Trending

സായാഹ്ന വാര്‍ത്തകള്‍.

2026  ഏപ്രില്‍ 7  ചൊവ്വ
1201  മീനം 24  തൃക്കേട്ട

◾  സംസ്ഥാനത്ത് പരസ്യ പ്രചരണം ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിക്കും. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂര്‍ മുമ്പ് പാലിക്കേണ്ട കര്‍ശനമായ നിയന്ത്രണങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കര്‍. പുറപ്പെടുവിച്ചു.

◾  തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരുടെയും പോളിംഗ് സംവിധാനങ്ങളുടെയും കണക്ക് പുറത്തുവിട്ട് രത്തന്‍ യു ഖേല്‍ക്കര്‍. പോളിംഗ് ദിനമായ ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിനായി 30,471 പോളിംഗ് സ്റ്റേഷനുകളും 24 ഓക്‌സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

◾  പാലക്കാട് ജില്ലയില്‍ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങള്‍ കുറവാണെന്ന പരാതിയുമായി എന്‍ജിഒ അസോസിയേഷന്‍. കഴിഞ്ഞ തവണ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യാന്‍ 12 കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഈ തവണ വെറും 3 കേന്ദ്രങ്ങള്‍ മാത്രമേ ഉള്ളൂ എന്നുമാണ് പരാതി.

◾  ആദ്യ പിണറായി മന്ത്രിസഭയിലെ ജലസേചന മന്ത്രിയായിരുന്ന മാത്യു ടി തോമസിനെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യ നിര്‍മിതമായിരുന്നുവെന്നും  മാത്യു ടി തോമസ് സ്വകാര്യ കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ സംസ്ഥാനത്തെ കുരുതി കൊടുത്തെന്നുമാണ് മാത്യു കുഴല്‍ നാടന്റെ ആരോപണം. ആരോപണത്തിന് തെളിവായി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടു.

◾  മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ശബ്ദസന്ദേശം തന്റേതല്ലെന്നും എഐ ആണോയെന്ന് സംശയുണ്ടെന്നും ഇന്ന് തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും കെ കൃഷ്ണന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആരോപണമാണെന്നും മാത്യു ടി തോമസിനെ മോശക്കാരനാക്കാനാണ് ഇതെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ആരോപണം മാത്യു ടി തോമസും നിഷേധിച്ചു.

◾  സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സിപിഎം ബിജെപി ഡീല്‍ ആരോപണം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു.

◾  കെ സുധാകരന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമെന്നും തന്റെ പേരിലും കത്ത് പ്രചരിക്കുന്നുണ്ടെന്നും ഇതിനു പിന്നില്‍ സിപിഎം എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. താന്‍ രാഷ്ട്രീയ വനവാസത്തിന് പോകരുതെന്നാണ് ആഗ്രഹമെന്ന കെ സുധാകരന്റെ പ്രസ്താവന സ്നേഹ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു.

◾  തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം സിപിഎമ്മില്‍ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല. സിപിഎമ്മില്‍ സാധാരണ ഉണ്ടാകാത്ത പ്രതിസന്ധിയാണ് ഇത്തവണ ഉണ്ടായത്.  സാധാരണ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ പോലും സര്‍ക്കാരിനെതിരാണ്. മുഖ്യമന്ത്രി സ്വന്തം പ്രോഗ്രാം റിപ്പോര്‍ട്ട് ഇറക്കി. ജനങ്ങള്‍ സര്‍ക്കാരിന് ഒരു പ്രോഗ്രസ് റിപ്പോര്‍ട്ടും നല്‍കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

◾  തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി എന്ന നിലയില്‍ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും അദ്ദേഹം അത് കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. രേവന്ത് റെഡ്ഡി നേരത്തെ മുഖ്യമന്ത്രി നീ പോ മോനേ വിജയാ എന്ന് വിളിച്ചിരുന്നു.

◾  തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ഡാഷ് മോന്‍ പരാമര്‍ശത്തില്‍ പ്രതികരിച്ച് വിഡി സതീശന്‍. ഒന്നൂകൂടെ ചോദിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി ആ ഡാഷും കൂടി പൂരിപ്പിച്ചേനേയെന്നും ദൈവമേ അങ്ങനെയായിരുന്നെങ്കില്‍ കേരളത്തിനത് എന്ത് നാണക്കേടാകുമായിരുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.

