2026 | മേയ് 12, ചൊവ്വ
1201 | മേടം 29, പൂരുരുട്ടാതി
◾ നീറ്റ് യുജി മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന് വ്യക്തമായതോടെയാണ് തീരുമാനം. മെഡിക്കല്‍ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തുന്നതിനായി വിജ്ഞാപനം ഇറക്കും. പുതുതായി രജിസ്‌ട്രേഷന്‍ നടത്തേണ്ടതിന്റേയോ ഫീസ് അടയ്‌ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്നും ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കുമെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കി.
◾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളെ ചര്‍ച്ചയ്ക്കായി ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു.
◾ മുഖ്യമന്ത്രി ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പ്രധാനമായും ചോദിച്ചറിയുന്നത് സംസ്ഥാനത്ത് ശക്തി പ്രകടനമടക്കം ഉണ്ടായ സാഹചര്യത്തെക്കുറിച്ചാണെന്ന് കേരളത്തിലെ നേതാക്കള്‍. ആരാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്ന് രാഹുല്‍ ചോദിച്ചെന്ന് നേതാക്കള്‍ വ്യക്തമാക്കി.
◾ കേരളത്തിലെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ അന്തിമ തീരുമാനമാകാത്തത് വമ്പന്‍ ജയത്തിന് മങ്ങലേല്‍പ്പിച്ചെന്ന് തുറന്ന് പറഞ്ഞ് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്. അതേസമയം വെളുത്ത പുക ഉടന്‍ ഉയരുമെന്നും സണ്ണി ജോസഫ് പ്രതീക്ഷ പങ്കുവെച്ചു.
◾ മുഖ്യമന്ത്രി തീരുമാനം ഇതിനെക്കാള്‍ വൈകിയ കാലമുണ്ടായിട്ടുണ്ടെന്ന് ഡല്‍ഹിയിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചര്‍ച്ച വൈകുന്നതില്‍ പ്രശ്‌നമില്ല, തീരുമാനമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം മുഖ്യമന്ത്രി പ്രഖ്യാപനം വൈകീട്ടില്ലെന്നും എന്നാല്‍ ഇനി വൈകാന്‍ പാടില്ലെന്നും എം എം ഹസന്‍ വ്യക്തമാക്കി.
◾ കേരള മുഖ്യമന്ത്രി ആര് എന്നതില്‍ 24 മണിക്കൂറില്‍ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരന്‍. മുഖ്യമന്ത്രി പട്ടികയില്‍ താനില്ല. ജനത്തിന്റെ വികാരം രാഹുല്‍ഗാന്ധിക്ക് അറിയാം. വേഗത്തില്‍ തീരുമാനം വേണമെന്ന് രാഹുല്‍ ഗാന്ധിയെ അറിയിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു.
◾ കേരള മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഇപ്പോള്‍ നടക്കുന്നത് ഭരണഘടന വിരുദ്ധമായ നീക്കങ്ങളെന്ന് സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്.
◾ കേരളത്തിലെ കോണ്‍ഗ്രസില്‍ തുടരുന്ന മുഖ്യമന്ത്രി തര്‍ക്കത്തില്‍ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. കോണ്‍ഗ്രസിന് ജയിപ്പിച്ചു വിട്ടവരോട് പ്രതിപത്തിയില്ലെന്നും, പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ശേഷിയുള്ള നേതൃത്വമില്ലെന്നും സുപ്രഭാതം കുറ്റപ്പെടുത്തി.
◾ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് ജമാഅത്തെ ഇസ്‌ളാമിയെയും മുസ്ലിം ലീഗിനെയും ഭയന്നിട്ടാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. അവരാണ് ഈ ബഹളങ്ങളെല്ലാം ഉണ്ടാക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
◾ എറണാകുളം പള്ളുരുത്തിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഷാഫി പറമ്പിലിനെയും പിന്തുണച്ചുകൊണ്ട് പുതിയ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. വി ഡി എസ് കേരളം ഭരിക്കട്ടെ ഷാഫി പറമ്പില്‍ കോണ്‍ഗ്രസിനെ നയിക്കട്ടെ എന്നാണ് ഫ്‌ലക്‌സിലെ വാചകം.
