2026 ജൂണ്‍ 15 , തിങ്കള്‍
1201 മിഥുനം 1, മകീര്യം
1447 ദുൽഹിജജ 28
◾ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര ഉറപ്പുനല്‍കുന്ന 'പ്രിയദര്‍ശിനി' പദ്ധതിക്ക് ഇന്ന് തുടക്കം. ഇന്ന് രാവിലെ 8.30-ന് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ പദ്ധതി ഉദ്ഘാടനം നിര്‍വഹിക്കുന്നതിനുപിന്നാലെ സംസ്ഥാനത്തെ എല്ലാ ഓര്‍ഡിനറി ബസുകളിലും സൗജന്യയാത്ര ലഭ്യമാകും. ഉദ്ഘാടന സര്‍വീസില്‍ ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ആ ബസില്‍ യാത്ര ചെയ്യും. കെഎസ്ആര്‍ടിസിയുടെ 3125 ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചിരുന്നു. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര.
◾ ലോകം കാത്തിരുന്ന സമാധാന കരാര്‍ സംബന്ധിച്ചു യുഎസും ഇറാനും ധാരണയിലെത്തിയെന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്‍. യുദ്ധം അവസാനിപ്പിക്കാനും ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കാനുമാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. സമാധാന കരാര്‍ ജൂണ്‍ 19ന് സ്വിറ്റ്സര്‍ലന്‍ഡില്‍വെച്ച് ഒപ്പുവെക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു. കരാര്‍ പൂര്‍ത്തിയായതായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും സ്ഥിരീകരിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് നാവികസേനയുടെ ഉപരോധം നീക്കാന്‍ ട്രംപ് നിര്‍ദേശം നല്‍കി.
◾ കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രിയദര്‍ശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പുറത്തുവിട്ട് കെഎസ്ആര്‍ടിസി. ഇന്ന് രാവിലെ 8.30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം രാവിടെ 9 മണി മുതല്‍ സീറോ-വാല്യൂ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്തീകള്‍ക്ക് സൗജന്യമുള്ള ഓര്‍ഡിനറി ബസുകള്‍ തിരിച്ചറിയുവാന്‍ 'പ്രിയദര്‍ശിനി' സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടാകുമെന്നും അറിയിപ്പിലുണ്ട്.
◾ പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായി ഇന്ന് മുതല്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും യാത്രയ്ക്ക് നിരക്കില്ലെങ്കിലും യാത്രക്കാര്‍ നിര്‍ബന്ധമായും കണ്ടക്ടറില്‍ നിന്ന് സീറോ-വാല്യൂ ടിക്കറ്റ് കൈപ്പറ്റേണ്ടതുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
◾ കെ.എസ്.ആര്‍.ടി.സി യുടെ പ്രിയദര്‍ശിനി സൗജന്യയാത്ര ഉദ്ഘാടനവുമായി സിപിഎം എംഎല്‍എമാര്‍ സഹകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്ത്രീകളുടെ സൗജന്യയാത്രയില്‍ പറഞ്ഞതല്ല സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മലബാര്‍ മേഖലയില്‍ ഓര്‍ഡിനറി ബസ്സുകള്‍ ഇല്ലെന്നും ഈ സൗജന്യ യാത്ര ആളെ പറ്റിക്കാനുള്ള പരിപാടിയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
◾ പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടനം സിപിഎം ബഹിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് വിനാശകാലേ വിപരീതബുദ്ധിയെന്ന് പ്രതികരിച്ച് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. സിപിഎം തീരുമാനം തിരുത്തണമെന്നും സി പി ജോണ്‍ ആവശ്യപ്പെട്ടു.
◾ കോഴിക്കോട് നിപ സ്ഥിരീകരിച്ച രോഗി വെന്റിലേറ്ററില്‍ തുടരുന്നുവെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് 135 ഷിഗെല്ല കേസുകളും മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തെന്നും മുരളീധരന്‍ വ്യക്തമാക്കി
◾ നിപ പ്രതിരോധവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍. നിപ ഫലം ഉച്ചയ്ക്ക് വന്നിട്ടും മുന്‍ ഡിഎച്ച്എസ് ഡോ. റീന അത് അറിയിച്ചില്ലെന്നും, വകുപ്പില്‍ തുരപ്പന്‍ പണി കാണിച്ചതുകൊണ്ടാണ് അവരെ മാറ്റിയതെന്നും മന്ത്രി തുറന്നടിച്ചു
◾ രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ആരോഗ്യവകുപ്പും ജില്ലാ സംവിധാനങ്ങളും തമ്മിലുള്ള ഏകോപനമില്ലായ്മ തുടരുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്കിടയിലുള്ള ആശയക്കുഴപ്പമാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും എന്നാല്‍ ആരോഗ്യ മന്ത്രി അതിനോട് പ്രതികരിച്ചത് ശരിയായ രീതിയില്‍ അല്ലെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.