◾  എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. എസ്ഡിപിഐ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത്തരം മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് നല്‍കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ലത്തീഫ് പറഞ്ഞു.

◾  ഡബിള്‍ ലോക്കും താക്കോലും പറയുന്നവര്‍ക്ക് അഹങ്കാരമാണെന്നും നേമത്ത് ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും രാജീവ് ചന്ദ്രശേഖര്‍. നേമത്തെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ശിവന്‍കുട്ടി വലിയ നേതാവാണെന്നും മന്ത്രിയാണെന്നും മാങ്ങയാണെന്നും ചക്കയാണെന്നുമൊക്കെയാണല്ലോ പറയുന്നതെന്നും അങ്ങനെയെങ്കില്‍ വിവാദം ഉണ്ടാക്കാതെ വികസനം ചര്‍ച്ച ചെയ്യട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

◾  താനൂരിനെ പാക്കിസ്ഥാനോട് ഉപമിച്ച് മന്ത്രി വി. അബ്ദുറഹ്‌മാന്‍. താനൂരില്‍ രണ്ട് മാച്ചുകള്‍ നമ്മള്‍ കളിച്ചു. അത് പാകിസ്ഥാനിലായിരുന്നു. രണ്ടിലും അവരെ തോല്‍പ്പിച്ചു. ഇനി മൂന്നാമത്തെ മാച്ച്, അത് ഹോം ഗ്രൗണ്ടില്‍ ആണെന്നായിരുന്നു വി. അബ്ദുറഹ്‌മാന്റെ പരാമര്‍ശം. പിന്നാലെ  വി. അബ്ദുറഹ്‌മാന്‍ താനൂരിനെ അവഹേളിച്ചെന്ന് മുസ്ലിം ലീഗ് വിമര്‍ശിച്ചു.

◾  സിപിഎമ്മിനെ വിമര്‍ശിച്ച് ഒറ്റപ്പാലത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ മേജര്‍ രവി. ഒറ്റപ്പാലത്തെ മുന്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് പി കെ ശശി 50 ലക്ഷം ഓഫര്‍ ചെയ്‌തെന്ന സിപിഎമ്മിന്റെ ആരോപണം ഡേര്‍ട്ടി പൊളിറ്റിക്‌സാണെന്നാണ് മേജര്‍ രവിയുടെ വിമര്‍ശനം.

◾  തന്റെ ജയം ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞെന്നും കൊട്ടാരക്കരയില്‍ വിസ്മയം ഉണ്ടാകുമെന്നും അയിഷാ പോറ്റി. തനിക്കെതിരായ വ്യക്തി അധിക്ഷേപം പിള്ളേരുടെ അറിവുകേടാണെന്നും,  താന്‍ രാഷ്ട്രീയ വഞ്ചന നടത്തിയിട്ടില്ലെന്നും  രാഷ്ട്രീയ വഞ്ചന നടത്തിയതിന്റെ കുറ്റബോധം സിപിഎമ്മിനെ ബാധിക്കുമെന്നും അയിഷ പോറ്റി പറഞ്ഞു.

◾  ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍. യുവതീ പ്രവേശനം അനുവദിച്ചാല്‍ ആരാധനാ സ്വഭാവം മാറുമെന്ന് വാദം. വിശ്വാസ വിഷയത്തില്‍ കോടതികള്‍ ഇടപെടരുതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ വാദങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതി നല്‍കി. യുവതീ പ്രവേശന ഹര്‍ജികളില്‍ വിശാല ഭരണഘടനാ ബെഞ്ചില്‍ ഇന്നുമുതല്‍ വാദം കേള്‍ക്കും.

