2026 ഏപ്രില്‍ 16, വ്യാഴം
1201 മേടം 3, ഉത്രട്ടാതി
1447 ശവ്വാൽ 28
◾ വനിത സംവരണ ബില്ലും മണ്ഡല പുനര്‍നിര്‍ണ്ണയ നിയമവും ഇന്നു പാര്‍ലമെന്റില്‍. മണ്ഡല പുനര്‍ നിര്‍ണയ നിയമത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം തീരുമാനിച്ചു. തെന്നിന്ത്യയുടെ പ്രാതിനിധ്യം വെട്ടിക്കുറയ്ക്കുന്ന നിയമത്തെ ചെറുക്കും. നിലവിലെ സീറ്റുകള്‍ നിലനിര്‍ത്തി സംവരണം നടപ്പാക്കണം. സംസ്ഥാനങ്ങളിലെ സീറ്റ് നിശ്ചയിക്കാന്‍ പൊതുമാനദണ്ഡം വേണമെന്നും പ്രതിപക്ഷം. പ്രതിപക്ഷ പിന്തുണയുണ്ടെങ്കിലേ ബില്ല് പാസാക്കാനാകൂ.
◾ മരുന്നുകള്‍ക്കു 15 ശതമാനം വില കൂട്ടുന്നു. ഇറാനിലെ യുദ്ധം മൂലം ഔഷധ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും സോള്‍വെന്റുകളുടെയും വിലയിലുണ്ടായ വര്‍ധനയും ഗതാഗത തടസവും ഗതാഗതച്ചെലവിലെ വര്‍ധനയും മൂലമാണ് മരുന്നുകളുടെ വില 15 ശതമാനംവരെ വര്‍ധിപ്പിക്കുന്നത്.
◾ റഷ്യയില്‍നിന്നും ഇറാനില്‍നിന്നും പെട്രോളിയം ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യക്കു നല്‍കിയ ഇളവ് പുതുക്കില്ലെന്ന് അമേരിക്ക. ഇനി അമേരിക്കയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങണമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്. ഇറാനിയന്‍ എണ്ണയ്ക്ക് നല്‍കിയിരുന്ന 30 ദിവസത്തെ ഇളവ് ഈ മാസം 19 ന് അവസാനിക്കും. റഷ്യന്‍ എണ്ണയ്ക്കുള്ള ഇളവ് ഇതിനകം അവസാനിച്ചെന്നും യുഎസ് ട്രഷറി സെക്രട്ടറി അറിയിച്ചു.
◾ ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷാവസ്ഥമൂലം വിഴിഞ്ഞം തുറമുഖത്തേക്കു കപ്പലുകളുടെ നിര. നടുക്കടലില്‍ കുടുങ്ങിപ്പോയ നൂറിലേറെ കപ്പലുകള്‍ വിഴിഞ്ഞത്തു നങ്കൂരമിടാന്‍ അനുമതി തേടി. മദര്‍ ഷിപ്പുകളാണ് ഏറെയും. അന്താരാഷ്ട്ര കപ്പല്‍ച്ചാലിന് 10 നോട്ടിക്കല്‍മൈല്‍ അടുത്താണ് വിഴിഞ്ഞം.
◾ സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 93.70 ശതമാനം വിജയം. 25 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. മേഖലകളില്‍ തിരുവനന്തപുരവും വിജയവാഡയുമാണ് ഒന്നാം സ്ഥാനത്തുള്ളത്.
◾ കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിന്റെ മിച്ചഭൂമി ഇടപാടുകള്‍ കണ്ണൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് റദ്ദാക്കി. കോളേജ് സ്ഥാപിതമായത് ചട്ടങ്ങള്‍ ലംഘിച്ച ഭൂമിയിലാണെന്നും ഭൂമി തിരിച്ചെടുക്കണമെന്നും ഉത്തരവിട്ടു. പ്ലാന്റേഷന്‍ ഭൂമിയില്‍ അനുമതി ഇല്ലാതെ നിര്‍മാണം നടത്തിയെന്നും ഉത്തരവില്‍ പറയുന്നു.
◾ ശബരിമല യുവതി പ്രവേശന കേസില്‍ ലിംഗഭേദ വിലക്ക് ശരിയല്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍. ഓരോ വിഭാഗത്തിന്റേയും ആചാരങ്ങള്‍ അതാതു വിഭാഗത്തിന് തീരുമാനിക്കാമെന്ന വാദം അംഗീകരിക്കാനാവില്ല. ജാതി, വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്കും ശരിയല്ല. ദേവസ്വം ബോര്‍ഡിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ് വിയാണ് കോടതിയിലെത്തിയത്.
