2026 | ഏപ്രില്‍ 8 | ബുധന്‍
1201 | മീനം 25 | മൂലം
◾ ഇറാനും അമേരിക്കയും തമ്മില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍. ഇന്നു പുലര്‍ച്ചയോടെ ഇറാനെ തകര്‍ക്കുമെന്നു ഭീഷണി മുഴക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്തന്നെയാണ് വെടിനിര്‍ത്തല്‍ വിശേഷം ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തത്. തൊട്ടുപിറകേ, വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ച് ഇറാനും രംഗത്തെത്തി. ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം അടക്കം ഇറാന്റെ 10 ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഇതേസമയം, ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം ഇറാന്‍ വിടണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വെടിനിറുത്തല്‍ പ്രഖ്യാപിച്ചതോടെ ക്രൂഡ് ഓയില്‍ വില കുറഞ്ഞു. ഓഹരി വിപണിയില്‍ ഉണര്‍വ്.
◾ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു വോട്ടെടുപ്പിനു കളമൊരുങ്ങി. ഇലക്ട്രോണിക് വോട്ടെടുപ്പു യന്ത്രങ്ങളും പോളിംഗ് സാമഗ്രികളും ഏറ്റുവാങ്ങി പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പു കേന്ദ്രങ്ങളില്‍ എത്തി. നാളെ രാവിലെ ഏഴു മുതലാണു വോട്ടെടുപ്പ്. പോളിംഗ് ബൂത്തുകളിലേക്കു മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. തിരിച്ചറിയല്‍ കാര്‍ഡും ബിഎല്‍ഒ വിതരണം ചെയ്ത സ്ലിപ്പും കൈയില്‍ കരുതണം. നിശബ്ദ പ്രചാരണവും ബൂത്തുകള്‍ക്കു നിശ്ചത ദൂരപരിധിയില്‍ തോരണങ്ങള്‍ ഒരുക്കലുമായി വിവിധ മുന്നണി പ്രവര്‍ത്തകര്‍.
◾ പാലക്കാട് ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്കു പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടു. കണ്ണാടി പഞ്ചായത്തില്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതുസംബന്ധിച്ച് പാലക്കാട് ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടു തേടി.
◾ പാലക്കാട്ടെ വോട്ടര്‍ക്കു ബിജെപി പണം നല്‍കിയെന്ന ആരോപണത്തില്‍ വീഡിയോ ചിത്രീകരിച്ചയാളെ ഭീഷണിപ്പെടുത്തി ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. ഫോണില്‍ തന്റെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്താല്‍ അടിച്ചു കരണക്കുറ്റി പൊളിയ്ക്കുമെന്നു ഭീഷണിപ്പെടുത്തുന്ന വീഡിയോയും മാധ്യമങ്ങളില്‍.
◾ ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്നു വ്യാഖ്യാനിക്കാന്‍ കോടതിക്കാകുമെന്ന് സുപ്രീം കോടതി. ശബരിമലയിലെ ആചാരങ്ങള്‍ തീരുമാനിക്കാനും ദേവനെ സ്പര്‍ശിക്കാനും, പ്രത്യേക പരിജ്ഞാനവുമുള്ള തന്ത്രിമാര്‍ക്കു മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചപ്പോഴാണ് കോടതി ഇങ്ങനെ പ്രതികരിച്ചത്.
◾ ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തില്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതു തെറ്റാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്ന. സ്ത്രീകളെ മാസത്തില്‍ മൂന്ന് ദിവസം 'തൊട്ടുകൂടാത്തവരായി' കണക്കാക്കുന്നതു പ്രാകൃതമാണ്. ശബരിമലയില്‍ സത്രീകള്‍ക്കു ദര്‍ശനം അനുവദിക്കുന്നതു സംബന്ധിച്ച കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പത് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിലെ അംഗമാണ് ജസ്റ്റിസ് നാഗരത്ന.