◾  മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിഎ മാധവനുണ്ടായ അപകടം ദുരൂഹമാണെന്ന് മകന്‍ സമീര്‍ എം നായര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മകന്‍ പൊലീസില്‍ പരാതി നല്‍കി. സംഘടനയ്ക്കുള്ളിലെ പ്രശ്‌നങ്ങളാണ് വാഹനം ഇടിച്ചതിന് കാരണമെന്നും വാഹനാപകടം നടക്കുന്ന സമയത്ത് പിഎ മാധവന്‍ മണലൂര്‍ മണ്ഡലത്തിന്റെ ചുമതലക്കാരനായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

◾  പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. പാപ്പാന്‍ രാമന്‍ ആണ് മരിച്ചത്. കൊല്ലങ്കോട് ഗോവിന്ദന്‍ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. തടുക്കശ്ശേരി നാഗന്‍ കുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്.

◾  വൈക്കത്ത് തലയാഴം സിപിഐ ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു. സിപിഐക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടശേഷമാണ് കര്‍ഷകനായ പുളിക്കാശേരി ചെല്ലപ്പനാണ് ജീവനൊടുക്കിയത്. കൃഷിയുമായി മുന്നോട്ടു പോകാന്‍ സിപിഐ തടസം നിന്നെന്നും, എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സിപിഐ ആണെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റ്.

◾  തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. 234 മണ്ഡലങ്ങളിലുമായി 4574 പത്രികകളാണ് സമര്‍പ്പിയ്ക്കപ്പെട്ടത്. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിയ്ക്കും.

◾  സംഘര്‍ഷം, സൈനിക നടപടികള്‍, മിസൈല്‍ ആക്രമണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് കുവൈത്തിലെ സൈബര്‍ക്രൈം വിഭാഗം മുന്നറിയിപ്പ് നല്‍കി.  ഇത്തരം ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കുവൈത്ത് നിയമപ്രകാരം നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് സൈബര്‍ക്രൈം വിഭാഗം അറിയിച്ചു.

◾  എയര്‍ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ രാജിവച്ചതായി റിപ്പോര്‍ട്ട്. രാജി സന്നദ്ധത പ്രകടിപ്പിച്ചതായും തന്റെ തീരുമാനം എയര്‍ലൈന്‍ ബോര്‍ഡിനെ ഔദ്യോഗികമായി അറിയിച്ചതായും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ലൈന്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.

◾  മണിപ്പൂരില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ വീടിന് നേരെയുണ്ടായ ബോംബേറില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. വീട്ടില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങികിടക്കുകയായിരുന്ന അഞ്ച് വയസ്സുകാരനും ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് മരിച്ചത്.  ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്രാങ് ട്രോങ്‌ലാവോബിയിലെ ജനവാസ മേഖലയിലേക്കാണ് ബോംബേറുണ്ടായത്.

◾  എല്‍പിജി ക്ഷാമം രൂക്ഷമായതിന് പിന്നാലെ തൊഴിലാളികള്‍ക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രം. ദില്ലിയടക്കം പ്രധാന നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ ഭക്ഷണം പാചകം ചെയ്യാന്‍ സിലിണ്ടര്‍ കിട്ടാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് പലായനം തുടങ്ങിയിരുന്നു. ഇത് വ്യവസായ ശാലകളിലടക്കം വലിയ പ്രതിസന്ധിയായതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍.

◾  ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മുജ്തബ ഖമനെയി ഭരണ നിര്‍വ്വഹണത്തിന് കഴിയാത്ത വിധം അശക്തനാണെന്നും കോം നഗരത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകള്‍.

◾  ട്രംപിന്റെ കടുത്ത ഭീഷണിക്കിടയിലും ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. സൗദിയിലെ ഊര്‍ജ കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ മിസൈല്‍ അവശിഷ്ടം വീണു. ഇതിനിടെ ഹോര്‍മൂസില്‍ ബഹ്‌റൈന്‍ മുന്നോട്ട് വെച്ച പ്രമേയത്തില്‍ യുഎന്നില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. മിസൈല്‍ അവശിഷ്ടങ്ങള്‍ വീണതിനെ തുടര്‍ന്നുള്ള നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്.

