Trending

പ്രഭാത വാർത്തകൾ

2026  ഏപ്രില്‍ 6  തിങ്കള്‍
1201  മീനം 23  അനിഴം
1447  ശവ്വാൽ 18

◾  ഇന്ന് ഹോര്‍മുസ് കടലിടുക്കു തുറന്നില്ലെങ്കില്‍ നാളെ ഇറാനെ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതേസമയം, ഇറാന്‍ വെടിവച്ചു വീഴ്ത്തിയ എഫ്15 ഇ യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനെ യുദ്ധവിമാനങ്ങളും മറീനുകളും ചേര്‍ന്നു അതിസാഹസികമായി അമേരിക്ക രക്ഷപ്പെടുത്തി. ഇറാന്റെ മിസൈലുകള്‍, റവല്യൂഷനറി ഗാര്‍ഡ്സിന്റെ ആക്രമണം എന്നിവയെ മറികടന്നാണ് ഇറാനില്‍നിന്ന് പൈലറ്റിനെ രക്ഷിച്ചത്. എന്നാല്‍ രക്ഷാദൗത്യത്തിനിടെ യുഎസിന്റെ സി-130 വിമാനവും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടെന്ന് ഇറാന്‍ അവകാശപ്പെട്ടു. അഞ്ചു പേരെ വധിച്ചെന്നും ഇറാന്‍ അവകാശപ്പെട്ടു.

◾  തൃശൂരില്‍ വീണ്ടും ബിജെപി വോട്ടിനു കിറ്റു നല്‍കുന്നെന്ന ആരോപണവുമായി യുഡിഎഫും എല്‍ഡിഎഫും. മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പള്ളിയില്‍ ചാംപ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് 900 രൂപ വിലയുള്ള 26 കിറ്റുകള്‍ പിടിച്ചെടുത്തു. ഉടമ പ്രവീണ്‍ ജിത്തിനെ കസ്റ്റഡിയിലെടുത്തു. പൊലീസുമായി ഉന്തും തള്ളും നടത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ ഉള്‍പ്പടെയുള്ള യുഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തുവിട്ടയച്ചു.  ഗോഡൗണിനു മുകളിലെ മുറിയില്‍നിന്നു ബിജെപി നേതാവും നടനുമായ ദേവന്‍ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി. രണ്ടു ദിവസംമുമ്പ് തൃശൂരിലെ ഒളരിയിലും ബിജെപി കിറ്റ് വിതരണം നടത്തിയെന്ന് ആരോപണമുണ്ടായിരുന്നു.

◾  വാടാനപ്പള്ളിയില്‍ ബിജെപിക്കെതിരായ കിറ്റ് ആരോപണം വെറും നുണക്കഥയാണെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. സത്യം ഇല്ലാത്തതുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇതേസമയം, താന്‍ കുടുംബയോഗങ്ങളില്‍ പങ്കെടുക്കാന്‍ വന്നതാണെന്നും കിറ്റുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും നടന്‍ ദേവന്‍ പറഞ്ഞു.

◾  കേരളത്തില്‍ യു.ഡി.എഫ് തരംഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തും. സര്‍ക്കാരിന് എതിരായ അതിശക്തമായ പ്രതിഷേധവും യുഡിഎഫിനെ കുറിച്ച്  പ്രതീക്ഷകളും ജനങ്ങള്‍ക്കിടയിലുണ്ടെന്നും അദ്ദേഹം പറവൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.

◾  കേരളത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള സിബിഐയെക്കൊണ്ട്  അന്വേഷിപ്പിക്കുമെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


◾  കര്‍ണാടക കുടകില്‍ ട്രക്കിംഗിനിടെ വനത്തില്‍ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ ഇന്നലെ രാത്രിയോടെ കണ്ടെത്തി. കര്‍ണാടക വനം വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അറുപതോളം പേര്‍ നാലു സംഘങ്ങളായി കാട് അരിച്ചുപെറുക്കി. ഡ്രോണുകളെയും സ്നിഫര്‍ ഡോഗുകളെയും ഉപയോഗിച്ചായിരുന്നു തെരച്ചില്‍. എറണാകുളത്ത് സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ ജി.എസ് ശരണ്യ (36) വ്യാഴാഴ്ചയാണ് വനത്തില്‍ കുടുങ്ങിയത്.

