◾ ഇറാന്‍ യുദ്ധത്തില്‍നിന്ന് അമേരിക്ക വളരെ വേഗം പിന്‍വാങ്ങുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റോയിറ്റേഴ്സിനു നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ പ്രതികരിച്ചത്. യുദ്ധം ആവശ്യമെങ്കില്‍ തിരിച്ചുവരും. നാറ്റോ സഖ്യത്തില്‍ നിന്ന് അമേരിക്ക പുറത്തുപോകുമെന്നും ട്രംപ് പറഞ്ഞു.
◾ മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്. നാസയുടെ ആര്‍ട്ടെമിസ് രണ്ടാം ദൗത്യ വിക്ഷേപണം പുലര്‍ച്ചെ നടന്നു. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് ഭീമന്‍ റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഒരു സ്ത്രീയും ഒരു കറുത്ത വര്‍ഗ്ഗക്കാരനും ഉള്‍പെടെ നാലു പേരാണ് എസ്എല്‍എസ് റോക്കറ്റിലെ ഒറയോണ്‍ എന്ന യാത്രാപേടകത്തിലുള്ളത്. മിഷന്‍ കമാന്‍ഡര്‍ നാസയുടെ റെയ്ഡ് വൈസ്മാന്‍, മിഷന്‍ പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ജെറെമി ഹാന്‍സന്‍ എന്നിവരാണ് ചന്ദ്രനിലെത്തുക. പത്തു ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി തിരിച്ചുവരും. 54 വര്‍ഷത്തിനു ശേഷമാണ് ചന്ദ്രനില്‍ മനുഷ്യനെത്തുന്നത്.
◾ ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കു തുടക്കമിട്ടുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. രാഷ്ട്രപതി ഭവനില്‍ സെല്‍ഫ് എന്യുമറേഷന്‍ ഫോം പൂരിപ്പിച്ചാണ് രാഷ്ട്രപതി നടപടിക്രമങ്ങളില്‍ പങ്കാളിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തിയതിന്റെ ചിത്രങ്ങള്‍ എക്സിലൂടെ പങ്കുവച്ചു.
◾ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും പ്രകടന പത്രിക ഇന്നു പ്രകാശനം ചെയ്യും. യുഡിഎഫ് കൊച്ചിയില്‍ നടത്തുന്ന പരിപാടിയില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി , കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ എന്നിവര്‍ പങ്കെടുക്കും.
◾ സ്ഥാനാര്‍ത്ഥി പര്യടനത്തിനിടെ പാലക്കാട്ട് വടക്കന്തറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ബിജെപി കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തില്‍ ഒരു സംഘം ബിജെപി പ്രവര്‍ത്തകരാണ് തടഞ്ഞത്. ബി ജെ പി യുടെ ശക്തി കേന്ദ്രത്തില്‍ വോട്ട് ചോദിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു തടഞ്ഞുവച്ചത്.
◾ പുതുക്കാട് പാലിയേക്കര മടവാക്കരയില്‍ കൊച്ചി സേലം പൈപ്പ് ലൈനില്‍ പാചകവാതക ചോര്‍ച്ച. ദേശീയപാതയിലും സമീപപ്രദേശങ്ങളിലും വാതകത്തിന്റെ ഗന്ധം പരന്നു. സമീപത്തെ മൂന്നു കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്കു മാറ്റി താമസിപ്പിച്ചു.
◾ പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണെന്നും അമ്പലപ്പുഴ ജനത എല്‍ഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജി സുധാകരന്റെ പേരു പറയാതെ അവസരവാദിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. അവസരവാദക്കാരന്‍ ചരിത്രത്തിന്റെ ചെളികുഴിയിലേക്ക് വീഴുമെന്നും പിണറായി വിമര്‍ശിച്ചു.
◾ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ലോക്‌സഭയില്‍ എഫ്‌സിആര്‍എ ഭേദഗതി ബില്ല് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ചര്‍ച്ചപോലും ചെയ്യാതെ ബില്ല് പാസാക്കാനാണെന്ന് രമേശ് ചെന്നിത്തല. ബില്ലിനെതിരെ സഭയ്ക്ക് അകത്തും പുറത്തും കോണ്‍ഗ്രസ് വലിയ പ്രതിഷേധം ഉയര്‍ത്തും. നിയമഭേദഗതി റദ്ദാക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
◾ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരില്‍ നിന്ന് കേരളത്തെ ആരു രക്ഷിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നേരിടാന്‍ കെല്‍പ്പുള്ളത് ബിജെപിക്ക് മാത്രമാണ്. ശബരിമല സ്വര്‍ണക്കൊള്ള സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. പറവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ എല്‍ഡിഎഫിനെ മോദിയും രാഹുലും ഒന്നിച്ച് എതിര്‍ക്കുകയാണെന്നും ഇന്ത്യയെ കടക്കെണിയിലാക്കിയ മോദി ഇവിടെ വന്ന് കേരളം കടക്കെണിയിലാണെന്ന് ആരോപിക്കുകയാണെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ഇന്ത്യന്‍ ഭരണ ഘടന മതേതര ജനാധിപത്യ രാഷ്ട്രം ആണെന്ന് പറയുമ്പോഴും ബിജെപി ഇന്ത്യയെ മതേതര രാഷ്ട്രമായി കാണുന്നുണ്ടോ. ഡി രാജ വിമര്‍ശിച്ചു.
