Trending

പ്രഭാത വാർത്തകൾ.

2026  ഏപ്രില്‍ 8  ബുധന്‍
1201  മീനം 25  മൂലം
1447  ശവ്വാൽ 20

◾ കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്. വോട്ടെടുപ്പു യന്ത്രങ്ങളുമായി പോളിംഗ് ഉദ്യോഗസ്ഥര്‍ ഇന്നുച്ചയോടെ വോട്ടെടുപ്പു കേന്ദ്രങ്ങളിലെത്തും. വാദ്യമേളങ്ങളും കൊടികളേന്തിയുള്ള ശക്തിപ്രകടനങ്ങളുമായി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. ഇനി നിശബ്ദ പ്രചരണം. കേരളത്തിന്റെ അടുത്ത അഞ്ചു വര്‍ഷത്തെ ഭരണത്തിനു 2.70 കോടി വോട്ടര്‍മാര്‍ നാളെ വിധിയെഴുതും.

◾  സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ഇന്നു രാത്രി ഒരു നാഗരികത തന്നെ ഇല്ലാതാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലാണ് ഈ ഭീഷണി. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും സമാനമായ ഭീഷണി മുഴക്കി. ഇതേസമയം, യുഎസുമായി ഇനി ഒരു ചര്‍ച്ചയും ഇല്ലെന്ന് ഇറാന്‍. ഇറാനിലുള്ള ഇന്ത്യക്കാര്‍ രണ്ടു ദിവസം പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.

◾ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ അഞ്ചംഗ ബെഞ്ചിന്റെ വിധി തിരുത്തണമെന്ന്  കേന്ദ്ര സര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. മതത്തിന്റെ അനിവാര്യ ഘടകമെന്തെന്ന് കോടതികള്‍ മാത്രം തീരുമാനിക്കുന്നത് ഉചിതമല്ലെന്നും തുഷാര്‍ മേത്ത വാദിച്ചു. അതേസമയം സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് ഇപ്പോഴും തൊട്ടുകൂടായ്മയുണ്ടോയെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു.

◾ കേരളത്തില്‍ ഭരണമാറ്റം ഉണ്ടായാല്‍ സ്പെഷ്യല്‍ എജുക്കേറ്റര്‍മാരുടെ നിയമനകേസില്‍ പ്രശ്‌ന പരിഹാരമാകുമോയെന്ന് സുപ്രീംകോടതി. ഇടത് അധ്യാപക സംഘടനായ കെഎസ്ടിഎയുടെ ഭാഗമായ കേരള റിസോര്‍സസ് ടീച്ചേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് ഇങ്ങനെ ചോദിച്ചത്.
◾  കേന്ദ്രമന്ത്രി അമിത് ഷായെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിനു പിറകിലെ അജണ്ട എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആ കൂടിക്കാഴ്ചയിലാണോ 'ഡീല്‍' രൂപപ്പെട്ടതെന്ന് വേണുഗോപാല്‍ ചോദിച്ചു.

◾  'പോ മോനേ വിജയാ' ആവര്‍ത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പിണറായി വിജയന്റെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്നും ഗൗനിക്കുന്നില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കരുതെന്നും പിണറായിയുടെ കാലം കഴിഞ്ഞുവെന്നും പറഞ്ഞ അദ്ദേഹം 'ബൈ ബൈ പിണറായി' എന്ന് കുറിച്ചു.

◾  സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയം മനപൂര്‍വം സൃഷ്ടിച്ചതാണെന്ന് വെളിപ്പെടുത്തുന്ന മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. പിണറായി സര്‍ക്കാരിന്റെ അഴിമതികളും ഊരാളുങ്കലിന്റെ ഇടപാടുകളും അടുത്ത യുഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾  കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ടത്തല്ലും. എല്‍ഡിഎഫ്, യുഡിഎഫ് റാലികള്‍ കടന്നു പോകവേ കല്ലെറിയുകയായിരുന്നു. പിന്നാലെ കൂട്ടത്തല്ല് ഉണ്ടാകുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. പൊലീസ് ലാത്തി വീശിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.

