Trending

സായാഹ്ന വാർത്തകൾ

2026ഏപ്രില്‍ 6  തിങ്കള്‍
1201  മീനം 23  അനിഴം

◾  കേരളത്തില്‍ നിയമസഭ  തെരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തില്‍. നാളെ വൈകുന്നേരം അഞ്ചുമണിയോടെ പ്രചാരണത്തിനു കൊട്ടിക്കലാശം. നിശബ്ദ പ്രചാരണത്തിനു മാത്രം അനുമതിയുള്ള ബുധനാഴ്ച വോട്ടെടുപ്പ് യന്ത്രങ്ങള്‍ അടക്കമുള്ള പോളിംഗ് സാമഗ്രികളുമായി പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ എത്തും.  ഒമ്പതാം തീയതി കേരളത്തിലെ  2 കോടി 70 ലക്ഷം വോട്ടര്‍മാര്‍ 25,000 പോളി0ഗ് സ്റ്റേഷനുകളിലായി വോട്ടു രേഖപ്പെടുത്തും.  

◾  പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സംവിധാനം ഏര്‍പ്പെടുത്തിയതിനു കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി. ഇതു മാതൃകയാക്കാമെന്നു നിരീക്ഷിച്ച കോടതി രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി  ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി.

◾  വയനാട് തുരങ്ക പാത നിര്‍മാണത്തിനുള്ള പരിസ്ഥിതി അനുമതി ശരിവച്ച ഹൈക്കോടതി വിധിയില്‍ ഇടപെടാതെ സുപ്രീം കോടതി. അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളി.

◾  എല്‍ഡിഎഫ്, പ്രകടന പത്രികയിലെ വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ തിരുത്തി. ബഫര്‍സോണ്‍ ഉള്‍പ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡികകളാണ് തിരുത്തിയത്. ബഫര്‍സോണ്‍ സംബന്ധിച്ച് ജനഹിതം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നില്‍ അവതരിപ്പിക്കും എന്നാണ് തിരുത്തല്‍. മുഴുവന്‍ ഏകവിള തോട്ടങ്ങളെയും സ്വാഭാവിക വനങ്ങള്‍ ആക്കി മാറ്റാന്‍ ഇക്കോ റെസ്റ്റോറേഷന്‍ നടപ്പിലാക്കും എന്നതും ഒഴിവാക്കിയിട്ടുണ്ട്.



◾  വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിതരണം ചെയ്തെന്ന പരാതിയില്‍ കേസെടുത്ത് വാടാനപ്പള്ളി പൊലീസ്. ചാമ്പ്യന്‍സ് ട്രേഡേഴ്സ് എന്ന സ്ഥാപന ഉടമ പ്രവീണ്‍ ജിത്തിനെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 72,542 രൂപ വില വരുന്ന ഭക്ഷ്യസാധനങ്ങളാണ് കിറ്റുകളില്‍ ഉണ്ടായിരുന്നതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

◾  കോണ്‍ഗ്രസ് നേതാവും മണിലൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ടി.എന്‍. പ്രതാപനെതിരെ ഡീല്‍ ആരോപണവുമായി നാട്ടികയിലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് വിജയിക്കാന്‍ അവസരമൊരുക്കിയതിനു പ്രതിഫലമായി ലഭിച്ച എട്ടു കോടി രൂപ പ്രതാപന്‍ നാട്ടികയിലും മണലൂരും വിതരണം ചെയ്തെന്നാണ് ആരോപണം.  വാടാനപ്പള്ളിയിലെ കിറ്റ് വിവാദം പ്രതാപനും ബിജെപിയും ചേര്‍ന്നുള്ള ഒത്തുകളിയാണെന്നും  ഫിറോസ് ആരോപിച്ചു.

◾  ബി ജെ പിയുടെ  സ്ഥാപക ദിനം പ്രമാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന കാര്യാലയത്തില്‍ പതാക ഉയര്‍ത്തും.  വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. 

◾  ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നു കേരളത്തില്‍. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്തും മാളയിലും  പാലക്കാട്ടും അദ്ദേഹം പ്രസംഗിക്കും.