◾ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ഒമ്പതിന് വേതനത്തോടെ അവധി നല്‍കുമെന്ന് ലേബര്‍ കമ്മിഷണറേറ്റ്. സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍, ഷോപ്സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമാണ് വേതനത്തോടു കൂടിയ അവധി അനുവദിച്ചത്.
◾ കേരളത്തിലെ തൊഴില്‍ അവസരങ്ങളും വികസന പദ്ധതികളും കുറഞ്ഞതോടെ യുവാക്കള്‍ പ്രതിസന്ധിയിലാണെന്ന് യുഡിഎഫ്. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട ഗ്രാന്റുകള്‍ നേടിയെടുക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ അനാസ്ഥ കാണിച്ചു. ജിഎസ്ടി നഷ്ടപരിഹാര ഗ്രാന്റ് 13,174 കോടിയില്‍ നിന്ന് 4,749 കോടിയായി കുറഞ്ഞത് സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷിയെ ഗണ്യമായി ബാധിച്ചെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടി.
◾ സംസ്ഥാനം കടക്കെണിയില്‍ അല്ലെന്നും എന്നിട്ടും ഖജനാവില്‍ പൂച്ച പെറ്റു കിടക്കുന്നുവെന്ന് പ്രതിപക്ഷം നിരന്തരം പ്രചാരണം നടത്തുകയാണെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ എല്ലാ പേയ്മെന്റുകളും കൊടുത്തു കഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം 78.12 ശതമാനം കൊടുത്തുവെന്നും ബാലഗോപാല്‍ പറഞ്ഞു.
◾ പരസ്പര വിരുദ്ധമായ കാര്യം പറഞ്ഞ് കണ്ടം വഴി ഓടുന്നയാളാണ് മുഖ്യനെന്നും അങ്ങനെയുള്ള അദ്ദേഹത്തോട് എങ്ങനെ ഫേസ്ബുക്ക് വഴി സംവാദം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം പാര്‍ട്ടി വിട്ട ജി സുധാകരനെതിരെ വളരെ വിലകുറഞ്ഞ പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു.
◾ അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി സുധാകരന്റെ ഡ്രൈവര്‍ക്ക് വധഭീഷണി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങിയാല്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുമെന്ന് ഭീഷണി. രണ്ട് നമ്പറുകളില്‍ നിന്നായി 4 തവണ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപ് കുമാറിന്റെ പരാതി. സംഭവത്തില്‍ പ്രദീപ് കുമാര്‍ പുന്നപ്ര പൊലീസില്‍ പരാതി നല്‍കി.
◾ സിപിഎമ്മിന്റെ പിന്തുണയോടെ അഞ്ചു വര്‍ഷം തൃശൂര്‍ മേയറായി ഭരിച്ച വിമത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്. കൗണ്‍സിലര്‍ സ്ഥാനം നിഷേധിച്ചതോടെ എം കെ വര്‍ഗീസ് കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ചു ജയിച്ചാണ് ഇടതുമുന്നണിയുടെ മേയറായത്. തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാജന്‍ പല്ലന് പിന്തുണ നല്‍കുമെന്ന് എം കെ വര്‍ഗീസ് അറിയിച്ചു.
◾ സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ്. ഇന്നു 36 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും; പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും; തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരും.
◾ യുവനടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ തുടരും. ശനിയാഴ്ച രഞ്ജിത്തിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കും. പൊലീസിന്റെ കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കും. തുടര്‍ന്ന് ജാമ്യാപേക്ഷയും പരിഗണിക്കും. അതേസമയം, എല്ലാം തെളിയും എന്നായിരുന്നു രഞ്ജിത്ത് പ്രതികരിച്ചത്.
◾ യുവനടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ റിമാന്‍ഡിലായ സംവിധായകന്‍ രഞ്ജിത്തിനു വേണ്ടി കോടതിയില്‍ ഹാജരായത്, പരാതിക്ക് ഇടയാക്കിയ സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ സി സി) അംഗമായ അഭിഭാഷകന്‍. രഞ്ജിത്തിന്റെ പുതിയ സിനിമയിലെ ഐ സി സി അംഗമായിരുന്ന അഡ്വ. മുഹമ്മദ് സിയാദാണ് വക്കാലത്തുമായി കോടതിയിലെത്തിയത്.