◾ സ്ത്രീകള്‍ക്ക് സൗജന്യയാത്രയെന്ന ഗ്യാരണ്ടി പാലിക്കാന്‍ കെ എസ് ആര്‍ ടി സിക്ക് സര്‍ക്കാര്‍ നല്‍കേണ്ടി വരിക ഏകദേശം 90 കോടി രൂപ. ഓര്‍ഡിനറി, ഫാസ്റ്റ് ബസുകളില്‍ മാത്രമായി സൗജന്യ യാത്ര ചുരുക്കിയാലും 60 കോടി രൂപ കണ്ടത്തേണ്ടി വരും.
◾ സി.പി.എം നേതാവ് പി. ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. സനാതനികളുടെ ഹിന്ദുത്വ വഴികള്‍ എന്ന പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിലെത്തിയതെന്ന് ജയരാജനും വിശദീകരിച്ചു. അതേസമയം കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആരാധനാലയ സന്ദര്‍ശനം നിഷിദ്ധമാണ് എന്നത് തെറ്റിദ്ധാരണയാണെന്നും കൊടുങ്ങല്ലൂര്‍ കാവില്‍ പോയതുകൊണ്ട് താനൊരു ''ഭക്തന്‍'' ആയി മാറിയെന്നോ, ആരാധനാലയങ്ങളെ മാറ്റിനിര്‍ത്തിയാലേ ഈ നാടിന്റെ സാമൂഹ്യചരിത്രം പഠിക്കാന്‍ കഴിയൂ എന്നോ ആരെങ്കിലും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അവരോട് സഹതാപമേ ഉള്ളൂവെന്നും ജയരാജന്‍ പറഞ്ഞു.
◾ നവകേരള യാത്രക്കിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ സമരക്കാരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ മര്‍ദിച്ചതില്‍ പുനരന്വേഷണം വേണമെന്ന് എഡി തോമസ്. യുഡിഎഫ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്താല്‍ ഉടന്‍ പരാതി നല്‍കുമെന്നും നിയുക്ത എംഎല്‍എ പറഞ്ഞു.
◾ അമ്പലപ്പുഴ നിയുക്ത എം.എല്‍.എ ജി. സുധാകരന്‍ പാണക്കാടെത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി.
◾ കായംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുളള സിപിഎം നേതാവ് യു. പ്രതിഭയുടെ ആവശ്യം തള്ളി ആലപ്പുഴ ജില്ല നേതൃത്വം. കായംകുളം ഏരിയാ കമ്മിറ്റി അംഗമായ പ്രതിഭയോട് പ്രവര്‍ത്തനം തകഴിയിലേക്ക് മാറ്റാന്‍ സിപിഎം നേതൃത്വം നിര്‍ദ്ദേശിച്ചു.
◾ ആറ്റിങ്ങല്‍ എം എല്‍ എയും സി പി എം നേതാവുമായ ഒ എസ് അംബികയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് പങ്കുവെച്ച പോസ്റ്റിന് താഴെയാണ് അശ്ലീല കമന്റ് പ്രത്യക്ഷപ്പെട്ടത്.
◾ പേരാമ്പ്രയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയയുടെ വിജയത്തില്‍ അഭിനന്ദിച്ചില്ലെന്ന പേരില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ സൈബര്‍ ലീഗുകാര്‍ക്കെതിരെ വനിതാ ലീഗ് അധ്യക്ഷ സുഹറ മമ്പാട്. സൈബര്‍ ലീഗിന്റേത് മാന്യത ഇല്ലാത്ത പ്രതികരണമാണെന്ന് അവര്‍ പറഞ്ഞു.
◾ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കുന്നതിന് പുതിയ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കണമെന്ന് സമര സമിതി. പദ്ധതി ഉപേക്ഷിച്ചോ ഇല്ലയോ എന്ന് അറിയാത്തതിനാല്‍ പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്ക ഇപ്പോഴും തുടരുകയാണ്.
◾ ഹോട്ടല്‍ഭക്ഷണങ്ങളുടെ വില കൂട്ടി. വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ചായയ്ക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് കൂട്ടിയത്. നോണ്‍ വെജ് വിഭവങ്ങളുടെ വിലയിലും വര്‍ധനവുണ്ടാകും. കാറ്ററിങ്, ഹോസ്റ്റല്‍ മേഖലകളെല്ലാം പ്രതിസന്ധിയിലാണ്.