◾ അവിശ്വാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് ശബരിമല യുവതീപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വിധി വന്നതെന്ന് സുപ്രീം കോടതി. മതവിശ്വാസം തെറ്റാണെന്ന് കോടതികള്‍ക്കു പറയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. സാമൂഹിക പരിഷ്‌കരണത്തിനായി ഒരു മതത്തിന്റെ അന്തഃസത്തയെ ഇല്ലാതാക്കാനാവില്ലെന്ന് ജസ്റ്റിസ് ബി.വി.നാഗരത്ന നിലപാടെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടിയുള്ള വാദത്തിനിടെയാണ് ഈ നിരീക്ഷണങ്ങള്‍.
◾ പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണത്തിലെ കാണിപ്പൊന്ന് വിഷുദര്‍ശനത്തിന് എത്തിയയാള്‍ കൊണ്ടുപോയി. കാണിപ്പൊന്നു കാണാതായതോടെ പോലീസ് സിസിടിവി പരിശോധിച്ചപ്പോഴാണ് ഭക്തന്‍ കൈക്കലാക്കിയെന്നു കണ്ടെത്തുകയും വീണ്ടെടുക്കുകയും ചെയ്തത്. പന്തളം വലിയ കോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദര്‍ശനം നടത്തുന്നതിനിടെ കണികാണാന്‍ നല്‍കിയ കാണിപ്പൊന്നാണ് ഭക്തന്‍ കൊണ്ടുപോയത്.
◾ മണ്ഡല പുനര്‍നിര്‍ണയ നീക്കം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനസംഖ്യ നിയന്ത്രിച്ച കേരളം പോലുള്ള സംസ്ഥാനങ്ങളെ ശിക്ഷിക്കുകയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ ആധിപത്യം നല്‍കുകയും ചെയ്യുന്ന ഈ ജനാധിപത്യവിരുദ്ധ നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കസേരക്കായുള്ള അടിപിടിക്കു നേതൃത്വം നല്‍കി മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ഭരണത്തിന് ദിശാബോധം നല്‍കുന്ന നേതാവായി കെ സി ഉയരട്ടെ' എന്ന കുറിപ്പോടെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പുകഴ്ത്തിയുള്ള കുറിപ്പിനു താഴെ കമന്റുകളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നേരത്തെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണു സുധാകരന്‍ ആവശ്യപ്പെട്ടിരുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഒളിയമ്പുകളും കുറിപ്പിലുണ്ട്.
◾ വേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്ലാസുകള്‍ നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ചട്ടവിരുദ്ധമായി ക്ലാസുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◾ ശബരിമലയില്‍ കുപ്പികള്‍ വില്ക്കാന്‍ അനുമതി തേടി തൃപ്പൂണിത്തുറ സ്വാമി ശരണം എന്റര്‍പ്രൈസസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ചോളം, കരിമ്പ്, മരച്ചീനി എന്നിവ ഉപയോഗിച്ച് നിര്‍മിച്ചതും പുനരുപയോഗിക്കാവുന്നതും മണ്ണില്‍ ലയിക്കുന്നതുമായ കുപ്പികള്‍ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചതിനെതിരെയായിരുന്നു ഹര്‍ജി.
◾ കോഴിക്കോട് പെരുവണ്ണാമുഴിയില്‍ കാര്‍ ഷെഡ് തകര്‍ക്കുന്നതിനിടെ വയറില്‍ കമ്പി തുളഞ്ഞു കയറി കാട്ടാന ചെരിഞ്ഞു. കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ അക്രമാസക്തയായ പിടിയാന വനംവകുപ്പു ജീവനക്കാര്‍ക്കു നേരെ പാഞ്ഞടുത്തു. ഇതിനിടെയാണ് കാര്‍ഷെഡ് തകര്‍ത്തതും കമ്പി വയറില്‍ കുത്തിക്കയറിയതും.
◾ ഭരത് പി.ജെ.ആന്റണിയുടെ ഭാര്യ മേരി ആന്റണി (94) അന്തരിച്ചു. മകള്‍ അഡ്വ. എലിസബത്ത് ആന്റണിയുടെ വസതിയിലായിരുന്നു അന്ത്യം.
◾ സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍. നെടുമ്പാശ്ശേരി എയര്‍പോട്ടിനു സമീപത്തെ എംജെ റസിഡന്‍സിയില്‍ മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പമാണ് പിടിയിലായത്. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്തത്. 3.58 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ വര്‍ഷം ജൂലൈയിലും എംഡിഎംഎയുമായി റിന്‍സി മുംതാസ് പിടിയിലായിരുന്നു.