◾ യുഡിഎഫ് ഭരിച്ചപ്പോള്‍ ഇരുണ്ടകാലമായിരുന്നെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ പുരോഗതി നടക്കില്ലെന്നു കരുതിയ പദ്ധതികള്‍ ഉള്‍പ്പടെ പൂര്‍ത്തിയാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടനാട്ടിലെ പൊതുയോഗത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ സംസാരിച്ചത്. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയതെന്നും എസി റോഡ് മാതൃകാപരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. മുഖ്യമന്ത്രി പറഞ്ഞു.
◾ പേരാമ്പ്രയില്‍ എല്‍ഡിഎഫ് വര്‍ഗീയ പ്രചാരണം നടത്തുന്നതായി യുഡിഎഫിന്റെ പരാതി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടിപി രാമകൃഷ്ണന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു മണ്ഡലത്തില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ മതവിദ്വേഷവും, വര്‍ഗീയതയും പ്രചരിപ്പിക്കുന്നതായാണ് പരാതി. വീഡിയോ സഹിതം കെഎസ്യു ഡിജിപിക്കു പരാതി നല്‍കി. ഇതു മതേതര കേരളത്തിന് അപമാനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.
◾ വോട്ടിംഗ് മെഷീനിലെ പേര് 'അഞ്ജലി പി.വി' എന്നതിനു പേരിന് പകരം അഞ്ജലി നായര്‍ എന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായരുടെ ഹര്‍ജിയില്‍ അനുകൂല നിലപാടുമായി ഹൈക്കോടതി. കമ്മീഷന്‍ പ്രസിദ്ധീകരിച്ച മത്സരാര്‍ത്ഥികളുടെ പട്ടികയിലും ഇവിഎമ്മിലും പേര് മാറ്റുന്നതു പരിഗണിക്കണമെന്നു കോടതി.
◾ അധികാരം നഷ്ടപ്പെട്ടപ്പോഴും കോണ്‍ഗ്രസ് അഴിമതി തുടരുകയാണെന്നും സീറ്റു വിറ്റ് പണമുണ്ടാക്കുന്ന പുതിയ രീതിയാണ് ഇപ്പോള്‍ കാണുന്നതെന്നും സിപിഎം നേതാവ് എം സ്വരാജ്. ഹരിയാനയില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഏഴു കോടി രൂപ കൈപ്പറ്റിയതായും സമാനമായ രീതിയില്‍ ബിഹാറിലും സീറ്റ് വില്പന നടന്നതായാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.
◾ മെത്രാന്‍മാര്‍ കോണ്‍ഗ്രസിനു വേണ്ടി പണിയെടുക്കുന്നുവെന്നത് പിസി ജോര്‍ജിന്റെ അഭിപ്രായമാണെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. അങ്ങനെ താല്‍പര്യമുള്ള മെത്രാന്‍മാരുണ്ടോയെന്ന് അദ്ദേഹം പറയട്ടെയെന്നും തനിക്ക് ആ അഭിപ്രായമില്ലെന്നും ഷോണ്‍ നിലപാട് വ്യക്തമാക്കി.
◾ വീട്ടു വോട്ട് ചെയ്ത ശേഷം വോട്ടില്ലാത്ത ലോകത്തേക്കു മടങ്ങി ലോനപ്പന്‍. എറണാകുളം കച്ചേരിപ്പടിയിലെ ഹൗസ് ഓഫ് പ്രോവിഡന്‍സില്‍ താമസിക്കുന്ന ലോനപ്പനാണു (90) 'ഹോം വോട്ടിങിനു പിറകേ മരിച്ചത്. മരിച്ചാലും ആ വോട്ട് എണ്ണുമെന്നു തിരഞ്ഞെടുപ്പു വിഭാഗം അറിയിച്ചു.
◾ ബോംബു നിര്‍മാണം കുടില്‍ വ്യവസായമാക്കിയ പാര്‍ട്ടിയാണ് സിപിഎം എന്നും അവര്‍ ബജറ്റില്‍
ബോംബ് നിര്‍മാണത്തിന് ഗ്രാന്‍ഡ് അനുവദിക്കുമോ എന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂവെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കുറ്റ്യാടിയില്‍ തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾ ലൈംഗിക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് കോടതിയില്‍. മണ്ണാര്‍ക്കാട് എസ് സി-എസ് റ്റി പ്രത്യേക കോടതിയെയാണ് മുന്‍കൂര്‍ ജാമ്യം തേടി പ്രശോഭ് സമീപിച്ചത്.