◾  കനത്ത മഴ അടക്കമുള്ള വെല്ലുവിളികളെ അതിജീവിച്ചു നാലു ദിവസം വനത്തില്‍ കഴിഞ്ഞെങ്കിലും ആരോഗ്യത്തിനു കുഴപ്പമില്ലെന്നു ശരണ്യ. പ്രദേശവാസികളാണ് ശരണ്യയെ ആദ്യം കണ്ടെത്തിയത്. ഫോണ്‍ ഓഫായി പോയി. ഒരു കുപ്പി വെള്ളം മാത്രമാണു കയ്യിലുണ്ടായിരുന്നത്. ഡ്രോണിനു ദൃശ്യമാകുന്നതും അരുവിയുള്ളതുമായ സ്ഥലത്താണു നിന്നത്.  ശരണ്യം പറഞ്ഞു.

◾  എഫ്സിആര്‍എ നിയമഭേദഗതി ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. നിയമ ഭേദഗതി പരിഷ്‌കാരം അല്ല, ആക്രമണം ആണ്. ക്രൈസ്തവ സഭകളെ മാത്രമല്ല, പൊതു സമൂഹത്തെയാണ് ആക്രമിക്കുന്നത്. അദ്ദേഹം കുറ്റപ്പെടുത്തി.

◾  പാലക്കാട് ജില്ലയിലെ സിപിഎമ്മിനു വഴിവിട്ട ബന്ധമുള്ള 14 പേരുടെ ലിസ്റ്റ് പുറത്തുവിടുമെന്നു പി.കെ. ശശി. വയസ്സ് അടക്കമുള്ള തന്റെ രേഖകളില്‍ കൃത്രിമത്വം കാണിച്ചെങ്കില്‍ തെളിയിക്കാന്‍  വെല്ലുവിളിക്കുകയാണെന്നും പികെ ശശി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനെ വെല്ലുവിളിച്ചു.

◾  സംസ്ഥാനത്ത് മരണാനന്തര അവയവദാനത്തിലൂടെ അഞ്ചു പേര്‍ക്കു പുതുജീവിതം. തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങളാണു ദാനം ചെയ്തത്. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച 33 കാരനായ കൃഷ്ണലാലിന്റെ കുടുംബാംഗങ്ങളാണ് അവയവദാനത്തിനു തയാറായത്.

◾  സംവിധായകന്‍ രഞ്ജിത്തുമായി പൊലീസിന്റെ തെളിവെടുപ്പ്. ലൈംഗിക അതിക്രമം നടന്നതായി ആരോപിക്കപ്പെട്ട ഫോര്‍ട്ടു കൊച്ചിയിലെ സിനിമാ സെറ്റിലും നടിയുടെ മൊഴിയില്‍ പറഞ്ഞ ക്യാരവാനിലും തെളിവെടുത്തു.

◾  കേരളത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനകളില്‍ 58 കോടി രൂപയുടെ വസ്തുവകകള്‍ പിടികൂടി. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലായി ഇതുവരെ 651.51 കോടി രൂപയുടെ വസ്തുവകകള്‍ പിടികൂടിയിട്ടുണ്ട്.

◾  പ്രധാനമന്ത്രി നരേന്ദ്രമോദി വേദി വിട്ടു 10 മിനിറ്റിനകം തിരുവല്ലയിലെ എസ്പിജി സംഘത്തെ ഫോണില്‍ വിളിച്ച് വേദിയിലുണ്ടായിരുന്ന താമര പേപ്പര്‍ വെയ്റ്റ് തനിക്കു വേണമെന്ന് ആവശ്യപ്പെട്ടു. ക്രിസ്റ്റലില്‍ നിര്‍മിച്ച 16 ദളങ്ങളോടു കൂടിയ ഫെങ് ഷൂയി ഇനത്തിലെ താമരയുടെ പേപ്പര്‍ വെയ്റ്റാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. എസ്പിജി അധികൃതര്‍ അതു രണ്ടെണ്ണം സംഘടിപ്പിച്ച് ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു.

◾  ആവശ്യപ്പെട്ട പേര് ബാലറ്റില്‍ പരിഗണിച്ചില്ലെന്ന പരാതിയുമായി തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ വീണ്ടും ഹൈക്കോടതിയിലേക്ക്. ബാലറ്റില്‍ പേര് ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അപേക്ഷിക്കാന്‍ വൈകി എന്ന കാരണത്തില്‍ വരണാധികാരി പേരുമാറ്റം അംഗീകരിച്ചില്ല.