◾ കോഴിക്കോട് പയ്യോളിയില്‍ തുറവൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ഒമ്പതുവയസുകാരനു ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
◾ എറണാകുളം മലയിടംതുരുത്തിലെ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന ഭൂമി തര്‍ക്കത്തിന് പരിഹാരമായതിന് പിന്നാലെ തര്‍ക്കപരിഹാരം സംബന്ധിച്ച ഔദ്യോഗിക കരാര്‍ ഇന്ന് വൈകിട്ട് 6 മണിക്ക് എറണാകുളം കളക്ടറേറ്റില്‍ വെച്ച് ഒപ്പിടും. ശനിയാഴ്ച വൈകീട്ട് നടന്ന നിര്‍ണ്ണായകമായ യോഗത്തിലാണ് പ്രക്ഷോഭകരും ഭൂവുടമകളും സര്‍ക്കാരും തമ്മില്‍ സമവായത്തിലെത്തിയത്.
◾ ആര്‍എസ്എസിന്റെ 100 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ സര്‍സംഘചാലക് മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതിനെതിരെ മുഖ്യമന്ത്രി വി ഡി സതീശന്‍ രംഗത്ത്. ഇത് കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് നിരക്കാത്ത ഗുരുതരമായ വീഴ്ചയാണെന്നും വിസിമാര്‍ കേരളത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
◾ ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ മൂന്ന് സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്തത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഈ മൂന്ന് വൈസ് ചാന്‍സലര്‍മ്മാരും കേരളീയ സമൂഹത്തോടെ വലിയ തെറ്റാണ് ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
◾ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും രംഗത്ത്. ഇത് അക്കാദമിക നിഷ്പക്ഷതയുടെ ലംഘനമാണെന്നും വിസിമാര്‍ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു
◾ വിസിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ ബിജെപി. പങ്കെടുത്തത് അപരാധമെന്ന് എങ്ങനെ പറയുമെന്ന് വി മുരളീധരന്‍ എംഎല്‍എ ചോദിച്ചു. വിസിമാര്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തത് വലിയ അപരാധം എന്ന പ്രസ്താവന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ആര്‍ എസ് എസ് നിരോധിച്ച സംഘടന ആണോ എന്നും വി മുരളീധരന്‍ ചോദിച്ചു.
◾ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തവര്‍ മാപ്പ് പറയണമെന്നുണ്ടെങ്കില്‍ ആദ്യം അത് തുടങ്ങേണ്ടത് സതീശന്‍ തന്നെയായിരിക്കണമെന്ന് പരിഹസിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. മുന്‍പ് സതീശന്‍ ആര്‍.എസ്.എസ് പരിപാടികളില്‍ പങ്കെടുത്തതിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
◾ ക്യാനുകളില്‍ പെട്രോള്‍, ഡീസല്‍ എന്നിവ നല്‍കരുതെന്ന ഉത്തരവ് കര്‍ഷകരെ ബാധിക്കുന്നുവെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്. കര്‍ഷകരെ സംരക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും മന്ത്രി വ്യക്തമാക്കി. മൊത്ത വിതരണ കേന്ദ്രങ്ങളില്‍ പലതിലും വിലക്കൂടുതലാണ്. കേന്ദ്ര മന്ത്രിക്ക് ഇക്കാര്യത്തില്‍ ഇടപെടല്‍ തേടി കത്ത് അയച്ചുവെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ് പറഞ്ഞു.
◾ സര്‍ക്കാര്‍ തലത്തില്‍ ജ്യോതിഷ പഠനത്തിന് സംവിധാനമൊരുക്കണമെന്ന ആവശ്യത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിഷയം അക്കാദമിക സമിതിക്ക് വിട്ട് കാലിക്കറ്റ് സര്‍വകലാശാല. നിയമസഭാ സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നുള്ള സ്വാഭാവിക നടപടിയെന്ന് വിശദീകരണം.
◾ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍. ഇതിന് ചരട് വലിച്ചത് പാര്‍ട്ടിയിലും അന്നത്തെ ഭരണ നേതൃത്വത്തിലും സ്വാധീനമുണ്ടായിരുന്ന ഒരു ഉന്നതനാണെന്നുമാണ് വെളിപ്പെടുത്തല്‍.
◾ സിപിഎമ്മിനെതിരെ വിമര്‍ശനമുന്നയിച്ച എ പത്മകുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശബരിമല സ്വര്‍ണകൊള്ളയില്‍ പാര്‍ട്ടി നടപടി നേരിടുന്ന ആളാണ് പത്മകുമാറെന്നും, മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
◾ ശബരിമല സ്വര്‍ണക്കൊള്ളയില്‍ സന്നിധാനത്ത് എസ്ഐടി പരിശോധന. പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് പരിശോധന നടത്തുന്നത്. മിഥുനമാസ പൂജകള്‍ക്കായി ഇന്ന് ശബരിമല നട തുറന്നിരിക്കുകയാണ്.