◾  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ അരുവിക്കരയിലും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. അരുവിക്കര എണിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങുകയായിരുന്ന സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 

◾  തെലങ്കാനയിലെ ജനങ്ങളെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും അതിനാല്‍ കേരളത്തിലെ ജനങ്ങള്‍ രേവന്ത് റെഡ്ഡിയെയും കോണ്‍ഗ്രസിനെയും വിശ്വസിക്കരുതെന്നും കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിത. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടി പ്രചാരണം നടത്തുകയാണെന്നും തെലങ്കാനയില്‍ നല്‍കിയ  വാഗ്ദാനങ്ങളില്‍ പകുതി പോലും നടപ്പിലാക്കിയില്ലെന്നും കെ കവിത ആരോപിച്ചു.

◾  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി എംപി. ഇരു സര്‍ക്കാരുകളുടേയും പിന്തുണ ലഭിക്കുന്നില്ലെന്നാണ് പ്രിയങ്ക പറയുന്നത്. 10 വര്‍ഷമായി ജനങ്ങളെക്കുറിച്ച് ചിന്തയില്ലാത്ത സര്‍ക്കാരാണ് ഭരിച്ചത്. കേരളം കടത്തില്‍ മുങ്ങി. ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്ക ആരോപിച്ചു.

◾  മദ്യം അര്‍ബുദത്തിന് കാരണമാകുന്നുവെന്ന ലേബല്‍ മദ്യക്കുപ്പികളില്‍ പതിക്കേണ്ടതില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്. അര്‍ബുദത്തിന് കാരണമാകുമെന്ന ലേബല്‍ മദ്യക്കുപ്പികളില്‍ പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

◾  പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണ വിജയനും ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ ഹര്‍ജി. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം വരുമാനത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കിയില്ലെന്നാണ് ഹര്‍ജിയിലെ ആരോപണം. ഈ മാസം 22 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പൊലീസിനോട് ഉത്തരവിട്ടു.

◾  മഴക്കാല മുന്നൊരുക്കങ്ങളില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് യുഡിഎഫ്. കേരളത്തില്‍ മഴക്കാലം എത്തുമ്പോള്‍ തന്നെ പ്രളയഭീതിയും ആശങ്കയും കൂടി വരുന്നത് പതിവായിട്ടുണ്ട്. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ആവര്‍ത്തിച്ച് ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങള്‍, സംസ്ഥാനത്തിന്റെ പ്രളയ നിയന്ത്രണ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചകളെ വീണ്ടും മുന്നില്‍ കൊണ്ടുവരുന്നതായി യുഡിഎഫ് കുറ്റപ്പെടുത്തി.

◾  ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയായ അതിജീവിതയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കര കാട്ടാമ്പിള്ളി മണ്ണൂര്‍ സ്വര്‍ദേശി ജിനു കുഞ്ഞുമോന്‍ (ജിനു കെ കോശി - 39) ആണ് പിടിയിലായത്.

◾  തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ 'ഡാഷ് മോനേ' പ്രയോഗിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം പി. നിലവാര തകര്‍ച്ചയുടെ അങ്ങേയറ്റമാണ് മുഖ്യമന്ത്രി പ്രകടമാക്കിയത്. അധികാരം നഷ്ടമായതോടെ പിണറായിയുടെ ഒറിജിനല്‍ മുഖം പുറത്തുവന്നെന്നു ഷാഫി.

◾  വയനാട്ടിലെ കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യക്കു കാരണം കുടുംബ പ്രശ്നങ്ങളാണെന്നും നേതാക്കള്‍ക്കു പങ്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ ഇ വിനയന്‍.. ആത്മഹത്യക്കുറിപ്പില്‍ പൊലീസ് ശരിയായ അന്വേഷണം നടത്തിയില്ലെന്നും കത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.

◾  പാലക്കാട് കേരളശ്ശേരി തടുക്കശ്ശേരി നാഗം കുളങ്ങര ഉത്സവത്തിന് എത്തിച്ച ആന പാപ്പാനെ കൊലപ്പെടുത്തി. കൊല്ലങ്കോട് ആനമാരി രാമനെ (25) കിണറ്റിലേക്ക് എറിഞ്ഞു കൊല്ലുകയായിരുന്നു.

