2026 | ജൂണ്‍ 15 , തിങ്കള്‍
1201 | മിഥുനം 1, മകീര്യം
◾ കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്രയ്ക്ക് തുടക്കമായി. പ്രിയദര്‍ശിനി ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. വനിതകളുടെയും ട്രാന്‍സ്ജെന്‍ഡേഴ്സിന്റെയും പ്രതിനിധികള്‍ക്ക് സീറോ ടിക്കറ്റ് കൈമാറിയാണ് മുഖ്യമന്ത്രി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. അധികാരത്തിലെത്തി ഒരു മാസം കഴിയും മുമ്പേ വാഗ്ദാനം പാലിക്കാനായിയെന്നും സൗജന്യ യാത്ര സ്ത്രീകള്‍ക്ക് നല്‍കുന്ന ഔദാര്യമല്ലെന്നും സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ പ്രിയദര്‍ശിനി പദ്ധതി പൊതുഗതാഗത വകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല് ആണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. തൊഴിലെടുക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി വലിയ ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.
◾ പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുകള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ ഇല്ലാത്ത സ്ഥലത്ത് സ്വകാര്യ ബസും പദ്ധതിയുടെ ഭാഗമാണെന്നും, സ്വകാര്യ ബസുടമകള്‍ക്കും പ്രയോജനകരമാകുന്ന രീതിയിലുള്ള അന്തരീക്ഷം കൂടി ഈ സര്‍ക്കാര്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചറില്‍ കയറി ഫ്രീ ടിക്കറ്റ് ചോദിച്ച് മഹിളമോര്‍ച്ച പ്രവര്‍ത്തകര്‍. ഓര്‍ഡിനറി ബസില്‍ മാത്രം സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ബസ് സ്റ്റാന്‍ഡില്‍ പ്രതിഷേധിച്ച ശേഷം ഫാസ്റ്റ് പാസഞ്ചറില്‍ കയറി ഫ്രീ ടിക്കറ്റ് ചോദിക്കുകയായിരുന്നു.
◾ കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്രാ പദ്ധതിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പദ്ധതിവിജയമാക്കാന്‍ സാമ്പത്തിക ശേഷിയുള്ള സ്ത്രീകള്‍ ആനുകൂല്യം സ്വമേധയാ വേണ്ടെന്നുവെക്കണമെന്നും ഇത്തരമൊരു വിട്ടുകൊടുക്കല്‍ മനോഭാവം ഉണ്ടാകുമ്പോഴാണ് പദ്ധതി അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ വിജയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി. ജോണിനെപ്പോലുള്ള സാമ്പത്തിക വിദഗ്ധരും മുഖ്യമന്ത്രിയും ചേര്‍ന്ന് ഇതിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്ലാന്‍ തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
◾ ഓപറേഷന്‍ തൂഫാന്‍ എല്ലാവരും ഏറ്റെടുക്കണമെന്നും പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്നലെ ആഭ്യന്തരമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ലഹരി കേസില്‍പ്പെട്ടയാളുണ്ടെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു.
◾ ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ പാളിച്ചയുണ്ടെങ്കില്‍ പുതിയ അന്വേഷണമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരന്‍. ആദ്യം കുറ്റപത്രം സമര്‍പ്പിക്കട്ടെ, ബാക്കിയെല്ലാം മന്ത്രിസഭ പിന്നീട് തീരുമാനിക്കുമെന്നും ഇനിയും കുറെ സത്യങ്ങള്‍ പുറത്തുവരാനുണ്ടെന്നു അദ്ദേഹം പറഞ്ഞു.
◾ ശബരിമല സ്വര്‍ണക്കൊള്ളയില്‍ നഷ്ടപ്പെട്ട സ്വര്‍ണം എത്രയെന്നറിയാന്‍ പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത് ശ്രീകോവിലിന്റെ പ്രഭാമണ്ഡലം, കട്ടിളപ്പാളിയുടെ താഴ്ഭാഗം എന്നിവയിളക്കി ഭാരം അളന്നു. സംസ്ഥാനസര്‍ക്കാരിന്റെ അളവുതൂക്കവകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഭാരം തിട്ടപ്പെടുത്തിയത്.
◾ ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കുപറ്റിയവരെ മര്‍മ്മസ്ഥാനത്ത് നിയമിക്കരുതെന്ന് ദേവസ്വംമന്ത്രി കെ മുരളീധരന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരോപണ വിധേയരായവരെ പ്രധാന സ്ഥാനങ്ങളില്‍ വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുണ്ടെന്നും ഇത് ചൂണ്ടിക്കാണിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കത്ത് നല്‍കിയിട്ടുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.