◾ മൂന്നാം ടേം ഭരണം പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തൃശുരില്‍ ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം പരാജയത്തിന് നിരവധി കാരണങ്ങള്‍ ഉണ്ടെന്നും ജനക്കൂട്ടത്തിന്റെ ചിന്താഗതിയിലേക്ക് പാര്‍ട്ടി മാറിയെന്നും പാര്‍ട്ടി എന്നത് വെറുതെ പിബി ചേരാനും കമ്മിറ്റി ചേരാനും ഉള്ളതല്ലെന്നും അതിലെ ഉള്ളടക്കമാണ് പ്രസക്തം എന്നും അദ്ദേഹം പറഞ്ഞു.
◾ സംസ്ഥാനത്ത് ഇന്ന മുതല്‍ മഴയുടെ ശക്തി കുറയും. ഈ മാസം 17 വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.
◾ ലോറി തെറ്റായ രീതിയില്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ യുവാവിന് ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ലോറി ഡ്രൈവറെ തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെങ്ങളം കരുപ്പാംവയല്‍ വീട്ടില്‍ ജിഷ്ണുലാലി(29)ന്റെ മരണവുമായി ബന്ധപ്പെട്ട് കന്യാകുമാരി വിരുദുനഗള്‍ സ്വദേശി ഇളങ്കോവിനെയാണ് അറസ്റ്റ്‌ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന ലോറിയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഏപ്രില്‍ എട്ടിന് പുലര്‍ച്ചെയായിരുന്നു അപകടം.
◾ പിണറായി വിജയനെ പുകഴ്ത്തി സ്തുതിഗാനം രചിച്ച സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ മുന്‍ നേതാവ് പൂവത്തൂര്‍ ചിത്രസേനന്റെ സേവനം അവസാനിപ്പിച്ച് യുഡിഎഫ് സര്‍ക്കാര്‍. വിരമിച്ച ശേഷം ധനകാര്യ വകുപ്പില്‍ സ്പെഷ്യല്‍ മെസഞ്ചര്‍ ആയി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹത്തിനോട് തിങ്കളാഴ്ച മുതല്‍ ജോലിക്ക് എത്തേണ്ടതില്ലെന്ന അറിയിപ്പ് കൈമാറി.
◾ പരാതികളില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമ്മ സംഘടനയിലെ ഭാരവാഹികളായ ടിനിടോമിനും ലക്ഷ്മിപ്രിയക്കുമെതിര പരാതി നല്‍കിയ നടി അന്‍സിബ ഹസന്‍. സംഘടനയിലെ ചില വ്യക്തികള്‍ ശരിയായല്ല മുന്നോട്ടുപോവുന്നതെന്നും ഭാരവാഹികള്‍ക്ക് സംഘടനാ പാടവവും കരുണയും കേള്‍ക്കാനുള്ള മനസും വേണമെന്നും നടി അഭിപ്രായപ്പെട്ടു.
◾ നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസ് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ നീന കുറുപ്പിന്റെ മൊഴിയെടുത്തു. അന്‍സിബ നല്‍കിയതിന് സമാനമായ ഒരു പരാതി നീന കുറുപ്പ് അമ്മ എക്സിക്യൂട്ടീവിന് നല്‍കിയിരുന്നു.
◾ വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉള്‍പ്പടെ വട്ടിയൂര്‍ക്കാവ്,നെടുമങ്ങാട് സ്റ്റേഷനുകളിലായി 19 കേസുകളെന്ന് റിപ്പോര്‍ട്ടുകള്‍. വധശ്രമം, ലഹളയുണ്ടാക്കല്‍, പൊലീസ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയവയാണ് കേസുകള്‍.
◾ വിമാനം താഴ്ന്നു പറന്ന് നെടുമ്പാശ്ശേരിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ശാന്തിനഗര്‍ സ്വദേശി കാട്ടുപ്പറമ്പില്‍ സൈമണ്‍ കെ.ജെ യുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.
◾ സസ്പെന്‍ഷന്‍ കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജീവനൊടുക്കി. കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവര്‍ ആര്‍ ബാബുവിനെയാണ് കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയും സസ്പെന്‍ഷന്‍ മൂലമുണ്ടായ മാനസിക പ്രയാസവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
◾ പട്ടിമറ്റം ചെങ്ങരയിലെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നോര്‍ത്ത് വലമ്പൂര്‍ ആക്കാംപാറ തെക്കേക്കര സ്വദേശി ജിജോ (ജോണ്‍, 53)യുടെ തലയ്ക്ക് ഗുരുതര പരിക്ക് സംഭവിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.സംഭവത്തില്‍ ജിജോയ്‌ക്കൊപ്പം ഉണ്ടായിരുന്നവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
◾ ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 4.26 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിലെ സ്പീക്കര്‍ ബോക്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെത്തിയത്.