◾  ഏഴംകുളം അറുകാലിക്കലില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സ്ലിപ് വിതരണത്തിനിടെ അറുകാലിക്കല്‍ സ്വദേശി രാധാകൃഷ്ണനാണ് വെട്ടേറ്റത്. അയല്‍വാസിയായ അലക്‌സിനെ അറസ്റ്റു ചെയ്തു.

◾  താമരശ്ശേരി റോഡില്‍ പഴയ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന കൂമ്പാരങ്ങള്‍ക്ക് തീപിടിച്ചു. സ്ഥലത്ത് വന്‍ അഗ്നിബാധയുണ്ടായി. മുക്കിലങ്ങാടി അപ്പക്കാട്ടില്‍ ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.

◾  മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയില്‍ റോക്കറ്റ് ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെടുകയും അമ്മയ്ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മണിപ്പൂരിലെ അഞ്ചു ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മൂന്നു ദിവസത്തേക്ക് റദ്ദാക്കി. ബിഷ്ണുപൂരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

◾  മഹാരാഷ്ട്രയിലെ നാസിക്കില്‍ ഇടവഴിയിലൂടെ സഞ്ചരിച്ച കാര്‍ കിണറ്റില്‍ വീണ് ആറു കുട്ടികളടക്കം ഒന്‍പതു പേര്‍ മരിച്ചു. കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. റോഡരികില്‍ മൂടാതെ കിടന്ന കിണറിലേക്കാണു കാര്‍ മറിഞ്ഞത്.  

◾  ബംഗാളില്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്തായത് 90 ലക്ഷത്തിലേറെ വോട്ടര്‍മാര്‍. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പട്ടിക പുറത്തുവിട്ടപ്പോഴാണ് അന്തിമ കണക്കുകള്‍ പുറത്തുവന്നത. 22,163 വോട്ടര്‍മാരുടെ കാര്യത്തില്‍ ഇനിയും തീരുമാനമെടുക്കാനുണ്ടെന്നും കമ്മിഷന്‍.

◾  ഹോര്‍മുസ് കടലിടുക്കിനു സമീപമുള്ള ഇറാന്റെ തന്ത്രപ്രധാനമായ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡില്‍ യുഎസ് സൈന്യത്തിന്റെ ബോംബാക്രമണം. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ ദ്വീപിലെ അമ്പതിലധികം പോയിന്റുകളിലാണ് അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ആഞ്ഞടിച്ചത്.

◾  അമേരിക്കക്കെതിരേ സമ്മര്‍ദമുണ്ടാക്കാന്‍ ഇറാന്‍ സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നടത്തിയ വന്‍ വ്യോമാക്രമണ നീക്കങ്ങള്‍ പ്രതിരോധ സേന തകര്‍ത്തു. എണ്ണ നഗരമായ ജുബൈലില്‍ ഉണ്ടായ ആക്രമണങ്ങളില്‍ 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളുമാണ് തകര്‍ത്തത്.

◾  ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ പുരാതനമായ ജൂതദേവാലയം പൂര്‍ണ്ണമായി തകര്‍ന്നു. തലസ്ഥാനമായ ടെഹ്‌റാനിലെ റാഫി നിയ സിനഗോഗാണ് ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ തകര്‍ന്നത്.

◾  ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച നിര്‍ണ്ണായക പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. രക്ഷാസമിതിയിലെ 15 അംഗങ്ങളില്‍ 11 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ പാക്കിസ്ഥാനും കൊളംബിയയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

◾  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇറാനെതിരായ അന്ത്യശാസനത്തെ എതിര്‍ത്ത് റഷ്യ. സമാധാനം ഇപ്പോഴും സാധ്യമാണെന്നും ചര്‍ച്ചകള്‍ വേണമെന്നും റഷ്യ ആവശ്യപ്പെട്ടു.

◾  അമേരിക്കന്‍ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തക ഷെല്ലി കിറ്റില്‍സണ്‍ ബാഗ്ദാദില്‍നിന്ന് മോചിതയായി. മാര്‍ച്ച് 31 നാണു ബാഗ്ദാദില്‍ തട്ടിക്കൊണ്ടുപോയത്.

◾  യുദ്ധ സാഹചര്യം നിലവിലുള്ളതിനാല്‍ പുറത്തിറങ്ങരുതെന്നും എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

◾  വ്യോമാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി അടച്ച, സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന, കിങ് ഫഹദ് കോസ്വേയില്‍ വാഹന ഗതാഗതം പുനരാരംഭിച്ചു.