◾  ഇറാനിലെ വൈദ്യുതി നിലയങ്ങള്‍ക്ക് ചുറ്റും അണിനിരക്കാന്‍ പൗരന്മാരോട് ആഹ്വാനം ചെയ്ത് ഇറാന്‍ കായിക യുവജന മന്ത്രാലയം ഉപ മന്ത്രി അലിറേസ റഹീമി.  ഉച്ചയ്ക്ക് 2 മണിക്ക് രാജ്യത്തുടനീളമുള്ള വൈദ്യുതി നിലയങ്ങള്‍ക്ക് മുന്നില്‍ യുവാക്കളും കലാകാരന്മാരും കായികതാരങ്ങളും ഉള്‍പ്പടെയുള്ളവര്‍ മനുഷ്യച്ചങ്ങല തീര്‍ക്കണമെന്നാണ് അലിറേസ റഹീമി ആവശ്യപ്പെട്ടിരിക്കുന്നത്.

◾  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി പരിഹസിച്ച് തള്ളി ഇറാന്‍. ട്രംപിന്റേത് ഭ്രാന്തന്‍ പരാമര്‍ശങ്ങളാണെന്നും വീണ്ടുവിചാരമില്ലാത്ത ഭീഷണികള്‍ അമേരിക്കയുടെ അപമാനം ഇല്ലാതാക്കില്ലെന്നും ഇറാന്‍ സൈനിക നേതൃത്വം പരിഹസിച്ചു.  

◾  2025-26 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കല്യാണ്‍ ജുവലേഴ്‌സിന്റെ ഏകീകൃത വരുമാനത്തില്‍ 64 ശതമാനത്തിന്റെ വര്‍ധന. പ്രധാന വിപണികളിലെല്ലാം സെയിം സ്റ്റോര്‍ സെയില്‍സ് ഗ്രോത്ത് 45 ശതമാനത്തിന് മുകളിലായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ബിസിനസ് വരുമാനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 43 ശതമാനം വര്‍ധനവുണ്ടായി. രാജ്യാന്തര പ്രവര്‍ത്തനങ്ങളിലെ വരുമാന വളര്‍ച്ചയും 45 ശതമാനമായി. മിഡില്‍ ഈസ്റ്റ് മേഖലയില്‍ മാത്രം ഏകദേശം 39 ശതമാനം വരുമാന വളര്‍ച്ച നേടി. കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസ് 33 ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തി. ആകെ വരുമാനത്തിന്റെ 11 ശതമാനവും അന്താരാഷ്ട്ര ബിസിനസില്‍ നിന്നാണ്. ഡിജിറ്റല്‍ ജ്വല്ലറി പ്ലാറ്റ്ഫോമായ കാന്‍ഡിയറും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ പാദത്തില്‍ 360 ശതമാനത്തിലധികം വരുമാന വളര്‍ച്ച നേടി. മുഴുവന്‍ വര്‍ഷത്തെ കണക്കെടുത്താല്‍ കാന്‍ഡിയര്‍ 160 ശതമാനം വരുമാന വളര്‍ച്ചയാണ് കൈവരിച്ചത്.

◾  ഇന്ത്യന്‍ ഐടി സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ വിപ്രോ, സിംഗപ്പൂര്‍ ആസ്ഥാനമായ ഐടി-ഡിജിറ്റല്‍ സര്‍വീസ് കമ്പനിയായ മൈന്‍ഡ്‌സ്പ്രിന്റിനെ 375 മില്യണ്‍ ഡോളറിന് (ഏകദേശം 3,400 കോടി രൂപ)ക്ക് ഏറ്റെടുക്കാന്‍ കരാര്‍ ഒപ്പുവച്ചു. ഈ ഇടപാട് ഓളം ഗ്രൂപ്പുമായി ഒപ്പുവച്ച വലിയ തന്ത്രപരമായ കരാറിന്റെ ഭാഗമാണ്. സിംഗപ്പൂരിലെ പ്രമുഖ ഭക്ഷ്യ-കൃഷി വ്യവസായ കമ്പനിയായ ഓളം ഗ്രൂപ്പുമായി വിപ്രോ എട്ട് വര്‍ഷത്തെ തന്ത്രപരമായ ഐടി ട്രാന്‍സ്‌ഫോര്‍മേഷന്‍ കരാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ കരാറിന്റെ ആകെ മൂല്യം 1 ബില്യണ്‍ ഡോളര്‍ (9,000 കോടി രൂപ) കവിയും. 2007ല്‍ സ്ഥാപിതമായ മൈന്‍ഡ്‌സ്പ്രിന്റ് ഓളം ഗ്രൂപ്പിന്റെ ഐടി, ഡിജിറ്റല്‍ സര്‍വീസ് വിഭാഗമാണ്. 2025ല്‍ കമ്പനി ഏകദേശം 135.6 മില്യണ്‍ ഡോളര്‍ വരുമാനം നേടി. ഫുഡ്, അഗ്രിബിസിനസ്, സപ്ലൈ ചെയിന്‍, സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനാലിറ്റിക്‌സ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സേവനങ്ങള്‍. 2026 ജൂണ്‍ 30ഓടെ ഇടപാട് പൂര്‍ത്തിയാകും.