◾ ഒമാന്‍ തീരത്ത് മുങ്ങിയ എംഎസ്വി വിരാട് 1 എന്ന പായ്ക്കപ്പലിലെ 14 ഇന്ത്യാക്കാരെയും രക്ഷപ്പെടുത്തി. അമേരിക്കന്‍ നാവിക സേനയുടെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ നാവികസേനയും പങ്കാളികളായി. എഞ്ചിന്‍ തകരാറാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
◾ തൃണമൂല്‍ കോണ്‍ഗ്രസിലെ വിമതപക്ഷ എംപിമാര്‍ സ്പീക്കറെ കണ്ടതിന് പിന്നാലെ തങ്ങള്‍ നാഷണലിസ്റ്റ്‌സിറ്റിസണ്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് പിന്തുണ നല്‍കുന്നതായും അറിയിച്ചു. 20 എംപിമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടിയുമായി ലയിക്കാനുള്ള അഭ്യര്‍ത്ഥനയും എന്‍ഡിഎയുടെ ഭാഗമായി പാര്‍ലമെന്റില്‍ പ്രത്യേക ഇരിപ്പിട ക്രമീകരണവും ആവശ്യപ്പെട്ടാണ്‌സ്പീക്കറെ കണ്ടതെന്നും വിമതര്‍ പറഞ്ഞു.
◾ തൃണമൂല്‍ കോണ്‍ഗ്രസിന് പിന്നാലെ ശിവസേന ഉദ്ദവ് വിഭാഗത്തിലും കൂറുമാറ്റത്തിന് സാധ്യത തെളിയുന്നു. ചില എംപിമാര്‍ ഏക്നാഥ് ഷിന്‍ഡെ പക്ഷവുമായി ബന്ധപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഉദ്ധവ് താക്കറെ അടിയന്തര യോഗം വിളിച്ചു. പാര്‍ട്ടിയുടെ ഒന്‍പത് എംപിമാരില്‍ നാല് പേര്‍ വരെ മറുകണ്ടം ചാടാന്‍ തയ്യാറെടുക്കുന്നുവെന്നാണ് സൂചന.
◾ നീറ്റ് യുജി 2026 പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ 14-ഓടെ അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നേരത്തെ അറിയിച്ചിരുന്നു.
◾ സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവിന്റെ മകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചു. പെണ്‍മക്കള്‍ക്കെതിരെയുള്ള ആക്ഷേപം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ അഖിലേഷിന് ഉപദേശവും നല്‍കി.
◾ ഒമാന്‍ തീരത്തിന് സമീപം യു.എസ്. ആക്രമണത്തിനിരയായ കപ്പലിലെ നിരപരാധികളായ മൂന്ന് ഇന്ത്യന്‍ ജീവനക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായിരുന്നിട്ടും ഖേദം പ്രകടിപ്പിക്കാന്‍ പോലും തയ്യാറാകാത്ത അമേരിക്കയെ 'പ്രതികരണമില്ലാത്ത സുഹൃത്ത്' എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. സംഘര്‍ഷഭരിതമായ ഈ മേഖലയില്‍ കപ്പലുകളെ തടയാന്‍ മാരകമല്ലാത്ത മറ്റ് മാര്‍ഗങ്ങള്‍ എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
◾ 130 അടി ഉയരത്തില്‍ നിന്നുള്ള സാഹസിക ബഞ്ചി ജംപിനിടെ 21കാരിക്ക് ദാരുണാന്ത്യം. യുവതിയുടെ ശരീരത്തില്‍ സുരക്ഷാ സംവിധാനത്തില്‍ കയര്‍ ഘടിപ്പിക്കാന്‍ ജീവനക്കാര്‍ മറന്നതോടെയാണ് അപകടമുണ്ടായത്. സാവോ പോളോയിലെ സ്‌കെലിറ്റന്‍ ബ്രിഡ്ജില്‍ നടന്ന ഈ ദാരുണമായ അപകടത്തില്‍ മരിയ എഡ്വേര്‍ഡ റോഡ്രിഗസ് ഡി ഫ്രീറ്റാസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
◾ ലബനന്‍ തലസ്ഥാനമായ ബയ്‌റുത്തിന്റെ തെക്കന്‍ മേഖലയിലുള്ള ഹിസ്ബുള്ളയുടെ ആസ്ഥാനം വ്യോമാക്രമണത്തില്‍ തകര്‍ത്തതായി ഇസ്രയേല്‍ വ്യോമസേന അവകാശപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ വ്യോമസേന തങ്ങളുടെ എക്സ് (ട്വിറ്റര്‍) ഹാന്‍ഡിലിലൂടെ പുറത്തുവിട്ടു.
◾ ലബനനിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ പ്രതിഷേധിച്ച് അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. കരാര്‍ ഒപ്പിടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ നീക്കം. അമേരിക്കക്ക് വാക്ക് പാലിക്കാന്‍ കഴിയുന്നില്ലെന്നാണ് ഇറാന്‍ വാദം.
◾ ഇറാനുമായി സമാധാനക്കരാര്‍ അടുത്തിരിക്കെ ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അതൃപ്തിരേഖപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായുള്ള സമാധാന കരാറിന് നമ്മള്‍ വളരെ അടുത്തിരിക്കുന്ന ഒരു പ്രത്യേക ദിവസത്തില്‍ ആക്രമണം നടക്കാന്‍ പാടില്ലായിരുന്നുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചു.