◾ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അമ്മയ്ക്ക് കൂട്ടുവന്ന 12 വയസ്സുകാരിയെ ഉപദ്രവിച്ച കേസില്‍ പ്രതിക്ക് കഠിനശിക്ഷ. പുന്നപ്ര സ്വദേശി അരുണിനെ (28) ആണ് ഹരിപ്പാട് പോക്സോ കോടതി ഒന്‍പത് വര്‍ഷം തടവിനും 70, 000 രൂപ പിഴ ഒടുക്കാനും ഹരിപ്പാട് പോക്സോ കോടതി ശിക്ഷിച്ചത്.
◾ പെരുമ്പാവൂരില്‍ യുവാവിനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. അസം സ്വദേശി നൂറുല്‍ ഹുസൈന്‍ ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലാണ് മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നത്. സംഭവത്തില്‍ ആറ് അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
◾ ബിഹാറില്‍ ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിക്കു മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി വോട്ടു ചെയ്തു. കോണ്‍ഗ്രസിന് ആറ് എംഎല്‍എമാരുണുള്ളത്. കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടിയില്‍ നേതാവും വിപ്പും ഇല്ലാത്തതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത്. കൂറുമാറ്റക്കാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കാനാവില്ല. ഒരു കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിടുമെന്നും അഭ്യൂഹമുണ്ട്.
◾ പഞ്ചാബിലെ ഛണ്ഡീഗഡിലുള്ള ബിജെപി ആസ്ഥാനത്തിന് സമീപം സ്ഫോടനം. വൈകിട്ട് അഞ്ചുമണിയോടെ ഉണ്ടായ നേരിയ സ്ഫോടനത്തില്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനും സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ല. പൊലീസും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
◾ സ്വന്തം വീടുകളില്‍ മതപരമായ പ്രാര്‍ത്ഥനായോഗങ്ങള്‍ സംഘടിപ്പിക്കാന്‍ അനുമതി ആവശ്യമില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. നിയമലംഘനങ്ങള്‍ നടക്കാത്തിടത്തോളം കാലം ഇത്തരം ചടങ്ങുകളില്‍ ഇടപെടാന്‍ സര്‍ക്കാരിനോ പൊലീസിനോ അവകാശമില്ലെന്ന് ജസ്റ്റിസ് നരേഷ് കുമാര്‍ ചന്ദ്രവന്‍ഷിയുടെ ബെഞ്ച് ഉത്തരവിട്ടു.
◾ ആസാമില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണത്തിനായി അസമിലെത്തി അദ്ദേഹം സംസ്ഥാനത്തെ ഗോത്ര പാരമ്പര്യങ്ങളും, ആറാം ഷെഡ്യൂളില്‍ വരുന്ന പ്രദേശങ്ങളും സംരക്ഷിക്കുമെന്നും ഉറപ്പുനല്‍കി.
◾ ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അഞ്ചു ഡോക്ടര്‍മാരടക്കമുള്ള അന്തര്‍ സംസ്ഥാന അവയവക്കടത്ത് റാക്കറ്റിനെ പൊലീസ് പിടികൂടി. ടെലിഗ്രാം പോലുള്ള എന്‍ക്രിപ്റ്റഡ് ആപ്പുകള്‍ വഴി ദാതാക്കളെ കണ്ടെത്തിയാണ് അവയവക്കടത്ത് നടത്തിയിരുന്നത്.
◾ വ്യവസായി അനില്‍ അംബാനിക്കെതിരെ പുതിയ കേസ്. എല്‍ഐസി നല്‍കിയ പരാതിയില്‍ സിബിഐ ആണ് കേസെടുത്തിരിക്കുന്നത്. 4500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും വ്യാജ രേഖകള്‍ നല്‍കി നിക്ഷേപം നടത്തിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഗൂഢാലോചന, വഞ്ചന, പണം ദുരുപയോഗം, അഴിമതി നിരോധന നിയമപ്രകാരം കുറ്റങ്ങള്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
◾ തമിഴ്‌നാട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയര്‍മാന്‍ സ്ഥാനം മാണിക്കം ടാഗോര്‍ എം പി രാജിവച്ചു. സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാന്‍ വൈകുന്നതിനിടെയാണ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയ്ക്ക് അദ്ദേഹം രാജിക്കത്ത് നല്‍കിയത്.സീറ്റ് വിഭജനത്തെയും സ്ഥാനാര്‍ഥി നിര്‍ണയത്തെയും ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് രാജിക്ക് പിന്നിലെന്ന് മാണിക്കം ടാഗോര്‍ വ്യക്തമാക്കി.