◾ സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ് കര്‍ത്ത ഇഡിയ്ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി കടവന്ത്രയിലെ ഇഡി ഓഫീസിലാണ് ഷിബിയുടെ ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നത്. മാസപ്പടി കേസുമായി അന്വേഷണ പരിധിയിലുള്ള നിപുണ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറാണ് ഷിബി. അതേസമയം, കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്ത ഇന്ന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.
◾ സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഈ വര്‍ഷത്തെ നാലാമത്തെ ഷിഗെല്ല മരണമാണിത്.
◾ ശബരിമല സ്വര്‍ണക്കൊള്ള കേസിലെ എ പത്മകുമാറിന്റെ വെളിപ്പെടുത്തലില്‍ പ്രത്യേകിച്ച് അന്വേഷണത്തിന്റെ കാര്യമില്ലെന്നാണ് തോന്നുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആത്മക്കഥയില്‍ എഴുതുന്ന കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പുതിയ അന്വേഷണത്തിന്റെ കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
◾ ആര്‍.എസ്.എസ് പരിപാടിയില്‍ കേരളത്തിലെ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് കെ സി വേണുഗോപാല്‍ എംപി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലി കഴിക്കുകയും ചെയ്ത ആര്‍എസ്എസ് ചിന്ത തലച്ചോറില്‍ പേറുന്നവര്‍, മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാന്‍ ഒരു കണിക കൊണ്ടുപോലും യോഗ്യരല്ലെന്ന് അദ്ദേഹം പറഞ്ഞു.
◾ വി സിമാര്‍ ആര്‍ എസ് എസ് വേദിയില്‍ പങ്കെടുത്ത സംഭവത്തില്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് മന്ത്രി കെ എം ഷാജി. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളോട് എതിര്‍പ്പുണ്ട്. മൈക്ക് കാണുമ്പോള്‍ എപ്പോഴും പ്രതികരിക്കണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
◾ ബി ജെ പി കൗണ്‍സിലര്‍ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധത്തില്‍ മുന്‍ ഡി ജി പി ആര്‍ ശ്രീലേഖയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി കെ എന്‍ ബാലഗോപാല്‍. പൊലീസിനെ 'പോടാ പുല്ലേ' എന്ന് വിളിച്ചപ്പോള്‍ ഇങ്ങനെയുള്ള ഒരാളായിരുന്നല്ലോ മുന്‍പ് സംസ്ഥാനത്തെ ഡി ജി പി എന്ന് ഓര്‍ത്ത് കേരള പൊലീസ് ഒന്നടങ്കം ലജ്ജിച്ചുവെന്ന് ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.
◾ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയശേഷം മാത്രമേ താന്‍ ശമ്പളം കൈപ്പറ്റുകയുള്ളൂവെന്ന് ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോണ്‍. കെ.എസ്.ആര്‍.ടി.സി. നെയ്യാറ്റിന്‍കര ഡിപ്പോയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന പ്രിയദര്‍ശിനി ബസ് ഉദ്ഘാടന വേളയിലായിരുന്നു സംഭവം. സൗജന്യ യാത്ര ആരംഭിച്ചതിന്റെ സന്തോഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്ത പായസമാണ് മന്ത്രിയുടെ തലയില്‍ വീണത്.
◾ മലപ്പുറം വണ്ടൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കാപ്പില്‍ സ്വദേശികളായ വിശാഖ്, ജിതിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു
◾ ഇസ്രായേല്‍ സര്‍ക്കാരുമായുള്ള ഗൂഗിളിന്റെ വിവാദ കരാറിനെതിരെ അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സ്റ്റേഡിയത്തില്‍ ഒത്തുകൂടിയ നൂറിലധികം വിദ്യാര്‍ത്ഥികള്‍ ബിരുദാന ചടങ്ങ് ബഹിഷ്‌കരിച്ച് കൂട്ടത്തോടെ ഇറങ്ങിപ്പോയി. 2026ലെ ബിരുദദാന ചടങ്ങിലെ മുഖ്യപ്രഭാഷണത്തിനായി സുന്ദര്‍ പിച്ചൈ സ്റ്റേജിലേക്ക് എത്തിയപ്പോഴായിരുന്നു സംഭവം.
◾ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നമ്മുടെ ഇന്നത്തെ യുവാക്കളില്‍ ചിലരെ പിടികൂടിയിരിക്കുന്ന അങ്ങേയറ്റത്തെ വിവരക്കേടിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്ന് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന്റെ വീഡിയോ പങ്കുവെച്ച് അദ്ദേഹം കുറിച്ചു.