◾ കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്ര പരിസരത്തിലുള്ള 31.8 സെന്റ് ഭൂമി സാംസ്‌കാരിക നിലയത്തിനായി നഗരസഭക്കു പാട്ടത്തിനു നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 20 ലെ റവന്യൂ വകുപ്പിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ഭാരവാഹികളായ വി സുരേഷ്, ഗോപാലകൃഷ്ണന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
◾ സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളിലുള്ള അംഗീകാരമില്ലാത്ത ക്യാമറ മാറ്റി സ്ഥാപിക്കാത്തവര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കില്ല. അനുവദിച്ച സമയം കഴിഞ്ഞെങ്കിലും ഇനി പുതിയ സര്‍ക്കാര്‍ വന്നശേഷമേ ഉത്തരവിറങ്ങൂ. അതുവരെ തല്‍സ്ഥിതി തുടരാം.
◾ പ്രളയം മനുഷ്യ നിര്‍മിതമാണെന്ന ആരോപണങ്ങള്‍ ആവര്‍ത്തിച്ച് മാത്യു കുഴല്‍നാടന്‍. 2019 മെയ് 31 ന് ജല വിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ വിശദാംശങ്ങള്‍ അദ്ദേഹം പുറത്തുവിട്ടു. മഴയെത്തും മുമ്പേ തോട്ടപ്പിള്ളി സ്പില്‍വേക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നുവെന്നും പ്രളയത്തേക്കാള്‍ സര്‍ക്കാരിന് പ്രധാന്യം കരിമണല്‍ ആണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
◾ 2018 ലെ പ്രളയം മനുഷ്യനിര്‍മിതമാണെന്ന മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ തള്ളി മന്ത്രി കെ കൃഷ്ണന്‍കുട്ടി. തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകളെല്ലാം തുറന്നിരുന്നുവെന്നും പിന്നെന്തിന് ആരോപണമെന്നും കെ കൃഷ്ണന്‍കുട്ടി ചോദിച്ചു.
◾ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണം സത്യത്തെ ഭയന്ന് യുഡിഎഫ് നടത്തുന്ന കള്ളപ്രചാരണമെന്ന് മുന്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്. ആരോപണം നനഞ്ഞ ബോംബ് പോലെ ആണെന്നും അദ്ദേഹം പറഞ്ഞു.
◾ തന്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഹീനമായ അപവാദ പ്രചാരണം നടത്തുകയാണെന്ന പരാതിയുമായി എം. ബി. രാജേഷ്. സാമൂഹിക മാധ്യമങ്ങളില്‍ പരിധിവിട്ട വ്യക്തിഹത്യയാണ് നടക്കുന്നത്. സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ നിയമപരമായി മുന്നോട്ടു നീങ്ങാന്‍ ഒരു ഐടി സെല്ലിനെയും അഭിഭാഷക സംഘത്തെയും നിയോഗിച്ചിരിക്കുകയാണ് രാജേഷ്.
◾ പോ മോനെ വിജയാ എന്നു പറഞ്ഞ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ പരിപ്പ് എടുക്കുമെന്ന് സിപിഎം നേതാവ് എം.വി. നികേഷ് കുമാര്‍. എന്നാല്‍, അച്ഛനെ കൊല്ലാന്‍ നടന്നവരുടെ പാളയത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന നികേഷ് കുമാര്‍ വിചാരിച്ചാല്‍ രേവന്ത് റെഡ്ഢിയുടെ പരിപ്പെടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗ്ഗീസ്.
◾ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ജോസ് കെ മാണി സീറ്റ് വിറ്റെന്നും പിറവം അടക്കം സീറ്റുകള്‍ക്കായി 9 കോടി രൂപ വാങ്ങിയെന്നും മാണി സി കാപ്പന്‍. കൊട്ടിക്കലാശത്തില്‍ മദ്യം കൊടുത്താണ് ആളുകളെ ഇറക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
◾ നേമം മണ്ഡലത്തില്‍ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയുടെ ഇലക്ഷന്‍ ഏജന്റ്. ആറ്റുകാല്‍ മേടമുക്കിലെ ബിജെപിയുടെ ബൂത്ത് ഓഫീസില്‍ നിന്നാണ് എക്സൈസ് മദ്യം പിടിച്ചത്. ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
◾ കുട്ടനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി റെജി ചെറിയാന്‍ വോട്ടര്‍മാര്‍ക്ക് പണം കൊടുക്കുന്നുവെന്ന ആരോപണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് കെ. തോമസ്.