◾  ഇന്നു നാലു ജില്ലകളില്‍ മഴയ്ക്കു സാധ്യത. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്.

◾  കോഴിക്കോട് കുന്ദമംഗലം കുരിക്കത്തൂരില്‍ അനധികൃത പടക്ക നിര്‍മ്മാണത്തിനിടെ വീട്ടിലുണ്ടായ വന്‍ സ്ഫോടനത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. വീട് വാടകയ്ക്ക് എടുത്ത മുണ്ടിക്കല്‍ താഴം സ്വദേശി വിഷ്ണുവിനെ പോലീസ് ചോദ്യം ചെയ്തു. സ്സ്ഫോടനത്തില്‍ ഇയാളുടെ സഹോദരനും ബന്ധുവും മരിച്ചിരുന്നു.

◾  കൊല്ലം കുന്നത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കോവൂര്‍ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്കു നേരെ കല്ലേറ്. രണ്ടു പേര്‍ക്കു പരിക്കേറ്റു. കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് എല്‍ഡിഎഫ്. എന്നാല്‍ തങ്ങള്‍ കല്ലെറിഞ്ഞിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി സംഘടിപ്പിച്ച കലാപരിപാടി അലങ്കോലമാക്കാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചെന്നും യുഡിഎഫ് ആരോപിച്ചു.

◾  മലപ്പുറം ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ സ്വകാര്യ ആശുപത്രിയില്‍ മര്‍ദിച്ച കേസില്‍ നാലു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടോപ്പാടം സ്വദേശികളായ ടി ജുമൈല (36), എ കെ കദീജ (45), എ കെ ഷഹര്‍ബാന്‍ (33), ആനമങ്ങാട് സ്വദേശി ആസ്യ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രോഗി മരിച്ചതു ചികില്‍സാ പിഴവുമൂലമാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

◾  കൈകൊട്ടിക്കളി പരിശീലിപ്പിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റ്. മണിയാര്‍ എരിച്ചിക്കല്‍ സ്വദേശി ചിക്കുരാജ് (31), പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയ അമ്മ മിനി എന്നിവര്‍ക്കെതിരെയാണ് പുനലൂര്‍ പൊലീസ് കേസെടുത്തത്. മിനിയെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ചിക്കുരാജ് ഒളിവിലാണ്.

◾  കരാട്ടെ പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പോക്സോ കേസിലെ പ്രതി മലപ്പുറം വാഴക്കാട് ഊര്‍ക്കടവ് വലിയാട്ട് വീട്ടില്‍ സിദ്ദിഖ് അലിയെ (49) കോടതി വെറുതെവിട്ടു. രണ്ട് കേസുകളിലാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി പ്രതിയെ കുറ്റക്കാരനല്ലെന്നു കണ്ടു വിട്ടയച്ചത്.

◾  സമ്മാനമില്ലെന്നു തോന്നി ചവറുകള്‍ക്കിടയിലേക്കു കളഞ്ഞ ലോട്ടറി ടിക്കറ്റിലൂടെ ലഭിച്ചത് ഒരു കോടി രൂപയുടെ കാരുണ്യ ലോട്ടറി. തലവടി ആനപ്രമ്പാല്‍ കൊച്ചമ്മനം മംഗലത്ത് ബേക്കറി ഉടമയായ കുഞ്ഞച്ചാമ്മയ്ക്കാണ് (72) ഇങ്ങനെ ഭാഗ്യം എത്തിയത്. വൈകുന്നേരം സഹോദരന്‍ ആരാഞ്ഞപ്പോള്‍ കളഞ്ഞ ടിക്കറ്റ് വീണ്ടുമെടുത്തു പരിശോധിച്ചപ്പോഴാണ് ഭാഗ്യവിവരം മനസിലായത്.

◾  വര്‍ക്കലയില്‍ ഹെലിപാഡ് ക്ലിഫില്‍ നിന്ന് മദ്യലഹരിയില്‍ യുവാവ് 60 അടി താഴ്ചയിലേക്കു ചാടി. തിരുനെല്‍വേലി ശങ്കരന്‍കോവില്‍ സ്വദേശി ശരവണന്‍ ആണ് താഴേക്കു ചാടിയത്.