◾  ഇറാനിലുള്ള ഇന്ത്യാക്കാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം. സുരക്ഷാ വെല്ലുവിളികള്‍ കണക്കിലെടുത്ത് ഇറാനിലുള്ള മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരും അടുത്ത 48 മണിക്കൂര്‍ നേരം വീടിനുള്ളില്‍ സുരക്ഷിതമായി ഇരിക്കണമെന്ന് ടെഹ്റാനിലെ ഇന്ത്യന്‍ എംബസി കര്‍ശനമായി നിര്‍ദ്ദേശിച്ചു.

◾  ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് 27 റണ്ണുകളുടെ വിജയം. 11 ഓവറില്‍ രാജസ്ഥാന്‍ റോയല്‍സ് 150 റണ്‍സ് നേടിയപ്പോള്‍ മുംബൈക്ക് 123 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മഴയെ തുടര്‍ന്ന് മത്സരം 11 ഓവറാക്കി ചുരുക്കിയിരുന്നു. പിന്നാലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ റോയല്‍സിനെ യശസ്വി ജയ്‌സ്വാളിന്റെ (32 പന്തില്‍ പുറത്താവാതെ 77) അര്‍ധ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 14 പന്തില്‍ 39 റണ്‍സെടുത്ത വൈഭവ് സൂര്യവംശിയും രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു

◾  മുന്‍ ക്യാപ്റ്റന്‍ തമീം ഇഖ്ബാലിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രസിഡന്റായി നിയമിച്ചു. അമിനുല്‍ ഇസ്ലാമിന്റെ നേതൃത്വത്തിലുള്ള ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.

◾  ആഗോളതലത്തില്‍ വിമാന ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍, ആഭ്യന്തര-അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്കുള്ള ഫ്യുവല്‍ സര്‍ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ എയര്‍ ഇന്ത്യ. പരിഷ്‌കരിച്ച നിരക്കുകള്‍ ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തില്‍ വരും. ആഭ്യന്തര റൂട്ടുകളില്‍ 500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 299 രൂപയും, 501 മുതല്‍ 1,000 കിലോമീറ്റര്‍ വരെ 399 രൂപയും ഫ്യുവല്‍ സര്‍ചാര്‍ജ് നല്‍കണം. 2,000 കിലോമീറ്ററിന് മുകളിലുള്ള റൂട്ടുകളില്‍ 899 രൂപ വരെയാണ് അധികമായി നല്‍കേണ്ടി വരിക. അന്താരാഷ്ട്ര റൂട്ടുകളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് 50 ഡോളറും, സിംഗപ്പൂരിലേക്ക് 60 ഡോളറും സര്‍ചാര്‍ജ് നല്‍കണം. നോര്‍ത്ത് അമേരിക്ക, ഓസ്ട്രേലിയ റൂട്ടുകളില്‍ 280 ഡോളര്‍ ഈടാക്കും. യൂറോപ്പ്, യുകെ റൂട്ടുകളിലേക്ക് 205 ഡോളറാണ് അധിക നിരക്ക്. ഏപ്രില്‍ 8 ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവരെ ഈ വര്‍ദ്ധന ബാധിക്കില്ല, എന്നാല്‍ യാത്രയുടെ തീയതിയോ റൂട്ടോ മാറ്റുകയാണെങ്കില്‍ പുതിയ നിരക്ക് ബാധകമാകും.

◾  ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ ഫീച്ചറുമായി പേടിഎം. യുപിഐ പേയ്‌മെന്റുകള്‍ അപ്രൂവ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് ഐഡി ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍. ഇനി ഓരോ ഇടപാടിനും ഉപയോക്താക്കള്‍ക്ക് പിന്‍ ടൈപ്പ് ചെയ്യേണ്ട ആവശ്യമില്ല. വേഗത്തില്‍ ടാപ്പ് ചെയ്യുകയോ അല്ലെങ്കില്‍ ഫേസ് ഡിറ്റക്ഷന്‍ ഉപയോഗിച്ചും ഇടപാടുകള്‍ പൂര്‍ത്തിയാക്കാം. ഏപ്രില്‍ 1 മുതല്‍ റിസര്‍വ് ബാങ്ക് പുതിയ ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് പേയ്‌മെന്റുകള്‍ സുഗമവും കൂടുതല്‍ സുരക്ഷിതവുമാക്കുന്നതിനായി പേടിഎം ഈ അപ്‌ഡേറ്റ് പുറത്തിറക്കിയത്. യുപിഐ പേയ്‌മെന്റുകള്‍ക്കായുള്ള പേടിഎംന്റെ ബയോമെട്രിക് ഓതന്റിക്കേഷന്‍ ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില്‍ സപ്പോര്‍ട്ട് ചെയ്യും.