◾ ഓട്ടോ ഡ്രൈവറെ താമരശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി സ്വദേശി മുരളീധരന്‍ (56) ആണ് മരിച്ചത്. മുരളീധരന്റെ ഓട്ടോയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു. ഇന്നലെ ബജാജ് ഫൈനാന്‍സില്‍ നിന്നും ജീവനക്കാര്‍ സ്റ്റാന്‍ഡില്‍ എത്തിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.
◾ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണ്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതകം പശ്ചിമ ബംഗാള്‍ പൊലീസിന്റെ ശുപാര്‍ശ പ്രകാരം സിബിഐ അന്വേഷിക്കും. സിബിഐ അന്വേഷണത്തിനായി ഏഴംഗ സംഘത്തിന് രൂപം നല്‍കി.
◾ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് 145 പേരുടെ പിന്തുണയായി. എ ഐ എ ഡി എം കെ യിലെ 24 എംഎല്‍എമാരും ടി ടി വി ദിനകരന്റെ പാര്‍ട്ടിയിലെ ഏക എംഎല്‍എ എസ് കാമരാജും ടി വി കെ യെ പിന്തുണയ്ക്കുമെന്ന് നിയമസഭയില്‍ പറഞ്ഞു.
◾ തമിഴ്‌നാട് നിയമസഭയില്‍ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ സ്ഥാനാര്‍ത്ഥിയായ മുതിര്‍ന്ന നേതാവ് ജെ സി ഡി പ്രഭാകര്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രോ ടേം സ്പീക്കര്‍ എം വി കറുപ്പയ്യ അറിയിച്ചു. എം രവിശങ്കര്‍ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു.
◾ തമിഴ്‌നാട് സര്‍ക്കാരിന്റെ കീഴിലുള്ള മദ്യവില്‍പനാ കേന്ദ്രമായ ടാസ്മാകിന്റെ 717 ഔട്ട്‌ലറ്റുകള്‍ പൂട്ടാന്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉത്തരവിറക്കി. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയ്ക്ക് സമീപത്തെ വില്‍പന ശാലകളാണ് അടയ്ക്കുക.
◾ ടിവികെയുടെ തിരുപ്പത്തൂര്‍ എംഎല്‍എ ശ്രീനിവാസ സേതുപതി നിയമസഭ നടപടികളില്‍ പങ്കെടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഒറ്റ വോട്ട് തോല്‍വിയിലെ ഡിഎംകെ ഹര്‍ജിയിലാണ് ഉത്തരവ്.
◾ ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി പ്രശാന്ത് പിസെ നിയമിതനായി. 1995 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
◾ ഇന്ധന വില വര്‍ധയ്ക്ക് നിര്‍ബന്ധിത സാഹചര്യമെന്ന് സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. എണ്ണ കമ്പനികള്‍ക്ക് വില പിടിച്ചു നിര്‍ത്താന്‍ കഴിയുമോ എന്നതില്‍ ഉറപ്പ് പറയാന്‍ ആകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തില്‍ സമാജ്‌വാദി പാര്‍ട്ടി എംപി അജേന്ദ്ര സിങ് ലോധിക്കെതിരെ ഉത്തര്‍ പ്രദേശ് പൊലീസ് കേസെടുത്തു. ഇന്ധന ഉപയോ?ഗം കുറയ്ക്കാനും സ്വര്‍ണമടക്കം വാങ്ങുന്നത് നിയന്ത്രിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെയുള്ള പാര്‍ട്ടി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു എംപിയുടെ വിമര്‍ശനം.
◾ അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
◾ ലോകത്തിലെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പുറത്തുവിട്ട് ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ്. പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ പാസ്പോര്‍ട്ട് 78-ാം സ്ഥാനത്താണ്. മറ്റ് രാജ്യങ്ങളുടെ വിസ നയങ്ങളില്‍ വന്ന മാറ്റങ്ങളും ആഗോളതലത്തിലുള്ള പുനഃക്രമീകരണങ്ങളുമാണ് ഇന്ത്യയെ റാങ്കിങ്ങില്‍ പുറകോട്ടാക്കിയത്.
◾ ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ സേവനമായ ഗൂഗിള്‍ തടസപ്പെട്ടു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടു.