◾  രാജ്യത്ത് പാചകവാതക ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. ചെറിയ എല്‍പിജി സിലിണ്ടറുകളുടെ വിതരണം ശക്തമാക്കി. ഒരു ദിവസം 51 ലക്ഷത്തിലധികം സിലിണ്ടറുകളാണ് വിതരണം ചെയ്യുന്നത്. മാര്‍ച്ച് 23 മുതല്‍ ഇതുവരെ 6.6 ലക്ഷം സിലിണ്ടറുകളാണ് ഇത്തരത്തില്‍ വിറ്റഴിച്ചത്. കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

◾  യുദ്ധം തുടരുന്നതിനാല്‍ മേയ് 31 വരെ ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കി. മറ്റ് വിമാന കമ്പനികളും വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

◾  ദേശീയ പാതകളിലെ ടോള്‍ ബൂത്തുകളില്‍ കറന്‍സി ഇടപാടുകള്‍ ഒഴിവാക്കുന്നു. ഏപ്രില്‍ 10 മുതല്‍ ഫാസ്റ്റാഗ് ഇല്ലാതെ ടോള്‍ ബൂത്തിലേക്ക് എത്തുന്ന വാഹനങ്ങള്‍ യുപിഐ വഴി പണമടയ്ക്കണം. സാധാരണ നിരക്കിനൊപ്പം 25 ശതമാനം അധികം നല്‍കണം.

◾  ഇറാനില്‍ കുടുങ്ങിക്കിടന്ന 345 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച അര്‍മേനിയ വഴി ഇന്ത്യയിലേക്ക് തിരിച്ചെത്തി. ചെന്നൈയിലാണ് ഇവര്‍ എത്തിച്ചേര്‍ന്നത്.

◾  ഇറാനില്‍ നിന്ന് കൂടുതല്‍ എല്‍പിജി എത്തിക്കാനുള്ള ശ്രമവുമായി ഇന്ത്യ. ഒരു എല്‍പിജി ടാങ്കറാണ് ഇതുവരെ എത്തിയത്. കൂടുതല്‍ എല്‍പിജി, ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വന്‍തോതില്‍ വര്‍ധപ്പിച്ചിട്ടുണ്ട്.

◾  അധികാരത്തില്‍ എത്തിയാല്‍ കരുണാനിധിയുടെ മരണത്തില്‍ അന്വേഷണം നടത്തുമെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തിയതിന് സമാനമായ അന്വേഷണം നടത്തും. അവസാനകാലത്ത് കരുണാനിധിയോട് സ്റ്റാലിന്‍ മോശമായി പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു.

◾  തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയില്‍ ഇന്ന് നടത്താനിരുന്ന തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയിയുടെ റോഡ് ഷോകള്‍ റദ്ദാക്കി. പോലീസ് അനുമതി നല്‍കാത്തതാണു കാരണം.

◾  പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍  ടി.വി.കെ. പ്രധാന കക്ഷികള്‍ ആരുമായും സഖ്യത്തിനില്ലെന്ന് പ്രഖ്യാപനം നടത്തിയ ടിവികെ ബദല്‍ രാഷ്ട്രീയ കക്ഷിയായി പുതുച്ചേരിയില്‍ വളരാനാണ് ലക്ഷ്യമിടുന്നത്. ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റില്‍ മത്സരിക്കും.

◾  ആന്ധ്രാപ്രദേശിലെ മാച്ചര്‍ലയില്‍ പ്രണയിച്ചയാളെ വിവാഹം കഴിച്ചതിന് യുവതിയെ കൊലപ്പെടുത്തിയതിന് അച്ഛനേയും ബന്ധുവിനേയും പോലീസ് അറസ്റ്റു ചെയ്തു. 22 വയസ്സുകാരിയായ ചൗഡേശ്വരിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ അച്ഛന്‍ ചന്ദ്രശ്രീനുവും ബന്ധുവുമാണു പിടിയിലായത്.