◾ പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയില്‍ പതിനാറുകാരനായ അദ്വൈതാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
◾ എറണാകുളം ജില്ലയില്‍ ചിക്കുന്‍ഗുനിയ കേസുകള്‍ പടരുന്നു. കുന്നുകരയിലും ചെങ്ങമനാട്ടും ഒമ്പത് കേസുകള്‍ സ്ഥിരീകരിച്ചു. 19 പേര്‍ നിരീക്ഷണത്തിലായി. കുന്നുകര പഞ്ചായത്തില്‍ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24 പേരില്‍ ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
◾ മണ്ണെണ്ണയുടെ വില വര്‍ധന പ്രാബല്യത്തിലായതോടെ മത്സ്യ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍. മണ്ണെണ്ണയുടെ വില 52.37 രൂപ വര്‍ധിച്ച് 103 രൂപയില്‍ നിന്ന് 155.37 രൂപയായി. കേരളത്തില്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ച 14,342 എന്‍ജിനുകള്‍ക്ക് മത്സ്യഫെഡിന്റെ പമ്പുകള്‍ വഴി പ്രതിമാസം 140 മുതല്‍ 190 ലീറ്റര്‍ വരെ മണ്ണെണ്ണ സബ്സിഡി നിരക്കില്‍ ലഭിക്കുന്നുണ്ട്.
◾ അന്തേവാസി മര്‍ദ്ദനമേറ്റ് മരിച്ച അനുഗ്രഹ സ്പെഷ്യല്‍ സ്‌കൂളിനെതിരെ വീണ്ടും കേസ്. വയനാട് സ്വദേശിയായ അന്തേവാസിയെ മര്‍ദിച്ചതിന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍ ബോബി, കെയര്‍ടേക്കര്‍ മഹേഷ് എന്നിവര്‍ക്കെതിരെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
◾ കൊല്‍ക്കത്തയില്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍നിന്ന് സൂര്യോദയത്തിന്റെ ഫോട്ടോ എടുക്കുന്നതിനിടെ കാല്‍ വഴുതി വീണ മരിച്ച പാലാരിവട്ടം സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പാലാരിവട്ടം പഴശ്ശി റോഡ് വടശേരിയില്‍ താമസിക്കുന്ന എസ്ആര്‍എം റോഡ് ലൈഫ് മെഡിക്കല്‍സ് ഉടമ ജെബിന്‍ ജോസിന്റെയും ജെസി ജെയിന്റെയും ഏക മകന്‍ ജുവാന്‍ ജോസ് ജെബിനാണ് (19) മരിച്ചത്.
◾ എലിവിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവത്തില്‍ ഗാര്‍ഹിക പീഡന കുറ്റത്തിന് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ഇരട്ടക്കുളം നെല്ലിയാംകുന്നം എടത്തില്‍ ഉന്നതി അബ്ദുല്‍ റഹ്‌മാനാണ് (29) അറസ്റ്റിലായത്. ഭാര്യ പ്ലസ്ടു വിദ്യാര്‍ഥിനിയായ അസ്ന (20) യുമായി കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്.
◾ ലോക്സഭാ, നിയമസഭാ മണ്ഡല പുനര്‍നിര്‍ണയത്തിന് ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന നിയമഭേദഗതിയില്‍ എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിപക്ഷ പ്രതിഷേധം മറികടക്കാന്‍ അനുനയ നീക്കവുമായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍ദേശം മുന്നോട്ടുവയ്ക്കുക.
◾ മണ്ഡല പുനര്‍നിര്‍ണയ നിയമത്തിനെതിരെ തമിഴ്നാട്ടില്‍ ഇന്നു കരിങ്കൊടി പ്രതിഷേധ സമരം നടത്തുമെന്നു ഡിഎംകെ. എങ്ങും കരിങ്കൊടി ഉയര്‍ത്താന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആഹ്വാനം ചെയ്തു.
◾ വനിത സംവരണ ബില്ല് ഇന്നു പാര്‍ലമെന്റ് ചര്‍ച്ചയ്ക്കെടുക്കാനിരിക്കെ സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച് മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടിലും ബിഎസ്പി അദ്ധ്യക്ഷ മായാവതിയും. ഓരോ സംസ്ഥാനത്തെയും സീറ്റുകളില്‍ പിന്നീട് ചര്‍ച്ച നടത്താമെന്ന സര്‍ക്കാരിന്റെ സമവായ നിര്‍ദ്ദേശം പ്രതിപക്ഷം തള്ളി.