◾  ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമാസ്വാദകരുടെ കണ്ണും മനവും നിറച്ച സിനിമയായി മാറിയിരിക്കുകയാണ് 'വാഴ 2'. ഒരുകൂട്ടം സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കൊപ്പം സീനിയര്‍ താരങ്ങളും ഒന്നിച്ചെത്തി ഞെട്ടിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ തേരോട്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആദ്യദിനം കേരളത്തില്‍ നിന്നുമാത്രം 5 കോടിയിലധികം രൂപ നേടിയ ചിത്രം അഞ്ചാം ദിനം എത്തുമ്പോള്‍, ആഗോളതലത്തില്‍ 100 കോടി രൂപയുടെ അടുത്തേക്ക് കുതിക്കുന്നു. വാഴ 2ന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയ വിവരം പ്രകാരം ചിത്രം 80 കോടി രൂപ ആഗോള തലത്തില്‍ നേടി. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തിലാണ് ചിത്രത്തിന്റെ ഈ നേട്ടം. അധികം വൈകാതെ വാഴ 2, 100 കോടി ക്ലബ്ബിലും ഇടം നേടുമെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ 2026ലെ രണ്ടാമത്തെ 100 കോടി ക്ലബ്ബാകും വാഴ 2. ആട് 3 ആണ് ഈ വര്‍ഷം ആദ്യം 100 കോടി രൂപ നേടിയത്. അഞ്ച് ദിവസത്തില്‍ 33.95 കോടി രൂപയാണ് കേരളത്തില്‍ നിന്നു നേടിയിരിക്കുന്നത്.

◾  2016ല്‍ പുറത്തിറങ്ങിയ തന്റെ കന്നി ചിത്രം 'ഹാപ്പി വെഡ്ഡിങ്ങി'ന് രണ്ടാംഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ആദ്യഭാഗത്തിന്റെ അതേ ഴോണറില്‍ തന്നെയൊരുങ്ങുന്ന ചിത്രം ഉടന്‍ വരുമെന്ന് ഒമര്‍ ലുലു സാമൂഹികമാധ്യമങ്ങള്‍ വഴി അറിയിച്ചു. പിന്നീട് ആആറ് സിനിമകള്‍ സംവിധാനം ചെയ്തെങ്കിലും, ഒമര്‍ ലുലുവിന്റെ കരിയര്‍ ബെസ്റ്റ് എന്ന് വിശേഷിപ്പക്കപ്പെട്ട ചിത്രമാണ് 'ഹാപ്പി വെഡ്ഡിങ്'. സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരായിരുന്നു 'ഹാപ്പി വെഡ്ഡിങ്ങി'ലെ പ്രധാന താരങ്ങള്‍. മനീഷ് കെ.സിയും പ്രനീഷും ചേര്‍ന്നെഴുതിയ ചിത്രം നിര്‍മിച്ചത് നാസര്‍ അലിയായിരുന്നു. സിനു സിദ്ധാര്‍ഥ് ഛായാഗ്രാഹകനായ ചിത്രത്തിന് അരുണ്‍ മുരളീധരന്‍ സംഗീതവും വിമല്‍ ടി.കെ. പശ്ചാത്തലസംഗീതവുമൊരുക്കി. ദൃശ്യ രഘുനാഥ് ആയിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്. അനു സിത്താര, ഗ്രേസ് ആന്റണി, മെറീന മൈക്കിള്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടു.