◾ പാകിസ്ഥാന്‍ പരാമര്‍ശത്തിലൂടെ മന്ത്രി അബ്ദുറഹ്‌മാന്‍ താനൂരിനെ അപമാനിച്ചെന്ന് താനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. നവാസ്. താനൂരിലെ ജനങ്ങളെ അപമാനിച്ചതിനു ജനങ്ങള്‍ മറുപടി നല്‍കുമെന്നും നവാസ് പറഞ്ഞു.
◾ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കാലിക്കറ്റ് സര്‍വകലാശാല പബ്ലിക് റിലേഷന്‍സ് വകുപ്പ് താല്‍ക്കാലിക വീഡിയോഗ്രാഫര്‍ റിസ്വാന്‍ അമീറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വയനാട് ദുരിതാശ്വാസനിധിയിലേക്ക് പണം പിരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ വഞ്ചിച്ചു എന്ന വീഡിയോ തയാറാക്കി പ്രചരിപ്പിച്ചതിനാണ് നടപടി.
◾ കൊല്ലത്ത് യുഡിഎഫിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ വാഹനം ഓടിച്ച നയ്യാറ്റിന്‍കര സ്വദേശി ദേവനന്ദനെതിരെ കേസെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.
◾ വോട്ടു ചെയ്യാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ രഞ്ജിത്ത് കോടതിയില്‍. കേസ് ഇന്നുതന്നെ കോടതി പരിഗണിക്കും.
◾ ബലാത്സംഗ കേസില്‍ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മോന്‍സന്‍ മാവുങ്കല്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. വീട്ടുജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്തു എന്ന കുറ്റത്തിന് വിചാരണ നേരിടാനായിരുന്നു ഹൈക്കോടതി ഉത്തരവ്.
◾ കുടകില്‍ വനത്തില്‍ അകപ്പെട്ട മലയാളി യുവതിക്കെതിരെ പൊലീസ് അന്വേഷണം. നാദാപുരം സ്വദേശി ജിഎസ് ശരണ്യക്കെതിരെ നപോക്ലു പൊലീസ് സ്റ്റേഷനില്‍ കുടകിലെ ബിജെപി പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. പ്രശസ്തി നേടാനായി നടത്തിയ നാടകമാണെന്നാണ് പരാതി.
◾ വയനാട് പനമരത്ത് ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തിയിരുന്ന പുലി ചത്തു. വനംവകുപ്പ് വല ഉപയോഗിച്ചാണ് പുലിയെ പിടികൂടിയത്. പുലിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. മൂന്ന് ആടുകളെ പുലി കൊന്നിരുന്നു.
◾ വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പളം സ്വദേശി വിനോദ് ആണ് മരിച്ചത്. കേസില്‍ വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെട്ടതോടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം.
◾ അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി വി ശാന്തകുമാറിനെ കൊലക്കേസ് പ്രതിയാക്കി ചിത്രീകരിച്ചു ലഘുലേഖ വിതരണം ചെയ്ത മൂന്നു സിപിഐ പ്രവര്‍ത്തകര്‍ പിടിയിലായി. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ ചിറ്റയം ഗോപകുമാറും നേതാക്കളും കുത്തിയിരുപ്പു സമരം നടത്തി.
◾ പാലക്കാട് കിഴക്കഞ്ചേരി സ്വദേശിനിയായ നഴ്സ് ആലുവയില്‍ കുഴിമന്തി കഴിച്ചു കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. കിഴക്കഞ്ചേരി തട്ടാംകുളമ്പ് മുണ്ടപ്ലാക്കല്‍ ജോണിന്റെയും ജെസിയുടെയും മകള്‍ ലെന ജോണ്‍ (25) യാണ് മരിച്ചത്.