◾ തമിഴകത്ത് സ്റ്റാലിന്‍ 2.0 അധികാരത്തിലേറുമെന്ന് പ്രവചിച്ച് ലോക്പോള്‍ സര്‍വേ. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സഖ്യം വന്‍ വിജയം നേടുമെന്നാണ് ലോക്പോള്‍ സര്‍വേയുടെ പ്രവചനം. ഡി എം കെ സഖ്യം 181 മുതല്‍ 189 വരെ സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്.
◾ വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ഇറാനിനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു. ഏപ്രില്‍ 4 ന് ഗുജറാത്ത് തുറമുഖത്ത് 600,000 ബാരല്‍ ഇറാനിയന്‍ ക്രൂഡ് ഓയില്‍ കയറ്റിയ ടാങ്കര്‍ നങ്കൂരമിടും. യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലലിടുക്ക് ഇറാന്‍ അടച്ചതിന് പിന്നാലെ രൂപപ്പെട്ട ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ഇറാന്‍ എണ്ണ വാങ്ങാമെന്ന് യുഎസ് അനുമതി നല്‍കിയിരുന്നു.
◾ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാജ്യത്തോടുള്ള അഭിസംബോധന ഇന്ന്. ഇറാന്‍ വിഷയമാണ് സംസാരിക്കുകയെന്ന് വൈറ്റ്ഹൗസ് തന്നെ പ്രഖ്യാപിച്ചു. ഇതേസമയം, കരാറില്ലാതെയുള്ള വെടിനിര്‍ത്തലിന് ഒരുക്കമല്ലെന്നു ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
◾ യുഎസ് പടക്കപ്പലായ ഏബ്രഹാം ലിങ്കണ്‍ ആക്രമിച്ചെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്. തങ്ങളുടെ മിസൈല്‍ - ഡ്രോണ്‍ ആക്രമണത്തില്‍ കപ്പലിന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചെന്നും ആക്രമണം ഭയന്ന് കപ്പല്‍ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയെന്നും ഇറാന്‍ അവകാശപ്പെട്ടു.
◾ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ചര്‍ച്ചയ്ക്കായി അന്താരാഷ്ട്ര നയതന്ത്ര സമ്മേളനം നടത്തുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മര്‍ അറിയിച്ചു. സമുദ്ര സുരക്ഷ പുനഃസ്ഥാപിക്കുന്നതിനും പ്രധാന എണ്ണ ഗതാഗത പാതയിലെ തടസ്സങ്ങള്‍ നീക്കുന്നതിനുമായി 35 രാജ്യങ്ങള്‍ പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.
◾ ഖത്തറിനെതിരെ ഇറാന്റെ ആക്രമണം. ഇറാനില്‍ നിന്ന് മൂന്ന് ക്രൂയിസ് മിസൈല്‍ ഖത്തറിന് നേര്‍ക്ക് എത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൂന്ന് ക്രൂയിസ് മിസൈലുകളില്‍ രണ്ടെണ്ണം ഖത്തര്‍ സായുധ സേന വിജയകരമായി വെടിവച്ചിട്ടു..
◾ പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇറാന്‍ പൗരന്മാര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനും രാജ്യം വഴി ട്രാന്‍സിറ്റ് ചെയ്യുന്നതിനും കര്‍ശന വിലക്ക്. യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എന്നിവ വെബ്‌സൈറ്റുകള്‍ വഴിയാണ് ഈ വിവരം പുറത്തുവിട്ടത്.
◾ യുദ്ധംമൂലെം ഊര്‍ജ മേഖല പ്രതിസന്ധിയിലായതിനു പിന്നാലെ ശ്രീലങ്ക വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുകയും പ്രവൃത്തി ദിനങ്ങള്‍ വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.
◾ ഇന്ത്യയിലെ സ്ഥാപനങ്ങളില്‍ നിന്ന് 12,000 ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്ക ആസ്ഥാനമായ ടെക് കമ്പനി ഓറക്കിള്‍. ആഗോളതലത്തില്‍ 30,000 ജീവനക്കാരെയാണ് കമ്പനി പുറത്താക്കിയത്. ഇന്ത്യയില്‍ ഏകദേശം 30000 ജീവനക്കാരാണ് ഓറക്കിളിനുള്ളത്.
◾ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആറു വിക്കറ്റ് ജയം. ലക്‌നൗവില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ 18.4 ഓവറില്‍ 141 ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ലുങ്കി എന്‍ഗിഡി, ടി നടരാജന്‍ എന്നിവരാണ് ലക്‌നൗവിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 17.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 47 പന്തില്‍ 70 റണ്‍സുമായി പുറത്താവാതെ നിന്ന സമീര്‍ റിസ്വിയാണ് ഡല്‍ഹിയെ വിജയത്തിലേക്കു നയിച്ചത്.