◾ മഹാരാഷ്ട്രയിലെ അമരാവതിയില്‍ പ്രായപൂര്‍ത്തിയാകാത്ത 180 ലധികം പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍19 കാരനായ മുഹമ്മദ് അയാസ് എന്ന തന്‍വീറിനെ പോലീസ് അറസ്റ്റ് ചെയ്തു. പരത്വാഡ സ്വദേശിയായ പ്രതിക്കെതിരേ ബിജെപി എംപി അനില്‍ ബോണ്ടെ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മുന്നൂറ്റമ്പലധികം അശ്ലീല വീഡിയോകള്‍ ഇയാള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.
◾ തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിനു വന്‍ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗര്‍കോവിലില്‍. ഒരു കിലോമീറ്ററോളം നീണ്ട റോഡ് ഷോയില്‍ പ്രധാനമന്ത്രിയെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ആവേശത്തോടെ വരവേറ്റത്.
◾ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച്, കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ യോഗത്തില്‍ നിന്ന് സിപിഎം, സിപിഐ ജനറല്‍ സെക്രട്ടറിമാര്‍ വിട്ടുനിന്നു. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നതാണ് രാഹുലിന്റെ നിലപാടുകളെന്ന് ഇടതു നേതാക്കള്‍ കുറ്റപ്പെടുത്തി.
◾ ബിഹാറില്‍ പുതിയ മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. സമ്രാട്ട് ചൗധരിക്കൊപ്പം വിജയ് ചൗധരിയും ബിജേന്ദ്ര യാദവും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള നരേന്ദ്ര മോദി ചടങ്ങിനെത്തിയില്ല.
◾ ബംഗളൂരു ദാവണഗെരെ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചതിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹമ്മദിനെ പുറത്താക്കി. എം.എല്‍.സി കൂടിയാണു നസീര്‍ അഹമ്മദ്. മുസ്ലിം സ്ഥാനാര്‍ത്ഥി വേണ്ടതായിരുന്നെന്ന് നസീര്‍ അഹമ്മദിനൊപ്പം വര്‍ഗീയ പ്രചാരണം നടത്തിയ ഭവന മന്ത്രി സമീര്‍ അഹമ്മദ് ഖാനെ മന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്തേക്കും.
◾ തിരുപ്പൂര്‍ ജില്ലയില്‍ തമിഴഗ വെട്രി കഴകം പ്രസിഡന്റ് വിജയ് നടത്താനിരുന്ന റാലി റദ്ദാക്കി. കടുത്ത ചൂടും തിരക്കുംമൂലം 13 സ്ത്രീകളടക്കം 15 പേര്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണു റദ്ദാക്കിയത്. ആറു കിലോമീറ്റര്‍ റോഡ്ഷോയാണ് ആസൂത്രണം ചെയ്തിരുന്നത്. വൈകുന്നേരം നാലിനുള്ള റാലിക്ക് രാവിലെ 10 മുതല്‍ ജനക്കൂട്ടം സ്ഥലത്തെത്തി. വിജയ് ഏകദേശം 4.45 നാണു സ്ഥലത്തെത്തിയത്.
◾ ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തില്‍ ലഗേജ് സ്‌കാനിംഗിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ റായ്പൂരിലേക്കു പോകാനിരുന്ന ലക്ഷ്മണ്‍ പ്രസാദ് എന്ന യാത്രക്കാരന്റെ ലഗേജിലെ ഫോണാണു പൊട്ടിത്തെറിച്ചത്. ഇയാളെ വിമാനത്താവള അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
◾ മുസാഫര്‍നഗറില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത പരിപാടിക്കിടെ മദ്യപിച്ചു ലക്കുകെട്ട സബ് ഇന്‍സ്‌പെക്ടറെ സസ്പെന്‍ഡു ചെയ്തു. ഫുഗാന പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ ചൗബെ സിംഗിനെതിരെയാണ് നടപടിയെടുത്തത്.
◾ യുദ്ധം രൂക്ഷമായതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ 67 ലക്ഷം കോടി രൂപ പിന്‍വലിച്ചു. ഫെബ്രുവരി 28 ന് ഇറാന്‍ യുദ്ധം ആരംഭിച്ചതിനു പിറകേയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പിന്മാറ്റം.