◾  ഇറാനെതിരെ അധിക്ഷേപ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കണമെന്നാവശ്യപ്പെട്ടാണ് ട്രൂത്ത് സോഷ്യലില്‍ ട്രംപ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. ചൊവ്വാഴ്ച ഇറാനിലെ പവര്‍ പ്ലാന്റുകളും അടുത്ത ദിനം പാലങ്ങളും തകര്‍ക്കും. ഭ്രാന്തന്‍ തെണ്ടികളേ, നിങ്ങള്‍ നരകത്തില്‍ പോകേണ്ടി വരും.  എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്.

◾  ടെഹ്‌റാനില്‍ യുഎസ് സൈന്യം നടത്തിയ ശക്തമായ ആക്രമണത്തില്‍ ഇറാനിലെ ഉന്നത സൈനിക നേതാക്കളെ വധിച്ചെന്നു യുഎസ് പ്രസിഡന്റ് ട്രംപ്. എപ്പോഴാണ് ആക്രമണം നടത്തിയതെന്നോ ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്നോ വ്യക്തമാക്കിയിട്ടില്ല.

◾  ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായി തിരിച്ചടിച്ച് ഇറാന്‍. ബഹ്‌റൈനിലും കുവൈറ്റിലും ഇറാന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും ഊര്‍ജ്ജ നിലയങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കുവൈറ്റിലെ വിവിധ മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന 'മിനിസ്ട്രി കോംപ്ലക്സ്' ആക്രമിച്ചു. കുവൈത്തിലെ ഷുവൈഖ് പ്രദേശത്തെ കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് സമുച്ചയത്തിലും ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായി.  

◾  ഇറാന്‍ -യുഎസ് ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ മധ്യസ്ഥത വഹിക്കുന്നുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ഇറാന്‍. എന്നാല്‍ ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും സംഭാവന നല്‍കാന്‍ കഴിയുമെന്നും ഇന്ത്യയിലെ ഇറേനിയന്‍ പ്രതിനിധി അബ്ദുള്‍ മജിദ് ഹക്കീം ഇലാഹി പറഞ്ഞു.

◾  ലാന്‍ഡിങ്ങിന് ശ്രമിക്കവെ ചെറു വിമാനം റസ്റ്റൊറന്റിനു മുകളിലേക്കു തകര്‍ന്നു വീണ് നാലു പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ബ്രസീലിയന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ ആണ് അപകടം. കാപ്പാവോ ഡാ കനോവ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയ്ക്കു സമീപമുള്ള വൈദ്യുത തൂണിലിടിച്ച വിമാനം  റസ്റ്ററന്റിലേക്കു തകര്‍ന്നുവീഴുകയായിരുന്നു.

◾  ഇന്ത്യ എപ്പോഴെങ്കിലും ആക്രമണം നടത്താന്‍ തുനിഞ്ഞാല്‍ കൊല്‍ക്കത്ത ആക്രമിച്ച് തിരിച്ചടിക്കുമെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യന്‍ കസ്റ്റഡിയിലുള്ള പാക്ക് സ്വദേശികളുടെയോ മറ്റോ മൃതശരീരങ്ങള്‍ എവിടെയെങ്കിലും ഉപേക്ഷിച്ച് അവര്‍ ഭീകരരായിരുന്നെന്ന് പ്രചരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്നും ഖ്വാജ ആസിഫ് സിയാല്‍കോട്ടിലെ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു.

◾  യുദ്ധം ഇന്ധന വിതരണത്തെ ബാധിച്ചതോടെ നേപ്പാളില്‍ സര്‍ക്കാര്‍ ശനിയും ഞായറും പൊതുഅവധി പ്രഖ്യാപിച്ചു.
 
◾  ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ചെന്നൈയെ 43 റണ്‍സിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയം നേടി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സടിച്ചു. സഞ്ജു ഉള്‍പ്പെടെ മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ ചെന്നൈക്ക് 19.4 ഓവറില്‍ 207 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്‌കോര്‍: ആര്‍സിബി 20 ഓവറില്‍ 250-3, ചെന്നൈ 19.4 ഓവറില്‍ 207 ന് ഓള്‍ ഔട്ട്.