◾  രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിക്കവെ പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമായി മാറ്റാന്‍ നടപടികള്‍ കൈക്കൊണ്ടതായും ഭരണസേവനങ്ങള്‍ ലളിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

◾  ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും. ശബരിമല യുവതി പ്രവേശനം എതിര്‍ക്കുന്നവരുടെ വാദമാണ് അടുത്ത ആദ്യ 3 ദിവസം കേള്‍ക്കുക. ഏപ്രില്‍ 14,15,16 തീയതികളാണ് യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം.

◾  സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ഡിസിപി അശ്വതി ജിജി. സംഭവത്തിനുശേഷം അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ലെന്നും ഡിസിപി പറഞ്ഞു. അതേസമയം രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

◾  നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ സി.പി.എം  ദേശീയ പാര്‍ട്ടി അല്ലാതാകുമെന്ന്  ചെറിയാന്‍ ഫിലിപ്പ്. ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രീയ പാര്‍ട്ടിയായിരുന്ന സി.പി.എം ഇപ്പോള്‍ പതിമൂന്നാമത്തെ പാര്‍ട്ടിയാണ്. ലോക്സഭയില്‍ 4 സീറ്റും വോട്ട് 1.76 ശതമാനവും മാത്രം..ഒരു ദേശീയ പാര്‍ട്ടിയാകുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്ന് നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയാകണമെന്നതാണ്.

◾  പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടിപി രാമകൃഷ്ണന്‍. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന അനൗണ്‍സ്‌മെന്റ് ഉണ്ടായിട്ടില്ലെന്നും രാമകൃഷ്ണന്‍ മറുപടിയില്‍ പറയുന്നു. പ്രചാരണത്തിനുപയോഗിക്കുന്ന വാഹന നമ്പറുകള്‍ ഉള്‍പ്പെടെ തെളിവായി ഹാജരാക്കുമെന്നും പെന്‍ഡ്രൈവ് നല്‍കാന്‍ തയ്യാറാണെന്നും ടിപി പറഞ്ഞു.

◾  പി .വി. അന്‍വറിനെ ബേപ്പൂരില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചാല്‍ വലിയൊരു സമ്മാനം കാത്തിരിക്കുന്നുണ്ടെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വെറും എംഎല്‍എ ആയിട്ടായിരിക്കില്ല അദ്ദേഹം വരുന്നതെന്നും ബേപ്പൂരിന് പ്രത്യേക പരിഗണന ലഭിക്കുമെന്നും വി. ഡി സതീശന്‍ പി വി അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ പറഞ്ഞു.

◾  തലശ്ശേരി ഉസ്സന്‍മെട്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ യുകെ സലിം വധക്കേസില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ  തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു. കെവി ലത്തീഫ്, ഇപി അബ്ദുള്ള, സക്കീര്‍ ഹുസ്സൈന്‍, പി നാസര്‍, ഷാബില്‍, മുഹമ്മദ് ഹിഷാം എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

◾  കോണ്‍ഗ്രസ് വികസനമല്ല മുന്നോട്ടുവെക്കുന്നത് നുണയാണ് അവര്‍ക്ക് പ്രധാനമെന്ന് നേമത്തെ എന്‍ ഡി എ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍. ഇന്ദിരാ ഗാരന്റി വ്യാജ ഗാരന്റിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ പത്രം നോക്കിയാല്‍ കാണാം ഡീലിനെ കുറിച്ച് സംസാരിക്കുന്നത് കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിനറായ ഡി കെ ശിവകുമാറും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ആണെന്നും ഇവരുടെയൊക്കെ പശ്ചാത്തലം എന്താണെന്ന് മനസിലാക്കേണ്ടതുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.  

◾  എല്‍ഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദ് നടപ്പാക്കുമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ഹിന്ദു-ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രണയംനടിച്ച് രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യും, കാരണം, രണ്ട് മുന്നണികളും അധികാരത്തിലെത്തിയാല്‍ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായിരിക്കുമെന്നും കൃഷ്ണദാസ് ആരോപിച്ചു.

◾  നടനും ബിജെപി നേതാവുമായ ദേവന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തി എന്നു കാണിച്ച് മണലൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപനെതിരെ ബിജെപി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കും. കിറ്റ് വിവാദം ടി എന്‍ പ്രതാപന്റെ പൊറോട്ടുനാടകം ആണെന്ന് മണലൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ കെ അനീഷ് കുമാര്‍ പ്രതികരിച്ചു.