◾ ചരിത്രത്തിലാദ്യമായി വിമാന ഇന്ധനവില ഇരട്ടിയിലധികം വര്‍ദ്ധിച്ച് കിലോലിറ്ററിന് 2.07 ലക്ഷം രൂപയിലെത്തി. എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ ആഭ്യന്തര വിമാനക്കമ്പനികളില്‍ നിന്ന് നിരക്ക് വര്‍ദ്ധനവിന്റെ ഒരു ഭാഗം മാത്രമേ ഈടാക്കുന്നുള്ളു. പശ്ചിമേഷ്യ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിരക്കുകള്‍ ഉയരുന്നതു പിടിച്ചുനിര്‍ത്താനാണിത്. ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് എടിഎഫ് വില കിലോലിറ്ററിന് 8,289.04 രൂപ വര്‍ദ്ധിപ്പിച്ച് 104,927.18 രൂപയായി. ഡല്‍ഹിയില്‍ ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് കഴിഞ്ഞ മാസം ഇത് കിലോലിറ്ററിന് 96,638.14 രൂപയായിരുന്നു. വിദേശ വിമാനക്കമ്പനികളും നോണ്‍-ഷെഡ്യൂള്‍ഡ്, അഡ്ഹോക്ക്, ചാര്‍ട്ടര്‍ തുടങ്ങിയ മറ്റ് വിമാനക്കമ്പനികള്‍ക്കും നല്‍കുന്നതിന്റെ പകുതി തുക ആഭ്യന്തര വിമാനക്കമ്പനികള്‍ നല്‍കും. വിദേശ എയര്‍ലൈനുകള്‍ക്ക് വില കിലോലിറ്ററിന് 110,703.08 രൂപ വര്‍ദ്ധിച്ച് കിലോലിറ്ററിന് 207,341.22 രൂപയായി.
◾ വാട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവ അടക്കമുള്ള പ്ലാറ്റ്ഫോമുകള്‍ക്ക് ഏര്‍പ്പെടുത്തിയ സിം-ബൈന്‍ഡിങ് ചട്ടം നടപ്പാക്കാനുള്ള സമയപരിധി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഡിസംബര്‍ അവസാനം വരെ നീട്ടി. ഉപയോക്താവിന്റെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പ് ആക്ടീവ് സിം കാര്‍ഡുമായി നേരിട്ട് ബന്ധിപ്പിക്കണമെന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഈ നിര്‍ദേശം പാലിക്കാത്ത പക്ഷം ടെലികോം, സൈബര്‍ സുരക്ഷാ നിയമങ്ങള്‍ പ്രകാരം കമ്പനികള്‍ നടപടി നേരിടേണ്ടിവരും. ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുകയാണ് ലക്ഷ്യം. നിലവില്‍ മെസേജിങ് ആപ്പുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കുന്ന വണ്‍-ടൈം പാസ്വേഡ് വഴിയാണ് ഉപയോക്താവ് ആരാണെന്ന് സ്ഥിരീകരിക്കുന്നത്. പുതിയ സിം-ബൈന്‍ഡിങ് ചട്ടങ്ങള്‍ പ്രകാരം ഇത് സാധ്യമാകില്ല. രജിസ്റ്റര്‍ ചെയ്ത സിം ഡിവൈസില്‍നിന്ന് നീക്കം ചെയ്താല്‍ ആപ്പ് പ്രവര്‍ത്തിക്കില്ല.
◾ ജയസൂര്യ നായകനായെത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'കത്തനാര്‍' ട്രെയിലര്‍ എത്തി. മലയാളം ഉള്‍പ്പടെ 15 ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രമെത്തുക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന 'കത്തനാര്‍' മലയാളത്തിലെ ഏറ്റവും വലിയ ബജറ്റേറിയ സിനിമയാണ്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രം രചിച്ചിരിക്കുന്നത് ആര്‍.രാമാനന്ദ് ആണ്. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന, കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ജയസൂര്യ ടൈറ്റില്‍ വേഷം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍ നായികാ താരം അനുഷ്‌ക ഷെട്ടി, തമിഴില്‍ നിന്ന് പ്രഭുദേവ, സാന്‍ഡി മാസ്റ്റര്‍, കുല്‍പ്രീത് യാദവ്, ഹരീഷ് ഉത്തമന്‍, നിതീഷ് ഭരദ്വാജ് (ഞാന്‍ ഗന്ധര്‍വന്‍ ഫെയിം), മലയാളത്തില്‍ നിന്ന് സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പതില്‍ അധികം ഭാഷകളിലായി രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുന്നത്.