◾ ലണ്ടനിലെ ക്രോയ്ഡണ്‍ ബോറോ കൗണ്‍സിലിലെ കൂള്‍സ്ഡണ്‍ ടൗണ്‍ വാര്‍ഡില്‍ നിന്ന് തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ നിഖില്‍ ഷെറിന്‍ തമ്പി രണ്ടാം തവണയും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു.
◾ ബ്രിട്ടണില്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ രാജ്യം ഭരിക്കുന്ന ലേബര്‍ പാര്‍ട്ടി തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ രാജി ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നു. ലേബര്‍ പാര്‍ട്ടിയുടെ 70ലധികം എംപിമാര്‍ കെയര്‍ സ്റ്റാര്‍മര്‍ രാജിവെക്കണമെന്ന് ആവശ്യമുയര്‍ത്തി രംഗത്തെത്തി.
◾ ഇറാന്റെ സൈനിക വിമാനങ്ങള്‍ക്ക് പാകിസ്ഥാന്റെ വ്യോമതാവളത്തില്‍ അഭയം നല്‍കിയെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നിരിക്കെ ആണ് പാകിസ്ഥാന്റെ നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ ഇറാന്റെ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കിയത്.
◾ സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വന്‍ കുതിച്ചുചാട്ടം തുടരുന്നു. ഇന്നലെ വൈകീട്ടുണ്ടായ വലിയ വര്‍ദ്ധനവിന് പിന്നാലെ ഇന്ന് രാവിലെയും വില ഉയര്‍ന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 400 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,12,920 രൂപയായി ഉയര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ഒരു പവന്‍ സ്വര്‍ണ്ണത്തിന് 1,360 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം പവന് 960 രൂപ വര്‍ദ്ധിച്ചിരുന്നു. ഗ്രാമിന് 14,115 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളിലെ അനിശ്ചിതത്വവുമാണ് വില ഇത്രവേഗം ഉയരാന്‍ കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
◾ ക്ലോഡ് ഓപ്പസ് 4 എഐ മോഡലിന് ഉണ്ടായിരുന്ന ഗുരുതരമായ സുരക്ഷാവീഴ്ച പ്രശ്‌നം പരിഹരിച്ചെന്ന് നിര്‍മാതാക്കളായ ആന്ത്രോപിക്. ക്ലോഡ് ഓപ്പസ് 4 മോഡലിന് അതിജീവനത്തിനായി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ കഴിവുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ബ്ലാക്ക്‌മെയില്‍ ചെയ്യുന്നത് എന്തുകൊണ്ട് തെറ്റാണെന്ന് ക്ലോഡ് മോഡലുകളെ ആന്ത്രോപിക് പഠിപ്പിച്ചു. പരിശീലിപ്പിച്ചതിലൂടെ ബ്ലാക്ക്‌മെയില്‍ നിരക്ക് മൂന്ന് ശതമാനമായി കുറഞ്ഞു. ബ്ലാക്ക്‌മെയില്‍ ഇനിയും കുറയ്ക്കുന്നതിനായി ക്ലോഡിന് കമ്പനിയുടെ ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള ഉയര്‍ന്ന നിലവാരമുള്ള ഡോക്യുമെന്റുകള്‍ നല്‍കാന്‍ ആന്ത്രോപിക് ആരംഭിച്ചു. ഇതോടെ ബ്ലാക്ക്‌മെയില്‍ നിരക്ക് അതിവേഗം കുറഞ്ഞു. അതിനിടെ, നിലവിലെ മോഡലുകളില്‍ ബ്ലാക്ക്‌മെയില്‍ പെരുമാറ്റം ഇല്ലാതായെങ്കിലും എഐ പൂര്‍ണമായി മെരുക്കുക എന്നത് എപ്പോഴും പരിഹരിക്കപ്പെടാത്ത പ്രശ്‌നമായി തുടരാമെന്ന് ആന്ത്രോപിക് മുന്നറിയിപ്പ് നല്‍കുന്നു.