◾ അന്താരാഷ്ട്ര ഉപരോധങ്ങള്‍ മറികടന്ന് എണ്ണ കടത്താന്‍ ശ്രമിച്ച റഷ്യയുടെ നിഴല്‍ കപ്പല്‍പ്പടയില്‍പ്പെട്ട ഒരു എണ്ണടാങ്കര്‍ ബ്രിട്ടീഷ് സായുധ സേന പിടിച്ചെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ ഇംഗ്ലീഷ് ചാനലിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് സ്മിര്‍ട്ടോസ് എന്ന ഈ കപ്പല്‍ ബ്രിട്ടന്‍ തടഞ്ഞത്.
◾ സ്ലൊവാക്യ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ചരിത്രം കുറിക്കുന്നു. സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. നാളെ വരെ നീളുന്ന ഈ ഔദ്യോഗിക സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
◾ കുവൈത്തിലെ കബ്ദ് മേഖലയിലെ ഒരു ഫാമില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന മയക്കുമരുന്ന് നിര്‍മ്മാണ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ ക്യാപ്റ്റഗണ്‍ ഗുളികകള്‍ നിര്‍മ്മിച്ചിരുന്ന കേന്ദ്രത്തിലാണ് പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് രാജ്യത്ത് നിയമവിരുദ്ധമായി താമസിച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു.
◾ ദക്ഷിണ കൊറിയയുടെ ഒളിമ്പിക് ചാമ്പ്യന്മാരെ അട്ടിമറിച്ച് ഇന്ത്യയുടെ ധീരജ് ബൊമ്മദേവരയും പതിനേഴുകാരിയായ കുങ്കും മൊഹൊദും ആര്‍ച്ചറി ലോകകപ്പില്‍ സ്വര്‍ണം നേടി. റിക്കേവ് മിക്‌സഡ് വിഭാഗത്തിലാണ് ഇവരുടെ അട്ടിമറി ജയം.
◾ വനിതാ ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്താനെ 64 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. 68 റണ്‍സ് നേടിയ സമ്ൃതി മന്ദാനയുടെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 17 ഓവറില്‍ 106 റണ്‍സിന് എല്ലാവരും പുറത്തായി. പാകിസ്ഥാന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ സ്പിന്നര്‍ ദീപ്തി ശര്‍മയാണ് ഇന്ത്യക്ക് ആധികാരിക ജയം സമ്മാനിച്ചത്.
◾ ഫിഫ ലോകകപ്പ് ഗ്രൂപ്പ് സി-യില്‍ ഹെയ്തിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി സ്‌കോട്ട്ലന്‍ഡ്. 28-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ജോണ്‍ മക്ഗിന്‍ നേടിയ ഗോളാണ് സ്‌കോട്ട്‌ലന്‍ഡിന് ലീഡ് നല്‍കിയത്.
◾ ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡി-യില്‍ തുര്‍ക്കിക്കെതിരേ ഏകപക്ഷീയമായ രണ്ട് ഗോളിന് ജയിച്ച് ഓസ്‌ട്രേലിയ. തുര്‍ക്കിയുടെ കടുത്ത ആക്രമണത്തെ പ്രതിരോധകോട്ട കെട്ടിതോല്‍പ്പിച്ച്, മിന്നല്‍ കൗണ്ടര്‍ അറ്റാക്കിലൂടെയും പ്രതിരോധപ്പിഴവ് മുതലെടുത്തുമാണ് മത്സരത്തിന്റെ 27, 75 മിനിറ്റുകളില്‍ ഓസ്‌ട്രേലിയ ഗോളുകള്‍ നേടിയത്.
◾ ലോകകപ്പ് ഫുട്ബോളില്‍ ജര്‍മന്‍ ഗോള്‍മഴ. ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ലോകകപ്പിലെ അരങ്ങേറ്റക്കാരായ ക്യുറാസോയെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ത്ത് ജര്‍മനി. ആറാം മിനിറ്റില്‍ മുന്നിലെത്തിയ ജര്‍മനിയെ ഞെട്ടിച്ച് 21-ാം മിനിറ്റില്‍ ക്യുറാസോ ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗോള്‍ നേടി. ഞെട്ടലില്‍ നിന്നുണര്‍ന്ന ജര്‍മന്‍ താരങ്ങള്‍ ഗോളടിക്കാന്‍ ക്യൂ നിന്ന മത്സരത്തില്‍ ക്യുറസാവോയ്ക്ക് കാര്യമായൊന്നും പിന്നീട് ചെയ്യാനുണ്ടായിരുന്നില്ല.
◾ ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് എഫില്‍ രണ്ടിനെതിരെ രണ്ട് ഗോളുകള്‍ നേടി നെതര്‍ലന്‍ഡ്‌സിനെ സമനിലയില്‍ തളച്ച് ജപ്പാന്‍. രണ്ടു തവണ പിന്നില്‍പ്പോയ ശേഷം തിരിച്ചടിച്ചാണ് ജപ്പാന്‍ സമനിലയുമായി മടങ്ങിയത്. രണ്ടാം പകുതിയിലാണ് നാലു ഗോളും പിറന്നത്.