◾  മലപ്പുറം വേങ്ങരയില്‍ ഇന്നലെ രാത്രി കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്‌ലക്‌സ് ബോര്‍ഡിന് തീയിട്ട സംഭവത്തില്‍ കോട്ടക്കല്‍ പൊലീസ് കേസെടുത്തു. കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം ഉണ്ടാക്കല്‍, മനപ്പൂര്‍വ്വം നാശനഷ്ടം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

◾  കാസര്‍കോട്ടെ വനിത ലീഗ് നേതാവിന്റെ 'മുനാഫിഖ്' പരാമര്‍ശത്തില്‍ സമസ്തക്കുള്ളിലും എതിര്‍പ്പ്. വിശ്വാസിയായ സ്ഥാനാര്‍ത്ഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരമാണെന്ന് കുമ്പോല്‍ സെയ്ദ് അലി തങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സഭ്യേതര വാക്കുകള്‍ ഒഴിവാക്കണമെന്നും നാടിന്റെ വികസനം പറഞ്ഞ് വോട്ട് തേടണമെന്നും കുമ്പോല്‍ സെയ്ദ് അലി തങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു.

◾  വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയില്‍ കുതിരാന്‍ വലതു തുരങ്കത്തില്‍ (പാലക്കാട് ദിശയിലേക്കുള്ളത്) അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഗതാഗത ക്രമീകരണമേര്‍പ്പെടുത്തി. അറ്റകുറ്റപ്പണി നടക്കുന്ന ഭാഗത്ത് ഒറ്റവരിയായാണ് ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയത്.

◾  നാഗ്പൂരില്‍ കാര്‍ മോഷ്ടിക്കാന്‍ യുവ വ്യവസായിയെ കൊലപ്പെടുത്തി. മൃതദേഹം ശ്മശാനത്തിനു സമീപം കുറ്റിക്കാട്ടില്‍ തള്ളിയ 3 എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കെഡികെ കോളജിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണു പിടിയിലായത്. സ്‌പെയര്‍ പാര്‍ട്‌സ് ബിസിനസുകാരനും നാഗ്പുര്‍ വാഡി നിവാസിയുമായ സുജിത് ഉപാസ്‌റാവു ഭോജാപുരെയാണ് (44) കൊല്ലപ്പെട്ടത്.

◾  കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയെ മാരകായുധങ്ങള്‍ കൊണ്ട് വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ച് അക്രമികള്‍. 57 വയസ്സുള്ള ജ്യോതി കപാലെയാണ് കൊല്ലപ്പെട്ടത്. കലബുറഗി നഗരത്തിലെ ആനന്ദ് കോളനിയില്‍ താമസിക്കുന്ന ജ്യോതി ബീദര്‍ ജില്ലയിലെ ഭാല്‍ക്കി താലൂക്കിലുള്ള വഞ്ചാരഖേഡ ഗ്രാമത്തിലെ സ്‌കൂളിലാണ് പഠിപ്പിച്ചിരുന്നത്.

◾  താത്കാലിക വെടിനിര്‍ത്തല്‍  ധാരണയില്‍ എത്തിയാലും ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന് ഇറാന്‍. ട്രംപിന്റെ ഭീഷണി വിലപ്പോകില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

◾  ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ജനവാസ കേന്ദ്രത്തിലെ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്ലംഷറിനടുത്താണ് ആക്രമണം ഉണ്ടായതെന്ന് ഇറാനിലെ വാര്‍ത്താ ഏജന്‍സികളായ ഫാര്‍സും നൗര്‍ ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏത് കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന വിവരം പുറത്തുവന്നിട്ടില്ല.

◾  സൗരയൂഥത്തിന് പുറത്തുള്ള ആറായിരത്തിലധികം ഗ്രഹങ്ങളില്‍ 45 എണ്ണം ഭൂമിയോട് സാമ്യമുള്ളതും ജീവിക്കാന്‍ അനുയോജ്യമായ മേഖലയില്‍ ഉള്ളതുമാണെന്ന് ഗവേഷക സംഘം കണ്ടെത്തി. കോര്‍ണല്‍ സര്‍വകലാശാലയിലെ കാള്‍ സാഗന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ലിസ കാല്‍റ്റെനെഗര്‍ നേതൃത്വം നല്‍കുന്ന ഗവേഷകസംഘമാണു കണ്ടെത്തിയത്.