◾ നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹര്‍ജി പരിഗണിക്കുന്നത് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. ചെങ്കല്‍പ്പെട്ട് കുടുംബകോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
◾ ഒമാന്‍ തീരത്ത് കപ്പലുകള്‍ക്ക് നേരെയുണ്ടായ യു.എസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യത്ത പരമാധികാരത്തിന്മേല്‍ അമേരിക്ക ഭീഷണി മുഴക്കുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
◾ മധ്യപ്രദേശിലെ മൊറീനയില്‍ ട്രെയിനിടിച്ച് 4 മരണം.3 സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഖജുരാഹോ-ഉദയ്പൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനില്‍ തീപിടിച്ചെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ട്രാക്കിലേക്ക് ചാടിയവരാണ് മരിച്ചത്.
◾ ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ പോലീസ് സ്റ്റേഷന്‍ ഭൂമിയിലാണ് മസ്ജിദ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആരോപിച്ച് അധികൃതര്‍ രംഗത്തെത്തി. മീററ്റ്-ബുലന്ദ്ഷഹര്‍ റോഡിലുള്ള പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം.
◾ അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക സമാധാനക്കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്. നെതന്യാഹു കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു വ്യക്തിയാണെന്നും, ഇറാന്റെ പക്കല്‍ ഒരു ആണവായുധം ഉണ്ടായിരുന്നെങ്കില്‍ ഇസ്രായേല്‍ എന്ന രാജ്യം രണ്ട് മണിക്കൂര്‍ പോലും നിലനില്‍ക്കില്ലായിരുന്നുവെന്നും, അമേരിക്കയാണ് അവരെ കാത്തുരക്ഷിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
◾ ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എഫ് മത്സരത്തില്‍ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് ടുണീഷ്യയെ തകര്‍ത്തെറിഞ്ഞ് സ്വീഡന്‍. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് സ്വീഡന്‍ നടത്തിയത്. യാസിന്‍ അയാരി ഇരട്ടഗോളുകള്‍ നേടി.
◾ ലോകകപ്പിലെ ഗ്രൂപ്പ് ഇ മത്സരത്തില്‍ 90-ാം മിനിറ്റില്‍ നേടിയ ഗോളിന് എക്വഡോറിനെ കീഴടക്കി ഐവറി കോസ്റ്റ്. എതിരില്ലാത്ത ഒരു ഗോളിനാണ് ഐവറി കോസ്റ്റിന്റെ ജയം. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും 89-ാം മിനിറ്റ് വരെ ഗോള്‍ പിറന്നിരുന്നില്ല.
◾ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍ വിതരണം ചെയ്യേണ്ട യുഎസ് ക്രൂഡ് ഓയില്‍ വില 5 ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 80.25 ഡോളറിലെത്തി. ഓഗസ്റ്റിലെ വിതരണത്തിനുള്ള ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് നാല് ശതമാനത്തിലധികം കുറഞ്ഞ് 83.31 ഡോളറിലുമാണുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതയായ ഹോര്‍മുസിലൂടെയുള്ള എണ്ണ നീക്കം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷകളെ തുടര്‍ന്ന്, കഴിഞ്ഞ മാര്‍ച്ച് 10 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് എണ്ണവില ഇപ്പോഴുള്ളത്. എണ്ണവില കുറയുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ നേട്ടമാണ്. രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കുറയ്ക്കാനും, പണപ്പെരുപ്പ സമ്മര്‍ദ്ദം ലഘൂകരിക്കാനും, കോര്‍പ്പറേറ്റ് ലാഭം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് കൊണ്ട് മാത്രം എണ്ണ നീക്കം സുഗമമാകണമെന്നില്ല. യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് എണ്ണ ഉല്‍പ്പാദനം തിരിച്ചെത്താന്‍ വീണ്ടും രണ്ട് മുതല്‍ മൂന്ന് മാസം വരെ സമയമെടുത്തേക്കാം.