◾ യുദ്ധംമൂലം ഇന്ത്യയിലെ 25 ലക്ഷം ജനങ്ങള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടോ വരുമാനം ഇല്ലാതായോ ദാരിദ്രരാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ യുഎന്‍ഡിപി റിപ്പോര്‍ട്ട്. ഇന്ധനവില അടക്കം സമസ്ത ഇനങ്ങള്‍ക്കും വിലവര്‍ധിക്കുന്നതു സാധാരണക്കാരുടെ കുടുംബ ബജറ്റു തകര്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ അമേരിക്ക - ഇറാന്‍ അടുത്ത ഘട്ട സമാധാന ചര്‍ച്ച പാക്കിസ്ഥാനില്‍തന്നെ നടക്കുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്. ഇതിനിടെ യുഎഇ വൈസ് പ്രസിഡന്റുമായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ചര്‍ച്ച നടത്തി. ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരേ ഇറാന്‍ നടത്തുന്ന ആക്രമണം നിറുത്തണമെന്നാണ് യുഎഇയുടെ ആവശ്യം. യുഎസ്- ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഏപ്രില്‍ 22-ന് അവസാനിക്കും.
◾ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ ഒറ്റ കപ്പലും കടന്നുപോയിട്ടില്ലെന്ന് അമേരിക്ക. ഇന്നലെ ആറു കപ്പലുകളെ തിരിച്ചയച്ചു. ഹോര്‍മൂസ് ഉപരോധത്തിനായി യുഎസ് പതിനായിരം സൈനികരെ വിന്യസിച്ചിട്ടുണ്ട്. 12 പടക്കപ്പലുകളും 100 വിമാനങ്ങളും ദൗത്യത്തില്‍ പങ്കാളികളായതായും യു എസ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു.
◾ ഇറാനുമായി സമാധാന ചര്‍ച്ച രണ്ടു ദിവസത്തിനകം പുനരാരംഭിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിറകേ, ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്‍ സംഘം ഇന്ന് ഇറാനിലെത്തി ചര്‍ച്ച നടത്തും. അമേരിക്ക - ഇറാന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന വലിയ വിശ്വാസത്തോടെയാണ് പാകിസ്ഥാന്‍ നയതന്ത്ര സംഘം ഇന്ന് ഇറാനിലെത്തുന്നത്.
◾ അമേരിക്കന്‍ ഉപരോധം തുടര്‍ന്നാല്‍ ചെങ്കടല്‍, ഗള്‍ഫ് മേഖലകളിലെ കയറ്റുമതി തടയുമെന്ന് ഇറാന്‍. ഉപരോധം വെടി നിര്‍ത്തലിനെ ബാധിക്കും എന്നും ഇറാന്‍ ചൂണ്ടിക്കാട്ടി.
◾ സമാധാന ചര്‍ച്ചയുടെ മറവില്‍ അമേരിക്ക ഇറാനില്‍ കരയാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് റഷ്യ. അമേരിക്കയുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.
◾ യുഎഇയില്‍ സ്‌കൂളുകള്‍ പൂര്‍ണമായും സാധാരണ നിലയിലേക്ക്. ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കി.
◾ ഗാസയില്‍ ഇസ്രയേലിന്റെ കനത്ത ബോംബിങ്. ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ബോംബിങ് നടത്തി. 30 പേര്‍ മരിച്ചുവെന്നാണ വിവരം.
◾ പാകിസ്ഥാന്‍ മധ്യസ്ഥം വഹിച്ച് ഇസ്ലാമാബാദില്‍ യുഎസ് - ഇറാന്‍ ചര്‍ച്ച നടത്തിയ ഇസ്ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ സെറീനയിലെ ബില്‍ പാക് സര്‍ക്കാര്‍ അടച്ചില്ലെന്ന് റിപ്പോര്‍ട്ട്. 15 ഏക്കര്‍ വിസ്തൃതിയുള്ള ഹോട്ടലില്‍ സ്റ്റാന്‍ഡേര്‍ഡ് മുറികള്‍ക്ക് ഒരു രാത്രിക്ക് 160 ഡോളറും പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന് 2,375 ഡോളറുമാണ് വാടക. ബില്‍ അടച്ചില്ലെന്ന വിവരം പുറത്തുവിട്ടതോടെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിലായി.
◾ പാകിസ്താനില്‍ സിറിഞ്ചുകള്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചതിനെ തുടര്‍ന്ന് 331 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധ. തൗന്‍സയിലെ ടി എച്ച് ക്യു ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ കുട്ടികള്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. 2024 നവംബറിനും 2025 ഡിസംബറിനും ഇടയിലുമാണ് രോഗം സ്ഥിരീകരിച്ചത്.
◾ ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ലക്‌നൗ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം 15.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറികടക്കുകയായിരുന്നു. 34 പന്തില്‍ 49 റണ്‍സ് നേടിയ വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.