◾  ആര്‍ട്ടിമെസ് 2 ദൗത്യ സംഘം ചാന്ദ്ര ആകര്‍ഷണ വലയത്തിനുള്ളില്‍ പ്രവേശിച്ചു. ബഹിരാകാശ പേടകത്തിലെ യാത്രികരെ കാത്തിരിക്കുന്നത് വിസ്മയ കാഴ്ചകള്‍.

◾  ചൈനയിലെ റെസിഡന്‍ഷ്യല്‍ ഫ്‌ലാറ്റുകളില്‍ ചിതാഭസ്മം സൂക്ഷിക്കുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. ശ്മശാനഭൂമിയുടെ അമിതമായ വിലക്കയറ്റത്തെത്തുടര്‍ന്നാണ് പല കുടുംബങ്ങളും ഫ്‌ലാറ്റുകള്‍ വാങ്ങി അവിടെ ചിതാഭസ്മം സൂക്ഷിക്കാന്‍ തുടങ്ങിയത് എന്നാല്‍ സര്‍ക്കാര്‍ ഇത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.

◾  ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ നദീതീരങ്ങളിലും ചതുപ്പുനിലങ്ങളിലും നുഴഞ്ഞുകയറ്റം തടയുന്നതിന് പാമ്പുകളെയും മുതലകളെയും ഉപയോഗിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ആഭ്യന്തര ചര്‍ച്ച നടന്നിട്ടുണ്ടെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍. എന്നാല്‍ ഈ വിഷയത്തില്‍ ബിഎസ്എഫ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.

◾  പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഏറ്റുമുട്ടലില്‍ ആറ് പാകിസ്താനി സൈനികരെ വധിച്ചതായി താലിബാന്‍ സൈന്യം അവകാശപ്പെട്ടു.

◾  സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, ഗ്രാമിന് 165 രൂപ താഴ്ന്ന് 13,670 രൂപയായി. പവന് 1,320 രൂപ ഇടിഞ്ഞ് 1,09,360 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 135 രൂപ കുറഞ്ഞ് 11,235 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 8,750 രൂപയിലും ഒമ്പത് കാരറ്റിന് 70 രൂപ കുറഞ്ഞ് 5,640 രൂപയിലുമാണ് വ്യാപാരം. ഈ വര്‍ഷം ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് കേരളത്തിലെ റെക്കോഡ് സ്വര്‍ണ വില. അതുമായി നോക്കുമ്പോള്‍ 21,800 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യങ്ങള്‍ ഇറാന്‍ തള്ളിയതിനെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,360 രൂപയാണെങ്കിലും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്ക് ചാര്‍ജ് എന്നിവയും ചേര്‍ത്ത് 1,12,694 രൂപ നല്‍കിയാലേ ഒരു പവന്റെ ആഭരണം വാങ്ങാനാകൂ.

◾  മൂന്ന് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ പുറത്തിറക്കി മൈക്രോസോഫ്റ്റ്. ചിത്രങ്ങള്‍ സൃഷ്ടിക്കല്‍, ശബ്ദം നിര്‍മ്മിക്കല്‍, ശബ്ദം ടെക്സ്റ്റിലേക്ക് മാറ്റല്‍ എന്നീ പ്രക്രിയകള്‍ക്കായാണ് ഈ എഐ മോഡലുകള്‍ വികസിപ്പിച്ചിരിക്കുന്നത്. എംഎഐ-ട്രാന്‍സ്‌ക്രൈബ്-1, എംഎഐ-വോയിസ്-1, എംഎഐ-ഇമേജ്-2 എന്നീ പേരുകളിലാണ് ഇവ പുറത്തിറക്കിയത്. 25 പ്രമുഖ ഭാഷകളില്‍ മികച്ച നിലവാരത്തിലുള്ള സ്പീച്ച്-ടു-ടെക്സ്റ്റ് ട്രാന്‍സ്‌ക്രിപ്ഷന്‍ നല്‍കാന്‍ എംഎഐ-ട്രാന്‍സ്‌ക്രൈബ്-1 ന് കഴിയും. എംഎഐ-വോയിസ്-1 മോഡല്‍ ഒരു സെക്കന്‍ഡില്‍ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഓഡിയോ സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്. അതേസമയം, എംഎഐ- ഇമേജ്-2 മോഡല്‍ കൂടുതല്‍ ഗുണമേന്മയുള്ള ചിത്രങ്ങള്‍ വേഗത്തില്‍ സൃഷ്ടിക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ്. ഗൂഗിള്‍, ഓപ്പണ്‍എഐ പോലുള്ളവയേക്കാള്‍ മികച്ചതാണിതെന്നാണ് കമ്പനി അവകാശം.