◾ സ്മാര്‍ട്ട്ഫോണുകളുടെ വില ഉയരുന്നതിനെത്തുടര്‍ന്ന് വില്‍പ്പനവേഗം കുറയുന്നതായി റിപ്പോര്‍ട്ട്. മേയില്‍ വില്‍പ്പനയില്‍ 30 മുതല്‍ 35 ശതമാനംവരെ ഇടിവുണ്ടായതായി കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് പറയുന്നു. 2025 നവംബറിനുശേഷം ഓരോ മാസവും മൊബൈല്‍ ഫോണ്‍ ഉത്പാദകര്‍ വില കൂട്ടിക്കൊണ്ടിരിക്കുന്നു. മെമ്മറി ചിപ്പുകളുടെ വിലകൂടുന്നതാണ് കാരണം. വില്‍പ്പനരീതിയിലും മാറ്റങ്ങളുണ്ട്. 60 ശതമാനം വരെ ഫോണുകള്‍ ഓഫ് ലൈനായി കടകളില്‍ വിറ്റുപോകുന്നെന്നാണ് കണക്ക്. ബാക്കി 40 ശതമാനം ഓണ്‍ലൈന്‍ വഴിയും. ജൂണിലും വില്‍പ്പന കുറയാനുള്ള സാധ്യതയാണ് റിപ്പോര്‍ട്ട് പറയുന്നത്. 2026 ആദ്യ പാദത്തില്‍ മൊബൈല്‍ ഷിപ്പ്മെന്റില്‍ മൂന്നു ശതമാനമായിരുന്നു ഇടിവ്. രണ്ടാം പാദത്തിലിത് 15 ശതമാനം വരെയെത്തിയേക്കാം. ജനുവരിക്കും മേയ്ക്കും ഇടയില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 20 ശതമാനം വരെ വില ഉയര്‍ന്നതായും കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് പറയുന്നു.
◾ മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷാ വാസുദേവ് ഒരുക്കുന്ന 'ചിന്ന ചിന്ന ആസൈ' യുടെ ട്രെയ്ലര്‍ പുറത്ത്. ജൂണ്‍ 19ന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത്. പ്രണയവും വൈകാരിക നിമിഷങ്ങളും സംഗീതവും എല്ലാം കോര്‍ത്തിണക്കി മനോഹരമായി കഥ പറയുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. പൂര്‍ണ്ണമായും വാരണാസിയില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തില്‍ എത്തുകയാണ്. അപര്‍ണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫര്‍ സാദിഖ്, സായ് ജനനി എന്നിവരും ഈ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. സംവിധായിക വര്‍ഷ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും.
◾ ധ്യാന്‍ ശ്രീനിവാസന്‍, അല്‍താഫ് സലിം, റിയാസ് ഖാന്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ സോഷ്യല്‍ മീഡിയ താരം നിതിന്‍ പരമേശ്വറും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രം 'സീക്രട്ട് ഓഫ് കലിംഗ'യിലെ ട്രെയിലര്‍ റിലീസ് ആയി. മിസ്റ്ററി ഹൊറര്‍ കോമഡി സ്വഭാവത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്. പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളേജ് കാമ്പസിനെയും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ചിത്രം ജൂണ്‍ 18ന് തിയേറ്റര്‍ റിലീസ് ആയി എത്തും. ജിഷ്ണു എം ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ. മാളവിക മേനോന്‍, ഉല്ലാസ് പന്തളം, മറീന മൈക്കിള്‍, അന്‍വര്‍ ഷെരീഫ്, ആദിര്‍ഷ, ഗൗരി നന്ദ, ലക്ഷ്മി നന്ദന്‍ തുടങ്ങിയവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.
◾ യെസ്ഡിയും ബി.എസ്.എയും പുതിയ സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളുകളായ യെസ്ഡി സ്‌ക്രാംബ്ലര്‍ 350, സ്‌ക്രാംബ്ലര്‍ 650 എന്നിവ വിപണിയിലെത്തിച്ചു. ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ 350 സിസി സ്‌ക്രാംബ്ലറെന്ന വിശേഷണത്തോടെയാണ് യെസ്ഡി സ്‌ക്രാംബ്ലര്‍ 350 വിപണിയിലെത്തുന്നത്. 650 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനുയാണ് ബിഎസ്എ സ്‌ക്രാംബ്ലര്‍ 650 എത്തുന്നത്. നഗരയാത്രകള്‍ക്കും ഹൈവേ റൈഡിംഗിനും ഓഫ്-റോഡ് സാഹസിക യാത്രകള്‍ക്കും അനുയോജ്യമായ രീതിയിലാണ് ഇരുവാഹനങ്ങളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. യെസ്ഡി സ്‌ക്രാംബ്ലര്‍ 350 വില 1,99,950 രൂപ മുതല്‍ ആരംഭിക്കുന്നു. ബിഎസ്എ സ്‌ക്രാംബ്ലര്‍ 650 വില 3,24,950 രൂപ മുതലും ആരംഭിക്കുന്നു.