◾ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന 50 കായികതാരങ്ങള്‍ കഴിഞ്ഞ 12 മാസത്തിനിടെ നേടിയത് 4.1 ബില്യണ്‍ ഡോളറാണെന്ന്(ഏകദേശം 34,000 കോടിയിലധികം ഇന്ത്യന്‍ രൂപ) ഫോബ്‌സ് മാഗസിന്റെ പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ റെക്കോഡ് തുകയായ 4.2 ബില്യണ്‍ ഡോളറിനേക്കാള്‍ 3% കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ നാലാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തി ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 300 മില്യണ്‍ ഡോളറാണ് (ഏകദേശം 2,500 കോടി രൂപ) ഈ വര്‍ഷത്തെ വരുമാനം. പട്ടികയില്‍ 50-ാം സ്ഥാനത്തുള്ള ടെന്നീസ് താരം ജാന്നിക് സിന്നറുടെ വരുമാനം (54.6 മില്യണ്‍ ഡോളര്‍) ആണ്. ആദ്യ 50-ല്‍ ഇടംപിടിക്കാന്‍ ഒരു താരം നേടേണ്ട ഏറ്റവും ഉയര്‍ന്ന ചുരുങ്ങിയ തുകയാണിത്. പട്ടികയിലുള്ള 50 പേരില്‍ 18 രാജ്യങ്ങളില്‍ നിന്നുള്ളവരും 8 വ്യത്യസ്ത കായിക ഇനങ്ങളില്‍ പെട്ടവരുമാണ്. എന്നാല്‍ ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതിനിധികളുള്ളത് ബാസ്‌ക്കറ്റ്‌ബോളില്‍ നിന്നാണ്.
◾ യുഎഇയില്‍ സൈബര്‍ തട്ടിപ്പുകളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഉപഭോക്തൃ സംരക്ഷണ സേവനങ്ങള്‍ എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കുമെതിരെയാണ് അബുദാബി പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം. സെര്‍ച്ച് എന്‍ജിനുകള്‍ വഴി ആളുകളെ കബളിപ്പിച്ച് വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്. ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ സ്ഥാപനങ്ങളുടേതിന് സമാനമായ പേര്, ലോഗോ, ബ്രാന്‍ഡിങ് എന്നിവ ഉപയോഗിച്ചാണ് ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ തയാറാക്കുന്നതെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു. ഉല്‍പന്നങ്ങളെക്കുറിച്ചോ സേവനങ്ങളെക്കുറിച്ചോ പരാതി നല്‍കാന്‍ ഓണ്‍ലൈനില്‍ തിരയുമ്പോള്‍ ഉപയോക്താക്കള്‍ വ്യാജ വെബ്‌സൈറ്റുകളില്‍ പ്രവേശിക്കുകയും തട്ടിപ്പിന് ഇരയാകുകയും ചെയ്യുന്നു. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച് വ്യക്തി വിവരങ്ങള്‍ മോഷ്ടിക്കാനും തട്ടിപ്പുകാര്‍ ശ്രമം നടത്തുന്നുണ്ട്.
◾ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ഐ ആം ഗെയിം'ന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്. ദുല്‍ഖര്‍ സല്‍മാനെ അതീവ സ്‌റ്റൈലിഷ് ലുക്കില്‍ അവതരിപ്പിക്കുന്ന പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ഓഗസ്റ്റ് 20 ന് ഓണം റിലീസായി ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍, ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കായദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ്, സംഘട്ടനം ഒരുക്കുന്നത് അന്‍പറിവ് മാസ്റ്റേഴ്‌സ് എന്നിവരാണ്.
◾ ദൃശ്യം' ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം റിലീസ് ചെയ്ത മുപ്പതാം ദിവസം 330 കോടി രൂപ ഗ്രോസ് കളക്ഷനും മറ്റ് ബിസിനസ് ഇടപാടുകളും ഉള്‍പ്പെടെ നേടിയതിലൂടെ ബോക്സ് ഓഫീസില്‍ വീണ്ടും റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നു. മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ വൈകാരിക ത്രില്ലര്‍, റിലീസ് ചെയ്ത് ഏഴു ദിവസത്തിനുള്ളില്‍ 200 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ഇത് ദൃശ്യം 3യെ 200 കോടി ക്ലബ്ബില്‍ എത്തുന്ന മൂന്നാമത്തെ മോഹന്‍ലാല്‍ ചിത്രമാക്കി മാറ്റി, എമ്പുരാന്‍, തുടരും എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. മീന, എസ്തര്‍ അനില്‍, അന്‍സിബ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ആഗോള തിയേറ്റര്‍-ഡിജിറ്റല്‍ അവകാശങ്ങള്‍ നേടിയ പനോരമ സ്റ്റുഡിയോസ്, ആശീര്‍വാദ് സിനിമാസില്‍ 100 കോടി രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പ്, അജയ് ദേവ്ഗണ്‍ നായകനായി 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.