◾ മമ്മൂട്ടി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'പേട്രിയറ്റ്' മെയ് ഒന്നിന് തീയറ്ററുകളില്‍ എത്തും. ഏപ്രില്‍ 23 ന് നിശ്ചയിച്ചിരുന്ന റിലീസ് ആണ് മെയ് ഒന്നിലേക്ക് മാറ്റിയത്. മമ്മുട്ടിയും മോഹന്‍ലാലും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പുതിയ തീയതി പ്രഖ്യാപിച്ചത്. നിനച്ചിരിക്കാതെ സംഭവിച്ച സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ചിത്രത്തിന്റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്ന ഏപ്രില്‍ 23 ല്‍ നിന്നും കുറച്ച് ദിവസങ്ങളിലേക്ക് മാറ്റുന്നു എന്നായിരുന്നു അറിയിപ്പ്. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് റിലീസ് മാറ്റി വച്ച കാര്യം നിര്‍മാതാവ് അറിയിച്ചത്. പിന്നാലെയാണ് പുതിയ തീയതി പ്രഖ്യാപിച്ചത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
◾ പ്രമുഖ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗണ്‍ അവരുടെ മോഡലായ ടൈഗണിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ ഏപ്രില്‍ ഒന്‍പതിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 2021 ല്‍ പുറത്തിറങ്ങിയതിനുശേഷമുള്ള എസ്യുവിയുടെ ആദ്യത്തെ പ്രധാന അപ്ഡേറ്റാണിത്. ഇതില്‍ കോസ്‌മെറ്റിക് പരിഷ്‌ക്കരണങ്ങള്‍, ഫീച്ചറുകള്‍, മെക്കാനിക്കല്‍ മാറ്റങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ടൈഗണ്‍ ഫെയ്സ്ലിഫ്റ്റില്‍ നിലവിലുള്ള 1.0 ലിറ്റര്‍, 1.5 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍ എന്‍ജിനുകള്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, 1.0 ലിറ്റര്‍ യൂണിറ്റിന് നിലവിലുള്ള ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറിന് പകരമായി പുതിയ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭിക്കാന്‍ സാധ്യതയുണ്ട്. വിലയില്‍ നിലവിലെ 11.42 ലക്ഷം രൂപ എന്ന പ്രാരംഭ വിലയേക്കാള്‍ നേരിയ വര്‍ധന പ്രതീക്ഷിക്കുന്നു.
◾ പ്രണയം ഇരുകമിതാക്കള്‍ക്കും ഒരേവിധത്തില്‍ സന്തോഷവും സ്വാതന്ത്ര്യവും പകര്‍ന്നുനല്‍കാത്ത ജീവിതസന്ദര്‍ഭത്തെ മുന്‍നിര്‍ത്തി, ആധുനിക കാലത്തെ പ്രശ്‌നഭരിതമായ ജീവിതമുഹൂര്‍ത്തങ്ങളിലൊന്നിനെ വായനക്കാര്‍ക്കു മുന്നില്‍ നിര്‍ത്തുകയാണ് എഴുത്തുകാരി ഈ നോവലില്‍. ടര്‍ക്കിഷ് ഭാഷയിലെ പ്രശസ്ത നോവലിന്റെ മികച്ച പരിഭാഷ. 'രാജകുമാരിയെ പ്രണയിക്കാത്ത രാജകുമാരന്‍'. ഫിലിസ് അയ്ഗുന്‍ദുസ്. പരിഭാഷ - രമാ മേനോന്‍. മാതൃഭൂമി. വില 440 രൂപ.