◾ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ആദ്യമായി ബോണസ് ഷെയര്‍ ഇഷ്യു പ്രഖ്യാപിച്ചു. 1:1 എന്ന അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കാന്‍ ബോര്‍ഡ് അനുമതി നല്‍കി. 2022 മെയ് മാസത്തില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് എല്‍ഐസി ഇത്തരമൊരു ബോണസ് ഇഷ്യൂ പ്രഖ്യാപിക്കുന്നത്. അന്ന് എല്‍ഐസിയില്‍ സര്‍ക്കാരിനുള്ള ഓഹരി പങ്കാളിത്തത്തില്‍ നിന്ന് 3.5 ശതമാനം ഓഹരികള്‍ വിറ്റഴിച്ചതിലൂടെ 21,003 കോടി രൂപയാണ് സമാഹരിച്ചത്. 1:1 ബോണസ് ഓഹരി എന്നാല്‍, റെക്കോര്‍ഡ് ഡേയ്റ്റില്‍ ഒരു ഓഹരി കൈവശമുള്ള നിക്ഷേപകന് അധികമായി ഒരു ഓഹരി കൂടി സൗജന്യമായി ലഭിക്കും. ഇതോടെ ഓരോ ഓഹരിയുടെയും വിപണി മൂല്യം പകുതിയായി കുറയും. ബോണസ് അനുവദിച്ച ശേഷം ഓരോ ഓഹരിയുടെയും വില 404.50 രൂപയാകും. ഓഹരിക്ക് 10 രൂപയാണ് മുഖവില.
◾ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ, തങ്ങളുടെ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ വിപണി പുതുക്കി എഫ്33 സീരീസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കളര്‍ ഒഎസ് 16ല്‍ അധിഷ്ഠിതമായ സോഫ്റ്റ്വെയര്‍ അപ്ഗ്രേഡുകളിലൂടെ മിഡ്-റേഞ്ച് വിഭാഗത്തില്‍ മികച്ച മാറ്റങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നത്. ചൂടാകുന്നത് ഒഴിവാക്കാന്‍ 4289എംഎം2 വേപ്പര്‍ ചേംബര്‍ കൂളിങ് സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണിന്റെ വേഗം വര്‍ദ്ധിപ്പിക്കുന്നതിനും ആപ്പുകളുടെ പ്രതികരണം മെച്ചപ്പെടുത്തുന്നതിനുമായി ട്രിനിറ്റി എന്‍ജിന്‍, ലുമിനസ് റെന്‍ഡറിംഗ് എന്‍ജിന്‍ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. ഏകദേശം 6 വര്‍ഷത്തോളം ഫോണിന്റെ പ്രവര്‍ത്തനം ഒരേ വേഗത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഫ്‌ലൂവന്‍സി പ്രൊട്ടക്ഷന്‍, ഫോണ്‍ നഷ്ടപ്പെട്ടാല്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് വഴി റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചര്‍ എന്നിവയാണ് മറ്റൊരു സവിശേഷത. എഴുതുന്നതിനും ഡോക്യുമെന്റ് സ്‌കാനിങ്ങിനും ഫോട്ടോ എഡിറ്റിങ്ങിനും ആവശ്യമായ എഐ സൗകര്യങ്ങള്‍ ഇതിലുണ്ട്.
◾ ഷെയ്ന്‍ നിഗം പോലീസ് യൂണിഫോമില്‍ വീണ്ടും എത്തുന്ന 'ദൃഢം' സിനിമ മെയ് 8 ന് വേള്‍ഡ് വൈഡ് റിലീസാകും. ചിത്രത്തില്‍ എസ്.ഐ വിജയ് രാധാകൃഷ്ണന്‍ എന്ന കഥാപാത്രമായാണ് ഷെയ്ന്‍ എത്തുന്നത്. തികച്ചും റിയലിസ്റ്റിക്കായ രീതിയില്‍ ഒരു വ്യക്തിയുടെ യാത്രയെ ആണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഷോബി തിലകന്‍, കോട്ടയം രമേഷ്, ദിനേശ് പ്രഭാകര്‍, നന്ദന്‍ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, മാത്യു വര്‍ഗ്ഗീസ്, ജോജി കെ ജോണ്‍, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ഒരുമിക്കുന്നുണ്ട്. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ എന്നിവര്‍ ചേര്‍ന്നാണ്. നവാഗതനായ മാര്‍ട്ടിന്‍ ജോസഫാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്.