◾ തങ്ങളുടെ ഒന്നാം നമ്പര്‍ എസ്യുവിയായ സ്‌കോര്‍പിയോയില്‍ ഗണ്യമായ കിഴിവുകള്‍ വാഗ്ദാനം ചെയ്ത് മഹീന്ദ്ര. ജൂണ്‍ മാസത്തില്‍ മഹീന്ദ്ര സ്‌കോര്‍പിയോയിലും എന്‍ എന്ന മോഡലിലും ഉപഭോക്താക്കള്‍ക്ക് 70,000 രൂപ വരെ ലാഭിക്കാം. ഈ ഓഫറില്‍ ക്യാഷ് ഡിസ്‌കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു. സ്‌കോര്‍പിയോ ക്ലാസിക്കിന് കരുത്ത് പകരുന്നത് വിശ്വസനീയമായ 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനാണ്, ഇത് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രം വരുന്നു. മറുവശത്ത്, സ്‌കോര്‍പിയോ-എന്‍ ഉപഭോക്താക്കള്‍ക്ക് പെട്രോള്‍ (2.0 ലിറ്റര്‍ എംസ്റ്റാലിയന്‍), ഡീസല്‍ എഞ്ചിനുകള്‍ എന്നിവ തിരഞ്ഞെടുക്കാം. ഗ്ലോബല്‍ ചഇഅജ ക്രാഷ് ടെസ്റ്റില്‍ സ്‌കോര്‍പിയോ എന്‍ പൂര്‍ണ്ണ 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടി. സ്‌കോര്‍പിയോ ക്ലാസിക്കിന്റെ എക്സ്-ഷോറൂം വില ഏകദേശം 13 ലക്ഷം മുതല്‍ 17.35 ലക്ഷം വരെയാണ്. സ്‌കോര്‍പിയോ എന്‍ ഏകദേശം 13.50 ലക്ഷം മുതല്‍ അതിന്റെ ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് 24.95 ലക്ഷം വരെയാണ് വില.
◾ ആയിരത്തിത്തൊള്ളായിരത്തി അന്‍പതുകളില്‍ കുട്ടിക്കാലം കടന്നുപോന്ന ഒരു സ്ത്രീ സ്വന്തം ജീവിതവും എല്ലായിടത്തും ബഹിഷ്‌കൃതരാവുന്നവരെയോര്‍ത്ത് അവള്‍ തിന്ന നോവുകളും മരണക്കിടക്കയില്‍വെച്ചു പറഞ്ഞുതീര്‍ക്കാനാകുമോ എന്ന് ഉത്കണ്ഠപ്പെടുന്നു. അരക്ഷിതമായ ഇടങ്ങളിലൂടെ മാത്രം നടക്കേണ്ടിവന്ന അമോദിനിയുടെയും രക്ഷയുടെയും ജീവിതം ഒപ്പമൊഴുകുന്നു. ബുദ്ധദര്‍ശനങ്ങളുടെ തെളിമയും വെളിച്ചവും അവരനുഭവിക്കുന്ന നിസ്സഹായതയുടെ വെയിലില്‍ ഇവിടെ തണലാവുന്നു. ഇനിയും പറഞ്ഞുതീരാത്തതും എഴുതിത്തീരാത്തതുമായ പെണ്‍ജീവിതങ്ങളുടെ സങ്കീര്‍ണ്ണതകളിലേക്കും സങ്കടങ്ങളിലേക്കുമുള്ള സഞ്ചാരം. ചരിത്രവും രാഷ്ട്രീയവും കലാപങ്ങളും വേര്‍തിരിക്കാനാവാത്തവിധം കൂടിക്കലരുന്ന ആഖ്യാനം. 'രൂത്തിന്റെ പുസ്തകം, രക്ഷയുടെയും'. ജിസ ജോസ്. മാതൃഭൂമി. വില 391 രൂപ.