◾ പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ വാര്‍ഡില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍. കാസര്‍കോട് ബന്തടുക്ക തുടിയില്‍ വിനോദാണ് (46) മരിച്ചത്.
◾ സ്വര്‍ണ വിലയില്‍ വര്‍ധന. ഒരു ഗ്രാമിന് 365 രൂപ വര്‍ധിച്ച് 14,100 രൂപയായി. പവന് 1,12,800 രൂപയാണു വില. ഒരു പവന് വര്‍ധിച്ചത് 2920 രൂപയാണ്.
◾ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി അന്തരിച്ചു. 94 വയസ്സായിരുന്നു. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ നിരവധി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
◾ തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെ.യുടെ നിയമസഭാ സ്ഥാനാര്‍ത്ഥിയായ ലോട്ടറി വ്യവസായ രാജാവ് സാന്‍ഡിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമയുടെ പേരില്‍ 1048 കോടി രൂപയുടെ ആസ്തി. തിരുച്ചിറപ്പള്ളി ജില്ലയിലെ ലാല്‍ഗുഡിയിലെ സ്ഥാനാര്‍ത്ഥിയാണു ലീമ. ഭര്‍ത്താവ് സോന്റിയാഗോ മാര്‍ട്ടിന്റെ പേരില്‍ 4,159 കോടി രൂപയുടെയും മകന്‍ ജോസ് ഡെയിസണ്‍ മാര്‍ട്ടിന്റെ പേരില്‍ 655 കോടി രൂപയുടെയും ആസ്തിയുണ്ടെന്നാണ് നിമനിര്‍ദേശ പത്രികയ്ക്കൊപ്പമുള്ള രേഖകളില്‍ പറയുന്നത്.
◾ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയിലെ പ്രമുഖ ക്ഷേമപദ്ധതികളുടെ ഫണ്ട് വിതരണം ചെയ്തതില്‍ പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ പുതിയതായി സാമ്പത്തിക ആനുകൂല്യങ്ങള്‍ അനുവദിച്ചതിനെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറി ശാലിനി രജനീഷിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
◾ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ കാറ്ററിംഗ് വാന്‍ ഇടിച്ചു. വിമാനത്താവളത്തിലെ ബേ നമ്പര്‍ 51-ല്‍ പാര്‍ക്ക് ചെയ്തിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് വാന്‍ വന്നിടിച്ചത്.
◾ സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തയായ ഡല്‍ഹി 'വട പാവ് ഗേള്‍' ചന്ദ്രിക ദീക്ഷിതിനെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. ചന്ദ്രികയുടെ പേരില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ കസ്റ്റഡിയില്‍ എടുത്തതാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.
◾ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അടുത്ത രണ്ടാഴ്ചത്തേക്ക് കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്ലാമബാദില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കും.
◾ അമേരിക്കയുമായുള്ള ഏറ്റുമുട്ടലിനൊടുവില്‍ തങ്ങള്‍ ചരിത്രവിജയം നേടിയതായി ഇറാന്‍. ഇറാന്‍ മുന്നോട്ടുവെച്ച പത്തിന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി തങ്ങള്‍ക്കെതിരായ എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യാന്‍ അമേരിക്ക തത്വത്തില്‍ അംഗീകരിച്ചതായി സുപ്രീം കൗണ്‍സില്‍ വ്യക്തമാക്കി.
◾ വെടിനിര്‍ത്തലില്‍ ലെബനണില്‍ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തലുമായി സഹകരിക്കാനാണ് ഇസ്രയേലിന്റെയും തീരുമാനം.
