തികകളും അനുവദിക്കുക, വിദ്യാർത്ഥികൾക്ക് ദൂരെയുള്ള സ്കൂളുകളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കി പ്രാദേശികമായി മതിയായ സീറ്റുകൾ ഉറപ്പാക്കുക, മലബാർ മേഖലയിലെ വിദ്യാഭ്യാസ അസന്തുലിതാവസ്ഥ പരിഹരിക്കാൻ പ്രത്യേക വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഗണിച്ച് വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എസ്.ഡി.പി.ഐ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:
KODUVALLY