◾  ടൊവീനോ തോമസ്, കയാദു ലോഹര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഏപ്രില്‍ പത്തിന് ചിത്രം തിയറ്ററുകളിലെത്തും. കേരളത്തില്‍ 1950-60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് 'പള്ളിച്ചട്ടമ്പി' പറയുന്നത്. ടൊവീനോ, കയാദു തുടങ്ങിയവരെ കൂടാതെ വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ടിജോ ടോമിയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് മോളിവുഡിന്റെ മ്യൂസിക് സെന്‍സേഷന്‍ ജെയ്ക്സ് ബിജോയ്യുമാണ്. ടി. എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

◾  ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ 'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളന്‍' സിനിമയ്ക്കായി ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ഒരുക്കിയ തീം മ്യൂസിക് പുറത്ത്. സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് മെയ് മാസമാണ്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ അജനീഷ് ലോക്നാഥും കാട്ടാളനില്‍ സംഗീതമൊരുക്കുന്നുണ്ട്. സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പോള്‍ ജോര്‍ജ്, ജോബി വര്‍ഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് എഴുത്തുകാരന്‍ ഉണ്ണി ആറാണ്.

◾  റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350ന്റെ പുതിയ ബേസ് പ്രീമിയം വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. അലോയ് വീലുകളോടെ വരുന്ന ഏറ്റവും താങ്ങാനാവുന്ന വേരിയന്റാണിത്. ഇതിന്റെ വില 1,49,900 രൂപ. ഇതില്‍ അപ്ഡേറ്റ് ചെയ്ത ഹാലൊജന്‍ ഹെഡ്ലാമ്പ്, അലോയ് വീലുകള്‍, സിംഗിള്‍-ചാനല്‍ എബിഎസ് എന്നിവയുണ്ട്. പൂര്‍ണ്ണ കറുപ്പ് ഫിനിഷോട് കൂടിയ ടാര്‍മാക് ബ്ലാക്ക് കളര്‍ സ്‌കീമിലാണ് പുതിയ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ എത്തുന്നത്. ഹണ്ടര്‍ 350 ന്റെ ടോപ്പ് വേരിയന്റ് മുംബൈ യെല്ലോ, മൂണ്‍ഷോട്ട് വൈറ്റ് എന്നി രണ്ട് പുതിയ നിറങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 1,69,804 രൂപയാണ് വില. 20.2ബിഎച്പി, 27എന്‍എം ഉല്‍പ്പാദിപ്പിക്കുന്ന അതേ 349സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്.