◾  മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഷെയ്ന്‍ നിഗം പോലീസ് യൂണിഫോമില്‍ വീണ്ടുമെത്തുന്ന 'ദൃഢം' സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. വേറിട്ട പോലീസ് കഥാപാത്രമായി ഷെയ്ന്‍ എത്തുന്നതാണ് ചിത്രം. ഒരു വ്യക്തിയുടെ തികച്ചും റിയലിസ്റ്റിക്കായ യാത്രയെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലളിതവും സത്യസന്ധവുമായ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഷോബി തിലകന്‍, കോട്ടയം രമേഷ്, ദിനേശ് പ്രഭാകര്‍, നന്ദന്‍ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, മാത്യു വര്‍ഗീസ്, ജോജി കെ. ജോണ്‍, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ഒരുമിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥ- തിരക്കഥ- സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ എന്നിവര്‍ ചേര്‍ന്നാണ്. നവാഗതനായ മാര്‍ട്ടിന്‍ ജോസഫാണ് സംവിധാനം നിര്‍വഹിക്കുന്നത്.

◾  ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം 'അതിരടി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ബേസില്‍, ടൊവിനോ, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റിയ ഷിബു, സരിന്‍ ഷിഹാബ് എന്നിവരും ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന്റെ ഭാഗമാണ്. ചിത്രം മേയ് 14-ന് ആഗോളറിലീസായെത്തും. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാര്‍ഥിയായാണ് ബേസില്‍ ചിത്രത്തിലഭിനയിക്കുന്നത്. ശ്രീക്കുട്ടന്‍ വെള്ളായണി എന്ന ഗായകനായി ടൊവിനോ തോമസ് എത്തുമ്പോള്‍, വിനീത് ശ്രീനിവാസന്‍ ആയി തന്നെയാണ് വിനീത് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിലെ നായികയായ റിയ ഷിബുവിന്റെ കഥാപാത്രത്തിന്റെ പേര് സ്വാതി ആര്‍. കൃഷ്ണ എന്നാണ്. സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനും ചിത്രത്തില്‍ വേഷമിടുന്നു.

◾  വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് മൂന്നാമത്തെ മോഡലും പ്രഖ്യാപിച്ചിരിക്കുകയാണ്. കോംപാക്ട് എസ്യുവി മോഡലായ വിഎഫ്6, മിഡ് സൈസ് എസ്യുവിയായ വിഎഫ് 7 എന്നീ മോഡലുകളുമായായിരുന്നു വിന്‍ഫാസ്റ്റിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനം. എന്നാല്‍, ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് ഒരു സെവന്‍ സീറ്റര്‍ എംപിവിയാണ്. വിഎഫ് എംപിവി 7 എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം ഏപ്രില്‍ 15-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഈ വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. 60.13 കിലോവാട്ട് ബാറ്ററി പാക്കാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഒറ്റത്തവണ ചാര്‍ജില്‍ 450 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്ന 201 എച്ച്പി പവറും 280 എന്‍എം ടോര്‍ക്കുമേകാന്‍ സാധിക്കുന്ന ഇലക്ട്രിക് മോട്ടോറാണ്. മുന്നിലെ ആക്‌സിലില്‍ മോട്ടോര്‍ ഘടിപ്പിച്ചിരിക്കുന്ന ഈ വാഹനം കേവലം 10 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