◾  ഏപ്രിലിലെ ആദ്യ രണ്ട് വ്യാപാര സെഷനുകളിലായി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 19,837 കോടി രൂപ. മാര്‍ച്ചില്‍ വിദേശ നിക്ഷേപകര്‍ 1.17 ലക്ഷം കോടി രൂപയാണ് പിന്‍വലിച്ചത്. പ്രതിമാസ പിന്‍വലിക്കല്‍ കണക്കുകളില്‍ ഇത് ഏറ്റവും മോശം കണക്കാണിതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ വിദേശ നിക്ഷേപകര്‍ 22,615 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. 17 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപമാണിത്. ഏപ്രിലില്‍ ഇതുവരെ 19,837 കോടി രൂപ പിന്‍വലിച്ചതോടെ, ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ച തുക 1.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

◾  സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് വീണ്ടും തിരിച്ചുവരാന്‍ ഒരുങ്ങി പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ആമസോണ്‍. 2014ല്‍ ഫയര്‍ ഫോണുമായാണ് ആമസോണ്‍ ആദ്യമായി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് കടന്നുവന്നത്. എന്നാല്‍ വിപണിയില്‍ ചലനം ഉണ്ടാക്കാന്‍ കഴിയാതെ ഫോണ്‍ പരാജയമായി മാറി. തുടര്‍ന്ന് ഒരു പതിറ്റാണ്ടിന് ശേഷമാണ് വീണ്ടും ഫോണ്‍ വിപണിയില്‍ സാന്നിധ്യം അറിയിക്കാന്‍ ആമസോണ്‍ ശ്രമിക്കുന്നത്. പുതിയ സ്മാര്‍ട്ട്ഫോണ്‍ പ്രോജക്റ്റിന് 'ട്രാന്‍സ്ഫോര്‍മര്‍' എന്ന കോഡ് നാമമാണ് നല്‍കിയിരിക്കുന്നത്. പുതിയ ഫോണ്‍ ബില്‍റ്റ്-ഇന്‍ അലക്സ ഇന്റഗ്രേഷനുമായി വരാനാണ് സാധ്യത. ആമസോണിന്റെ വോയ്സ് അസിസ്റ്റന്റ് ആണ് ബില്‍റ്റ്- ഇന്‍ അലക്‌സ. വോയ്സ് നിയന്ത്രിത കമ്പ്യൂട്ടറിന് സമാനമായ വോയ്സ്-ഡ്രിവണ്‍ കമ്പ്യൂട്ടിങ് അസിസ്റ്റന്റുമായി ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത.

◾  അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അല്‍താഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന 'മെല്‍കൗ പോണ്ടിച്ചേരി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. നിഖില്‍ മോഹന്‍ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സുനന്ദ ഫിലിപ്പ് ജസ്റ്റിന്‍, സൗമ്യ ജോണ്‍ അരുണ്‍. സനൂപ് തൈക്കുടം ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. അദ്ദേഹം ഇതില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ അന്നാമ്മ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പുതുമുഖമായ ശ്രീലക്ഷ്മി വിജയന്‍ ആണ്.

◾  ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പന്‍' എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വലിയ മുതല്‍മുടക്കില്‍ ഒരു മാസ് ആക്ഷന്‍ ചിത്രമായി ആണ് 'ഒറ്റക്കൊമ്പന്‍' ഒരുക്കുന്നത്. അഭിനയ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ലാല്‍, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, ലാലു അലക്സ്, കബീര്‍ ദുഹാന്‍ സിംഗ്, ജോണി ആന്റെണി, ബിജു പപ്പന്‍, മേഘന രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങള്‍ ഉള്‍പ്പെടെ എഴുപതില്‍പ്പരം അഭിനേതാക്കള്‍ ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

◾  സ്‌കോഡ തങ്ങളുടെ പ്രീമിയം എസ്യുവിയായ കൊഡിയാക്കിനെ തിരിച്ചുവിളിച്ചു. ഈ എസ്യുവിയുടെ മുന്‍ സീറ്റുകളുടെ അകത്തെ ഫ്രെയിമില്‍ ചില തകരാറുകള്‍ ഉള്ളതിനാലാണ് ഈ നടപടി. 2025 മാര്‍ച്ച് 10 നും ഡിസംബര്‍ 8 നും ഇടയില്‍ നിര്‍മ്മിച്ച ആകെ 221 സ്‌കോഡ കൊഡിയാക്കുകളില്‍ ഈ പ്രശ്‌നമുണ്ടെന്ന് കമ്പനി പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് രണ്ടാം തലമുറ കൊഡിയാക്ക് ഇന്ത്യയില്‍ പുറത്തിറങ്ങിയത്. ഇന്ത്യന്‍ വിപണിയിലെ കമ്പനിയുടെ സബ്-പ്രീമിയം വാഹനമാണിത്. നിലവില്‍, എസ്യുവിയുടെ വില 39.99 ലക്ഷം മുതല്‍ 45.95 ലക്ഷം വരെയാണ്. സ്‌പോര്‍ട്‌ലൈന്‍ വേരിയന്റിന് 46.89 ലക്ഷം, എല്‍ & കെ വേരിയന്റിന് 48.69 ലക്ഷം ആണ് വില.