◾ ഉത്തരകൊറിയയിലേക്ക് ദക്ഷിണ കൊറിയന്‍ ഡ്രോണ്‍ എത്തിയതില്‍ പ്രസിഡന്റ് ലീ ജെയ്-മ്യുങ്ങിന്റെ ക്ഷമാപണത്തെ സ്വാഗതം ചെയ്ത് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ്-ഉന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെട്ടേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾ പ്രശസ്ത പേപ്പര്‍ ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ കിംബര്‍ലി-ക്ലാര്‍ക്കിന്റെ കാലിഫോര്‍ണിയയിലെ കൂറ്റന്‍ വെയര്‍ഹൗസ് തീവച്ച് നശിപ്പിച്ചു. ടോയ്‌ലറ്റ് പേപ്പര്‍, ടിഷ്യൂ പേപ്പര്‍ തുടങ്ങിയവ സൂക്ഷിച്ചിരുന്ന 12 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് അഗ്നിക്കിരയാക്കിയത്. തീവച്ചെന്നു കരുതുന്ന ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
◾ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ഡല്‍ഹിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി.
◾ യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് ജര്‍മ്മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് പരാജയപ്പടുത്തി.
◾ പലിശ നിരക്കിലോ സമീപനത്തിലോ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റീപോ നിരക്ക് 5.25 ശതമാനത്തില്‍ തുടരും. എംഎസ്എഫ്, എസ്ഡിഎഫ് എന്നീ താക്കോല്‍ നിരക്കുകളിലും മാറ്റമില്ല. വായ്പാലഭ്യതയോടു ന്യൂട്രല്‍ സമീപനം തുടരും. 2025-26 ധനകാര്യ വര്‍ഷത്തെ ജിഡിപി വളര്‍ച്ച നിഗമനം 7.4 ല്‍ നിന്ന് 7.6 ശതമാനമായി ഉയര്‍ത്തി. 2026-27 ല്‍ പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ച 6.9 ശതമാനമാണ്. ഒന്നാം പാദ വളര്‍ച്ച പ്രതീക്ഷ 6.9 ല്‍ നിന്ന് 6.8 ശതമാനമായും രണ്ടാം പാദ പ്രതീക്ഷ ഏഴില്‍ നിന്ന് 6.7 ശതമാനമായും താഴ്ത്തി. മൂന്നാം പാദത്തില്‍ ഏഴും നാലാം പാദത്തില്‍ 7.2 ഉം ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു. 2025-26ല്‍ ചില്ലറവിലക്കയറ്റം നാലു ശതമാനമാണ്. അടുത്ത ധനകാര്യ വര്‍ഷം അത് 4.6 ശതമാനമായി കൂടും. ഒന്നാം പാദത്തില്‍ നാലും രണ്ടാം പാദത്തില്‍ 4.4 ഉം മൂന്നാം പാദത്തില്‍ 5.2 ഉം നാലാം പാദത്തില്‍ 4.7 ഉം ശതമാനം വിലക്കയറ്റമാണു പ്രതീക്ഷ.
◾ ആഗോള എഐ വിപണിയില്‍ ചൈനീസ് കമ്പനികള്‍ നടത്തുന്ന മോഡല്‍ കോപ്പിയടി തടയാന്‍ അസാധാരണമായ കൂട്ടായ്മ രൂപീകരിച്ച് വിപണിയിലെ കടുത്ത എതിരാളികളായ ഓപ്പണ്‍എഐ, ആന്ത്രോപിക്, ഗൂഗിള്‍ എന്നിവര്‍. അമേരിക്കന്‍ എഐ മോഡലുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി കുറഞ്ഞ ചെലവില്‍ സമാനമായ മോഡലുകള്‍ നിര്‍മ്മിക്കുന്ന ചൈനീസ് തന്ത്രത്തെ പ്രതിരോധിക്കുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം. ഇത്തരത്തിലുള്ള കോപ്പിയടി മൂലം ഓപ്പണ്‍എഐ, ആന്ത്രോപിക്, ഗൂഗിള്‍ തുടങ്ങിയ സിലിക്കണ്‍ വാലിയിലെ കമ്പനികള്‍ക്ക് പ്രതിവര്‍ഷം ശതകോടിക്കണക്കിന് ഡോളറിന്റെ നഷ്ടം ഉണ്ടാക്കുന്നതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. സൈബര്‍ സുരക്ഷാ രംഗത്ത് കമ്പനികള്‍ അക്രമണ രീതികള്‍ പങ്കുവെക്കുന്നതിന് സമാനമായ നീക്കമാണിത്.