◾ ഇനി എന്റെ മൃതദേഹത്തിന്റെ കൂടെ കുറച്ചുനേരം ഇരിക്കണം...നീ അവിടെയുണ്ടോ? എന്നുറക്കെ ചോദിക്കണം...ആകാശത്തെ തട്ടി ആ ശബ്ദം അതേ ചോദ്യമായി തിരിച്ചുവരുന്നത് കേള്‍ക്കണം... കാര്‍മേഘങ്ങളില്‍ ഒളിച്ചിരിക്കുന്ന മഴയെ പോയി തൊട്ടിട്ട് വരണം... മഴത്തുള്ളികള്‍ ഇറ്റുവീഴുന്ന ഗുല്‍മോഹര്‍ പുഷ്പങ്ങളെപോലെ ഹൃദയത്തിന്റെ ആഴങ്ങളില്‍ പതിഞ്ഞ ഓര്‍മ്മകള്‍. ഉള്ളിന്റെ ഇരുണ്ട ഉള്ളകങ്ങളില്‍ പോലും എണ്ണ വറ്റാത്ത മണ്‍ചെരാതുകളുടെ പ്രകാശംപോലെ വീണ്ടും വീണ്ടും ദീപ്തമാകുന്ന പ്രണയത്തിന്റെ വരികള്‍. 'ഗുല്‍മോഹര്‍ പെയ്ത ഒറ്റയടിപ്പാതകള്‍'. ജോഫി ജോണ്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 150 രൂപ.
◾ പഞ്ചസാരയുടെ ഉയര്‍ന്ന ഉപഭോഗം രക്തസമ്മര്‍ദം, ഫാറ്റി ലിവര്‍, വിട്ടുമാറാത്ത വീക്കം എന്നിവയിലേക്ക് നയിക്കുന്നു. ഇവയെല്ലാം ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. കൂടാതെ പഞ്ചസാരയുടെ അമിത ഉപഭോഗം രക്തത്തിലെ കൊളസ്‌ട്രോള്‍ നില വര്‍ധിപ്പിക്കുന്നു. കൂടാതെ ആതെറോസ്‌ക്ലെറോസിസ് സാധ്യതയും വര്‍ധിപ്പിക്കുന്നു. മധുരം കഴിക്കുമ്പോള്‍ താല്‍ക്കാലികമായി മാനസികാവസ്ഥ മെച്ചപ്പെടുന്നതായി തോന്നാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കാം. ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് ഇത് നയിക്കാം. ലഹരി പോലെ പഞ്ചസാരയുടെ പതിവ് ഉപഭോഗം തലച്ചോറിന്റെ പ്രതിഫല സംവിധാനത്തെ സജീവമാക്കുന്നു. ഇത് ആസക്തിയിലേക്ക് നയിക്കുന്നു. പഞ്ചസാരയുടെ അമിത ഉപഭോഗം ചര്‍മത്തിന്റെ വാര്‍ദ്ധക്യത്തെ ത്വരിതപ്പെടുത്തും. ഗ്ലൈക്കേഷന്‍ പ്രക്രിയ യുവത്വമുള്ളതും ജലാംശം ഉള്ളതുമായ ചര്‍മത്തിന് ആവശ്യമായ പ്രോട്ടീനുകളായ കൊളാജന്‍, എലാസ്റ്റിന്‍ എന്നിവയെ നശിപ്പിക്കുന്നു. കാലക്രമേണ, ഇത് ചുളിവുകള്‍ക്കും തൂങ്ങലിനും കാരണമാകും. ശരീരത്തില്‍ വീക്കം വര്‍ധിപ്പിച്ചു കൊണ്ട് പഞ്ചസാര രോഗപ്രതിരോധ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നു. ഇത് ബാക്ടീരിയ, വൈറസ്, ഫംഗസ് പോലുള്ള അണുബാധയെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്നു. ഇത് ഓട്ടോഇമ്മ്യൂണ്‍ അവസ്ഥകള്‍ക്കും കാരണമാകാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.54, പൗണ്ട് - 127.00, യൂറോ - 109.76, സ്വിസ് ഫ്രാങ്ക് - 119.23, ഓസ്ട്രേലിയന്‍ ഡോളര്‍ - 66.86, ബഹറിന്‍ ദിനാര്‍ - 251.18, കുവൈത്ത് ദിനാര്‍ -306.75, ഒമാനി റിയാല്‍ - 245.94, സൗദി റിയാല്‍ - 25.19, യു.എ.ഇ ദിര്‍ഹം - 25.72, ഖത്തര്‍ റിയാല്‍ - 25.87, കനേഡിയന്‍ ഡോളര്‍ - 67.71.
Tags:
KERALA