◾  ലോകത്തിനുവേണ്ടി ഗുണകരമായ എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിക്കുന്ന വിക്ടര്‍ ഫ്രാങ്കന്‍സ്റ്റീന്‍ എന്ന യുവശാസ്ത്രജ്ഞന്‍, ജീവനെ സംബന്ധിച്ച നിര്‍ണ്ണായകമായ കണ്ടുപിടിത്തം നടത്തുന്നു. അങ്ങനെ അയാള്‍ സൃഷ്ടിക്കുന്ന സത്ത്വം അയാള്‍ക്കെതിരേ തന്നെ തിരിയുന്നു. ദുരന്തങ്ങള്‍ നിറഞ്ഞ ജീവിതത്തിനൊടുവില്‍ ആ ജീവിയെ നശിപ്പിക്കാന്‍ പരിശ്രമിക്കുകയാണ് സ്രഷ്ടാവ്. ശാസ്ത്രത്തിന്റെ അനന്തസാദ്ധ്യതകളെ പിന്തുടരുന്നത് എത്ര ഭയാനകമായ ഫലമാണ് വരുത്തിവെക്കുകയെന്ന് കാണിക്കുന്ന, മേരി ഷെല്ലി രചിച്ച വിഖ്യാതനോവല്‍. സയന്‍സ് ഫിക്ഷന്റെ തുടക്കമായി കരുതപ്പെടുന്ന കൃതി. വിശ്വസാഹിത്യത്തിലെ ക്ലാസിക് കൃതിയുടെ പുനരാഖ്യാനം. 'ഫ്രാങ്കന്‍സ്റ്റീന്‍'. പുനരാഖ്യാനം - അക്ഷര അഗസ്റ്റിന്‍. മാതൃഭൂമി. വില 140രൂപ.

◾  പാലില്‍ നിന്നുണ്ടാക്കുന്ന പനീറില്‍ പ്രോട്ടീനും കാല്‍സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ശക്തിപ്പെടുത്താനും അസ്ഥികളെയും പേശികളെയും ആരോഗ്യമുള്ളതായി നിലനിര്‍ത്താനും സഹായിക്കും. അതുകൊണ്ട് തന്നെ സസ്യാഹാരികള്‍ക്ക് പനീര്‍ എപ്പോഴും ഒരു മികച്ച ഓപ്ഷനാണ്. എന്നാല്‍ ഉയര്‍ന്ന കൊളസ്ട്രോള്‍, ഗ്യാസ്, അസിഡിറ്റി അല്ലെങ്കില്‍ ദഹന പ്രശ്നങ്ങള്‍ എന്നിവ ഉള്ളവര്‍ പനീര്‍ കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതാണ് നല്ലത്. പനീര്‍ ദഹിക്കാന്‍ പ്രയാസമായതിനാല്‍ ഇത് വയറിന് അസ്വസ്ഥത ഉണ്ടാക്കും. കൂടാതെ, പാലിന് അലര്‍ജിയുള്ളവര്‍ പനീര്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. പനീര്‍ കഴിച്ചതിനു ശേഷം എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കില്‍, ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കണം. ദിവസവും 50 മുതല്‍ 100 ഗ്രാം വരെ പനീര്‍ കഴിച്ചാല്‍ മതി. കൂടാതെ, പുതിയതും ഉയര്‍ന്ന നിലവാരമുള്ളതുമായ പനീര്‍ മാത്രമേ കഴിക്കാവൂ. രാത്രിയില്‍ പനീര്‍ കഴിക്കുന്നത് ഒഴിവാക്കണം, കാരണം ഇത് ദഹനവ്യവസ്ഥയെ ബാധിക്കുകയും അസിഡിറ്റി വര്‍ധിപ്പിക്കുകയും ചെയ്യും.