◾ ജയറാമും മകന്‍ കാളിദാസ് ജയറാമും ഒന്നിച്ചെത്തിയ 'ആശകള്‍ ആയിരം' ഒടിടിയിലേക്ക്. ഏപ്രില്‍ 17 മുതല്‍ സീ 5ലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാളിദാസും ജയറാമും വെള്ളിത്തിരയില്‍ ഒന്നിച്ചെത്തുന്നത്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ആനന്ദ് മന്മഥന്‍, അഖില്‍ എന്‍ആര്‍ഡി, രമേഷ് പിഷാരടി, ഇഷാനി, ദിലീപ് മേനോന്‍, സിന്‍സ് ഷാന്‍, രാജേഷ് അഴിക്കോട്, വൈശാഖ് വിജയന്‍, അഭിനന്ദ് അക്കോട്, മുകുന്ദന്‍, ആനന്ദ് പദ്മനാഭന്‍, രഞ്ജിത് ബാലചന്ദ്രന്‍, സുധീര്‍ പരവൂര്‍, നിഹാരിക, ഭാഗ്യ, കുഞ്ചന്‍, ഷാജു ശ്രീധര്‍, റാഫി, സുരേഷ് കുമാര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ കാര്‍ വിപണിയിലെ മുന്‍നിരക്കാരായ മാരുതി സുസൂക്കി തന്നെയാണ് മാര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മുന്‍ വര്‍ഷം സമാന മാസത്തേക്കാള്‍ 10.3 ശതമാനം വളര്‍ച്ചയോടെ 1,66,219 വാഹനങ്ങളാണ് ആഭ്യന്തര വിപണിയില്‍ വിറ്റത്. കഴിഞ്ഞ മാസം കയറ്റുമതിയില്‍ 42.7 ശതമാനം വര്‍ധന നേടാന്‍ മാരുതിക്ക് സാധിച്ചു. 47,000 യൂണിറ്റുകളാണ് മാര്‍ച്ചിലെ കയറ്റുമതി. ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് മാര്‍ച്ചില്‍ 28.2 ശതമാനം വളര്‍ച്ച സ്വന്തമാക്കി. 66,192 യൂണിറ്റുകളാണ് കഴിഞ്ഞമാസം വിറ്റത്. ടാറ്റയുടെ ഇവി കാര്‍ വില്പനയില്‍ 77 ശതമാനം വര്‍ധനയുണ്ടായി, മൊത്തം വിറ്റത് 9,494 യൂണിറ്റുകള്‍. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് ഇക്കാലയളവില്‍ 25.4 ശതമാനം വില്പന വളര്‍ച്ച നേടാനായി. ആകെ വിറ്റത് 60,272 യൂണിറ്റുകള്‍. ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ 6.3 ശതമാനം വളര്‍ച്ചയില്‍ 55,064 യൂണിറ്റുകള്‍ വിറ്റു.
◾ ലളിതവും അതേസമയം ശക്തവുമായ ഒരു ചെറുനോവലാണിത്. കുട്ടികളാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളെങ്കിലും ഇത് പൂര്‍ണ്ണമായും ഒരു ബാലസാഹിത്യനോവല്‍ അല്ല. ബാല്യത്തിന്റെ നിഷ്‌കളങ്കതയും വേദനകളും ഗൃഹാതുരതകളുമെല്ലാം ജാനിയുടെയും ശംഭുവിന്റെയും കുഞ്ഞിപ്പാറുവിന്റെയും കഥയില്‍ കൃത്യമായി അനുഭവപ്പെടുന്നുണ്ട്. രസിപ്പിക്കുന്ന, ചിരിപ്പിക്കുന്ന, ഇടയ്ക്കൊക്കെ ചെറുനൊമ്പരം ഉണര്‍ത്തുന്ന മികച്ച നോവല്‍. 'കാരയ്ക്കമരം'. നിത്യാലക്ഷ്മി. എല്‍.എല്‍. ഡിസി ബുക്സ്. വില 114 രൂപ.