◾  ഒരുകാലത്ത് നാടും നാട്ടുകാരും അപ്പനപ്പൂപ്പന്മാരും കടന്നുപോയ ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ പെരുവഴികള്‍. അക്കൂട്ടത്തില്‍ കേട്ടറിവുള്ള കാര്യങ്ങള്‍ അക്ഷരത്തില്‍ പകര്‍ത്തുന്ന ഒരു നിയോഗത്തിന്റെ ബാക്കിപത്രമാണ് ഈ കൃതി. ജനിച്ച നാട് കേരളത്തിന്റെ ഒരു പരിച്ഛേദമായ ചൂരക്കാട്ടുകരയിലെ കെടുതികളും കഷ്ടപ്പാടുകളും നിറഞ്ഞ ജനജീവിതം. പരസ്പരം താങ്ങായും  തണലായും അവര്‍ തലമുറകളെ വളര്‍ത്തി. ജീവിതമൂല്യങ്ങള്‍ ഉണ്ടാക്കി. ആ കാലത്തിന്റേയും ജീവിതത്തിന്റേയും തിരിഞ്ഞു നോട്ടമാണിത്. അങ്ങനെ, തിരിഞ്ഞുനോക്കുമ്പോള്‍ ചൂരക്കാട്ടുകര എഴുത്തുകാരന്റെ മാത്രം ഗ്രാമമല്ലെന്നും അതില്‍ നിങ്ങളും നിങ്ങളുടെ നാടും നിങ്ങളുടെ പ്രിയപ്പെട്ടവരും ഒക്കെ എവിടെയെങ്കിലും കടന്നു വരാതിരിക്കില്ലെന്നും ഓര്‍മ്മപ്പെടുത്തുന്ന രചന. 'കാഴ്ചക്കുറിപ്പുകള്‍'. സി.എ. കൃഷ്ണന്‍. ഗ്രീന്‍ ബുക്സ്. വില 196 രൂപ.

◾  കരള്‍ രോഗത്തെ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട ലക്ഷണം വിശപ്പില്ലായ്മയാണ്. ലഘു ഭക്ഷണം കഴിച്ചാല്‍ തന്നെ പെട്ടെന്ന് വയറു നിറഞ്ഞ തോന്നലുണ്ടാക്കുകയും ചെയ്യും. മാത്രമല്ല, കരള്‍രോഗബാധിതരില്‍ ചര്‍ദ്ദിയും മനംപുരട്ടലും അനുഭവപ്പെടാം. ചര്‍മത്തിലും കണ്ണിലും മഞ്ഞനിറം കാണപ്പെടുന്നത് കരള്‍ രോഗങ്ങളുടെ സൂചനയായിരിക്കാം. സൂര്യപ്രകാശത്തില്‍ നോക്കിയാല്‍ ശരിയായി മനസ്സിലാക്കാന്‍ സാധിക്കും. ഭക്ഷണക്രമത്തില്‍ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും വയറിന്റെ വലുപ്പത്തില്‍ വളരെപെട്ടെന്ന് വര്‍ധനവുണ്ടായാല്‍ അതിനു പിന്നില്‍ ലിവര്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാം. വയറിന്റെ മുകളില്‍ വലതു ഭാഗത്താണ് കരള്‍ സ്ഥിതിചെയ്യുന്നത്. ഈ ഭാഗത്ത് അസ്വസ്ഥത അനുഭവപ്പെടുന്നത് അവഗണിക്കരുത്. കൂടാതെ ഇവര്‍ക്ക് തളര്‍ച്ചയും ക്ഷീണവും കൂടുതലായിരിക്കും. ഇത് ഇവര്‍ക്ക് പകല്‍ സമയങ്ങളില്‍ അമിതമായി ഉറങ്ങാനുള്ള പ്രേരണ ഉണ്ടാകും. സമ്മര്‍ദം മൂലം കരളില്‍ വെള്ളം കെട്ടിക്കിടന്ന് ഉദര വീക്കം ഉണ്ടാവുകയും ചെയ്യും. കരളിന്റെ വലിപ്പം കൂടുന്നത് കരള്‍ രോഗത്തിനുള്ള ലക്ഷണമാണ്.  രോഗലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുന്നത് അസുഖത്തെ നിയന്ത്രിക്കാന്‍ സാധിക്കുകയും രോഗം പൂര്‍ണമായി മാറ്റിയെടുക്കാനുള്ള സാധ്യത കൂടുകയും ചെയ്യും.

*വിനിമയ നിരക്ക്*
ഡോളര്‍ - 93.08, പൗണ്ട് - 123.04, യൂറോ - 107.29, സ്വിസ് ഫ്രാങ്ക് - 116.28, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 64.15, ബഹറിന്‍ ദിനാര്‍ - 246.39, കുവൈത്ത് ദിനാര്‍ -300.73, ഒമാനി റിയാല്‍ - 241.92, സൗദി റിയാല്‍ - 24.79, യു.എ.ഇ ദിര്‍ഹം - 25.29, ഖത്തര്‍ റിയാല്‍ - 25.59, കനേഡിയന്‍ ഡോളര്‍ - 66.84.
Previous Post Next Post
3/TECH/col-right