◾ അല്ലു അര്‍ജുന്‍ - അറ്റ്ലി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി. 'രാക്ക' എന്നാണ് സിനിമയ്ക്കു പേരിട്ടിരിക്കുന്നത്. മനുഷ്യനും പാതി മൃഗവുമായെത്തുന്ന അല്ലുവിന്റെ ലുക്ക് ആണ് പോസ്റ്ററിന്റെ ആകര്‍ഷണം. അറ്റ്ലി സംവിധാനം ചെയ്യുന്ന സിനിമ 800 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. സണ്‍ പിക്ചേഴ്സ് ആണ് നിര്‍മാണം. അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനത്തിലാണ് ഈ ബ്രഹ്‌മാണ്ഡ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ്. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പെടുന്ന സിനിമയ്ക്ക് വിഎഫ്എക്സ് ചെയ്യുന്നത് ഹോളിവുഡിലെ പ്രമുഖ വിഎഫ്എക്സ് സ്റ്റുഡിയോസ് ആണ്. അയണ്‍മാന്‍ 2, ട്രാന്‍സ്ഫോര്‍മേഴ്സ് തുടങ്ങിയ സിനിമകളുടെ വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ ജയിംസ് മാഡിഗന്‍, ആര്‍ടിസ്റ്റിക് ഡയറക്ടര്‍ മൈക് എലിസാല്‍ഡെ എന്നീ വമ്പന്‍മാരാണ് സിനിമയുടെ സാങ്കേതിക വശങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.
◾ ടൊവിനോ തോമസ് നായകനായെത്തുന്ന 'പള്ളിച്ചട്ടമ്പി'യുടെ റിലീസ് തീയതി നീട്ടി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ പോയത്. ഏപ്രില്‍ 15 ന് വിഷുദിനത്തില്‍ ചിത്രം റിലീസിനെത്തും. ഏപ്രില്‍ 10 നായിരുന്നു ചിത്രം മുന്‍പ് റിലീസ് ചെയ്യാനിരുന്നത്. ടൊവിനോ തോമസ്, കയാദു ലോഹര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പ്രണയവും ആക്ഷനും കോര്‍ത്തിണക്കിയ മാസ് സിനിമയാണ്. കേരളത്തില്‍ 1950-60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് 'പള്ളിച്ചട്ടമ്പി' പറയുന്നത്. വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ടി എസ് സുരേഷ് ബാബുവാണ് തിരക്കഥ.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ കാറുകളുടെ വില വര്‍ധിപ്പിച്ചു. ചെലവ് കൂടിയ പശ്ചാത്തലത്തില്‍ മെയ് മാസം മുതല്‍ എല്ലാ മോഡലുകള്‍ക്കും ഒരു ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. വേരിയന്റ്, മോഡല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വില വര്‍ധനയില്‍ വ്യത്യാസമുണ്ടാകും. റെഗുലേറ്ററി ഫയലിങ്ങിലാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ചെലവുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ വില പരിഷ്‌കരണം. ഉല്‍പ്പാദന ചെലവ് ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഈ ആഘാതത്തിന്റെ ഒരു ഭാഗം ചെറിയ വില വര്‍ധനവിലൂടെ ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