◾ കേരളത്തിലെ അതികഠിനമായ ചൂട് അതിജീവിക്കാന്‍ ഡയറ്റില്‍ ജലാംശം കൂടിയ പഴങ്ങളും പച്ചക്കറികളും ചേര്‍ക്കുക പതിവാണ്. എന്നാല്‍ തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തണ്ണിമത്തന്‍ എല്ലാത്തരം ഭക്ഷണങ്ങള്‍ക്കൊപ്പവും ചേര്‍ന്നു പോകില്ല. ചില ഭക്ഷണങ്ങള്‍ക്കൊപ്പം തണ്ണിമത്തന്‍ കഴിക്കുന്നത് അവയുടെ പോഷഗുണങ്ങള്‍ ശരീരത്തിന് ലഭിക്കാതിരിക്കുന്നതിന് കാരണമാകും. പാലും മുട്ടയും തണ്ണിമത്തനൊപ്പം കഴിക്കരുതാത്ത വിഭവങ്ങളാണ്. തണ്ണിമത്തനില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കഴിച്ചതിന് പുറമേ പാലോ, പാലുത്പന്നങ്ങളോ കഴിക്കുന്നത് പ്രതിപ്രവര്‍ത്തനത്തിന് കാരണമാകും. ദഹനക്കേട്, ഗ്യാസ്, വയര്‍ വീര്‍ക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുകയും ചെയ്യും. ുട്ടയില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 പോലുള്ള ഫാറ്റി ആസിഡുകള്‍ തണ്ണിമത്തനും വയറ്റിലെത്തുമ്പോള്‍ രണ്ടും പരസ്പരം ദഹനത്തെ തടയും. ഇതുമൂലം ദഹനക്കേട്, മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പ്രോട്ടീന്‍ അടങ്ങിയ പയര്‍വര്‍ഗങ്ങളും തണ്ണിമത്തനൊപ്പം കഴിക്കുന്നത് നല്ലതല്ല. തണ്ണിമത്തനില്‍ നിന്ന് വിറ്റാമിനുകളും ധാതുക്കളും സ്റ്റാര്‍ച്ചുമൊക്കെ ശരീരത്തിലെത്തുന്നതിന് പിന്നാലെ പ്രോട്ടീന്‍ കൂടിയെത്തുന്നത് ദഹനരസങ്ങളെ നശിപ്പിക്കും. ഇത് വയര്‍ കേടാകാന്‍ കാരണമാകും.
*ശുഭദിനം*
*കവിത കണ്ണന്‍*
വിട്ടുവീഴ്ചയില്ലാതെ ഗതാഗതനിയന്ത്രണം നടത്തിയിരുന്ന ട്രാഫിക് പോലീസുകാരനായിരുന്നു അയാള്‍. ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിനെക്കുറിച്ചും കയ്യും തലയും പുറത്തേക്കിടാതിരിക്കേണ്ടതിനെക്കുറിച്ചുമെല്ലാം തന്റെ മുന്നില്‍ വരുന്നവരോട് അദ്ദേഹം നിരന്തരം ഓര്‍മ്മപ്പെടുത്തുമായിരുന്നു. ഇതുകൊണ്ടെല്ലാം ജനങ്ങള്‍ക്കും അയാളെ ഇഷ്ടമായിരുന്നു. ഒരിക്കല്‍ വീട്ടിലേക്ക് മടങ്ങുന്നവഴി, അദ്ദേഹം ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. വീടടുത്തായതിനാലാണ് അയാള്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നത്. ഇത് കണ്ട് ഒരു കുട്ടി അയാളോട് ചോദിച്ചു: ജോലികഴിഞ്ഞാലും നിയമം പാലിക്കപ്പെടേണ്ടതുതന്നെയല്ലേ. ഇത് കേട്ട് അയാള്‍ ആ കുഞ്ഞിനോട് ക്ഷമപറഞ്ഞ് ഹെല്‍മെറ്റ് ധരിച്ച് യാത്ര തുടര്‍ന്നു. പറയുന്നത് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് വിശ്വാസ്യതയുണ്ടാകുക. ഒരു വീഴ്ചയും സംഭവിക്കാതെ ആര്‍ക്കും ജീവിക്കാന്‍ സാധിക്കുകയില്ല. പക്ഷേ, ചെയ്യരുതെന്ന് പറയുന്ന കാര്യങ്ങള്‍ പറയുന്നവര്‍ തന്നെ ചെയ്താല്‍ അത് സ്വയം അവഹേളിക്കപ്പെടുന്നതിന് തുല്യമായിരിക്കും. ആളുകള്‍ അനുകരിക്കുന്ന അനേകം മാര്‍ഗ്ഗദര്‍ശികള്‍ സമൂഹത്തിലുണ്ട്. അവരെ കണ്ട് വളരുന്ന തലമുറക്ക് വഴി തെറ്റാതിരിക്കാനുള്ള ഉത്തരവാദിത്ത്വം എല്ലാ മാര്‍ഗ്ഗദര്‍ശകര്‍ക്കുമുണ്ട്. ഒരു പ്രദേശത്തെ ശരികള്‍ എല്ലാവര്‍ക്കും ഒരുപോലെയാകണം. ഇരുട്ടിലും വെളിച്ചത്തും അവയ്ക്ക് തുല്യപ്രാധാന്യമുണ്ടായിരിക്കണം. ഒരു ചെറിയ ഒഴിവുകഴിവുകള്‍ കൊണ്ടുപോലും അവ ലംഘിക്കപ്പെടരുത്. ഒരു ശരിയും അത് ഉണ്ടാക്കിയവര്‍ക്ക് വേണ്ടിയല്ല, ആത്മനിയന്ത്രണത്തിനാണ് പിന്തുടരേണ്ടത് - ശുഭദിനം.
Tags:
KERALA