◾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ നാഗസൈരന്ധ്രി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സോഷ്യല്‍ സ്വാമി' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. എട്ടാമത് ഇന്‍ഡിപെന്‍ഡന്റ് ആന്‍ഡ് എക്‌സ്പിരിമെന്റ് ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ വച്ചായിരുന്നു പോസ്റ്റര്‍ റിലീസ്. ഡോക്ടര്‍ അഭിലാഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരത്തെ ദ വീക്കെന്‍ഡ് അക്കാദമിയയുടെ ബാനറില്‍ ജനകീയ ധനസമാഹരണം വഴിയാണ് ഈ സിനിമ നിര്‍മിക്കുന്നത്. 'മരണമാസ്' എന്ന ബേസില്‍ ജോസഫ് ചിത്രത്തില്‍ ശബ്ദസാന്നിധ്യമായി നാഗസൈരന്ധ്രി എത്തിയിരുന്നു. ഇവരുടെ അരങ്ങേറ്റ ചിത്രമാകും 'സോഷ്യല്‍ സ്വാമി'. 'പ്രേമലു' എന്ന ചിത്രത്തിലും നാഗസൈരന്ധ്രി റഫറന്‍സ് ഉണ്ടായിരുന്നു. വന്‍ കയ്യടിയാണ് ആ രംഗത്തിനു തിയറ്ററുകളില്‍ ലഭിച്ചത്.
◾ നാസര്‍ ലത്തീഫ്, സുന്ദര പാണ്ഡ്യന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അമല്‍ കെ. ജോബി ഒരുക്കിയ ചിത്രമാണ് 'ബ്രൂട്ടല്‍'. ഗുമസ്തന്‍, ആഘോഷം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം, ശക്തമായ ഉള്ളടക്കവും വികാരഭരിതമായ അവതരണവുമായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ പരമ്പരാഗത ചട്ടങ്ങള്‍ മറികടന്ന് പുതിയൊരു സിനിമാഅനുഭവത്തിലേക്കാണ് കൊണ്ടുപോകുന്നത്. സമൂഹത്തെ നടുക്കുന്ന ഒരു അതിക്രൂര സംഭവത്തിന് ഇരയായ പെണ്‍കുട്ടിയുടേയും വേട്ടക്കാരന്റെയും മാനസികാവസ്ഥയിലൂടെ ഉള്ള സങ്കീര്‍ണ്ണമായ യാത്രയാണ് 'ബ്രൂട്ടല്‍' എന്ന ചിത്രം. മനുഷ്യ മനസിന്റെ ഇരുണ്ടവശങ്ങളും അതിനുള്ളിലെ സംഘര്‍ഷങ്ങളും തുറന്നുകാട്ടുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും സംവിധായാകനായ അമല്‍ കെ. ജോബി തന്നെയാണ്. ചിത്രം ഒ.ടി.ടി. റിലീസായി ഉടന്‍ പ്രേക്ഷകരിലെത്തും.
◾ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന സുസുക്കി സ്വിഫ്റ്റ് പ്രോട്ടോടൈപ്പ് അവതരിപ്പിച്ച് എവിഎല്‍ ടെക്‌നോളജീസ്. ഓസ്ട്രിയന്‍ പവര്‍ട്രെയിന്‍ വിദഗ്ദ്ധരാണ് എവിഎല്‍. സുസുക്കിയുമായി സഹകരിച്ചാണ് അവര്‍ സ്വിഫ്റ്റ് പ്രോട്ടോടൈപ്പ് തയ്യാറാക്കിയിട്ടുള്ളത്. രണ്ടാം തലമുറയില്‍പ്പെട്ട സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഹൈഡ്രജന്‍ സ്വിഫ്റ്റ് എന്നതാണ് ഏറെ ശ്രദ്ധേയം. നിലവില്‍ വിപണിയിലുള്ള മിക്ക ഹൈഡ്രജന്‍ കാറുകളും ഫ്യുവല്‍-സെല്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ സ്വിഫ്റ്റ് ഒരു ഐസി എന്‍ജിന്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പാസഞ്ചര്‍ വാഹനങ്ങളുടെ കാര്യത്തില്‍ ഇതിന് കാര്യക്ഷമത കുറവാണെങ്കിലും വളരെ ലാഭകരവും പ്രായോഗികവുമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പദ്ധതി എവിഎല്‍ ആണ് മുന്നില്‍ നിന്ന് നയിച്ചത്. എഞ്ചിന്‍ രൂപകല്‍പ്പനയും വികസനവും ഡെമോണ്‍സ്‌ട്രേഷന്‍ വാഹനം നിര്‍മിക്കലും കാലിബ്രേഷന്‍ പ്രവര്‍ത്തനങ്ങളും കമ്പനിയാണ് ചെയ്തത്.