*ശുഭദിനം*
*കവിത കണ്ണന്‍*
പകല്‍ മുഴുവന്‍ കഠിനാധ്വാനം ചെയ്ത കുതിര വൈകീട്ട് വിശ്രമിക്കുകയാണ്. അപ്പോഴാണ് പൂച്ച എത്തിയത്.  കുതിര പൂച്ചയോട് പറഞ്ഞു:  ഞാന്‍ ക്ഷീണിതനാണ്.  അതിനാല്‍ നാളെ കുറച്ച് ജോലി ചെയ്യാനേ എനിക്ക് സാധിക്കൂ.. പൂച്ച പശുവിന്റെ അടുത്തെത്തി പറഞ്ഞു:  കുതിരക്ക് ഇവിടത്തെ ജീവിതം മടുത്തു.  ഉടമസ്ഥന്‍ അതിനെ വല്ലാതെ കഷ്ടപ്പെടുത്തുന്നുണ്ട്.  പശു വഴിയില്‍ കണ്ട ആടിനോട് പറഞ്ഞു: കുതിരക്ക് ഉടമസ്ഥന്‍ ആഹാരം പോലും കൊടുക്കുന്നില്ല.. അത് പട്ടിണിയിലാണ്.. ആട് മുയലിനോട് പറഞ്ഞു:  ഉടമസ്ഥന്റെ പീഢനം സഹിക്കവയ്യാതെ കുതിര ഇവിടെനിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നു.  മുയല്‍ വേലക്കാരനോട് പറഞ്ഞു:  കുതിര മറ്റൊരു സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നാളെ അവര്‍ രക്ഷപ്പെടും.  വേലക്കാന്‍ ഓടി ഉടമസ്ഥന്റെ അടുത്തെത്തി പറഞ്ഞു: കുതിര നമ്മളെ ചതിക്കുകയാണ്.. അവന്‍ മറ്റു മൃഗങ്ങളേയും കൂട്ടി നാളെ സ്ഥലം വിടും.  ഇത് കേട്ട് ഉടമസ്ഥന്‍ അന്ന് രാത്രി തന്നെ കുതിരയെ കൊന്നുകളഞ്ഞു.  കിട്ടയത് പോലെ ഒന്നും കൈമാറപ്പെടില്ല.  ആരിലൂടൊക്കെയത് കടന്നുപോകുന്നോ അവരുടെയെല്ലാം വക കൂട്ടിച്ചേര്‍ക്കലുകള്‍ അതില്‍ ഉള്‍പ്പെടുത്തിയായിരിക്കും ഒരു കാര്യം മറ്റൊരാളിലേക്ക് പകരുക.  ഒരാള്‍ക്കും കേട്ടകാര്യം അതേ സത്യസന്ധതയിലും കൃത്യതയിലും മറ്റൊരാളിലേക്ക് എത്തിക്കാന്‍ സാധിക്കില്ല.  അതില്‍ അയാള്‍ക്കുളള താല്‍പര്യം, അതില്‍ ഉള്‍പ്പെട്ട ആളുകളോടുളള മനോഭാവം ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ മറ്റൊരാളിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയോ മാറ്റപ്പെടുകയോ ചെയ്യാം.  അപരന്റെ വര്‍ത്തമാനങ്ങളെ അപവാദങ്ങളും കിംവദന്തികളുമാക്കി മാറ്റാന്‍ പലര്‍ക്കും ഉത്സാഹമാണ്.  മറ്റുളളവരുടെ നന്മകളെ ആഘോഷമാക്കുന്നതിനേക്കാള്‍ പലര്‍ക്കുമിഷ്ടം അന്യന്റെ ദയനീയതയും ദുരവസ്ഥയും വിറ്റ് വിശപ്പടക്കാനാണ്.  നല്ലത് പ്രചരിപ്പിച്ച് ആര്‍ക്കും ബഹുമതികള്‍ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, മോശം പടര്‍ത്തി എന്തിനാണ് അന്തസ്സും ആത്മവിശ്വാസവും ഇല്ലാതാക്കുന്നത്.  നമുക്ക് കേള്‍ക്കാം.. നല്ലത് പറയാം - ശുഭദിനം.
Previous Post Next Post
3/TECH/col-right