◾ പാല്‍ച്ചായയ്ക്ക് കടുപ്പം കൂടാന്‍ ചായ അമിതമായി തിളപ്പിക്കുന്നവരുണ്ട്. എന്നാല്‍ ഈ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ചായ അമിതമായി തിളപ്പിക്കുന്നതിലൂടെ ചായയ്ക്ക് രുചി വ്യത്യാവും അസിഡിറ്റി ഉണ്ടാകുന്നു. ചായയുടെ പോഷകഗുണങ്ങള്‍ നഷ്ടമാകാനും ഇത് കാരണമാകും. കൂടാതെ കാന്‍സറിന് കാരണമാകുന്ന കാര്‍സിനോജന്‍ പുറന്തള്ളാനും ഇതിലൂടെ ഇടയാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ തെയിലയുടെ കടുപ്പം ഇറങ്ങും. ഇതില്‍ കൂടുതല്‍ സമയം തിളപ്പിക്കുന്നത് ചായയുടെ ഗുണങ്ങളെ ഓക്സിഡൈസ് ചെയ്യുന്നതിലേക്ക് നയിക്കും. പാലില്‍ അടങ്ങിയ പ്രോട്ടീനും തെയിലയിലെ പോളിഫെനോളുകളുമാണ് ചായയ്ക്ക് ഗുണവും മണവും രുചിയും നല്‍കുന്നത്. കൂടുതല്‍ നേരം വെക്കുന്നത് ചായക്ക് ചവര്‍പ്പ് രുചി നല്‍കും. ചായ കൂടുതല്‍ നേരം തിളപ്പിക്കുമ്പോള്‍ പാലിലെ വിറ്റാമിന്‍ ബി12, സി എന്നീ പോഷകങ്ങളെ നശിപ്പിക്കും. അമിതമായി ചൂടാക്കുന്നത് അക്രിലമൈഡ് പോലുള്ള സംയുക്തങ്ങള്‍ ഉണ്ടാക്കും. അക്രിലാമൈഡ് ഒരു അര്‍ബുദ ഘടകമാണ്. അമിതമായി തിളപ്പിക്കുന്നത് പാലിലെ പ്രോട്ടീനുകളുടെ ഘടനയില്‍ മാറ്റം വരുത്തും. ഇത് ദഹനക്കേടിന് കാരണമാകും. ഇത് നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ വയറ്റിലെ അസ്വസ്ഥത പോലുള്ള ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
ഗുരുവിന്റെ കയ്യില്‍ അതിവിശിഷ്ടമായ ഒരു കപ്പ് ഉണ്ടായിരുന്നു. ഒരാള്‍ സമ്മാനം നല്‍കിയതാണ്. ഗുരുവിന് അത് വളരെ ഇഷ്ടവുമായിരുന്നു. ആ കപ്പ് എടുക്കുമ്പോഴൊക്കെ അദ്ദേഹം പറയുമായിരുന്നു, ഇതൊരിക്കല്‍ പൊട്ടിയതാണെന്ന്. എന്തുകൊണ്ടാണ് അങ്ങിനെ പറയുന്നതെന്ന് ശിഷ്യര്‍ക്ക് മനസ്സിലായില്ല. ഒരു ദിവസം ആശ്രമത്തില്‍ വന്ന ഒരു അതിഥിയുടെ കൈതട്ടി കപ്പ് താഴെ വീണുടഞ്ഞു. ഗുരു ദേഷ്യപ്പെടുമെന്നു കരുതി എല്ലാവരും നിശബ്ദരായി. അദ്ദേഹം ഭാവഭേദമില്ലാതെ കഷ്ണങ്ങള്‍ വാരിയെടുത്തു. അതിനിടയിലും പറഞ്ഞു: ഈ കപ്പ് പണ്ടേ ഉടഞ്ഞതാണ്. നാം നെഞ്ചോട് ചേര്‍ത്തിരുന്നവയെല്ലാം എന്നേങ്കിലുമൊരിക്കല്‍ നഷ്ടപ്പെടും. എല്ലാ ഇഷ്ടങ്ങള്‍ക്കും കാലാവധിയുണ്ട്. ബാല്യത്തിലെ ഇഷ്ടങ്ങളല്ല, കൗമാരത്തിലും യൗവനത്തിലും. ഒരുപക്ഷേ, കൗമാരത്തില്‍ അകറ്റിനിര്‍ത്തിയ പലതും വാര്‍ദ്ധക്യത്തില്‍ പ്രിയപ്പെട്ടതായി മാറിയേക്കാം. പരിപൂര്‍ണ്ണതയില്‍ ലഭിക്കുന്നതെല്ലാം ഒരിക്കല്‍ ഉടയാനുളളതാണ്. ഒന്നും എക്കാലവും ഒരുപോലെ സൂക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. എല്ലാം ഒരിക്കല്‍ നഷ്ടപ്പെടും എന്ന യാഥാര്‍ത്ഥ്യ ബോധമാണ് നമുക്ക് ഉണ്ടാകേണ്ടത്. അപ്പോള്‍ നമുക്ക് ഒന്നിനോടും അമിതാസക്തി ഉണ്ടാകില്ല. എങ്ങാനും നഷ്ടപ്പെട്ടാല്‍ നാം സ്വയം നശിക്കില്ല. ആ നഷ്ടത്തെ അംഗീകരിക്കുകയും പുതിയത് നിര്‍മ്മിക്കാനുളള തയ്യാറെടുപ്പുകള്‍ നടത്താന്‍ സാധിക്കുകയും ചെയ്യും. ഒരു തേയ്മാനവും സംഭവിക്കാതെ കാത്ത് സൂക്ഷിക്കുക എന്നതല്ല, ഏതൊരു വസ്തുവിനോടോ ബന്ധങ്ങളോടോ പുലര്‍ത്തേണ്ട മര്യാദ.. ഒന്നും ശാശ്വതമല്ലെന്ന് മനസ്സിലാക്കി, ആയിരിക്കുന്നിടത്തോളം സമയം ഹൃദയബന്ധം സൂക്ഷിക്കുകയും പരസ്പരം സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ഏതൊരു ബന്ധത്തിന്റേയും ഊഷ്മളത.. നഷ്ടങ്ങളില്‍ തകരാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം - ശുഭദിനം.
Tags:
KERALA