◾ പുറമെ നിശ്ശബ്ദമെന്ന് തോന്നിക്കുന്ന കോടതിക്കകത്തെ നെടുവീര്‍പ്പുകളും തേങ്ങലുകളും അറ്റമില്ലാത്ത കാത്തിരിപ്പും മുഴങ്ങുന്നത് അനുഭവത്തില്‍ നിന്നടര്‍ത്തിയെടുത്ത് അക്ഷരങ്ങളായി പിറന്നുവീണ കഥകള്‍. നീതിയുടെ തുലാസ്സില്‍ അളക്കപ്പെടുന്ന ജീവിതങ്ങളെയും, വിധിപ്രസ്താവനകള്‍ക്ക് പിന്നിലെ ആഴമേറിയ ജീവിതദര്‍ശനങ്ങളെയും കുറിച്ചുള്ള അന്വേഷണം പുതിയ അനുഭവമായിരിക്കും. 'കോടതിയിലെ ഫിലോസഫി'. ആര്‍.പി. രമേശന്‍. ഗ്രീന്‍ ബുക്സ്. വില 179 രൂപ.
◾ ലോകത്തിലെ ഏറ്റവും അപകടകരമായ കാന്‍സറുകളില്‍ ഒന്നായ പാന്‍ക്രിയാറ്റിക് കാന്‍സറിനെ കണ്ടെത്താന്‍ കഴിയുന്ന ഒരു പുതിയ രക്തപരിശോധന വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞര്‍. 97% വരെ കൃത്യതയോടെ ലക്ഷണമില്ലാത്ത പാന്‍ക്രിയാറ്റിക് കാന്‍സറിനെ പോലും കണ്ടെത്താന്‍ ഇതിലൂടെ കഴിയും. യുഎസിലെ ഒറിഗോണ്‍ ഹെല്‍ത്ത് & സയന്‍സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ചെറിയ കാന്‍സര്‍ കണികകള്‍ കണ്ടെത്തുന്നതിനായി രോഗിയുടെ രക്തം വിശകലനം ചെയ്യുന്നതാണ് ഇത്. ഈ കണികകള്‍ ട്യൂമറില്‍ നിന്ന് രക്ഷപ്പെടുകയും രക്തപ്രവാഹത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. 36 ആളുകളില്‍ നിന്ന് രക്തസാമ്പിളുകള്‍ ശേഖരിച്ചു. ഈ വ്യക്തികളില്‍ ചിലര്‍ക്ക് പാന്‍ക്രിയാറ്റിക് ക്യാന്‍സറും മറ്റുള്ളവര്‍ക്ക് പാന്‍ക്രിയാറ്റിസ് പോലുള്ള മറ്റ് അവസ്ഥകളും ഉണ്ടായിരുന്നു. ബ്ലൈന്‍ഡ് ചെയ്ത ഒരു പരീക്ഷണത്തിലാണ് ഈ പരിശോധന നടത്തിയത്. അതായത്, ഏത് സാമ്പിള്‍ ഒരു കാന്‍സര്‍ രോഗിയുടേതാണെന്ന് പരിശോധനാ സംഘത്തെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. ഇതൊക്കെയാണെങ്കിലും, പരിശോധന 97% വരെ കൃത്യത നല്‍കി. നിലവില്‍, പാന്‍ക്രിയാറ്റിക് കാന്‍സര്‍ രോഗനിര്‍ണയം ഒരു ബയോപ്സിയിലൂടെയാണ് നടത്തുന്നത്. ഇതിന്റെ കൃത്യത ഏകദേശം 79% ആണ്. പുതിയ രക്തപരിശോധനാ രീതി എളുപ്പവും വേദനാജനകവും കൂടുതല്‍ കൃത്യവുമാണെന്ന് പറയപ്പെടുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.71, പൗണ്ട് - 129.40, യൂറോ - 112.43, സ്വിസ് ഫ്രാങ്ക് - 122.62, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 69.08, ബഹറിന്‍ ദിനാര്‍ - 253.59, കുവൈത്ത് ദിനാര്‍ -310.82, ഒമാനി റിയാല്‍ - 249.00, സൗദി റിയാല്‍ - 25.52, യു.എ.ഇ ദിര്‍ഹം - 25.97, ഖത്തര്‍ റിയാല്‍ - 26.28, കനേഡിയന്‍ ഡോളര്‍ - 69.86.
Tags:
KERALA