◾ ഒരു കഥയുടെ മൂല്യം നിര്‍ണ്ണയിക്കുന്ന മാനദണ്ഡം അതിന്റെ ദൈര്‍ഘ്യമല്ല എന്നത് വ്യക്തം. എങ്കിലും കഥയുടെ നീളം നിയന്ത്രിക്കുന്നത് കഥാകൃത്തിന്റെ കഥാസങ്കല്പവും ക്രാഫ്റ്റിന് മേലുള്ള ആധിപത്യവുമാണ്. ഒതുക്കത്തോടെ എഴുതപ്പെടുന്ന ചെറിയ കഥകള്‍ കഥാകൃത്തിന്റെ ശില്പവൈഭവത്തെ സാക്ഷ്യപ്പെടുത്തുന്നു. വാരിവലിച്ചെഴുതാതിരിക്കണമെങ്കില്‍ പ്രമേയത്തിന്റെയും ഭാഷയുടെയും ശില്പഘടനയുടെയുംമേല്‍ കഥാകൃത്തിനു പൂര്‍ണ്ണനിയന്ത്രണമുണ്ടാകണം. ആ നിയന്ത്രണമാണ് ഈ സമാഹാരത്തിലെ കഥകള്‍ക്ക് വിജയതിലകം ചാര്‍ത്തുന്നത്. 'നഷ്ടപ്പെട്ടതെല്ലാം ഇഷ്ടപ്പെട്ടത്'. പ്രൊഫ.എ.രാധ ജി.നായര്‍. മാതൃഭൂമി ബുക്സ്. വില 323 രൂപ.
◾ കടുത്ത നിറങ്ങളുള്ള വസ്ത്രങ്ങളില്‍ ഭംഗിക്കപ്പുറം ഉയര്‍ന്ന അളവില്‍ വിഷകരമായ ലോഹങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനം. ലെഡ് പോലുള്ള ടോക്സിക് മെറ്റലുകള്‍ വലിയ അളവില്‍ നിറങ്ങള്‍ കടുപ്പിക്കാന്‍ കമ്പനികള്‍ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഇത് ശരീരത്തിലുള്ളില്‍ എത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വിവിധ കടകളില്‍ നിന്ന് ശേഖരിച്ച വസ്ത്രങ്ങള്‍ പരിശോധിച്ചു കൊണ്ടായിരുന്നു അമേരിക്കന്‍ ഗവേഷണ സംഘത്തിന്റെ പഠനം. പഠനത്തില്‍ അമേരിക്കന്‍ ഫെഡറല്‍ സേഫ്റ്റി ലിമിറ്റിന്റെ പരിധിക്കപ്പുറമാണ് ഇവയില്‍ അടങ്ങിയിരിക്കുന്ന ലോഹങ്ങളുടെ അളവെന്ന് കണ്ടെത്തി. ഇവ ശരീരത്തിനുള്ള എത്താനുള്ള സാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍ വാസ്ത്രങ്ങള്‍ പലപ്പോഴും കടിക്കുകയും മറ്റും ചെയ്യുന്നതിനാല്‍ അവരാണ് കൂടുതല്‍ അപകടസാധ്യതാ വിഭാഗത്തിലുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ സമ്മേളനത്തിലാണ് പഠനഫലം പുറത്തുവിട്ടത്. ലെഡ് അമിതമായി ശരീരത്തിലെത്തുന്നത് പെരുമാറ്റ പ്രശ്നങ്ങള്‍ക്കൊപ്പം മസ്തിഷ്‌കം, നാഡീവ്യവസ്ഥ തുടങ്ങിയവയ്ക്ക് തകരാറുണ്ടാക്കുക, വൈജ്ഞാനിക തകര്‍ച്ച തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 92.58, പൗണ്ട് - 124.13, യൂറോ - 108.28, സ്വിസ് ഫ്രാങ്ക് - 117.54, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 65.38, ബഹറിന്‍ ദിനാര്‍ - 245.28, കുവൈത്ത് ദിനാര്‍ -299.54, ഒമാനി റിയാല്‍ - 240.50, സൗദി റിയാല്‍ - 24.64, യു.എ.ഇ ദിര്‍ഹം - 25.29, ഖത്തര്‍ റിയാല്‍ - 25.55, കനേഡിയന്‍ ഡോളര്‍ - 66.87.
Tags:
KERALA