◾ വേനല്‍ച്ചൂടിനെ ചെറുക്കാന്‍ ഏറ്റവും നല്ലത് ഏതാണ്ട് 90 ശതമാനം ജലാംശം അടങ്ങിയ തണ്ണിമത്തനാണ്. എന്നാല്‍ തണ്ണിമത്തനില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്താല്‍ കൂടുതല്‍ ആരോഗ്യകരമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഉപ്പ് ചേര്‍ത്താല്‍ മധുരം കുറയുമെന്നാണ് പൊതുധാരണയെങ്കിലും തണ്ണിമത്തന്റെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണ്. ഉപ്പിലെ ക്ലോറൈഡ് അയോണുകള്‍ നാവിലെ മധുരം തിരിച്ചറിയാനുള്ള കോശങ്ങളെ ഉത്തേജിപ്പിക്കുകയും പഴത്തിന്റെ സ്വാഭാവിക മധുരം കൂടുതല്‍ പ്രകടമാക്കുകയും ചെയ്യുന്നു. വേനല്‍ക്കാലത്ത് വിയര്‍പ്പിലൂടെ ശരീരത്തില്‍ നിന്ന് സോഡിയം വന്‍തോതില്‍ നഷ്ടപ്പെടാറുണ്ട്. തണ്ണിമത്തനില്‍ ജലാംശമുണ്ടെങ്കിലും സോഡിയത്തിന്റെ അളവു തീരേ കുറവാണ്. ഒരു നുള്ള് ഉപ്പ് ചേര്‍ക്കുന്നതിലൂടെ സോഡിയത്തിന്റെ അളവു വീണ്ടെടുക്കാനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കുമെന്ന് ന്യൂട്രിയെന്റ്സ് ജേണല്‍ വ്യക്തമാക്കുന്നു. മാത്രമല്ല, പാകമാകാത്തതോ മധുരം കുറഞ്ഞതോ ആയ തണ്ണിമത്തന്റെ രുചി മെച്ചപ്പെടുത്താനും ഉപ്പ് സഹായിക്കും. ചെറിയ അളവില്‍ ഉപ്പ് ദഹനരസങ്ങളെ ഉത്തേജിപ്പിക്കാന്‍ സഹായിച്ചേക്കാം. ഉപ്പ് ചേര്‍ക്കുമ്പോള്‍ അമിതമാകാതെ സൂക്ഷിക്കാണം. അമിതമായാല്‍ സ്വാഭാവിക രുചി നശിക്കും. രുചി മെച്ചപ്പെടുത്തുന്നതിന് തണ്ണിമത്തനൊപ്പം അല്‍പം നാരങ്ങാ നീരും ചേര്‍ക്കുന്നത് നല്ലതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
കഴുതപ്പുലി രാവിലെ മുതല്‍ വൈകുന്നേരം വരെ അലഞ്ഞെങ്കിലും ഒന്നും തിന്നാന്‍ കിട്ടിയില്ല. വഴിയില്‍ തളര്‍ന്നിരിക്കുമ്പോഴാണ് അതുവഴി ആട് കടന്നുപോയത്. അത് ആടിനോട് ചോദിച്ചു: പല ദിവസങ്ങളായി നിന്നെ ഞാന്‍ ശ്രദ്ധിക്കുന്നു. നീ വളരെകുറച്ച് മാത്രമേ തിന്നാറുളളൂ.. കൂടുതല്‍ സമയവും വിശ്രമിക്കും. എന്നിട്ടും നീ സുഖമായിരിക്കുന്നു. അപ്പോള്‍ ആട് പറഞ്ഞു: വിശ്രമമാണ് എനിക്ക് കൂടുതല്‍ പോഷണം നല്‍കുന്നത്. പിറ്റേന്ന് മുതല്‍ കഴുതപ്പുലി ആടിനെ അനുകരിക്കാന്‍ തുടങ്ങി. കുറച്ച് ഭക്ഷിച്ച് കൂടുതല്‍ വിശ്രമിച്ചു. പക്ഷേ രാത്രിയായപ്പോഴേക്കും കഴുതപ്പുലിക്ക് വിശക്കാന്‍ തുടങ്ങി. ഉണര്‍ന്ന് നോക്കുമ്പോള്‍ ആട് എന്തോ ചവക്കുന്നു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ആട് പറഞ്ഞു: ഞാന്‍ രാവിലെ ശേഖരിച്ചതാണിത്. ഇത് കണ്ട് നിരാശയോടെ കഴുതപ്പുലി ചോദിച്ചു: ഈ വിദ്യ നീയെന്നെ പഠിപ്പിച്ചില്ലല്ലോ.. ആട് പറഞ്ഞു: ഇതെന്നെയും ആരും പഠിപ്പിച്ചതല്ല, ഞാന്‍ ജന്മനാ ഇങ്ങനെയാണ്.. പകര്‍പ്പവകാശം എന്നത് മോഷണം തടയാനുളള നിയമം മാത്രമല്ല, അപൂര്‍വ്വതയ്ക്കുളള അംഗീകാരം കൂടിയാണ്. ഒന്നും അതുപോലെ പകര്‍ത്താനാകില്ല.. പുസ്തകങ്ങള്‍ നമ്മള്‍ പകര്‍ത്താറുണ്ടെങ്കിലും അതിലെ എഴുത്തുമാത്രമേ പകര്‍ത്തപ്പെടുന്നുള്ളൂ.. എഴുതിയവരുടെ യഥാര്‍ത്ഥവികാര വിചാരങ്ങളോ, മാനസിക നിലയോ കഴിവോ ഒന്നും ആര്‍ക്കും പകര്‍ത്താന്‍ സാധിക്കില്ല. എല്ലാറ്റിനും തനിമയുണ്ട്. അതെല്ലാംതന്നെ ഓരോന്നിന്റെയും നിലനില്‍പ്പിനേയും പ്രകൃതത്തേയും ആശ്രയിച്ചാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഇഷ്ടപ്പെട്ടത് അതേ പോലെ പകര്‍ത്താന്‍ ശ്രമിക്കാതെ അതില്‍ നിന്നുളള നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശീലിക്കാം - ശുഭദിനം.
Tags:
KERALA