◾  റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഏപ്രില്‍ 10ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഫ്ലൈയിങ് ഫ്ലീ എന്ന പേരിലുള്ള പുതിയ മോട്ടോര്‍സൈക്കിള്‍ നിരവധി നൂതന സാങ്കേതികവിദ്യകളും ഫീച്ചറുകളുമായാണ് വിപണിയില്‍ എത്തുന്നത്. 15.4കിലോവാട്ട് പിഎംഎസ്എം ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്ത് പകരുന്നത്. ഇതിന് വെറും 3.7 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും പരമാവധി 115 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനും സാധിക്കും. 3.91 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 154 കിലോമീറ്റര്‍ റേഞ്ച് മോട്ടോര്‍ സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നു. ഏകദേശം 65 മിനിറ്റിനുള്ളില്‍ ബൈക്കിന്റെ ബാറ്ററിയുടെ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇതിന് കഴിയുന്ന ഓണ്‍ബോര്‍ഡ് ചാര്‍ജറും റോയല്‍ എന്‍ഫീല്‍ഡ് ഇതില്‍ നല്‍കിയിട്ടുണ്ട്. ഇതിന് വിപണിയില്‍ ഉയര്‍ന്ന വില പ്രതീക്ഷിക്കാം.

◾  പണ്ടുകാലത്ത് ക്ഷേത്രങ്ങളിലേക്കും കൊട്ടാരങ്ങളിലേക്കുമെല്ലാം സുരക്ഷാവശ്യങ്ങള്‍ക്കും മറ്റും തുരങ്കങ്ങള്‍ നിര്‍മ്മിച്ചിരുന്നു. അത്തരത്തില്‍ തുരങ്കങ്ങള്‍ നിര്‍മ്മിച്ചിരുന്ന തുരങ്കന്മാരുടെ കഥയാണ് ദീപു എഴുതിയ തുരങ്കം എന്ന നോവലിലുള്ളത്. കേമനായ കോമന്‍തുരങ്കനില്‍നിന്ന് തുടങ്ങി ഈ തലമുറയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ പാടലന്‍ വരെയുള്ളവരുടെ ജീവിതവും അവരുടെ ജീവിതത്തിലുണ്ടായ വഴിത്തിരിവുകളും ചരിത്രവും സങ്കല്‍പ്പവും ഇഴചേര്‍ത്തൊഴുക്കിയിരിക്കുന്നു. 'തുരങ്കം'. ദീപു. ഡിസി ബുക്‌സ്. വില 225 രൂപ.

◾  ജോലി, യാത്രകളുടെ രീതി എന്നിവ ഇന്ത്യയിലെ നഗരവാസികളില്‍ അമിത വണ്ണത്തിന് പ്രധാന കാരണമാകുന്നെന്ന് പഠനം. ദീര്‍ഘനേരം ഇരുന്നുകൊണ്ടുള്ള ജോലി, വാഹനയാത്ര, പാക്കേജ് ഭക്ഷണത്തിന്റെ ലഭ്യത എന്നിവ രാജ്യത്തെ മെട്രോ നഗരവാസികളായ പുരുഷന്‍മാരിലും സ്ത്രീകളിലും അമിതവണ്ണത്തിന് കാരണമാകുന്നു. ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ വന്‍ നഗരങ്ങള്‍ അമിത വണ്ണത്തിന്റെ ഹോട്ട് സ്പോട്ടുകളായി മാറിയിട്ടുണ്ടെന്നും നേച്ചര്‍-സയന്റിഫിക് റിപ്പോര്‍ട്ട്‌സില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. രാജ്യവ്യാപകമായി ജനങ്ങളില്‍ അമിതവണ്ണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ ഭൂമിശാത്രപരവും ലിംഗഭേദവും അനുസരിച്ച് വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു എന്നാണ് പഠനം പറയുന്നത്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ 5 (20192021) പ്രകാരം ഇന്ത്യയിലെ 15-49 വയസ്സ് പ്രായമുള്ള സ്ത്രീകളില്‍ പകുതിയിലധികം പേര്‍ക്കും (56.6%) കുടവയറുണ്ട്. 15-54 വയസ്സ് പ്രായമുള്ള പുരുഷന്മാരില്‍ പകുതിയിലധികം പേര്‍ക്കും (48.9%) കുടവയര്‍ ഉണ്ടെന്നും പഠനം പറയുന്നു. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇന്ത്യക്കാരില്‍ വര്‍ധിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ അമിതവണ്ണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുടെ സൂചനയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ശുഭദിനം.
Previous Post Next Post
3/TECH/col-right