◾  ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനമായൊരു ഘട്ടമായ ആര്‍ത്തവവിരാമത്തിലേക്കുള്ള യാത്രയുടെ ആത്മപരിശോധനയാണ് ഈ പുസ്തകം. തന്റെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ പെരിമെനോപോസ് കാലഘട്ടത്തില്‍ ശരീരത്തിലും മനസ്സിലും സംഭവിക്കുന്ന മാറ്റങ്ങളെ ലെന തുറന്നു പങ്കുവെയ്ക്കുന്നു. ഹോര്‍മോണുകളിലെ മാറ്റങ്ങള്‍, മാനസിക ബുദ്ധിമുട്ടുകള്‍, ശരീരത്തിലെ വ്യത്യാസങ്ങള്‍ എന്നിവയെ ഭയപ്പെടാതെ മനസ്സിലാക്കുകയും അതിനോട് ഇണങ്ങിക്കഴിയാനുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്യാന്‍ ലെന ഈ പുസ്തകത്തില്‍ പറയുന്നു. ഇത് പ്രശ്നങ്ങള്‍ നിറഞ്ഞൊരു യാത്രയല്ല; മറിച്ച് ഒരു സ്ത്രീയുടെ ജീവിതത്തിലെ സ്വാഭാവികമായ മാറ്റവും ആത്മബോധത്തിലേക്കുള്ള ഒരു വഴിയും ആണ്. ഈ ഘട്ടത്തില്‍ സ്ത്രീകള്‍ നേരിടുന്ന മാറ്റങ്ങളെ അവരുടെ പങ്കാളികള്‍ക്കും മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു പുസ്തകമാണിത്. 'വിമനോപോസ്'. ലെന കുമാര്‍. ഡിസിബുക്സ്. വില 275 രൂപ.

◾  മരങ്ങളും പച്ചപ്പും നിലനിര്‍ത്തിയാല്‍ നഗരങ്ങളില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ മൂലം ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കുറവാണെന്നാണ് ഗവേഷകര്‍ ശരിവയ്ക്കുന്നു. പച്ചപ്പ് കൂടും തോറും ഗുണഫലങ്ങളും വര്‍ധിക്കുന്നു. നമ്മള്‍ താമസിക്കുന്നിടത്ത് കൂടുതല്‍ പച്ചപ്പും പ്രകൃതിയും ഉണ്ടെങ്കില്‍ മാനസിക സമ്മര്‍ദ്ദം കുറയും. അങ്ങനെയുള്ള സ്ഥലങ്ങളില്‍, മാനസികരോഗങ്ങള്‍ക്ക് വേണ്ടി ആശുപത്രിയില്‍ പോകേണ്ടി വരുന്നവരുടെ എണ്ണം ഏഴ് ശതമാനം കുറവാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ഗുരുതര രോഗങ്ങള്‍ ഉള്ളവരില്‍ ഒമ്പത് ശതമാനം വരെയും, സൈക്കോട്ടിക് ഡിസോഡര്‍ ഉള്ളവരില്‍ എഴ് ശതമാനം വരെയും, ഡിമെന്‍ഷ്യ രോഗികളില്‍ ആറ് ശതമാനം വരെയും ആശുപത്രി വാസത്തില്‍ കുറവുണ്ടായെന്നാണ് കണക്കാക്കുന്നത്. നഗരത്തില്‍ മാത്രം കൂടുതല്‍ പച്ചപ്പ് ഉറപ്പാക്കുമ്പോള്‍ പ്രതിവര്‍ഷം ഏകദേശം 7,712 സൈക്യാട്രിക് അഡ്മിഷനുകള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. നഗരങ്ങളില്‍ പാര്‍ക്കുകളുടെയും നടപ്പാതകളുടെയും സുരക്ഷയും ലഭ്യതയും അനുസരിച്ച് ഫലങ്ങളില്‍ മാറ്റം വരാമെന്നും പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 92.86, പൗണ്ട് - 122.86, യൂറോ - 107.27, സ്വിസ് ഫ്രാങ്ക് - 116.21, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 64.26, ബഹറിന്‍ ദിനാര്‍ - 246.14, കുവൈത്ത് ദിനാര്‍ -300.04, ഒമാനി റിയാല്‍ - 241.69, സൗദി റിയാല്‍ - 24.75, യു.എ.ഇ ദിര്‍ഹം - 25.31, ഖത്തര്‍ റിയാല്‍ - 25.49, കനേഡിയന്‍ ഡോളര്‍ - 66.76.
Previous Post Next Post
3/TECH/col-right